വേദകാലത്തും അതിനു ശേഷമുള്ള ബ്രാഹ്മണരുടെ പ്രതാപകാലത്തും പശുവിനെ പവിത്ര മൃഗമായി പരിഗണിച്ചിട്ടുണ്ടെന്നും പ്രാചീന ഭാരതത്തിലെ ഭക്ഷണ ക്രമങ്ങളിൽ മറ്റു മാംസങ്ങളെപ്പോലെ ഗോമാംസം ഒരു വിഭവമല്ലായിരുന്നുവെന്നതുമെല്ലാം ഹിന്ദു മൗലികവാദികളാൽ വ്യാപകകമായി തെറ്റിദ്ധരിക്കപ്പെട്ട സങ്കൽപ്പങ്ങളാണ്. പുരാണങ്ങളിലും വേദങ്ങളിലുമെല്ലാം ഗോമാംസ ഭക്ഷണത്തെക്കുറിച്ചുള്ള പരാമർശങ്ങളുണ്ടെന്നു മാത്രമല്ല, ഇന്നു ചിലർ പ്രചരിപ്പിക്കുന്നത് പോലെ ഗോമാംസത്തെ വിശുദ്ധവത്കരിക്കുന്ന യാതൊരു പരാമർശവും വസ്തുനിഷ്ഠമായി പഠിച്ചവർക്ക് കണ്ടെത്താനാവുകയുമില്ല. ‘ ആര്യന്മാർ പശുവിനെ ആരാധിച്ചിരുന്നത് തന്നെ അവയെ ഒരു ഭക്ഷണമായി ഉപയോഗിച്ചുകൊണ്ടായിരുന്നു’1 എന്നതാണ് യാഥാർത്ഥ്യം.

വേദങ്ങളെ മുൻനിർത്തിയുള്ള ഡിഎൻ ഝായുടെ വേല ാ്യവേ ീള വീഹ്യ രീം എന്ന പഠനത്തിൽ പുരാതന ഇന്ത്യയിലെ ബ്രാഹ്മണന്മാർ പശുവിനെ ഒരു വിശുദ്ധ മൃഗമായിട്ട് കണ്ടില്ലയെന്ന് തെളിയിക്കുന്നുണ്ട്. പ്രസ്തുത പഠനത്തിൽ പശുവിനെയും കാളയെയുമെല്ലാം വേദകാലഘട്ടം മുതൽക്ക് തന്നെ ഭക്ഷണാവശ്യത്തിനായി ഉപയോഗിച്ചതിന്റെ പ്രാമാണിക തെളിവുകൾ നിരത്തുന്നു. പശുവിനെ കൊല്ലുന്നത് പാപമാണെങ്കിൽ അതുമായി ബന്ധപ്പെട്ട തൊഴിലുകളിൽ ഏർപ്പെടുന്നതും പാപമാകുമല്ലോ. പക്ഷേ, ഹിന്ദുവേദങ്ങളിൽ അതു വിലക്കിയതായിട്ടുള്ള പരാമർശങ്ങൾ ഇല്ലെന്ന് മാത്രമല്ല, വളരെ പഴക്കമുള്ള ലെതർ വ്യവസായം നിലനിന്നതുതന്നെ മൃഗങ്ങളെ കൊന്നു തോലെടുത്തതിനു തെളിവാണ്. മൃഗബലിയില്ലാതെ ഈ വ്യവസായം ഇത്ര കാലം പിടിച്ചുനിൽക്കില്ലെന്നുറപ്പാണല്ലോ.

പുരാതന ഇന്ത്യയിലെ ഹിന്ദു ജീവിതക്രമത്തിൽ പശുവെന്നത് കേവലമൊരു മൃഗവും ഭക്ഷണ വസ്തുവും ആയിരുന്നിട്ടു പോലും ഗോവിന് ആത്മീയ പരിവേഷം നൽകാൻ ഭരണകൂടങ്ങൾ തന്നെ മുന്നോട്ടുവരുന്ന ഈ കാലത്ത് ‘പശുവിന്റെ പരിശുദ്ധത’യെക്കുറിച്ചുള്ള കഥകൾ പറഞ്ഞുകൊടുക്കുന്നതിലൂടെ ആത്മീയ സിദ്ധി നേടിയ സന്യാസിമാരെ കണ്ടെത്തി പൊതുസമൂഹത്തിനോട് പറയേണ്ടത് ബിജെപിയുടെ ചുമതലയാണെന്ന2 കാഞ്ച ഐലയ്യയുടെ വാക്കുകൾ ഏറെ പ്രസക്തമാണ്. ‘പശു ഒരു പരിശുദ്ധ മൃഗമാണെങ്കിൽ എത്ര സംഘപരിവാർ നേതാക്കളുടെ മക്കൾക്ക് പശുവിനെ മേയ്ക്കുന്നതിനുള്ള പരിശീലനം നൽകുന്നുണ്ടെന്ന3 ചോദ്യം അതിനോട് ചേർത്തുവായിക്കേണ്ടതുണ്ട്.

ഒരു ആരാധനാ മൃഗമാക്കി രാഷ്ട്രീയ താൽപര്യത്തോടെ ദേശീയതയുമായി ബന്ധപ്പെട്ടുള്ള ചർച്ചകളിലേക്ക് പശുവിനെ കടത്തിക്കൊണ്ടു വന്നതിന്റെ പിന്നിലെ ശക്തി ഇന്ത്യൻ ബ്രാഹ്മണ ബുദ്ധികേന്ദ്രങ്ങളാണ്. അത്തരമൊരു നീക്കത്തിനു പിന്നിലുള്ള ലക്ഷ്യം ബ്രാഹ്മണന്മാരുടെ സസ്യഭോജന സമ്പ്രദായം ഉന്നത ഭക്ഷണ സംസ്‌കാരമാണെന്ന് വരുത്തിത്തീർക്കാനും മുസ്‌ലിംകൾ ഉപയോഗിക്കുന്ന ഭക്ഷണമെന്ന നിലയിൽ ബീഫിനെ എതിർപക്ഷത്ത് നിർത്താനും വേണ്ടി മാത്രമാണ്.

പാലി ഭാഷയിലുള്ള ബുദ്ധമത ഗ്രന്ഥങ്ങളിലും അവയുടെ സംസ്‌കൃത വ്യാഖ്യാനങ്ങളിലും ബുദ്ധിസ്റ്റുകളുടെ ഭക്ഷണ സംസ്‌കാരത്തെക്കുറിച്ചും അവരുടെ സസ്യേതര ഭക്ഷണ രീതികളെക്കുറിച്ചും വ്യക്തമായ പരാമർശങ്ങളുണ്ട്. അഹിംസാ സിദ്ധാന്തം ദർശനം ചെയ്ത ബുദ്ധൻ മൃഗബലിയെ നിരുത്സാഹപ്പെടുത്തിയത് ആധുനിക ഹിന്ദുത്വ വാദികൾ പ്രചരിപ്പിക്കുന്നതു പോലെ മതകീയ കാഴ്ചപ്പാടുകൾ മുൻനിർത്തിയായിരുന്നില്ലയെന്ന കാഞ്ച ഐലയ്യയുടെ നിരീക്ഷണം ശ്രദ്ധേയം. ‘മൃഗശക്തി ഉപയോഗിച്ചാൽ കാർഷികോൽപാദനം കൂട്ടാമെന്ന് അറിഞ്ഞു തന്നെയാണ് അദ്ദേഹം കാലികളെ കൊല്ലുന്നതിനെ എതിർത്തത്.’4

ഉൽപാദനക്ഷമതയുള്ള മൃഗമെന്ന നിലയിൽ പശുവിന്റെ സാമ്പത്തിക മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പരിഗണനകളിൽ നിന്നു വ്യത്യസ്തമായി ഗാന്ധിജിയെപ്പോലോത്തവരുടെ പ്രചാരണങ്ങൾ ഇന്ത്യൻ സാഹചര്യത്തിൽ പശുവിനെ ഒരു മത ചിഹ്നമാക്കാൻ സഹായിച്ചിട്ടുണ്ട്. ‘ഹിന്ദുമതത്തിലെ കേന്ദ്ര ബിന്ദു ഗോസംരക്ഷണമാണ്…. ഹിന്ദുമതത്തിലെ ഗോ സംരക്ഷണമെന്ന ആശയം ക്ഷീരോൽപാദനവുമായി ബന്ധപ്പെട്ട കാഴ്ചപ്പാടിൽ നിന്നു തികച്ചും വ്യത്യസ്തമാണ്. രണ്ടാമത്തേത് സാമ്പത്തിക മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതും ആദ്യത്തേത് ആത്മീയവശത്തെ ആധാരമാക്കുന്നതുമാണ്.’5

പശുവിന് സംരക്ഷണമേർപ്പെടുത്താൻ വിശ്വാസികൾ കാണിക്കേണ്ട ശ്രദ്ധയെക്കുറിച്ചായിരുന്നു ഗാന്ധിജിയുടെ ഈ പ്രസ്താവന. 1882-ൽ ദയാനന്ദ സരസ്വതിയുടെ നേതൃത്വത്തിൽ തുടങ്ങിവെച്ച ആദ്യത്തെ ഗോരക്ഷിണി സഭയുടെ പിന്മുറക്കാരനായി ഗാന്ധിജി രംഗത്തുവരേണ്ടത് ബ്രാഹ്മണ രാഷ്ട്രീയത്തിന്റെ ആവശ്യമായിരുന്നു. പ്രത്യേകിച്ചും 1888-ലെ പശു ഒരു വിശുദ്ധ മൃഗമല്ലെന്നുള്ള വടക്കു പടിഞ്ഞാറൻ പ്രവിശ്യകളിലെ ഹൈക്കോടതി വിധി നിലനിന്നിരുന്ന സാഹചര്യത്തിൽ. പ്രസ്തുത കോടതിവിധിയാണ് ഇന്ത്യയിൽ ഗോസംരക്ഷണ പ്രസ്ഥാനങ്ങൾ ശക്തിപ്പെടാൻ കാരണമായതെന്ന് നിരീക്ഷണമുണ്ട്.6

ക്ഷീര കർഷകരെ സംബന്ധിച്ചിടത്തോളം ഗോവധ നിരോധനം പ്രതിസന്ധി സൃഷ്ടിക്കുക തന്നെ ചെയ്യും. കാരണം സാധാരണ ഗതിയിൽ കറവ വറ്റിയ കാലികളെയാണ് വൻതോതിൽ ക്ഷീരകർഷകർ മാംസാവശ്യത്തിനായി വിൽക്കാറുള്ളത്. ഗോവധ നിരോധനം വരുന്നതോടെ ഇത്തരം പശുക്കളെ വിൽക്കാനുള്ള അവസരങ്ങൾ ഇല്ലാതാവും. കറവ വറ്റിയ പശുക്കളെ ജീവിതകാലം മുഴുവൻ വളർത്തുകയെന്നത് തീർച്ചയായും കർഷകരുടെ ചെലവ് വർധിപ്പിക്കുകയേയുള്ളൂ. വർധിച്ച ചെലവ് മറികടക്കാൻ പാലിനും ക്ഷീരോൽപാദനങ്ങൾക്കും വൻതോതിൽ വില വർധിപ്പിക്കാതെ വയ്യെന്ന സ്ഥിതിവരുത്തും. സ്വാഭാവികമായും വിലക്കയറ്റം തടയാൻ സാധിക്കാതെ വരും. ഇത്തരമൊരു പ്രതിസന്ധി മുന്നിൽ കണ്ടതുകൊണ്ടാവാം ധവളവിപ്ലവത്തിന്റെ പിതാവെന്നറിയപ്പെടുന്ന വർഗീസ് കുര്യൻ ഗോവധ നിരോധനത്തെ ശക്തമായ ഭാഷയിൽ വിമർശിച്ചിരുന്നതും.

ജന്തുശവ പാലനത്തിന് (രമൃരമ ൈാമിമഴലാലി)േ ശാസ്ത്രീയമായി വികസിപ്പിച്ചെടുത്ത ന്യൂതന വിദ്യകളുടെ അഭാവം നേരിട്ടുകൊണ്ടിരിക്കുന്ന ഇന്ത്യ പോലുള്ള രാജ്യത്ത് സമ്പൂർണ ഗോവധ നിരോധനം വന്നാൽ വെറും പത്തുശതമാനം മാത്രം മരണ നിരക്കുള്ള 50 മില്യണിലധികം വരുന്ന പശുക്കളുടെ ശവങ്ങൾ നഗരങ്ങളിലും മറ്റും കിടന്ന് പർച്ചവ്യാധികൾ വ്യാപകമാകും.

ബ്രാഹ്മണവൽക്കരിച്ച പശുരാഷ്ട്രീയം വെല്ലുവിളികളുയർത്തുന്നത് രാജ്യത്ത് നിലനിൽക്കുന്ന വൈവിധ്യമാർന്ന ഭക്ഷണ സംസ്‌കാരത്തിനു നേരെയാണ്. പശുവിൽ നിന്നു തുടങ്ങിയെന്ന് മാത്രം. എന്തു ഭക്ഷിക്കണമെന്ന് സ്വതന്ത്രമായി ചിന്തിക്കാനുള്ള അവകാശത്തെ നിഷേധിച്ചുകൊണ്ട് ഇന്ത്യയെന്നാൽ ‘വെജിറ്റേറിയൻ’ ആണെന്ന ധാരണ സൃഷ്ടിക്കുകയും അതുവഴി ഹിന്ദുത്വത്തിലേക്കുള്ള വഴികൾ എളുപ്പമാക്കുകയുമാണ് ഭക്ഷണ ഫാസിസം.

ബീഫ് നിരോധത്തിന്റെ ഗുണദോഷങ്ങളെക്കുറിച്ചുള്ള ചർച്ചകളേക്കാൾ ആശങ്കയുളവാക്കുന്നതാണ് അതിനു പിന്നിൽ പ്രവർത്തിക്കുന്ന പ്രേരണകൾ. ഒരു ഭക്ഷണ വസ്തുവിന്റെ ഉപയോഗം ആരോഗ്യപരമായ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്ന സാമാന്യ യുക്തിയുപയോഗിച്ചായിരുന്നു നിരോധനമെങ്കിൽ അതിനെ ജനാധിപത്യപരമായി അംഗീകരിക്കാൻ പൊതുബോധം ബാധ്യസ്ഥരായിരുന്നു. പക്ഷേ, അത്തരമൊരു ശാസ്ത്രീയ നിഗമനം ഇല്ലാതിരിക്കുകയും കേവലം ബ്രാഹ്മണ ഹിന്ദുക്കളുടെ താൽപര്യം മാത്രം മുന്നിൽ കണ്ട് നിരോധനം ഏർപ്പെടുത്തുകയും ചെയ്യുമ്പോൾ രാഷ്ട്രീയ മേൽക്കോയ്മ നേടുക എന്നതായി ലക്ഷ്യം ചുരുങ്ങുന്നു.

ഭൂരിപക്ഷ വർഗീയതക്ക് പലപ്പോഴായി ഇരകളാവുകയും സാമ്പത്തികമായി പിന്നാക്കം നിൽക്കുകയും ചെയ്യുന്ന മുസ്‌ലിം, ദളിത് ജീവിത രീതികളെയും ഭക്ഷണക്രമങ്ങളെയുമാണ് ബീഫ് നിരോധനം ലക്ഷ്യംവെക്കുന്നത്. ചുരുങ്ങിയ ചെലവിൽ സുലഭമായി ലഭിക്കുന്ന ഒരു ഭക്ഷണത്തെ കേവല താൽപര്യങ്ങൾക്ക് വേണ്ടി തടഞ്ഞുവെക്കുകയും മാംസം ഉപയോഗിക്കുന്ന വീടുകളും പ്രദേശങ്ങളും കലാപ ഭൂമിയാക്കി മാറ്റുകയും ചെയ്യുന്നതിലൂടെ സാമ്പത്തികമായും സാമൂഹികമായും മനുഷ്യരെ വിഭജിച്ചു നിർത്തി ചിലരെ ഒറ്റപ്പെടുത്താമെന്ന ഹിന്ദുത്വ അജണ്ടയാണ് നടപ്പിൽ വരുന്നത്. ഈ നിഗമനത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ് യുഎൻ പുറത്തുവിട്ട റിപ്പോർട്ട്: ‘ഇന്ത്യയിൽ പ്രതിവർഷം 26 ലക്ഷം ടൺ മാട്ടിറച്ചി ഉപയോഗിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മാംസവും അതുതന്നെയാണ്.’7

ഹിന്ദു സമൂഹത്തിന് പശു മാംസം അനുവദനീയമല്ല എന്നു പറഞ്ഞുകൊണ്ട് സെക്യുലർ രാജ്യമായ ഇന്ത്യയിൽ ഗോമാംസം നിരോധിക്കുന്നത് രാജ്യത്തിന്റെ മതേതര കാഴ്ചപ്പാടുകളോട് യോജിച്ചതല്ല. ബിംബാരാധന ഇസ്‌ലാമിൽ വിലക്കപ്പെട്ടതാണ്, എന്നതുകൊണ്ട് ഇനി മുതൽ മറ്റു മതസ്ഥർ രാജ്യത്ത് ബിംബാരാധന നടത്തരുതെന്ന് പറയുന്നതു പോലുള്ള വിഡ്ഢിത്തമാണത്.

വർഷങ്ങൾക്കുമുമ്പ് ഗോമാംസം ഭക്ഷിച്ചതിന്റെ പേരിൽ കൊല്ലപ്പെട്ട ദളിതുകൾക്ക് വേണ്ടി കാഞ്ച ഐലയ്യ എഴുതി: ‘ഇനിയും നാം ഈ വിഷയം ഗൗരവത്തിലെടുത്തില്ലെങ്കിൽ രാജ്യത്തെ ഹിന്ദു തീവ്രത ഉയർത്തെഴുന്നേൽക്കും.’8

നിലവിലെ സംഭവങ്ങൾ പരിഗണിക്കുമ്പോൾ ഈ മുന്നറിയിപ്പ് ഇന്ത്യൻ സാഹചര്യത്തിൽ മറകൾ നീക്കി പുറത്തുവന്നിരിക്കുകയാണ്. അന്നവർ ദളിതരുടെ മേൽ പ്രയോഗിച്ചിരുന്ന ആധിപത്യം ഇന്ന് മുസ്‌ലിംകൾക്കു മേലിലും പ്രയോഗിച്ചുതുടങ്ങി. നാളെ മറ്റൊരു വിഭാഗത്തിനു നേരെയാവും പ്രയോഗിക്കുക. അതുകൊണ്ടു തന്നെ ജനാധിപത്യത്തിന്റെ, സെക്യുലറിസത്തിന്റെ കാവൽശക്തികളായി പൊതുസമൂഹം മാറേണ്ട സമയമായിരിക്കുന്നു.

References:

  1. kanja ilaya, buffalo nationalism, a critique of spiritual fascism, p. 142
  2. ibid, p.138
  3. ibid, p. 144
  4. kanja ilaya, god as political philosopher budha’s challenge to brahmanism, p.218
  5. mk gandhi, how to same the cow, p. 85
  6. david luddin, making india hindu, p. 217
  7. report united nations food and agricultural organization, line stock information: sector analysis and policy branch.
  8. kanja ilaya, buffalo nationalism, a critique of spiritual fascism, p. 139

 

തകരുക ലെതർ വ്യവസായം

ബീഫ് നിരോധനം ശക്തിപ്പെടുത്തണമെന്നും ഗോവധം ഭരണഘടനാ വിരുദ്ധമാണെന്നും അധികാരികളും ഹിന്ദുത്വ ശക്തികളും ആവശ്യപ്പെടുമ്പോഴും അറുത്ത മൃഗങ്ങളിൽ നിന്നു നിർമിച്ചെടുക്കുന്ന ഉപോൽപന്നങ്ങൾ രാജ്യത്ത് നിരോധിക്കുന്നില്ലയെന്നതും അവയൊന്നും ഭരണഘടനാ വിരുദ്ധമല്ലാതാവുന്നതും സാമാന്യ യുക്തിക്ക് മനസ്സിലാവാത്തതാണ്. വർഷങ്ങൾക്കു മുമ്പ് അത്തരം ഉപോൽപന്നങ്ങൾ നിരോധിക്കുന്നതിനു വേണ്ടി ഒരു ബിൽ മധ്യപ്രദേശിൽ കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ അതിനെതിരെ ബിജെപി പോലും വോട്ടുചെയ്തു. ഇതെല്ലാം പരിഗണിക്കുമ്പോൾ മറകൾക്ക് പിന്നിലെ രാഷ്ട്രീയം കൃത്യമായും മനസ്സിലാകുന്നുണ്ട്.

പരമ്പരാഗത മാർഗത്തിലൂടെ വളർന്നുവന്ന ലെതർ വ്യവസായം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയെ പരോക്ഷമായി ബാധിക്കുന്ന ഒരു ശക്തിയായി മാറിക്കഴിഞ്ഞിട്ടുണ്ട്. ലോകത്തിലെ മൊത്തം ലെതർ ഉൽപാദത്തിന്റെ പത്ത് ശതമാനം ഇന്ത്യയാണ് കയറ്റുമതി ചെയ്യുന്നത്. 5 മില്യൺ ജോലി സാധ്യത പ്രദാനം ചെയ്യുന്ന ഈ മേഖല ഏകദേശം എട്ട് ശതമാനം വളർച്ചാനിരക്കോടെ പ്രതിവർഷം 7.5 ബില്യണിലധികം അമേരിക്കൻ ഡോളർ മിച്ചം വരുത്താൻ പ്രാപ്തിയുള്ള വ്യവസായമാണ്. ആഗോള വിപണിയിൽ ലെതർ ഉൽപന്നങ്ങളുടെ ഡിമാന്റ് വളർന്നുകൊണ്ടിരിക്കുകയാണ്. ഇത്രയൊക്കെ സാധ്യതകളുള്ള ഒരു വ്യവസായം നശിപ്പിക്കാൻ സർക്കാർ ഗോവധത്തിന്റെ പേരുപറഞ്ഞ് തയ്യാറാകുമോ? അത്തരമൊരു നിരോധനം ഏർപ്പെടുത്തിയാൽ രാജ്യത്തിനാവശ്യമായ ലെതർ മെറ്റീരിയലുകൾ എവിടെനിന്നും കണ്ടെത്തുമെന്നതും ചോദ്യമാണ്.

ജമാൽ നൂറാനി അടിവാരം

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ