ഹിജ്‌റ കലണ്ടർ പ്രകാരം മുഹർറമാണ് പ്രഥമ മാസം. പുതിയ വർഷം പുതിയ തുടക്കമാവണം. ജീവിത മുന്നേറ്റത്തിനുള്ള ഊർജം കൂടി പകരുന്നതാവണം പുതുവർഷപ്പുലരികൾ. പുതിയ ചിന്തകളും പ്രതീക്ഷകളും ഉടലെടുക്കുമ്പോഴാണ് പുതുവത്സരം പ്രസക്തമാവുന്നത്. സമയത്തിന്റെ മൂല്യം മനസ്സിലാക്കി പ്രവർത്തനങ്ങളിൽ ശ്രദ്ധ ചെലുത്താനും ഒരു നിമിഷാർധം പോലും നഷ്ടപ്പെടുത്താതെ കർമപദ്ധതികളിൽ വ്യാപൃതരാവാനും വിശ്വാസികൾ തയ്യാറാവേണ്ട സന്ദർഭമാണിത്.
രാപ്പലുകളും പ്രകൃതിയും കാലവും ആയുസ്സുമെല്ലാം സ്രഷ്ടാവിന്റെ മഹാനുഗ്രഹങ്ങളാണെന്ന് ഖുർആൻ പലയിടങ്ങളിലും ഓർമപ്പെടുത്തിയിട്ടുണ്ട്: ‘ആകാശവും ഭൂമിയും സൃഷ്ടിക്കുകയും വാനലോകത്ത് നിന്ന് നിങ്ങൾക്ക് മഴ വർഷിക്കുകയും അതുമൂലം ഫലവർഗങ്ങൾ ആഹാരമായി ഉൽപാദിപ്പിച്ചുതരികയും ചെയ്തവനാണ് അല്ലാഹു. അവന്റെ ആജ്ഞ പ്രകാരം സമുദ്ര സഞ്ചാരത്തിനായി കപ്പലിനെ നിങ്ങൾക്കവൻ അധീനപ്പെടുത്തിത്തരികയും ചെയ്തിരിക്കുന്നു. പുഴകളെയും നിങ്ങൾക്കവൻ കീഴ്‌പ്പെടുത്തിത്തന്നു. പതിവായി ഗമനം നടത്തിക്കൊണ്ടിരിക്കുന്ന സൂര്യചന്ദ്രന്മാരെയും അവൻ നിങ്ങൾക്ക് കീഴ്‌പ്പെടുത്തി. രാപ്പകലുകളെയും അവൻ നിങ്ങളുടെ അധികാരത്തിനു കീഴിലാക്കിയിരിക്കുന്നു. നിങ്ങളാവശ്യപ്പെട്ടതെല്ലാം അവൻ നിങ്ങൾക്കു നൽകി. അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ നിങ്ങൾക്ക് എണ്ണിത്തിട്ടപ്പെടുത്താനാവില്ല. നിശ്ചയം മനുഷ്യൻ വലിയ അക്രമിയും വളരെ നന്ദികെട്ടവനും തന്നെ’ (സൂറത്തു ഇബ്‌റാഹീം 32-34). ‘രാപ്പകലുകളെയും സൂര്യചന്ദ്രന്മാരെയും നിങ്ങൾക്കവൻ അധീനമാക്കിത്തന്നിരിക്കുന്നു. നക്ഷത്രങ്ങളും അവന്റെ ആജ്ഞപ്രകാരം നിങ്ങളുടെ അധീശത്വത്തിനു കീഴിലാണ്. ആലോചിക്കുന്നവർക്ക് തീർച്ചയായും അതിൽ ദൃഷ്ടാന്തങ്ങളുണ്ട്’ (അന്നഹ്ൽ 12).
രാപ്പലുകളെ നാം രണ്ട് ദൃഷ്ടാന്തങ്ങളാക്കിയിരിക്കുന്നു. രാവിനെ ഇരുൾമുറ്റിയതും പകലിനെ പ്രകാശപൂർണവുമാക്കിയിരിക്കുന്നു. നിങ്ങളുടെ നാഥൻ നൽകിയ അനുഗ്രഹങ്ങളെ നിങ്ങൾ തേടാൻ വേണ്ടിയും വർഷങ്ങളുടെ കാലഗണന കണക്കാക്കാൻ വേണ്ടിയും. സകല കാര്യങ്ങളും അവൻ നന്നായി വിശദീകരിച്ചിരിക്കുന്നു’ (ഇസ്‌റാഅ് 12).
‘രാപ്പകലുകളും സൂര്യചന്ദ്രാദികളും അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ്. സൂര്യചന്ദ്രന്മാർക്ക് നിങ്ങൾ പ്രണാമമർപ്പിക്കരുത്. അവയുടെ സ്രഷ്ടാവായ അല്ലാഹുവിന് നിങ്ങൾ സുജൂദ് ചെയ്യുക. അവനെ മാത്രമാണ് നിങ്ങൾ ആരാധിക്കുന്നതെങ്കിൽ’ (ഫുസ്സ്വിലത്ത് 37).
കാലചക്രം കറങ്ങുന്നതിലും വയസ്സ് കൂടുന്നതിലും മറ്റും അല്ലാഹുവിന്റെ അനുഗ്രഹമുണ്ടെന്നും ചിന്തിക്കുന്നവർക്ക് അവയിൽ ദൃഷ്ടാന്തമുണ്ടെന്നും പറയുന്ന വിശുദ്ധ ഖുർആൻ അവയെ പാഴാക്കുന്നവർക്ക് താക്കീതും നൽകുന്നുണ്ട്: ‘ചിന്തിക്കുന്നവർക്ക് ചിന്തിക്കാൻ മാത്രം ഞാൻ ആയുസ്സ് തന്നില്ലയോ? താക്കീതുകാരൻ നിങ്ങളിൽ സമാഗതനാവുകയും ചെയ്തു. അതിനാൽ നിങ്ങൾ ശിക്ഷ അനുഭവിച്ചുകൊള്ളുക. അക്രമികൾക്ക് യാതൊരു സഹായിയുമില്ല’ (ഫാത്വിർ 37).
കാലത്തിന്റെ പ്രാധാന്യവും മഹത്ത്വവും വിവരിക്കുന്നതിനു വേണ്ടിയാണ് അല്ലാഹു കാലംകൊണ്ട് സത്യം ചെയ്യുന്ന നിരവധി സൂക്തങ്ങളിറക്കിയത്: ‘രാത്രിതന്നെ സത്യം, അത് മൂടുമ്പോൾ. പകൽ തന്നെ സത്യം, അത് പ്രത്യക്ഷമാവുമ്പോൾ’ (അല്ലൈൽ 1, 2). ‘രാത്രി പിന്നിടുമ്പോൾ അതിനെ തന്നെ സത്യം, പ്രഭാതം പുലർന്നാൽ അതിനെ തന്നെ സത്യം’ (അൽമുദ്ദസിർ 33, 34). ‘രാത്രി നീങ്ങുമ്പോൾ അതുകൊണ്ടും പകൽ വിടരുമ്പോൾ അതുകൊണ്ടും സത്യം’ (അത്തക്‌വീർ 17, 18). അസ്തമയ ശോഭകൊണ്ടും രാത്രികൊണ്ടും അവ ഒന്നിച്ച് ചേർക്കുന്നവയുംകൊണ്ട് സത്യം’ (ഇൻശിഖാഖ് 16, 17). ‘പ്രഭാതംതന്നെ സത്യം, പത്ത് രാത്രികൾതന്നെ സത്യം’ (അൽഫജ്ർ 1, 2). ‘പൂർവാഹ്നംതന്നെ സത്യം, രാത്രി ശാന്തമാവുമ്പോൾ അതുകൊണ്ടും സത്യം’ (ള്വുഹാ 1, 2). ‘കാലംതന്നെ സത്യം, മനുഷ്യൻ പരാജയത്തിലാണ്’ (അൽഅസ്വ്ർ 1, 2).
സൂറത്തുൽ അസ്വ്‌റിന്റെ വ്യാഖ്യാനത്തിൽ ഇമാം ഫഖ്‌റുദ്ദീനുർറാസി(റ) എഴുതുന്നു: ‘രാപ്പകലുകൾ നല്ല അവസരങ്ങളാണെന്നും മനുഷ്യർ അതു നഷ്ടപ്പെടുത്തുകയാണെന്നും ഈ സൂക്തത്തിലൂടെ അല്ലാഹു ഉണർത്തുന്നുണ്ട്. സ്ഥലത്തെക്കാൾ പ്രധാനം സമയമായതുകൊണ്ടാണ് അല്ലാഹു കാലത്തെവെച്ച് സത്യം ചെയ്തത്’ (അത്തഫ്‌സീറുൽ കബീർ).
സമയം ഏറെ മൂല്യമുള്ളതാണെന്നും അവ വേണ്ടവിധം ഉപയോഗിക്കാത്തവൻ വഞ്ചിതനാണെന്നും ഹദീസിൽ കാണാം. ഇബ്‌നു അബ്ബാസ്(റ)വിൽ നിന്ന് നിവേദനമുള്ള ഹദീസിൽ നബി(സ്വ) പറയുന്നു: ‘രണ്ട് അനുഗ്രഹങ്ങളിൽ അധിക ജനങ്ങളും വഞ്ചിതരാണ്. ആരോഗ്യവും ഒഴിവു സമയവുമാണവ’ (സ്വഹീഹുൽ ബുഖാരി).
ദിവസത്തിലെ ഓരോ നിമിഷവും ക്രിയാത്മകമായി വിനിയോഗിക്കുന്നതിൽ നമുക്ക് അതീവ ജാഗ്രത വേണം. ഇമാം ശാഫിഈ(റ) പറഞ്ഞു: ‘ഞാൻ സ്വൂഫിയാക്കളോടൊപ്പം ചേർന്നു. അവരിൽ നിന്ന് രണ്ടു കാര്യങ്ങളാണ് കാര്യമായി ഞാൻ പഠിച്ചത്. ഒന്ന്: സമയം വാളാണ്. നീ അതിനെ വെട്ടുന്നില്ലെങ്കിൽ അത് നിന്നെ വെട്ടും. രണ്ട്: നിന്റെ ശരീരത്തെ സത്യംകൊണ്ട് നീ വ്യാപൃതനാക്കുക. ഇല്ലെങ്കിൽ, അസത്യംകൊണ്ട് അത് നിന്നെ വ്യാപൃതനാക്കും.’
ഒരു സമയവും പാഴാക്കാതെ ജീവിക്കുന്നതിൽ മുൻഗാമികൾക്ക് ബദ്ധശ്രദ്ധയുണ്ടായിരുന്നു. താബിഈ പ്രധാനിയായ സഈദുബ്‌നുൽ മുസയ്യബ്(റ) പറയുന്നു: ‘ഞാൻ ഒരു ഹദീസ് അന്വേഷിച്ചുകൊണ്ട് നിരവധി രാപ്പകലുകൾ യാത്ര ചെയ്യാറുണ്ട്.’ താബിഉകളിൽപെട്ട സഈദുബ്‌നു ജുബൈർ(റ) പറയുന്നു: ‘ഞാൻ രാത്രിയിൽ ഇബ്‌നു അബ്ബാസ്(റ)ന്റെ കൂടെ മക്കയിലെ വഴിയിലൂടെ സഞ്ചരിക്കാറുണ്ട്. മഹാൻ എനിക്ക് ഹദീസ് പറഞ്ഞുതരികയും ഞാനതു സഞ്ചാരത്തിനിടയിൽ തന്നെ എഴുതിയെടുക്കുകയും ചെയ്യും. പ്രഭാതം വരെ ഇതു തുടരും’ (ദാരിമി).
പരമാവധി സമയം ഉപയോഗപ്പെടുത്തി വൈജ്ഞാനിക മികവിനു വേണ്ടി ഏറെ പരിശ്രമിക്കുന്നവരായിരുന്നു മുൻഗാമികൾ. ഉമർ ബ്ൻ ഖത്താബ്(റ) വിവരിക്കുന്നു: ‘ഞാനും അൻസ്വാറുകളിൽപെട്ട എന്റെ ഒരയൽവാസിയും (ഔസ് ബ്‌നു ഖൗലിയ്യ്-റ) നബി(സ്വ)യെ സന്ദർശിക്കാറുണ്ടായിരുന്നു. ഒരു ദിവസം അദ്ദേഹവും അടുത്ത ദിവസം ഞാനും എന്ന ക്രമത്തിലാണ് സന്ദർശനം ക്രമീകരിച്ചിരുന്നത്. ഞാൻ ചെല്ലുന്ന ദിവസം ലഭിക്കുന്ന വിജ്ഞാനം അദ്ദേഹത്തിനു ഞാൻ പറഞ്ഞുകൊടുക്കും. അയൽവാസി പോകുന്ന ദിവസത്തെ കാര്യങ്ങൾ അദ്ദേഹം എനിക്കും പറഞ്ഞുതരും’ (ബുഖാരി).
ഒരു ഹദീസ് പഠിക്കാൻ വേണ്ടി ജാബിറുബ്‌നു അബ്ദില്ലാഹ്(റ) ഒരു മാസം യാത്ര ചെയ്ത സംഭവം ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്നുണ്ട്. ജാബിറുബ്‌നു അബ്ദില്ലാഹ്(റ) പറയുന്നു: ‘റസൂൽ(സ്വ)യിൽ നിന്ന് ഒരു ഹദീസ് കേട്ടുപഠിച്ച ഒരു സ്വഹാബിയെക്കുറിച്ച് ഞാൻ അറിയാനിടയായി. ഉടനെ ഞാനൊരു ഒട്ടകം വിലയ്ക്കു വാങ്ങി യാത്രയാരംഭിച്ചു. ഒരു മാസം സഞ്ചരിച്ച് ശാമിലെത്തിയപ്പോഴാണ് ആ സ്വഹാബി അബ്ദുല്ലാഹിബ്‌നു ഉനൈസ്(റ)വാണെന്ന് അറിയുന്നത്. ഞാൻ പാറാവുകാരനോട് പറഞ്ഞു: ‘ജാബിർ വന്നിട്ടുണ്ടെന്ന് പറയൂ.’ അദ്ദേഹം ചോദിച്ചു: ജാബിറുബ്‌നു അബ്ദില്ല(റ)യാണോ? ‘അതേ’യെന്ന് ഞാൻ പ്രതിവചിച്ചു. ഉടനെ അബ്ദുല്ലാഹിബ്‌നു ഉനൈസ്(റ) പുറത്തുവന്ന് എന്നെ ആലിംഗനം ചെയ്തു. ഞാൻ പറഞ്ഞു: ‘താങ്കൾ തിരുനബി(സ്വ)യിൽ നിന്ന് കേട്ടുപഠിച്ച ഒരു ഹദീസിനെക്കുറിച്ച് അറിഞ്ഞ് വന്നതാണ് ഞാൻ. ആ ഹദീസ് ശ്രവിക്കുന്നതിനു മുമ്പ് താങ്കളോ ഞാനോ മരണപ്പെട്ടുപോകുമോ എന്നു ഞാൻ ഭയപ്പെടുന്നു.’ ഉടനെ അബ്ദുല്ലാഹിബ്‌നു ഉനൈസ്(റ) ഹദീസ് ഉദ്ധരിക്കാൻ ആരംഭിച്ചു: ‘നബി(സ്വ) പറഞ്ഞു: ‘നഗ്നരും നിർധനരും ചേലാകർമം ചെയ്യപ്പെടാത്തവരുമായി പുനരുത്ഥാന നാളിൽ ജനങ്ങൾ സമ്മേളിക്കും. അടുത്തുള്ളവരും അകലെയുള്ളവരും ഒരുപോലെ കേൾക്കുംവിധം അല്ലാഹു ഇപ്രകാരം വിളംബരം ചെയ്യും: ‘ഞാൻ മാത്രമാണ് ഇന്നത്തെ പരമാധികാരി. നരകവാസികളിൽപെട്ട ഒരാൾ തന്റെ അപഹരിക്കപ്പെട്ട അവകാശം ചോദിച്ചുകൊണ്ടിരിക്കെ ഒരു സ്വർഗാവകാശിക്കും സ്വർഗപ്രവേശം സാധ്യമല്ല. സ്വർഗാവകാശികളിൽപെട്ട ഒരാൾ തന്റെ അപഹൃതാവകാശം ചോദിച്ചുകൊണ്ടിരിക്കെ ഒരു നരകാവകാശിക്കും നരകത്തിൽ പ്രവേശിക്കാനാവില്ല. അഥവാ കണക്കുകൾ പൂർത്തിയാക്കിയതിനു ശേഷമല്ലാതെ സ്വർഗ-നരക പ്രവേശങ്ങൾ നടക്കുകയില്ല.’ ഞാൻ ചോദിച്ചു: ‘എങ്ങനെയാണ് അവകാശങ്ങൾ കൊടുത്തുതീർക്കുക. ഞങ്ങൾ നിർധനരും നഗ്നരുമായിട്ടല്ലേ അവിടെയെത്തുക?’ അദ്ദേഹത്തിന്റെ മറുപടി: ‘സൽകർമങ്ങളും ദുഷ്‌കർമങ്ങളുംകൊണ്ടാണ് കണക്കു തീർക്കുന്നത്?’ (അൽഅദബുൽ മുഫ്‌റദ് പേ. 337).
പ്രസിദ്ധ താബിഈ പണ്ഡിതൻ അബുൽ ആലിയ(റ) പറയുന്നു: ‘ഞങ്ങൾ ബസ്വറയിലായിരിക്കെ സ്വഹാബികളുടെ ഹദീസുകൾ കേൾക്കാറുണ്ട്. പക്ഷേ, അതുകൊണ്ടൊന്നും ഞങ്ങൾ തൃപ്തരായില്ല. മദീനയിലേക്ക് വാഹനം കയറി അവരുടെ വായയിൽ നിന്നു തന്നെ അവ കേൾക്കുന്നതിലായിരുന്നു ഞങ്ങൾക്ക് സംതൃപ്തി.’ ഇവ്വിധം പഠനത്തിൽ ഏറെ ജിജ്ഞാസയുള്ളവരും വിജ്ഞാനത്തിനു വേണ്ടി പരമാവധി സമയം കണ്ടെത്തുന്നവരും ത്യാഗം വരിക്കുന്നവരുമായിരുന്നു പൂർവികർ. ഖാളി അബൂയൂസുഫ്(റ) തന്റെ മകൻ മരണപ്പെട്ടപ്പോഴും ദർസ് നടത്താൻ പോയത്രെ! തന്റെ ഗുരുനാഥനായ ഇമാം അബൂഹനീഫ(റ)ന്റെ സന്തതസഹചാരിയായിരുന്നു അദ്ദേഹം. അനേക വർഷങ്ങൾ ഗുരുവിനൊപ്പം ചെലവഴിച്ചു. ഒരു ദിവസംപോലും ഉസ്താദിനൊപ്പമുള്ള സ്വുബ്ഹ് നിസ്‌കാരം അബൂയൂസുഫ്(റ)വിന് നഷ്ടപ്പെട്ടില്ല. ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനുമെല്ലാം മഹാൻ ഗുരുവിനൊപ്പമുണ്ടാവും. കലശലായ രോഗമുള്ളപ്പോൾ മാത്രമാണ് മാറിനിന്നിട്ടുള്ളത്. മകൻ മരണപ്പെട്ടപ്പോൾ മയ്യിത്ത് സംസ്‌കരണത്തിനു പോലും അദ്ദേഹമുണ്ടായില്ല. അയൽവാസികളെയും അടുത്ത കുടുംബക്കാരെയും കാര്യങ്ങൾ ഏൽപിച്ച് അദ്ദേഹം ദർസിന് പോയി. അബൂഹനീഫ(റ)യുടെ ക്ലാസ് നഷ്ടപ്പെടുമെന്നും ആ നഷ്ടം ഒരിക്കലും നികത്താനാവില്ലെന്നുമാണ് അതിന് കാരണം പറഞ്ഞത് (മനാഖിബു അബീഹനീഫ 1/472).
മുഹമ്മദ്ബ്‌നുൽ ഹസൻ ശൈബാനി(റ) രാത്രിയിൽ ഉറങ്ങാറേയില്ല. തന്റെ ചാരത്ത് പാരായണം ചെയ്യാനുള്ള ഗ്രന്ഥങ്ങൾ വെക്കുകയും അവ ഓരോന്നായി വായിച്ചുതീർക്കുകയും ചെയ്യും. ഒരു വിഷയം മടുക്കുമ്പോൾ അടുത്ത വിഷയമെടുത്തും ഉറക്കം വരുമ്പോൾ മുഖത്ത് വെള്ളം തളിച്ചും വായനയിൽ മുഴുകും (മിഫ്താഹുസ്സആദ 1/36).
മതവിജ്ഞാന സമ്പാദനത്തിന് വേണ്ടി എന്തു ത്യാഗം സഹിക്കാനും എത്ര സമയം ചെലവഴിക്കാനും മഹാരഥന്മാരായ പണ്ഡിതർ തയ്യാറായിരുന്നു. അബൂഅബ്ദിർറഹ്‌മാൻ ബഖിയ്യുബ്‌നു മഖ്‌ലദുൽ അന്ദലൂസി(റ) കാൽനടയായി നടത്തിയ ദീർഘയാത്ര ശ്രദ്ധേയം. 20 വയസ്സുള്ളപ്പോൾ അദ്ദേഹം ബഗ്ദാദിലേക്കു പുറപ്പെട്ടു. ബഗ്ദാദിനു സമീപമെത്തിയപ്പോഴാണ് അതീവ ദു:ഖകരമായ ആ വാർത്ത കേട്ടത്. ഇമാം അഹ്‌മദുബ്‌നു ഹമ്പൽ(റ) വീട്ടുതടങ്കലിലാണ്. അദ്ദേഹത്തെ സമീപിക്കാനോ ഹദീസ് ശ്രവിക്കാനോ ഇപ്പോൾ സാധ്യമല്ല. വിവരമറിഞ്ഞ് ദു:ഖിതനായെങ്കിലും ഒരു മുറി വാടകക്കെടുത്ത് ഭാണ്ഡം ഇറക്കിവെച്ചു. ശേഷം ബഗ്ദാദിലെ വലിയ ജുമാമസ്ജിദിലെത്തി. അവിടെ യഹ്‌യബ്‌നു മഈൻ(റ)ന്റെ ദർസ് നടക്കുകയാണ്. ഹദീസ് നിവേദകരുടെ നിരൂപണമായിരുന്നു അപ്പോൾ ചർച്ചാ വിഷയം. ബഖിയ്യ്(റ) പതുക്കെ സദസ്സിലിരുന്നു. ചില നിവേദകരെക്കുറിച്ച് സംശയങ്ങൾ ആരാഞ്ഞു. ഗുരു കൃത്യമായ മറുപടി നൽകി. അവസാനം അഹ്‌മദുബ്‌നു ഹമ്പൽ(റ)നെ കുറിച്ച് ചോദിച്ചു: അത്ഭുതമൂറുന്ന മിഴികളോടെ യഹ്‌യബ്‌നു മഈൻ(റ) ചോദ്യകർത്താവിനെ നോക്കിക്കൊണ്ട് പറഞ്ഞു: ‘നമ്മെ പോലെയുള്ളവർ അഹ്‌മദുബ്‌നു ഹമ്പലിനെ നിരൂപിക്കുകയോ? തീർച്ചയായും അദ്ദേഹം മുസ്‌ലിംകളുടെ നേതാവും അവരിൽ ഉത്തമനുമാണ്.’
പിന്നീട് അദ്ദേഹം അഹ്‌മദുബ്‌നു ഹമ്പൽ(റ)നെ പാർപ്പിച്ച സ്ഥലമന്വേഷിച്ച് പുറപ്പെട്ടു. ആഗമനോദ്ദേശ്യം അറിയിച്ചു. വിദൂരസ്ഥമായ സ്‌പെയ്‌നിൽ നിന്ന് ജിബ്രാൾട്ടർ കടന്ന് തന്നെ തേടി ബഗ്ദാദിലെത്തിയ സാഹസികനും വിജ്ഞാന കുതുകിയുമായ ബഖിയ്യിനെ കണ്ട് അത്ഭുതം കൂറിയ ഇമാം തന്റെ വിഷമാവസ്ഥ ബോധ്യപ്പെടുത്തി. അപ്പോൾ അദ്ദേഹം പറഞ്ഞു: ‘ഞാൻ ഈ നാട്ടിൽ നവാഗതനാണ്. ആരും എന്നെ അറിയില്ല. ഞാൻ എന്നും യാചക വേഷത്തിൽ അങ്ങയുടെ സന്നിധിയിലെത്താം. തടങ്കലിന്റെ കവാടത്തിൽ വന്ന് യാചകർ പറയുന്നതുപോലെ പറയാം. അപ്പോൾ അങ്ങ് ഇറങ്ങിവന്ന് ഒരു ഹദീസെങ്കിലും പറഞ്ഞുതന്നാൽ ഞാൻ തൃപ്തനായി.’
ഈ വിവരം ഒരാളോടും വെളിപ്പെടുത്തരുതെന്ന ഉപാധിയോടെ ഇമാം വിദ്യാർഥിയുടെ പദ്ധതി അംഗീകരിച്ചു. അങ്ങനെ ബഖിയ്യുബ്‌നു മഖ്‌ലദ്(റ) മഷിക്കുപ്പിയും പേനയും ഒളിപ്പിച്ചുവെച്ച് യാചക വേഷത്തിൽ മഹാനവർകളെ സമീപിക്കാനാരംഭിച്ചു. ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും മുന്നൂറോളം ഹദീസുകൾ അദ്ദേഹം സ്വീകരിച്ചുകഴിഞ്ഞിരുന്നു.
പിന്നീട് അന്നത്തെ ഭരണാധികാരി അന്തരിക്കുകയും മറ്റൊരാൾ അധികാരമേൽക്കുകയും ചെയ്തു. അതോടെ ഇമാം മോചിതനായി. സ്വതന്ത്രനായ അഹ്‌മദ് ബ്‌നു ഹമ്പൽ(റ)വിന് ബഹുമതിയും പ്രതാപവും ലഭിക്കുകയും ചെയ്തു. എങ്കിലും വിജ്ഞാനകുതുകിയായ ബഖിയ്യ്(റ)നെ മഹാൻ മറന്നില്ല. അദ്ദേഹത്തിന്റെ വിജ്ഞാന താൽപര്യവും സാഹസിക പ്രവർത്തനങ്ങളും ഇമാം ക്ലാസിൽ എടുത്തുപറയാറുണ്ടായിരുന്നു (സിയറു അഅ്‌ലാമിന്നുബലാ 13/292).
വൈജ്ഞാനിക സമ്പാദനത്തിന് വേണ്ടി എങ്ങനെയെങ്കിലും സമയം കണ്ടെത്തണമെന്ന ചിന്തയായിരുന്നു മഹാന്മാർക്കെല്ലാമുണ്ടായിരുന്നത്. പ്രസിദ്ധ ഹദീസ് പണ്ഡിതനായ ഉബൈദുബ്‌നു യഈശ്(റ) പറയുന്നു: ‘മുപ്പത് വർഷക്കാലം ഞാൻ എന്റെ കൈകൊണ്ട് ഭക്ഷണം കഴിച്ചിട്ടില്ല. ഞാൻ ഹദീസ് എഴുതിക്കൊണ്ടിരിക്കുമ്പോൾ എന്റെ സഹോദരി എനിക്ക് വായിൽ ഭക്ഷണം വെച്ചുതരികയായിരുന്നു പതിവ്?’ (ഖത്വീബുൽ ബഗ്ദാദി(റ) – അൽജാമിഉ ലിഅഖ്‌ലാഖിർറാവീ വ ആദാബിസ്സാമിഅ് 2/178).
മാലികീ കർമശാസ്ത്ര പണ്ഡിതനായ മുഹമ്മദ് ബ്‌നു സുഹ്‌നൂൻ (ഹി: 202-256)ന് ഉമ്മു മുദാം എന്നു പേരുള്ള ഒരു അടിമയുണ്ടായിരുന്നു. ഒരു ദിവസം മഹാൻ നീണ്ടസമയം ഗ്രന്ഥരചനയിൽ തുടർന്നു. ഭക്ഷണം കൊണ്ടുവെച്ചു കഴിക്കാനാവശ്യപ്പെട്ടപ്പോൾ ‘ഞാൻ അൽപം തിരക്കിലാണെന്ന്’ അദ്ദേഹം പറഞ്ഞു. ഗ്രന്ഥരചന നിർത്തുന്നില്ലെന്നു കണ്ട അടിമ ഭക്ഷണം വായിൽ വെച്ചുകൊടുത്തു. കുറേ നേരം കഴിഞ്ഞപ്പോൾ സ്വുബ്ഹ് വാങ്കു വിളിച്ചു. അപ്പോൾ അദ്ദേഹം ഉമ്മുമുദാമിനെ വിളിച്ചുപറഞ്ഞു: ‘ഇന്നലെ രാത്രി അൽപം തിരക്കിലായിപ്പോയി. ഭക്ഷണം ഇപ്പോൾ കൊണ്ടുവരൂ.’ അപ്പോൾ അടിമ പറഞ്ഞു: യജമാനരേ, താങ്കൾ ഭക്ഷണം കഴിച്ചിട്ടുണ്ട്. ഞാൻ അങ്ങേക്കു വാരിത്തരികയായിരുന്നു. ‘അതേയോ, ഞാൻ അറിഞ്ഞിട്ടില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം (ഖാളി ഇയാള്(റ)- തർതീബുൽ മദാരിക് 4/217).
ആരാധനകളിൽ ഏറെ പ്രധാനപ്പെട്ടത് വിജ്ഞാന സമ്പാദനമായതുകൊണ്ടാണ് മഹാരഥന്മാർ സമയത്തിന്റെ സിംഹഭാഗവും അതിനുവേണ്ടി വിനിയോഗിച്ചത്. ദിക്‌റുകൾ വർധിപ്പിച്ചും സ്ഥായിയായ നന്മകൾ ചെയ്തും സുകൃതങ്ങൾ പതിവാക്കിയും നന്മയിലേക്കു മുന്നിട്ടുവന്നും നാം സമയത്തെ ക്രിയാത്മകമായി വിനിയോഗിക്കണം. ഇത്തരം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുമെന്ന പ്രതിജ്ഞയാണ് പുതുവർഷത്തിൽ നമുക്കു വേണ്ടത്. സമയവിനിയോഗത്തെ കുറിച്ച് സ്രഷ്ടാവിന്റെ മുന്നിലുള്ള വിചാരണ ഗൗരവകരമാണെന്ന ഹദീസ് നമ്മുടെ മനസ്സിലുണ്ടാവണം. നബി(സ്വ) പറഞ്ഞു: ‘അഞ്ചു കാര്യങ്ങൾ വരുന്നതിന് മുമ്പ് അഞ്ചു കാര്യങ്ങൾ നിങ്ങൾ ഉപയോഗപ്പെടുത്തുക. വാർധക്യത്തിന് മുമ്പ് യുവത്വം, രോഗത്തിന് മുമ്പ് ആരോഗ്യം, ദാരിദ്ര്യത്തിന് മുമ്പ് സമ്പത്ത്, ജോലിക്കു മുമ്പ് ഒഴിവുസമയം, മരണത്തിനു മുമ്പ് ജീവിതം എന്നിവയാണ് അവ (ബൈഹഖി).

സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ