rethink Madrassa- malayalam article

ജ്ഞാന പ്രചാരണത്തിന് പൂർവികർ കാണിച്ച മാതൃക അസൂയാവഹവും അവാച്യവുമാണ്. പുരോഗതികൾ വളരെ പരിമിതമായ കാലങ്ങളിൽ ഓരോ ഘട്ടത്തിലും ആവശ്യമായ നവീകരണ പ്രവർത്തനങ്ങൾ അവർ കാഴ്ചവെച്ചിട്ടുണ്ട്. കല്ലുകളിലും എല്ലിൻ കഷ്ണങ്ങളിലും ജ്ഞാനങ്ങൾ എഴുതി സൂക്ഷിക്കുകയും ഹൃദിസ്ഥമാക്കി ഉൾക്കൊള്ളുകയും ചെയ്തിരുന്ന കാലമുണ്ടായിരുന്നു. നൂറ്റാണ്ടുകൾക്കപ്പുറത്ത് അവർ കാണിച്ച ഉദാത്ത സേവനങ്ങൾ അനുകരിച്ച് പിൽക്കാലങ്ങളിലും പൂർവികർ അശ്രാന്ത പരിശ്രമങ്ങളാണ് അവരവരുടെ പരിധികൾക്കുള്ളിൽ നിന്ന് ചെയ്തത്. ഇന്ത്യയിലെ പൂർവ ജ്ഞാനചരിത്രത്തിൽ ഇതിന് ആവേശകരമായ ഒരുപാട് ഉദാഹരണങ്ങൾ കണ്ടെത്താനാകും. ഇന്ന് ഇന്ത്യൻ സംസ്ഥാനങ്ങളിൽ തൻമയത്വത്തിന്റെ പ്രസരിപ്പുമായി ജ്ഞാനപ്രചരണത്തിൽ മുമ്പിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം. മഖ്ദൂമുമാരുടെ വിദ്യാഭ്യാസ വിപ്ലവം സാധ്യമാക്കിയ അനുരണനങ്ങൾ പ്രസിദ്ധമാണല്ലോ. പള്ളികൾ കേന്ദ്രീകരിച്ച് തുടക്കം കുറിച്ച ദർസുകളും മഹല്ലുകളിൽ ഉയർന്ന് വന്ന ഓത്തുപള്ളികളുമായിരുന്നു ഒരു കാലത്ത് കേരളത്തിന്റെ മത വിജ്ഞാന കേന്ദ്രങ്ങൾ. ഖുർആൻ നോക്കി ഓതാനും നിസ്‌കാര കണക്കുമായി മൊല്ലമാർ നടത്തിവന്നിരുന്ന ജ്ഞാന കേന്ദ്രങ്ങളിൽ നിന്നാണ് നമ്മുടെ മുൻ തലമുറക്കാർ മതം പഠിച്ചുതുടങ്ങിയത്. ഒരു ഇസ്‌ലാമിക ജീവിതം ക്രമപ്പെടുത്താൻ അത് തന്നെ ധാരാളമായിരുന്നു. കാലങ്ങൾ മാറി. സമൂഹത്തിന് ബോധവും ബോധ്യവും ഉണർന്നു. പണ്ഡിത നേതൃത്വം കൂടുതൽ സക്രിയരായി രംഗത്തിറങ്ങി. അടുക്കും ചിട്ടയും പരീക്ഷകളും മാർക്കും റിസൾട്ടും റാങ്കും കാലോചിത സിലബസുമൊക്കെയായി ഓത്ത് പള്ളികളിൽ നിന്ന് മദ്‌റസകളിലേക്ക് മത പഠന കേന്ദ്രങ്ങൾ ഉയർന്നു വന്നു. ഒരു നൂറ്റാണ്ടോളമായി ഈ രംഗത്ത് സ്തുത്യർഹമായ നേതൃത്വമാണ് സമസ്ത നൽകിക്കൊണ്ടിരിക്കുന്നത്.

മദ്‌റസ പ്രസ്ഥാനം

കേരളത്തിൽ മദ്‌റസ പ്രസ്ഥാനം സാധിച്ചെടുത്തത് മഹത്തായ കാഴ്ചകളാണ്. നമുക്ക് മുമ്പിലുള്ള മതബോധമുള്ള ഒരു തലമുറയുടെ സൃഷ്ടിപ്പ് മദ്‌റസകൾ നേടിയെടുത്തതാണ്. മദ്‌റസകളിൽ ചേർത്തി മതം പഠിപ്പിക്കണമെന്ന ബോധം സമൂഹത്തെ നന്നായി സ്വാധീനിച്ചിട്ടുണ്ട്. നിസ്‌കരിക്കാനറിയുന്ന മതബോധമുള്ളവനാകണം എന്റെ കുട്ടി എന്ന് ചിന്തിക്കാത്ത രക്ഷിതാക്കൾ ഇല്ലെന്നുതന്നെ പറയാം. രാവിലെ രണ്ട് മണിക്കൂറോളം നീണ്ടുനിൽക്കുന്ന മതപഠനമാണ് നേരത്തെ നമ്മുടെ മദ്‌റസകൾ നൽകിയിരുന്നത്. സാഹചര്യവും സൗകര്യവുമനുസരിച്ച് ചില പ്രദേശങ്ങളിൽ വൈകുന്നേരങ്ങളിലും മദ്‌റസകൾ പ്രവർത്തിച്ചിരുന്നു. ഉസ്താദുമാരുടെ നിർവഹണവും രക്ഷിതാക്കളുടെ പരിപൂർണ സഹകരണവും മദ്‌റസ കമ്മിറ്റി ഭാരവാഹികളുടെ ധീര നേതൃത്വവുമാണ് അക്കാലത്ത് നമ്മുടെ മദ്‌റസകൾക്ക് ഉണ്ടായിരുന്നത്. അതുകൊണ്ട്തന്നെയാണ് നല്ല ബോധവും ചിട്ടയൊത്ത ജീവിതവുമുള്ള ഒരു തലമുറ ഇവിടെ ജീവിച്ചത്. മദ്‌റസകളിൽ ഏഴ്/പത്ത് വരെ പഠിക്കുന്ന കുട്ടി മതപരമായി നിരവധി വിവരങ്ങളാണ് നേടിയത്. പഠിക്കുകയും പകർത്തുകയും ചെയ്ത് അവർ സമ്പാദിച്ചത് ജീവിതത്തിൽ തെളിഞ്ഞ് കണ്ടു. വേഷവിധാനത്തിലും സ്വഭാവ സംസ്‌കരണത്തിലുമെല്ലാം അതിന്റെ അടയാളങ്ങൾ ദൃശ്യമായി. കാര്യബോധത്തോടെ നാട് ഭരിക്കാനും ദീൻ നടത്താനുമെല്ലാം അവർ പ്രാപ്തി നേടി. ഉസ്താദുമാരുടെ ആത്മാർത്ഥമായ കൃത്യനിർവഹണവും രക്ഷിതാക്കളുടെയും മഹല്ല് നേതൃത്വത്തിന്റെയും സഹകരണവുമാണ് ഈ ലക്ഷ്യങ്ങൾ നേടാൻ മദ്‌റസകളെ സഹായിച്ചിരുന്നത്.

മാറിയ സാഹചര്യത്തിൽ മദ്‌റസകൾ നിരവധി ഭീഷണികളാണ് നേരിടുന്നത്. ക്ലാസുകൾ കൃത്യമായി കൊണ്ടുപോകാൻ വളരെ പരിമിത സമയമാണുള്ളത്. സർക്കാർ സ്‌കൂളുകൾ, ഇംഗ്ലീഷ് മീഡിയം അടക്കമുള്ള ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് സ്‌കൂൾ ചാർട്ട് അനുസരിച്ച് എത്തിപ്പെടണമെങ്കിൽ മദ്‌റസയിൽ കുട്ടികൾക്ക് ലഭിക്കുന്ന സമയം ഒരു മണിക്കൂറോ അതിൽ താഴെയോ ആക്കേണ്ടിവരുന്നു. ഈ പരിമിത സമയങ്ങളിലാണ് ഗഹനമായ പല വിഷയങ്ങളും പഠിപ്പിക്കേണ്ടത്. സ്‌കൂൾ അവധി ദിവസങ്ങളിലും മറ്റുമൊക്കെയായി കൂടുതൽ ജോലി ചെയ്താണ് പലപ്പോഴും ക്ലാസുകൾ പൂർത്തിയാക്കാൻ കഴിയുന്നത്. സ്‌കൂൾ അവധി ദിനങ്ങളിൽ വിദ്യാർത്ഥികൾ കൂട്ടമായി അവധിയെടുക്കുന്ന പ്രവണത കൂടി വളർന്ന് വരുന്നത് മൂലം ഇത്തരം സ്‌പെഷ്യൽ ക്ലാസുകളും പലപ്പോഴും ലക്ഷ്യത്തിലെത്താറില്ല. രണ്ടും മൂന്നും അതിലേറെയും ക്ലാസുകളുടെ ചാർജ്ജ് ഒരു ഉസ്താദ് നിർവഹിക്കുന്നിടത്ത് അനുഭവിക്കുന്ന പ്രയാസങ്ങളും കാണേണ്ടതുണ്ട്. ഒരു ഉസ്താദ് മാത്രം പത്ത് ക്ലാസുകൾ നടത്തുന്ന ‘സർക്കസ് വിദ്യാഭ്യാസവും’ ചിലയിടങ്ങളിലൊക്കെയുള്ളത് കൂടി കണക്കിലെടുക്കുമ്പോൾ സംഗതി പറയാതിരിക്കലാണ് ഭേദം. രക്ഷിതാക്കളിൽ പലർക്കും പുറംതിരിഞ്ഞ നിലപാടുകളും അലസ സമീപനവുമാണുള്ളത്. ഒരു കർമ നിർവഹണമെന്നതിനപ്പുറം പലർക്കും ഒരു ബോധവുമില്ല. ദീനീ വിജ്ഞാനവും സൽസ്വഭാവ രൂപീകരണവും സ്വായത്തമാക്കുന്ന മദ്‌റസാ പഠനത്തിൽ തന്റെ നിർബന്ധ റോൾ പല രക്ഷിതാക്കളും നിർവഹിക്കുന്നില്ല. ചെറുപ്രായത്തിൽ ഇലാഹീ ബോധവും തിരുനബിയെ കുറിച്ചുള്ള വിവരങ്ങളും നൽകി മക്കളെ വളർത്തണമെന്നത് രക്ഷിതാക്കളോട് നിർബന്ധമായാണ് ഇസ്‌ലാം പഠിപ്പിച്ചിട്ടുള്ളത്. മദ്‌റസകളിൽ നിന്നല്ലാതെ ഇത് ലഭിക്കാൻ ഇന്ന് മറ്റ് വ്യവസ്ഥാപിത സംവിധാനങ്ങളില്ല. സ്‌കൂൾ സൗകര്യത്തിന് മുൻഗണന കൊടുക്കുമ്പോൾ പല കുട്ടികൾക്കും മദ്‌റസാപഠനം തന്നെ നഷ്ടപ്പെടുന്നുവെന്നത് വളരെ ഗൗരവത്തിൽ തന്നെ കാണേണ്ടതില്ലേ?

നമ്മുടെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ മദ്‌റസാ പഠനത്തിന് സൗകര്യങ്ങളുണ്ട്. മദ്‌റസ പഠനത്തിന് മാത്രമായി ഒന്നര മണിക്കൂർ. സ്‌കൂൾ പാഠ്യ ടൈം ടേബിളുകൾക്കിടയിൽ മദ്‌റസ പഠനം. ഇങ്ങനെയുള്ള സംവിധാനങ്ങൾ സൗകര്യപ്രദമായി നടക്കുന്നുണ്ട്. എന്നാൽ ഹൈടെക് നിലവാരം ഭൗതിക പഠനത്തിൽ ലഭിക്കണമെന്ന ചിന്തയിൽ പല രക്ഷിതാക്കളും മദ്‌റസ പഠന സൗകര്യങ്ങളുള്ള സ്‌കൂളുകൾ ഉപയോഗപ്പെടുത്തുന്നില്ല എന്നത് അത്യധികം ഖേദമുള്ളതാണ്.

ദിനേന മദ്‌റസകളിൽ പോകുന്ന കുട്ടികൾക്ക് തന്നെ 220 പ്രവർത്തി ദിവസങ്ങളിൽ ഒന്നര മണിക്കൂർ വീതം വെച്ച് 330 മണിക്കൂറാണ് ലഭിക്കുന്നത്. അഥവാ, പതിനാല് ദിവസത്തോളം! സ്‌പെഷ്യൽ ക്ലാസുകളും സ്‌കൂൾ അവധികളിലെ പാക്കേജുകളും എല്ലാം ഉപയോഗപ്പെടുത്തുമ്പോൾ കുറച്ച് സമയം വേറെയും ലഭിച്ചേക്കുമെന്ന് മാത്രം.

മഹല്ല് കമ്മിറ്റികളോട്

അതിഗൗരവമുള്ള ഉത്തരവാദിത്വമാണ് മദ്‌റസകൾ സ്ഥാപിച്ച് മതജ്ഞാനം പ്രചരിപ്പിക്കുന്നതിനും മതബോധമുള്ള തലമുറയെ സൃഷ്ടിക്കുന്നതിനും നമുക്കുള്ളത്. അലസമായി കാണേണ്ടതല്ല ഇത്. നമ്മുടെ മദ്‌റസകളെ സസൂക്ഷ്മം നിരീക്ഷിക്കണം. രക്ഷിതാക്കളെ ബോധവത്കരിക്കണം. പഠന പ്രായത്തിലുള്ള ഒരൊറ്റ കുട്ടിക്കും ദീനീ ജ്ഞാനം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാവരുതെന്ന നിർബന്ധബുദ്ധിയും ആസൂത്രണവും ഉണ്ടാവണം. മഹല്ലുകളിൽ സർവേ നടത്തി മതപഠനം ലഭിക്കാത്ത കുട്ടികളുണ്ടെങ്കിൽ പരിഹാരങ്ങൾ കണ്ടെത്തണം. ഉസ്താദുമാർക്ക് താങ്ങും തണലും സഹായികളുമായി നിന്ന് കൃത്യനിർവഹണം നടത്തണം. മഹല്ല് കമ്മിറ്റിയിൽ മദ്‌റസാ കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാൻ ഉപസമിതികൾ ഉണ്ടാവണം (മദ്‌റസാ കമ്മിറ്റി പ്രത്യേകം ഇല്ലാത്തിടത്ത്). മുഫത്തിശുമാർ മദ്‌റസ വിസിറ്റ് നടത്തുമ്പോൾ ബന്ധപ്പെട്ടവരുടെ സാന്നിധ്യമുണ്ടാവണം. കുറവുകൾ കണ്ടെത്തി പരിഹരിക്കാൻ ഈ സാന്നിധ്യം ഉപകാരപ്പെടും. വർഷത്തിൽ നടക്കുന്ന രണ്ട് പരീക്ഷകളുടെയും മാർക്ക് ലിസ്റ്റ് കമ്മിറ്റി വിലയിരുത്തണം. കൂടുതൽ മാർക്ക് നേടിയ കുട്ടികളെ അനുമോദിക്കണം. ക്ലാസ് ഉസ്താദിനെ ആദരിക്കണം. വേനലവധികളിലും അല്ലാതെയുമായി നിരവധി ലീവുകൾ നമ്മുടെ കുട്ടികൾക്കുണ്ടാവുന്നുണ്ട്. നിയമങ്ങൾ കർക്കശമാക്കുമ്പോൾ രക്ഷിതാക്കൾ പ്രകോപിതരാവുന്നത് ഉസ്താദുമാരെ പ്രയാസപ്പെടുത്തും. കമ്മിറ്റിയുടെ കൂടി സഹകരണം ഇത്തരം കാര്യങ്ങളിൽ ഉസ്താദുമാർക്ക് ഉണ്ടായാൽ അതിന്റെ ഫലം കുട്ടികളുടെ പഠനത്തിൽ കാണാൻ കഴിയും. കമ്മിറ്റിയും ഉസ്താദുമാരും ചേർന്ന് രണ്ട് മാസത്തിലൊരിക്കൽ മദ്‌റസാ ഗവേർണിംഗ് ബോഡി ചേർന്ന് കാര്യങ്ങൾ വിലയിരുത്തുന്നത് കൂടുതൽ ഫലപ്രാപ്തിക്ക് സഹായകമാണ്. സാമ്പത്തിക ഭദ്രതയുള്ള മഹല്ലുകളിൽ പോലും പല മദ്‌റസകളുടെയും ഭൗതിക സൗകര്യങ്ങൾ പരിതാപകരമായിരിക്കും. ചോർന്നൊലിക്കുന്ന ക്ലാസ് റൂമുകളും പ്രാഥമിക കൃത്യങ്ങൾക്കുള്ള അസൗകര്യങ്ങളുമെല്ലാം പരിഹരിക്കപ്പെടാത്തത് ചെറിയ നാണക്കേടല്ല. എല്ലാവരും കൂട്ടമായി ചേർന്നാൽ ചെയ്യാവുന്ന എളുപ്പമുള്ള കാര്യങ്ങളിൽ അശ്രദ്ധയുടെ പേരിൽ മാത്രമാണ് മാറ്റങ്ങൾ ഉണ്ടാവാത്തത്. നമ്മുടെ മക്കളാണ് അവിടെ പഠിക്കുന്നത്. അല്ലാഹുവിന്റെ കലാമാണ് പഠിപ്പിക്കുന്നത്. സ്വർഗത്തിലേക്കുള്ള പാതകളാണ് മദ്‌റസകൾ. അത് വൃത്തിഹീനമായി കിടന്ന് കൂടാ. നമുക്ക് അന്തിയുറങ്ങാനും താമസിക്കാനും സൗന്ദര്യ സൗധങ്ങൾക്കായി സമ്പത്ത് ചെലവഴിക്കുന്നതിന്റെ കുറഞ്ഞൊരംശം പോരേ ഈ ജ്ഞാന കേന്ദ്രങ്ങളിൽ അവശ്യസൗകര്യങ്ങളൊരുക്കാൻ.

വളരെ ചെറിയ വേതനമാണ് നമ്മുടെ ഉസ്താദുമാർക്ക് ലഭിക്കുന്നത്. ഒന്നും രണ്ടും അതിലധികവും ക്ലാസുകൾ കൈകാര്യം ചെയ്ത് നമ്മുടെ മക്കളുടെ ആത്മീയ രക്ഷിതാക്കളായി നിൽക്കുന്ന ബഹുമാന്യരായ ഉസ്താദുമാരുടെ വേതനത്തിൽ കാലോചിതമായ പരിഷ്‌കരണങ്ങൾ അടിയന്തരമായി നാം ആലോചിക്കേണ്ടതില്ലേ? അവർക്കും കുടുംബവും ബാധ്യതകളുമുണ്ട്. ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ അവർ പ്രയാസപ്പെടുന്നത് നമുക്ക് കാണാതിരിക്കാനാകുമോ? അവർക്ക് ട്രേഡ് യൂണിയനുകളില്ല, സമരമുറകളില്ല, പഠിപ്പ് മുടക്കമില്ല, ഹർത്താലും ബന്ദുമില്ല, മുഷ്ടി ചുരുട്ടി തുള്ളിച്ചാടുന്ന സംസ്‌കാരവുമില്ല, മാനേജ്‌മെന്റ് ഭാരവാഹികളുടെ വീട്ടുപടിക്കൽ കുത്തിയിരിപ്പുമില്ല, പ്രതികരിക്കാനും അവരില്ല. പടച്ച റബ്ബിൽ എല്ലാം സമർപ്പിച്ച് നിശ്ശബ്ദ സേവകരായി കഴിയുന്ന ഈ ഉത്തമ പൗരന്മാരെ നമ്മുടെ സമുദായം അവഗണിക്കുന്നതിന് എന്ത് ന്യായമാണുള്ളത്? നമ്മുടെ ജോലിക്കാരാണ് അവരെന്നാണ് പലരുടെയും വെപ്പ്. ജോലിക്ക് നിശ്ചയിക്കുമ്പോൾ നിബന്ധനകളും കണ്ടീഷനുകളുമെല്ലാം പറഞ്ഞ്തീർത്ത് ശമ്പളം പറയുന്നിടത്ത് സാമ്പത്തിക പരാധീനത പറയുന്ന കീഴ്‌വഴക്കം തീർച്ചയായും പൊളിച്ചെഴുതണം. അന്തസ്സാർന്ന ജീവിത സൗകര്യത്തിന് ദീനീ സേവനമല്ലാതെ മറ്റൊന്നും മുന്നിലില്ലാത്തവരാണ് ഉസ്താദുമാർ. കുടുംബവും നാടും വിട്ട് മുഹാജിറുകളായി ഇറങ്ങിത്തിരിക്കുന്ന ഈ ത്യാഗികളെ ഏറ്റെടുത്ത് വേണ്ടത് ചെയ്ത് അൻസ്വാറുകളാകേണ്ടത് നമ്മുടെ കടമയാണ്.

ഉസ്താദുമാരോട്

ഈ പ്രപഞ്ചത്തിലെ മഹാഭാഗ്യവാന്മാരാണ് ഉസ്താദുമാർ. പടച്ച തമ്പുരാന്റെ ദർശനവും സന്ദേശവും കൈമാറാൻ ഏൽപ്പിക്കപ്പെട്ട നമ്മളെക്കാൾ ഭാഗ്യം മറ്റാർക്കുണ്ട്. ഏറ്റവും വലിയ സമ്പാദ്യമുള്ളതും നമ്മുടെയരികിലാണ്. അതിന്റെ മാന്യ വിനിയോഗത്തിലാണ് നമ്മുടെ ശ്രദ്ധ വേണ്ടത്. എന്നെ അധ്യാപകനായി നിയോഗിച്ചിരിക്കുന്നു എന്ന തിരുനബി(സ്വ)യുടെ വചനം എത്ര ഹൃദയസ്പർശിയാണ്. ആത്മാർത്ഥത, കൃത്യനിർവഹണ ബോധം, സേവന താൽപര്യം, ക്ഷമ, സൽസ്വഭാവം, മാതൃകാ ജീവിതം തുടങ്ങിയ മെച്ചപ്പെട്ട ഗുണങ്ങൾ നമ്മുടെ ശീലങ്ങളാവണം. നമ്മുടെ മുന്നിലെത്തുന്ന കുട്ടികൾ അമാനത്തായി നമ്മെ ഏൽപ്പിക്കപ്പെട്ടവരാണ്. അവരെ അച്ചടക്കമുള്ള മുസ്‌ലിമാക്കേണ്ട ഭാരിച്ച ബാധ്യതയാണ് നമ്മുടേത്. റാങ്ക് ജേതാവിനെയല്ല, അച്ചടക്കമുള്ള വിശ്വാസിയെ സൃഷ്ടിക്കലാകണം നമ്മുടെ ഉദ്ദേശ്യം. ഒന്നര മണിക്കൂറിനുള്ളിൽ അതിസാഹസ കൃത്യമാണ് നാം നടത്തുന്നത്. ഒരു കുട്ടിയുടെ അകവും പുറവും വൃത്തിയാവാനുള്ള ഫാക്ടറിയാണ് മദ്‌റസകൾ. ഉസ്താദുമാരാണ് ഫാക്ടറിയിലെ എഞ്ചിനീയർമാർ. നമ്മുടെ അധ്വാന പരിശ്രമത്തിനനുസരിച്ചായിരിക്കും ഗുണനിലവാരങ്ങൾ വിലയിരുത്തപ്പെടുന്നത്. ക്ലാസുകളിൽ വൈകിയെത്തിയും അകാരണമായി ലീവെടുത്തും മൊബൈലുകളിൽ സമയം തുലച്ചും നാം നിഷ്‌ക്രിയരായാൽ ഇവിടെ അണഞ്ഞൊടുങ്ങുന്നത് ഒരു തലമുറയുടെ ഇസ്‌ലാമാണ് എന്ന ബോധം നമുക്കുണ്ടാവണം. ആദർശ പ്രതിബദ്ധതയുള്ള ഒരു തലമുറ ഇന്നിവിടെ കാണുന്നത് കഴിഞ്ഞ കാലത്ത് നമ്മുടെ ഉസ്താദുമാർ നിർവഹിച്ച സേവനത്തിന്റെ ഫലമായാണ്. ഒരു ഉസ്താദ് ഇരുന്നൂറ് കുട്ടികളെ ദർസിൽ പഠിപ്പിച്ചും നൂറ് കുട്ടികൾക്ക് ഓത്ത് പള്ളിയിലും മദ്‌റസയിലും ഓതിക്കൊടുത്തും ഉണ്ടാക്കിയെടുത്ത ആദർശബോധവും മതചിട്ടയും ഒരാളുടെ സ്ഥാനത്ത് പത്ത് പേർ ചെയ്തിട്ടും വിജയിച്ച് കാണാത്തതിന്റെ രസതന്ത്രം പഠനവിധേയമാക്കുമ്പോൾ ഉത്തരങ്ങൾ നമുക്ക് മുമ്പിൽ തെളിഞ്ഞുവരും. അതിവിടെ കുറിക്കാൻ തുനിയുന്നില്ല. ഒരു പാർട്‌ടൈം ജോലി എന്നതിനപ്പുറം അമാനത്തായി ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്വം എന്നിടത്തേക്ക് ഉസ്താദുമാർ ഉയരാതിരുന്നാൽ അപകടം ചെറുതല്ല. സാധാരണക്കാർ നമുക്ക് തരുന്ന പരിഗണനയും ബഹുമാനവുമെല്ലാം ഈ മതവിജ്ഞാനത്തിന്റെ ചെലവിലാണ് നാം നേടുന്നതും അനുഭവിക്കുന്നതും. കൃത്യമായി ക്ലാസെടുത്തും പിന്നാക്കം നിൽക്കുന്ന ബുദ്ധി കുറഞ്ഞവരെ പ്രത്യേകം നിരീക്ഷിച്ചും ഓരോ കുട്ടിയെയും ശ്രദ്ധിച്ചുമുള്ള അധ്യാപനമായിരിക്കണം നമ്മുടേത്. മദ്‌റസയുടെ പഠന പുരോഗതി, കുട്ടികളുടെ സാന്നിധ്യത്തിലെ മികവ്, രക്ഷിതാക്കളോടുള്ള സ്‌നേഹബന്ധം എന്നിവയിലെല്ലാം ഒരു കണ്ണ് ഉസ്താദുമാർക്കുണ്ടാകണം. നാം ചെയ്യുന്ന സേവനത്തിന് പ്രതിഫലം തരുന്നവൻ അല്ലാഹുവാണ്. അവന്റെ തൃപ്തി മോഹിച്ച് നാം അധ്വാനിക്കുമ്പോൾ ബറകത്തിന്റെ കവാടങ്ങൾ ഇനിയും നമുക്ക് തുറക്കപ്പെടും. ഭൗതികതയുടെ അലങ്കാരത്തിന് കൊതിക്കാതെ ജ്ഞാന സേവനത്തിന് ആകുന്നതെല്ലാം ചെയ്യാൻ മുന്നിട്ടിറങ്ങുകയാണ് വേണ്ടത്. അല്ലാഹു നമ്മുടെ കൂടെയുണ്ട്; മറക്കാതിരിക്കുക.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ