നുഷ്യാവകാശത്തിന്റെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും അകമ്പടിയോടെയാണ് സ്വതന്ത്ര ലൈംഗികത, അബോർഷൻ, എൽജിബിക്യുഐ+, ആത്മഹത്യ, ശവരതി, മൃഗരതി തുടങ്ങിയ ലക്കും ലഗാനുമില്ലാത്ത പുരോഗമന ചിന്തകൾ സമൂഹത്തിലേക്ക് ആനയിക്കപ്പെടുന്നത്. അതിനാൽ തന്നെ ഇവക്കെല്ലാം ഏറിവരുന്ന സ്വീകാര്യതയിലോ എതിരഭിപ്രായം പറയുന്നവരെ പ്രാകൃതരും മാനവിക വിരുദ്ധരുമായി ചാപ്പയടിക്കുന്നതിലോ അതിശയിക്കാനൊന്നുമില്ല. യഥാർത്ഥത്തിൽ വ്യക്തിസ്വാതന്ത്ര്യം, മനുഷ്യാവകാശം തുടങ്ങിയവ ഏതെങ്കിലും ഒരു ലോകക്രമത്തിനകത്ത്, അന്തർലീനമായി മറ്റു പല ആശയങ്ങളുമുണ്ടാകുമ്പോൾ മാത്രം അർത്ഥവത്താകുന്ന പൊള്ളയായ പദങ്ങളാണ്. മനുഷ്യാവകാശം എന്ന് പറഞ്ഞാൽ, സന്തോഷത്തോടെ സുരക്ഷിതരായി ഭയരഹിതരായി ജീവിക്കാനുള്ള മാനുഷിക താൽപര്യ സംരക്ഷണമാണ്. അല്ലാതെ മനുഷ്യർക്ക് ഇഷ്ടമുള്ളതൊക്കെ ചെയ്യാനുള്ള അവകാശമാണെന്ന് തെറ്റിദ്ധരിച്ച്, മാസ്‌ക്കിടാതെ പുറത്തിറങ്ങി, കള്ളക്കടത്ത് നടത്തി, കിട്ടിയ പണം കൊടുത്ത് കള്ളനോട്ട് വാങ്ങി ഇരട്ടിപ്പിച്ച സമ്പാദ്യം കൊണ്ട് കാറ് വാങ്ങി രൂപമാറ്റം വരുത്തി, കഞ്ചാവടിച്ച് അടിച്ച് പൊളിക്കാമെന്ന് കരുതിയാൽ പിന്നെ പുറംലോകം കാണില്ല.

മനുഷ്യരുടെ താൽപര്യമെന്താണെന്ന് പറയണമെങ്കിൽ മനുഷ്യനെന്താണെന്ന് നിർവചിക്കണം. അതിനൊരു സത്തമീമാംസയും (Ontology) ജ്ഞാനശാസ്ത്രവും (Epistemology) വേണം. നിർഭാഗ്യവശാൽ ഇതൊന്നും പുരോഗമന ആശയ സംവേദന രീതികളായ ട്രോളുകളുടേയോ മീമുകളുടേയോ ചർച്ചാ വിഷങ്ങളുമല്ല. ശാസ്ത്രമാത്രവാദമാണ് പുരോഗമന ലോകക്രമത്തിന്റെ ജ്ഞാന സമ്പാദന രീതി. മനുഷ്യൻ കുറേ കാർബണും പ്രോട്ടീനുമടങ്ങിയ മാംസ യന്ത്രം മാത്രമാണെന്നാണ് പറയുന്നത്. മനുഷ്യന്റെ ആത്മീയമാനം നിലവിലെ ശാസ്ത്രീയ രീതിയുടെ പരിധിയിലില്ല. ആത്മാവില്ല, ദൈവമില്ല. കുറച്ച് കാലം ജീവിക്കും പിന്നെ മരിക്കും. അത്രയും കാലം ഐഹിക നേട്ടങ്ങളിലൂടെയും ദേഹേച്ഛകളെ തൃപ്തിപ്പെടുത്തിയും ശാസ്ത്ര സാങ്കേതിക വിദ്യകളിലൂടെ ജീവിതം എളുപ്പമാക്കിയും വിനോദങ്ങളിലൂടെയും പരമാവധി സന്തോഷമായിരിക്കുക എന്നതാണത്രെ മനുഷ്യന്റെ താൽപര്യം. അതിനായി എന്തും ചെയ്യാം. പ്രത്യക്ഷത്തിൽ മറ്റുള്ളവരെ ഉപദ്രവിക്കുന്നതായിരിക്കരുത് എന്നത് മാത്രമാണ് നിബന്ധന.
ഇത് വരെ കഴിഞ്ഞുപോയ മനുഷ്യരെയെടുത്താലോ ഇന്ന് ജീവിച്ചിരിക്കുന്നവരെയെടുത്താലോ ഒരു ചെറു ന്യൂനപക്ഷം മാത്രമായിരിക്കും ആശയപരമായി ഇതിനോട് യോജിപ്പുള്ളവരായി ഉണ്ടാകുക. എന്നിട്ടും ഇതൊക്കെ എങ്ങനെ ആധുനിക ലോകക്രമത്തിന്റെ മാനദണ്ഡമായി എന്ന് ചോദിച്ചാൽ ഈ ആശയങ്ങളൊന്നും തന്നെ ഉപരിതലത്തിൽ കാണില്ല, അവിടെ മനുഷ്യാവകാശത്തിന്റെയും മാനവികതയുടെയും വൈകാരിക കാപട്യങ്ങൾ മാത്രമേ കാണൂ എന്നതാണ്.

എന്താണ് പ്രശ്‌നമെന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത വിധം പുരോഗമന ലോകത്തെ മായാവലയത്തിലാണ് മനുഷ്യൻ. ഈയിടെ സ്ത്രീധന പീഡനത്താൽ കൊല ചെയ്യപ്പെട്ട പെൺകുട്ടികളെ കുറിച്ച് കേട്ടയുടനെ സ്ത്രീധനമെന്ന അനീതിക്കെതിരെ പേനയുന്തി നമ്മൾ. സ്ത്രീധനമാണ് പ്രശ്‌നമെന്നത് ഭാഗികമായ ശരി മാത്രമാണ്. അന്തസ്സുള്ള സർക്കാർ ജോലിയും സുന്ദരിയായ ഭാര്യയും നൂറ് പവനും ഒരേക്കറും കാറും കിട്ടിയിട്ടും അയാൾ സന്തുഷ്ടനോ സംതൃപ്തനോ ആയിരുന്നില്ല എന്ന യഥാർത്ഥ പ്രശ്‌നം നമുക്ക് കാണാൻ കഴിയുന്നില്ല. ഇതിൽ ഏതെങ്കിലും ഒന്നിന്റെ അൽപമെങ്കിലും കിട്ടിയാൽ ജീവിതം തന്നെ പച്ചപിടിക്കുമെന്ന് കരുതുന്ന ലക്ഷക്കണക്കിന് മനുഷ്യർ മറുവശത്തുണ്ട്. യഥാർത്ഥത്തിലിത് ചെറുപ്പം തൊട്ടേ നമ്മുടെയുള്ളിലുള്ള ഒരു മനോഭാവമാണ്. കൂട്ടുകാരുടെ കൈയിൽ എന്തെങ്കിലും കളിപ്പാട്ടം കണ്ടാൽ പിന്നെ അത് സ്വന്തമാക്കാതെ ഒരു സ്വസ്ഥതയുണ്ടാവില്ല ചിലർക്ക്. സ്വന്തമാക്കിയാൽ അതിനോടുള്ള ഭ്രമം ഒരാഴ്ചയിൽ കൂടുതൽ നിലനിൽക്കുകയുമില്ല. ഉടനെ അടുത്തത് തേടിപ്പോകും. ഈയൊരു ദൗർബല്യത്തെ പ്രലോഭിപ്പിച്ച്, പരിപോഷിപ്പിച്ച് അടിമകളാക്കുക എന്നതാണ് സെക്യുലർ ലിബറൽ ഫെമിനിസ്റ്റ് കൺസ്യൂമറിസ്റ്റിക് ക്യാപിറ്റലിസ്റ്റ് പുരോഗമന ലോകക്രമത്തിന്റെ ആന്തരിക തത്ത്വം.

ബ്രാൻഡുകളിലൂടെയും ഉടയാടകൾ കൊണ്ടും മേനിയഴക് കൊണ്ടുമാണ് പുരോഗമന മനുഷ്യർ സ്വത്വത്തെ അടയാളപ്പെടുത്തുന്നത്. നമുക്ക് അത്യാവശ്യമുള്ള സാധനങ്ങളല്ല, സന്തോഷം നൽകുന്നവയാണ് വാങ്ങിച്ച് കൂട്ടുന്നത്. മനുഷ്യന് സന്തോഷത്തിനും ആനന്ദത്തിനും വിനോദത്തിനുമുള്ള എല്ലാം പുരോഗമന ലോകത്ത് യഥേഷ്ടം ലഭ്യമാണ്. പക്ഷേ സന്തോഷം തേടിയുള്ള ഓട്ടം മാത്രം എവിടെയുമെത്തുന്നില്ല. അതിങ്ങനെ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക്, സന്തോഷ മരീചിക തേടി ഓടിക്കൊണ്ടിരിക്കുയാണ്. നിലവിലുള്ളതിലൊന്നും സംതൃപ്തമാകാതാകുമ്പോൾ എല്ലാറ്റിലും വൈവിധ്യം തേടും മനുഷ്യർ, ലൈംഗികതയിലും. ഒരു ദിവസം വെറും നാന്നൂറ് രൂപക്ക് താഴെ മാത്രം ജീവിക്കുന്ന ലോകത്തിന്റെ പകുതിയോളം വരുന്ന മനുഷ്യർ ഈ പുരോഗമന ലോകക്രമത്തിന്റെ ഭൂപടത്തിലേ ഇല്ല എന്നത് വേറെ കാര്യം.

കുടുംബ ബന്ധ കെട്ടുപാടുകളിൽ നിന്ന് മോചിതരായി സ്വാതന്ത്ര്യം തേടിപ്പോയി ചതിയിലകപ്പെട്ടവർക്കോ, ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പശ്ചാത്തപിക്കുന്നവർക്കോ ഇതൊന്നും പുരോഗമന ലോകക്രമത്തിന്റെ പ്രശ്‌നമായി ഒരിക്കലും തോന്നില്ല എന്നതാണ് വസ്തുത. എല്ലാം വ്യക്തിസ്വാതന്ത്ര്യത്തിന്റെയും അവകാശത്തിന്റെയും സ്വയം തിരഞ്ഞെടുപ്പുകളാണെന്ന മിഥ്യാബോധത്തിലാണ്. അതിനാൽ പിഴവുകളെല്ലാം വ്യക്തിനിഷ്ഠമായിരിക്കും. അവരപ്പോഴും പ്രതിസ്ഥാനത്ത് കാണുന്നത് മതങ്ങളെയും സമൂഹത്തെയും സമ്പ്രദായങ്ങളെയുമായിരിക്കും.

വിഷാദരോഗവും ഉത്കണ്ഠയും ഉറക്കമില്ലായ്മയും പെരുകുന്നു. സന്തോഷ സൂചികയിൽ മുന്നിലുള്ള രാജ്യങ്ങളിൽ ആത്മഹത്യാ നിരക്കും കൂടുതലാണ്. സോഷ്യൽ മീഡിയയിൽ ലൈക്കും ഫോളോവേഴ്‌സും കുറഞ്ഞത് മൂലമുണ്ടാകുന്ന വിഷാദമോ, അക്കൗണ്ട് നഷ്ടപ്പെടുമ്പോൾ ആത്മഹത്യ ചെയ്യുന്നതോ, ശ്രദ്ധ പിടിച്ചുപറ്റാനായി കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾക്കിടയിൽ ജീവൻ നഷ്ടപ്പെടുന്നതോ, ഗെയിമുകൾക്കും പോണിനും മയക്കുമരുന്നിനും അടിമപ്പെട്ട് ജീവിതം ഹോമിക്കുന്നതിലോ പുരോഗമന മതരഹിത ലിബറൽ മുതലാളിത്ത ഉപഭോഗപരതയുടെ പങ്ക് നമുക്ക് കാണാൻ കഴിയുന്നില്ല. എല്ലാം വ്യക്തിപരമായ പിഴവുകൾ മാത്രമാണ്. ഇതിന്റെയെല്ലാം ദുരന്തഫലങ്ങളെക്കുറിച്ച് നിരവധി ഗവേഷണ പഠനങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പക്ഷേ ചിലരുടെ ശാസ്ത്രമാത്ര വാദം ചില സമയത്ത് ശാസ്ത്രത്തിൽ നിന്ന് തോന്നിയത് മാത്രം എടുക്കൽ വാദമായി പരിണമിക്കും.

ഹോളിവുഡ് നടൻ ജിം കാരിയുടെ പ്രശസ്തമായൊരു വാക്യമുണ്ട്- ‘എല്ലാവരും സമ്പന്നരും പ്രശസ്തരുമാവുകയും അവർ ആഗ്രഹിച്ചതും സ്വപ്നം കണ്ടതുമായ എല്ലാ കാര്യങ്ങളും ചെയ്യാൻ കഴിയുകയും വേണം, എങ്കിലവർക്ക് ബോധ്യപ്പെടും അതല്ല ഉത്തരമെന്ന്.’ പിന്നെന്താണ് ഉത്തരം? ആളിപ്പോൾ ധ്യാനത്തിന്റെയും അത്മീയതയുടെയും വഴിയിലാണെന്നാണ് അറിഞ്ഞത്. വളരെ കുറച്ചു പേർക്ക് മാത്രമാണ് പ്രശ്‌നമെന്താണെന്ന് തിരിച്ചറിയാൻ കഴിയുന്നത്. അതിൽ നിന്ന് കുറച്ചു പേർക്ക് മാത്രമാണ് യഥാർത്ഥ പരിഹാരത്തിലെത്താൻ കഴിയുന്നത്. ബാക്കിയുള്ളവർ സന്തോഷത്തിന്റെ മരീചിക തേടിയുള്ള ഓട്ടത്തിനിടക്ക് എരിഞ്ഞടങ്ങുന്നു.

പ്രശ്‌നമെന്താണെന്ന് തിരിച്ചറിയാതെ പരിഹാരം കണ്ടെത്താൻ കഴിയില്ല. ഒന്നുമില്ലായ്മ യാദൃച്ഛികമായി ഉണ്മയായെന്നും, അചേതന വസ്തു യാദൃച്ഛികമായി ജീവനായെന്നും, ബോധവും യുക്തിയുമില്ലാത്ത ഭൗതിക പദാർത്ഥങ്ങളുടെ യാദൃച്ഛിക പ്രവർത്തനങ്ങളിൽ നിന്ന് ബോധവും യുക്തിയുമുണ്ടായെന്നുമൊക്കെ വെറുതെ സങ്കൽപിച്ചാൽ പോലും ദൈവമില്ലെങ്കിൽ മനുഷ്യനുണ്ടാകുമായിരുന്നില്ല, മനുഷ്യരൂപമുള്ളൊരു മൃഗമേ ഉണ്ടാകുമായിരുന്നുള്ളൂ. മനുഷ്യനൊരു മൃഗം മാത്രമായിരുന്നെങ്കിൽ അതിജീവനത്തിലും പ്രത്യുൽപാദനത്തിലും സന്തുഷ്ടനാകുമായിരുന്നു. മനുഷ്യരിലെ ധാർമിക ചിന്തകളും, അപരന് വേണ്ടി ആത്മത്യാഗം ചെയ്യുന്നതും, ആഗ്രഹങ്ങൾ വെടിയുന്നതും, സൗന്ദര്യബോധവും കലയും സാഹിത്യവും സംഗീതവും അതിജീവനത്തിന്റെ ഭാഗമായി നേടിയ പരിണാമ സിദ്ധികളാകാൻ തരമില്ല. പ്രാഥമികമായി മനുഷ്യൻ തന്നെക്കാൾ മഹത്തായ എന്തിനെയോ തേടുന്ന ഒരു ആധ്യാത്മിക ജീവിയാണ്. ദിവ്യമായൊരു സർഗക്രിയയിൽ നിന്ന് മാത്രം ഉത്ഭവിക്കാവുന്ന ഒരു അഭൗതിക മാനം മനുഷ്യരിലുണ്ട്. നാസ്തിക സർക്കാസ ഭാഷയിൽ, ദിവ്യമായ എന്തോ ഊതിക്കേറ്റിയിട്ടുണ്ട്. മനുഷ്യന്റെ ഈ ആത്മീയാംശം പിടി തരാത്തത് കൊണ്ടാണ് The Hard Problem of Conciousness ഇത്രയും കഠിനമാകുന്നത്, സ്വതന്ത്ര ഇച്ഛയും ആത്മനിഷ്ഠമായ അനുഭവങ്ങളും (subjective experience)  സങ്കീർണ സമസ്യകളാകുന്നത്. സാം ഹാരിസ്, സൂസൻ ബ്ലാക്ക്‌മോർ, ജെറി ഡിവിറ്റ് തുടങ്ങിയ നാസ്തികരടക്കം മതരഹിത ആത്മീയതയും ധ്യാനവുമൊക്കെയായി രംഗപ്രവേശം ചെയ്തു. ഇവരുടെ മതരഹിത ആത്മീയതയുടെ ചേതോവികാരം മനസ്സിലാക്കാം, ആത്മാവിനെ അംഗീകരിക്കാത്തവരുടെ ആത്മീയതയുടെ യുക്തിയാണ് പിടികിട്ടാത്തത്. മനുഷ്യൻ മദ്യത്തിലും മയക്ക് മരുന്നിലും അഭയം തേടുന്നത് പോലും തന്റെ ഭൗതിക യാഥാർത്ഥ്യത്തിൽ നിന്നുള്ള ഒരുതരം ഒളിച്ചോട്ടമാണ്, എന്നാലത് ആത്മീയ യാഥാർത്ഥ്യത്തിലെത്തുന്നുമില്ല. മനുഷ്യന്റെ ആത്മാംശത്തെ പൂർണമായി അവഗണിച്ച് കൊണ്ടുള്ള, ഭൗതിക യുക്തിയെ അടിസ്ഥാനമാക്കിയുള്ള വ്യവസ്ഥകളാണ് പുരോഗമന ലോകക്രമത്തിന്റെ ദുരന്തം.

പുരോഗമന ലോകക്രമങ്ങളോട് വിരുദ്ധമായി നിൽക്കുകയും നിരന്തരം വിമർശന വിധേയമാക്കപ്പെടുകയും ചെയ്യുന്ന മതമാണ് ഇസ്‌ലാം. പുരോഗമന ലോകക്രമത്തിനകത്ത് നിന്ന് കൊണ്ട് നോക്കുമ്പോൾ ഇസ്‌ലാം ഇടുങ്ങിയതും പിന്തിരിപ്പനുമായ കുറേ വിധിവിലക്കുകളായി അനുഭവപ്പെടും, സാധാരണവും സന്തോഷദായകവുമായ പലതിനെയും വിലക്കും. ഈ ലോകവീക്ഷണങ്ങൾ അടിസ്ഥാനതലത്തിൽ മനുഷ്യനെയും ജീവിതത്തെയും ലോകത്തെയും പരിഗണിക്കുന്നതിലുള്ള വൈരുധ്യമാണ് അതിന്റെ പ്രാഥമിക കാരണം. മനുഷ്യന്റെ ആത്മീയ-ഭൗതിക മാനങ്ങളുടെ സന്തുലിത സമന്വയമാണ് ഇസ്‌ലാം. സ്വാഭാവികമായും മനുഷ്യന്റെ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക തത്ത്വങ്ങളും ഇസ്‌ലാമിനകത്ത് തന്നെയാണ്. ആത്മീയതയിലധിഷ്ഠിതമായാണ് ഈ ഭൗതിക വ്യവഹരങ്ങളെല്ലാം ഇസ്‌ലാം കൈകാര്യം ചെയ്യുന്നത്. സകല മനുഷ്യരുടെയും വിമോചനമാണ് ഇസ്‌ലാമിക താൽപര്യം. പുരോഗമന ലോകക്രമം നിർവചിക്കുന്ന മതത്തെ പോലെ, ഒരാളുടെ വ്യക്തിപരവും ആത്മീയവും മാത്രമായി ഒതുങ്ങി നിൽക്കാതെ സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ സകല മനുഷ്യ വ്യവഹാരങ്ങളിലും ആദർശം പറയുന്നു എന്നതാണ് രണ്ടാമത്തെ കലഹ കാരണം.

ആത്മാംശത്തെ വികലമാക്കുന്ന അതിരുകവിഞ്ഞ ഭൗതികതയെയും അതിലേക്ക് നയിക്കുന്ന ചെറിയ കാര്യങ്ങളെപ്പോലും ഇസ്‌ലാം കർശനമായി നിയന്ത്രിക്കുന്നത് കാണാം. ഇസ്‌ലാമിക പരിപ്രേക്ഷ്യത്തിൽ മനുഷ്യ ശത്രുവായി കാണുന്ന ഐഹികാസക്തി, ദേഹേച്ഛകൾ, അഹംഭാവം, പ്രലോഭനം (പിശാച്) എന്നീ നാല് കാര്യങ്ങളിലാണ് പുരോഗമന ലിബറൽ ലോകം കെട്ടിപ്പടുത്തിരിക്കുന്നത്. ഈ പുരോഗമന ആശയങ്ങൾ ഇസ്‌ലാമിക വീക്ഷണത്തിൽ മനുഷ്യ കുലത്തെ തന്നെ മുടിക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ്. ഇസ്‌ലാമിക ലോകക്രമത്തിൽ ഭൗതികത ജീവിതോപാധികൾ മാത്രമാണ്. ഭൗതിക വിജയവും അതിലൂടെയുള്ള സന്തോഷവും ജീവിത ലക്ഷ്യമാക്കുമ്പോൾ ചെറിയ പരാജയങ്ങൾ പോലും വിഷാദത്തിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്നത് സ്വാഭാവികമാണ്. ഇസ്‌ലാം ഭൗതിക നിരാസമോ പരിത്യാഗമോ അല്ല. ഭൗതികതയോടുള്ള മനോഭാവത്തിലാണ് മാറ്റം. സൂഫിവര്യനായ ശൈഖ് ജീലാനിയെക്കുറിച്ച് പറയുന്നൊരു സംഭവമുണ്ട്. ശൈഖിന്റെ സദസ്സിൽ ഒരു സംഘം ആളുകൾ വന്ന് പറഞ്ഞു: ‘താങ്കളുടെ കച്ചവട ചരക്കുകൾ വഹിച്ചിരുന്ന കപ്പൽ കടലിൽ മുങ്ങിപ്പോയിരിക്കുന്നു.’

അൽപനേരം കണ്ണടച്ചിരുന്നിട്ട് അദ്ദേഹം പറഞ്ഞു: ‘അൽഹംദുലില്ലാഹ്- അല്ലാഹുവിനു സ്തുതി.’
ഏതാനും ദിവസങ്ങൾക്കു ശേഷം വീണ്ടുമൊരു സംഘം വന്ന് പറഞ്ഞു: ‘ശൈഖവർകളേ, സന്തോഷിച്ചു കൊള്ളുക, താങ്കളുടെ ചരക്കുകൾ നഷ്ടപ്പെട്ടിട്ടില്ല.’
അപ്പോഴും അദ്ദേഹം പറഞ്ഞു: ‘അൽഹംദു ലില്ലാഹ്-അല്ലാഹുവിന് സ്തുതി.’
അപ്പോൾ സദസ്സിൽ നിന്നൊരു ശിഷ്യൻ ചോദിച്ചു: ‘ചരക്കുകൾ നഷ്ടപ്പെട്ടതറിഞ്ഞപ്പോഴും തിരിച്ചുകിട്ടിയപ്പോഴും അങ്ങ് അല്ലാഹുവിനെ സ്തുതിച്ചതെന്ത് കൊണ്ടാണ്?
ശൈഖ്(റ) മറുപടിയേകി: ‘ചരക്കുകളെല്ലാം നഷ്ടപ്പെട്ടു എന്നറിഞ്ഞപ്പോൾ ഞാനെന്റെ ഹൃദയത്തിലേക്ക് നോക്കി അവിടെ വല്ല സങ്കടമോ നഷ്ടബോധമോ ഉണ്ടായോ എന്ന്, ഇല്ലെന്നറിഞ്ഞപ്പോൾ ഞാനെന്റെ നാഥനെ സ്തുതിച്ചു. ചരക്കുകൾ കിട്ടിയെന്നറിഞ്ഞപ്പോഴും ഞാൻ ഹൃദയത്തിലേക്ക് നോക്കി, അവിടെ വല്ല സന്തോഷത്തിന്റെ തിരതള്ളലുണ്ടായോ? ഇല്ലെന്ന് അറിഞ്ഞപ്പോൾ ഞാൻ പറഞ്ഞു: അൽഹംദുലിലാഹ്!’
‘നിങ്ങൾ സമ്പത്ത് നിങ്ങളുടെ കൈയിലോ കീശയിലോ സൂക്ഷിക്കുക, ഒരിക്കലും ഹൃദയത്തിൽ സൂക്ഷിക്കരുത്!’

ഇത് കേവലം സമ്പത്തിനോട് മാത്രമല്ല, എല്ലാതരം ഭൗതികതയോടുമുള്ള ഇസ്‌ലാമിന്റെ സമീപനമാണ്. നശ്വരമായ ഭൂമിയിലെ ഭാവിയെക്കുറിച്ചുള്ള ഭയമോ ഭൂതകാലത്തെ കുറിച്ചുള്ള ഖേദമോ ഇല്ലാത്ത, കാറ്റിലും കോളിലും ആടിയുലയാത്ത കപ്പൽ പോലെ മനസ്സിനെ പാകപ്പെടുത്തുക എന്നതാണ് ഇസ്‌ലാമിക തത്ത്വം. പ്രതിസന്ധികളിൽ ശാന്തനാകാനും, വിഷമഘട്ടങ്ങളെ ക്ഷമയോടെ നേരിടാനും, ചിരിച്ച് കൊണ്ട് മരണത്തെ പുൽകാനും മനുഷ്യനെ പ്രാപ്തനാക്കുന്ന പ്രത്യയശാസ്ത്രമാണ് ഇസ്‌ലാം. ചർച്ച ചെയ്യേണ്ടത് മനുഷ്യനെക്കുറിച്ച് തന്നെയാണ്, തിരിച്ചറിയേണ്ടത് സ്വന്തം സത്ത തന്നെയാണ്. സ്വന്തത്തെ തിരിച്ചറിഞ്ഞവർക്ക് ദൈവത്തെയും ദൈവിക മാർഗനിർദേശങ്ങളുടെ മഹത്ത്വവും തിരിച്ചറിയാനാകും.

സഫീർ താനാളൂർ

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ