സൂഫിസം പേരില്ലാത്ത നേരായിരുന്നു.
ഇന്ന്, നേരില്ലാത്ത വെറും പേരായിരിക്കുന്നു!
സൂഫിസത്തിന് ആയിരത്തിലധികം നിർവചനങ്ങളുണ്ട്. ഹൃദയം പൂർണമായി അല്ലാഹുവിൽ നിറയുക എന്നതാണ് കാതൽ. അകക്കണ്ണ് കൊണ്ട് അല്ലാഹുവിനെ കാണലാണത്. മാലിന്യങ്ങളിൽ നിന്നും ഹൃദയം ശുദ്ധിയായാൽ മാത്രമേ മഅ്‌രിഫത്തിന്റെ വെളിച്ചം നിറയുകയുള്ളൂ.
അതിന് രണ്ടു വഴികളുണ്ട്. ഒന്ന്. ഖൽബിലെ കറകളെല്ലാം നീക്കി സ്ഫുടമാക്കുക.
രണ്ട്. അല്ലാഹു ഇഷ്ടപ്പെട്ട സദ്ഗുണങ്ങൾ കൊണ്ട് അകം നിറക്കുക.
ഒന്നാമത്തെ വഴി അതികഠിനമാണ്. പ്രയാസകരമായ ആത്മീയ പരിശീലനങ്ങൾ ലഭിച്ചാൽ മാത്രമേ വിജയിക്കുകയുള്ളൂ. മഹാന്മാരുടെ ചരിത്രം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാവും.
ദേഹമോഹങ്ങളോട് പടപൊരുതി വിജയം നേടിയവരാണവർ.
ദേഹഛയോട് പടപൊരുതലാണ് ഏറ്റവും ഉത്തമമായ സൽകർമം. ദേഹവികാരങ്ങളെ അരിഞ്ഞുകളയലാണ് ഇസ്‌ലാമെന്ന് സൂഫീ ഗുരുക്കൾ പറയാറുണ്ട്.
എല്ലാ തിന്മകളുടെയും അശ്രദ്ധകളുടെയും വേര് ദേഹേഛയാണ്. നന്മയുടെയും ഉണർവിന്റെയും ശുദ്ധിയുടെയും അടിത്തറ ദേഹവികാരങ്ങളെ തോൽപിക്കലും.
ആത്മീയ വഴിയിലെ ഏറ്റവും കഠിന ശത്രു നമ്മുടെ ദേഹം തന്നെ. അകത്തെ ശത്രു പുറത്തെ ശത്രുവിനേക്കാൾ അപകടകാരിയായിരിക്കും.
ഭക്തിയുടേയും സൂക്ഷ്മതയുടേയും കടിഞ്ഞാണ് കൊണ്ട് ദേഹേഛയെ ബന്ധിക്കണം.
മൂന്നു കാര്യങ്ങൾ കൊണ്ട് ദേഹത്തെ ഒതുക്കാൻ കഴിയും. ഒന്ന്, ഖൽബ് പൊട്ടി അല്ലാഹുവിനോട് സഹായം തേടുക. രണ്ട്, കഠിനമായ ഇബാദത്തുകൾ കൊണ്ട് ദേഹത്തെ മെരുക്കുക. മൂന്ന്, ഭാതികമോഹങ്ങളെ കുടഞ്ഞെറിയുക.
ആത്മീയ ജീവിതം കൊണ്ട് നമുക്ക് പ്രകാശം പകർന്നുതന്ന സൂഫീ ഗുരു ശ്രേഷ്ഠരെല്ലാം ഈ മൂന്ന് കാര്യങ്ങൾ നിലനിർത്തിയവരായിരുന്നു.
ദിവസവും ആയിരം റക്അത്ത് നിസ്‌കരിച്ചിരുന്ന സൂഫീ ഗുരുവാണ് ആമിർ ബിൻ അബ്ദുഖൈസ്(റ). എന്നിട്ടും സ്വന്തം ദേഹത്തെ കുറ്റപ്പെടുത്തി മാത്രം സംസാരിച്ചു. മുത്തഖീങ്ങളെ മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ എന്നോർത്ത് കരഞ്ഞു.
ഇമാം അബൂഹനീഫ, ബിശ്‌റുൽ ഹാഫി, മാലികുബ്‌നു ദീനാർ, സുഫ്‌യാനുസ്സൗരി, യസീദ് റഖാശി, ഇബ്‌റാഹീമുബ്‌നു അദ്ഹം(റ) തുടങ്ങിയവരെല്ലാം രാത്രി മുഴുവൻ നിസ്‌കരിച്ചിരുന്നു.
ബിശ്‌റുൽ ഹാഫി(റ)യോടൊരാൾ:
‘അൽപമെങ്കിലും വിശ്രമിച്ച് കൂടേ?’
മഹാൻ പറഞ്ഞു: ‘തിരുനബി(സ്വ) കാലിൽ നീര് കെട്ടുന്നതു വരെ രാത്രി നിസ്‌കരിച്ചില്ലേ? രക്തമൊഴുകുന്നത് വരെ ഇബാദത്തിൽ മുഴുകിയില്ലേ? ഒരു പാപവുമില്ലാത്ത തിരുദൂതർ ഇങ്ങനെ പ്രയാസപ്പെട്ട് ആരാധിച്ചെങ്കിൽ, ഒരു തെറ്റ് പോലും പൊറുക്കപ്പെട്ടുവെന്ന് ഉറപ്പില്ലാത്ത ഞാനെങ്ങനെ വിശ്രമിക്കും?!
കഠോരമായ ആരാധനകൾ കൊണ്ട് നഫ്‌സിനെ നിയന്ത്രിച്ച മഹാന്മാരുടെ ജീവിതം അങ്ങനെയാണ്. കവി ചൊല്ലി:
കഠിനാധ്വാനത്തിന്റെ
തോതിലാണ്
മഹത്വങ്ങൾ
ലഭിക്കുന്നത്.
ഉന്നതികൾ
ലക്ഷ്യമാക്കുന്നവരേ,
രാത്രികൾ
നിദ്രാവിഹീനമാക്കൂ…
മരണാസന്നനായ അബൂബക്കർ അയ്യാശ്(റ) കരയുന്ന മകളോട് പറഞ്ഞു: ‘പൊന്നു മോൾ കരയേണ്ട, ഉപ്പ ഈ റൂമിലിരുന്ന് ഇരുപത്തി നാലായിരം പ്രാവശ്യം ഖുർആൻ ഖത്ത്മ് തീർത്തിട്ടുണ്ട്.’
ദേഹേഛയോട് പൊരുതിനിന്ന് ജീവിതം മുഴുവൻ അല്ലാഹുവിനോടുള്ള സ്‌നേഹം നിറച്ച നേരുള്ള സൂഫികളുടെ വഴിയാണിത്.
പേരും പെരുമയുമില്ലെങ്കിലും നേരുള്ള യഥാർഥ ജ്ഞാനികളുടെ, ഖൽബ് മുഴുവൻ ആത്മീയ വെളിച്ചം നിറഞ്ഞു നിന്നവരുടെ ജീവിതമാണിത്.
സൂഫിസത്തിന്റെ പേരും പറഞ്ഞ് ഭൗതിക ലഹരിയിൽ ഉല്ലസിക്കുന്ന വ്യാജന്മാർ ഇത്തരം ജീവിതങ്ങൾ വായിക്കേണ്ടതുണ്ട്.
‘നമ്മുടെ മാർഗത്തിൽ കഠിനാധ്വാനം ചെയ്യുന്നവരെ നാം ഹിദായത്തിലാക്കുമെന്ന് അല്ലാഹു അരുളിയിട്ടുണ്ടല്ലോ.
അല്ലാഹുവിനെ ഭയന്ന്, ദേഹമോഹങ്ങളെ ഒതുക്കി ജീവിക്കുന്നവരാണ് യഥാർഥ വിജയികൾ. അവർക്ക് സ്വർഗം ഉറപ്പാണ്. ഭൗതികമോഹം ഖൽബിൽ കയറിയാൽ സർവം നശിക്കും. ഈ ഉമ്മത്തിന്റെ നാശം ഭൗതിക താൽപര്യങ്ങൾ കാരണമായിട്ടായിരിക്കുമെന്ന് തിരു വചനങ്ങളിലുണ്ട്.
ദുൻയാവിനെ പൂജിക്കുന്നവരോട് കൂട്ടുകൂടരുത്, അവർക്ക് ചെവി കൊടുക്കരുത്, ഖൽബുകൾ കറുത്തിരുണ്ട് പോവും.
ദേഹവികാരങ്ങൾക്ക് വഴിപ്പെടുന്നവർ അടിമകളാണ്, ഇഛയുടെ അടിമകൾ. അവർ അന്ധരാണ്, ബധിരരാണ്, മൂകരാണ്, മൃഗ തുല്യരാണ്, അല്ല; അതിനേക്കാൾ തരംതാഴ്ന്നവർ. നരകത്തിലെത്തിയാൽ, അവരെ പിശാച് തന്നെ പരിഹസിക്കും. ‘ദേഹമോഹങ്ങൾക്ക് വഴിപ്പെട്ടവരേ, നിങ്ങൾ എന്നെ ആക്ഷേപിക്കേണ്ട, നിങ്ങളെത്തന്നെ കുറ്റപ്പെടുത്തൂ’ എന്നു പറഞ്ഞ് കളിയാക്കും.
നേരിന്റെ അടയാളം ദേഹേഛയെ പൊരുതി തോൽപിക്കലാണെന്ന് സൂഫീ ഗുരു ദുന്നൂൻ അൽ മിസ്‌രി(റ). ഭൗതിക സുഖങ്ങളെയും ശരീര കാമനകളെയും പറിച്ചെറിഞ്ഞ് ജീവിക്കുന്നവരാണ് നേർവഴിയിലുള്ള ശൈഖുമാർ, അല്ലാത്തവർ കള്ളൻമാരാണെന്ന് ചുരുക്കം.
നാമെല്ലാം യജമാനനായ അല്ലാഹുവിന്റെ അടിമകളാണ്. അടിമകൾ അദബോടെ ജീവിക്കണം. പരാതിയില്ലാതെ, പരിഭവമില്ലാതെ, ഉടമയുടെ ഇഷ്ടങ്ങൾക്കനുസരിച്ച് വഴിപ്പെടണം, വണങ്ങണം.
ഇബാദത്തുകൾ കൂലിത്തൊഴിലല്ല, അടിമ വേലയാണെന്ന് മനസ്സിലാക്കണം.
ദേഹേഛകളെ പൂജിക്കുന്നവർക്ക് അല്ലാഹുവിന്റെ ദാസരാവാൻ കഴിയില്ല. അവർ ദേഹത്തിന്റെ അടിമകളാണ്, ഭൗതികതയുടെ തടവറയിലാണ്. ശരീര കാമനകളെ കുടഞ്ഞെറിഞ്ഞാൽ മാത്രമേ രക്ഷപ്പെടൂ.
ആത്മജ്ഞാനികളുടെ കിരീടമെന്ന് വാഴ്ത്തപ്പെടുന്ന ജുനൈദുൽ ബഗ്ദാദി(റ)യുടെ ഒരു മൊഴിയുണ്ട്: ‘തിന്മകളിലേക്ക് നമ്മെ വലിച്ചിഴച്ച് കൊണ്ടുപോയി ശത്രുക്കളെ സഹായിക്കുന്നത് ദേഹേഛയാണ്. അത് നമ്മെ സർവനാശത്തിലേക്കെത്തിക്കും.’
ദേഹേഛ മഹാമാരിയാണ്, ശരീര കാമനകളെ ഉപേക്ഷിക്കലാണ് അതിനുള്ള ഔഷധം. അല്ലാഹു സൃഷ്ടികൾക്ക് നൽകുന്ന ഏറ്റവും വലിയ അനുഗ്രഹം ദേഹവികാരങ്ങൾക്കെതിരെ ഉറച്ചുനിൽക്കാനുളള കരുത്താണ്. വികാരങ്ങളെ തോൽപിക്കുന്നതിനേക്കാൾ ഉന്നതമായ മറ്റൊരു സൽകർമവുമില്ലെന്ന് സൂഫീ പണ്ഡിതർ പറയാറുണ്ട്.

അബ്ദുൽ ബാരി സിദ്ദീഖി കടുങ്ങപുരം

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ