വീടുകളിൽ പൊതുവെയും മസ്ജിദുകളിൽ പലപ്പോഴും പൈപ്പിൽ നിന്നാണ് നാം വുളൂഅ് എടുക്കാറുള്ളത്. ഈ സമയത്ത് ശ്രദ്ധിക്കേണ്ട ചില കർമശാസ്ത്ര മസ്അലകൾ അവലോകനം ചെയ്യാം.
വുളൂഅ് ചെയ്യുമ്പോഴും കുളിക്കുമ്പോഴും അകാരണമായുള്ള സഹായതേട്ടം ഒഴിവാക്കൽ സുന്നത്താണ്. സഹായാർത്ഥന വെള്ളം ഒഴിച്ചുകൊടുക്കാനാണെങ്കിൽ ഖിലാഫുൽ ഔലയും (നല്ലതിനു വിരുദ്ധം, ഒരഭിപ്രായ പ്രകാരം കറാഹത്ത്) അവയവങ്ങൾ കഴുകി കൊടുക്കാനാണെങ്കിൽ കറാഹത്തുമാണ്. എന്നാൽ കാരണത്തോടെയുള്ള സഹായ തേട്ടം പ്രശ്‌നമല്ല. പ്രയാസം നേരിടുന്നവന് ഇത് നിരുപാധികം അനുവദനീയവുമാണ് (തുഹ്ഫ).
സഹായിക്കുന്നവനെ പഠിപ്പിക്കലാണ് ലക്ഷ്യമെങ്കിലും കുഴപ്പമില്ല. ഒരിക്കലും ഖിലാഫുൽ ഔലാ ചെയ്യാത്ത പ്രവാചകർ(സ്വ) സഹായാർത്ഥന നടത്തിയത് അതനുവദനീയമാണെന്ന വിധി പഠിപ്പിക്കാനായിരുന്നുവെന്ന് ഗായതുൽ മുനാ എന്ന ഗ്രന്ഥത്തിൽ കാണാം.
ആഡംബരമെന്ന് കർമശാസ്ത്ര പണ്ഡിതർ വിശേഷിപ്പിച്ച ഖിലാഫുൽ ഔലയായ സഹായതേട്ടത്തിന്റെ പരിധിയിൽ അകാരണമായി പൈപ്പുകളിൽ നിന്ന് വുളൂഅ് ചെയ്യുന്നത് ഉൾപെടുമോ എന്നത് വിശകലന വിധേയമാക്കേണ്ടതാണെന്ന് ഇമാം ഖൽയൂബി(റ) മഹല്ലിക്കെഴുതിയ ഹാശിയയിൽ പറയുന്നുണ്ട്. പ്രസ്തുത സംശയത്തിന് സ്പഷ്ടമായൊരു നിവാരണം ശാഫിഈ പണ്ഡിതനായ സാലിമുൽ ഹള്‌റമീ(റ) ഗായതുൽ മുനാ ശറഹു സഫീനതിന്നജാ എന്ന ഗ്രന്ഥത്തിൽ ‘ടാപ്പ് പോലുള്ളവയിൽ നിന്ന് വുളൂഅ് ചെയ്യൽ ഖിലാഫുൽ ഔലയോ?’ എന്ന ചോദ്യത്തിന് മറുപടിയായി നൽകുന്നതിപ്രകാരമാണ്: ‘വുളൂഅ് ചെയ്യുന്നവനെ പോലുള്ളവർക്ക് വെള്ളം ഒഴിച്ചുകൊടുക്കൽ ഖിലാഫുൽ ഔലയാണെന്നതിന് കർമശാസ്ത്രജ്ഞർ ഉന്നയിച്ച, ആരാധനയർപിക്കുന്നവന് ഉചിതമല്ലാത്ത ആഡംബരവും സുഖമെടുക്കലും ഭംഗിയാകലുമാണ് പൈപ്പിൽ നിന്നുള്ള അംഗസ്‌നാനമെന്ന് ഗണിച്ചാൽ അതു ഖിലാഫുൽ ഔലയാണെന്നു വരും. കാര്യം അങ്ങനെയല്ല. അലിയ്യുശിബ്‌റാമല്ലസി(റ) പറയുന്നു: ‘ടാപ്പിൽ നിന്നും അംഗസ്‌നാനം ചെയ്യുന്നത് ഖിലാഫുൽ ഔലയായ സഹായാർത്ഥനയുടെ ഗണത്തിൽ പെടുത്താവുന്നതല്ല. കാരണം ടാപ്പ് അപ്രകാരം ഉപയോഗിക്കാൻ സജ്ജീകരിച്ചതാണ്, മറ്റൊരു രീതിയിൽ ഉപയോഗം അസാധ്യവുമാണ്.’ ഇതിന് ഉപോൽബലകമായി രണ്ട് നേട്ടങ്ങൾ കൂടി അദ്ദേഹം രേഖപ്പെടുത്തി: ‘ടാപ്പിൽ നിന്ന് വുളൂഅ് ചെയ്യുമ്പോൾ ചെറിയ ഹൗളുകളിൽ നിന്നും വുളൂഅ് പാടില്ലെന്ന് പറയുന്നവരുടെ (ഹനഫീ മദ്ഹബ്) എതിരഭിപ്രായത്തിൽ നിന്ന് മുക്തമാകുന്നു. ടാപ്പിലെ വെള്ളം സാധാരണയിൽ മറ്റു സംഭരണികളെക്കാൾ വൃത്തി കൂടുതലായിരിക്കുകയും ചെയ്യും’ (ഹാശിയതു ശർവാനി അലാ തുഹ്ഫതിൽ മിൻഹാജ്). പൈപ്പുപയോഗിച്ച് അംഗസ്‌നാനം ചെയ്യുന്നത് ഖിലാഫുൽ ഔലയായ സഹായാർത്ഥനയുടെ ഗണത്തിൽ പെടില്ലെന്ന് ചുരുക്കം.

അമിതവ്യയം സൂക്ഷിക്കണം

പുഴയിൽ വെച്ച് അംഗസ്‌നാനം ചെയ്യുന്ന സഅദ്(റ)നോട് അവിടെയും അമിതവ്യയം അരുതെന്ന് നബി(സ്വ) ഉപദേശിച്ചത് പ്രസിദ്ധമാണല്ലോ. ജലസംരക്ഷണത്തിന് അത്യധികം പ്രധാന്യം കൽപിച്ച മതത്തിന്റെ കർമശാസ്ത്രത്തിലും ആ നന്മ കാണാം.
ഹൗളുകളിൽ നിന്ന് അംഗസ്‌നാനം ചെയ്യുമ്പോൾ നഷ്ടപ്പെടുന്നതിനെക്കാൾ വെള്ളം ടാപ്പിൽ നിന്നാകുമ്പോൾ നഷ്ടമാകുമെന്ന് സുതരാം വ്യക്തമാണല്ലോ. ഇതിനെ കുറിച്ച് സഈദുബ്‌നു മുഹമ്മദുൽ ഹള്‌റമീ(റ) രേഖപ്പെടുത്തുന്നതിങ്ങനെ: ‘ഒരു അവയവത്തിൽ അതിന്റെ വാജിബിനും സുന്നത്തിനും ആവശ്യമായതിൽ കവിഞ്ഞ് വെള്ളം ഉപയോഗിക്കൽ വഴിയുണ്ടാവുന്ന അമിതവ്യയം കറാഹത്താണ്, അത് പുഴയിലാണെങ്കിലും. എന്നാൽ അവയവം വെള്ളത്തിൽ മുക്കിയാണ് വുളൂഅ് ചെയ്യുന്നതെങ്കിൽ വെള്ളം നഷ്ടപ്പെടാത്തതിനാൽ അമിതവ്യയം വരുകയുമില്ല.
സ്വന്തം ഉടമസ്ഥതയിലുള്ള വെള്ളമാണെങ്കിൽ മൂന്നിനെക്കാൾ വർധിപ്പിക്കൽ കറാഹത്താണ്. എന്നാൽ വുളൂഇന് വേണ്ടി നിശ്ചയിക്കപ്പെട്ട പൊതുവെള്ളമാണെങ്കിൽ ഹറാമുമാണ്. മൂന്നിനെക്കാൾ അധികരിപ്പിക്കുന്നത് ടാപ്പിൽ നിന്നാണെങ്കിലും ഹൗളിൽ നിന്നാണെങ്കിലും ഇതേ വിധി തന്നെയാണ്. എന്നാൽ ടാപ്പിൽ നിന്നാകുമ്പോഴാണ് ഹറാം വരിക, ഹൗളിൽ നിന്നാകുമ്പോൾ കഴുകിയ വെള്ളം തിരിച്ച് ഹൗളിൽ തന്നെ എത്തുന്നതിനാൽ ഹറാം വരില്ലെന്നാണ് അൽഖമി(റ)വിന്റെ പക്ഷം.

പൈപ്പ് എവിടെയാവണം?

വെള്ളം ഒഴിച്ചുകൊടുക്കുന്നവൻ വുളൂഅ് ചെയ്യുന്നവന്റെ ഇടതു ഭാഗത്ത് നിൽക്കലാണ് കൂടുതൽ നല്ലത്. അതാണ് കൂടുതൽ സൗകര്യപ്രദവും മെച്ചപ്പെട്ട മര്യാദയും (ഹാശിയതുൽ ബുജൈരിമി). കർമശാസ്ത്ര പണ്ഡിതരുടെ ഇതേ നിലപാടാണ് പൈപ്പിന്റെ വിഷയത്തിലും പ്രായോഗികമാക്കേണ്ടത്. അഥവാ പൈപ്പ് ഇടതു വശത്ത് വരക്കത്തക്ക വിധം വുളൂഅ് ചെയ്യുന്നവൻ നിൽക്കണമെന്നർത്ഥം.

കൈകാലുകൾ കഴുകേണ്ട രൂപം

വുളൂഇൽ ഓരോ അവയവവും കഴുകേണ്ട രൂപം കർമശാസ്ത്രജ്ഞർ വിശദീകരിച്ചിട്ടുണ്ട്. കൈകാലുകൾ കഴുകുമ്പോൾ വിരലുകൾ മുതലാണ് കഴുകിത്തുടങ്ങേണ്ടത്. മുഖം കഴുകുമ്പോൾ ഏറ്റവും മുകൾ ഭാഗം മുതലും. മറ്റൊരാൾ വെള്ളം ഒഴിച്ചുതന്നാലും (ടാപ്പിൽ നിന്നായാലും) ഇങ്ങനെ തന്നെയാണ് എന്നതാണ് പ്രബലാഭിപ്രായം (തുഹ്ഫ, ഫത്ഹുൽ മുഈൻ നോക്കുക).

 

ഹുസ്‌നുൽ ജമാൽ കിഴിശ്ശേരി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ