പ്രകാശം ഒരു പ്രപഞ്ചവിസ്മയമാണ്. ശാസ്ത്രം, സാഹിത്യം, ആത്മീയം, കല തുടങ്ങി മനുഷ്യൻ വിഹരിക്കുന്ന മുഴുവൻ മേഖലകളിലും പ്രകാശത്തെ കുറിച്ചു സൂചിപ്പിക്കുന്നു. പ്രകാശത്തെ കുറിച്ചുള്ള അന്വേഷണത്തിന് മനുഷ്യോൽപത്തിയോളം പഴക്കമുണ്ട്. പുരാതന കാലത്ത് കാഴ്ചയുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങളാണ് പ്രകാശത്തെ നിർവചിക്കാൻ ഉപയോഗിച്ചിരുന്നത്. ഗ്രീക്ക് തത്ത്വചിന്തകരായ യൂക്ലിഡ്, പ്ലേറ്റോ, ടോളമി തുടങ്ങിയവരുടെ അഭിപ്രായത്തിൽ പ്രകാശം നേർരേഖയിൽ സഞ്ചരിക്കുന്ന തീപ്പൊരിക്ക് സമാനമായ വസ്തുവാണ്. കണ്ണിൽ നിന്ന് ഉത്ഭവിക്കുന്ന പ്രകാശ കണങ്ങൾ വസ്തുവിൽ തട്ടി തിരിച്ചു കണ്ണിൽ പതിക്കുമ്പോളാണ് ആ വസ്തു കാണുന്നത്.
അരിസ്റ്റോട്ടിലിന്റെ സങ്കൽപ പ്രകാരം പ്രകാശം സഞ്ചരിക്കുന്നതിന് ഒരു മാധ്യമം ആവശ്യമാണ്. ഈ മാധ്യമത്തെ അദ്ദേഹം ഈഥർ എന്ന് വിളിച്ചു. അന്തരീക്ഷത്തിലും ഉപരിലോകത്ത് പരക്കെയും ഈഥർ നിറഞ്ഞു നിൽക്കുകയാണെന്നും അതിലൂടെയാണ് പ്രകാശം സഞ്ചരിക്കുന്നതെന്നും അരിസ്റ്റോട്ടിൽ സിദ്ധാന്തിക്കുകയുണ്ടായി. ഏകദേശം 1300 വർഷം (ബിസി 300 എഡി 1000) പ്രകാശത്തെ കുറിച്ചുള്ള ശാസ്ത്രീയ വിവരണങ്ങൾ ഗ്രീക്ക് ചിന്തകളായിരുന്നു.
എഡി 1015ൽ ഇറാഖി ഭൗതിക ശാസ്ത്രജ്ഞനായ ഇബ്‌നു ഹൈസമിന്റെ കിതാബ് അൽമനാളിറാണ് (The book of optics) പ്രകാശത്തെ സംബന്ധിച്ച ആധുനിക പഠനങ്ങൾ മുന്നോട്ടുവെക്കുന്നത്. ലോകത്തെ മഹാന്മാരായ ഭൗതിക ശാസ്ത്ര പ്രതിഭകളിലൊരാളായാണ് ഇബ്‌നു ഹൈസമിനെ പരിഗണിക്കുന്നത്. ഐക്യരാഷ്ട്ര സഭ 2015 പ്രകാശവർഷമായി ആചരിക്കാനുണ്ടായ പ്രധാന കാരണം ഇബ്‌നു ഹൈസമിന്റെ പുസ്തകത്തിനു 1000 വർഷം പൂർത്തിയായതായിരുന്നു.
ഗ്രീക്ക് തത്ത്വചിന്തകരുടെ പ്രകാശത്തെ പറ്റിയുള്ള സങ്കൽപങ്ങൾ ഇബ്‌നു ഹൈസം പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ഖണ്ഡിച്ചു. സൂര്യൻ, നക്ഷത്രങ്ങൾ തുടങ്ങി പ്രകാശകണികകൾ ഉത്സർജിക്കുന്ന വിവിധ ജൈവ-അജൈവ പ്രകാശ സ്രോതസ്സുകൾ പ്രപഞ്ചത്തിൽ ഉണ്ടെന്നും ഇത്തരം സ്രോതസ്സുകളിൽ നിന്ന് പുറപ്പെടുന്ന പ്രകാശ കണികകൾ വസ്തുക്കളിൽ തട്ടി കണ്ണിൽ പ്രതിഫലിക്കുമ്പോഴാണ് വസ്തുക്കൾ കാണുന്നതെന്നും അദ്ദേഹം സിദ്ധാന്തിച്ചു.
ടെലസ്‌കോപ്പ്, ക്യാമറ തുടങ്ങിയ പ്രകാശവുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ അദ്ദേഹം ലോകത്തിന് സംഭാവന ചെയ്തു. ഇബ്‌നു ഹൈസം പ്രകാശത്തെ കണികകളായാണ് സങ്കൽപ്പിച്ചത്. പിൽകാലത്ത് ഐസക് ന്യൂട്ടനും പ്രകാശം കണികളുടെ സഞ്ചാരമാണെന്ന് അഭിപ്രായപ്പെട്ടു. ന്യൂട്ടൻ പ്രകാശ കണികകളെ കോർപ്പസ്‌ക്യുലർ എന്ന് വിളിച്ചു. എന്നാൽ പ്രകാശത്തിന്റെ കണികാ സ്വഭാവത്തിനു വിരുദ്ധമായി പ്രകാശം ജലോപരിതലത്തിലെ ഓളങ്ങൾ പോലെ തരംഗങ്ങളായാണ് സഞ്ചരിക്കുന്നതെന്ന് പതിമൂന്നാം നൂറ്റാണ്ടിൽ കമാലുദ്ദീൻ അൽഫാരിസി (എഡി 1267-1319) നിരീക്ഷിച്ചു. തോമസ് യങ്(1773-1829)ന്റെ വിഖ്യാതമായ ഇരട്ട ദ്വാര (Double slit) പരീക്ഷണമാണ് പ്രകാശത്തിന്റെ തരംഗ സ്വഭാവം ശാസ്ത്രീയമായി സമർഥിച്ചത്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഭൗതിക ശാസ്ത്രജ്ഞരായ ജംയിസ് ക്ലാർക്കും മാക്‌സ് വെലും (1831-1879) പ്രകാശം ഒരു മാധ്യമത്തിന്റെയും ആവശ്യമില്ലാതെ സഞ്ചരിക്കുന്ന വൈദ്യുത കാന്തിക തരംഗങ്ങളാണെന്ന് നിർവചിച്ചു. പ്രകാശത്തെ കുറിച്ച് ആഴത്തിലുള്ള അന്വേഷണങ്ങൾ ശാസ്ത്രലോകത്ത് പിന്നെയുമുണ്ടായി.
പ്രപഞ്ചത്തിൽ ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത് പ്രകാശ തരംഗങ്ങളാണെന്നും ശൂന്യതയിൽ ഒരു സെക്കന്റിൽ മൂന്ന് ലക്ഷം കിലോമീറ്റർ പ്രകാശത്തിനു സഞ്ചരിക്കാനാവുമെന്നും തെളിയിക്കപ്പെട്ടു. പ്രകാശം ഊർജമായതിനാൽ അതിനു സ്ഥിതിചെയ്യാൻ സ്ഥലമോ സ്വന്തമായി ഭാരമോ ഇല്ല. സൂര്യനും നക്ഷത്രങ്ങളുമാണ് പ്രകാശത്തിന്റെ പ്രധാന സ്രോതസ്സുകൾ.
പല ഊർജ നിലകളുള്ള പ്രകാശതരംഗങ്ങൾ സൂര്യനിൽ നിന്നും നക്ഷത്രങ്ങളിൽ നിന്നും പുറപ്പെടുന്നുണ്ട്. ഇതിൽ ദൃശ്യ പ്രകാശം മാത്രമേ മനുഷ്യനേത്രങ്ങൾക്ക് തിരിച്ചറിയാനാവൂ. ഏറ്റവും ഊർജമുള്ള പ്രകാശം ഗാമ തരംഗങ്ങളും ഊർജം കുറഞ്ഞത് റേഡിയോ തരംഗങ്ങളുമാണ്. വിവിധ ഊർജനിലകളുള്ള പ്രകാശ രശ്മികളെ തിരിച്ചറിഞ്ഞു രേഖപ്പെടുത്താനുള്ള ഉപകരണങ്ങൾ ഇന്ന് നിലവിലുണ്ട്. ഓരോ നക്ഷത്രത്തിൽ നിന്നും വരുന്ന പ്രകാശ രശ്മികളെ പ്രത്യേകം തിരിച്ചറിയാനും പഠിക്കാനും ഇന്ന് സാധിക്കും.
നക്ഷത്രങ്ങളുടെ പ്രായം, സ്വഭാവം, ഊഷ്മാവ് തുടങ്ങിയ വിവരങ്ങൾ മനസ്സിലാക്കുന്നത് അവയിൽ നിന്ന് വരുന്ന പ്രകാശ രശ്മികൾ നിരീക്ഷിച്ചാണ്. കൂടാതെ, പ്രപഞ്ചത്തിന്റെ പ്രായവും വികാസവും ശാസ്ത്രീയമായി തെളിയിക്കുന്നതും പ്രകാശത്തെ കുറിച്ച് പഠിച്ചുതന്നെ. പ്രപഞ്ചത്തെ മനസ്സിലാക്കുന്നത് പോലെ ആറ്റങ്ങളുടെ ആന്തരിക ഘടന പഠിക്കുന്നതും ആറ്റങ്ങൾ ഉത്സർജിക്കുന്ന പ്രകാശ തരംഗങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ്.
ശാസ്ത്രത്തിന് പ്രകാശ രശ്മികൾ വെറും വെളിച്ചമല്ല, മറിച്ച് അറിവുകളുടെ നിധി കുംഭങ്ങളാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് പ്രശസ്ത ജർമൻ ശാസ്ത്രജ്ഞൻ മാക്‌സ് പ്ലാങ്ക് പ്രകാശത്തിന്റെ ദ്വൈത സ്വഭാവം നിരീക്ഷിച്ചത്. പ്രകാശ രശ്മികൾ തരംഗത്തിന്റെയും കണികകളുടെയും സ്വഭാവങ്ങൾ ഒരേ സമയം ഉൾക്കൊള്ളുന്നുവെന്ന് പ്ലാങ്ക് തെളിയിച്ചു. തരംഗ സ്വഭാവം ഊർജത്തെയും കണികാസ്വഭാവം ദ്രവ്യഗുണത്തെയുമാണ് പ്രതിനിധീകരിക്കുന്നത്.
കനമുള്ളതും (Mass) സ്ഥിതി ചെയ്യാൻ സ്ഥലം (Volume) ആവശ്യമുള്ളതുമാണ് ദ്രവ്യം. കനമില്ലാത്തതും സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമില്ലാത്തതുമാണ് ഊർജം. കണികാ സ്വഭാവവും തരംഗ സ്വഭാവവും പരസ്പര വിരുദ്ധമായ സ്വഭാവങ്ങളാണ്. പ്രകാശത്തിൽ രണ്ടു വിരുദ്ധ സ്വഭാവങ്ങളും ഒരുപോലെ ഉൾചേർന്നിട്ടുണ്ടെന്നും തരാതരം പോലെ രണ്ടും പ്രദർശിപ്പിക്കുമെന്നാണ് മാക്‌സ് പ്ലാങ്ക് തെളിയിച്ചത്.
തുടർന്ന്, പ്രകാശത്തിനു ദ്രവ്യകണികയായിത്തീരാനും തിരിച്ച്, ദ്രവ്യകണികകൾക്ക് പ്രകാശോർജമായി മാറാനും കഴിയുമെന്ന് ഐൻസ്റ്റീൻ വിഖ്യാതമായ ഊർജ ദ്രവ്യ പരിവർത്തന സമവാക്യമുപയോഗിച്ച് സമർഥിച്ചു. പ്രപഞ്ചത്തിലെ മുഴുവൻ ദ്രവ്യത്തിന്റെയും ഊർജത്തിന്റെയും അളവ് ഒരു സ്ഥിര സംഖ്യയാണെന്നും (Constant) ദ്രവ്യത്തിന്റെയും ഊർജത്തിന്റെയും രൂപാന്തരമാണ് പ്രപഞ്ചത്തിൽ സംഭവിക്കുന്നതെന്നും ഒന്നാം താപഗരിത നിയമം (First law of thermodynamics പ്രസ്താവിച്ചു. ശാസ്ത്രത്തിന്റെ ഏറ്റവും പുതിയ സിദ്ധാന്തം പ്രകാരം പ്രപഞ്ചോൽപത്തിയുടെ തുടക്കത്തിൽ പ്രപഞ്ചത്തിലെ മുഴുവൻ ദ്രവ്യവും ഊർജവും ഒരു ബിന്ദുവിൽ (Singularity)കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു. ആ ബിന്ദുവിൽ പ്രപഞ്ചം എങ്ങനെയായിരുന്നു എന്ന് ശാസ്ത്രത്തിനു പറയാനാവില്ല. ആ ബിന്ദു (Singularity)എങ്ങനെ ഉണ്ടായി എന്നും ശാസ്ത്രത്തിനു കണ്ടത്താനാവില്ല. കാരണം ആ ഘട്ടങ്ങൾ ശാസ്ത്രത്തിന്റെ പരിധിക്ക് പുറത്താണ്. പ്ലാങ്ക് ഇപക് (Planck epoch)എന്നാണ് ഈ ഘട്ടത്തെ ശാസ്ത്രം വിളിക്കുന്നത്. ഈ ഘട്ടത്തിനു ശേഷമാണ് സമയം, സ്ഥലം എന്നിവ ഉണ്ടാവുന്നത്.
ബിഗ്ബാംഗ് സിദ്ധാന്തം പ്രകാരം പ്ലാങ്ക് ഇപക് ഘട്ടത്തിനു ശേഷം പ്രപഞ്ചവികാസം തുടങ്ങുകയും ഒട്ടിപ്പിടിച്ചു നിന്നിരുന്ന ഊർജവും ദ്രവ്യവും അകന്ന് പോവുകയും ചെയ്തു. ഈ വികാസഘട്ടത്തിൽ ഊർജ കണികൾ ദ്രവ്യ കണികകളായി മാറി. ശാസ്ത്രത്തിനു വിശദീകരിക്കാനാവാത്ത ചില കാരണങ്ങൾ കൊണ്ട് ഊർജ കണികൾ ഇണകളായാണ് ദ്രവ്യകണികകളായി മാറിയത് (Pair product). ഇങ്ങനെ ഉണ്ടായ വിപരീത സ്വഭാവമുള്ള ദ്രവ്യകണികളിൽ ചിലത് പരസ്പരം കൂടിച്ചേർന്നു വീണ്ടും ഊർജമായി. ബാക്കിയുള്ള ദ്രവ്യകണികകൾ കൂടിച്ചേർന്ന് ഇന്നനുഭവിക്കുന്ന ദൃശ്യപ്രപഞ്ചമായും മാറി. പ്രപഞ്ചവികാസം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന പ്രതിഭാസമാണ്. ഭൂമിയിൽ നിന്ന് വളരെ അകലെ സ്ഥിതി ചെയ്യുന്ന ഗ്യാലക്‌സികളിൽ നിന്ന് വരുന്ന പ്രകാശ രശ്മികളെ നിരീക്ഷിച്ചാണ് പ്രപഞ്ചവികാസത്തിന്റെ വേഗത കണക്കാക്കുന്നത്. എത്രകാലം പ്രപഞ്ചവികാസം തുടരുമെന്ന് നിശ്ചയമില്ല. ഒരു നിശ്ചിത സമയത്തിനു ശേഷം വികാസത്തിനു വിരാമമിട്ട് പ്രപഞ്ചം ചുരുങ്ങാൻ തുടങ്ങുമോ, ചുരുങ്ങിച്ചുരുങ്ങി അവസാനം പ്രപഞ്ചം ഇല്ലാതാവുമോ തുടങ്ങിയവ ശാസ്ത്രലോകത്തെ പ്രസക്തമായ ചോദ്യങ്ങളാണ്.

പ്രകാശം ഖുർആനിൽ

ഖുർആനിൽ പ്രകാശം പല രീതിയിൽ പ്രതിപാദിച്ചിട്ടുണ്ട്. സന്മാർഗം, ഹൃദയ വിശുദ്ധി, നന്മ, സൽസ്വഭാവം തുടങ്ങിയ ഗുണങ്ങളെ സൂചിപ്പിക്കാൻ പ്രകാശത്തെയും ദുർമാർഗം, കഠിന ഹൃദയം, പാപം, ദു:സ്വഭാവം തുടങ്ങിയവയെ സൂചിപ്പിക്കാൻ ഇരുട്ടിനെയും ഖുർആൻ ഉപമിക്കുന്നുണ്ട്. പ്രകാശമില്ലാത്ത അവസ്ഥയാണ് ഇരുട്ട്. പ്രകാശ തരംഗങ്ങളെ ഉത്സർജിക്കുകയോ ( Emission) പ്രതിഫലിപ്പിക്കുകയോ ചെയ്യാത്ത വസ്തുക്കളാണ് കറുപ്പ് നിറത്തിൽ കാണപ്പെടുന്നത്.
ഖുർആനിലെ ഇരുപത്തിനാലാം അധ്യായത്തിന്റെ പേര് പ്രകാശം എന്നാണ് (The light). ഇതിലെ മുപ്പത്തിയഞ്ചാം സൂക്തം അല്ലാഹുവിനെയും പ്രകാശത്തെയും പ്രപഞ്ചത്തെയും ബന്ധിപ്പിച്ചുള്ള പ്രസ്താവനയാണ്. അല്ലാഹു ആകാശ ഭൂമികളുടെ പ്രകാശമാണെന്നാണ് സൂക്തത്തിന്റെ തുടക്കത്തിൽ പ്രസ്താവിക്കുന്നത്. കാലത്തോളം നീളമുള്ളതും സമുദ്രത്തോളം ആഴമുള്ളതുമായ ഒരു പ്രസ്താവനയാണിത്. ഭൗതികവും ആത്മീയവുമായ നിരവധി വിശദീകരണങ്ങൾ ഈ സൂക്തത്തിനുണ്ട്. പുതിയ ശാസ്ത്രീയ നിരീക്ഷണങ്ങൾക്കനുസൃതമായി വ്യത്യസ്തമായ പല അഭിപ്രായങ്ങളും പറയാനുമാകും.
ഏറ്റവും ശരിയായ വിശദീകരണം അല്ലാഹുവിനും പ്രവാചകർക്കും മാത്രമാണറിയുക. അല്ലാഹുവിന്റെ ജലാലിയ്യത്ത് (പ്രകാശം) പരാമർശിക്കുന്ന സന്ദർഭം മൂസാ(അ) അല്ലാഹുവിനെ കാണണമെന്ന് ആവശ്യപ്പെടുന്നതാണ്. മൂസാ(അ)ന്റെ ആവശ്യം നിരാകരിക്കുന്ന സ്രഷ്ടാവ് അടുത്തുള്ള മലയിലേക്ക് ചൂണ്ടി അത് അവിടെ സ്ഥിതി ചെയ്യുമെങ്കിൽ എന്നെ ദർശിക്കാമെന്ന് അറിയിക്കുന്നു. അല്ലാഹുവിന്റെ അസ്തിത്വത്തിന്റെ വിശ്വശോഭയുടെ ചെറുകണികകൾ (ജലാലിയ്യത്ത്) മുകളിൽ പതിച്ചപ്പോഴേക്കും മല തകർന്നുപോയി. ആ രംഗം കാണാനാവാതെ മൂസാ(അ) ബോധരഹിതനായി നിലത്തുവീണു. പ്രകാശത്തിന്റെ ദ്വൈത സ്വഭാവം പ്രപഞ്ചനാഥന്റെ ജലാലിയ്യത്തിന്റെ സ്വഭാവമാണെന്ന് ഇതിലൂടെ നിരീക്ഷിക്കുന്നതിൽ തെറ്റില്ല. ഈ അർഥത്തിലും അല്ലാഹു ആകാശഭൂമികളുടെ പ്രകാശമാണെന്ന പ്രസ്താവനയെ വായിക്കാം.

മലക്കുകൾ

പ്രകാശംകൊണ്ട് സൃഷ്ടിക്കപ്പെട്ടവരാണ് മലക്കുകൾ. ദൃശ്യപ്രപഞ്ചത്തിന്റെ ഭാഗമായ പ്രകാശകണികകൾ കൊണ്ടല്ല മലക്കുകളെ സൃഷ്ടിച്ചത്. അതുകൊണ്ട് പ്രകാശോർജം അളക്കുന്ന ഉപകരണങ്ങൾ മലക്കുകളുടെ സാന്നിധ്യം രേഖപ്പെടുത്തില്ല. ദൃശ്യപ്രപഞ്ചത്തിലെ പ്രകാശ സ്രോതസ്സുകൾ ഉണ്ടാവുന്നതിന് മുമ്പേ മലക്കുകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.
ഒന്നുകിൽ സ്രഷ്ടാവിനു മാത്രം അറിയാവുന്ന വ്യത്യസ്തമായ പ്രകാശംകൊണ്ടോ അല്ലെങ്കിൽ ദൃശ്യപ്രകാശത്തിന്റെ ചില സ്വഭാവങ്ങൾ (Charecteristics) മലക്കുകൾക്കുള്ളതുകൊണ്ടോ ആയിരിക്കാം അവർ പ്രകാശംകൊണ്ടാണ് സൃഷ്ടിക്കപ്പെട്ടതെന്ന് പറയുന്നത്. ഏറ്റവും അറിയുന്നവൻ അല്ലാഹുവാണ്. ദൃശ്യപ്രപഞ്ചത്തിലെ ഏറ്റവും വേഗതയുള്ള പ്രകാശ കണികകളെക്കാൾ വേഗതയിൽ സഞ്ചരിക്കുന്നവരാണ് മലക്കുകൾ. മലക്കുകളുടെ സാന്നിധ്യം സാധാരണ ഗതിയിൽ മനുഷ്യന് തിരിച്ചറിയാനാവില്ല.
ദൃശ്യപ്രപഞ്ചത്തിന്റെ ഭാഗമായിരിക്കെ സ്ഥലമോ കനമോ ഉൾകൊള്ളാത്തതാണല്ലോ പ്രകാശോർജം. ഇതുപോലെ മലക്കുകളും ദൃശ്യപ്രപഞ്ചത്തിൽ സ്ഥലമോ കനമോ ഉൾകൊള്ളുന്നില്ല. പക്ഷേ അവർക്ക് ദൃശ്യപ്രപഞ്ചത്തിൽ ഇടപെടാൻ സാധിക്കും. ഓരോ മനുഷ്യന്റെ ഉള്ളിലും മലക്കുകളുടെ സാന്നിധ്യമുണ്ട്. ഒരു കാലിക്കുപ്പിയിലെ വെളിച്ചത്തിന് ഭാരവും വ്യാപ്തിയുമില്ലാത്ത പോലെ മലക്കുകളുടെ സാന്നിധ്യം മനുഷ്യശരീരത്തിൽ ഭൗതിക സ്വാധീനം ഉണ്ടാക്കുന്നില്ല. വിവിധ മാധ്യമങ്ങളിലൂടെ വെളിച്ചം കടന്നുപോവുന്നതു പോലെ മലക്കുകൾ ദൃശ്യപ്രപഞ്ചത്തിലൂടെ അദൃശ്യരായി സഞ്ചരിക്കുന്നു.

ജിന്നുകൾ

മനുഷ്യനും മലക്കുകളുമല്ലാത്ത വ്യത്യസ്തമായൊരു സൃഷ്ടി വർഗമാണ് ജിന്നുകൾ. പുകയില്ലാത്ത തീജ്വാലകൾകൊണ്ട് സൃഷ്ടിക്കപ്പെട്ടവരാണവർ. രണ്ടു വ്യത്യസ്ത ഊർജരൂപങ്ങളായ താപം(Heat), പ്രകാശം (Light) എന്നിവയുടെ മിശ്രിതമാണ് തീജ്വാല. മലക്കുകളെ പോലെ ജിന്നുകളും ഊർജരൂപങ്ങളാൽ സൃഷ്ടിക്കപ്പെട്ടതിനാൽ മനുഷ്യന്റെ വിഹാരലോകത്തിന് പുറത്താണ് ജിന്നുകളുടെയും ആവാസ വ്യവസ്ഥ. മലക്കുകളുടെയും ജിന്നുകളുടെയും സൃഷ്ടിയിൽ പ്രകാശം ഉൾകൊള്ളുന്നതിനാൽ അവർ പരസ്പരം വ്യവഹരിക്കാൻ സാധ്യതയുണ്ട്. മലക്കുകളും ജിന്നുകളും തമ്മിലുള്ള വ്യവഹാരങ്ങളുടെ തെളിവുകൾ വിശുദ്ധ ഖുർആനിലുണ്ടല്ലോ.
ജിന്ന് വർഗത്തിൽപെട്ട ഇബ്‌ലീസ് മലക്കുകളോടൊപ്പം സഹവസിച്ചതായി ഖുർആൻ പരാമർശിക്കുന്നുണ്ട്. ഉപരിലോകത്ത് മലക്കുകൾ കൈമാറുന്ന അറിവുകൾ പിശാചുക്കൾക്ക് കട്ട് കേൾക്കുമെന്നും പിടിക്കപ്പെടുമ്പോൾ അവർ എറിഞ്ഞോടിക്കപ്പെടുമെന്നും ഖുർആൻ (67/5).
പക്ഷേ, ജിന്നുകളെ യഥാർഥ രൂപത്തിൽ സാധാരണയിൽ മനുഷ്യന് ദർശിക്കാനാവില്ല. മലക്കുകൾക്കും ജിന്നുകൾക്കും രൂപം മാറാമെന്നും രൂപം മാറിയ അവസ്ഥയിൽ മനുഷ്യർക്ക് കാണാമെന്നും പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ജിന്നുകളുടെയും മലക്കുകളുടെയും ആവാസവ്യവസ്ഥ പ്രപഞ്ചത്തിൽ എവിടെയാണെന്ന് മനുഷ്യർക്കറിയില്ല. അതിന്റെ യഥാർഥ രൂപവും സ്വഭാവവും മാനുഷ നിരീക്ഷണ, പരീക്ഷങ്ങളുടെ പരിധിയിൽപെടുന്നുമില്ല.
ദൃശ്യപ്രപഞ്ചം 92 മൂലകങ്ങളുടെ പല തരത്തിലുള്ള ദ്രവ്യമിശ്രിതവും പ്രകാശം, താപം തുടങ്ങിയ വിവിധ ഊർജ രൂപങ്ങളും ഉൾകൊള്ളുന്നതാണ്. പ്രപഞ്ചത്തിൽ ഇതല്ലാത്ത സ്ഥലങ്ങൾ ശൂന്യലോകമെന്നാണ് അറിയപ്പെടുന്നത്. ശൂന്യലോകങ്ങൾ വെറും ശൂന്യമല്ലെന്നും അവിടെ അദൃശ്യ ദൃവ്യവും ( Dark matter) അദൃശ്യ ഊർജവും (Dark energy) നിറഞ്ഞുനിൽക്കുകയാണെന്നാണ് ശാസ്ത്രത്തിന്റെ പുതിയ നിഗമനം. ഈ അദൃശ്യലോകത്തിന്റെ സ്വഭാവവും രീതിയും ശാസ്ത്ര പഠനങ്ങളുടെ പരിധിക്ക് പുറത്താണ്. പക്ഷേ അത്തരമൊരു ലോകത്തിന്റെ സാന്നിധ്യം തള്ളിക്കളയാൻ കഴിയാത്ത വിധം ശാസ്ത്രീയ തെളിവുകളാൽ നിർണിതവുമാണ്. മൊത്തം പ്രപഞ്ചത്തിന്റെ 85% അദൃശ്യലോകമാണെന്ന് അറിയുമ്പോഴാണ് നമ്മുടെ അറിവിന്റെ നിസ്സാരത സ്വയം ബോധ്യപ്പെടുക.

(മീഞ്ചന്ത ഗവൺമെന്റ് കോളേജ് രസതന്ത്രവിഭാഗം അദ്ധ്യാപകനാണ് ലേഖകൻ)

ഡോ. മുജീബ് റഹ്‌മാൻ പി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ