മനുഷ്യരിൽ ശ്രേഷ്ഠ വിഭാഗമാണ് അമ്പിയാ മുർസലുകൾ. കലർപ്പിന് സാധ്യതയില്ലാത്ത അറിവുകൾ ലഭിച്ചവരാണവർ. മലക്കുകൾ മുഖേന വഹ്‌യ് ആയാണ് പ്രധാനമായും അവർക്ക് അറിവുകൾ നൽകപ്പെട്ടത്. ഈ ജ്ഞാനത്തിന്റെ സ്വീകരണത്തിന് അവരെ അവൻ പാകപ്പെടുത്തി. കലർപ്പില്ലാത്ത അറിവ് സ്വീകരിക്കാൻ ന്യൂനതയില്ലാത്ത മനുഷ്യരായ നബിമാരെയാണ് അല്ലാഹു നിശ്ചയിച്ചത്. പൊതുവെ ജീവിതത്തിന്റെ ആദ്യ നാൽപത് വർഷങ്ങളിൽ പരിശുദ്ധരായി സമൂഹത്തോടൊപ്പം ജീവിച്ചതിനുശേഷമാണ് അവർക്ക് ദൈവികമായ അറിവ് നൽകപ്പെട്ടു തുടങ്ങുന്നത്. ലഭിച്ച അറിവുകൾ സ്വന്തം ജീവിതത്തിൽ പൂർണമായും അനുവർത്തിക്കുകയാണ് അവരുടെ രീതി. നുബുവ്വത്ത് ലബ്ധിക്ക് മുമ്പും പിമ്പും അവർ പരിശുദ്ധരത്രെ.
അറിവുകൾ സ്വീകരിക്കാനുള്ള ബുദ്ധിശേഷി, സത്യസന്ധത, വിശ്വസ്തത, നിർദേശിച്ച കാര്യങ്ങൾ പ്രബോധനം ചെയ്യൽ എന്നിവ നബിമാരുടെ അടിസ്ഥാന യോഗ്യതകളാണ്. നുബുവ്വത്തിന്റെ അറിവനുഭവങ്ങളും യോഗ്യതകളും സമ്മേളിച്ച അവർ ബാധ്യതകളുടെയും നിർദേശങ്ങളുടെയും കൃത്യമായ നിർവഹണങ്ങൾക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അവരുടെ ജീവിതമാതൃകകൾ പലതും നമുക്കായി ഖുർആൻ അവതരിപ്പിച്ചു തന്നത്. അവ നമ്മുടെ സംസ്‌കാരവും രീതിയുമായി സ്വീകരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു.
നമ്മുടെ നബിക്കു ശേഷം പ്രവാചകന്മാർ ഉണ്ടായിട്ടേയില്ല, ഇനി ഉണ്ടാവുകയുമില്ല. അഥവാ അങ്ങനെയൊരാവശ്യമില്ലാത്ത വിധം നബി(സ്വ)യുടെ വിയോഗത്തോടെ അല്ലാഹുവിൽ നിന്ന് മനുഷ്യർക്ക് ലഭിക്കേണ്ട ജ്ഞാനങ്ങളുടെ സമ്പൂർണമായ സമർപ്പണം നടന്നുകഴിഞ്ഞു. ഇനി നിരന്തരമായ വിജ്ഞാന വിനിമയങ്ങളുടെ കാലമാണ്. ഹജ്ജത്തുൽ വിദാഇൽ ഒരുമിച്ചു കൂടിയ ജനസഞ്ചയത്തോടായി തിരുനബി(സ്വ) പറഞ്ഞു: ഇവിടെ സന്നിഹിതരായവർ അവർക്ക് ലഭിച്ച അറിവുകൾ ഇവിടെ ഇപ്പോളില്ലാത്തവർക്ക് എത്തിച്ചുകൊടുക്കട്ടെ. റസൂൽ(സ്വ)യുടെ കൂടെ അനുചരന്മാരായ സ്വഹാബത്ത് സമുദായത്തിലെ ആദ്യ വൈജ്ഞാനിക കണ്ണികളാണ്. അന്ന് നബിയുടെ ഈ ആഹ്വാനം കേട്ടത് മുതൽ തന്നെ സത്യാദർശം മാലോകർക്ക് എത്തിച്ചുകൊടുക്കുന്നതിന് അവർ സന്നദ്ധരായിരുന്നു. പിൽക്കാല പ്രബോധന യാത്രകൾ അവരുടെ ത്യാഗജീവിതത്തിന്റെ നിദർശനങ്ങളാകുന്നു.
നബി(സ്വ)യെ കാണാനും കേൾക്കാനും പകർത്താനും ഭാഗ്യമുണ്ടായ സ്വഹാബികളെ അല്ലാഹു അതിനായി തിരഞ്ഞെടുത്തതാണെന്ന് മഹദ്വചനങ്ങളിൽ വന്നിട്ടുണ്ട്. ഇബ്‌നുമസ്ഊദ്(റ) പറയുന്നു: അല്ലാഹു അടിമകളുടെ ഹൃദയങ്ങളിലേക്കു നോക്കി, അവയിൽനിന്ന് നബി(സ്വ)യുടെ ഹൃദയത്തെ ഉത്തമ ഹൃദയമായി കണ്ടു. അവിടത്തെ അവൻ നബിയും റസൂലുമായി നിയോഗിച്ചു. വീണ്ടും അടിമകളുടെ ഹൃദയങ്ങളെ നോക്കി, സ്വഹാബികളുടെ ഹൃദയത്തെ ഉത്തമ ഹൃദയങ്ങളായി കണ്ടു, അവരെ പ്രവാചകാനുചരൻമാരായി നിശ്ചയിച്ചു. അവർ സത്യമതത്തിനായി സമരം ചെയ്യുന്നു. മുസ്‌ലിംകൾ നല്ലതായി അഭിപ്രായപ്പെടുന്ന കാര്യം അല്ലാഹുവിങ്കലും ഉത്തമമാണ്. അവർ മോശമായിക്കണ്ട കാര്യം അല്ലാഹുവിങ്കലും ചീത്തയാണ് (അഹ്‌മദ്).
നബിമാരുടെ അനന്തരഗാമികളായി തുടർ പ്രവർത്തനത്തിന് അല്ലാഹു നിശ്ചയിച്ചത് ഉലമാഇനെ(പണ്ഡിതർ)യാണ്. ഉലമാഅ് നബിമാരുടെ അനന്തരാവകാശി(വറസത്ത്)കളാണ് (അബൂദാവൂദ്) എന്ന് ഹദീസിൽ വന്നിട്ടുണ്ട്. വിശാലമായ അർത്ഥതലങ്ങളുള്ള ഒരു വിശേഷണമാണ് വറസത്ത് എന്നത്. ഇക്കാലത്ത് ഇതിന്റെ ആശയം കൂടുതൽ വ്യക്തമാണ്. ഉലമാഇന്റെ മഹത്ത്വവും യോഗ്യതയും ബാധ്യതയും നിർവഹണ രീതികളും ഇതിൽ നിന്ന് കൃത്യമായി മനസ്സിലാക്കാനാവും. അറിവു നുകരാൻ അവസരം നൽകി, നബിമാരുടെ അനന്തരാവകാശികളാക്കി എന്നതാണ് ഇതിൽ ഏറ്റവും പ്രധാനം. പ്രബോധകനെന്ന നിലയിൽ തന്റെ നിലപാടുകളും രീതികളും ഏതു വിധത്തിലായിരിക്കണമെന്നതും ഈ വിശേഷണത്തിലടങ്ങിയിട്ടുണ്ട്.
വ്യത്യസ്ത സ്വഭാവികളും ശീലക്കാരുമായ ഒരു സമൂഹത്തെ പണ്ഡിതൻ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. അവരിലും പ്രബോധന ബാധ്യത നിർവഹിക്കേണ്ടതുണ്ടല്ലോ. അതിൽ ഒരു വീഴ്ചയും വന്നുകൂടാത്തതാണ്. ഇത്തരത്തിലുള്ള വീഴ്ചകൾ തന്റെ മഹത്ത്വത്തിന് പോറലേൽപ്പിക്കുന്നതാണെന്ന വിചാരം പണ്ഡിതനുണ്ടാവണം. പ്രവാചകരുടെ ഭൗതിക സമ്പത്താണ് അനന്തരമെടുത്തിരുന്നതെങ്കിൽ നിർദേശം പോലെ അത് വിനിയോഗിച്ചു തീർത്താൽ ബാധ്യത അവസാനിക്കും. എന്നാൽ ഇൽമാണ് അവിടത്തെ പൈതൃകസ്വത്ത്. വിജ്ഞാനം നുബുവ്വത്തിലൂടെ സമർപ്പിതമായ അറിവിന്റെ അംശമാണ്. അനുവർത്തിക്കുക എന്നതാണ് അടിസ്ഥാനപരമായി അറിവ് മൂലം നമുക്കുള്ള ബാധ്യത. അതിൽ ഒരു തരത്തിലുള്ള വീഴ്ചയും പാടില്ല. അതോടൊപ്പം പ്രധാനമായതാണ് ദഅ്‌വത്ത് അഥവാ പ്രബോധനം.
കാലാകാലങ്ങളിൽ ആവശ്യവും അനുയോജ്യവുമായ പ്രബോധന പ്രവർത്തനം നടത്താനും അറിവിന്റെ മറ്റു വിനിമയ മാർഗങ്ങൾ സ്വീകരിക്കാനും പണ്ഡിതർ ബാധ്യസ്ഥരാണ്. ഒപ്പം അറിവിന്റെ വർധനവും വികസനവും നടക്കണം. പണ്ഡിതനെ സംബന്ധിച്ചിടത്തോളം തന്റെ ആയുസ്സിലെ ഓരോ നിമിഷവും ഗുണകരവും ഫലപ്രദവുമാക്കാൻ കഴിയും. മരണാസന്ന വേളയിൽ സ്വഹീഹുൽ ബുഖാരി കയ്യിലെടുത്ത് പാരായണം ചെയ്തു ഇമാം ഗസ്സാലി(റ)യെന്ന് ചരിത്രം. പ്രബോധന പ്രവർത്തനത്തിനുള്ള സാധ്യതകൾ അവസാനിച്ച ഘട്ടത്തിലും അറിവന്വേഷണത്തിന്റെ തുടർച്ചയും ചർച്ചയും നടത്തിയ ഗുരുവര്യന്മാർ നമ്മുടെ അനുഭവത്തിൽ തന്നെയുണ്ടാകും. പ്രായാധിക്യവും രോഗാതുരതയും വരുത്തിയ ക്ഷീണം വകവെക്കാതെ ഗ്രന്ഥങ്ങൾ വായിക്കുന്നതിൽ സംതൃപ്തി കണ്ടെത്തി അവർ. ഇനിയും അറിവു നേടണമെന്ന മോഹം അവരുടെ മനസ്സിൽ തിളങ്ങി നിന്നു.
അമ്പിയാക്കളുടെ അനന്തരാവകാശികൾ എന്ന നിലയിൽ അവർ കാണിച്ച മാർഗവും പഠിപ്പിച്ച പാഠങ്ങളും തലമുറകൾക്ക് പകർന്നുകൊടുക്കാൻ പണ്ഡിതർ ബാധ്യസ്ഥരാണ്. താൻ നടത്തുന്ന പ്രവർത്തനങ്ങളുടെ വിജയത്തിനും സ്വീകാര്യതക്കും ഉതകുന്ന വ്യക്തിത്വം പണ്ഡിതനുണ്ടായിരിക്കേണ്ടതുണ്ട്. ചെറുപ്പം മുതലേ അത് രൂപപ്പെടുന്ന സാഹചര്യം ഉണ്ടാകണം.
നമ്മുടെ നാട്ടുനടപ്പനുസരിച്ച് ചെറുപ്രായത്തിൽ തന്നെ വിജ്ഞാനം തേടി അന്യനാടുകളിൽ ഗുരുനാഥന്മാർക്കൊപ്പം ഓതി ത്താമസിക്കാറുണ്ടല്ലോ. ഇൽമിന്റെയും ഇൽമിന്റെ ആളുകളുടെയും മഹത്ത്വം മനസ്സിലാക്കിയാണ് അവരെ കിതാബോതാനയക്കുന്നത്. അതുവഴി അവരുടെ ടീനേജ് കാലം മുതൽ വിജ്ഞാന സമ്പാദന ഘട്ടമാക്കി മാറ്റാൻ സാധിക്കുന്നു. പ്രായത്തിന്റെയും സാഹചര്യത്തിന്റെയും സ്വാധീനങ്ങളിൽ നിന്ന് പൊതുവെ മുക്തരായാണവർ ജീവിക്കുക. സമപ്രായക്കാരിൽ നിന്നു വ്യത്യസ്തമായ ജീവിത സംസ്‌കാരം ഉൾക്കൊണ്ടാണ് അവർ വളരുക. അങ്ങനെ ജീവിതത്തിലെ സുപ്രധാനമായ കാലഘട്ടം നല്ല കൂട്ടുകെട്ടിലും സഹവാസത്തിലും സാഹചര്യത്തിലും വളരുന്നു. അവരുടെ ദൗത്യ നിർവഹണത്തിനനുകൂലമായ പശ്ചാത്തലമാണിങ്ങനെ ഒരുങ്ങുന്നത്. മതവിദ്യാർത്ഥികളും അവരുടെ കുടുംബങ്ങളും ഗുരുനാഥൻമാരും അവരെ സംരക്ഷിക്കുന്ന നാട്ടുകാരും ചേർന്ന് വളരെ പ്രധാനപ്പെട്ട ഒരടിസ്ഥാന പ്രവർത്തനമാണ് നടത്തുന്നത്. ഭാവിയിൽ പ്രബോധകരാകേണ്ട ആളുകളെ അതിന് ഉപകാരപ്പെടും വിധം പാകപ്പെടുത്തുകയാണ് ദർസ് സംവിധാനം. പ്രായക്കുറവിന്റെ സ്വാഭാവിക ചാപല്യങ്ങൾ ചിലപ്പോൾ പ്രകടമായാലും ബോധവും വിവരവും അനുഭവവും നേടുമ്പോൾ അത് തിരുത്തപ്പെടും. അങ്ങനെ പ്രബോധനം ഒരു കേവല ബാധ്യതയല്ല. തന്റെ ജീവിത ദൗത്യവും മഹാപുണ്യവുമാണെന്ന തിരിച്ചറിവ് നേടി കർമരംഗത്തിറങ്ങാനവർക്ക് കഴിയും.
നബിമാരെല്ലാം മാതൃകാജീവിതം നയിച്ചവരാണ്. പ്രബോധകരും അവരെ പോലെ മാതൃകാ ജീവിതം നയിക്കുന്നവരാകണം. അപ്പോഴാണ് അവരെ അനുകരിക്കാനും അനുധാവനം ചെയ്യാനും സമൂഹത്തിന് പ്രചോദനമുണ്ടാവുക. പ്രബോധനം ചെയ്യുന്ന കാര്യങ്ങൾ സ്വീകാര്യത കൈവരിക്കുന്നതിൽ ഇതിന് വലിയ പങ്കുണ്ട്. കുറ്റങ്ങളും കുറവുകളും പ്രബോധകരുടെ സ്വീകാര്യത കുറക്കും. അമ്പിയാക്കളിൽ നിന്ന് പാപമായി എണ്ണാവുന്ന ഒന്നും സംഭവിക്കാതെ അല്ലാഹു അവരെ സംരക്ഷിച്ചത് ഇതുകൊണ്ടാണ്.
പ്രവാചകൻമാരുടെ ജീവിത പാഠങ്ങൾ അനുധാവനം ചെയ്തുകൊണ്ടാണ് എക്കാലത്തെയും പ്രബോധകർ ദൗത്യം നിർവഹിക്കേണ്ടത്. പൂർവികരായ പ്രബോധകരുടെ യോഗ്യതകളിൽ സുപ്രധാനം അവരുടെ മാതൃകാജീവിതമായിരുന്നുവല്ലോ. ഞാൻ ചെയ്യുന്നതുപോലെ പോലെ നിങ്ങളും ചെയ്യുക, എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് പ്രബോധകന് പറയാൻ സാധിക്കണം. എങ്കിൽ പ്രബോധിതർക്ക് ഉൾക്കൊള്ളാൻ എളുപ്പമാവും. മറിച്ച്, ഞാൻ പറയുന്നതു പോലെ നിങ്ങൾ പ്രവർത്തിക്കുക, ഞാൻ ചെയ്യുന്നത് പോലെ നിങ്ങൾ പ്രവർത്തിക്കരുത് എന്ന് പറയേണ്ട അവസ്ഥയായിക്കൂടാ. അങ്ങനെ വന്നാൽ പ്രബോധിത സമൂഹത്തിൽ നിന്ന് നിഷേധവും ധിക്കാരവും മാത്രമേ പ്രതീക്ഷിക്കാനാവൂ.
അല്ലാഹുവിന്റെ ദൂതരിൽ നിങ്ങൾക്ക് ഉത്തമമായ മാതൃകയുണ്ട്. അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്ന, അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്നവർക്കാണിത് (അൽഅഹ്‌സാബ്). അമ്പിയാക്കൾ അങ്ങനെയായില്ലെങ്കിൽ സമൂഹം അവരെ അംഗീകരിക്കാൻ കൂട്ടാക്കുകയില്ല. അപ്രകാരം തന്നെ അവരുടെ പിൻഗാമികളായി വരുന്നവരും മാതൃകായോഗ്യരായിരിക്കണം. കാരണം, പഠിച്ചറിയുന്നതിനേക്കാൾ മാതൃകകളെ സ്വീകരിച്ച് പിന്തുടരുന്ന രീതിയാണ് സമൂഹത്തിൽ പൊതുവെ കാണപ്പെടുന്നത്. വിജ്ഞാനം നേടാനുള്ള അവസരങ്ങൾ എല്ലാവർക്കുമുണ്ടെങ്കിലും അവ ഉപയോഗപ്പെടുത്തുന്നില്ല എന്നതാണ് സമൂഹത്തിന്റെ ഇപ്പോഴത്തെ സ്ഥിതി. അതുകൊണ്ടു തന്നെ തങ്ങൾക്ക് അനുകരണീയമായ ഒരു മാതൃക മുന്നിലുണ്ടെങ്കിൽ അത് അവരെ സ്വാധീനിക്കും. സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ മുന്നിൽ നിൽക്കുന്നവരാണ് അവർക്ക് മാതൃകയാവുക. ജനങ്ങൾ മാതൃകയാക്കുന്നവരായതിനാൽ ഉലമാഉും ഉമറാഉും മാതൃകായോഗ്യരായേ പറ്റൂ. സമൂഹത്തിൽ അവർക്കുള്ള അംഗീകാരവും സ്വീകാര്യതയും ഇതിനു പ്രേരകമാണ്. അവർക്കു സംഭവിക്കുന്ന പാളിച്ചകൾ ചെറുതാണെങ്കിൽ പോലും പ്രത്യാഘാതം വലുതായിരിക്കും.
ഔപചാരിക വിദ്യാഭ്യാസത്തിന്റെ കുറവ് കാരണമായി തള്ളേണ്ടതും കൊള്ളേണ്ടതും വിവേചിച്ചറിയാൻ കഴിയാത്ത സ്ഥിതി പൊതുവെ സമൂഹത്തിലുണ്ട്. അറിവ് നേടാത്തതു കൊണ്ടല്ലേ എന്നു സമാധാനിക്കാൻ പ്രബോധകനാവില്ല. അവരെ ബോധവൽക്കരിക്കാനുള്ള ബാധ്യതയിൽ നിന്ന് നമ്മൾ ഒഴിവാകുകയുമില്ല. ഇങ്ങനെ ഒരു ബാധ്യത നിലനിൽക്കെ, തെറ്റായ സന്ദേശം നൽകുന്ന ജീവിതമാണ് പ്രബോധകന്റേതെങ്കിൽ കുറ്റം ഗൗരവതരമാണെന്ന് പറയേണ്ടതില്ല.
അറിവില്ലായ്മ കൊണ്ട് ഒരുപക്ഷേ അവർ രക്ഷപ്പെട്ടേക്കാം. എന്നാൽ, തന്നെ മാതൃകയാക്കി ചെയ്ത തെറ്റുകൾക്ക് അവനു പങ്കുകാരനാവാതിരിക്കില്ലല്ലോ. ജീവിതത്തിൽ തള്ളേണ്ടതും കൊള്ളേണ്ടതും വേർതിരിച്ച് വ്യക്തമാക്കിയാൽ പോലും തെറ്റായ സന്ദേശമാണ് സമൂഹത്തിലെത്തുക. സൗകര്യം പോലെ സ്വീകരിക്കുകയും തിരസ്‌കരിക്കുകയും ചെയ്യാവുന്നതാണ് മതനിയമങ്ങളെന്ന് മനസ്സിലാക്കും. അതുകൊണ്ട് തന്നെ പ്രബോധകൻ, സമൂഹം സ്വീകരിച്ചു കൂടാത്ത ഒന്നിന്റെയും ആളാവരുത്. ശരിയല്ല എന്ന് സമൂഹത്തിന് ബോധ്യമുള്ള കാര്യങ്ങൾ പലതും മറ്റുള്ളവരെ അനുകരിച്ചും അവരോട് മത്സരിച്ചും കൊണ്ടാടുന്ന കാലമാണിത്. ഉപദേശകനെ തിരസ്‌കരിക്കാൻ ന്യായവും കാരണവും തേടുന്ന ചിലരെങ്കിലും സമൂഹത്തിലുണ്ടെന്ന് പ്രബോധകനോർക്കണം. പ്രബോധകന്റെ ദൗർബല്യവും ന്യൂനതയും പ്രബോധിത സമൂഹത്തിൽ തെറ്റായി പ്രതിഫലിക്കാതിരിക്കാനുള്ള ജാഗ്രത നാം ഓർക്കാതിരിക്കരുത്.

അലവിക്കുട്ടി ഫൈസി എടക്കര

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ