തബ്ലീഗ് എന്നാല്‍ വിശുദ്ധ ഇസ്ലാമിനെ പ്രചാരണം ചെയ്യുകയെന്നര്‍ത്ഥം. മതം പ്രോത്സാഹിപ്പിക്കുകമാത്രമല്ല കല്‍പ്പിക്കുക കൂടി ചെയ്ത പുണ്യകര്‍മം. നാം സ്നേഹിക്കുന്ന, സ്നേഹിക്കേണ്ട, പലകാരണങ്ങളാല്‍ സ്നേഹിക്കുകതന്നെ വേണമെന്ന നിര്‍ദേശമുള്ള അമുസ്ലിം സുഹൃത്തുക്കള്‍ക്ക് നാം മനസ്സിലാക്കിയ സത്യം പറഞ്ഞു കൊടുക്കാതിരിക്കാന്‍ ആര്‍ക്കു സാധിക്കും? അവരോടുള്ള ഗുണകാംക്ഷനിര്വഹിക്കലാണു പ്രബോധന പ്രവര്‍ത്തനങ്ങള്‍.
ഇസ്ലാമിക പ്രബോധനത്തിന്റെ ഒന്നാം അവകാശികള്‍ എന്തു കൊണ്ടും അമുസ്ലിംകളാണ്. ഏകദൈവം, പരലോകം, സ്വര്‍ഗം, നരകം, വിചാരണ പോലുള്ള മതപാഠങ്ങളൊക്കെയും അടിസ്ഥാനപരമായി അവരുടെ ഗ്രന്ഥങ്ങളും പഠിപ്പിക്കുന്നുണ്ട്. സത്യത്തില്‍ അതേകുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍ തന്നെയും ഇസ്ലാമിക ദര്‍ശനങ്ങളുടെ പ്രബോധനമാണാവുക. ഈ രംഗത്ത് തീരെ കണ്ടുകിട്ടാത്ത ഒരു പ്രബോധനക്കാരുണ്ട് ഇവിടെ. തബ്ലീഗുകാര് എന്നു സ്വയം പേരിട്ടു നടക്കുന്ന ചിലര്‍. പക്ഷേ, ഇവരുടെ പ്രബോധന മേഖല പാരമ്പര്യ മുസ്ലിംകളില് കേന്ദ്രീകരിക്കുന്നു. എന്നു തന്നെയല്ല, പള്ളിയില്‍ നിസ്കരിക്കാനെത്തിയ വരെയും ഇരുപത് റക്അത്ത് തറാവീഹും പതിനൊന്ന് വിത്റും ഇശാഉം റവാത്തിബുമൊക്കെ നിസ്കരിച്ചു തളര്‍ന്നിരിക്കുന്നവരെ സമീപിച്ച് നിസ്കരിക്കാന്‍ പറയുകയാണ് ഇവരുടെ പ്രബോധനം. ഇത് ഒന്നാം ഘട്ടം. പിന്നെ താടിയും പത്രാസും പുഞ്ചിരിയും സമ്പത്തുമൊക്കെ കണ്ട് ഇവരോടൊപ്പം ചുറ്റാന്‍ തീരുമാനിച്ചവര്‍ക്ക് പടിപടിയായി ബിദ്അത്ത് കുത്തിക്കേറ്റുകയാണ് ചെയ്യുക.
ഇങ്ങനെയുള്ള വഞ്ചനാത്മക പ്രവര്‍ത്തനങ്ങള്‍ പോരിശയാര്‍ന്ന കര്‍മമായി ചില സാധുജനങ്ങള്‍ തെറ്റിദ്ധരിച്ചിരിക്കുന്നു. 40 ദിവസം വീടു വിട്ടു നിന്നാല്‍ ഒന്നും സംഭവിക്കാത്ത വിധം സാമ്പത്തികസുരക്ഷാഭദ്രതയുള്ളവര്ക്ക് ഒരു നേരം പോക്ക് എന്നതിനപ്പുറം പ്രസക്തിയൊന്നും ഇതിനില്ല. മുസ്ലിംകള്ക്ക് ശരിയായ മതം പഠിപ്പിക്കുന്നത് ദഅവത്താവുകയില്ലെന്നല്ല പറഞ്ഞുവരുന്നത്. അതിനും അതിന്റെതായസാധ്യതകളുണ്ട്. പുണ്യകരവുമാണത്. പക്ഷേ, ഇതിന്റെ മറവില്‍ മുസ്ലിം സമൂഹത്തിലേക്ക് ബിദ്അത്തും വിശ്വാസ വൈകൃതങ്ങളും കയറ്റുമതി ചെയ്യാനുള്ള പാലമായിത്തീരുന്നത് എത്രന്യായം പറഞ്ഞാലും അംഗീകരിക്കാനാവാത്തതാണ്. ആഖിറത്തെ കുറിച്ച് ഭയക്കുന്നവര്‍ സഗൗരവം ചിന്തിക്കേണ്ടതാണിക്കാര്യം.