‘താങ്കളൊരു മഹാപ്രവാചകനാണെങ്കിൽ പോലും കേവലം വ്യക്തിപരമായ താൽപര്യമനുസരിച്ച് മതവിധി പറയാനോ പ്രമാണങ്ങളിൽ ഇടപെടാനോ അർഹതയുണ്ടാവില്ല.’ ഇതൊരു വിശ്വാസിയുടെ അമിതാവേശത്തോടെയുള്ള വാചകമടിയല്ല. വിശുദ്ധ ഖുർആന്റെ പ്രഖ്യാപനമാണ്.
നമ്മുടെ വിശുദ്ധ വചനങ്ങൾ അവർക്ക് മുന്നിൽ ഓതിക്കേൾപ്പിക്കുമ്പോൾ നമ്മെ അഭിമുഖീകരിക്കണമെന്ന ബോധമില്ലാത്തവർ പറയുന്നു: ‘താങ്കൾ മറ്റൊരു ഖുർആൻ കൊണ്ടുവരൂ, അല്ലെങ്കിൽ അതൊന്നു പരിഷ്‌കരിക്കൂ. താങ്കൾ പ്രഖ്യാപിക്കുക; എന്റെ താൽപര്യപ്രകാരം ഇത് പരിഷ്‌കരിക്കാൻ എനിക്ക് നിർവാഹമില്ല. എനിക്ക് ലഭിക്കുന്ന അലൗകിക ജ്ഞാനം മാത്രമാണ് ഞാൻ അനുഗമിക്കുന്നത്. എന്റെ നാഥനെ ഞാൻ ധിക്കരിക്കുന്നപക്ഷം മഹാസുദിനത്തിലെ കഠിന നടപടി ഞാൻ ആശങ്കപ്പെടുന്നു’ (സൂറത്ത് യൂനുസ് 15).
ഒരു പ്രവാചകനു പോലും ഇസ്‌ലാമിക പ്രമാണങ്ങളിൽ അനവസരത്തിൽ ഇടപെടാനാകില്ലെന്ന് മാത്രമല്ല, അത്തരം നീക്കങ്ങൾ കഠിന ശിക്ഷയെ വിളിച്ചുവരുത്തുന്ന പാതകമാണെന്നും ഖുർആൻ അസന്ദിഗ്ധമായി വ്യക്തമാക്കുകയാണിവിടെ. എങ്കിൽ പിന്നെ മൗലവിമാർക്കോ ശരീഅത്തിന്റെ എബിസിഡി അറിയാത്ത വക്കീലിനോ ഏതെങ്കിലും ജഡ്ജിക്കോ കലക്ടർക്കോ ഖുർആനിലും ഇസ്‌ലാമിക പ്രമാണങ്ങളിലും ഇടപെടാൻ എന്തു ന്യായം, എന്തർഹത? ഒന്നുമില്ല. പൊന്നുരുക്കുന്നിടത്ത് പൂച്ചക്ക് ഒന്നും ചെയ്യാനില്ല. അധികാര ദുർവിനിയോഗത്തിലൂടെയോ കാടത്തരത്തിലൂടെയോ അത്തരം ഇടപെടൽ നടത്തിയേക്കാമെങ്കിലും ധാർമികമായോ ആത്മീയമായോ അതിന് യാതൊരു ന്യായീകരണവുമില്ല.
ഖുർആനിൽ മാത്രമല്ല തൗറാത്ത്, ഇഞ്ചീൽ തുടങ്ങി ഏതൊരു വേദത്തിന്റെയും സ്ഥിതി ഇതുതന്നെയാണ്. അല്ലാഹു വ്യക്തമാക്കുന്നു: ‘തീർച്ച, നാം തൗറാത്ത് അവതരിപ്പിച്ചിട്ടുണ്ട്. അതിൽ മാർഗദർശനവും വെളിച്ചവുമുണ്ട്. വിശുദ്ധ പ്രവാചകന്മാർ അതടിസ്ഥാനമാക്കി സന്മാർഗികൾക്കായി വിധി പ്രഖ്യാപിക്കുന്നു. മാത്രമല്ല, ആത്മജ്ഞാനികളും മതപണ്ഡിതരും അല്ലാഹുവിന്റെ വേദത്തെ സംരക്ഷിക്കാൻ ഉത്തരവാദപ്പെട്ടവരാണെന്നതിനാൽ അവർ അതനുസരിച്ച് വിധി പറയുന്നു. അവരതിന് സത്യസാക്ഷികളുമാണ്. അതിനാൽ നിങ്ങൾ ജനങ്ങളെയല്ല ഭയപ്പെടേണ്ടത്. എന്നെയാണ് ഭയക്കേണ്ടത്. എന്റെ പരിമേയ കൽപനകളെ നിങ്ങൾ ഹീന വിലയ്ക്ക് വിൽപ്പന നടത്തരുത്. അല്ലാഹു അവതരിപ്പിച്ചത് പ്രകാരം നിയമം പാലിക്കാത്തവർ നിഷേധികളാണ് (സൂറത്ത് മാഇദ 44).
പ്രവാചകന്മാർക്ക് പുറമെ ജ്ഞാനവും വിശുദ്ധിയും നിലനിർത്തുന്ന പണ്ഡിതവരേണ്യർ മാത്രമേ ഇസ്‌ലാമിക പ്രമാണങ്ങൾ വിശദീകരിക്കാവൂ എന്ന കൽപ്പന സുവ്യക്തം. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കോടതിയും മതവിധി പറയാൻ അർഹരല്ല.
മതപണ്ഡിതരെ അവഗണിച്ച് മറ്റുള്ളവരുടെ ആജ്ഞാനുവർത്തികളായി ജനങ്ങൾ മാറുന്ന കാലഘട്ടം ശാപമാണെന്നാണ് നബി(സ്വ) വിലയിരുത്തുന്നത്. അത്തരമൊരു കെട്ടകാലത്ത് വിശ്വാസിയുടെ ജീവിതം ദുസ്സഹമായിത്തീരുമെന്നും അവിടന്ന് വ്യക്തമാക്കി.
പണ്ഡിതരെ അവഗണിച്ച് അനർഹർ എടുത്തുചാടി മതവിധി പറയുന്ന സ്ഥിതിവിശേഷം സംജാതമാകുമെന്ന് നബി(സ്വ) ദീർഘദർശനം ചെയ്തിട്ടുണ്ട്, കരുതിയിരിക്കണമെന്ന് ഉദ്‌ബോധിപ്പിച്ചിട്ടുണ്ട്. നബി(സ്വ) പറയുന്നു: വഞ്ചന നിറഞ്ഞ കാലഘട്ടം ജനങ്ങൾക്ക് വരിനിരിക്കുന്നു. അന്ന് കള്ളം പറയുന്നവർ അംഗീകരിക്കപ്പെടും. സത്യസന്ധർ അവഗണിക്കപ്പെടും. വഞ്ചകർ വിശ്വസിക്കപ്പെടുകയും വിശ്വസ്തർ വഞ്ചിക്കപ്പെടുകയും തരംതാണവർ വാചകമടിക്കുകയും ചെയ്യും (അഹ്‌മദ്, ഇബ്‌നുമാജ 4042).
മുസ്‌ലിം സമുദായത്തെ ഭിന്നിപ്പിച്ച ഇസ്തിഗാസാ വിരോധം അത്തരമൊരു സ്ഥിതിവിശേഷത്തിലാണ് സംജാതമായത്. ഇസ്തിഗാസ ശിർക്കാണെന്നോ തെറ്റാണെന്നോ വ്യക്തമായ ഒരു പരാമർശവും വിശുദ്ധ ഖുർആനിലില്ല, ലക്ഷക്കണക്കായ ഹദീസുകളിൽ എവിടെയും അങ്ങനെയില്ല. ഖുർആൻ കഴിഞ്ഞാൽ വിശ്വാസികൾക്ക് ഏറ്റവും സ്വീകാര്യമായ ആറ് ഹദീസ് ഗ്രന്ഥങ്ങളിലോ അവയിലെ ഏതെങ്കിലുമൊരു അധ്യായത്തിലോ ഇല്ലാത്ത ഇസ്തിഗാസാ വിരോധം എത്രയെത്ര സാധാരണക്കാരാണ് വലിയ ആദർശമായി തലയിലേറ്റി നടക്കുന്നത്?! പണ്ഡിതരെ അനുഗമിക്കുന്നതും അനുസരിക്കുന്നതുമാണ് കരണീയം.
തിരുനബി(സ്വ) ഉണർത്തി: നമ്മുടെ ആദരണീയരെ ആദരിക്കാത്തവരോ ചെറിയവരോട് കരുണ കാണിക്കാത്തവരോ നമ്മിലെ മതപണ്ഡിതന്മാർക്കുള്ള അവകാശം വകവെച്ചു കൊടുക്കാത്തവരോ നമ്മിൽ പെട്ടവരല്ല (ത്വബ്‌റാനി, അഹ്‌മദ്). വിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനെ കരുതി ജീവിക്കുക. നിങ്ങൾ സത്യസന്ധരുടെ കൂടെ നിൽക്കുക (സൂറത്തുത്തൗബ 119).

 

സുലൈമാൻ മദനി ചുണ്ടേൽ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ