ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സ്ത്രീകൾ പറയുന്നതും ആത്മഹത്യ ചെയ്തവർ എഴുതിവച്ച കുറിപ്പുകളിലുള്ളതും പ്രധാനമായും ഒരേ കാര്യമാണ്: ‘എന്നെ ആരും മനസ്സിലാക്കുന്നില്ല/ ഞാൻ ഒറ്റപ്പെടുന്നു/ എന്നെ ആരും പരിഗണിക്കുന്നില്ല’.
വിശ്വാസിനികളായ സ്ത്രീകൾ ഈമാന്റെ ഊർജം അൽപമെങ്കിലും ഉള്ളതുകൊണ്ട് പിടിച്ചുനിൽക്കുമെങ്കിലും സമാനമായ പല ഘട്ടങ്ങളിലൂടെയും അവരും കടന്നുപോകുന്നുണ്ട്. ഒരു സ്ത്രീ എങ്ങനെയാണ് ഇത്തരം മാനസികാവസ്ഥകളിൽ എത്തുന്നതെന്നും അത്തരം ഘട്ടങ്ങളിൽ പുരുഷന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ട പരിഹാരങ്ങളും സമീപനങ്ങളും എന്തായിരിക്കണമെന്നും പരിശോധിക്കുന്നത് സന്ദർഭോചിതമാണ്.
മാനസികമോ ശാരീരികമോ ജോലി സംബന്ധമോ സാമ്പത്തികമോ ആയ എന്തു പ്രശ്‌നമുണ്ടായാലും അത് സ്ത്രീയും പുരുഷനും കൈകാര്യം ചെയ്യുന്ന രീതികളിൽ വ്യത്യാസമുണ്ട്. പുരുഷൻ ആഗ്രഹിക്കുന്ന അതേ പരിഹാരമല്ല സ്ത്രീ ആഗ്രഹിക്കുന്നത്. പരമ പ്രധാനമായ ഈ മന:ശാസ്ത്ര വ്യത്യാസങ്ങൾ അറിഞ്ഞു പെരുമാറാൻ പുരുഷന്മാർക്ക് സാധിച്ചാൽ നീറിപ്പുകയുന്ന മനസ്സുമായി ജീവിക്കുന്ന എത്രയോ ഭാര്യമാർക്ക് ആശ്വാസം പകരാൻ ഭർത്താക്കൾക്ക് കഴിയും.
ജോലിസംബന്ധമായോ സാമ്പത്തികമായോ സാമൂഹികമായോ തന്നെ ബാധിക്കുന്ന പ്രശ്‌നങ്ങളുണ്ടാകുമ്പോൾ പുരുഷൻ അത് എങ്ങനെയാണ് പരിഹരിക്കുന്നതെന്ന് നോക്കാം. ഇത്തരം പ്രതിസന്ധികൾ സ്വയം പരിഹരിക്കുവാനാണ് പുരുഷൻ ശ്രമിക്കുക. മറ്റുള്ളവരോട് അത് പറയുന്നതിൽ പൊതുവെ അവർ താൽപര്യം കാണിക്കില്ല. മറ്റുള്ളവരോട് തന്റെ പ്രശ്‌നപരിഹാരത്തിന് സഹായം തേടുന്നതൊരു കുറച്ചിലാണെന്ന ചിന്തയാണ് ഇതിന് കാരണമെന്ന് മന:ശാസ്ത്ര വിദഗ്ധർ പറയുന്നു. പ്രശ്‌നങ്ങളുണ്ടാകുമ്പോൾ സ്വയം പരിഹാരം കണ്ടെത്തി അതിൽ ത്രിൽ കണ്ടെത്തുന്ന കൂട്ടത്തിലാണ് പൊതുവെ പുരുഷന്മാർ.
താൻ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്ന അത്രയും സമയം, അല്ലെങ്കിൽ ദിവസങ്ങൾ പുരുഷന്മാർ പൊതുവെ മൗനിയായി ഇരിക്കും. പുറത്തേക്കുള്ള സംസാരം, കളി ചിരി, തമാശകൾ, കുടുംബത്തോടൊപ്പം സമയം ചെലവിടൽ എന്നിവ കുറയും. പ്രശ്‌നത്തിന്റെ ഗൗരവത്തിനനുസരിച്ച് ചിലപ്പോൾ ഈ സംഗതികൾ പൂർണമായും ഇല്ലാതായെന്നും വരാം. ആ പ്രശ്‌നത്തെ കുറിച്ച് ആലോചിച്ച് ഒരു പരിഹാരത്തിൽ എത്തുന്നതുവരെ ഇത് തുടരും. സ്വയം പരിഹരിക്കാൻ ഒരു നിലക്കും സാധിക്കുന്നില്ലെങ്കിൽ വീട്ടിൽ പറയുന്നതിനു പകരം മിക്കവാറും സുഹൃത്തിനോടോ അല്ലെങ്കിൽ ആ വിഷയത്തിൽ സഹായിക്കാൻ കഴിയുന്ന വിദഗ്ധരോടോ (പണ്ഡിതന്മാർ, നിയമവിദഗ്ധർ, കൗൺസിലർമാർ, ബിസിനസ് കൺസൾട്ടന്റ്) ആയിരിക്കും പങ്കുവെക്കുക. എന്നിട്ടും പരിഹാരമില്ലെങ്കിൽ ഔട്ടിംഗിന് പോവുക, മത്സ്യം പിടിക്കാൻ പോവുക, ചാടിക്കുളിക്കാൻ പോവുക തുടങ്ങി എന്തെങ്കിലും പ്രവർത്തനങ്ങളിലൂടെ ഇതിൽ നിന്ന് മനസ്സ് മാറ്റാനുള്ള ശ്രമങ്ങളും പുരുഷൻ നടത്തും.
പ്രശ്‌നപരിഹാരത്തിന് ഭാര്യ എത്രമാത്രം സഹകരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഭർത്താവിന് വിജയം കൈവരിക്കാനാവുക. ആ സമയത്ത് ഭാര്യയിൽ നിന്ന് മാറിനിൽക്കാനും ഒറ്റക്കിരിക്കാനും സ്വസ്ഥമായി ആലോചിക്കാനും ഭർത്താവിനെ സമ്മതിക്കുകയും കുടുംബ വിഷയങ്ങൾ, മറ്റു കാര്യങ്ങൾ എന്നിവ സംസാരിച്ചു ഇടപെടലുകൾ നടത്താതിരിക്കുകയും ചെയ്യുക എന്നതാണ് ഭാര്യ ചെയ്യേണ്ടത്. അത്തരം ഘട്ടങ്ങളിൽ ഭർത്താവ് തന്നോടൊപ്പം ഇരിക്കണമെന്നും ഒന്നിച്ച് സമയം ചെലവിടണമെന്നും ആഗ്രഹിക്കാതിരിക്കുകയും ചെയ്യേണ്ടതുണ്ട്.
‘എനിക്കൊരു പ്രശ്‌നമുണ്ട്’ എന്ന് ഭാര്യയോട് പറഞ്ഞില്ലെങ്കിലും ഇത്തരം ലക്ഷണങ്ങൾ കാണുമ്പോൾ കാര്യപ്രാപ്തിയുള്ള ഭാര്യക്ക് അത് മനസ്സിലാക്കാൻ സാധിക്കണം. ‘ഞാൻ ഒരു വിഷയത്തിൽ കാര്യമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്, എനിക്ക് അൽപം സമയം തരൂ’ എന്ന് ഭാര്യയോട് പറയുന്നതും ഗുണം ചെയ്യും. അങ്ങനെ വിഷയത്തിന്റെ തീവ്രത അനുസരിച്ച് ഏതാനും മണിക്കൂറുകളോ ദിവസങ്ങളോ ഒക്കെ എടുത്ത് പരിഹാരം കണ്ട്, അല്ലെങ്കിൽ അതിൽ നിന്നു ശ്രദ്ധ തെറ്റിക്കാൻ സഹായിക്കുന്ന കാര്യങ്ങൾ ചെയ്ത് വീണ്ടും ഭാര്യയുമൊത്തു സാധാരണ പോലെ ജീവിക്കുകയാണ് ഭർത്താവിന്റെ രീതി.
ഏതൊരവസ്ഥയിലും നന്മയുണ്ടെന്നും വിജയവഴി റബ്ബ് കാണിച്ചുതരുമെന്നുമുള്ള ചാഞ്ചാട്ടമില്ലാത്ത തവക്കുൽ ജീവിതത്തിൽ നിലനിർത്തിപ്പോരുന്ന വിശ്വാസികൾ ഏത് പ്രതിസന്ധികൾ വന്നാലും അതൊന്നും ബാധിക്കാതെ ‘കൂൾ’ ആയി മുന്നോട്ടു പോകും. തവക്കുലിന്റെയും റബ്ബിന്റെ വിധിയിലുള്ള പൂർണ തൃപ്തിയുടെയും ഫലമാണത്.
വിഷമം ഉണ്ടായിട്ട് അത് സഹിക്കുന്നതല്ല, പകരം മുകളിൽ പറഞ്ഞ ഉറച്ച മാനസികാവസ്ഥ ഉള്ളതുകൊണ്ട് പ്രശ്‌നങ്ങൾ ഒട്ടും ബാധിക്കാതെ മുന്നോട്ടു പോകാൻ സാധിക്കുന്ന നല്ല മനുഷ്യരാണ് അവർ. ആ കൂട്ടത്തിൽ ഉൾപ്പെടാൻ ഭക്തിയുള്ള നിസ്‌കാരവും മനസ്സറിഞ്ഞ ദിക്‌റും പ്രാർത്ഥനയും പ്രവാചകർ(സ്വ)യോടുള്ള അടങ്ങാത്ത പ്രണയത്തോടെയുള്ള സ്വലാത്തുകളും ആവശ്യമാണ്. അത് നമ്മുടെ ഖൽബിന്റെ നൂറ്(ഈമാനിക പ്രഭ) വർധിപ്പിച്ച് നമ്മെ അത്തരം അവസ്ഥയിലെത്തിക്കും. ഈയൊരു വിഭാഗത്തിൽ പെടാത്ത ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ആളുകളുടെ പ്രശ്‌നപരിഹാര പ്രക്രിയകളെ കുറിച്ചാണ് ഇതുവരെ പറഞ്ഞതെല്ലാം.
ഇനി ഇത്തരം ഘട്ടങ്ങളിൽ സ്ത്രീകൾ എങ്ങനെയാണ് പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും പുരുഷന്റെ ഭാഗത്തു നിന്ന് എന്തൊക്കെയാണ് അവർ ആഗ്രഹിക്കുന്നതെന്നും നോക്കാം. തന്റെ പ്രശ്‌നങ്ങൾ ആരോടും പറയാതെ ഒറ്റക്ക് പരിഹാരം കണ്ടെത്തുന്നതിൽ സന്തോഷം കണ്ടെത്തുന്നവനാണ് പുരുഷനെങ്കിൽ സ്ത്രീ നേർവിപരീതമാണ്. തന്നെ മനസ്സിലാക്കുന്ന ആരോടെങ്കിലും അത് പറയുമ്പോഴാണ് അവർക്ക് സമാധാനം കിട്ടുന്നത്. ഭർത്താവിന്റെ ഉമ്മ, സഹോദരങ്ങൾ, സഹോദര ഭാര്യമാർ തുടങ്ങി ആരുമായി ബന്ധപ്പെട്ട കാര്യങ്ങളാണെങ്കിലും ഇതൊന്നുമല്ലാത്ത കുടുംബത്തിലെ ആർക്കെങ്കിലുമുള്ള രോഗങ്ങൾ, പ്രതിസന്ധികൾ തുടങ്ങിയവയാണെങ്കിലും അതെല്ലാം ഉൾക്കൊണ്ടുകൊണ്ട് പ്രതികരിക്കുന്ന ഒരാൾ ഇപ്പുറത്തുണ്ടെങ്കിൽ വലിയ ആശ്വാസമായിരിക്കും സ്ത്രീകൾക്ക്. സംഭവം ഒരാൾ മനസ്സിലാക്കി സംസാരിച്ചാൽ തന്നെ അവരുടെ മനസ്സിലെ ഭാരം കുറേ പോയിക്കിട്ടും.
ഭാര്യമാർ ഇത്തരം ഘട്ടത്തിൽ വിഷമങ്ങൾ പങ്കുവെക്കുമ്പോൾ കേൾക്കാൻ തയ്യാറാവാതെ അവരെ നിസ്സാരപ്പെടുത്തി സംസാരിക്കുന്ന ഭർത്താക്കന്മാർ പിന്നീട് വലിയ വില കൊടുക്കേണ്ടിവരും. കാരണം ഇത് ആവർത്തിക്കപ്പെട്ടാൽ സ്ത്രീയുടെ മാനസികാരോഗ്യം തകരുകയും കുടുംബം ഭാരമായി മാറുകയും ചെയ്യും. ‘ഇവൾ പരാതി പറയുകയാണ്/എന്നും പരാതി തന്നെ’ എന്ന സെൻസിൽ കാര്യങ്ങൾ എടുക്കുന്നത് കൊണ്ടാണ് പലപ്പോഴും പുരുഷന്മാർക്ക് അത് ശ്രദ്ധാപൂർവം കേൾക്കാൻ സാധിക്കാത്തത്. സത്യത്തിൽ അവൾ പരാതി പറയുകയല്ല, വിഷമം പങ്കുവെക്കുകയാണ്. ഭാര്യ താനുമായി വിഷമങ്ങൾ പങ്കുവെക്കുകയാണെന്നും അതിലൂടെ അവൾ സമാധാനപ്പെടുകയാണ് എന്നും മനസ്സിലാക്കി ശ്രദ്ധയോടെ എല്ലാം കേൾക്കാൻ ഭർത്താവ് തയ്യാറായാൽ തന്നെ പരിഹാരമായി.
ഭാര്യ വിഷമങ്ങൾ ഷെയർ ചെയ്യുമ്പോൾ ഭർത്താക്കന്മാർ വരുത്തുന്ന ആറ് അബദ്ധങ്ങൾ പറയാം:
1. Prejudice (മുൻധാരണയോടെ സംസാരിക്കുക).
തന്നോട് സങ്കടം/വിഷമം പങ്കുവെക്കാൻ വരുന്ന ഭാര്യയെ കാണുമ്പോൾ തന്നെ ‘ദാ വരുന്നു പരാതിക്കൊട്ട, എന്നെ എടങ്ങേറാക്കാൻ’ എന്ന ചിന്തയിൽ സമീപിക്കുക. അല്ലെങ്കിൽ ‘ഇന്നെന്താണാവോ പ്രശ്‌നം’ തുടങ്ങി പറയാൻ തുടങ്ങുമ്പോഴേ നിരുത്സാഹപ്പെടുത്തുക. ഇങ്ങനെയൊക്കെ ഭർത്താവ് പ്രതികരിച്ചാൽ സ്ത്രീയുടെ പ്രശ്‌നങ്ങൾ വർധിക്കും.
2. Understimating her Issue (ഭാര്യയുടെ പ്രശ്‌നം ചെറുതായി കാണുന്നു).
‘ഇതിനാണോ നീ ഇത്ര വിഷമിച്ചത്, സങ്കടപ്പെടുന്നത്; ഇത് സങ്കടപ്പെടേണ്ട കാര്യമൊന്നുമല്ല, ഇതൊക്കെ ചെറുത്’ എന്ന രീതിയിലുള്ള സമീപനം. നമുക്ക് ചെറുതായി തോന്നാമെങ്കിലും അനുഭവിക്കുന്നവർക്ക് അത് വലുത് തന്നെയായിരിക്കും. ഇതിനർത്ഥം ആ പ്രശ്‌നത്തെ നമ്മളും പെരുപ്പിച്ചു പറഞ്ഞു വലുതാക്കണം എന്നതല്ല, പകരം ആ വ്യക്തിയുടെ മാനസികാവസ്ഥ ഉൾക്കൊള്ളുകയെന്നതാണ്. വിഷമിക്കുന്ന ഒരാളോട് ‘സാരമില്ല’ എന്ന വാക്ക് പോലും പൂർണാർത്ഥത്തിൽ എടുത്താൽ പറയാൻ പാടില്ല എന്ന് മന:ശാസ്ത്ര വിദഗ്ധർ പറയുന്നത് ഇതു കൊണ്ടാണ്. ഞാൻ സങ്കടപ്പെട്ടിരിക്കുമ്പോൾ നിങ്ങൾ വന്ന് സാരമില്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല. കാരണം എനിക്കത് സാരമുള്ളതാണ്, അതുകൊണ്ടാണ് ഞാൻ വിഷമിക്കുന്നത്. ഒരുപക്ഷേ നിങ്ങൾക്ക് സാരമുള്ളതല്ലായിരിക്കാം എന്നാൽ എനിക്ക് അങ്ങനെയല്ല. എന്റെ സങ്കടം കുറക്കുന്ന രീതിയിലുള്ള ഇടപെടലുകളാണ് ഞാൻ നിങ്ങളിൽ നിന്നു പ്രതീക്ഷിക്കുന്നത്. ഇതായിരിക്കും അവളുടെ മനോഗതം (അതെങ്ങനെ പരിഹരിക്കാമെന്ന് ശേഷം പറയുന്നുണ്ട്).
3. Blame (കുറ്റപ്പെടുത്തുക).
ഭാര്യയുടെ സങ്കടത്തിന്, രോഗത്തിന് ഭാര്യയെത്തന്നെ കുറ്റം പറയുക. ‘നീ ഇങ്ങനെ ആരോഗ്യം ശ്രദ്ധിക്കാതെ നടന്നോ, പിന്നെങ്ങനെയാണ് രോഗം വരാതിരിക്കുക/നീ ഇങ്ങനെ ചിന്തിച്ചു കൂട്ടിയിട്ടാണ് പ്രശ്‌നങ്ങളുണ്ടാവുന്നത്/നിന്റെ ഈ ആലോചനയാണ് പ്രശ്‌നങ്ങൾക്കെല്ലാം കാരണം’ എന്നൊക്കെ പറയുന്നത് ചില ഭർത്താക്കന്മാരുടെ ശീലമാണ്.
ഭാര്യയുടെ ഭാഗത്ത് പിഴവുകളുണ്ടായേക്കാം. അത് തിരുത്തിക്കൊടുക്കുകയും ചെയ്യാം. പക്ഷേ തിരുത്തേണ്ടത് അവൾ വൈകാരികമായി തളർന്നിരിക്കുന്ന സമയത്തല്ല. നോർമൽ അവസ്ഥയിലിരിക്കുന്ന മറ്റൊരവസരത്തിലാവണം. അൽപം ആശ്വാസം കിട്ടുമെന്ന് വിചാരിച്ച് ഭാര്യ സങ്കടം പങ്കുവച്ചപ്പോൾ കുറ്റപ്പെടുത്തുന്ന സമീപനം സ്വീകരിച്ചാൽ വിഷമം വർധിക്കുകയും ‘ഞാൻ ഇങ്ങനെയൊക്കെ അനുഭവിച്ചിട്ടും അതിനൊന്നും പുല്ലുവില പോലും കൽപ്പിക്കുന്നില്ലല്ലോ’ എന്ന് ഉള്ളം പിടയുകയും ചെയ്യും.
4. Denying feelings (അതിനെ നിഷേധിക്കുക).
തലവേദനയുണ്ടെന്ന്/ക്ഷീണമുണ്ടെന്ന് നീ വെറുതെ പറഞ്ഞതാണ്, നിന്നെ കണ്ടാൽ അതുള്ളതായി തോന്നുന്നില്ല, നീ നിന്റെ വീട്ടിൽ പോകാനുള്ള തന്ത്രമാണ്, റസ്റ്റെടുക്കാനുള്ള ഐഡിയയാണ് എന്ന രീതിയിൽ സംസാരിച്ച് അതിനെ ഒന്നുമല്ലാതാക്കി മാറ്റുക. എന്റെ വേദന ഒന്ന് അംഗീകരിക്കാൻ പോലും തയ്യാറായില്ലല്ലോ എന്ന രീതിയിൽ മനസ്സു കൂടുതൽ വേദനിക്കുകയും ഭർത്താവിനോട് മാനസിക അകലം ഉണ്ടാകാൻ ഇത് കാരണമാവുകയും ചെയ്യും. അതിനിടയാക്കരുത്.
5. generalization (സാമാന്യ വൽക്കരിക്കുക).
നിന്റെ പ്രശ്‌നമൊക്കെ എല്ലാവർക്കും ഉണ്ടാകുന്നതാണ്/ അതൊന്നും വലിയ കാര്യമായി പറയേണ്ടതില്ല/ നിനക്ക് മാത്രമല്ല പ്രശ്‌നങ്ങൾ ഉള്ളത്. എന്നൊക്കെ പറഞ്ഞ് അതിന്റെ പ്രാധാന്യം കുറക്കുക. ഈ പ്രശ്‌നം പലർക്കുമുണ്ടെന്നതുകൊണ്ട് എന്റേത് ഇല്ലാതാകുന്നില്ലല്ലോ എന്നാണവൾ ചിന്തിക്കുക. അത് ഇല്ലാതാക്കാനുള്ള സമീപനമാണ് ഭർത്താവ് സ്വീകരിക്കേണ്ടത്.
6. Philosophical Response (താത്ത്വിക പ്രതികരണം).
ഈ ലോകത്ത് സുഖവും ദു:ഖവും സന്തോഷവും രോഗങ്ങളും പ്രയാസങ്ങളുമെല്ലാം ഉണ്ടാകുമെന്നും അതിനെയൊക്കെ തരണം ചെയ്തു മുന്നോട്ടു പോകുമ്പോഴാണ് നാം വിജയിക്കുക തുടങ്ങിയ തരത്തിലുള്ള പ്രതികരണങ്ങൾ. ഒരാൾ വൈകാരികമായി പ്രക്ഷുബ്ധനായിരിക്കുമ്പോൾ അയാളുടെ ബുദ്ധി വേണ്ടപോലെ വർക്ക് ചെയ്യില്ല (when You are emotionally On, your intelligence is Off) എന്നാണ് സൈക്കോളജിസ്റ്റുകൾ പറയുന്നത്. വികാരം ഓൺ ആയിരിക്കുന്ന ഒരാളോട് ലോജിക് പറഞ്ഞിട്ട് കാര്യമില്ല. ‘എന്റെ സങ്കടം നിങ്ങൾക്ക് ഒന്നുമല്ലല്ലോ/ ഞാനെന്തു പറഞ്ഞാലും നിങ്ങൾക്ക് കുറേ ന്യായീകരണങ്ങളുണ്ടാകും’ തുടങ്ങിയ രീതിയിൽ ഭാര്യ പ്രതികരിക്കുന്നതിന്റെ കാരണമിതാണ്.
മുകളിൽ പറഞ്ഞ ആറ് പ്രതികരണ രീതികളിലും ലോജിക്കൽ റിപ്ലൈ ആണ് സംഭവിക്കുന്നത്. സങ്കടം കൊണ്ട് വിങ്ങിപ്പൊട്ടി പ്രയാസപ്പെടുന്ന ഒരാളുടെ മുമ്പിൽ അത് ഒരിക്കലും ഫലം ചെയ്യില്ല. അത്തരം ഘട്ടങ്ങളിൽ എങ്ങനെയാണ് പുരുഷൻ പ്രതികരിക്കേണ്ടതെന്ന് നമുക്ക് നോക്കാം.
(തുടരും)
ഡോ. ബിഎം മുഹ്‌സിൻ