മയ്യിത്ത് നിസ്‌കാരമൊഴിച്ചുള്ള ഏതു നിസ്‌കാരത്തിലും പ്രാരംഭ പ്രാർത്ഥന സുന്നത്തുണ്ട്. ഇത് നിർബന്ധമാണെന്നു പറഞ്ഞ പണ്ഡിതരുമുണ്ട് (തുഹ്ഫ 2/29).
അഞ്ചു വ്യവസ്ഥകൾക്കു വിധേയമായാണ് ഇത് പുണ്യകരമാവുക.
1) മയ്യിത്തിനു വേണ്ടിയുള്ള നിസ്‌കാരമാകാതിരിക്കുക (ഖബ്‌റിനു പുറത്തോ അദൃശ്യ മയ്യിത്തിനോ ഉള്ള നിസ്‌കാരത്തിൽ പോലും പ്രാരംഭ പ്രാർത്ഥന സുന്നത്തില്ല).
2) നിസ്‌കാരത്തിന്റെ വഖ്ത് നഷ്ടപ്പെടുമെന്ന ആശങ്ക ഇല്ലാതിരിക്കുക.
3) പ്രാരംഭ പ്രാർത്ഥന നടത്തിയാൽ പോലും ഇമാം റുകൂഇലെത്തുന്നതിനു മുമ്പ് ഫാതിഹ ഓതിത്തീരുമെന്ന് ഉറപ്പുണ്ടാവുക.
4) ഇമാമുമായുള്ള പിന്തുടർച്ച ‘ഖിയാമി’ൽ ആവുക (റുകൂഇലോ ഖിയാമേതര വേളകളിലോ ഇമാമിനൊപ്പം സന്ധിച്ച മഅ്മൂമിന് പ്രാരംഭ പ്രാർത്ഥന സുന്നത്തില്ല. എന്നാൽ ഇമാമിന്റെ നിസ്‌കാരത്തിന്റെ അവസാന നിമിഷത്തിൽ തുടർന്നു ഇരുത്തത്തിനു മുമ്പായി ഇമാം സലാം വീട്ടിയാൽ വൈകി തുടർന്നയാൾക്ക് പ്രാരംഭ പ്രാർത്ഥന പുണ്യകരമാണ്).
5) ബോധപൂർവമോ അല്ലാതെയോ ‘അഊദു’വോ ‘ബിസ്മി’യോ ചൊല്ലി ഫാത്തിഹ ആരംഭിക്കാതിരിക്കുക (ഹാശിയതു തർമസി 2/200 കാണുക).
തിരുനബി(സ്വ)യിൽ നിന്നു നിവേദനം ചെയ്യപ്പെട്ട ചില പ്രാർത്ഥനാ വചനങ്ങൾ:

?) الحمد لله حمدا كثيرا طيبا مباركا فيه
(സ്വഹീഹ് മുസ്‌ലിം ഹദീസ് ക്രമ നമ്പർ 600).
?): الله اكبر كبيرا والحمد لله كثيرا وسبحان الله بكره واصيلا
(മുസ്‌ലിം 601).

?): للهم باعد بيني وبين خطاياي كما باعدت بين المشرق والمغرب اللهم نقني من خطاياي كما ينقى الثوب من الدنس اللهم اغسلني من خطاياي بالثلج والماء والبرد..
(മുസ്‌ലിം 598).

?) سبحانك اللهم وبحمدك تبارك اسمك وتعالى جدك ولا اله غيرك
ഈ വചനം റസൂൽ(സ്വ) പ്രാരംഭ പ്രാർത്ഥനയായി നിർവഹിച്ചിരുന്നതായി സുനനു തുർമുദി (ഹദീസ് നമ്പർ 243), അബൂദാവൂദ് (776), ഇബ്‌നുമാജ (806) തുടങ്ങിയവർ നിവേദനം ചെയ്തിട്ടുണ്ടെങ്കിലും എല്ലാം ദുർബലമായ നിവേദക ശ്രേണിയിലൂടെയാണ് ഉദ്ധരിക്കപ്പെടുന്നത്. എന്നാൽ ഉമറുബ്‌നു ഖത്വാബ്(റ) ചെയ്തിരുന്നതു മാത്രം ഇമാം മുസ്‌ലിം (സ്വഹീഹു മുസ്‌ലിം, നമ്പർ 399) ഉദ്ധരിക്കുന്നുണ്ട്. അതിൽ തന്നെ നിസ്‌കാരത്തിലെ പ്രാരംഭ പ്രാർത്ഥന എന്ന നിലക്കാണെന്നു വ്യക്തതയില്ല (ശർഹുൽ മുഹദ്ദബ് 3/319-320 കാണുക).

?)جهت وجهي للذي فطر السماوات والارض حنيفا مسلما وما أنا من المشركين. إن صلاتي ونسكي ومحياي ومماتي لله رب العالمين. لا شريك له وبذلك أمرت وأنا من المسلمين.

ഇതു കൂടി ഇമാം മുസ്‌ലിമി(നമ്പർ 771)ന്റെ നിവേദിത വചനത്തിലുണ്ട്. അതിനാൽ ഏകനായി നിസ്‌കരിക്കുന്നയാൾക്കും ദീർഘിപ്പിക്കാൻ സമ്മതമുള്ള, നിർണിത സംഘത്തോടൊപ്പം വഴിയോര പള്ളിയല്ലാത്തിടത്തു വെച്ചുള്ള സംഘടിത നിസ്‌കാരത്തിലെ ഇമാമിനും ഇത്ര ഭാഗം കൂടി ചൊല്ലൽ സുന്നത്താണ് (അസ്‌നൽ മത്വാലിബ് 1/149, നിഹായ 1/474, മുഗ്‌നി 1/352).
ഫാതിഹയോ സൂറത്തോ ഇമാം ഓതിത്തുടങ്ങിയ ശേഷം തുടർന്ന മഅ്മൂമിനും ഫാതിഹ ഓതാനുള്ള സാവകാശം ലഭിക്കുമെങ്കിൽ പ്രാരംഭ പ്രാർത്ഥന സുന്നത്തുണ്ട്. ഇവർ വേഗത്തിൽ പൂർത്തിയാക്കി ഇമാമിന്റെ പാരായണം ശ്രവിക്കുന്നതാണ് പുണ്യകരം (നിഹായ ശബ്‌റാമല്ലിസി സഹിതം 1/ 474).

പ്രാരംഭ പ്രാർത്ഥനയും
റക്അതിന്റെ ലഭ്യതയും

ഇമാമിന്റെ നിറുത്തത്തിൽ ഫാതിഹ ഓതാൻ സാവകാശം ലഭിച്ച ഏതു തുടർച്ചക്കാരും ഫാതിഹ നിർബന്ധമായും ഓതിയിരിക്കണമെന്ന് ശാഫിഈ മദ്ഹബിൽ നിർബന്ധമുണ്ട്. അതിനാൽ ഫാതിഹ നഷ്ടപ്പെടുന്ന വിധത്തിലുള്ള ഐച്ഛിക കാര്യങ്ങളിൽ ഏർപ്പെടരുത്. ഇമാമിന്റെ ഫാതിഹ തീരാനുള്ള കാത്തിരിപ്പ്, ഇടയിലെ ‘തശഹ്ഹുദ്’ പൂർത്തിയാക്കാനായി അടുത്ത റക്അത്തിലേക്കുള്ള വരവ് വൈകിക്കുക, പ്രാരംഭ പ്രാർത്ഥന, തഅവ്വുദ്(അഊദു ബില്ലാഹി…) എന്നിവ നിർവഹിക്കുക എന്നിത്യാദി കാര്യങ്ങൾ ഫാതിഹയുടെ സുഗമമായ നിർവഹണത്തിനു തടസ്സമാകില്ലെന്ന ധാരണയുണ്ടെങ്കിൽ മാത്രമാണ് സുന്നത്തുള്ളത്. അല്ലാത്തപക്ഷം അവ ത്യജിച്ച് ഫാതിഹ തുടങ്ങുകയാണ് പുണ്യകരം (തുഹ്ഫ2/351).
ഇത് ലംഘിച്ചു നീങ്ങിയതു കാരണം ഫാതിഹ പൂർത്തിയാക്കാൻ കഴിയാതെവന്ന കക്ഷിയെ ചൊല്ലി ശാഫിഈ കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ വ്യത്യസ്ത വീക്ഷണങ്ങളുണ്ട്. അതിലൊന്ന് ഇമാം റുകൂഇലേക്കു പോയാൽ ഫാതിഹ എത്തിയേടത്തു നിർത്തി ഇമാമിനൊപ്പം പോകണമെന്നും ശിഷ്ടം വന്നത് ഇമാം വഹിച്ചതായി കണക്കാക്കുമെന്നുമാണ്. രണ്ടാമത്തേത്, താൻ നഷ്ടപ്പെടുത്തിയ അത്രയും സമയം ഫാതിഹയിൽ നിന്നു ഓതിത്തീർത്തേ മതിയാകൂ എന്നാണ്. അപ്പോൾതന്നെ രണ്ടു വിരുദ്ധ വീക്ഷണങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. അതിലൊന്ന് അങ്ങനെ ഓതിത്തീരും മുമ്പ് ഇമാം റുകൂഇൽ നിന്ന് ഉയർന്നാൽ ഫാതിഹ ഉപേക്ഷിച്ച് ഇമാമിനെ അനുധാവനം ചെയ്ത്, ഇത് ഒന്നാം റക്അത്തായി ഗണിക്കാതെ ഒടുവിൽ ഒരു റക്അത്ത് നിർവഹിക്കണമെന്നാണ്.
രണ്ടാം പക്ഷം, തനിക്കു നിർബന്ധമായ അത്രയും ഭാഗം പൂർത്തിയാക്കി മാത്രം ഇമാമിനെ പിന്തുടരുക എന്നാണ്. ഇമാം രണ്ടാം സുജൂദിൽ നിന്ന് ഉയരുന്നതിനു മുമ്പ് ഇമാമുമായി സന്ധിച്ചാൽ റക്അത്ത് നഷ്ടപ്പെടില്ലെന്നും അല്ലാത്തപക്ഷം മാത്രം അവസാനം ഒരു റക്അത്ത് കൂടി നിർവഹിക്കണമെന്നും അഭിപ്രായപ്പെടുന്നു.
ശൈഖുൽ ഇസ്‌ലാം (അസ്‌നൽ മത്വാലിബ് 1/229), ഇമാം റംലി (നിഹായ 2/229), ഖത്വീബുശ്ശിർബീനി (1/508) എന്നിവർ, നിർബന്ധമായ അത്രയും ഓതി ഇമാം റുകൂഇൽ നിന്നു തലപൊക്കി തുടങ്ങും മുമ്പ് തനിക്ക് റുകൂഇലെത്തി അനിവാര്യമായ അടക്കം (ത്വുമഅ്‌നീനത്ത്) ലഭിച്ചാൽ മാത്രം റക്അത്ത് ലഭിക്കുകയും അല്ലാത്തപക്ഷം ഇമാം ഒന്നാം സുജൂദിലേക്കു പോയിത്തുടങ്ങിയാൽ റുകൂഉം ഇഅ്തിദാലും ~ഉപേക്ഷിച്ച് ഇമാമിനൊപ്പം പോവുകയും ഇമാം സലാം ചൊല്ലി പിരിഞ്ഞ ശേഷം അധികമായി ഒരു റക്അത്ത് കൂടി നിർവഹിക്കണമെന്നും വ്യക്തമായ നിലപാടു സ്വീകരിച്ചവരാണ്.
ഉദ്ധൃത സുന്നത്തുകളുമായി വ്യാപൃതരായവർ അവ നിർവഹിക്കുന്നപക്ഷം അതിനു ശേഷം ഫാതിഹ ഓതി ഇമാമിന്റെ കൂടെ റുകൂഇൽ എത്താമെന്ന പ്രതീക്ഷ ഇല്ലാത്തവരായിരുന്നിട്ടും ഐച്ഛിക കാര്യങ്ങളിൽ സമയം കളഞ്ഞവരാണെങ്കിൽ ഇമാം ഒന്നാം സുജൂദിലേക്കു പ്രവേശിച്ചു കഴിഞ്ഞാൽ ഇമാമുമായുള്ള ബന്ധം വിച്ഛേദിച്ച് സ്വന്തം രീതിയിൽ നിസ്‌കാരം പൂർത്തിയാക്കുകയാണു വേണ്ടത്.
അതേസമയം ഇമാമിനൊപ്പം റുകൂഇലെത്താമെന്ന ആത്മവിശ്വാസമുണ്ടാവുകയും എന്നാൽ ഇമാം സുന്നത്തുകളിൽ കാണിച്ച ലുബ്ധത കാരണം ഫാത്തിഹ ഓതിത്തീർക്കാൻ കഴിയാതെ വരികയും ചെയ്തതാണെങ്കിൽ, ഫാതിഹയിൽ നിന്നു നിർബന്ധമായ അത്രയും ഓതി റുകൂഉം മറ്റു കർമങ്ങളും സ്വന്തമായി പൂർത്തീകരിച്ചു രണ്ടാം സുജൂദിനകം ഇമാമുമായുള്ള സമാഗമം സാധ്യമായാൽ റക്അത്ത് ലഭിക്കുമെന്ന ഒരു വീക്ഷണവും ‘നിഹായ’ (2/227-229) പങ്കുവെക്കുന്നുണ്ട്.
ഇമാം രണ്ടാം സുജൂദിൽ നിന്നു തല പൊക്കും മുമ്പ് ഫാതിഹ ഓതിത്തീർന്ന് റുകൂഇലേക്ക് എത്തിപ്പെടാൻ സാധിച്ചാൽ റക്അത്ത് ലഭിക്കുമെന്ന നിലപാട് റാഫിഈ-നവവി(റ) എന്നിവരെ ഉദ്ധരിച്ച് ഇമാം ബഗ്‌വി(റ) പ്രബലപ്പെടുത്തിയാണ് ഫത്ഹുൽ മുഈനിൽ (തർശീഹ് സഹിതം പേ. 112-113) പരാമർശിക്കുന്നത്.
ഇമാം ഇബ്‌നു ഹജർ(റ) ഇക്കാര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിട്ടില്ല. തുഹ്ഫ (2/349) അടക്കമുള്ള ഗ്രന്ഥങ്ങളുടെ നേരിയ മുൻതൂക്കം നിഹായയും മുഗ്‌നിയുമുദ്ധരിച്ച് നടേ പറഞ്ഞ വീക്ഷണത്തിലേക്കാണെന്ന് അനുമാനിക്കാം. ഇമാം കുർദി (അൽഹവാശിൽ മദനിയ്യ 2/34-35) ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്.
എന്നാൽ നേരെ ഇമാമിനെ പിന്തുടർന്നു പോകാമെന്നും ശേഷിക്കുന്ന ഭാഗം ഫാതിഹ ഇമാം വഹിക്കുമെന്ന വീക്ഷണം ഭൂരിപക്ഷം ശാഫിഈ സഹയാത്രികരുടെ നിലപാടാണെന്നും അതാണു പലരും പ്രബലപ്പെടുത്തിയതെന്നുമുള്ള പരാമർശം ആ പക്ഷത്തിന്റെ ബലം വ്യക്തമാക്കുന്നതാണ്.
ഫതാവൽ കുബ്‌റയിൽ ഒരിടത്ത് (1/142) ഫാതിഹ പൂർത്തിയാക്കി മൂന്നു ദീർഘ ഫർളുകൾക്കു മുമ്പായി ഇമാമിനെ സന്ധിച്ചാൽ റക്അത്ത് കിട്ടുമെന്ന പക്ഷത്തെ പ്രബലപ്പെടുത്തിയതു കാണാം. എന്നാൽ മറ്റൊരിടത്ത് (1/225) ഈ വീക്ഷണം തന്നെ പ്രബലപ്പെടുത്തിയ ശേഷം, റുകൂഇൽ സന്ധിക്കാൻ കഴിയാത്തപക്ഷം ഫാതിഹ തീർക്കാനുള്ള ഉദ്യമം ഉപേക്ഷിച്ച് ഇമാമിനൊപ്പം കൂടി അവസാനം ഒരു റക്അത്ത് പരിഹാര ക്രിയയായി നിർവഹിക്കുക എന്ന പക്ഷത്തേക്കു അൽപ്പം ചാരി പറഞ്ഞതും കാണാം. മൂന്നാമതൊരിടത്ത് (1/182-183) ഇമാം സുജൂദിലേക്കുള്ള ആഗമനം തുടങ്ങിയിട്ടും തനിക്കു നിർബന്ധമായ ഭാഗം ഓതിത്തീരാത്തപക്ഷം ഇമാമുമായുള്ള ബന്ധം വിച്ഛേദിച്ച് സ്വന്തം വഴിക്കു സഞ്ചരിക്കണമെന്ന നിലപാടിനു മുൻതൂക്കം നൽകുന്ന പ്രസ്താവനയാണ് കാണുന്നത്.
സാർവത്രികമായി മിതത്വമുള്ള ആളുകൾക്ക് ഫാതിഹ ഓതിത്തീർക്കാനാവശ്യമായ സമയം ഇമാമിന്റെ നിർത്തവേളയിൽ ലഭിച്ച മഅ്മൂമിന് സാങ്കേതികമായി ‘മുവാഫിഖ്’ എന്നാണു നാമവിശേഷണം. ഇവരുടെ വിധി നടേ പറഞ്ഞ ‘മസ്ബൂഖി’ന്റെ (ഇമാമിന്റെ നിർത്തവേളയിൽ മിതമായ രീതിയിൽ ഫാതിഹ ഓതാനുള്ള സമയം ലഭിക്കാത്തയാൾ) വിധിയിൽ നിന്നു വിഭിന്നമാണ്.
അപ്പോൾ ഇയാൾ ഐച്ഛിക കാര്യങ്ങളിലൊന്നും ഇടപെടാതെ നേരെ ഫാതിഹ തുടങ്ങിയെങ്കിലും ഇമാമിന്റെ അതിവേഗത കാരണം ഫാതിഹ ഓതിത്തീരും മുമ്പ് റുകൂഇലേക്കു പോയാൽ ആ മഅ്മൂമിന് മസ്ബൂഖിന്റെ അതേ വിധിയാണ്. അഥവാ ഫാതിഹ എത്തിയേടത്ത് നിർത്തി ഇമാമിനൊപ്പം പോവുകയാണു വേണ്ടത്. ശിഷ്ടമുള്ളത് ഇമാം വഹിക്കുകയും തന്റെ റക്അത്ത് സുരക്ഷിതമാവുകയും ചെയ്യും.
ഇനി ഐച്ഛിക കാര്യങ്ങളിൽ ഏർപ്പെട്ടതുകൊണ്ടാണ് ഫാതിഹ ഓതിത്തീർക്കാൻ കഴിയാതിരുന്നതെങ്കിൽ വേഗം ഫാതിഹ ഓതിത്തീർത്തു ഇമാം രണ്ടാം സുജൂദിൽ നിന്നു തലപൊക്കും മുമ്പ് ഫാതിഹ പൂർത്തിയാക്കി റുകൂഅ് പിടിച്ചാൽ റക്അതു സുരക്ഷിതമാവും. ഫാതിഹ ഇനിയും തീരാത്തപക്ഷം നേരെ ഇമാമിനൊപ്പം ചേരുകയും ഒടുവിൽ ഒരു റക്അത്ത് അധികമായി കൊണ്ടുവരികയും ചെയ്യണം (തുഹ്ഫ 2/346-347, നിഹായ 2/225-227, അസ്‌നൽ മത്വാലിബ് 1/229 കാണുക).

എല്ലാ റക്അത്തുകളിലും മസ്ബൂഖ്?

മിതമായ രീതിയിൽ ഫാതിഹ ഓതാനുള്ള സാവകാശം ലഭിക്കാത്ത ആരും ഏതു റക്അത്തിലും മസ്ബൂഖ് തന്നെയാണെന്നും ഇമാമിന്റെ വേഗതയോ മഅ്മൂമിന്റെ വേഗതയോ അല്ല സാധാരണമായി മിതത്വം കൽപ്പിക്കപ്പെടുന്ന വേഗതയാണ് മാപിനിയെന്നും ഇതിനെതിരായുള്ള വീക്ഷണങ്ങൾ തള്ളപ്പെടേണ്ടതാണെന്നും ഇമാം ഇബ്‌നു ഹജർ (തുഹ്ഫ 2/348), റംലി (നിഹായ 2/227) എന്നിവർ പ്രസ്താവിക്കുന്നുണ്ട്.
അപ്പോൾ മഅ്മൂം മിത പ്രകൃതക്കാരനും ഇമാം അതിവേഗതയുള്ള ആളാവുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ ഇമാമിനൊപ്പം ഫാതിഹ ഓതി എത്താൻ കഴിയാത്ത മഅ്മൂമിന് എല്ലാ റക്അത്തുകളിലും ഫാതിഹ എത്തിയേടത്ത് ഉപേക്ഷിച്ച് ഇമാമിനൊപ്പം നിസ്‌കാരം പൂർത്തിയാക്കുകയാണു വേണ്ടത്. ശിഷ്ടം വരുന്ന ഭാഗങ്ങൾ ഇമാമിന്റെ ഉത്തരവാദിത്വത്തിലാകയാൽ റക്അത്തുകൾക്കു ഒരുവിധ പോറലും ഏൽക്കുകയുമില്ല. ഇക്കാര്യം ഇമാം ശബ്‌റാമല്ലിസി (2/227) പ്രത്യേകം പരാമർശിക്കുന്നുണ്ട്.

മസ്ബൂഖോ മുവാഫിഖോ എന്ന ആശങ്ക?

തന്റെ വേഗപരിധി മിതമാണോ അല്ലയോ എന്ന ആശങ്ക തീരാത്തിടത്തോളം താൻ മസ്ബൂഖാണോ അല്ലയോ എന്ന കാര്യത്തിലുള്ള ആശങ്ക തീരില്ല. അങ്ങനെ വന്നാൽ സൂക്ഷ്മത പുലർത്തി, ഫാതിഹ പൂർത്തിയാക്കിയ ശേഷം മാത്രമേ റുകൂഇലേക്കു പോകാവൂ. അങ്ങനെ ഇമാമിനൊപ്പം റുകൂഇൽ സന്ധിക്കാൻ കഴിയാതെ വന്നാൽ റക്അത്ത് നഷ്ടപ്പെട്ടതായി കണക്കാക്കണമെന്ന നിലപാടാണു ഇബ്‌നു ഹജറി(തുഹ്ഫ2/348)നുള്ളത്. എന്നാൽ നിഹായ (2/227), മുഗ്‌നി (1/508) എന്നിവയിൽ ന്യായമായ വൈകലായതിനാൽ മൂന്നു ദീർഘ റുക്‌നുകൾ ഇമാം പിന്നിടും മുമ്പ് റുകൂഇനു സാധിച്ചാൽ തന്നെ റക്അത്ത് ലഭിക്കുമെന്ന നിലപാടാണു പ്രബലം.

 

ഇസ്മാഈൽ അഹ്‌സനി പുളിഞ്ഞാൽ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ