രണ്ട് ഖുല്ലത്തിലേറെയുള്ള വെള്ളത്തിൽ നജസ് കലർന്നാൽ ചെറിയ പകർച്ച കൊണ്ടുതന്നെ അതു ശുദ്ധീകരണത്തിന് അയോഗ്യമാകും. എന്നാൽ ഈ പകർച്ച നീങ്ങി വെള്ളം പഴയ സ്ഥിതി കൈവരിച്ചാൽ ശുദ്ധമാകുകയും ചെയ്യും. വെള്ളം പഴയ സ്ഥിതി കൈവരിക്കാൻ പല സാധ്യതകളുമുണ്ട്. കാലതാമസംകൊണ്ട് സ്വയം ശുദ്ധിയാവുക അതിലൊന്നാണ്. ശുദ്ധമോ അശുദ്ധമോ ആയ വെള്ളം ആ മലിന ജലത്തിൽ ഒഴിക്കുക. ആ വെള്ളം രണ്ട് ഖുല്ലത്തിനേക്കാൾ കുറഞ്ഞുപോകാത്ത വിധം അൽപം വെള്ളം എടുത്തു മാറ്റുക. മറ്റു വല്ല നിലക്കും അതിന്റെ പകർച്ച നീങ്ങുക എന്നിവയാണ് ഇതര വഴികൾ (തുഹ്ഫ 1/85).

വെള്ളത്തിലുണ്ടായിരുന്ന നജസിന്റെ വാസന, നിറം, രുചി എന്നിവ യഥാക്രമം കസ്തൂരി, കുങ്കുമം, സുർക്ക തുടങ്ങിയവയുടെ സ്വാധീനം കാരണം പ്രകടമാകാതിരുന്നാൽ വെള്ളം പൂർവസ്ഥിതി പ്രാപിച്ചു എന്ന് അനുമാനിക്കാവതല്ല. മണ്ണ് കൊണ്ടു പകർച്ച മാറിയത് കണ്ടാലും ഇതേ വിധിയാണ്. ഇത്തരം വസ്തുക്കൾ വെള്ളത്തിന്റെ പകർച്ചയെ നീക്കുകയാണോ അതോ മറച്ചുപിടിക്കുകയാണോ ചെയ്യുന്നതെന്ന് വ്യക്തമല്ലാത്തതാണ് കാരണം. കലക്കം ഒളിപ്പിച്ചു വെക്കുന്നതിന്റെ ലക്ഷണമാണെന്ന് തുഹ്ഫയിൽ പറയുന്നു (തുഹ്ഫ 1/87).

വെയ്സ്റ്റ് വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ്

മലിനജലം ശുദ്ധീകരിക്കാനുപയോഗിക്കുന്ന അത്യാധുനിക സംവിധാനമാണ് വെയ്സ്റ്റ് വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് (Waste water treatment plant) . ഇതിലൂടെ ശുദ്ധീകരിച്ച വെള്ളം കർമശാസ്ത്ര ദൃഷ്ട്യാ ‘ത്വഹൂർ’ ശുദ്ധീകരണ പ്രക്രിയകൾക്ക് യോഗ്യമായതാണെന്നു കാണാൻ പ്രയാസമില്ല. മലിനജലത്തിൽ വല്ല വസ്തുക്കളും കലർന്നതു കാരണം മാലിന്യങ്ങൾ അപ്രത്യക്ഷമായാൽ ആ വെള്ളം ശുദ്ധിയായതായി ഗണിച്ചുകൂടെന്ന് പണ്ഡിതർ പറഞ്ഞിട്ടുണ്ട്. കലർന്ന വസ്തുക്കളുടെ കലർപ്പിനുള്ളിൽ മാലിന്യങ്ങൾ ഗോപ്യമായിക്കിടക്കുകയാണോ അതോ നിർമാർജനം ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ലാത്തതും വെള്ളത്തിന്റെ കലക്കത്തിൽ മാലിന്യം മറഞ്ഞുകിടക്കാനുള്ള സാധ്യത കൂടുതലായതുമാണ് അതിനു കാരണമായി അവർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഇങ്ങനെയൊരു സംശയത്തിന് ഇടയില്ലാത്ത വിധം വെള്ളം തെളിഞ്ഞാൽ ശുദ്ധിയായി ഗണിക്കാമെന്നും പണ്ഡിതർ അസന്നിഗ്ധമായി രേഖപ്പെടുത്തുന്നു. ചില അഭിപ്രായങ്ങൾ കാണുക: ഒരു കലർപ്പുമില്ലാത്ത വിധം വെള്ളം തെളിഞ്ഞാൽ നിസ്സംശയം അത് ശുദ്ധിയുള്ളതാണ് (തുഹ്ഫ 1/87). പകർച്ച നീങ്ങിയ കാര്യത്തിൽ സംശയമില്ലാത്ത വിധം വെള്ളം തെളിഞ്ഞാൽ അതു ശുദ്ധിയുള്ളതാണ് (നിഹായ 1/77).

അപ്പോൾ വെയ്സ്റ്റ് വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റിൽ ശുദ്ധീകരണ വിധേയമായ വെള്ളത്തിലുള്ള മാലിന്യം പുറംതള്ളപ്പെടുക തന്നെയാണ് ചെയ്യുന്നതെങ്കിൽ അത് ശുദ്ധിയുള്ളതാണെന്ന കാര്യത്തിൽ ഒരു സംശയത്തിനുമിടമില്ലെന്ന് ഉദ്ധൃത ഉദ്ധരണങ്ങളിൽ നിന്നു ഗ്രഹിക്കാം. പ്ലാന്റിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള സൂക്ഷ്മമായ അന്വേഷണം അതിലൂടെ പരിവർത്തന വിധേയമായ വെള്ളത്തിന്റെ പരിശുദ്ധിയെ അടയാളപ്പെടുത്തുന്നു. മാലിന്യങ്ങൾ വെള്ളത്തിൽ നിന്ന് അരിച്ചുമാറ്റി ജൈവവളമാക്കി പരിവർത്തിപ്പിക്കുകയാണ് പ്ലാന്റിൽ ചെയ്യുന്നത്. മാലിന്യങ്ങൾ നീക്കിക്കഴിഞ്ഞ ശേഷം നേരിയ കലർപ്പ് പോലും പ്ലാന്റിന്റെ പ്രോഡക്ടിൽ ദൃശ്യമല്ലെന്നത് ശ്രദ്ധേയമാണ്. മാലിന്യങ്ങളും ദുർഗന്ധവും നിറ രുചി ഭേദങ്ങളും മാറ്റി വെള്ളത്തെ അണുവിമുക്തവും കൂടുതൽ കുറ്റമറ്റതുമാക്കിത്തീർക്കുന്ന പ്രവൃത്തിയാണു പ്ലാന്റിലൂടെ സാധിക്കുന്നത്. ട്രീറ്റ്‌മെന്റ് പല വിധത്തിൽ നടക്കുന്നുണ്ട്. ചിലത് പരിചയപ്പെടാം.

1. ബാർ സ്‌ക്രീൻ

ബാത്ത് റൂമുകൾ, കാന്റീനുകൾ, സെപ്റ്റിക് ടാങ്കുകൾ തുടങ്ങിയവയിൽ നിന്നു വരുന്ന മലിനവസ്തുക്കളോടു കൂടിയുള്ള ജലം വേർതിരിച്ചെടുക്കുന്നു.

2. ഗ്രിറ്റ് ചാമ്പറും ഓയിൽ ട്രാപും

വെള്ളത്തിൽ അടങ്ങിയിട്ടുള്ള എണ്ണ പോലുള്ളവ നീക്കം ചെയ്യുന്നു.

3. ഈക്വലൈസേഷൻ ടാങ്ക്

എണ്ണകൾ നീക്കം ചെയ്യപ്പെട്ട മലിനജലത്തിലേക്ക് ശുദ്ധീകരണത്തിനായി ബാക്ടീരിയകളെ കടത്തിവിടുന്നു.

4. ഏറേഷൻ ടാങ്ക്

ഇതിലാണ് ബാക്ടീരിയകൾ ഉണ്ടാകുന്നത്. ഈ ബാക്ടീരിയകൾ ടാങ്കിൽവെച്ചും ഈക്വലൈസേഷൻ ടാങ്കിൽവെച്ചും വെള്ളത്തിലടങ്ങിയ ജൈവാവശിഷ്ടങ്ങളെ വിഘടിപ്പിക്കുന്നു.

5. സെക്കണ്ടറി ക്ലാരിഫെയർ

വെള്ളത്തിലുള്ള ബാക്ടീരിയകളെ വേർതിരിച്ചെടുത്ത് ഏറേഷൻ ടാങ്കിലേക്ക് തിരിച്ചയക്കുന്നു.

6. ഫ്‌ളാഷ് മിക്‌സർ
രാസപദാർഥങ്ങൾ (Chemicals)  ജലവുമായി ചേരുന്നത് ഇതിൽ വെച്ചാണ്. സോഡിയം ഹൈപ്പോക്ലോറൈഡ് (Sodium hypo chloride), ലൈം, ഫെറിക് ആലം (Ferric alam)തുടങ്ങിയവയാണ് ഇതിൽ ഉപയോഗിക്കുന്ന കെമിക്കിലുകൾ.

7. ഫ്‌ളോക്കുലേറ്റർ
ബാക്ടീരിയകളും രാസപദാർഥങ്ങളും കൂടി വിഘടിപ്പിച്ച മാലിന്യങ്ങൾ പോളി ഇലക്ട്രോലൈറ്റ് (Poly electrolyte) എന്ന രാസപദാർഥം ഉപയോഗിച്ച് വേർതിരിക്കുന്നു.

8. ടേർഷ്യറി ക്ലാരിഫെയർ
വേർതിരിക്കപ്പെട്ട വേസ്റ്റുകളെ അടിയിലേക്ക് താഴ്ത്തി ശുദ്ധീകരിച്ച ജലം മുകളിൽ കൊണ്ടുവരുന്നു.

9. ഫിൽറ്റഡ് ഫീഡ് പമ്പ്
ശുദ്ധീകരിക്കപ്പെട്ട ജലത്തെ ഇതിലേക്ക് മാറ്റുന്നു. ഇവിടെ നിന്ന് ഈ ജലം ചെറുതായി അരിക്കലിന് (Filtration) വിധേയമാകുന്നു.

10. സ്ലഡ്ജ് സമ്പ്
ടേർഷ്യറി ക്ലാരിഫെയറിൽ നിന്നുള്ള വേസ്റ്റുകൾ ഇതിലേക്ക് മാറ്റുന്നു.

11. ഫിൽറ്റർ പ്രസ്സ്

സ്ലഡ്ജ് സമ്പിലെത്തിയ വേസ്റ്റുകളെ ഉണക്കി വളമാക്കി മാറ്റുന്നു.

12. സാൻഡ് ഫിൽറ്റർ

ഫിൽറ്റർഫീഡ് പമ്പിൽ നിന്നു ഫിൽറ്റർ ചെയ്ത വെള്ളം വീണ്ടും അരിക്കലിന് വിധേയമാക്കുന്നു. ഇങ്ങനെ ശുദ്ധീകരിക്കപ്പെട്ട ജലം ടോയ്‌ലറ്റ് ഫ്‌ളഷിങ്ങിനും ഗാർഡനിങ്ങിനും വ്യാപകമായി ഉപയോഗിച്ചുവരുന്നു.

13. കാർബൺ ഫിൽറ്റർ
സാൻഡ് ഫിൽറ്ററിലെത്തിയ ജലത്തെ വീണ്ടും അരിച്ച് പരിപൂർണമായി ശുദ്ധിയാക്കുന്നു. ഈ വെള്ളം കുടിക്കുന്നതുകൊണ്ട് ആരോഗ്യപരമായ യാതൊരു പ്രശ്‌നവുമുണ്ടാവില്ലെന്ന് ആധുനിക സയൻസ് സാക്ഷ്യപ്പെടുത്തുന്നു. കിണറ്റിലെ വെള്ളത്തെക്കാൾ ഉപയോഗ്യമാണ് ഈ ജലമെന്ന് പോലും ശാസ്ത്രലോകം അവകാശപ്പെടുന്നു. സാധാരണ ജലത്തിൽ കണ്ടെത്താവുന്ന ആൽഗയെന്ന അതിസൂക്ഷ്മ കളകളെ പോലും പ്ലാന്റിൽ വെച്ച് കോപ്പർ സൾഫേയ്റ്റ് ഉപയോഗിച്ച് നശിപ്പിച്ച് വെള്ളത്തെ അണുവിമുക്തമാക്കുന്നുണ്ട്. (വിശദ വിവരങ്ങൾക്ക് Waste water treatment plant planning, Designing And Operation- Suad R. Quasim, Rural water supply and reinstallment- Farrent B. Wright കാണുക.)

മണ്ണിലേക്ക് ഊർന്നിറങ്ങുന്ന മലിനജലത്തെ മണ്ണിലടങ്ങിയ ഔഷധവീര്യമുള്ള പദാർഥങ്ങൾ ശുദ്ധീകരിച്ച് കിണറുകളിൽ ഉറവകളായി ലഭ്യമാക്കുന്ന പ്രകൃതിയുടെ ശുദ്ധീകരണ പ്രക്രിയ പ്ലാന്റു വഴി കൃത്രിമമായി ചെയ്യുന്നുവെന്നു മാത്രം. ഭൂമിയിൽ കുന്നുകൂടുന്ന മാലിന്യങ്ങളെ ജൈവവളമാക്കി മാറ്റാൻ മണ്ണിലെ ഉപകാരികളായ സൂക്ഷ്മാണു(Micro Flora) ക്കൾക്ക് സാധിക്കുന്നുവെന്നത് വസ്തുതയാണ്. വിശിഷ്യാ മണ്ണിൽ കാണപ്പെടുന്ന മണ്ണിര അഥവാ ഞാഞ്ഞൂൽ ഇതിൽ വലിയ പങ്കുവഹിക്കുന്നു. മണ്ണിരയുടെ അപാരമായ കഴിവിനെക്കുറിച്ച് ഇന്നും പഠനങ്ങൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്. 32 ചതുരശ്ര അടി വിസ്തീർണമുള്ള പാത്രത്തിൽ ഒരു ലക്ഷത്തോളം മണ്ണിരയുണ്ടെങ്കിൽ 300-600 കിലോഗ്രാം നൈട്രജനടങ്ങിയ അവശിഷ്ടം ഒരാഴ്ചക്കുള്ളിൽ ജൈവവസ്തുക്കളായി രാസവിഘടനം നടത്തിയിരിക്കുമെന്ന് ശാസ്ത്രാധ്യാപികയും ശാസ്ത്രലേഖികയുമായ പ്രഭാവതി മേനോൻ എഴുതുന്നു: ‘പ്രകൃതിയിലെ ജൈവരാസ പ്രവർത്തകർ'(Natuarel bioreactors)  എന്ന പേരിലാണ് മണ്ണിര അറിയപ്പെടുന്നത്. മണ്ണിലെ അണുജീവികളുടെ സാന്ദ്രതയെക്കാൾ ആയിരം മടങ്ങോളം സൂക്ഷ്മാണു സാന്ദ്രത (Microbial density) മണ്ണിരയുടെ അന്നനാളത്തിലുണ്ട്. മണ്ണ് തുരന്നു തുളച്ചുകയറുമ്പോൾ മണ്ണിനെ അന്നപദത്തിൽക്കൂടി കടത്തിവിടുന്നു. അവിടെവെച്ചാണ് മണ്ണ് ജൈവപ്രവർത്തനത്തിനു വിധേയമാകുന്നത്. അവകൾ ഉഭയലിംഗികൾ (Hermaphrodites) ആയതിനാൽ പ്രത്യുൽപാദന ശേഷി വളരെ കൂടുതലാണ്. ഒരു കൊക്കൂണിൽ നിന്ന് മൂന്നാഴ്ചക്കുള്ളിൽ 200 മണ്ണിരകളെങ്കിലും വിരിയും (ശാസ്ത്ര വിസ്മയങ്ങൾ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പേ. 84).
ശാസ്ത്ര വിജ്ഞാനം അല്ലാഹുവിന്റെ അപാരമായ കഴിവിനെക്കുറിച്ച് ചിന്തിപ്പിക്കാതിരിക്കില്ല. എന്നാൽ മാലിന്യങ്ങൾ കെട്ടിക്കിടന്ന് മനുഷ്യനും പ്രകൃതിക്കും ഭീഷണി ഉയർത്തുമ്പോൾ മലിനീകരണത്തിനും ജലക്ഷാമത്തിനും പ്രതിവിധി കണ്ടെത്തുന്ന സാങ്കേതിക വിദ്യകളിലേക്ക് മനുഷ്യന്റെ കണ്ണുകൾ പതിയുന്നത് ആശ്വാസകരമാണ്. അതൊരിക്കലും ദൈവനിഷേധമല്ല.

ഇസ്മാഈൽ അഹ്‌സനി പുളിഞ്ഞാൽ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ