ഇസ്‌റാഈലിന്റെ നാലാമത്തെ പ്രധാനമന്ത്രിയും ആദ്യത്തെ വനിതാ പ്രധാനമന്ത്രിയുമായ ഗോൾഡാ മെയ്‌റിനോട് 1969ൽ ഒരു വാർത്താ ലേഖകൻ ചോദിച്ചു: ‘ജൂത സെറ്റിൽമെന്റുകൾ ഈ നിലയിൽ ബലാത്കാരമായി വ്യാപിപ്പിച്ചാൽ ഒരു കാലത്ത് ലോകം ചോദിക്കില്ലേ, ഫലസ്തീൻ എവിടെയായിരുന്നുവെന്ന്. ഒരിത്തിരി മണ്ണുപോലും അവശേഷിപ്പിക്കാതെ സ്വന്തമാക്കാൻ തന്നെയാണോ പദ്ധതി?’ അവർ നൽകിയ മറുപടി ഇതായിരുന്നു: അതിന് അന്ന് ഫലസ്തീൻ എന്ന പേര് ആര് ഉച്ചരിക്കും? അങ്ങനെയൊന്ന് ഓർക്കുന്നവർ ഭൂമിയിലുണ്ടാകുമോ? ഫലസ്തീൻ ഒരിക്കലും ഉണ്ടായിരുന്നില്ല’.
ഫലസ്തീനെ കുറിച്ചുള്ള നരേഷനുകളിൽ ഒരു കാലത്തുമുണ്ടാകാത്ത അട്ടിമറി നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ ഏറെ ഗൗരവത്തോടെ ഓർക്കേണ്ട വാക്കുകളാണിത്. ചരിത്രത്തിൽ വേരാഴ്ന്നു നിൽക്കുന്ന ജനപഥം നിലനിൽക്കാൻ അർഹതയില്ലാത്തതും നിയമവിരുദ്ധമായി, ബലാൽക്കാരമായി പടച്ചുണ്ടാക്കിയ രാജ്യം എല്ലാ സംരക്ഷണങ്ങളോടെയും വാഴേണ്ടതുമാകുന്ന വിരോധാഭാസത്തിലാണ് ഈ നരേഷനുകൾ കാലൂന്നി നിൽക്കുന്നത്. ഈ നുണ പ്രചരിപ്പിക്കുന്ന എല്ലാവർക്കുമറിയാം ഇസ്‌റാഈൽ ഒരു അക്രമി രാഷ്ട്രമാണെന്ന്, അതിന്റെ അഹങ്കാരം മുഴുവൻ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പിൻബലത്തിലാണെന്നും.
ഒരു അന്താരാഷ്ട്ര നിയമവും അംഗീകരിക്കാൻ സയണിസ്റ്റ് രാഷ്ട്രം സന്നദ്ധമല്ലെന്നും വംശീയ വെറിയാണ് അതിന്റെ സ്ഥായിയായ ഭാവമെന്നും അറിയാത്തവരല്ല ഈ ദുഷ്പ്രചാരകർ. രക്തപുഷ്പമായി തീരുന്ന ഫലസ്തീൻ കുഞ്ഞുങ്ങൾ എല്ലാവരുടെയും ഉറക്കം കെടുത്തുന്നുണ്ട്. വീടിനുള്ളിലേക്ക് വിഷവാതകം അടിച്ചു കയറ്റുമ്പോൾ പ്രാണഭയത്താൽ പുറത്തിറങ്ങുന്നവർക്ക് മേൽ ബോംബിടുന്നത് ആർക്കാണ് നോക്കിനിൽക്കാനാവുക. യു എൻ പണിത സ്‌കൂളിൽ അഭയത്തിന്റെ ഇത്തിരി ഇടം തേടി വിറച്ചിരുന്നവർക്ക് മേൽ ഉഗ്രസ്‌ഫോടനത്തിന്റെ നൃശംസത ചൊരിയുന്നവരെ ആർക്കാണ് പിന്തുണക്കാനാകുക. സ്വന്തം നാട്ടിൽ അന്യരായി അലയാൻ വിധിക്കപ്പെട്ട മനുഷ്യരുടെ വേദന എല്ലാവരെയും തൊടുന്നുണ്ട്. എന്നിട്ടും അവർ നുണ വിതക്കുകയാണ്. പ്രൊട്ടക്റ്റ് ഇസ്‌റാഈൽ, സ്റ്റാൻഡ് വിത്ത് ഇസ്‌റാഈൽ, ഇന്ത്യാ വിത്ത് ഇസ്‌റാഈൽ എന്നൊക്കെ ഹാഷ്ടാഗുകൾ പണിത് ദുഷിപ്പ് വാരിവിതറുന്നു. ബി ജെ പിയുടെ യുവ എം പി തേജസ്വി സൂര്യ ട്വീറ്റ് ചെയ്തത് ‘ആഹാ എല്ലാവർക്കും ദീപാവലി ആശംസകൾ’ എന്നാണ്. നിരപരാധരായ മനുഷ്യർക്ക് മേൽ പതിക്കുന്ന ബോംബുകൾ അദ്ദേഹത്തിന് ഉല്ലാസം പകരുന്ന വെടിക്കെട്ടാണ്! എലികളേ, എന്തിനാണ് പേടിച്ച് വിറക്കുന്നത്? എവിടെപ്പോയി നിങ്ങളുടെ റോക്കറ്റുകൾ എന്ന് അവർ കളിയാക്കുന്നു.
ഇങ്ങ് കേരളത്തിൽ പോലും ഈ ദുഷിപ്പ് വ്യാപാരം നിർബാധം നടക്കുന്നു. സംഘ്പരിവാറിന്റെ ക്വട്ടേഷൻ ഏറ്റെടുത്ത് ഇടതുപക്ഷ പ്രൊഫൈലുകൾ പോലും സയണിസ്റ്റ് യുക്തികൾക്കായി വീറോടെ വാദിക്കുന്നു. ഇതിൽ കുടുങ്ങിപ്പോയ നിരവധി പേർ സന്ദേഹികളാകുന്നു. പോപ്പ് ഫ്രാൻസിസ് ഫലസ്തീനിലെ മനുഷ്യർക്ക് വേണ്ടി പരസ്യമായി സംസാരിച്ചിട്ടും ചില ക്രിസ്ത്യൻ സുഹൃത്തുക്കൾ ചരിത്രഹത്യയിൽ പങ്കുചേരുന്നു. വർഗീയവത്കരണത്തിന്റെ ഉപാധിയായി കേരളത്തിൽ ഫലസ്തീൻ മാറുകയാണ്. പുറത്തേക്ക് സഞ്ചരിക്കുകയും പുറത്തു നിന്നുള്ളവർക്ക് സ്വാഗതമരുളുകയും ചെയ്ത കേരളത്തിന്റെ ആഗോള വീക്ഷണത്തിൽ രൂഢമൂലമായ ഫലസ്തീൻ ഐക്യദാർഢ്യത്തെ പിഴുതെറിയാനുള്ള ബോധപൂർവമായ ശ്രമമാണ് എങ്ങും നടക്കുന്നത്. ഈ പ്രചാരണത്തിന്റെ എരിതീയിലേക്ക് എണ്ണയൊഴിക്കാൻ ചില ഫലസ്തീൻ ‘അനുകൂലികളു’മുണ്ട്. അവർ അതിവൈകാരികതയുടെ ഹിസ്റ്റീരിയ സൃഷ്ടിക്കുന്നവരാണ്, ആയുധമെടുക്കുക മാത്രമാണ് ഫലസ്തീൻ ലക്ഷ്യത്തിലേക്കുള്ള വഴിയെന്ന് ഏകമുഖ കാഴ്ചപ്പാടിൽ അടയിരിക്കുന്നവരാണ്. അവർക്ക് കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. അതുകൊണ്ട് സത്യാന്വേഷികൾ സംഘ് നരേഷനെയും അതിവൈകാരികക്കാരുടെ ഹൈവോൾട്ട് ഐക്യദാർഢ്യത്തെയും ഒരുപോലെ നേരിടേണ്ടിയിരിക്കുന്നു. അറിവിന്റെയും ചരിത്ര ബോധത്തിന്റെയും വേരുറപ്പോടെയായിരിക്കണം ഫലസ്തീനികളോട് ഐക്യപ്പെടേണ്ടത്. അങ്ങനെ മാത്രമേ ഫലസ്തീനെ മുൻനിർത്തി ചുറ്റും നടക്കുന്ന വർഗീയവത്കരണത്തെ മറികടക്കാനാവുകയുള്ളൂ.
അഞ്ച് അടിസ്ഥാന ആശയങ്ങളുടെ അടിത്തറയിൽ നിന്നു കൊണ്ടാകണം ഫലസ്തീന്റെ സത്യത്തിനായുള്ള അന്വഷണം ആരംഭിക്കേണ്ടത്.
1. ഫലസ്തീനും ഇസ്‌റാഈലും തമ്മിൽ യുദ്ധത്തിലല്ല. യുദ്ധമല്ല നടക്കുന്നത്. അധിനിേവശ രാജ്യം (ഒകുപയർ കൺട്രി) അധിനിവിഷ്ട ജനത (ഒക്കുപൈഡ് പീപ്പിൾ)ക്കെതിരെ നടത്തുന്ന ഏകപക്ഷീയമായ അതിക്രമമാണ് ഇത്. ഒരു അപാർതീഡ് രാജ്യത്തിന്റെ വംശീയ അതിക്രമം,
2. ഹമാസിന്റെ റോക്കറ്റ് ആക്രമണവും ഫലസ്തീൻ ജനത നടത്തുന്ന ചെറുത്തുനിൽപ്പും തീവ്രവാദപരമാണോ എന്ന് ഓഡിറ്റ് ചെയ്യേണ്ടത് ഇസ്‌റാഈലിന്റെ മനുഷ്യക്കുരുതി കൂടി കണക്കിലെടുത്താകണം.
3. ഇസ്‌റാഈൽ- ഫലസ്തീൻ വിഷയത്തിൽ വിശ്വാസത്തിന്റെയും മതത്തിന്റെയും തലമുണ്ട്.
4. എന്നാൽ ഈ വിഷയത്തിന്റെ പരിഹാരം തത്കാലം മതപരമല്ല, രാഷ്ട്രീയവും നയതന്ത്രപരവുമാണ്.
5. ഈ പ്രതിസന്ധി പരിഹരിക്കേണ്ടത് ഉഭയകക്ഷി ചർച്ചയിലൂടെയല്ല, അത്തരമൊരു പരിഹാരം സാധ്യമാകാത്ത വിധം ഇരു കക്ഷികളും അകന്നിരിക്കുന്നു. ലോക രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഈ ദൗത്യം നിർവഹിക്കേണ്ടത്. അതിന് യു എന്നിന്റെ ഘടന തന്നെ പരിഷ്‌കരിക്കേണ്ടി വരും. വീറ്റോ അധികാരമടക്കമുള്ള ജനാധിപത്യവിരുദ്ധ സംവിധാനങ്ങൾ പുനഃപരിശോധിക്കേണ്ടതുണ്ട്.
രാഷ്ട്രവും അതിന്റെ പ്രത്യയശാസ്ത്രവും അപകടകരമാം വിധം ഐക്യപ്പെടുന്നതിന്റെ പേരാണ് ഇസ്‌റാഈൽ. സയണിസത്തിന്റെ സ്വഭാവവും ചരിത്രവും വർത്തമാനവും വിശകലനം ചെയ്തുകൊണ്ട് റാൽഫ് ഷൂമാൻ പറയുന്നുണ്ട്: നാല് കെട്ടുകഥകളാണ് ആധുനിക സമൂഹത്തിൽ സയണിസത്തിന്റെ അവബോധം സൃഷ്ടിച്ചത്. അവയിൽ ആദ്യത്തേത് ‘സ്വന്തമായി നാടില്ലാത്ത ജനങ്ങൾക്ക് ജനങ്ങളില്ലാത്ത നാട് എന്നതാണ്’. മധ്യ പൗരസ്ത്യ ദേശത്തെ ഒരേയൊരു യഥാർത്ഥ ജനാധിപത്യ രാഷ്ട്രം ഇസ്‌റാഈലാണെന്നതാണ് രണ്ടാമത്തെ നുണ. പ്രാകൃതരും തങ്ങളോട് കടുത്ത വിദ്വേഷം പുലർത്തുന്നവരുമായ അറബികളിൽ നിന്ന് വലിയ ഭീഷണി നേരിടുന്നുണ്ടെന്നും അതിനെ സദാ പ്രതിരോധിക്കുകയാണ് തങ്ങളെന്നുമെന്നതാണ് മൂന്നാം നുണ. ഹോളോകോസ്റ്റിന്റെ ആനുകൂല്യം എക്കാലവും ലോകം ഇസ്‌റാഈലിന് നൽകിക്കൊണ്ടിരിക്കണം എന്ന പരികൽപ്പനയാണ് നാലാമത്തേത്.
തങ്ങൾക്ക് നിയമപരമായി ഒരു അവകാശവുമില്ലാത്ത ഭൂമിയെടുത്ത് നിയമപരമായി ഒരു അവകാശവുമില്ലാത്ത മറ്റൊരു കൂട്ടർക്ക് ബ്രിട്ടീഷ് സാമ്രാജ്യത്വം എടുത്തുകൊടുക്കുമ്പോൾ അവിടെ അറബികളുണ്ടായിരുന്നു. കാലി വളർത്തലും കൃഷിയുമായി കഴിഞ്ഞിരുന്ന അവർ ഭൂസ്വത്തിലോ അതിന്റെ അതിർത്തികളിലോ അമിതമായി ശ്രദ്ധ പുലർത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ അവർക്കിടയിൽ കഴിഞ്ഞിരുന്ന ജൂതൻമാർക്ക് അറബികളിൽ നിന്ന് ഭൂമി സ്വന്തമാക്കുന്നതിന് ബലാത്കാരത്തിന്റെ ആവശ്യമേ ഉണ്ടായിരുന്നില്ല. സഹജീവിതത്തിന്റെ എല്ലാ സൗന്ദര്യവും അവർക്കിടയിൽ നിലനിന്നു.
എന്നാൽ 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജൂതൻമാർക്കിടയിൽ തീവ്ര ചിന്താഗതികൾ ശക്തിപ്പെട്ടു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഇടപെടൽ മറ്റെല്ലായിടത്തേയും പോലെ ഇവിടെയും ശൈഥില്യം വിതക്കുകയായിരുന്നു. ഈ അവസരം മുതലെടുത്ത് ജൂതൻമാർ ഭൂമി കൈക്കലാക്കാൻ ഗൂഢ പദ്ധതികൾ ആവിഷ്‌കരിച്ചു തുടങ്ങി. അത് രൂക്ഷമായ ഏറ്റുമുട്ടലുകൾക്ക് വഴിവെച്ചു. കാർഷിക കലാപങ്ങളെന്ന് ചരിത്രകാരൻമാർ വിശേഷിപ്പിക്കുന്ന ഈ ഏറ്റുമുട്ടലുകൾ സത്യത്തിൽ അറബികളുടെ ഭാഗത്ത് നിന്നുള്ള അധിനിവേശ വിരുദ്ധ വിപ്ലവങ്ങൾ തന്നെയായിരുന്നു. അടുത്ത ഘട്ടത്തിൽ വൻതോതിൽ ജൂത കുടിയേറ്റം തുടങ്ങി. 1917ൽ ബാൽഫർ പ്രഖ്യാപനത്തോടെ ജൂത രാഷ്ട്ര സ്ഥാപനത്തിന് ആണിക്കല്ല് സ്ഥാപിക്കപ്പെട്ടു.
സത്യത്തിൽ ജൂതൻമാരോട് ക്രൂരമായ വിവേചനം കാണിച്ചത് യൂറോപ്പാണ്. യൂറോപ്പിന് പുറത്ത് ജൂതൻമാർ സുരക്ഷിതരും അപാരമായ ഉൾക്കൊള്ളൽ സംസ്‌കാരത്തിന്റെ ഊഷ്മളത അനുഭവിക്കുന്നവരുമായിരുന്നു. എന്നാൽ ഹിറ്റ്‌ലറുടെ ആര്യൻ മേധാവിത്വ സിദ്ധാന്തത്തിന്റെയും അതിനോട് മറ്റ് രാജ്യങ്ങളുടെ പ്രതികരണത്തിന്റെയും ലോകമഹായുദ്ധത്തിന്റെയും കൂട്ടപ്പൊരിച്ചിലിനിടയിൽ ജൂതൻമാർ യൂറോപ്പിൽ ഇരകളാക്കപ്പെട്ടുവെന്നത് സത്യമാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായി ഉയർത്തിക്കാണിക്കപ്പെട്ടത് ഫ്രാൻസിൽ നടന്ന ഒരു കോർട്ട് മാർഷൽ നടപടിയാണ്. ഫ്രാൻസിന്റെ പട്ടാള രഹസ്യങ്ങൾ ജർമനിക്ക് ചോർത്തി നൽകിയെന്ന കുറ്റം ചുമത്തി ആൽഫ്രഡ് റൈസസ് എന്ന ജൂത സൈനികനെ പരസ്യമായി മർദിക്കുകയായിരുന്നു. ജനം അദ്ദേഹത്തെ രാജ്യദ്രോഹിയെന്ന് വിളിച്ചാർത്തു. ഫ്രാൻസിന്റെ ചരിത്രത്തിലെ അസാധാരണമായ നടപടിയായിരുന്നു അത്. 1895ലെ ആ സംഭവം റിപ്പോർട്ട് ചെയ്യാൻ ലോകത്തെ പ്രധാന മാധ്യമപ്രവർത്തകരെല്ലാം പാരീസിലെത്തി. ജൂതരെയാകെ ഒറ്റുകാരായി ചിത്രീകരിക്കുന്ന ആ രംഗം ആസ്ത്രിയയിൽ നിന്നുള്ള ജൂതപത്രപ്രവർത്തകനായ തിയോഡോർ ഹേർസണെ ശക്തിയായി പിടിച്ചുലച്ചു. ഈ ആഘാതത്തിൽ അദ്ദേഹം എഴുതിയ ദി ജ്യൂയിഷ് സ്റ്റേറ്റ് എന്ന പുസ്തകത്തിലാണ് ആദ്യമായി പ്രത്യേക ജൂതരാഷ്ട്രം എന്ന ആശയം അവതരിപ്പിക്കപ്പെടുന്നത്.
പിന്നീട് 1897ൽ സ്വിറ്റ്‌സർലൻഡിലെ ബേസിലിൽ ചേർന്ന ആദ്യ ലോക ജൂത സമ്മേളനം ഈ ആശയത്തിന്റെ പൂർത്തീകരണത്തിനായി ആഹ്വാനം ചെയ്തു. ബ്രിട്ടൻ, അമേരിക്ക, ഫ്രാൻസ് തുടങ്ങിയ വമ്പൻ രാഷ്ട്രങ്ങളിലെല്ലാം ജൂതർക്ക് സ്വാധീനമുണ്ടായിരുന്നു. ഉയർന്ന ഉദ്യോഗങ്ങളിൽ അവരുണ്ടായിരുന്നു. നിരവധി രാജ്യങ്ങളുടെ നയതന്ത്ര തലപ്പത്ത് ജൂതരായിരുന്നു. പലിശക്ക് പണം കൊടുക്കുന്ന വമ്പൻ മൂലധന ഉടമകൾ, വ്യവസായികൾ, വ്യാപാരികൾ. ഈ സാമ്പത്തിക, രാഷ്ട്രീയ ശക്തിയാകെ ഒറ്റ ലക്ഷ്യത്തിനായി വിനിയോഗിക്കാൻ ജൂത സമ്മേളനം ആഹ്വാനം ചെയ്തു.
തീർത്തും വർഗീയമായ ഒരാശയം മുന്നോട്ട് വെച്ചിട്ടും ആരും അതിനെ അപരിഷ്‌കൃതമെന്ന് വിളിച്ചില്ലെന്നതാണ് വിരോധാഭാസം. ജൂതർക്ക് അധിവസിക്കാനായി ശൂന്യമായ ഒരു ‘വാഗ്ദത്ത ഭൂമി’ ലോകത്തൊരിടത്തും ഇല്ലെന്നറിഞ്ഞിട്ടും അങ്ങനെയൊന്നുണ്ടെന്ന മിഥ്യ അവർ ആവർത്തിച്ചുകൊണ്ടിരുന്നു. ഉഗാണ്ട തരാമെന്ന് ബ്രിട്ടൻ പറഞ്ഞത് ആ ഘട്ടത്തിലാണ്. കൊളനിവത്കരണത്തിന്റെ പിൻബലത്തിൽ അങ്ങ് പ്രഖ്യാപിക്കുക തന്നെയാണ്. പരമ്പരാഗതമായി മനുഷ്യർ അധിവസിക്കുന്ന ഇടങ്ങൾ പതിച്ചുനൽകാനുള്ള ബ്രിട്ടന്റെ തീരുമാനത്തെ ഒരു പാശ്ചാത്യ രാജ്യവും അസ്വാഭാവികമായി കണ്ടില്ല. ഉഗാണ്ട സ്വീകാര്യമല്ലെന്ന് ജൂത സംഘടന വ്യക്തമാക്കിയതോടെയാണ് ജറൂസലം കേന്ദ്രീകരിച്ച് ജൂതർ അധിവസിക്കുന്ന പ്രദേശത്ത് ജൂതരാഷ്ട്രം സ്ഥാപിക്കാമെന്ന നിർദേശം വരുന്നത്.
അറബ് ഭൂരിപക്ഷമായ ഈ മേഖലയിൽ അവിടുത്തെ പരമ്പരാഗത നിവാസികളായ ജൂതർക്ക് ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല. ജൂത സമ്മേളനത്തെ ചുറ്റിപ്പറ്റി ഉയർന്നുവന്ന ചർച്ചകളോട് അന്നത്തെ ഫലസ്തീൻ ജനത അത്യന്തം നിസ്സംഗത പുലർത്തിയെന്നതാണ് സത്യം. അവർ ഒരു പ്രതിരോധത്തിനും പോയില്ല. തങ്ങളുടെ മണ്ണാണ് കവർന്നെടുക്കാൻ പോകുന്നതെന്ന കാര്യം അവർ ഗൗനിച്ചതേയില്ല. ജൂതലോബി തുർക്കി സുൽത്താനെയും ജർമനിയെയും ഒരുപോലെ സ്വാധീനിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ബ്രിട്ടന്റെ മുന്നേറ്റം തടയാൻ തങ്ങൾ സഹായിക്കാമെന്ന് ജർമനിക്കും തുർക്കിക്കും അവർ ഒരുപോലെ ഉറപ്പ് നൽകി. എന്നാൽ സയണിസ്റ്റുകളെ കൈക്കലാക്കാൻ ബ്രിട്ടീഷുകാർക്കായിരുന്നു തിടുക്കം.
1914-18ൽ ബ്രിട്ടീഷ് നയന്ത്രജ്ഞൻ എ ബി ബാൽഫർ ജൂതരാഷ്ട്ര സംസ്ഥാപനത്തെ ബ്രിട്ടീഷ് രാജ്ഞിയുടെ കടമയായി പ്രഖ്യാപിക്കുന്നത് ഈ ഘട്ടത്തിലാണ്. ഇതാണ് കുപ്രസിദ്ധമായ ബാൽഫർ ഡിക്ലറേഷൻ. അപ്പോഴേക്കും ഭൗമരാഷ്ട്രീയത്തിൽ മേഖലയിലെ അനിഷേധ്യ ശക്തിയായി മാറിക്കഴിഞ്ഞ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ 1948 മെയ് 15ന് ഇസ്‌റാഈൽ നിലവിൽ വന്നു. ഇതിനിടക്ക് സ്വന്തം കൃഷിയിടത്തിൽ നിന്ന് അറബ് വംശജരെ ആട്ടിയോടിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായ ചെറുത്തുനിൽപ്പുകൾ അരങ്ങേറിയിരുന്നു. കൊന്നുതള്ളിയാണ് ഈ ചെറുത്തുനിൽപ്പുകളെ ബ്രിട്ടീഷ് സാമ്രാജ്യത്വം അപ്രസക്തമാക്കയത്. ഇസ്‌റാഈൽ നിലവിൽവന്ന ശേഷം അമേരിക്കയും ബ്രിട്ടനും ജർമനി പോലും ജൂതസംരക്ഷണത്തിനായി ആയുധവും അർത്ഥവും ഒഴുക്കി. പിന്നെ എത്രയെത്ര കൂട്ടക്കൊലകൾ. ഓരോ കൂട്ടക്കൊലയും ഇസ്‌റാഈലിന്റെ നിലനിൽപ്പിനായുള്ള അനിവാര്യതയായി ചിത്രീകരിക്കപ്പെട്ടു.
യു എൻ 1948ൽ വരച്ച അതിർത്തിരേഖ ഫലസ്തീൻ നേതാക്കൾ അംഗീകരിക്കാത്തതല്ലേ എല്ലാ പ്രശ്‌നത്തിനും കാരണമെന്ന് ചിലർ ചോദിക്കാറുണ്ട്. അതിന് മുമ്പ് നടന്ന ക്രൂരമായ ആട്ടിയോടിക്കലുകൾ തമസ്‌കരിച്ചാണ് ഈ ചോദ്യം ഉന്നയിക്കുന്നത്. അന്ന് വരച്ച അതിർത്തിക്കകത്തെ മണ്ണ് അറബ് വംശജരുടെ സ്വാഭാവിക വാസസ്ഥലങ്ങളായിരുന്നുവെന്ന ചരിത്രബോധം ഫലസ്തീനികളെ കൂടുതൽ അതൃപ്തരും പോരാളികളുമാക്കുകയായിരുന്നു. യാസർ അറാഫത്ത് ആ പോരാട്ടവീര്യത്തിന്റെ പ്രതീകമായിരുന്നുവല്ലോ. എന്നാൽ ഒരു ഘട്ടം പിന്നിടുമ്പോൾ അദ്ദേഹം ഫലസ്തീൻ രാഷ്ട്രം സാധ്യമാക്കാൻ ആ അതിർത്തിരേഖ അംഗീകരിച്ചു. 1948ലെ അതിർത്തി അംഗീകരിക്കാൻ അദ്ദേഹം നിരവധിയായ നിബന്ധനകൾ വെച്ചു. പലയിടങ്ങളിലായി ചിതറിപ്പോയ ഫലസ്തീനികളെ തിരിച്ചുവരാൻ അനുവദിക്കണമെന്നതായിരുന്നു പ്രധാന നിബന്ധന. ഇസ്‌റാഈൽ അത് ചെവികൊണ്ടില്ല.
യു എൻ വരച്ച അതിർത്തിയിൽ ഒതുങ്ങി നിൽക്കാൻ ഇസ്‌റാഈൽ ഒരിക്കലും തയ്യാറായിട്ടില്ല. 1967ലെ യുദ്ധത്തിൽ കീഴടക്കിയ പ്രദേശങ്ങളിൽ നിന്ന് പിൻമാറിയില്ലെന്ന് മാത്രമല്ല, കൂടുതലിടങ്ങളിലേക്ക് അധിനിവേശം വ്യാപിപ്പിച്ചു കൊണ്ടേയിരുന്നു. ഇന്നും ഇസ്‌റാഈൽ അതിന്റെ അതിർത്തി നിശ്ചയിച്ചിട്ടില്ല. അധിനിവേശം തടയാൻ ഒരു കരാറിനും സാധിച്ചിട്ടില്ല. ഇത്തവണത്തെ സംഘർഷവും ശൈഖ് ജർറാഹിൽ നിന്നുള്ള കുടിയിറക്കലിന്റെ പേരിലാണല്ലോ തുടങ്ങിയത്. ഗോൾഡയുടെയും ബൻഗൂറിയന്റെയും ഏരിയൽ ഷാരോണിന്റെയും ഇങ്ങേത്തലക്കൽ ബെഞ്ചമിൻ നെതന്യാഹുവിന്റെയുമൊക്കെ ‘അപ്രത്യക്ഷമാക്കൽ’ തന്ത്രത്തെ ചെറുക്കാൻ മറ്റൊരു വഴിയും കാണാത്തതിനാൽ ഫലസ്തീൻ കുഞ്ഞുങ്ങൾ കല്ലെടുത്തെറിയുന്നു. ഫലസ്തീൻ ഭൂപടം ചുരുച്ചുരുങ്ങി പൊട്ടുപോലും കണ്ടുപിടിക്കാനാകാത്ത വിധം മാഞ്ഞുപോകുമെന്ന പ്രഖ്യാപനത്തെയാണ് ചരിത്രത്തിന് ഇപ്പുറത്ത് വെച്ച് ഫലസ്തീനിലെ മനുഷ്യർ സ്വന്തം ജീവൻ കൊണ്ട് പ്രതിരോധിക്കുന്നത്. മറവിക്കെതിരായ കലാപമാണ്.
വേണമെങ്കിൽ ഹമാസിനെ നമുക്ക് തള്ളിപ്പറയാം. തീർച്ചയായും അവർ ബ്രദർഹുഡിന്റെ തുടർച്ചയാണ്. പക്ഷേ, ഭൂപടത്തിൽ അപ്രത്യക്ഷമാകാൻ വിധിക്കപ്പെട്ട ഈ മനുഷ്യരോട് എന്ത് മറുപടി പറയും? അവരിൽ നിന്ന് കവർന്നെടുത്ത മണ്ണും മാനവും എന്ന് തിരിച്ചുനൽകും? ക്യാമ്പ് ഡേവിഡ് കരാറും ഓസ്‌ലോ കരാറുമൊക്കെ എന്ന് നടപ്പാകും? ഇൻതിഫാദകൾക്ക് അവധി നൽകി അനുരഞ്ജനത്തിലേക്ക് നടന്ന യാസർ അറഫാത്തിനോട് നിങ്ങൾ നീതി കാണിച്ചോ? ആ പരിമിത നീതിയെങ്കിലും പുലർന്നിരുന്നെങ്കിൽ ഹമാസ് അപ്രസക്തമാകില്ലായിരുന്നോ?
(അവസാനിക്കുന്നില്ല)
മുസ്തഫ പി എറയ്ക്കൽ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ