ഇന്ത്യയിലും ലോകത്തെവിടെയും ഫാസിസത്തിന്റെയും ഇസ്‌ലാമോഫോബിക് അജണ്ടകൾ നടപ്പിലാക്കുന്നവരുടെയും പ്രധാന ആയുധം വെറുപ്പുൽപാദനവും മുസ്‌ലിംകളെ വെറുക്കപ്പെടേണ്ടവരും ഇല്ലായ്മ ചെയ്യപ്പെടേണ്ടവരും ദേശത്തിനും സമൂഹത്തിനും ഭീഷണിയുമൊക്കെയായി അവതരിപ്പിക്കുകയും അതിനു വേണ്ടി നിരന്തരമായ അസത്യങ്ങളും അർധ സത്യങ്ങളും പ്രചരിപ്പിക്കുകയും സന്ദർഭങ്ങളിൽ നിന്നടർത്തിയെടുത്ത പ്രസംഗങ്ങളും വീഡിയോകളും തയ്യാറാക്കുകയും അവക്ക് തെറ്റായ വിശദീകരണങ്ങൾ നൽകുകയുമൊക്കെയാണ്. രാഹുൽ ഗാന്ധിയുടെ കൂടെ കണ്ട മുസ്‌ലിം ലീഗ് പതാകകൾ പാക്കിസ്ഥാൻ പതാകകളായും സയ്യിദുമാർ മുതൽ ഷാറൂഖ് ഖാൻ വരെയുള്ള മുസ്‌ലിംകൾ ഊതുന്നത് തുപ്പലായും അവതരിപ്പിക്കുന്നത് ധാരാളമായി നാം കാണുന്നുണ്ട്. അതിന്റെയൊക്കെ ഫലമായി ഉരുണ്ടുകൂടുന്ന വെറുപ്പും നമുക്ക് ദൃശ്യമാകുന്നുണ്ട്. ജുമുഅ ഖുതുബ നിർവഹിക്കുമ്പോൾ ആചാരപരമായി ഉപയോഗിക്കുന്ന മരത്തിന്റെ വാള് മുതൽ ഏതെങ്കിലും സാഹചര്യത്തിൽ നടത്തിയ മുസ്‌ലിംകളുടെ പ്രസംഗഭാഗങ്ങളുടെ മുറിച്ചെടുത്ത കഷ്ണങ്ങൾ വരെയും ഉപയോഗിച്ച് വെറുപ്പും തെറ്റിദ്ധാരണയും പടർത്തുകയാണ് ഫാസിസം ചെയ്തുകൊണ്ടിരിക്കുന്നത്.

അതിന്റെ ഫലമാണ് മുസ്‌ലിംകളെന്താണെന്നറിയില്ലെങ്കിലും അവരെ കൊല്ലണമെന്നു കരുതുന്ന ചെറിയ കുട്ടികൾ പോലും ഫാസിസ്റ്റു സമൂഹത്തിൽ ഉണ്ടായി വരുന്നതും ഫഹദ് എന്നൊരു കൊച്ചു മുസ്‌ലിം കുട്ടിയെ കാണുമ്പോൾ വെറുപ്പ് കയറിയ ഒരു സംഘിഭ്രാന്തന് കൊല്ലാൻ തോന്നുന്നതും ഹിജാബും തൊപ്പിയും പോലുള്ള ചിഹ്നങ്ങൾ കാണുമ്പോൾ ചിലർ വെറുത ആക്രമണോത്സുകരാകുന്നതുമെല്ലാം.

ഇതൊക്കെ പ്രതിരോധിക്കാനെന്നവകാശപ്പെട്ട് സംഘടിച്ചവർ ചെയ്യുന്നതെന്താണ്? പ്രതിരോധം കാര്യമായി നടക്കുന്നില്ല, ബഹളങ്ങളും അവകാശവാദങ്ങളുമാണുള്ളത്. എന്നാൽ കാര്യമായി നടക്കുന്ന ഒന്നുണ്ട്, അത് മുകളിൽ പറഞ്ഞ അതേ ഫാസിസ്റ്റ് വേർഷൻ വെറുപ്പുൽപാദനമാണ്. അതേ ആയുധങ്ങളുപയോഗിച്ച് സമുദായത്തിലെ മറ്റുള്ളവർക്കു നേരെ, വിശേഷിച്ച് സുന്നി പ്രസ്ഥാനത്തിനും പണ്ഡിതർക്കും അണികൾക്കും നേരെ വലിയ തോതിൽ സംഘടിപ്പിക്കുന്നുണ്ട്. അതിന്റെ ഫലമായി ഈ ‘പ്രതിരോധ ഫനാറ്റിക്കുകൾ’ നിരന്തരമായ തെറിവിളികളും ഒറ്റുകാർ/ചേക്കുട്ടി ചാപ്പകളുമായി സോഷ്യൽ മീഡിയയിലും തെരുവിലും കറങ്ങി നടക്കുന്നുമുണ്ട്.

പണ്ഡിതരുടെ പ്രസംഗങ്ങൾ വർഷങ്ങൾ പഴക്കമുള്ളതാണെങ്കിലും അതിന്റെ ക്ലിപ്പുകൾ മുറിച്ചെടുത്ത് തെറ്റായ ആഖ്യാനങ്ങളോടെ പ്രചരിപ്പിക്കുക, അവർ ചെയ്യുന്ന മുഴുവൻ സേവനങ്ങളെയും പ്രതിരോധ പ്രവർത്തനങ്ങളെയും അവഗണിച്ചുകൊണ്ട് ഏതെങ്കിലും ഭരണകൂട സംവിധാനങ്ങളെ സമുദായത്തിന്റെ ആവശ്യങ്ങൾക്കു വേണ്ടി സമീപിച്ച സമയത്തെ ഫോട്ടോകളെടുത്ത് ഒറ്റുകാരെന്നു ലേബൽ പതിക്കുക, പ്രതിരോധത്തിന്റെ പേരിൽ നടത്തുന്ന അപക്വവും അനിസ്‌ലാമികവുമായ പ്രവർത്തനങ്ങളോട് അരുതെന്ന് പറയുന്നതിനെ, ഫാസിസ്റ്റുകൾ കൊല്ലാൻ വരുമ്പോൾ തലകാണിച്ചു കൊടുക്കാനും ബലാത്സംഗം ചെയ്യാൻ വരുമ്പോൾ കിടന്നുകൊടുക്കാനുമാണ് ഇവർ ഉപദേശിക്കുന്നതെന്ന് നിരന്തരമായി വ്യാജം പ്രചരിപ്പിക്കുക തുടങ്ങിയ ടൂൾകിറ്റുകൾ നിരന്തരമായി പ്രവർത്തിക്കുന്നത് നാം കാണുന്നുണ്ട്.

ഒരാളെ വെട്ടിയതിന്റെ പേരിൽ അതേ ആശയമുള്ള മറ്റൊരാളെ വെട്ടിക്കൊല്ലുന്നത് ശരിയല്ലെന്നും ഏതു ഘട്ടത്തിലും ഇസ്‌ലാം പറഞ്ഞതിനപ്പുറം പോകരുതെന്നും പറയുമ്പോൾ, ആർ.എസ്.എസുകാർക്ക് നോവുമ്പോഴാണ് ഇവർ ശബ്ദിക്കുകയെന്ന് ആരോപിക്കുക, നിരന്തരമായി പേനകൊണ്ടും നാവുകൊണ്ടും ഫാസിസത്തിനെതിരെ സംസാരിച്ചുകൊണ്ടിരിക്കുന്ന പണ്ഡിതരെയും സംഘടനകളെയും ഇവരുടെ പ്രതിരോധ ബഹളങ്ങളോട് സഹകരിച്ചില്ലെന്ന പേരിൽ, അവരാരും ഫാസിസത്തിനെതിരെ ഒരക്ഷരം മിണ്ടുന്നില്ലെന്നു പറഞ്ഞുകൊണ്ടേയിരിക്കുക തുടങ്ങിയ വിവിധ രീതികളിലൂടെ ഇവർ ഫാസിസത്തിന്റെ അതേ പാത പിന്തുടർന്ന് സമുദായത്തിനകത്ത് അപരവിദ്വേഷം നിറക്കുന്നു.

പണ്ഡിതരും അനുയായികളും സമുദായത്തിന്റെ സുരക്ഷക്കു ഭീഷണിയെന്നും ഒറ്റുകാരെന്നും ചേക്കുട്ടിമാരെന്നും ശത്രുവിന്റെ ആയുധങ്ങളെന്നും ഇവർ മൂലമാണ് സമുദായത്തിന്റെ അപകടാവസ്ഥയെന്നും നിരന്തരം മസ്തിഷ്‌ക പ്രക്ഷാളനം ചെയ്യപ്പെട്ട കുറേ തലകളാണ് ഇതിന്റെ ഫലമായി രൂപപ്പെടുക. അവർക്ക്, സാഹചര്യം അനുകൂലമാകുന്നപക്ഷം ഏതെങ്കിലും മുതഅല്ലിമിനെയോ പണ്ഡിതനെയോ കാണുമ്പോൾ കൊല്ലാനും അക്രമിക്കാനുമുള്ള സ്വാഭാവികമായ ത്വര ഉള്ളിൽ തിളച്ചു വരുമെന്നതിൽ സംശയമില്ല. അങ്ങനെയുള്ള കൊലയാളികളെ സൃഷ്ടിക്കുന്നതിൽ ഫാസിസം വിജയിക്കുന്നതിന്റെ അതേ ഫലം തന്നെയാവും ഇവരുടെ പ്രചാരണങ്ങൾ വിജയിക്കാനനുവദിച്ചാൽ സമുദായത്തിനകത്തും സംഭവിക്കുക. ഫാസിസ്റ്റുകൾക്കു മുന്നേ ഇവരുടെ കൊലക്കത്തി അങ്ങനെ സ്വന്തം സഹോദരങ്ങളെ തേടിയെത്തും.

പ്രതിരോധം എങ്ങനെയാവണം?

ഏതു പ്രശ്‌നത്തിന്റെയും പരിഹാരങ്ങൾ കണ്ടെത്തുന്നതിന്റെ ആദ്യപടികളിലൊന്ന്, വലിയ തോതിൽ പരിഹാരമെന്നു പ്രചരിപ്പിക്കപ്പെടുന്ന വ്യാജപരിഹാരങ്ങളെ തിരിച്ചറിയുകയെന്നതാണല്ലോ. അല്ലാത്തപക്ഷം, നല്ലൊരു പറ്റം ആളുകൾ കൂടുതൽ അപകടത്തിലാകും. ഇന്ത്യൻ മുസ്‌ലിംകളുടെ സമകാലിക പ്രതിസന്ധികൾക്ക് ഏക പരിഹാരം തങ്ങളുടേതാണെന്ന് അവകാശപ്പെടുന്നവർ ഉയർത്തുന്ന ഭീഷണികളും അപകടങ്ങളും തിരിച്ചറിയേണ്ടത് സമുദായത്തിന്റെ ആദ്യത്തെ ആവശ്യമാണ്. യഥാർഥത്തിൽ അവകാശവാദങ്ങളും ബഹളങ്ങളും മാത്രമേയുള്ളൂ, പ്രതിരോധമൊന്നും കാര്യമായി നടക്കുന്നില്ല എന്ന വസ്തുത കൂടി ജനങ്ങളുടെ ശ്രദ്ധയിൽ വരേണ്ടതുണ്ട്.

മുമ്പു സൂചിപ്പിച്ചതു പോലെ, ദീർഘകാലം കൊണ്ട് വന്നുപെട്ട, പല തലങ്ങളിലുള്ള ദൗർബല്യത്തിലും പ്രതിസന്ധികളിലുമാണ് ഇന്ത്യയിൽ മുസ്‌ലിംകളുള്ളത്. ന്യൂനപക്ഷാവസ്ഥയും ഫാസിസ്റ്റ് ഭീഷണിയും ഭരണകൂടത്തിന്റെ പക്ഷപാതിത്വവും ഇത്രയും മാരകമായി ബാധിക്കുന്നതും അതുകൊണ്ടാണ്. ദുർബലമായ ആരോഗ്യമുള്ളവരെയാണല്ലോ കാലാവസ്ഥയുടെ പ്രാതികൂല്യം കാര്യമായി ബാധിക്കുക. കാലാവസ്ഥ മാറ്റുകയും അതിന്റെ വെല്ലുവിളികളിൽ നിന്ന് സംരക്ഷണമൊരുക്കുകയും ചെയ്യുന്നത് പ്രധാനമാണ്. അതേസമയം, അത് പൂർണമായും നമ്മുടെ നിയന്ത്രണത്തിലുള്ളതല്ല, പ്രായോഗികമായി വിജയസാധ്യതക്കു പരിമിതികളുമുണ്ടാവും. എന്നാലും ആ വഴിയേ സാധ്യമായ ശ്രമങ്ങൾ ആവശ്യമാണുതാനും.

കൂടുതൽ പ്രാധാന്യവും സ്ഥായിയായ പരിഹാര സാധ്യതയുമുള്ളത്, ദുർബലരുടെ ആത്മീയവും സാമ്പത്തികവും സാമൂഹികവും വിദ്യാഭ്യാസപരവും രാഷ്ട്രീയവുമൊക്കെയായ ആരോഗ്യം ശക്തിപ്പെടുത്തുകയെന്നതാണ്. അതു സാധ്യമാകുന്ന മുറക്ക് കാലാവസ്ഥാ പ്രശ്‌നങ്ങളെ ഒരു പരിധി വരെ സ്വയം പരിഹരിക്കാനും അവർക്കു കഴിയും. അതോടൊപ്പം സാഹചര്യങ്ങൾ മാറ്റിയെടുക്കാനും അക്രമങ്ങളെ ഫലപ്രദമായി നേരിടാനും ആവശ്യമുള്ള സജ്ജീകരണങ്ങളും ആവശ്യമായി വരും. ഈ മുന്നൊരുക്കങ്ങളിൽ രണ്ടു കാര്യങ്ങളെയെങ്കിലും ഗൗരവപൂർവം പരിഗണിക്കേണ്ടതുണ്ട്.

ഒന്ന്, സമുദായത്തിന്റെ നിലവിലുള്ള ദൗർബല്യത്തെ കൂടുതൽ മാരകമാക്കാനും കൂടുതൽ നിസ്സഹായതയിലേക്കു നയിക്കാനും സാധ്യതയുള്ളതാവരുത് പരിഹാര ശ്രമങ്ങൾ. നൂറു വർഷം മുന്നേ മലബാർ സമരത്തിന്റെ അനുഭവം നമ്മുടെ മുമ്പിലുണ്ട്. അവിടെ സമരത്തിനിറങ്ങിയവർ ശുദ്ധമനസ്‌കരും ആദർശശാലികളുമൊക്കെയായിരുന്നു. അവർക്കു വിജയപ്രതീക്ഷയും പ്രാദേശികമായെങ്കിലും ബ്രിട്ടീഷ് മർദക ഭരണത്തെ മാറ്റിനിർത്താനുള്ള ശേഷിയുമുണ്ടായിരുന്നു. അന്നത്തെ രാഷ്ട്രീയ സാഹചര്യം അത്തരം ചെറു സ്വതന്ത്ര-അർധ സ്വതന്ത്ര പ്രദേശങ്ങൾക്കു സാധ്യതയുള്ളതുമായിരുന്നു. അതിനാൽ തന്നെ അവരുടെ ശ്രമങ്ങൾ ധീരവും ഉന്നതവുമായിരുന്നു, അവരുടെ രക്തസാക്ഷിത്വത്തെ പാരമ്പര്യ മുസ്‌ലിംകൾ വിലമതിക്കുകയും അവരെ ധീരരെന്നു അഭിമാനം കൊള്ളുകയും ചെയ്യുന്നു. അതിനാൽ മുകളിൽ പറഞ്ഞ വ്യാജപ്രതിരോധ സംഘങ്ങളോട് അവരെ ഒരു നിലക്കും സമീകരിച്ചു കൂടാ.

ശരിയായ രീതിയിൽ തുടങ്ങിയ സമരങ്ങളെല്ലാം വിജയിക്കണമെന്നില്ലല്ലോ. ദൗർഭാഗ്യവശാൽ മലബാർ സമരം പരാജയപ്പെട്ടു. ഫലമെന്തായിരുന്നു? ഒരു നൂറു വർഷമെങ്കിലും മലബാർ/ കേരള മുസ്‌ലിംകളെ പിന്നോട്ടു വലിക്കുന്ന, രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ ഭീകരമായ പ്രത്യാഘാതങ്ങളുള്ളതായി മാറി ആ പരാജയം. പരാജയപ്പെട്ടവർ തെറ്റുകാരല്ലെങ്കിൽ പോലും, അതിന്റെ കെടുതികൾ നാം അനുഭവിക്കേണ്ടി വന്നു. ഇപ്പോഴും അനുഭവിക്കുന്നു. അന്നത്തെ ദുരന്തം വായിച്ചും കേട്ടും അറിഞ്ഞവരാരും അത് ആവർത്തിക്കാൻ താൽപര്യപ്പെടുമെന്നു തോന്നുന്നില്ല.

അത്തരം ചെറുത്തുനിൽപ്പുകൾക്കും സായുധ പ്രതിരോധ ശ്രമങ്ങൾക്കുമുള്ള സാഹചര്യം വീണ്ടും എത്രയോ പരിമിതപ്പെട്ടിരിക്കുന്ന കാലത്താണു നാമുള്ളത്. കശ്മീരിലും മണിപ്പൂരിലും എൺപതുകളിൽ സിഖ് സമുദായത്തിലുമൊക്കെ ഉണ്ടായ അനുഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്. അവരുടെ തീരുമാനങ്ങളുടെ ശരിതെറ്റുകൾ വിശകലനം ചെയ്യേണ്ടതില്ല, അതിന്റെ ഫലമെന്തായിരുന്നെന്നു കാണാൻ. റോഹിംഗ്യൻ മുസ്‌ലിംകളാണ് ഏറ്റവും വേദനയുള്ളൊരു സമകാലിക ഉദാഹരണം. അവരുടെ കൂട്ടത്തിൽ പ്രതിരോധ സംഘങ്ങളില്ലാത്തതായിരുന്നു അവരുടെ പ്രശ്‌നമെന്ന് ആവേശക്കമ്മിറ്റിക്കാർ പറയുന്നത് കേട്ടിട്ടുണ്ട്. വർഷങ്ങളായി അവർ യാതനകൾ പേറുന്നുണ്ടായിരുന്നുവെന്നത് വസ്തുതയാണ്. പൗരത്വ നിഷേധം മുതലുള്ള ക്രൂരമായ വിവേചനങ്ങൾ. എന്നാൽ, അവരുടെ ദൈന്യാവസ്ഥയിൽ പ്രതിരോധത്തിനെന്ന രീതിയിൽ രൂപപ്പെട്ട അറാകാൻ റോഹിംഗ്യ സാൽവേഷൻ ആർമി (അഞടഅ)യുടെ ചില അപക്വമായ പ്രകോപനങ്ങളാണ് ലക്ഷക്കണക്കിന് റോഹിംഗ്യകൾക്ക്, അവിടെയുണ്ടായിരുന്നതിൽ പകുതി പേർക്കും, അതുവരെയുണ്ടായിരുന്ന മണ്ണുപോലും നഷ്ടപ്പെടുത്തി ബംഗ്ലാദേശിലേക്കും മറ്റും പലായനം ചെയ്യേണ്ടിവന്ന 2017ലെ ക്രൂരമായ ഭരണകൂട ഭീകരതക്ക് പെട്ടെന്ന് അവസരമൊരുക്കിയതെന്നു നിരീക്ഷണമുണ്ട്.

മൃഗീയമായ ശേഷിയുള്ള സൈനിക-അർധ സൈനിക സംവിധാനങ്ങളും, എല്ലാ ചലനങ്ങളും സംസാരങ്ങളും നിരീക്ഷിക്കാനുള്ള ഉപകരണങ്ങളും ഏതു വ്യാജത്തിനുമനുസരിച്ച് പൊതുബോധത്തെ രൂപപ്പെടുത്താൻ കഴിയുന്ന മാധ്യമങ്ങളുമെല്ലാമുള്ള ആധുനിക ഭരണകൂടങ്ങളോട് നടത്തുന്ന, നിയമവാഴ്ചയെ വെല്ലുവിളിച്ചുകൊണ്ടുള്ള ശ്രമങ്ങളെല്ലാം, നീതിയും ധർമവുമാണ് അവയെ നയിക്കുന്നതെങ്കിൽ പോലും ഭീകരമായ ദുരന്തത്തിൽ കലാശിക്കുന്നതാണ് ലോകത്തെവിടെയും അനുഭവം.

ശഹീദാകുമെന്ന് കരുതി ജീവൻ ബലിയർപ്പിക്കുന്നവർക്ക് ആ ഒരനുഭവത്തോടെ ദുൻയാവിലെ കെടുതികൾ തീരും. അതേസമയം അവരുടെ മക്കളും വിധവകളും ദുർബലരായ മാതാപിതാക്കളും വരുംതലമുറകളും വിദ്യാഭ്യാസ-മതസംവിധാനങ്ങളുമൊക്കെ കുറേയൊക്കെ ഇവിടെ ബാക്കിയുണ്ടാവുമല്ലോ. അവരെ അനന്തമായ കെടുതികളിലേക്ക് വലിച്ചെറിഞ്ഞുകൊടുക്കുന്ന പാതകം കൂടിയല്ലേ ഇത്തരം അവിവേകങ്ങൾ വരുത്തിവെക്കുക. അതും ബലാത്സംഗത്തെ ഏറ്റവും ആദ്യത്തെ ആയുധമായി കാണുന്ന കലാപകാരികളുള്ള ഇക്കാലത്ത്. അക്രമികൾക്കു മേയാൻ നിലമൊരുക്കിയ എവിടെയാണ് അവർ സഹോദരിമാരുടെ മാംസം കൊത്തിക്കീറാത്തത്? രക്തസാക്ഷിയാകാൻ ഇറങ്ങിപ്പോയി ഈ ബലാത്സംഗപ്പിശാചുക്കളെ വിളിച്ചുവരുത്തി നിരായുധരായ പെൺമക്കളെ എറിഞ്ഞു കൊടുക്കുന്നത് വലിയ ധീരസേവനമായി അവതരിപ്പിക്കാവുന്നതാണോ?

യമനിലും സിറിയയിലുമൊക്കെ മുല്ലപ്പൂ വിപ്ലവം സ്വപ്‌നം കണ്ട അവിവേകത്തിന്റെ അനുഭവങ്ങളും നമ്മുടെ മുന്നിലുണ്ട്. അതിനാൽ, പ്രതിരോധത്തിന്റെ പേരിൽ നടത്തുന്ന സംഘാടനങ്ങളും ബഹളങ്ങളും ഈ രാജ്യത്തെ ഇരുപതു കോടി മനുഷ്യരെയും അവരിലെ ദുർബലരെയും മക്കളെയും അടുത്ത തലമുറകളെയും തീരാ ദുരന്തത്തിലേക്ക് നയിക്കുന്നതാവരുത് എന്ന ഉറപ്പ് എല്ലാവർക്കും ആവശ്യമാണ്. അന്തസ്സോടെ ജീവിക്കാൻ കഴിയില്ലെങ്കിൽ പൊരുതി മരിക്കണമെന്നു പറയാനും മരിക്കാനും എളുപ്പമാണ്. ആ തത്ത്വവും ശരിയായിരിക്കാം. അത് ബാക്കിയുള്ളവരെ ഹീനമായ അപമാനത്തിലേക്കും വേദനയിലേക്കും തള്ളിവിടുന്ന പ്രവർത്തനങ്ങൾക്കു ബാധകമല്ല. ഇരുപതു കോടി മനുഷ്യർ, വിശേഷിച്ച് അവരിലെ ദുർബലരും കുട്ടികളും സ്ത്രീകളും പോരാട്ടത്തിൽ ഒന്നിച്ചു മരിക്കില്ലെന്നോർക്കുക.
ബാക്കിയാകുന്ന ഭൂരിപക്ഷം മനുഷ്യർക്ക് അന്തസ്സുള്ള ജീവിതവും ഭാവിയും ഉണ്ടാക്കിക്കൊടുക്കാൻ തൽക്കാലം ആവേശം അടക്കിവെച്ചും സഹിച്ചും വേദനകൾ കടിച്ചമർത്തിയും നിരാശകൾക്കിടയിലും സ്വപ്‌നം കണ്ടും കാണാൻ പ്രേരിപ്പിച്ചും വളരെ പതിയെ കാണുന്ന കൊച്ചു ഫലങ്ങളിൽ കണ്ണുനട്ട്, കുത്തുവാക്കുകളും പരിഹാസങ്ങളും ഭരണകൂട ഭീകരതകളും ഒറ്റുവിളികളും നിയമങ്ങളുടെ പേരിലുള്ള മടുപ്പിക്കുന്ന നൂലാമാലകളും മറികടന്നു വർഷങ്ങളോളം പണിയെടുക്കാനും അതിനായി സമർപ്പിക്കാനും, അങ്ങനെ ദൂരെ തുരങ്കത്തിന്റെ മറുതലക്കൽ കാണുന്ന വെളിച്ചത്തിലേക്ക് ഈ ദുർബല മനുഷ്യരെ കൈപ്പിടിച്ചു നടത്താനും ഒരിക്കലും അത്ര എളുപ്പമല്ല. ജീവിതം കൊണ്ടുള്ള, കർമം കൊണ്ടുള്ള ആ മഹത്തായ ശഹാദത്തിന്/ രക്തസാക്ഷിത്വത്തിന് വലിയ സമർപ്പണവും ക്ഷമയും ഈമാനിക ബലവും ആവശ്യമായി വരും. പക്ഷേ, അതിലേക്കാണ് നാം നമ്മുടെ തലമുറയെ നയിക്കേണ്ടത്.

രണ്ടാമത്, എന്നാൽ പരമപ്രധാനമായി പരിഗണനയിലുണ്ടാവേണ്ടത് ഇസ്‌ലാമിന് നമ്മുടെ ചെയ്തികൾ എന്തു ഗുണം ചെയ്യും എന്നതാണ്. പുലർകാലത്ത് നിസ്സഹായരായ അമ്മയുടെയും വല്യമ്മയുടെയും മുന്നിൽവെച്ച് നിരായുധനായ സ്വന്തം പിതാവ് വെട്ടിക്കൊല്ലപ്പെട്ട് ചോര തെറിക്കുമ്പോൾ ഒരു പിഞ്ചുബാലികയുടെ മനസ്സിൽ വരച്ചുവെക്കപ്പെടുന്ന ഞെട്ടലിന്റെയും ജീവിതത്തിലൊരിക്കലും മായാത്ത ട്രോമയുടെയും ചോരച്ചിത്രമാകരുത് നമ്മുടെ ഇസ്‌ലാം. ഈ മതത്തിന്റെ പേരും ചിഹ്നങ്ങളും കേൾക്കുമ്പോഴും കാണുമ്പോഴും മറ്റു സാധാരണ മനുഷ്യരുടെയും കുട്ടികളുടെയും ഉള്ളിൽ ഒരു കാളലും ഭയവുമാണ് നാം ഉൽപാദിപ്പിക്കുന്നതെങ്കിൽ, നമ്മുടെ തലകൾക്കു വേണ്ടി നാം ഇസ്‌ലാമിനെ പരാജയപ്പെടുത്തുകയാവും അത് (അല്ലാഹു കാക്കട്ടെ).

ഈയിടെ തമിഴ്‌നാട്ടിൽ നിന്ന് ശബരിമലയെന്നു പേരുണ്ടായിരുന്ന സഹോദരി ഇസ്‌ലാമിനെ തിരിച്ചറിഞ്ഞു ഫാത്വിമയായി. ഇസ്‌ലാമിനു നേരെ നടക്കുന്ന ആക്രമണങ്ങളാണ് അവരെ അന്വേഷണത്തിനു പ്രേരിപ്പിച്ചത്. അന്വേഷിക്കാൻ ശ്രമിക്കുന്നവർക്കു മുന്നിലെങ്കിലും വെളിച്ചമായി, പ്രതീക്ഷയായി പ്രത്യക്ഷമാകുന്ന വിധം നമ്മുടെ നാട്ടിൽ ഇസ്‌ലാമിനെ നിലനിർത്താനാകുന്നില്ലെങ്കിൽ പിന്നെ നാം സംരക്ഷിക്കാൻ ശ്രമിക്കുന്ന നമ്മുടെ ജീവിതങ്ങൾക്ക് എന്തർഥമാണുള്ളത്? അതിനാൽ ഇസ്‌ലാം നൽകുന്ന വെളിച്ചത്തിലേക്ക് കൂടുതൽ മനുഷ്യരെ ആകർഷിക്കുന്നതിന് സഹായകമാവണം, അതിനു തടസ്സമാവരുത് നമ്മുടെ പ്രവർത്തനങ്ങളെന്ന ബോധ്യമായിരിക്കണം ഓരോ മുസ്‌ലിം വ്യക്തിയെയും സംഘത്തെയും നയിക്കേണ്ട മൗലികമായ പ്രചോദനം.

മുഹ്‌യിദ്ദീൻ ബുഖാരി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ