jn2 (8)ശഅ്ബാന്‍ പതിനഞ്ചാം രാവിന് മഹത്വങ്ങളുണ്ടെന്നത് പ്രസിദ്ധമാണ്. അതു ലഭ്യമാക്കുന്നതിനുള്ള മാര്‍ഗങ്ങളും ഇസ്ലാമിക പാഠങ്ങളില്‍ കാണാം. സൂറതുദ്ദുഖാനില്‍ പരാമര്‍ശിക്കപ്പെട്ട വിശിഷ്ടരാത്രി ലൈലതുല്‍ ബറാഅത്ത് എന്നറിയപ്പെടുന്ന ശഅ്ബാന്‍ പതിനഞ്ചാം രാവാണെന്ന് താബിഈ പ്രമുഖനായ ഇക്രിമ(റ) അടക്കമുള്ളവര്‍ പറഞ്ഞിട്ടുണ്ട്. ഇബ്നുല്‍ഹാജ്(റ) എഴുതുന്നു: അല്ലാഹുവിന്‍റെ അടുക്കല്‍ വലിയ സ്ഥാനമുള്ള രാത്രിയാണ് അതെന്നതില്‍ സംശയമില്ല. ആ രാത്രിക്ക് ഏറെ ശ്രേഷ്ഠതയും ഗുണവുമുണ്ട്. പൂര്‍വികര്‍ അതിനെ ആദരിക്കുകയും അതിന്‍റെ ധന്യലബ്ധിക്കായി പരിശ്രമിക്കുകയും ചെയ്തിരുന്നു (അല്‍മദ്ഖല്‍).
ഈ രാത്രിയുടെ ശ്രേഷ്ഠതയറിയിക്കുന്ന ഹദീസുകളും ഏറെയുണ്ട്. നബി(സ്വ) പറഞ്ഞു: ജിബ്രീല്‍(അ) ഒരിക്കല്‍ എന്‍റെ അടുക്കല്‍ വന്നുപറഞ്ഞു: ഇന്ന് ശഅ്ബാന്‍ പതിനഞ്ചാം രാവാണ്. ഈ രാത്രിയില്‍ ബനൂകല്‍ബ് ഗോത്രക്കാരുടെ ആടുകളുടെ രോമത്തിന്‍റെ എണ്ണത്തിനു തുല്യം ആളുകള്‍ക്ക് അല്ലാഹു നരകമോചനം നല്‍കും. ബഹുദൈവ വിശ്വാസി, പിണങ്ങിക്കഴിയുന്നവര്‍, കുടുംബബന്ധം മുറിച്ചവന്‍, വസ്ത്രം നിലത്തിഴച്ച് നടക്കുന്നവന്‍, മാതാപിതാക്കളെ വെറുപ്പിച്ചവന്‍, മദ്യം ഉപയോഗിക്കുന്നവന്‍ എന്നിവരിലേക്ക് ഈ രാത്രിയിലും അല്ലാഹുവിന്‍റെ കാരുണ്യവര്‍ഷം ഉണ്ടാവുകയില്ല (ബൈഹഖി).
ശഅ്ബാന്‍ പതിനഞ്ചാം രാത്രി നിങ്ങള്‍ നിസ്കാരം നിര്‍വഹിക്കുക. അതിന്‍റെ പകല്‍ നിങ്ങള്‍ സുന്നത്ത് നോമ്പനുഷ്ഠിക്കുക. കാരണം അന്ന് അസ്തമയത്തോടെ അല്ലാഹു അവന്‍റെ കാരുണ്യത്തിന്‍റെ കവാടം അധികമായി തുറക്കുന്നതാണ്. അവന്‍ പറയും: എന്നോട് പാപമോചനം തേടുന്നവരുണ്ടോ, ഞാന്‍ പൊറുത്തു തരാം. എന്നോട് ഭക്ഷണം തേടുന്നവരുണ്ടോ, ഞാനവന് ഭക്ഷണം നല്‍കാം. പ്രയാസമനുഭവിക്കുന്നവരുണ്ടോ, ഞാനവനെ സുഖപ്പെടുത്താം. പുലരുവോളം ഇതു തുടരും (ഇബ്നുമാജ).
മനുഷ്യരുടെ ആയുസ്സിന്‍റെ പരിധികളും അവരുടെ ഭക്ഷണങ്ങളും കണക്കാക്കപ്പെടുന്ന ആ രാത്രി അസ്റാഈല്‍(അ) അവരുടെ ആയുസ്സിന്‍റെ പരിധികള്‍ എഴുതിയെടുക്കും എന്ന് ഹദീസില്‍ വന്നിട്ടുണ്ട് (തദ്കിറതുല്‍ ഖുര്‍തുബി).
അത്വാഉബ്നു യസാര്‍(റ) പറയുന്നു: ശഅ്ബാന്‍ മാസത്തിലെപ്പോലെ മറ്റൊരു മാസത്തിലും നബി(സ്വ) നോമ്പ് അനുഷ്ഠിച്ചിരുന്നില്ല. അന്നാണ് ആ വര്‍ഷത്തില്‍ മരണപ്പെടുന്നവരുടെ അന്ത്യദിനങ്ങള്‍ പകര്‍ത്തിയെടുക്കപ്പെടുന്നത് (മുസ്വന്നഫ് ഇബ്നു അബീശൈബ).
പ്രാര്‍ത്ഥന
ശഅ്ബാന്‍ പതിനഞ്ചാം രാവില്‍ തനിക്കുണ്ടായ അനുഭവം ആഇശ(റ) ഉദ്ധരിച്ചിട്ടുണ്ട്. നബി(സ്വ) ജന്നതുല്‍ ബഖീഇല്‍ പോയി ദീര്‍ഘമായി പ്രാര്‍ത്ഥന നടത്തിയതും തിരിച്ചുവന്ന് ദീര്‍ഘനേരം നിസ്കരിച്ചതും ഹദീസില്‍ കാണാം. നബി(സ്വ) ഏറെ പരിഗണന നല്‍കിയിരുന്ന ഈ രാത്രിയില്‍ സദ്കര്‍മനിരതരായി നാമും ധന്യരാവേണ്ടതുണ്ട്. ഐഹികവും പാരത്രികവുമായ ഗുണത്തിന് അതു കാരണമാവും.
നിസ്കാരം
റമളാനിനു മുന്നോടിയായി നമ്മുടെ ജീവിതത്തില്‍ രാത്രി നിസ്കാരം കൊണ്ട് ജീവത്താക്കുക പ്രാധാന്യമര്‍ഹിക്കുന്നു. എല്ലാ രാത്രിയിലും സുന്നത്ത് നിസ്കാരം പുണ്യകരം തന്നെ. എങ്കിലും ശഅ്ബാനില്‍ അതിന് വളരെ ശ്രേഷ്ഠതയുണ്ട്. അത് തുടര്‍ന്നും ശീലമാക്കിയെടുത്ത് ജീവിതത്തില്‍ മുഴുവന്‍ പാലിക്കാനായാല്‍ വിജയിച്ചു.
നോമ്പ്
എല്ലാ മാസങ്ങളുടെയും പൗര്‍ണമി രാവുകളുടെ പകലുകള്‍ നോമ്പനുഷ്ഠിക്കല്‍ സുന്നത്താണല്ലോ. ശഅ്ബാനിലെ പതിനഞ്ചാം നാള്‍, അതുതന്നെ നല്ലൊരു രാത്രിയുടെ ശേഷമുള്ള പകല്‍ സുന്നത്ത് നോന്പിന് ഉത്തമമായ ദിനമാണെന്നതില്‍ സന്ദേഹമില്ല. ദിനത്തിനും രാവിനുമുള്ള പവിത്രത അംഗീകരിക്കുന്നു എന്നതിനാല്‍ അന്നു നിര്‍വഹിക്കുന്ന നോമ്പടക്കമുള്ള കര്‍മങ്ങള്‍ മുകളില്‍ പറഞ്ഞ ഹദീസിന്‍റെ കല്‍പന പാലിച്ചുതന്നെ നമുക്ക് അനുഷ്ഠിക്കാവുന്നതാണ്.
ദിക്റുകള്‍
ജീവിതത്തിലെപ്പോഴും പാപമോചനത്തിനായുള്ള പ്രാര്‍ത്ഥന പ്രധാനമാണ്. ഈ ദിനത്തിലും അങ്ങനെതന്നെ. ലാഇലാഹ ഇല്ലാ അന്‍ത സുബ്ഹാനക…. എന്ന ദിക്ര്‍, അതിന്‍റെ അറബി അക്ഷരമൂല്യത്തിനനുസരിച്ച് (2375 പ്രാവശ്യം) ബറാഅത്ത് രാവില്‍ ചൊല്ലിയാല്‍ അത്രയും വര്‍ഷത്തേക്ക് കാവലായിത്തീരും. ഈ ദിക്ര്‍ വളര ഫലപ്രദമാണെന്ന് ഇബ്നുഅബ്ബാസ്(റ) പറഞ്ഞിട്ടുണ്ട്: യൂനുസ് നബി(അ)ന്‍റെ ദുആ അദ്ഭുതകരമാണ്. അതിന്‍റെ ആദ്യം തഹ്ലീലും മധ്യം തസ്ബീഹും അന്ത്യം കുറ്റസമ്മതവുമാണ്. മനഃപ്രയാസമുള്ളവനോ പ്രശ്നങ്ങളിലകപ്പെട്ടവനോ ബുദ്ധിമുട്ടുകള്‍ നേരിടുന്നവനോ ഒരു ദിവസം ഈ ദിക്ര്‍ മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചാല്‍ ഫലം കിട്ടാതിരിക്കില്ല (കന്‍സുന്നജാഹ്).
ബറാഅത്ത് രാവിന്‍റെ പുണ്യം വ്യക്തമാക്കുന്നതും അന്ന് ചെയ്യാവുന്നതുമായ കര്‍മങ്ങളെക്കുറിച്ചുള്ള ഇത്തരം പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിതം ക്രമീകരിക്കാന്‍ വിശ്വാസി പരിശ്രമിക്കേണ്ടതുണ്ട്. രാത്രിയെ സജീവമാക്കണമെന്ന നിര്‍ദേശമുള്ള ബറാഅത്ത് രാവില്‍ പ്രത്യേകിച്ചും. ഇത്തരം രാത്രികള്‍ സജീവമാക്കേണ്ടതെങ്ങനെയെന്നും അതിനനുവര്‍ത്തിക്കാവുന്ന രീതികളും മഹാന്മാര്‍ പഠിപ്പിച്ചിട്ടുണ്ട്. കുറഞ്ഞ സമയത്തെ സദ്കര്‍മംകൊണ്ട് തന്നെ അതിന്‍റെ പുണ്യത്തില്‍ പങ്കുനേടാമെന്ന് പറഞ്ഞവരുണ്ട്. ഇബ്നു അബ്ബാസ്(റ) പറയുന്നു: ജമാഅത്തായി ഇശാഅ് നിസ്കരിക്കുകയും സുബ്ഹി ജമാഅത്തായി നിസ്കരിക്കുമെന്ന് മനസ്സിലുറപ്പിക്കുകയും ചെയ്താല്‍ രാത്രി സജീവമാക്കിയതിന്‍റെ പുണ്യം ലഭിക്കും.
നിസ്കാരം നിര്‍വഹിക്കുക എന്ന നിര്‍ദേശം പാലിക്കാനായി അന്നു തസ്ബീഹ് നിസ്കാരവും ആകാവുന്നതാണ്. ശഅ്ബാന്‍ പതിനഞ്ചിന്‍റെ ശ്രേഷ്ഠതയുള്‍ക്കൊണ്ട് നോന്പും യാസീനും മറ്റുമായി ഹ്രസ്വരൂപത്തിലെങ്കിലും ഈ ദിനം ഉപയോഗപ്പെടുത്താന്‍ നാം ശ്രദ്ധാലുക്കളാകണം.
മുഷ്താഖ് അഹ്മദ്

മൂന്ന് യാസീന്‍

ബറാഅത്ത് രാവിലെ അനുഷ്ഠാനങ്ങള്‍ക്ക് ചില രീതികളും മഹാന്മാര്‍ പഠിപ്പിച്ചിട്ടുണ്ട്. അതിന്‍റെ ഭാഗമാണ് മൂന്ന് യാസീന്‍ പാരായണം ചെയ്തുള്ള പ്രാര്‍ത്ഥന. ഇതിനെക്കുറിച്ച് അല്ലാമാ മുര്‍തളസ്സബീദി(റ) എഴുതുന്നു: ഒരു യാസീന്‍ ഓതിയ ശേഷം പ്രസിദ്ധമായ ലൈലതുല്‍ ബറാഅത്തിന്‍റെ ദുആയും ആയുസ്സില്‍ ബറകത്തിനു വേണ്ടിയുള്ള ദുആയും നടത്തുക. രണ്ടാം യാസീന് ശേഷം ഭക്ഷണത്തില്‍ ബറകത്തിനുവേണ്ടിയും മൂന്നാം യാസീന് ശേഷം അന്ത്യം നന്നായിത്തീരുന്നതിനും പ്രാര്‍ത്ഥിക്കുക (ഇത്ഹാഫുസ്സാദതില്‍ മുത്തഖീന്‍). യാസീന്‍റെ പ്രതിഫലം പരേതര്‍ക്ക് ഹദ്യ ചെയ്യുന്നതും നല്ലതാണ്. ശേഷം സൂറതുദ്ദുഖാനും ഓതുക.
മസ്ജിദുല്‍ ഹറമിലെ മുദര്‍രിസും പ്രമുഖ പണ്ഡിതനുമായിരുന്ന മുഹമ്മദലി ഖുദ്സ്(റ) തന്‍റെ ഗ്രന്ഥത്തില്‍ യാസീനും ദുആയും നിര്‍വഹിക്കുന്നതിന്‍റെ രണ്ടു രീതികള്‍ വ്യത്യസ്ത പണ്ഡിതരില്‍ നിന്നും ഉദ്ധരിച്ചിട്ടുണ്ട്. മഗ്രിബ് നിസ്കാരാനന്തരം ദീര്‍ഘായുസ്സിനായി നിയ്യത്ത് ചെയ്ത് ഒരു യാസീന്‍, വിപത്തുകള്‍ ദുരീകരിക്കപ്പെടാന്‍ ഒരു യാസീന്‍, ക്ഷേമകരമായ ജീവിതത്തിന് നിയ്യത്ത് ചെയ്ത് ഒരു യാസീനും. അല്ലാഹുമ്മ യാദല്‍ മന്നി… എന്നു തുടങ്ങുന്ന പ്രാര്‍ത്ഥന ഓരോ യാസീനിനും ശേഷം നടത്തുകയും വേണം.
രണ്ടാമത്തെ രൂപം, അല്ലാഹുവിന് വഴിപ്പെട്ട് ജീവിക്കാന്‍ ഭാഗ്യമുണ്ടാവാന്‍ നിയ്യത്ത് ചെയ്ത് ഒരു യാസീന്‍, രണ്ടാമത്തേത് ആപത്തുകളില്‍ നിന്നും വിഷമതകളില്‍ നിന്നും രക്ഷയും ഭക്ഷണവിശാലതയും നിയ്യത്ത് ചെയ്തും മൂന്നാമത്തേത് ഹൃദയത്തിന്‍റെ എ്വെര്യവും അന്തിമവിജയവും നിയ്യത്ത് ചെയ്തും. ശേഷം പ്രസിദ്ധമായ ബറാഅത്ത് രാവിലെ ദുആയും നടത്തുക.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ