രണ്ടു പെരുന്നാളാണ് വര്‍ഷത്തില്‍ വിശ്വാസികള്‍ക്ക് നിശ്ചയിച്ച നിര്‍ബന്ധ ആഘോഷ ദിനങ്ങള്‍. നിര്‍ദിഷ്ട പുണ്യങ്ങളനുഷ്ഠിച്ച് ധന്യരാവാന്‍ ലഭിക്കുന്ന സുവര്‍ണാവസരമാണവ. മനുഷ്യപ്രകൃതിയാണല്ലോ ആഘോഷത്വര. എന്നാല്‍ എല്ലായ്പോഴും ആഘോഷമാക്കാന്‍ സാധിക്കാത്ത വിധമാണ് മനുഷ്യന്‍റെ ജീവിതസാഹചര്യങ്ങളും ബാധ്യതകളുമുള്ളത്. അതിനാല്‍ ഇടക്കൊരാഘോഷാവസരം നല്‍കി നാഥന്‍ നമ്മെ അനുഗ്രഹിച്ചിരിക്കുന്നു. ജീവിതത്തിന്‍റെ ഏതവസ്ഥയിലും പെരുന്നാള്‍ ആഘോഷത്തിന്‍റെ ആത്മീയമായ ഗുണങ്ങള്‍ ഉപയോഗപ്പെടുത്താന്‍ വിശ്വാസിക്ക് സാധിക്കണം.
ആഘോഷങ്ങളെയും പെരുന്നാളുകളെയും താരതമ്യം ചെയ്ത് സാഹസപ്പെടാതെ തന്നെ ഇസ്‌ലാമിലെ പെരുന്നാളിന്‍റെ വ്യത്യാസം മനസ്സിലാക്കാനാവും. ആ വ്യത്യസ്തത തന്നെയാണ് പെരുന്നാളിന്‍റെ ചൈതന്യവും. എക്കാലത്തും ത്രസിക്കുകയും പ്രോജ്വലിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ആത്മീയ പശ്ചാത്തലമുള്ളതാണ് ഇസ്‌ലാമിലെ പെരുന്നാള്‍. ആത്മീയമായ പശ്ചാത്തലത്തില്‍ അടിസ്ഥാനപ്പെടുകയും അതോടൊപ്പം തന്നെ മനുഷ്യനിലെ സൗന്ദര്യബോധത്തിന്‍റെ പ്രയോഗരീതിയെ ക്രമപ്പെടുത്തിയുള്ള രൂപ ഭാവാലങ്കാരവും പെരുന്നാളിനുണ്ട്.
ചെറിയ പെരുന്നാള്‍ എന്നു നാം പറയുന്ന ഈദുല്‍ഫിത്വര്‍ ഒരു മഹത്തായ ആരാധനയുടെ പൂര്‍ത്തീകരണ സൗഭാഗ്യത്തിന്‍റെ ആഘോഷമാണ്. ഒരു മാസക്കാലത്തെ പകലുകള്‍ അന്നപാനാദികള്‍ വര്‍ജിക്കുന്നതിലൂടെ ഉജ്വലമാക്കുകയും വര്‍ധിതമായ സദ്കര്‍മാനുഷ്ഠാനത്തിലൂടെ ധന്യമാക്കുകയും ചെയ്തതിനു ശേഷമാണ് ചെറിയ പെരുന്നാള്‍ വരുന്നത്. ഉണ്ണാനും കുടിക്കാനും മറ്റു പലതിനുമുള്ള സ്വാതന്ത്ര്യത്തിന് മേല്‍ വീണ ഒരു നിയന്ത്രണം കൂടിയായിരുന്നുവല്ലോ വ്രതാനുഷ്ഠാനം. ആ നിഷിദ്ധങ്ങള്‍ നോമ്പിന്‍റെ പേരില്‍ മാത്രമായിരുന്നു. ഈ താല്‍ക്കാലിക വിലക്കിന് വിരാമമായതില്‍ പിന്നെ അനുവദനീയമായതിന്‍റെ പരമാവധിയിലേക്ക് പ്രവേശിക്കാനുള്ള ഒരവസരമായി ഈദ് വരുന്നു. നോമ്പ് സമയത്ത് കുറ്റകരമായ ചിലത് പെരുന്നാള്‍ സമയത്ത് പുണ്യമായിത്തീരുന്നു. അതിനാല്‍ തന്നെ പെരുന്നാള്‍ ദിനത്തില്‍ നോമ്പ് നിഷിദ്ധവും.
ബലി പെരുന്നാള്‍ എന്നും വലിയ പെരുന്നാള്‍ എന്നും പറയുന്ന ഈദുല്‍ അള്ഹായും ഒരു മഹത്തായ ഇബാദത്തുമായി ബന്ധപ്പെട്ടുള്ളതാണ്; നോമ്പിനെപ്പോലെ സര്‍വര്‍ക്കും പ്രാപിക്കാനും അനുഷ്ഠിക്കാനും സാധിക്കാത്തതാണിതെങ്കിലും. വലിയ പെരുന്നാള്‍ ഹജ്ജ് പെരുന്നാള്‍ കൂടിയാണ്. ലോകമെങ്ങുനിന്നുമെത്തിയ ഹാജിമാര്‍ ഹജ്ജനുഷ്ഠാനത്തിലെ സുപ്രധാന ഘടകമായ അറഫയില്‍ കഴിയല്‍ എന്ന മഹത്തായ ഇബാദത്ത് അനുഷ്ഠിച്ച് ധന്യമാവുന്നു. അതാണ് അറഫാ സംഗമം. അതിനോട് ഐക്യപ്പെട്ട് ലോകമുസ്‌ലിംകള്‍ അറഫാദിനത്തില്‍ നോമ്പനുഷ്ഠിക്കുന്നു. അതിനുള്ള പ്രതിഫലങ്ങള്‍ ഏറെയാണ്.
അറഫ പ്രദേശത്ത് കൂടിയവര്‍ ആത്മീയതയുടെ നിറവിലാണ്. ആഘോഷത്തിന്‍റെ ബാഹ്യ ചടങ്ങുകളിലേക്ക് പെട്ടെന്ന് മാറാനാവാത്ത വിധം ആത്മീയ ധന്യതയുടെ പടവുകള്‍ കീഴടക്കിയുള്ള പുണ്യങ്ങളുടെ കൊയ്തെടുപ്പിലായിരിക്കും ഹാജിമാര്‍. അതില്‍നിന്നും ആഘോഷവിചാരത്തിലേക്കൊരു മാറ്റം എളുപ്പമാവില്ല. അതാണ് ഹജ്ജ് വേളയില്‍ പെരുന്നാള്‍ കര്‍മങ്ങളോ ചടങ്ങുകളോ ഹാജിമാരോട് നിര്‍ദേശിക്കാത്തത്. ബലിദാനം മാത്രമാണിതിനപവാദം. അതാകട്ടെ കൃത്യമായി അതിന്‍റെ ചരിത്രഭൂമിയില്‍ തന്നെ അനുഷ്ഠിക്കാന്‍ കഴിയുന്നു എന്ന അസുലഭാവസരമുണ്ട് ഹാജിമാര്‍ക്ക്.
ഹാജിമാരോട് ഒരു ദിവസത്തെ നോമ്പനുഷ്ഠിച്ച് ഐക്യപ്പെട്ട ശേഷമാണ് വിശ്വാസികള്‍ ബലി പെരുന്നാളിലേക്ക് കടക്കുന്നത്. ചെറിയ പെരുന്നാളിന് ആമുഖമായി വിശ്വാസികളെല്ലാം നോമ്പെന്ന അത്യുത്തമമായ ഒരു അനുഷ്ഠാനത്തിലൂടെ സമര്‍പ്പണ സാഫല്യം നേടുന്നുണ്ട്. എന്നാല്‍ ബലി പെരുന്നാളില്‍ പ്രതീകാത്മകതയും ഐക്യപ്പെടലുമാണുള്ളത്. ഓരോ വര്‍ഷത്തെയും ഹാജിമാരോട് മാത്രമല്ല അത് ബന്ധപ്പെടുന്നത്. ഹജ്ജിന്‍റെയും ബലിയുടെയും ചരിത്രവും മാതൃകയും ഉടക്കിനില്‍ക്കുന്ന ഒരു കുടുംബത്തോടാണ്. ബലി പെരുന്നാളിന്‍റെ ചൈതന്യം ആ കുടുംബമനുഭവിച്ച ത്യാഗജീവിത സ്മരണയില്‍ ഉയിരെടുത്തതു കൂടിയത്രെ.
പെരുന്നാളിന്‍റെ ചൈതന്യം വിശ്വാസി ലോകത്തെ മുഴുവനും കടാക്ഷിക്കുന്നതാണ്. പാവപ്പെട്ടവനും പണക്കാരനും ദുഃഖിതനും സന്തുഷ്ടനും രോഗിക്കും ആരോഗ്യവാനും ആണിനും പെണ്ണിനും പെരുന്നാള്‍ പുണ്യം പ്രാപ്യമാണ്. കാരണം പെരുന്നാളിന്‍റെ അനുഷ്ഠാനങ്ങള്‍ക്കൊന്നും മനുഷ്യന്‍റെ ആകുലതകള്‍ പ്രതിബന്ധമാവില്ല. പെരുന്നാള്‍ദിനത്തിലെ തക്ബീറുകള്‍, നിസ്കാരം എന്നിവ ഏതു ദുഃഖിതനും നിര്‍വഹിക്കാവുന്നതും പുണ്യം നേടാവുന്നതുമാണ്.
ദുഃഖമോ പ്രയാസമോ നേരിട്ടാല്‍ ആഘോഷങ്ങളെ അവഗണിക്കുകയും ചടങ്ങുകള്‍ ചെയ്യാതിരിക്കുകയും ചെയ്യുന്നവരെ കാണാം. എന്ത് പെരുന്നാള്‍? എന്ത് ആഘോഷം? എന്നു പറഞ്ഞു അവഗണിക്കുന്ന ചിലരുമുണ്ട്. ഒരു വിശ്വാസിക്ക് ഇതൊരിക്കലും പാടില്ല. കാരണം, ആഘോഷത്തിനായി നിശ്ചയിച്ച ദിനത്തില്‍ നിര്‍ദിഷ്ട കാര്യങ്ങള്‍ സാധ്യമായ വിധം ചെയ്യുകയാണ് അനുസരണ. പെരുന്നാളാഘോഷമെന്നാല്‍ ചിലത് ചെയ്തുതീര്‍ക്കലല്ല, മറിച്ച് ചെയ്തു നേടലാണ്. പെരുന്നാള്‍ നിസ്കാരം കഴിഞ്ഞ് പുറത്തിറങ്ങുന്ന വിശ്വാസികള്‍ അനുഗ്രഹീതരും പാപമോചിതരുമായിരിക്കും. കേവലമായ ദുഃഖത്തിന്‍റെ പേരില്‍ ഒരു നന്മയെ അവഗണിച്ചാല്‍ ഇനിയുമൊരിക്കല്‍ കൂടി അത് തിരിച്ചുവന്ന് നമ്മെ കടാക്ഷിക്കുമെന്നതിന് ഒരുറപ്പുമില്ല. ദുഃഖം ആചരിക്കുക, അനുഷ്ഠിക്കുക എന്നത് ഇസ്‌ലാമില്‍ ഭര്‍തൃവിയോഗത്തിന്‍റെ പേരില്‍ ഭാര്യക്കല്ലാതെ അനുവദനീയമല്ല. ക്ഷമയും അതിജീവനവുമാണ് വിശ്വാസിയുടെ വഴി.
ആത്മീയ ധന്യതയെ ബാധിക്കാത്ത വിധം ചില അനുവദനീയങ്ങള്‍ ഐഛികതലത്തിലേക്കുയരുന്നുവെന്നത് പെരുന്നാളുകളുടെ പ്രത്യക്ഷ പ്രത്യേകതകളാണ്. പ്രത്യക്ഷത്തില്‍ എല്ലാതരം ആഘോഷങ്ങളിലും കാണാവുന്നവയാണിത്തരം കാര്യങ്ങളെങ്കിലും ഇസ്‌ലാമില്‍ അവ സ്വന്തം വ്യക്തിത്വം നേടുന്നുണ്ട്. മനസ്സിനും ശരീരത്തിനുമിണങ്ങിയ ഭക്ഷണ, വസ്ത്ര, സൗന്ദര്യ രീതികള്‍ അനുവദനീയതയുടെ പരിധിയില്‍ സ്വീകരിക്കുന്നത് പുണ്യകരമാണ്. പുത്തനുടുപ്പു ധരിക്കുന്നതും നല്ല ഭക്ഷണം പാകം ചെയ്തു കഴിക്കുന്നതും സുഗന്ധങ്ങളുപയോഗിക്കുന്നതും പിഞ്ചുമക്കളെ സന്തോഷിപ്പിക്കുന്നതിനുള്ള കാര്യങ്ങളുമെല്ലാം ഈ ഗണത്തില്‍വരും. പെരുന്നാളിന്‍റെ പേരില്‍ ഒരു നിഷിദ്ധവും അനുവദനീയമാവില്ല എന്ന് പ്രത്യേകം ഓര്‍ക്കേണ്ടതാണ്.
മുകളില്‍ വ്യക്തമാക്കിയപോലെ നന്മയെ ദീപ്തമാക്കാനും കൂടുതല്‍ ഉപയുക്തമാക്കാനും ഉപകരിക്കുന്ന വിധത്തില്‍ മാത്രമേ നമ്മുടെ ചെയ്തികള്‍ ആകാവൂ. അങ്ങനെയാവുമ്പോള്‍ ഈ കാര്യങ്ങളും പെരുന്നാള്‍ ചൈതന്യത്തെ ആവാഹിക്കുന്നു. വര്‍ഷത്തിലെ മറ്റൊരു ദിനത്തിലും വിശ്വാസിയുടെ ഊണും ഉടയാടയും ഇവ്വിധം പുണ്യാവസ്ഥ നേടുന്നില്ല. പെരുന്നാള്‍ പുണ്യം പെരുന്നാളിനു മാത്രമാണുള്ളത്. പോയകാലത്തെ അപേക്ഷിച്ച് പുത്തനുടയാടകളും സുഭിക്ഷമായ ഭക്ഷ്യവിഭവ ലഭ്യതയും ഇന്ന് പതിവു സംഗതികളാണ്. ഇതുപക്ഷേ, പെരുന്നാളിനെ അവഗണിക്കുന്നതിന് കാരണമായിക്കൂടാ. പെരുന്നാളെന്ന നിലയില്‍ തന്നെ ആ ദിനത്തില്‍ മനോഹരവും അനുയോജ്യവുമായ വസ്ത്രങ്ങള്‍ ധരിക്കണം. വസ്ത്രധാരണം ഭംഗിക്കുവേണ്ടി മാത്രമല്ല ഒരു പുണ്യം കൂടിയാണ്. ഭക്ഷണക്കാര്യവും ഇതുപോലെ തന്നെ. വഴികള്‍ക്കിരുവശവും മനോഹര ദീപാലങ്കൃത ഭോജനശാലകള്‍ വിശിഷ്ട വിഭവങ്ങളുമായി കാത്തിരിക്കുകയാണ്. അതിലേറെ മുന്തിയതില്ല എന്ന നിലയില്‍ പെരുന്നാള്‍ ഭക്ഷണം അവഗണിക്കപ്പെടരുത്. ശരീരത്തിനും ആരോഗ്യത്തിനും മനസ്സിനും ഇണങ്ങിയ സുഭിക്ഷവും സ്വാദിഷ്ടവുമായ വിഭവം തന്നെ പെരുന്നാളിന് തയ്യാറാക്കുകയും വേണം.
പെരുന്നാളുകളുടെ ചൈതന്യം വിസ്മരിച്ച് ആഭാസകരമായി അതാഘോഷിക്കുന്ന പുതിയ സമീപനരീതി ദുഃഖകരമാണ്. പെരുന്നാളിലെ നിശ്ചിത കര്‍മങ്ങള്‍പോലും കമ്പോള സംസ്കാരത്തിന്‍റെയും നിഷിദ്ധ പ്രവര്‍ത്തികളുടെയും വിതാനത്തിലേക്ക് തെളിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. നിസ്കാരം നിര്‍ദിഷ്ട രൂപത്തിലല്ലാതെ മൈതാനികളിലെ ആള്‍ക്കൂട്ടമെന്നതിലേക്ക് ചിലര്‍ ചുരുക്കുന്നു. സകാത്തും ബലിദാനവുമെല്ലാം അവയുടെ യഥാര്‍ത്ഥ ചൈതന്യവും പ്രതിഫലവും വിനഷ്ടമാവും വിധമുള്ള വിതരണ രീതികള്‍ അവലംബിച്ച് “റിസ്ക്’ ഒഴിവാക്കുന്നത് കാണുന്നുണ്ട്. ഇസ്‌ലാം ഒരു നിര്‍ദേശം നല്‍കുമ്പോള്‍ അതിന്‍റെ പ്രയോഗരീതിയും വിവരിച്ചിട്ടുണ്ടാവും. ആ ക്രമത്തില്‍ തന്നെ അത് നടത്തേണ്ടതുണ്ട്. ഇസ്‌ലാമിലെ കര്‍മങ്ങള്‍ ചടങ്ങുകളല്ല, അനുഷ്ഠാനങ്ങളാണ്. അവ കൃത്യമായി തന്നെ നിര്‍വഹിക്കുകയും വേണം.
ഉളുഹിയ്യത്താണ് ബലിപെരുന്നാളിനോടനുബന്ധിച്ച് വരുന്ന പ്രധാനമായ മറ്റൊരു സുന്നത്ത്. ഇതിന് കൃത്യമായ നിര്‍വഹണ രീതിയുണ്ട്. അത് ഇസ്‌ലാമിക കര്‍മശാസ്ത്രം വ്യക്തമാക്കിയതാണ്. സൗകര്യങ്ങളുടെ പേരില്‍ നടത്തുന്ന ചില രീതികള്‍ കര്‍മശാസ്ത്ര വിരുദ്ധമാവാനുള്ള സാധ്യതയേറെയാണ്. അതിനാല്‍ കരുതലോടെ കൈകാര്യം ചെയ്യണം. ബലിദാനം അതിന് നിര്‍ദേശിക്കപ്പെട്ട വിധേന നിര്‍വഹിക്കുകയും ചെയ്യണം. വിതരണം ചെയ്യുന്നവന്‍റെയോ സ്വീകരിക്കുന്നവന്‍റെയോ സൗകര്യം തുടര്‍ന്നേ പരിഗണിക്കേണ്ടതുള്ളൂ. പലപ്പോഴും നിര്‍ബന്ധമോ ഐഛികമോ ആയ ദാനധര്‍മങ്ങള്‍ വെറും കൊടുക്കല്‍ വാങ്ങലായി മാറുന്നുണ്ട്. അതിനാല്‍ ഇവിടെ സൂക്ഷ്മത പുലര്‍ത്താന്‍ ശ്രദ്ധിക്കുക.
ഉടയാടകള്‍ ഉടുക്കുന്നതും ഉടുപ്പിക്കുന്നതും വിഹിതവും അനുവദനീയവുമായ വിധത്തിലാവണമെന്നത് അറിയാത്തവരുണ്ടാവില്ല. പക്ഷേ, അവ സംഘടിപ്പിക്കുന്നതിലും തയ്യാറാക്കിക്കൊടുക്കുന്നതിലും പാലിക്കേണ്ട കാര്യങ്ങള്‍ പലപ്പോഴും അവഗണിക്കപ്പെടുന്നു. ഇസ്‌ലാമിക വിരുദ്ധമായ ഫാഷന്‍ ഉദാഹരണം. അതിഥിയായും ആതിഥേയനായും പുണ്യം നേടാന്‍ അവസരമുള്ള ദിനമാണ് പെരുന്നാള്‍. എന്നാല്‍ അപ്പേരിലും പരിധികള്‍ ലംഘിക്കപ്പെട്ടുകൂടാ. പെരുന്നാളിന്‍റെ പേരില്‍ ലഭിക്കുന്ന സ്വാതന്ത്ര്യത്തെ അതിരുകടന്ന് ആസ്വദിക്കുന്ന പ്രവണത വളരുന്നുണ്ട്. അതിനാല്‍ തന്നിലും കുടുംബത്തിലും മാലിന്യം പുരളാതെ സൂക്ഷിക്കണം.
ആഘോഷങ്ങളിലൂടെ ആത്മീയ പോഷണത്തിന് സാഹചര്യം തന്ന നാഥനോട് കൃതജ്ഞരാവുകയാണ് നാം വേണ്ടത്. മറിച്ച്, അതൊരു മറയും നിമിത്തവുമാക്കി അരുതാത്തത് ചെയ്യുന്നത് ധിക്കാരമാണ്. സന്തോഷമുള്ള മനസ്സിന്‍റെ വാതായനങ്ങള്‍ മലര്‍ക്കെ തുറന്നാണിരിക്കുക. അതിലൂടെ അധമവികാരവിചാരങ്ങള്‍ കയറിയിറങ്ങാനെളുപ്പമാണ്. ഉള്ളുറച്ച വിശ്വാസത്തിന്‍റെ കരുത്തില്‍ അനിയന്ത്രിതമായി ഇടപെടാനവസരം കിട്ടാത്ത വിധത്തില്‍ ഭദ്രമായിരിക്കണം നമ്മുടെ ആഘോഷങ്ങള്‍.
പെരുന്നാള്‍ രാവിനും അതിനുമുന്പും പിന്പുമായി ഐഛികമായി നിര്‍ദേശിക്കപ്പെട്ട തക്ബീറിന് മുസ്‌ലിമിന്‍റെ ഉള്ളത്തിലെ വിശ്വാസത്തിന് കരുത്ത് നല്‍കാന്‍ ശേഷിയുണ്ട്. വിശ്വാസി സമൂഹത്തില്‍ പെരുന്നാളിന്‍റെ തക്ബീര്‍ ധ്വനികള്‍ നന്നായി അലയടിച്ചിരുന്നെങ്കില്‍ ഇന്ന് പണ്ടെപ്പോലെ സജീവതയില്ല. പള്ളിയില്‍വെച്ച് പ്രദേശത്തെ ചെറിയ പിള്ളേര്‍ ഉച്ചത്തില്‍ ചൊല്ലുന്ന തക്ബീറുകളില്‍ ഒതുങ്ങരുത്. വീടകങ്ങളില്‍ കുട്ടികളും വലിയവരും ചേര്‍ന്നും ഒറ്റയായും തക്ബീര്‍ ചൊല്ലുന്ന രീതി തന്നെ വേണം. ശബ്ദമലിനീകരണത്തിന്‍റെയും അലോസരപ്പെടലിന്‍റെയും സാഹചര്യമില്ലാതെ തന്നെ ഒരു രാത്രിയെ തക്ബീര്‍ സാന്ദ്രമാക്കാന്‍ ഇതുവഴി സാധിക്കും. അതിന്‍റെ ഗുണം മഹത്തരമായതുമാണ്.
ഓരോ പെരുന്നാളും നമുക്ക് നന്മയും സ്നേഹവും സൗഹാര്‍ദവും സമ്മാനിക്കാനും വര്‍ധിതമാക്കാനുമാണ് കാരണമാവേണ്ടത്. തക്ബീറുകള്‍ ധാരാളമായ് ചൊല്ലുക, ഉടയാടകള്‍ പുത്തനാക്കുകയും ഫാഷനേക്കാള്‍ ശരീരം മറക്കുന്നതിന് പ്രാധാന്യം നല്‍കുകയും ചെയ്യുക, നിസ്കാരം, പുരുഷന്മാര്‍ പള്ളിയിലും സ്ത്രീകള്‍ വീടുകളിലും വെച്ച് നിര്‍വഹിക്കുക, നല്ല ഭക്ഷണം പാകം ചെയ്തും ഭക്ഷിച്ചും ഭക്ഷിപ്പിച്ചും സുഗന്ധം നിയമാനുസൃതം ഉപയോഗിച്ചും കുടുംബ സന്ദര്‍ശനങ്ങളും സുഹൃദ് സന്ദര്‍ശനങ്ങളും നടത്തിയും ഈദ് സന്ദേശം കൈമാറിയും ആത്മീയ ധന്യതയുടെ പെരുന്നാളാഘോഷമാവട്ടെ നമ്മുടേത്.
അലവിക്കുട്ടി ഫൈസി എടക്കര

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ