ഇരുട്ടിന്റെ കരിമ്പടം പുതച്ച് മയങ്ങുന്ന മദീനയിലൂടെ ഖലീഫ ഉമർ(റ) നടന്നുനീങ്ങുന്നു. ഈ രാത്രിനടത്തം പലപ്പോഴുമുള്ളതാണ്. സഹായി അസ്‌ലം(റ)വും ചില സമയങ്ങളിൽ കൂടെയുണ്ടാകാറുണ്ട്. പ്രജകളുടെ ക്ഷേമമന്വേഷിക്കുകയാണ് ലക്ഷ്യം. സാധിക്കുന്നത് അപ്പപ്പോൾ പരിഹരിക്കും. പിന്നീട് ചെയ്യേണ്ടത് വീട് നോക്കിവെച്ച് തൊട്ടടുത്ത ദിവസം വന്ന് പരിഹരിച്ചു കൊടുക്കും. താൻ ഭരിച്ചുകൊണ്ടിരിക്കെ യൂഫ്രട്ടീസ് നദിക്കരയിൽ ഒരാട്ടിൻ കുട്ടി സംരക്ഷണം ലഭിക്കാതെ അക്രമിക്കപ്പെട്ടാൽ അല്ലാഹുവിന് മുന്നിൽ എന്ത് മറുപടി പറയുമെന്ന് ആശങ്കപ്പെടാറുണ്ടായിരുന്നു അമീറുൽ മുഅ്മിനീൻ ഉമർ(റ). അത്രക്കു സൂക്ഷ്മതയായിരുന്നു, ദൈവഭയവും. അനീതി കണ്ടാൽ വെച്ചുപൊറുപ്പിക്കില്ല. ഖിലാഫത്തിന് കീഴിൽ എല്ലാവരും സുരക്ഷിതരായി, സന്തോഷത്തോടെ ജീവിക്കണമെന്നാണ് ഉമർ(റ)വിന്റെ ആഗ്രഹം.
പരിസരം സശ്രദ്ധം വീക്ഷിച്ചു മുന്നോട്ടു പോകുന്നതിനിടയിൽ ഒരു സ്ത്രീയുടെ കരച്ചിൽ. ശബ്ദം കേട്ട ഭാഗത്തേക്ക് ഖലീഫ നീങ്ങി. ഒരു താൽകാലിക തമ്പിൽ നിന്നാണ്. അവിടെ ചെന്ന് വീട്ടുകാരെ വിളിച്ചു. ഒരു പുരുഷൻ ഇറങ്ങി വന്നു കാര്യം പറഞ്ഞു: ഭാര്യ പ്രസവവേദന വന്ന് കരയുകയാണ്. സഹായത്തിന് സ്ത്രീകളാരുമില്ല. ഭക്ഷണത്തിനും ബുദ്ധിമുട്ടുണ്ട്. ഈ രാത്രി ഇനി എന്തുചെയ്യും?
യാത്രക്കിടയിലോ മറ്റോ അവിടെ താമസിക്കാനിറങ്ങിയ കുടുംബം. അവർക്ക് ഖലീഫയെ മനസ്സിലായിട്ടില്ല. പരിഹാരമുണ്ടാക്കാം; നിങ്ങൾ ഭാര്യയെ സമാധാനിപ്പിച്ച് കൂടെ നിൽക്കൂ എന്ന് പറഞ്ഞ് ഖലീഫ വേഗത്തിൽ സ്വന്തം വീട്ടിലേക്കു നടന്നു.
സാധാരണ വരുന്നതിലും നേരത്തെ ഭർത്താവ് വന്നു വാതിലിൽ മുട്ടുന്നത് കേട്ട് ബീവി ഉമ്മു കുൽസൂം(റ) ജിജ്ഞാസയോടെ കതക് തുറന്നു. മരുഭൂമിയിൽ താൻ കണ്ട കുടുംബത്തെ കുറിച്ചും പ്രസവവേദന വന്ന് സഹായത്തിന് ആളില്ലാതെ കരയുന്ന സ്ത്രീയെ കുറിച്ചും പത്‌നിക്ക് ചുരുക്കി വിവരിച്ചു കൊടുത്തു. രണ്ടാമതൊന്ന് ആലോചിക്കാനുണ്ടായിരുന്നില്ല ബീവിക്ക്. സ്വന്തം കാര്യങ്ങൾക്കപ്പുറം മറ്റുള്ളവരുടെ വിഷയങ്ങൾ പരിഹരിക്കാൻ ഉറക്കം പോലും മാറ്റിവെച്ച് ജീവിക്കുന്ന ഖലീഫയുടെ ഭാര്യക്ക് സേവന പ്രവർത്തനങ്ങൾക്ക് ലഭിക്കാൻ പോകുന്ന വലിയ പ്രതിഫലങ്ങളെ കുറിച്ച് നന്നായറിയാമായിരുന്നു.
ആ കുടുംബത്തെ സഹായിക്കാൻ ഭർത്താവിനൊപ്പം അവർ ധൃതിയിൽ പുറപ്പെട്ടു. പ്രസവ ശുശ്രൂഷക്കാവശ്യമായ തുണികളും കൈയിൽ കരുതി. അവർക്ക് ഭക്ഷണമുണ്ടാക്കാൻ വേണ്ട ഗോതമ്പു പൊടിയും വെണ്ണയും ഉമർ(റ) എടുത്തു. എത്രയും പെട്ടെന്ന് അവിടെയെത്താൻ ദമ്പതികൾ തിടുക്കപ്പെട്ട് നടന്നു. എല്ലാവരും സുഖമായുറങ്ങുന്ന ആ പാതിരാത്രി ഖലീഫയും പത്‌നിയും വേദനിക്കുന്നവർക്ക് കൂട്ടിരിക്കാനുള്ള തിരക്കിലാണ്. ഒരു ഗർഭിണി ഏതെല്ലാം പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്ന് ഉമ്മു കുൽസൂമിന് നല്ല ബോധ്യമുണ്ടായിരുന്നു. പ്രസവനൊമ്പരം വന്ന സമയത്ത് മറ്റൊരു പെൺതുണയില്ലാതെ ഒറ്റപ്പെട്ടുപോയാലുള്ള അവസ്ഥ ഭയാനകമാണ്.
ഖലീഫയും പത്‌നിയും ആ കുടുംബത്തിനടുത്തെത്തി. ഉമ്മു കുൽസൂം(റ) അകത്തേക്ക് കയറി ആ സ്ത്രീക്ക് ആവശ്യമായ പരിചരണങ്ങൾ നൽകി. കുടിലിന് പുറത്ത് ഖലീഫ ഭക്ഷണം തയ്യാറാക്കുകയാണ്. മാവ് കുഴക്കാനും ചപ്പാത്തി ചുട്ടെടുക്കാനുമൊക്കെ ആ ഗർഭിണിയുടെ ഭർത്താവ് ഉമർ(റ)വിനെ സഹായിക്കുന്നുണ്ട്. തങ്ങളെ പരിചരിക്കാനെത്തിയത് ഖലീഫയും ഭാര്യയുമാണെന്ന് അവർക്ക് ഇതുവരെ മനസ്സിലായിട്ടില്ല.
സമയം ഇഴഞ്ഞു നീങ്ങി. രണ്ട് ആണുങ്ങളും സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അകത്തുനിന്ന് കുഞ്ഞിന്റെ കരച്ചിൽ! ഉടനെ പുറത്തേക്ക് നോക്കി ഉമ്മു കുൽസൂം ബീവി(റ) ഉമർ(റ)വിനോട് വിളിച്ചു പറഞ്ഞു: അമീറുൽ മുഅ്മിനീൻ, നിങ്ങളുടെ കൂട്ടുകാരൻ ഒരാൺകുട്ടിയുടെ പിതാവായിരിക്കുന്നു എന്ന സന്തോഷ വാർത്ത അറിയിക്കുക.
ആ സുവിശേഷം ഉൾക്കൊള്ളുന്നതിനിടയിൽ വീട്ടുകാരൻ അതിശയത്തോടെ പാചകം ചെയ്യുന്നയാളെ നോക്കി. ഈ രാജ്യത്തിന്റെ ഭരണാധിപനും ഭാര്യയുമാണോ ഈ അർധരാത്രി തങ്ങൾക്കു സഹായവുമായി വന്നിരിക്കുന്നത്. അവിശ്വസനീയമായ കൗതുകത്തോടെ നിൽക്കുകയാണ് അദ്ദേഹം. വീട്ടുകാരന്റെ ഭാവമാറ്റം ശ്രദ്ധിക്കാതെ ഖലീഫ ചപ്പാത്തിപ്പണി തുടർന്നു. ശുശ്രൂഷകൾ കഴിഞ്ഞ് ഇരുവരെയും ഭക്ഷണവും കഴിപ്പിച്ച് ഖലീഫയും ഭാര്യയും ആ ടെന്റിൽ നിന്ന് മടങ്ങുമ്പോൾ സമയം ഏറെ വൈകിയിരുന്നു.
പ്രസവ ശുശ്രൂഷ ഏറ്റെടുത്ത ഖലീഫയുടെ പത്‌നി ഉമ്മുകുൽസൂമി(റ)നെ നിങ്ങൾക്കറിയുമോ. തിരുനബി(സ്വ)യുടെ പേരമകളാണ് കഥാനായിക. പ്രവാചക പുത്രി ഫാത്വിമതുൽ ബതൂലി(റ)ന്റെയും അലിയ്യുബ്‌നു അബീത്വാലിബി(റ)ന്റെയും ഏറ്റവും ഇളയ സന്താനം. ഹിജ്‌റ ആറിന് മദീനയിലാണ് മഹതിയുടെ ജനനം. അലി-ഫാത്വിമ(റ) ദമ്പതികളുടെ അഞ്ചാമത്തെ സന്താനമായിരുന്നു. ഹിജ്‌റ പതിനേഴിനാണ് ബീവി ഉമർ(റ)വിന്റെ പത്‌നിയാവുന്നത്. വിവാഹ സമയത്ത് ഉമർ(റ) ഖലീഫയാണ്. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം വരെ ആറു വർഷം ഒരുമിച്ചു ജീവിച്ചു. റുഖയ്യ, സൈദ് എന്നീ രണ്ട് മക്കൾ ഈ ദാമ്പത്യത്തിലുണ്ടായി. പ്രവാചക ഭവനത്തിൽ വളർന്ന് ഖലീഫയുടെ ഭാര്യയായ മഹതിക്ക് ഊരും പേരുമറിയാത്തൊരു പെണ്ണിന്റെ ഈറ്റെടുക്കാൻ ഈ വലിയ വിലാസങ്ങളോ തറവാട്ടു മഹിമയോ തടസ്സമായില്ല.
സേവന-സാന്ത്വന-ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിശുദ്ധ ഇസ്‌ലാം വലിയ മഹത്ത്വവും പ്രതിഫലവും വാഗ്ദാനം ചെയ്തിട്ടുണ്ട്. അബീഹുറൈറ(റ) നിവേദനം ചെയ്യുന്ന ഹദീസിൽ കാണാം. തിരുനബി(സ്വ) പറയുന്നു: വല്ലവനും ഇഹലോകത്തുവെച്ച് തന്റെ സഹോദരന്റെ വിഷമങ്ങൾ പരിഹരിച്ചാൽ അല്ലാഹു പരലോകത്ത് അവന്റെ പ്രയാസങ്ങളും ദൂരീകരിക്കും. ഒരാൾ തന്റെ സഹോദരനെ സഹായിക്കുമ്പോഴെല്ലാം അല്ലാഹു അവനെയും സഹായിച്ചുകൊണ്ടിരിക്കും. ജനസേവകനാണ് ഉത്തമ മനുഷ്യൻ (ത്വബ്‌റാനി). ഈ പ്രവാചകാധ്യാപനം സേവനസന്നദ്ധനാവാൻ പ്രോത്സാഹനം നൽകുന്നതാണ്.
റസൂലിന്റെ ജീവിതരീതികൾ കണ്ടുകൊണ്ടാണ് അനുചരരും സേവനവഴിയിൽ സമർപ്പിതരായത്. ദുർബലർക്കിടയിൽ നിങ്ങളെന്നെ അന്വേഷിക്കുക (അബൂദാവൂദ്) എന്ന് റസൂൽ(സ്വ) വെറുതെ പറഞ്ഞതല്ല. മദീനയുടെ പ്രാന്തപ്രദേശങ്ങളിൽ അഗതികളുടെയും അനാഥകളുടെയും രോഗികളുടെയും കണ്ണീരൊപ്പാനും സാന്ത്വനം പകരാനും എന്നും പ്രവാചകർ(സ്വ) സമയം കണ്ടെത്തിയിരുന്നു.
സ്ത്രീകൾക്ക് മാത്രം ചെയ്യാൻ കഴിയുന്ന സേവനപ്രവർത്തനങ്ങളിൽ അവരുടെ സാന്നിധ്യം നിർബന്ധമാണല്ലോ. അവിടെയാണ് ഉമ്മുകുൽസൂം ബീവി(റ)യിൽ നമുക്ക് വലിയ മാതൃകകളുള്ളത്. പുരുഷന്മാർ എത്ര സന്നദ്ധരാണെങ്കിലും സ്ത്രീകൾക്കു മാത്രം ചെയ്തുകൊടുക്കാൻ സാധിക്കുന്ന ധാരാളം സേവനങ്ങളുണ്ട്. എല്ലാ ഗ്രാമങ്ങളിലും ഇത്തരം സന്നദ്ധരായ ഷീ പാലിയേറ്റീവുകൾ രൂപപ്പെടണം. സ്ത്രീകളായ കിടപ്പുരോഗികളെ പരിചരിക്കാനും ജനാസ കുളിപ്പിക്കാനും കഫൻ ചെയ്യാനും അറിവും അനുഭവവും അർപ്പണബോധവുമുള്ള പുതിയ ഉമ്മുകുൽസൂമുമാർ ഉയർന്നുവരണം. നമ്മുടെ സാമൂഹ്യ ബാധ്യതയാണിത്. സ്വാർഥതയും സങ്കുചിത ചിന്തകളും വർധിച്ചുവരുന്ന കാലത്ത് നമുക്ക് ബന്ധമുള്ളവരും അല്ലാത്തവരുമായ രോഗികൾക്ക് കൂട്ടിരിക്കാനും സാന്ത്വനം പകരാനും മയ്യിത്ത് പരിപാലിക്കാനും സന്നദ്ധരായ വനിതകൾ ഉണ്ടായിത്തീരാൻ ആസൂത്രിതമായ ശ്രമങ്ങൾ ആവശ്യമാണ്. പല ഗ്രാമങ്ങളിലും ആളില്ലാത്തതുകൊണ്ട് ഇത്തരം ആവശ്യങ്ങൾക്ക് സമീപ പ്രദേശങ്ങളിൽ നിന്ന് സ്ത്രീകളെ കൊണ്ടുവരേണ്ട സ്ഥിതിയാണുള്ളത്. ഈ അവസ്ഥക്ക് മാറ്റം വരണം.
ക്യാൻസർ, ട്യൂമർ, കിഡ്‌നി രോഗങ്ങൾ, നട്ടെല്ലു ക്ഷതം തുടങ്ങി വിവിധ അസുഖങ്ങൾ കാരണം കിടപ്പിലാവുന്ന രോഗികളിൽ പലരും പരാശ്രയം ആവശ്യമുള്ളവരാണ്. വീട്ടുകാർ ഉപേക്ഷിക്കുന്നവരും ബന്ധുക്കളാൽ അവഗണിക്കപ്പെടുന്നവരുമുണ്ട്. ചില വീട്ടുകാർ തയ്യാറാണെങ്കിലും പരിജ്ഞാനവും പരിചയവുമില്ലാത്തതു കാരണം രോഗികൾക്ക് അർഹിക്കുന്ന ശ്രദ്ധ ലഭിക്കാത്ത സന്ദർഭങ്ങളുമുണ്ട്. എല്ലായിടത്തും സമർപ്പിതരും പരിചയസമ്പന്നരുമായ സേവികമാരെ സമൂഹം ആഗ്രഹിക്കുന്നു. മതപരമായ അച്ചടക്കങ്ങൾ പാലിച്ചുകൊണ്ട് തന്നെ ഇത്തരം ഷീ പാലിയേറ്റീവ് കൂട്ടായ്മകൾ ഇന്ന് പലയിടത്തും ഉയർന്നുവരുന്നുണ്ട്. അതിന്റെ ഭാഗമായി ബീവി ഉമ്മു കുൽസൂം(റ) കാണിച്ചുതന്ന സേവന വഴിയിൽ സഞ്ചരിക്കാൻ നമുക്ക് സാധിക്കട്ടെ.

നിശാദ് സിദ്ദീഖി രണ്ടത്താണി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ