പാഠവും ആനന്ദവും നല്‍കുന്ന ദൃശ്യവിസ്മയങ്ങളിലേക്കാണ് ഉസ്ബക്കിസ്താന്‍ മിഴിതുറക്കുന്നത്. അതില്‍ പ്രധാനമാണ് ലേബി ഹൗസ്.
ബുഖാറയിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാണ് ലേബി ഹൗസ് (വീടിനു ചുറ്റും എന്നാണിതിനര്‍ത്ഥം). നാലായിരത്തിലധികം ഘനമീറ്റര്‍ വെള്ളമുള്ള കൃത്രിമ തടാകവും അവിടെ കാണാം. എഡി 1620ല്‍ നാദിര്‍ ദിവാന്‍ ബേഗാണ് ഇത് നിര്‍മിക്കാന്‍ ഉത്തരവിട്ടത്. തടാകത്തിന് ചുറ്റും മള്‍ബറി മരങ്ങള്‍ വച്ചുപിടിപ്പിച്ചിട്ടുണ്ട്. സുന്ദരക്കാഴ്ച തന്നെയാണിത്. ഒരു മദ്റസയും വിശാലമായ പാര്‍ക്കും ഇവിടെയുണ്ട്. മുല്ലാ നാസിറുദ്ദീന്‍ കഥകളുടെ രചയിതാവ് അബുല്‍ഹസന്റെ സ്മരണകളും ഇവിടെ അനാച്ഛിതമാണ്.
കല്യാണ്‍ ഗോപുരം
ബുഖാറ പട്ടണത്തിലെ പ്രധാന ദൃശ്യവിസ്മയമാണിത്. നഗരത്തിന്റെ പ്രതീകവും ഇതുതന്നെ. ഒരു സഹസ്രാബ്ദത്തോളം പഴക്കമുണ്ടീ ഗോപുരത്തിന്. എഡി 1127ല്‍ യമസീ എന്ന ശില്‍പിയാണിത് നിര്‍മിച്ചത്. ഇഷ്ടികയിലാണ് നിര്‍മാണം. മിനാരത്തിന്റെ അടിഭാഗത്ത് 9 മീറ്ററും, ഉച്ചിയില്‍ ആറുമീറ്ററും വ്യാസമുണ്ട്. അകത്ത് 104 പടികളുള്ള ഗോവണിയും. ഭരണകര്‍ത്താക്കള്‍ ശിക്ഷ നടപ്പാക്കിയിരുന്നത് ഇതിനടുത്തു വെച്ചായിരുന്നുവെന്നാണ് ചരിത്രം. ഡല്‍ഹിയിലെ കുത്തബ്മിനാര്‍ പണികഴിപ്പിച്ചത് ഇതിന്റെ മാതൃകയിലാണത്രെ.
കല്യാണ്‍ ജുമാ മസ്ജിദ്
പന്ത്രണ്ടാം നൂറ്റാണ്ടുമുതല്‍ ഇവിടെയുണ്ടായിരുന്ന പഴയ ജുമുഅ മസ്ജിദ് പൊളിച്ച് പതിനഞ്ചാം നൂറ്റാണ്ടിലാണ് കല്യാണ്‍ ജുമാ മസ്ജിദ് പണിതത്. തുടര്‍ന്ന് അഞ്ചു നൂറ്റാണ്ടുകളോളം (സോവിയറ്റ് കാലഘട്ടത്തിലെ ഏതാനും പതിറ്റാണ്ടുകള്‍ ഒഴിച്ച്) ഇത് ബുഖാറ പട്ടണത്തിലെ പ്രധാന ദേവാലയമായി നിലകൊണ്ടു. 12000 പേര്‍ക്ക് ഒരേ സമയം നിസ്കരിക്കുവാന്‍ ഇവിടെ സൗകര്യമുണ്ട്.
ഉലഖ്ബേഗ് മദ്റസ
എഡി 1420 തിമൂറിന്റെ ചെറുമകനായ ഉലഖ്ബേഗ് പണിത മൂന്ന് മദ്റസകളില്‍ ആദ്യത്തേതാണിത്. രണ്ടാമത്തേത് സമര്‍ഖന്ദിലും മൂന്നാമത്തേത് ഗിദുവാനിലുമാണ്. വൈജ്ഞാനിക മുന്നേറ്റത്തിന് സഹായകമായതെല്ലാം ഇദ്ദേഹം ചെയ്തു. സമര്‍ഖന്ദിലെ പ്രശസ്തമായ വാനനിരീക്ഷണ കേന്ദ്രവും അദ്ദേഹം സ്ഥാപിച്ചതാണ്.
ഗണിത ശാസ്ത്രത്തിലും മറ്റു ശാസ്ത്ര ശാഖകളിലും അതിനിപുണനായിരുന്ന ഉലഖ്ബേഗ് ജ്യോമട്രിയിലും ആസ്ട്രോളജിയിലും വ്യുല്‍പത്തി നേടി. മദ്റസയുടെ പ്രവേശന കവാടത്തില്‍ തന്നെ ‘വിജ്ഞാനം തേടല്‍ എല്ലാ വിശ്വാസികളുടെയും ബാധ്യതയാണ്’ എന്ന പ്രവാചകാധ്യാപനം കൊത്തിവെച്ചതു കാണാം.
മീര്‍അറബ് മദ്റസ
കല്യാണ്‍ ഗോപുരത്തിന് എതിര്‍വശത്താണ് മീര്‍ അറബ് മദ്റസ. എഡി 1536ല്‍ നിര്‍മിക്കപ്പെട്ട ഇതില്‍ ഇപ്പോഴും മതാധ്യാപനം സജീവമാണ്. സോവിയറ്റ് ഭരണകാലത്ത് രണ്ടു പതിറ്റാണ്ട് മാത്രമാണ് (19251945) ഇത് അടഞ്ഞുകിടന്നത്.
ബുഖാറ രാജാവായിരുന്ന ഉബൈദുല്ല ഖാന്‍ മുവായിരം യുദ്ധത്തടവുകാരെ അടിമച്ചന്തയില്‍ വിറ്റുകിട്ടിയ പണം കൊണ്ടാണിതു പണിതതത്രെ. യമനില്‍ നിന്നു വന്ന സയ്യിദ് ശംസുദ്ദീന്‍ അബ്ദുല്ലാ അല്‍അറബിയെന്ന മീര്‍ അറബായിരുന്നു അന്നു ബുഖാറയിലെ മുസ്‌ലിം നേതാവ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു മദ്റസാരംഭം. അദ്ദേഹത്തിന്റെയും ഉബൈദുല്ലാ ഖാന്റെയും മഖ്ബറയും മദ്റസാങ്കണത്തില്‍ തന്നെ. ജ്ഞാന തപസ്യയെ സേവിക്കുകയും സ്നേഹിക്കുകയും ചെയ്ത ഇരുവരും മതവിദ്യാര്‍ത്ഥികളുടെ ചൊല്ലിപ്പഠിക്കലുകള്‍ കേട്ട് നിത്യനിദ്ര കൊള്ളുന്നു.
ചശ്മ അയ്യൂബ്(അ)
ബുഖാറയിലെ വളരെ പഴയ സ്മാരകമാണ് ചശ്മ അയ്യൂബ്(അ), അഥവാ അയ്യൂബ് നബി(അ)ന്റെ നീരുറവ. പ്രവാചകാഗമനത്തിനു മുമ്പ് തന്നെ ഇത് പ്രശസ്തമായിരുന്നു. അയ്യൂബ് നബി(അ) ഒരിക്കല്‍ ഇവിടെ വരികയും തന്റെ വടികൊണ്ട് നിലത്ത് കുത്തിയപ്പോള്‍ നീരുറവയുണ്ടായെന്നും പറയപ്പെടുന്നു. അദ്ദേഹം രോഗബാധിതനായപ്പോള്‍ വുളൂഅ് എടുത്ത് രോഗമുക്തി ലഭിച്ച വെള്ളമാണെന്നും അഭിപ്രായമുണ്ട്. ഉസ്ബക്കിലെ ഇസ്‌ലാമികാധിപത്യത്തിനു ശേഷം എഡി 12ാം നൂറ്റാണ്ടു മുതല്‍ ഇവിടെ പരിപാലിക്കപ്പെടുന്നു. ഇവിടെയുള്ള പുരാതന കെട്ടിടം അമീര്‍ തിമൂര്‍ (13701405) പണികഴിപ്പിച്ചതാണ്.
സാമേനികളുടെ സ്മാരകം
ചശ്മ അയ്യൂബിന്റെ തെക്കുഭാഗത്തായുള്ള പാര്‍ക്കിലാണ് സാമേനികളുടെ സ്മാരകമുള്ളത്. സാമോനി രാജവംശ സ്ഥാപകനായ ഇസ്മാഈല്‍ സാമോനി എഡി 9,10 നൂറ്റാണ്ടുകളിലായി പണിതതാണിത്. അദ്ദേഹത്തിന്റെ പിതാവായിരുന്ന നസ്ര്‍ ഒന്നാമനു വേണ്ടിയാണത്രെ ഇതു പണി കഴിപ്പിച്ചത്. മധ്യേഷ്യയിലെ തന്നെ ആദ്യത്തെ സ്മാരകമാണിത്. ഇസ്മാഈല്‍ സാമോനിയും ചെറുമകന്‍ നസ്ര്‍ രണ്ടാമനും അടക്കം ചെയ്യപ്പെട്ടതും ഇവിടെ തന്നെ.
സാമോനി രാജാക്കന്മാരുടെ കീഴിലാണ് ബുഖാറ അഭിവൃദ്ധി നേടിയത്. മതപരമായും, വൈജ്ഞാനികമായും മുന്നേറ്റങ്ങളുണ്ടായത് ഈ കാലഘട്ടത്തിലാണ്. ഇബ്നുസീന ഈ കാലഘട്ടത്തിലാണ് ജീവിച്ചിരുന്നത്. ലോകത്ത് അറിയപ്പെടുന്ന ചരിത്രകാരന്മാരുടെയും ചിന്തകന്മാരുടെയും പണ്ഡിതന്മാരുടെയും നാടായ ഖുറാസാന്റെ ഭാഗമായിരുന്നു ബുഖാറ. ഇമാം നസാഈ(റ), ബൈഹഖി(റ), തിര്‍മുദി(റ), ഖവാറസ്മി, ഫാറാബി… ഇവരെല്ലാം ബുഖാറയുടെ സന്തതികളാണ്.
ബുഖാറ കോട്ട
18,19 നൂറ്റാണ്ടുകളില്‍ ബുഖാറയുടെ ഭരണസിരാ കേന്ദ്രം ബുഖാറ കോട്ടയായിരുന്നു. അമീറിന്റെ കൊട്ടാരം, പള്ളി, ട്രഷറി, ഓഫീസ്, ജയില്‍… എല്ലാം ഇതിനകത്തായിരുന്നു. 1920ലെ റഷ്യന്‍ ചെമ്പടയുടെ ആക്രമണത്തില്‍ ഇതിന്റെ പല ഭാഗങ്ങളും തകര്‍ക്കപ്പെട്ടു.
ഇഷ്ടികയില്‍ പടുത്തുയര്‍ത്തിയ കോട്ടയുടെ പ്രധാന കവാടം രജിസ്റ്റാന്‍ ചത്വരത്തിനഭിമുഖമായാണ്. ബുഖാറ കോട്ട ഇന്നത്തെ രൂപത്തില്‍ പുനര്‍നിര്‍മിക്കപ്പെട്ടത് മങ്കിത് (വേല ാമിഴശവേ)െ അമീറുമാരുടെ കാലഘട്ടത്തിലാണ് (എഡി 1758).
(തുടരും)

യാത്ര/ത്വബീബ് മുഹമ്മദ് കൊച്ചി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ