baithul muqaddass-malayalam

ഹോളോകോസ്റ്റിനെക്കുറിച്ചാണ് ജൂതൻമാർ വിലപിക്കാറുള്ളത്. അറബ് പ്രദേശങ്ങൾ പിടിച്ചെടുത്ത് ഇസ്‌റാഈൽ രാഷ്ട്രം പണിയുന്നതിന് പാശ്ചാത്യ ശക്തികളുടെ പിന്തുണ ആർജിച്ചത് ഹിറ്റ്‌ലർ നടത്തിയ ജൂതകൂട്ടക്കൊലയുടെ ചരിത്രം ആവർത്തിച്ച് പ്രചരിപ്പിച്ചുകൊണ്ടാണ്. എന്നാൽ ഹോളോകോസ്റ്റ് എന്ന് വിവക്ഷിക്കപ്പെടുന്ന ഉൻമൂലന പദ്ധതി മറ്റൊരു രീതിയിൽ പ്രയോഗവത്കരിച്ചു കൊണ്ട് ഈ ചരിത്രത്തെ സ്വയം റദ്ദാക്കുകയാണ് അഭിനവ സയണിസം. ജൂത ജനത അനുഭവിച്ച നിരാസവും ആട്ടിയോടിക്കലും വംശഹത്യയും ആ ജനതയെ ലോകത്തെ ഏറ്റവും കാരുണ്യമുള്ള സമൂഹമായി മാറ്റേണ്ടതായിരുന്നു. ചരിത്രം അങ്ങനെയായിരുന്നു വർത്തമാനത്തെ രൂപപ്പെടുത്തേണ്ടിയിരുന്നത്. എന്നാൽ സയണിസ്റ്റ് പ്രത്യയ ശാസ്ത്രം ജൂതചരിത്രത്തെ  ക്രൗര്യത്തിലേക്കും യുദ്ധോത്സുകതയിലേക്കും കൊള്ളയിലേക്കും പരിവർത്തിപ്പിക്കുകയാണ് ചെയ്തത്. അറബ് ദേശീയതക്ക് മേൽ ഇസ്‌റാഈൽ നടത്തുന്ന കടന്ന് കയറ്റങ്ങളും ഫലസ്തീനെ ഭൂമുഖത്ത് നിന്ന് തുടച്ച് മാറ്റാൻ നടക്കുന്ന അധിനിവേശങ്ങളും കൃത്യമായ ഇടവേള വെച്ച് അരങ്ങേറുന്ന കൂട്ടക്കുരുതികളും ഈ പ്രത്യയ ശാസ്ത്രത്തിന്റെ ആവിഷ്‌കാരങ്ങളാകുന്നു. വാഗ്ദത്ത ഭൂമിയെന്ന സങ്കൽപ്പം തന്നെ അധിനിവേശത്തിൽ അധിഷ്ഠിതമാണ്. അത്‌കൊണ്ട് ഖുദ്‌സിൽ (ജറൂസലമിൽ) അൽ അഖ്‌സ പള്ളിക്ക് ചുറ്റും നടക്കുന്നത് മതപരമായ ഏറ്റുമുട്ടലോ വിശ്വാസങ്ങൾ തമ്മിലുള്ള സംഘട്ടനമോ അല്ല. തികച്ചും രാഷ്ട്രീയവും അധിനിവേശപരവുമായ കുതന്ത്രങ്ങളുടെ തുടർച്ചയായി മാത്രമേ അവയെ കാണാനാകൂ. ക്ലാസിക്കൽ ഫാസിസത്തിന്റെ ഇരകളായി ലോകം ചൂണ്ടിക്കാണിച്ചത് ജൂതൻമാരെയാണ്. അതേ ജൂതൻമാർ ഫാസിസത്തിന്റെ പുതിയ പതിപ്പ് സൃഷ്ടിക്കുന്നതാണ് ജറൂസലമിലും ഗാസയിലും ഇസ്‌റാഈലിലെ അറബ് കേന്ദ്രങ്ങളിലും കാണുന്നത്. ഫാസിസം എക്കാലത്തും എവിടെയും മതത്തെ രാഷ്ട്രീയ വ്യാമോഹങ്ങൾക്കുള്ള ഉപാധിയാക്കി മാറ്റിയിട്ടുണ്ട്. വിശ്വാസങ്ങളെയും ആരാധനാലയങ്ങളെയും മിത്തുകളെയുമൊക്കെ അത് തന്ത്രപൂർവം ഉപയോഗിക്കുന്നു. വൈകാരികമായ പ്രതികരണങ്ങളിലേക്ക് മനുഷ്യരെ തള്ളിവിടാനുള്ള ഉപാധികളാണ് ഫാസിസത്തിന് ഇവ. ഇന്ന് അഖ്‌സ പള്ളിക്ക് ചുറ്റും നടക്കുന്നതും കിഴക്കൻ ജറൂസലമിലും വെസ്റ്റ്ബാങ്കിലെ ജൂത കുടിയേറ്റ മേഖലകളിലാകെയും വ്യാപിക്കുന്നതുമായ സംഘർഷത്തെ ഈ പശ്ചാത്തലത്തിൽ വേണം വിലയിരുത്താൻ.

കഴിഞ്ഞ  മാസം 14-ന് ഖുദ്‌സിൽ  ഉണ്ടായ സംഘർഷത്തിന്റെ ചുവട് പിടിച്ച്  അൽ അഖ്‌സ പള്ളി അടച്ചിട്ടതോടെയാണ് മേഖലയിൽ പുതിയ പ്രതിഷേധത്തീ ആളിക്കത്തിയത്. ആയിരക്കണക്കിന് മുസ്‌ലിംകൾ ഇരച്ചെത്തി. ഇസ്‌റാഈൽ പോലീസിന്റെ വലയം ഭേദിച്ച് അകത്ത് കടക്കാൻ അവർ ശ്രമിച്ചു. ഇത് വലിയ ഏറ്റുമുട്ടലിന് വഴി വെച്ചു. ആറ് ഫലസ്തീൻകാർ മരിച്ചു വീണു. എന്നിട്ടും അവർ പിൻവാങ്ങിയില്ല. ഈ നിശ്ചയദാർഢ്യത്തിന് മുന്നിൽ മുട്ടുമടക്കാതിരിക്കാൻ ഇസ്‌റാഈലിന് സാധിക്കാതെ വന്നതോടെ പള്ളി തുറന്നു. പക്ഷേ, കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പ്രവേശന കവാടത്തിൽ മെറ്റൽ ഡിറ്റക്ടറുകൾ സ്ഥാപിച്ചു. അമ്പത് വയസ്സിന് താഴെയുള്ളവർക്ക് പ്രവേശനം നിഷേധിച്ചു.  ഈ നിയന്ത്രണങ്ങൾ നീക്കും വരെ കോമ്പൗണ്ട് വിട്ട് പോകില്ലെന്ന്   മുസ്‌ലിംകൾ തീർത്ത് പറയുകയും യു എൻ അടക്കമുള്ള അന്താരാഷ്ട്ര ഏജൻസികളുടെ ശക്തമായ താക്കീത് വരികയും ചെയ്തതോടെ ഡിറ്റക്ടറുകൾ എടുത്തു മാറ്റാൻ ഇസ്‌റാഈൽ തയ്യാറായിട്ടുണ്ട്. പകരം മുഴുവൻ ഭാഗവും നിരീക്ഷണ ക്യാമറയുടെ പിടിയിലാക്കാനാണ് പരിപാടി. ചരിത്രപരമായി തങ്ങളുടെ പുണ്യ കേന്ദ്രമായ വിശുദ്ധ ഖുദ്‌സിൽ പ്രവേശിക്കുന്നതിനും പ്രാർഥനാ നിരതരാകുന്നതിനും മുസ്‌ലിംകൾക്ക് ഈ നിരീക്ഷണങ്ങളെ പേടിക്കണം എന്ന് വരുന്നത് എത്രവലിയ ക്രൂരതയാണ്?

ഇത്തവണത്തെ സംഘർഷം അൽ അഖ്‌സക്ക് ചുറ്റും സംവത്സരങ്ങളായി നടന്നു വരുന്ന പ്രതിരോധത്തിന്റെയും പോരാട്ടത്തിന്റെയും ചരിത്രത്തിൽ വേറിട്ട് നിൽക്കും. ഒരു പക്ഷേ ഫലസ്തീൻ പോരാട്ടത്തിന് തന്നെ അത് വലിയ ഊർജം പകർന്നേക്കാം. കാരണം, ഈയടുത്ത കാലത്തൊന്നും ഇല്ലാത്ത വിധം ഇസ്‌റാഈൽ പ്രതിരോധത്തിലായി എന്നത് തന്നെ. ഏത് അതിക്രമത്തിനും പിന്തുണ പ്രഖ്യാപിക്കുന്ന അമേരിക്കക്ക് പോലും ഇത്തവണ ജൂതരാഷ്ട്രത്തെ ന്യായീകരിക്കാൻ സാധിച്ചില്ല. അവിടെ പ്രസിഡന്റായി ഡൊണാൾഡ് ട്രംപിനെപ്പോലെ ഒരു മുസ്‌ലിം വിരുദ്ധനുണ്ടായിട്ടും  ഇസ്‌റാഈലിന് ചില ചുവടുകൾ പിന്നോട്ട് വെക്കേണ്ടി വന്നുവെന്നത് ചെറിയ കാര്യമല്ല. എന്നാൽ ഇസ്‌റാഈൽ വെറുതെയിരിക്കില്ലെന്ന് തന്നെയാണ് ചരിത്രം തെളിയിക്കുന്നത്. തീർച്ചയായും അവർ ഗാസക്ക് മേൽ ആക്രമണം ആരംഭിക്കും. ജൂത കുടിയേറ്റ ഭവനങ്ങൾ കൂടുതൽ പണിയും. ചെറു ഏറ്റുമുട്ടലുകൾ സൃഷ്ടിച്ച് ബോംബ് വർഷത്തിന് വഴിയൊരുക്കും.

ജറൂസലമിലെ പഴയനഗരത്തിലാണ് വിശുദ്ധ ഖുദ്‌സ്. ഇതിന്റെ കോമ്പൗണ്ടിൽ  മസ്ദുൽ അഖ്‌സക്കു പുറമെ ഖുബ്ബത്തിൽ സ്വഹ്‌റയും ഉണ്ട്. ജൂതൻമാർക്ക് ഇവിടെ വിശുദ്ധമാകുന്നത് മിത്തുകളുടെ പുറത്താണ്. അവിടെ ഉണ്ടായിരുന്നുവെന്ന് പറയുന്ന സിനഗോഗിന്റെ തെളിവിനായി ഇന്നും ഖനനം നടത്തിക്കൊണ്ടിരിക്കുകയാണ്. അത് കണ്ടെത്തിയാലും ഇല്ലെങ്കിലും അഖ്‌സയിൽ നിന്ന് മുസ്‌ലിംകളെ ആട്ടിയോടിക്കുകയെന്ന രാഷ്ട്രീയ അജൻഡ അവർ നടപ്പാക്കി കൊണ്ടിരിക്കും. മുസ്‌ലിംകൾക്ക് തെളിവിനായി ഭൂമി കുഴിക്കേണ്ട ഗതികേടില്ല. അവിരാമമായ ആദരവിന്റെ നൂറ്റാണ്ടുകളിലൂടെയാണ് ആ വിശ്വാസം കടന്ന് വരുന്നത്. അത് അനസ്യൂതം തുടരുക തന്നെ ചെയ്യും. വിശുദ്ധ വചനങ്ങൾ കൊണ്ട് ബലപ്പെട്ടതാണ് അത്.   ഫലസ്തീന്റെ അതിജീവനം തള്ളിപ്പറയുന്നവർ പോലും അൽ അഖ്‌സ കോമ്പൗണ്ടിന്റെ നിയന്ത്രണാധികാരം മുസ്‌ലിംകൾക്ക് അവകാശപ്പെട്ടതാണെന്ന് ഏറ്റുപറയുന്നത് അത്‌കൊണ്ടാണ്.  ജൂതരാഷ്ട്ര സംസ്ഥാപനത്തിന് അടിത്തറ പാകിയ ബാൽഫർ പ്രഖ്യാപനത്തിൽ പോലും  വിശുദ്ധ ഗേഹങ്ങളുടെ കാര്യത്തിൽ സ്റ്റാറ്റസ്‌കോ പാലിക്കണമെന്ന് നിഷ്‌കർഷിച്ചിട്ടുണ്ട്.  1948-ൽ ഇസ്‌റാഈൽ പിറക്കുന്നതിന്റെ പശ്ചാത്തലത്തിൽ യു എൻ ഇറക്കിയ പ്രമേയത്തിലും ഇക്കാര്യം വ്യക്തമായി  പറയുന്നു.  194-ാം നമ്പർ പ്രമേയത്തിൽ ഇങ്ങനെ വായിക്കാം: ‘വിശുദ്ധ പ്രദേശങ്ങളും കെട്ടിടങ്ങളും അതേപടി സംരക്ഷിക്കേണ്ടിയിരിക്കുന്നു. അവിടേക്ക് മുസ്‌ലിംകൾക്ക് പ്രവേശിക്കാനും ആരാധനാ കർമങ്ങൾ നടത്താനും എല്ലാ സൗകര്യവും ഒരുക്കണം. നിലവിലുള്ളതും ചരിത്രപരമായി തുടർന്നു വരുന്നതുമായ ചട്ടങ്ങളിലും വിധിവിലക്കുകളിലും ഒരു മാറ്റവും പാടില്ല’. മസ്ജുദുൽ അഖ്‌സ മുസ്‌ലിംകളുടെ മൂന്നാമത്തെ വിശുദ്ധ ഗേഹമാണ്. തിരുനബി ആകാശ ലോക യാത്ര നടത്തിയത് ഇവിടെ നിന്നാണ്. സുലൈമാൻ നബി പണിത പള്ളി ഇവിടെയാണ്. ഈ കോമ്പൗണ്ടിനുള്ളിലെ ഓരോ തരി മണ്ണും മഹത്തുക്കളുടെ പാദപദനത്താൽ വിശുദ്ധമാണ്. പ്രപഞ്ചനാഥന്റെ സത്യം ലോകത്തോട് വിളിച്ചുപറയാൻ  നിയുക്തരായ നിരവധി പേർ അന്ത്യവിശ്രമം കൊള്ളുന്നത് ഇവിടെയാണ്.

വിശ്വാസപരമായ പ്രധാന്യത്തിനപ്പുറം ഈ പള്ളി സമുച്ചയം ഫലസ്തീനികൾക്ക് അവരുടെ സാംസ്‌കാരിക സ്വത്വത്തിന്റെ പ്രതീകമാണ്. കിഴക്കൻ ജറൂസലം തലസ്ഥാനമായി രാഷ്ട്രം സ്ഥാപിക്കാനുള്ള അവരുടെ നിയമപരമായ അവകാശത്തിന്റെ ഒരേയൊരു നിദർശനമാണ് മസ്ജിദുൽ അഖ്‌സ.  1967-ലെ യുദ്ധത്തിൽ മേഖലയാകെ  പിടിച്ചടക്കിയിട്ടും അൽ അഖ്‌സ കോമ്പൗണ്ടിന്റെ നിയന്ത്രണ അധികാരം ഇസ്‌റാഈലിന്  ലഭിച്ചിട്ടില്ല എന്നത് തന്നെയാണ് കാരണം. ജോർദാൻ ഔഖാഫിനാണ് പള്ളിയുടെ ചുമതല. ജൂതൻമാർക്ക് അകത്തേക്ക് പ്രവേശനമില്ല. പള്ളി പരിസരത്തെ സുരക്ഷാ സംവിധാനത്തിന്റെ പേരിലാണ് ഇപ്പോൾ ജൂത ആയുധധാരികൾ പള്ളിക്ക് ചുറ്റും തമ്പടിക്കുന്നത്. ഇതിൽ നല്ലൊരു ശതമാനം സൈനിക വേഷമിട്ട സിവിലിയൻമാരാണ്. അവരാണ് നിസ്‌കരിക്കാനെത്തുന്ന മുസ്‌ലിംകളെ തടയന്നതും സംഘർമുണ്ടാക്കുന്നതും.  പള്ളിക്ക് മേൽ സമ്പൂർണ ആധിപത്യം സ്ഥാപിക്കാൻ സാധിക്കാത്തതിന്റെ അമർഷം ഇസ്‌റാഈലിൽ നുരഞ്ഞ് പൊങ്ങുമ്പോൾ ഒടുങ്ങാത്ത ആത്മവിശ്വാസവും പോരാട്ട വീര്യവുമാണ് ഫലസ്തീൻ ജനതക്ക് മസ്ജിദുൽ അഖ്‌സ സമ്മാനിക്കുന്നത്. ഇത്തരം പ്രതീകങ്ങളെ സ്വന്തമാക്കുകയോ തകർക്കുകയോ ചെയ്യുകയെന്നത് ഫാസിസത്തിന്റെ ദീർഘകാല പദ്ധതിയാണ്. ഇതാണ് ഇന്ത്യയിൽ ബാബരി മസ്ജിദിന്റെ കാര്യത്തിൽ സംഭവിച്ചത്. എത്ര വർഷത്തെ തയ്യാറെടുപ്പുകളും പടിപടിയായ കൈയേറ്റവുമാണ് ബാബരി ധ്വംസനത്തിൽ കലാശിച്ചത്?

ടെമ്പിൾ മൗണ്ട് ഫെയ്ത്ത്ഫുൾ എന്ന തീവ്രവാദ സംഘടനയാണ് അൽ അഖ്‌സക്കതിരെ നടക്കുന്ന ജൂത നീക്കങ്ങളെയെല്ലാം ഏകോപിപ്പിക്കുന്നത്. ഈ സംഘടനക്ക് ഔദ്യോഗിക സംവിധാനങ്ങൾ എല്ലാ ഒത്താശയും ചെയ്ത് കൊടുക്കുന്നു. മൂന്ന് ലക്ഷ്യങ്ങളാണ്  സംഘടന മുന്നോട്ട് വെക്കുന്നത്:  ഒന്ന് സംഘർഷത്തിന്റെ പേരിൽ മേഖലയിൽ കൂടുതൽ ചെക് പോയിന്റുകൾ സ്ഥാപിക്കുക. അതുവഴി കൂടുതൽ മേഖലകളിലേക്ക് ജൂത അധിനിവേശം വ്യാപിപ്പിക്കുക. രണ്ട്, അൽ അഖ്‌സ പള്ളി സമുച്ചയം വിഭജിക്കുക. മൂന്നാമത്തേത്  ദീർഘകാല ലക്ഷ്യമാണ്, അൽ അഖ്‌സ കോംപൗണ്ടിൽ ഒരു സിനഗോഗ്  പണിയുക. ഇവരുടെ വെബ്‌സൈറ്റിൽ ഇപ്പോൾ ചെന്ന് നോക്കിയാൽ,  1967ലെ ‘സ്വതന്ത്ര്യ വിജയത്തി’ന്റെ സിൽവർ ജൂബിലി ആഘോഷിക്കാനുള്ള ആഹ്വാനമാണ് കാണുക. എന്താണ് 1967ന്റെ പ്രാധാന്യം? ഇസ്‌റാഈൽ രൂപവത്കരിച്ച ശേഷം നടന്ന ഏറ്റവും ക്രൂരമായ അധിനിവേശ ആക്രമണം നടന്നത് അന്നാണ്. ഇന്നത്തെ ഗാസയടക്കമുള്ള പ്രദേശങ്ങൾ പിടിച്ചടക്കി. ഒടുവിൽ അമേരിക്കയുടെ നേതൃത്വത്തിൽ നടന്ന മാധ്യസ്ഥ്യ ചർച്ചയിൽ ഗാസയും വെസ്റ്റ്ബാങ്കും തിരിച്ചു നൽകി. എന്നാൽ കിഴക്കൻ ജറൂസലം വിട്ട് നൽകിയില്ല. എല്ലാ അന്താരാഷ്ട്ര നിയമങ്ങളെയും കാറ്റിൽ പറത്തിയ അധിനിവേശമായി തന്നെയാണ് 1967ല ആക്രമണത്തെ യു എൻ അടക്കമുള്ള ഏജൻസികൾ കണക്കാക്കുന്നത്. പക്ഷേ, ടെമ്പിൾ മൗണ്ട് മൂവ്‌മെന്റിന് അത് മഹത്തായ ലിബറേഷനാണ്. അതിന്റെ സുവർണ ജൂബിലി വർഷമായ 2017ൽ അൽ അഖ്‌സയിലേക്ക് മാർച്ച് ചെയ്യാനാണ് സംഘടന ആഹ്വാനം ചയ്യുന്നത്. എന്നുവെച്ചാൽ ബോധപൂർവം സംഘർഷം സൃഷ്ടിക്കുക തന്നെ.

അൽ അഖ്‌സക്കെതിരെ ആഗോളതലത്തിൽ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത് യഹൂദാ ഗ്ലിക്കാണ്. ചാനലുകളായ ചാനലുകളിലേക്കെല്ലാം അദ്ദേഹം തീർഥയാത്ര നടത്തുന്നു. യു എസും സഖ്യരാഷ്ട്രങ്ങളും സ്‌പോൺസർ ചെയ്യുന്ന ആക്ടിവിസ്റ്റാണ് ഗ്ലിക്ക്. അമേരിക്കൻ തിരഞ്ഞെടുപ്പിൽ ജൂത വിഭാഗത്തിന്റെ പിന്തുണ തേടി ഡെമോക്രാറ്റിക് പാർട്ടിയും റിപ്പബ്ലിക്കൻ പാർട്ടിയും ഒരു പോലെ ഇയാളുടെ കാൽക്കൽ വീണ് കിടക്കുന്നത് ലോകം കണ്ടതാണ്. ഈ ഔദ്യോഗിക ആക്ടിവിസ്റ്റാണ് 2014ൽ  പള്ളി പരിസരത്തുണ്ടായ സംഘർഷത്തിന്റെ കേന്ദ്ര ബിന്ദു. ആ വർഷം ഒക്‌ടോബറിലാണ് സംഭവം.  ജറൂസലമിൽ ടെമ്പിൾ മൗണ്ട് കോൺഫറൻസ് നടക്കുന്നു. പ്രധാന പ്രഭാഷണം യഹൂദാ ഗ്ലിക്ക്. ഒരു പ്രശ്‌നവുമില്ലാതെ സമ്മേളനം നടന്നു. എന്നാൽ സമ്മേളനാനന്തരം അൽ അഖ്‌സ കോമ്പൗണ്ടിൽ പ്രവേശിക്കാൻ ഗ്ലിക്ക് ശ്രമം നടത്തി. ഫലസ്തീനികൾ ചെറുത്തു. സംഘർഷ ഭരിതം. അതിനിടക്ക് യഹൂദാ ഗ്ലിക്കിന് വെടിയേറ്റു. ആരാണ് വെടിവെച്ചതെന്ന് ഇന്നും തെളിഞ്ഞിട്ടില്ല. തെളിയണമെന്ന് ഇസ്‌റാഈലിന് ആഗ്രഹവുമില്ല. ഗ്ലിക്കിനെ മുൻനിർത്തി പ്രചണ്ഡ പ്രചാരണമാണ് പിന്നീട് നടന്നത്. ഒടുവിൽ പള്ളി അടച്ച് പൂട്ടി. ജോർദാന്റെ ഇടപെടലും തുർക്കിയുടെ മുന്നറിയിപ്പും അന്താരാഷ്ട്ര സമ്മർദവും വന്നപ്പോഴാണ് പിന്നീട് പള്ളി തുറന്നത്.

ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പ്രത്യേക ജൂത രാഷ്ട്രം എന്ന ആശയം രൂപപ്പെട്ട 1920കളിൽ തന്നെ ജൂത തീവ്രവാദികൾ അൽ അഖ്‌സ പള്ളിയെ ലക്ഷ്യമിട്ടിരുന്നു. രാഷ്ട്രം അനുവദിക്കപ്പെട്ടില്ലെങ്കിൽ തങ്ങൾ തീപ്പന്തമായി മാറുമെന്ന സന്ദേശം ലോകത്തിന് നൽകുകയായിരുന്നു ലക്ഷ്യം. 1929ൽ അൽ ബുറാഖ് ഗേറ്റിലൂടെ അഖ്‌സ സമുച്ചയത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച ജൂതൻമാരെ ഫലസ്തീനികൾ തടഞ്ഞു. ഈ പ്രതിരോധം വലിയ ഏറ്റുമുട്ടലിന് വഴി വെച്ചു. നിരവധി പേർ മരിച്ചു വീണു. ഈ സംഭവമാണ് പിന്നീട് അൽ ബുറാഖ് വിപ്ലവമെന്ന് വിശേഷിപ്പിക്കപ്പെട്ടത്. ഫലസ്തീൻ മണ്ണ് സംരക്ഷിക്കാനായി നടന്ന ആദ്യ സംഘടിത ശ്രമമെന്ന നിലയിലാണ് ഈ സംഭവത്തെ ചരിത്രകാരൻമാർ വിലയിരുത്തുന്നത്. 1969ൽ ആസ്‌ത്രേലിയൻ ക്രിസ്ത്യാനി ഇരച്ച് കയറി അൽ ഖബാലി പള്ളിക്ക് തീവെച്ചു. 1990ൽ ഉണ്ടായ സംഘർഷത്തിനിടെ 20 ഫലസ്തീനികളാണ് കൂട്ടക്കൊല ചെയ്യപ്പെട്ടത്. 1996ൽ പടിഞ്ഞാറൻ കവാടത്തിലേക്ക് ജൂതൻമാർ തുരങ്കം പണിതപ്പോൾ അത് ചെറുക്കാൻ ഫലസ്തീനികൾ ഇറങ്ങി. 63 പേരാണ് മരിച്ചു വീണത്. 2000ത്തിൽ ഇസ്‌റാഈൽ നേതാവ് ഏരിയൽ ഷാരോൺ ആയിരക്കണക്കിന് സൈനികരുടെ അകമ്പടിയോടെ അൽ അഖ്‌സ സന്ദർശിക്കാനെത്തി. അന്ന് ഫലസ്തീൻ ഗ്രൂപ്പുകൾ നടത്തിയ പ്രതിരോധമാണ് രണ്ടാം ഇൻതിഫാദക്ക് വഴിവെച്ചത്.

മുസ്‌ലിം ആരാധാനാലയങ്ങൾ പിടിച്ചടക്കാനായില്ലെങ്കിൽ വിഭജിക്കുകയെങ്കിലും വേണമെന്നതാണ് ജൂത തീവ്രവാദികളുടെ ലക്ഷ്യം.  അൽ ഖലീൽ പട്ടണത്തിലെ ഇബ്‌റാഹിമി മസ്ജിദിന്റെ കാര്യത്തിൽ വിഭജന തന്ത്രം വിജയിച്ചത് കൊണ്ടാണ് ജൂത ലോബി ഇന്നും അത്തരത്തിലുള്ള നീക്കം നടത്തുന്നത്.  1994 ഫെബ്രുവരി 25നാണ് സംഭവം. അമേരിക്കൻ ജൂതനായ ബറൗച്ച് ഗോൾഡ്സ്റ്റിൻ ഇബ്‌റാഹിമി പള്ളിയിലേക്ക് ഇരച്ച് കയറി തലങ്ങും വിലങ്ങും വെടിയുതിർത്തു. 30 പേരാണ് തത്ക്ഷണം മരിച്ചത്. സംഭവത്തിന് ശേഷം വെസ്റ്റ്ബാങ്കിലും കിഴക്കൻ ജറൂസലമിലും വൻ കലാപം പൊട്ടിപ്പുറപ്പെട്ടു. നിരവധി ഫലസ്തീനികൾ അവിടെയും മരിച്ചു.  ഈ തക്കം നോക്കി ഇസ്‌റാഈലി സൈന്യം  പള്ളി വളഞ്ഞു. ക്രമസമാധാന പ്രശ്‌നം ഉന്നയിച്ച് പള്ളി അടച്ചിടുകയാണ് പിന്നെ ചെയ്തത്. ഗോൾഡ്സ്റ്റിനെ ഇസ്‌റാഈൽ സർക്കാർ തള്ളിപ്പറഞ്ഞു.  പള്ളി മുസ്‌ലിംകൾക്ക് തന്നെ തുറന്ന് കൊടുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.  പള്ളി തുറന്നപ്പോഴാണ് കൊടും ചതി വ്യക്തമായത്.  പള്ളി സമുച്ചയം വിഭജിച്ചു.  ഒരു ഭാഗം ജൂതർക്ക്; മറുഭാഗം മുസ്‌ലിംകൾക്ക്.  സത്യത്തിൽ ഗോൾഡ്സ്റ്റിൻ സ്വന്തം നിലക്ക് പള്ളിക്കകത്ത് പ്രവേശിക്കുകയായിരുന്നില്ല. മുസ്‌ലിംകൾ നിസ്‌കരിക്കുന്ന സമയം നോക്കി ഇസ്‌റാഈൽ സൈന്യത്തിലെ ഒരു വിഭാഗം തന്നെയാണ് ആയുധം നൽകി അയാളെ അകത്തേക്ക് കടത്തി വിട്ടത്. ഇക്കാര്യം പിന്നീട് തെളിയുകയും ഇസ്‌റാഈൽ സർക്കാർ തന്നെ അത് അംഗീകരിക്കുകയും ചെ്തു. പക്ഷേ, ആത്യന്തികമായി ജൂതൻമാർക്ക് ഒന്നും നഷ്ടമായില്ല. പള്ളി വിഭജിക്കുന്നതിൽ വിജയിക്കുകയും ചെയ്തു.

ഫാസിസം സൃഷ്ടിക്കുന്ന ഏത് സംഘർഷവും പ്രത്യയ ശാസ്ത്രപരമാണ്. അത് പ്രകോപനത്തിൽ നിന്ന് ഉണ്ടാകുന്നതല്ല. അവ ഒറ്റപ്പെട്ടതുമല്ല. അത്‌കൊണ്ട് അൽ അഖ്‌സയിലെ സംഘർഷം തനിയാവർത്തനങ്ങളാണ്. തിയോഡോർ ഹെർസൽ അവതരിപ്പിച്ച ജൂതരാഷ്ട്ര സങ്കൽപ്പം ഇന്ന് ഫലസ്തീൻ എന്ന് വിളിക്കുന്ന പ്രദേശത്ത് നിന്നടക്കം മുസ്‌ലിംകളെ പൂർണമായി തുടച്ചു നീക്കുകയെന്നതായിരുന്നു. ഇസ്‌റാഈൽ രാഷ്ട്രം സ്ഥാപിതമായതിലൂടെ ആ ‘മഹത്തായ ലക്ഷ്യ’ത്തിന്റെ ഒരു ചെറുഭാഗമേ അവർ നേടിയിട്ടുള്ളൂ. സമ്പൂർണ സാക്ഷാത്കാരത്തിന് ഏറ്റവും വലിയ തടസ്സം വിശുദ്ധ ചരിത്രത്തിൽ വേരാഴ്ത്തി തലയുയർത്തി നിൽക്കുന്ന അൽ അഖ്‌സ  പള്ളിയാണ്. മുസ്‌ലിംകളുടെ ആദ്യ ഖിബ്‌ലയായ ഈ വിശുദ്ധ ഗേഹം ലോകത്താകെയുള്ള വിശ്വാസികളെ അങ്ങോട്ട് ആകർഷിച്ചു കൊണ്ടേയിരിക്കുന്നു.

കിഴക്കൻ ജറൂസലമിലും വെസ്റ്റ്ബാങ്കിലും നിയമവിരുദ്ധമായി പാർപ്പിട സമുച്ചയങ്ങൾ പണിയുന്നത് മേഖലയിൽ ജൂത സാന്നിധ്യം വർധിപ്പിക്കാൻ വേണ്ടിയാണ്. ഇങ്ങനെ വരുന്നവരിൽ ഭൂരിഭാഗവും തീവ്രവാദികളാണ്. ഗോൾഡ്സ്റ്റിൻ താമസിച്ചിരുന്നത് ഇത്തരമൊരു കുടിയറ്റ ഭവനത്തിലായിരുന്നു. ടെമ്പിൾ മൗണ്ട് പ്രവർത്തകരെ വൻ തോതിൽ ഇവിടെയെത്തിച്ചിട്ടുണ്ട്. അത്‌കൊണ്ട് സംഘർഷങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കും. ഈ ഘട്ടത്തിൽ ഹമാസിനെപ്പോലുളള ഫലസ്തീൻ ഗ്രൂപ്പുകൾ നടത്തുന്ന അതിവൈകാരിക എടുത്തു ചാട്ടങ്ങൾ ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ.

ഫലസ്തീന് നേർക്കുള്ള ലോകത്തിന്റെ അനുഭാവം ഇന്നും അസ്തമിച്ച് തീർന്നിട്ടില്ല. ചെറു വെളിച്ചം അവശേഷിക്കുന്നുണ്ട്. സയണിസ്റ്റ് നുണകൾ ലോകം ചുറ്റിക്കറങ്ങുമ്പോഴും സത്യം തിളങ്ങി നിൽക്കും.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ