നുഅ്മാനുബ്‌നു ബശീർ(റ) പറഞ്ഞു: എന്റെ പിതാവ് എന്നെയും കൂട്ടി തിരുനബി(സ്വ)യുടെ അടുത്ത് ചെന്നു പറയുകയുണ്ടായി; റസൂലേ, ഞാൻ നുഅ്മാന് എന്റെ സമ്പത്തിൽ നിന്ന് ഇന്നതൊക്കെ നൽകിയിട്ടുണ്ട്. അതിന് അങ്ങ് സാക്ഷി നിൽക്കണം. അപ്പോൾ നബി(സ്വ) ചോദിച്ചു: നുഅ്മാന് കൊടുത്തതു പോലെ താങ്കളുടെ എല്ലാ മക്കൾക്കും കൊടുത്തിട്ടുണ്ടോ?
പിതാവ് പറഞ്ഞു: ഇല്ല.
റസൂൽ(സ്വ) അതിന് ഇങ്ങനെയാണ് പ്രതികരിച്ചത്: എങ്കിൽ നീ മറ്റൊരാളെ ഈ വിഷയത്തിൽ സാക്ഷിയാക്കുക.
അവിടന്ന് തുടർന്ന് പറഞ്ഞു: മക്കളെല്ലാവരും നിനക്ക് ഗുണം ചെയ്യുന്ന വിഷയത്തിൽ ഒരുപോലെയാകുന്നത് നിനക്ക് സന്തോഷമല്ലേ?
അതേയെന്നായിരുന്നു പിതാവിന്റെ മറുപടി. അപ്പോൾ നബി(സ്വ): എങ്കിൽ ഇങ്ങനെ നീ ചെയ്യരുത് (മുസ്‌ലിം).
പ്രമുഖ അൻസ്വാരിയായ ബശീറുബ്‌നു സഅ്ദ്(റ) രണ്ടാം വിവാഹം ചെയ്തത് അബ്ദുല്ലാഹിബ്‌നു റവാഹ(റ)യുടെ സഹോദരി അംറത്ത്(റ)നെയാണ്. ആ ദാമ്പത്യത്തിൽ പിറന്ന സന്തതിയാണ് പ്രശസ്ത സ്വഹാബി നുഅ്മാൻ(റ). മകൻ വളർന്നു വലുതായപ്പോൾ തന്റെ ഭർത്താവിൽ നിന്ന് മകന് ചില സമ്പാദ്യങ്ങൾ നേരത്തെ ലഭിക്കണമെന്നൊരാഗ്രഹം. അവരത് ഭർത്താവിനോട് പറഞ്ഞുകൊണ്ടിരുന്നു. അങ്ങനെ പിതാവായ ബശീർ(റ) നുഅ്മാൻ(റ)വെന്ന തന്റെ രണ്ടാം ഭാര്യയിലെ മകന് പരിചാരകനായി അടിമയെ നൽകി. താൻ ആവശ്യപ്പെട്ടാണ് നൽകിയതെങ്കിലും തിരുനബി(സ്വ)യെ ഈ വിഷയത്തിൽ സാക്ഷിയാക്കണമെന്നും അംറത്ത്(റ) നിർബന്ധം പിടിച്ചു. അവർ ഭർത്താവിനോട് പറഞ്ഞു: താങ്കൾ ദാനമായാണ് ഇത് നൽകിയതെന്നതിന് നബി(സ്വ)യെ സാക്ഷിയാക്കിയെങ്കിലേ എനിക്ക് തൃപ്തിയാകൂ. അങ്ങനെയാണ് ബശീർ(റ) മകനെയും കൂട്ടി തിരുസവിധത്തിലെത്തിയത്.
ഞാൻ നുഅ്മാന് നൽകിയതിൽ അങ്ങയെ സാക്ഷിയാക്കണമെന്ന് ഭാര്യ എന്നോടാവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങൾ വന്നിട്ടുള്ളതെന്ന് പറയുകയുമുണ്ടായി. നബി(സ്വ) അത് അംഗീകരിച്ചില്ലെന്ന് മാത്രമല്ല, ഗൗരവ പൂർവം ഉണർത്തിയതിങ്ങനെ: നിങ്ങൾ അല്ലാഹുവിന് തഖ്‌വ ചെയ്ത് ജീവിച്ചോളണം. സന്താനങ്ങളുടെ കാര്യത്തിൽ നിങ്ങൾ നീതി പുലർത്തണം (ബുഖാരി). വിഷയത്തിന്റെ ഗൗരവം ഗ്രഹിച്ച ബശീർ(റ) മകന് നൽകിയത് തിരിച്ച് വാങ്ങി.
ജീവിത കാലത്ത് എല്ലാവർക്കും സ്വന്തം സ്വത്തിൽ കൈകാര്യാവകാശമുണ്ട്. അപൂർവം ഘട്ടങ്ങളിൽ മാത്രമേ ഭരണാധികാരിയോ രക്ഷാകർത്താവോ മേലധികാരം പ്രയോഗിച്ച്, സാമ്പത്തിക വിനിയോഗത്തിന് നിയന്ത്രണമോ നിരോധനമോ ഏർപ്പെടാൻ മതത്തിൽ അനുമതിയുള്ളൂ. സന്താനങ്ങൾക്കിടയിലും സഹോദരങ്ങൾക്കിടയിലും അസ്വാരസ്യവും അസ്വസ്ഥതയുമുണ്ടാകാൻ കാരണമാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കേണ്ടതത്യാവശ്യമാണ്. ആർക്കെങ്കിലും അവകാശം നിഷേധിക്കലോ വിഹിതത്തിൽ കുറവ് വരുത്തലോ ഉദ്ദേശിച്ചുകൊണ്ട് വസ്വിയ്യത്ത് ചെയ്യുന്നത് വലിയ അപരാധമാണ്. തന്റെ അനന്തരാവകാശികളായി വരുന്നവർ ആരൊക്കെയെന്ന് കണക്ക് കൂട്ടി ചിലർക്ക് വിഹിതം ലഭിക്കാതിരിക്കാൻ ജീവിത കാലത്ത് ചിലർ കുതന്ത്രങ്ങൾ പ്രയോഗിക്കാറുണ്ട്. ഉടമയുടെ മരണാനന്തരം അവകാശികളിൽ പെട്ട കൈകാര്യകർത്താക്കൾ മറ്റവകാശികൾക്ക് ലഭിക്കേണ്ട സ്വത്തുക്കൾ നൽകാൻ കൂട്ടാക്കാതിരിക്കുകയും അതിന് ന്യായം ചമക്കുകയും ചെയ്യാറുണ്ട്. അനന്തര സ്വത്തുമായി ബന്ധപ്പെട്ട് ഇത്തരം ധാരാളം കേസുകൾ സമൂഹത്തിൽ ഉയരാറുണ്ടല്ലോ. ഇതൊന്നും വിശ്വാസികൾക്ക് ചേർന്നതല്ല. അല്ലാഹുവിനെയും റസൂൽ(സ്വ)യെയും ശരീഅത്തിനെയും തോൽപിക്കാനല്ലല്ലോ വിശ്വാസി പരിശ്രമിക്കേണ്ടത്.
ഉപരി സംഭവത്തിൽ ബശീർ(റ) ആരെയെങ്കിലും തഴയണമെന്ന് കരുതിയിരുന്നില്ല. മറിച്ച് തന്റെ മകന് നൽകണമെന്ന് ഭാര്യ ആവശ്യപ്പെട്ടപ്പോൾ ചെയ്തുവെന്ന് മാത്രം. തന്റേടിയായ ആ വനിത നബി(സ്വ)യെ തന്നെ സാക്ഷിയാക്കണമെന്നാവശ്യപ്പെട്ടതിലൂടെ വിഷയത്തിന്റെ ഗൗരവം സമുദായത്തിന് നന്നായി ഗ്രഹിക്കാനുമായി. തഖ്‌വ ചെയ്യണമെന്നും നീതി പ്രവർത്തിക്കണമെന്നും പ്രവാചകർ(സ്വ) ഉണർത്തിയത് എല്ലാ വിശ്വാസികളെയുമാണ്. മക്കൾക്കിടയിൽ വ്യത്യാസം കാണിക്കുന്നുവെന്ന് തോന്നുന്ന കാര്യങ്ങൾ വരെ വിശ്വാസിയുടെ അടിസ്ഥാന ബാധ്യതയായ തഖ്‌വക്കും ഇസ്‌ലാമിലെ സുപ്രധാന മൂല്യമായ നീതിനിഷ്ഠക്കും എതിരാണെന്നർഥം.
ഇതുപോലെ സമീപനങ്ങളിലും ദാനങ്ങളിലും പ്രകടമാകുന്ന വ്യത്യാസപ്പെടുത്തലും അവഗണന/ പരിഗണനകളും സന്തോഷം കെട്ടുപോകാൻ കാരണമായിത്തീരും. പലപ്പോഴും ലഭിക്കാത്തതിലായിരിക്കില്ല, തന്നെ അവഗണിച്ചല്ലോ എന്നതിലായിരിക്കും പരാതിയും പരിഭവവും. അത് ആധിയായി മാറി മാതാപിതാക്കളോട് ഗുണപരമായി വർത്തിക്കുന്നതിൽ നിന്നു വരെ പിന്തിരിപ്പിച്ചേക്കും.
ജീവിത സൗകര്യങ്ങളിലും വിദ്യാഭ്യാസം ചികിത്സ തുടങ്ങിയ കാര്യങ്ങളിലും വ്യത്യാസപ്പെടുത്തലുകളും അവഗണനകളും അടിസ്ഥാനപരമായി അനുവദനീയമാകില്ല. ഐഹികവും പാരത്രികവുമായ സന്തോഷ വിജയങ്ങളും സുഖൈശ്വര്യങ്ങളും എല്ലാ മക്കളുടെ കാര്യത്തിലും നീതി പൂർവകമാകണമെന്ന നിർബന്ധബുദ്ധി മാതാപിതാക്കൾക്കുണ്ടാകണം. മക്കൾക്കിടയിൽ മന:പൂർവമുള്ള പക്ഷഭേദം ഇസ്‌ലാം അംഗീകരിക്കാത്ത കാര്യമാണ്.

അലവിക്കുട്ടി ഫൈസി എടക്കര

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ