സത്യസന്ധമായ വിശ്വാസത്തോടൊപ്പം സൽകർമങ്ങളും സദ്വിചാരങ്ങളും സാമൂഹികമായ കടപ്പാടുകളും ഉൾച്ചേർന്നതാണ് ഇസ്‌ലാം മുന്നോട്ടുവെച്ച ജീവിതപദ്ധതി. സൃഷ്ടിച്ചു പരിപാലിക്കുന്ന അല്ലാഹുവിനെ അനുസരിക്കുകയും പരമമായ വണക്കവും കീഴ്‌പ്പെടലും അവനു മാത്രമായി അംഗീകരിക്കുകയും ചെയ്യുമ്പോൾ തന്നെ അടിസ്ഥാനപരമായ ഈ ആശയത്തിന് വിരുദ്ധമല്ലാത്ത വിധം ഭരണാധികാരികളെ അംഗീകരിക്കുന്നതും പൊതുനന്മയും ഗുണങ്ങളും മുൻനിർത്തിയുള്ള വ്യവസ്ഥകളോട് പൊരുത്തപ്പെട്ട് നിൽക്കുന്നതുമാണ് ഇസ്‌ലാം മുന്നോട്ടുവെച്ചിട്ടുള്ള സാമൂഹിക നിലപാട്.

നിസ്‌കാരം, നോമ്പ് തുടങ്ങിയ സുകൃതങ്ങൾ ബാഹ്യമായിത്തന്നെ അല്ലാഹുവിന് സമർപ്പിക്കുന്ന ആരാധനകളാണെന്നതു പോലെ അതിഥികളെ സൽകരിക്കുന്നതും വിശക്കുന്നവന് ഭക്ഷണം കൊടുക്കുന്നതും രോഗികളെ പരിചരിക്കുന്നതും വേദനിക്കുന്നവനെ ആശ്വസിപ്പിക്കുന്നതുമെല്ലാം റബ്ബിന് ചെയ്യുന്ന ആരാധനകൾ തന്നെയാണ്. ഇസ്‌ലാം മുന്നോട്ടുവെച്ച ആരാധനാ കർമങ്ങൾക്ക് വിശാലമായ താൽപര്യങ്ങൾ തന്നെ ഉണ്ടെന്നർഥം.
വ്യക്തികളോടുള്ള കടപ്പാടുകൾ നിർവഹിക്കുന്നതിനെ കുറിച്ചാണ് നാം പറഞ്ഞത്. എന്നാൽ വ്യക്തികൾ അടങ്ങിയ സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും പൊതുവായ നന്മക്കായി നിലകൊള്ളുന്നതും രാഷ്ട്രീയവും ഭരണപരവുമായ വ്യവസ്ഥിതികളോട് സഹകരിക്കുന്നതും ഇതിനെ ശക്തിപ്പെടുത്തുന്ന ഭരണക്രമങ്ങളെ അസ്ഥിരപ്പെടുത്താതിരിക്കുന്നതുമാണ് മതപരമായ നിലപാട്.

മതം പ്രാക്ടീസ് ചെയ്യണമെങ്കിൽ ഇസ്‌ലാമിക രാഷ്ട്രം കൂടിയേതീരൂ എന്നത് മതപരമായി സാധൂകരിക്കപ്പെടുന്ന ആശയമല്ല. തീവ്രമായ നിലപാടുമായി വന്ന ചിലരാണ് ഇത്തരമൊരു ആശയം മുന്നോട്ടു വെച്ചത്. ജമാഅത്തെ ഇസ്‌ലാമി ഈ ചിന്താധാരക്ക് അഗ്‌നി പകർന്നു. അതുവഴി ഇസ്‌ലാമിന്റെ സൗന്ദര്യത്തെയാണ് അവർ ഊതിക്കെടുത്തിയത്. മുസ്‌ലിമിന്റെ ജീവിതദൗത്യവും ലക്ഷ്യവും രാഷ്ട്രനിർമാണമാണെന്ന് തന്നെ അവർ സിദ്ധാന്തിച്ചു; ഭരണം സ്ഥാപിക്കലും അതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളും മുസ്‌ലിമിന്റെ ഒഴിച്ചുകൂടാനാവാത്ത ബാധ്യതയാണെന്നും. സ്ഥാപക നേതാവ് അബുൽ അഅ്‌ലാ മൗദൂദിയുടെ തീവ്രമായ ഈ നിലപാടിലൂന്നിയുള്ള പ്രവർത്തനങ്ങൾ മുസ്‌ലിം ഇന്ത്യയിൽ ചെറിയൊരു ന്യൂനപക്ഷത്തെയെങ്കിലും തീവ്രാശയത്തിലേക്ക് വഴിതിരിച്ചുവിട്ടു.
വാങ്ക് കാഹളം മുഴക്കലും പള്ളി സൈനികത്താവളവും ജമാഅത്തായുള്ള നിസ്‌കാരം സൈനിക പരിശീലനവുമായി ചിത്രീകരിച്ച മൗദൂദിയൻ ആശയങ്ങൾ ഇസ്‌ലാമിക സമൂഹത്തിന് വരുത്തിവെച്ച വിന ചെറുതല്ല. ആരാധനാ സ്വത്വങ്ങളെ പൂർണമായും രാഷ്ട്രസങ്കൽപങ്ങളായി കാണുന്ന ആശയധാരകൾ ഖുർആനോ തിരുചര്യയോ പഠിപ്പിക്കുന്നുമില്ല.
മൗദൂദി പറയുന്നു: ‘ഇതേ ക്രമത്തിൽ നമസ്‌കാരത്തിലും ദിനംപ്രതി അഞ്ചു പ്രാവശ്യം ദൈവിക കാഹള ശബ്ദം മുഴക്കുന്നത് (വാങ്ക് കൊടുക്കുന്നത്) അല്ലാഹുവിന്റെ സൈന്യം ആ ശബ്ദം കേൾക്കുന്ന മാത്രയിൽ നാനാഭാഗങ്ങളിൽ നിന്നും ജാഗരൂകരായി ഓടിയെത്തി ഞങ്ങൾ അല്ലാഹുവിന്റെ ആജ്ഞകൾ കൃത്യമായി നിർവഹിക്കുവാൻ സന്നദ്ധരാണെന്നു തെളിയിക്കുവാൻ വേണ്ടിയാകുന്നു… അതിനാൽ ദിനംപ്രതി അഞ്ചു പ്രാവശ്യം മാത്രം ദൈവിക കാഹളാരവം കേട്ട് ഓടിവരികയും ദൈവിക താവളത്തിൽ (പള്ളിയിൽ) ഒരുമിച്ചുകൂടുകയും ചെയ്യുമെന്ന് കൽപിച്ചതുതന്നെ അല്ലാഹു അവർക്ക് ചെയ്ത ഒരു വലിയ ഇളവാണ്… പിന്നെ നിങ്ങൾ അണിയണിയായി നിൽക്കുമ്പോൾ ഒരു സേനാ വിഭാഗം തങ്ങളുടെ രാജാവിന്റെ സന്നിധിയിൽ സേവന സന്നദ്ധരായി നിൽക്കുകയാണെന്ന് തോന്നിപ്പോകും’ (ഖുതുബാത്).
മതരാഷ്ട്ര നിർമാണമാണ് മുസ്‌ലിന്റെ കടമയെന്ന് സ്ഥാപിക്കുന്നതിന് വേണ്ടി ഇസ്‌ലാമിക ആചാരാനുഷ്ഠാനങ്ങളെ സൈനിക പരിശീലനമായി അവതരിപ്പിച്ച മൗദൂദിയുടെ ഈ ആശയത്തിൽ നിന്നാണ് തീവ്രചിന്താഗതിക്കാർ പ്രചോദനമുൾക്കൊണ്ടതെന്നതാണ് വസ്തുത. ഇസ്‌ലാമിന്റെ പേരിൽ പ്രവർത്തിച്ചുകൊണ്ട് തീവ്രാശയങ്ങൾ അവതരിപ്പിക്കുകയും ആ വഴിയിൽ സംഘടിക്കുകയും ചെയ്യുന്ന ചെറുസംഘങ്ങൾ ഇവിടെയുണ്ട്. ഇത്തരം സംഘങ്ങളുടെ വേരുകൾ ജമാഅത്തിലേക്ക് ചെന്നെത്തുന്നതായി കാണാം. നാൽപതുകളിൽ ജമാഅത്തെ ഇസ്‌ലാമി അവതരിപ്പിച്ചു നടപ്പിലാക്കാതെപോയ തീവ്രാശയങ്ങളെ ഏറ്റുപിടിക്കാനാണ് ചില സംഘങ്ങൾ ശ്രമിക്കുന്നതെന്ന് മനസ്സിലാക്കാനാവും. ഇസ്‌ലാമിന് രാഷ്ട്രീയമുണ്ടെന്നും അത് നടപ്പിലാക്കുകയാണ് തങ്ങളുടെ ദൗത്യമെന്നുമാണ് ഇവരുടെ ന്യായങ്ങൾ. വാസ്തവത്തിൽ സമഗ്രമായ ഇസ്‌ലാമിനെ നിക്ഷിപ്ത താൽപര്യങ്ങളിലേക്ക് ചുരുക്കികെട്ടുകയാണ് ഇവർ ചെയ്തത്.

ഇസ്‌ലാമിന് വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകളുണ്ട്. മനുഷ്യന്റെ ജീവനും സ്വത്തിനും അഭിമാനത്തിനും സംരക്ഷണം നൽകുന്നതും അതോടൊപ്പം രാഷ്ട്രത്തിന്റെയും പൗരന്മാരുടെയും അഭിവൃദ്ധി കൈവരിക്കുന്നതിനാവശ്യമായ നിർദേശങ്ങൾ ഉൾകൊള്ളുന്നതുമായ രാഷ്ട്രീയം ഇസ്‌ലാമിനുണ്ട്. അഗതിക്കും അനാഥനും സനാഥത്വം നൽകാൻ കൽപിക്കുകയും ദാരിദ്ര്യ നിർമാർജനത്തിനാവശ്യമായ നിയമങ്ങളും സമ്പന്നർ നിർവഹിക്കേണ്ട സാമൂഹിക ബാധ്യതകൾ തൊട്ടുണർത്തുകയും ചെയ്യുന്ന കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കുന്നതുമാണ് ഇസ്‌ലാമിന്റെ രാഷ്ട്രീയം.
സുന്ദരമായ ഈ പദ്ധതി നടപ്പിലാകാൻ മുസ്‌ലിം വിശ്വാസപരമായും വിചാരപരമായും സംസ്‌കരിക്കപ്പെടുകയാണ് വേണ്ടത്. അഥവാ യഥാർഥ മതജീവിതം നയിക്കുക തന്നെ. അതാണ് ഇസ്‌ലാമിന്റെ ചരിത്രവും. അതല്ലാതെ രാഷ്ട്രനിർമാണത്തിനായി വാദിക്കുകയും പ്രവർത്തിക്കുകയുമല്ല. മതജീവിതത്തിന് ഇസ്‌ലാമിക രാഷ്ട്രം അനിവാര്യമാണെന്ന് പ്രമാണങ്ങൾ പറയുന്നുമില്ല. മതരാഷ്ട്ര നിർമാണമാണ് മുസ്‌ലിം ജീവിത ലക്ഷ്യമെന്നും പഠിപ്പിക്കുന്നില്ല. പ്രത്യുത, ഏത് പരിതസ്ഥിതിയിലും സാധ്യമാകും വിധം ഇസ്‌ലാമിക മൂല്യങ്ങൾ ഉൾക്കൊണ്ടാകണം ജീവിക്കുന്നതെന്ന കൽപനകളാണുള്ളത്. ‘ഭൂമിയിൽ നാം സൗകര്യം നൽകിയാൽ നിസ്‌കാരം നിർവഹിക്കുകയും സകാത്ത് നൽകുകയും നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നവരാണവർ’ (അൽഹജ്ജ് 41). ഈ ജീവിതം കണ്ടും അനുഭവിച്ചുമാണ് ജനം ഇസ്‌ലാമിലേക്ക് ഒഴുകിയെത്തിയത്. ഒരു ഭൂപ്രദേശത്തുള്ള എല്ലാതരം മനുഷ്യരെയും ആദ്യം മതം മാറ്റുകയല്ലല്ലോ ചരിത്രത്തിൽ ഇസ്‌ലാം നിർവഹിച്ച ദൗത്യം. മറിച്ച് എല്ലാവർക്കും ഇസ്‌ലാമിനെ അറിയാനുള്ള സാഹചര്യമൊരുക്കുകയായിരുന്നു.
തിരുനബി(സ്വ) മദീനയിലെത്തിയപ്പോൾ അവിടത്തെ ജൂതന്മാരുമായുണ്ടാക്കിയ കരാർ ഇസ്‌ലാം എല്ലാവരെയും രാജ്യത്തിന്റെ ഭാഗമായി അംഗീകരിക്കുകയും പരിഗണിക്കുകയും ചെയ്യുന്നുവെന്നതിന്റെ തെളിവാണ്. രാഷ്ട്ര ശത്രുവിനെതിരെ ഒന്നിച്ചുനിൽക്കാനുള്ള സന്ദേശം കൂടിയായിരുന്നു ഈ കരാർ.

അക്രമിച്ച് കീഴടക്കുന്നത് ഇസ്‌ലാമിന്റെ ശൈലിയല്ല. തങ്ങളെ ക്രൂരമായി മർദിച്ചവരിലേക്കാണ് കൂടുതൽ ശക്തിയോടെ നബിയും അനുയായികളുമെത്തുന്നത്. ഊരുവിലക്കി പട്ടിണിക്കിട്ട ഗോത്രപ്രഭുക്കന്മാരവിടെ വിറച്ച് നിൽപ്പുണ്ടായിരുന്നു. ഉഹുദിൽ പ്രവാചകരുടെ മുൻപല്ല് പൊട്ടിച്ചവരും അന്നു മക്കയിലുണ്ട്. പ്രതികാരം ചെയ്യാൻ മുഹമ്മദ് നബി(സ്വ)ക്കും സ്വഹാബത്തിനും കൈവന്ന സുവർണാവസരമായിരുന്നു അത്. പക്ഷേ തിരുനബി(സ്വ) പറഞ്ഞ വാക്കുകൾ ലോകം ഇന്നുവരെ ദർശിച്ചിട്ടില്ലാത്ത മാനുഷിക വിമോചനത്തിന്റെയും കാരുണ്യത്തിന്റെയും വചനങ്ങളായിരുന്നു- ‘നിങ്ങൾ സ്വതന്ത്രരാണ്.’ എത്ര സുന്ദരമായ സമീപനം! ഇങ്ങനെയാണ് ജനമനസ്സുകളെ മതം കീഴടക്കിയത്. അല്ലാതെ നിർബന്ധിച്ച് മതം മാറ്റുകയായിരുന്നില്ല. സത്യവിശ്വാസത്തെ ഉള്ളറിഞ്ഞ് സ്വമേധയാ ഏറ്റടുക്കുകയാണ് വേണ്ടതെന്നതുതന്നെ കാരണം. ‘ദീനിൽ ബലാൽക്കാരമില്ല’ (അൽബഖറ). ഖുർആൻ ചോദിക്കുന്നത് കാണാം: ‘നിങ്ങളുടെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നുവെങ്കിൽ ഭൂമുഖത്തുള്ള വരഖിലവും സത്യവിശ്വാസികളാകുമായിരുന്നു. എന്നിരിക്കെ ജനങ്ങളെ വിശ്വാസികളാകാൻ നിങ്ങൾ നിർബഡിക്കുകയാണോ?’ (യൂനുസ് 99).

ലോകം മുഴുക്കെ പ്രശംസിച്ചിട്ടുള്ള ഇസ്‌ലാമിന്റെ ഈ സന്ദേശങ്ങൾക്കും രാഷ്ട്രീയ കാഴ്ചപ്പാടുകൾക്കും വിരുദ്ധമായി ഒറ്റപ്പെട്ട കോണുകളിൽ നിന്ന് പ്രചരിപ്പിക്കുന്ന ആശയങ്ങൾ സത്യമതത്തിന്റെ അന്തസത്ത ഉൾകൊള്ളുന്നതല്ല. രാഷ്ട്രീയ ഇസ്‌ലാമിന്റെ കുതന്ത്രങ്ങളാണ് അതൊക്കെയും. അത്യന്തം അപകടകരമാണത്.
വിശുദ്ധ മതത്തെ രാഷ്ട്രീയ താൽപര്യങ്ങൾക്കു വേണ്ടി ദുരുപയോഗം ചെയ്യുകയാണവർ. ഹിന്ദു അപകടത്തിലാണെന്നും അവരുടെ അവകാശങ്ങൾ മറ്റുള്ളവർ കവർന്നെടുക്കുകയാണെന്നും പ്രചരിപ്പിക്കുന്ന ഹിന്ദുത്വവാദികൾക്ക് രാഷ്ട്രീയ അജണ്ടയുള്ളതു പോലെ നിസ്സാര പ്രശ്‌നങ്ങളിൽ പോലും ഭീതി പരത്തി സമുദായത്തെ മുൾമുനയിൽ നിർത്തി രാഷ്ട്രീയ താൽപര്യങ്ങൾ നേടാമെന്ന് കരുതുന്നവരും അപകടകാരികളാണെന്ന തിരിച്ചറിവ് അനിവാര്യമാണ്. അവശേഷിക്കുന്ന ഇസ്‌ലാമിക ഖിലാഫത്തിന്റെ നന്മകളെ അശേഷം നശിപ്പിച്ച് നിലവിലുള്ള ഭരണകൂടത്തെ വരുതിയിലാക്കി മുസ്‌ലിംകൾക്കെതിരെ പടനയിച്ച ഇബ്‌നു അബ്ദിൽ വഹാബ് ഉൾപ്പെടെയുള്ളവരാണ് തീവ്രവാദികളുടെ ഊർജസ്രോതസ്സെന്ന് വ്യക്തം.
ഇസ്‌ലാമോഫോബിയ സൃഷ്ടിക്കുക എന്ന പാശ്ചാത്യ താൽപര്യത്തെ നിർമിച്ചെടുക്കുകയായിരുന്നു ഇബ്‌നു അബ്ദിൽ വഹാബ്. അതുകൊണ്ടാണ് ഇസ്‌ലാമിക ഭരണസംസ്ഥാപനം എന്ന് പ്രഖ്യാപിച്ചപ്പോളും മതപൈതൃകങ്ങൾ തച്ചുടക്കാൻ അദ്ദേഹത്തിന് മനസ്താപമില്ലാതിരുന്നത്. പൈതൃകത്തിൽ നിന്ന് മുസ്‌ലിംകൾ ഉൾക്കൊള്ളുന്ന ആത്മവീര്യം തകർക്കുകയെന്നതും സാമ്രാജ്യത്വ ശക്തികളുടെ താൽപര്യമായിരുന്നു. ഇബ്‌നു അബ്ദിൽ വഹാബും അദ്ദേഹത്തിന്റെ ചിന്ത പിന്തുടരുന്ന സലഫികളും നടപ്പിലാക്കിയതും ഇതുതന്നെ.
ഇബ്‌നു അബ്ദിൽ വഹാബ്, മൗദൂദി, അലി ശരീഅത്തി തുടങ്ങിയവർ ഉയർത്തിവിട്ട അപകട ചിന്തകളും മതരാഷ്ട്രവാദവും അതേറ്റു പാടുന്ന അഭിനവ നവോത്ഥാന നാട്യക്കാരും വർഗീയവാദികൾക്ക് ഉശിര് പകരുകയാണ് ചെയ്യുന്നത്. അകത്തും പുറത്തും ഭീതി പെരുപ്പിച്ച് മതങ്ങളെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് ദുരുപയോഗം ചെയ്യുന്നവർ നാണയത്തിന്റെ ഇരു പുറങ്ങളല്ല, ഒരേ വശങ്ങൾ തന്നെയാണ്. അവർക്കുള്ളത് സമുദായ സ്‌നേഹത്തിനപ്പുറം രാഷ്ട്രീയ അജണ്ടകളാണെന്ന തിരിച്ചറിവും ജാഗ്രതയും അനിവാര്യം.

 

അബ്ദുറശീദ് സഖാഫി കുറ്റ്യാടി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ