തിരുനബി(സ്വ) പറഞ്ഞു: മദ്യം ദുർവൃത്തികളുടെ മാതാവാണ്. മഹാപാപങ്ങളിൽ പെട്ടതുമാണ്. അതാരെങ്കിലും പാനം ചെയ്താൽ തന്റെ മാതാവിന്റെ മേലും മാതൃപിതൃ സഹോദരിമാരുടെ മേലും അവൻ ലൈംഗിക കൃത്യം നടത്തിയേക്കും (ത്വബ്‌റാനി).
ലഹരി തീർക്കുന്ന ദുരന്തങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ ആർക്കും പറ്റാത്തവിധം കാര്യങ്ങളെത്തി നിൽക്കുന്ന ഭയാനക സാഹചര്യമാണിന്നുള്ളത്. അതുകൊണ്ട് തന്നെ സർക്കാരും സന്നദ്ധ സംഘടനകളും ഒരു ധർമയുദ്ധത്തിന്റെ കാഹളം മുഴക്കി രംഗത്തുവന്നിരിക്കുന്നു. വിശുദ്ധ ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ജീവിത വ്യവസ്ഥയിൽ സാർവത്രികമായ അച്ചടക്കത്തിന് വേണ്ട നിർദേശങ്ങളും നിരോധനങ്ങളുമുണ്ട്. ലഹരിയുടെ വിഷയത്തിൽ ഇസ്‌ലാമിന്റെ നിലപാട് കൃത്യവും വ്യക്തവുമാണ്.
മനുഷ്യന് അപായകരമായതൊന്നും ഇസ്‌ലാം അനുവദിക്കുന്നില്ല. മദ്യം അതിൽ പ്രധാനമാണ്. അതിന്റെ ദൂഷ്യഫലങ്ങൾ ആധുനിക ശാസ്ത്രവും അനുഭവപാഠങ്ങളും ബോധ്യപ്പെടുത്തുന്നുണ്ട്.
മദ്യവും മറ്റു ലഹരികളും പ്രഥമമായി ബാധിക്കുന്നത് ബുദ്ധിയെയാണ്. മതം, ബുദ്ധി, കുടുംബം, സമ്പത്ത്, ശരീരം, അഭിമാനം തുടങ്ങി മനുഷ്യന്റെ അടിസ്ഥാന കാര്യങ്ങളെയാണ് ലഹരികൾ കടന്നാക്രമിക്കുന്നത്. തിരിച്ചറിവ് നഷ്ടപ്പെടുമ്പോൾ ഏത് അനർത്ഥവും സംഭവിക്കും.
ലഹരിയിൽ കാട്ടിക്കൂട്ടുന്നതെന്തെന്ന് പറയാനാവില്ല. കാരണം മത്ത് പിടിച്ചവൻ പിശാചിന്റെ കൈയിലെ കളിപ്പാവയായി മാറുകയാണ്. ഈ ഹദീസിൽ നബി(സ്വ) അതാണ് അറിയിച്ചത്. മദ്യപാനിയിൽ തനിക്കുള്ള സ്വാധീനത്തെ കുറിച്ച് പിശാച് തന്നെ പറഞ്ഞിട്ടുണ്ട്: മനുഷ്യന് ലഹരി പിടിച്ചാൽ ഞാനവന്റെ മൂക്കുകയറിന് പിടിക്കും. എന്നിട്ട് ഞങ്ങളുദ്ദേശിച്ചിടത്തേക്കെല്ലാം അവനെ നയിക്കും. ഞങ്ങൾ ഇഷ്ടപ്പെടുന്നതെന്താണോ അതൊക്കെ അവൻ ചെയ്തുകൊള്ളും (ബൈഹഖി). അതിനാൽ മദ്യപാനം ഒരു ദുർവൃത്തി മാത്രമല്ല, അനേകം ദുർവൃത്തികളുൽപാദിപ്പിക്കുന്ന മഹാ ദുർവൃത്തിയാണ്.
മദ്യം കാരണം ആത്മീയതയും സംസ്‌കാരവും നശിക്കുന്നു. അടുത്തവർക്കിടയിൽ അകൽച്ചയും ഈർഷ്യതയും വളർത്തുന്നു. ആത്മീയനാശം ഭൗതിക ലോകത്ത് വെച്ചുതന്നെ നടന്നേക്കാം. സൽപ്രവൃത്തികൾ ചെയ്താൽ പോലും മദ്യത്തിന്റെ ലഹരിയിലും സാന്നിധ്യത്തിലുമായതിനാൽ അവ വിഫലമായിപ്പോകുന്നു.
മദ്യവുമായി ബന്ധപ്പെട്ട ഒരു മേഖലയോടും തൊഴിലിനോടും ഇസ്‌ലാം അനുഭാവം പുലർത്തുന്നില്ല. മദ്യത്തിന്റെ ഉൽപാദനം, വിതരണം, ഉപയോഗം തുടങ്ങിയ ഘട്ടങ്ങളിൽ പങ്കാളികളാവുന്ന പത്തു വിഭാഗക്കാർ ശപിക്കപ്പെട്ടവരാണെന്ന് റസൂൽ(സ്വ) പറഞ്ഞിട്ടുണ്ട്: ലഹരിയുടെ വിഷയത്തിൽ പത്ത് ശാപങ്ങളുണ്ട്. 1, മദ്യം തന്നെ. 2, പിഴിയുന്നവൻ. 3, പിഴിഞ്ഞെടുക്കുന്നതാർക്കാ ണോ അവൻ. 4, വിൽക്കുന്നവൻ. 5, വാങ്ങുന്നവൻ. 6, ചുമക്കുന്നവൻ. 7, ചുമന്നു കൊണ്ടുപോകുന്നത് ആർക്കുവേണ്ടിയാണോ അവൻ. 8, അതിന്റെ വില ഉപയോഗിക്കുന്നവൻ. 9, കുടിക്കുന്നവൻ. 10, കുടിപ്പിക്കുന്നവൻ (ഇബ്‌നു മാജ).
മനുഷ്യന്റെ സവിശേഷതയും മഹത്ത്വവും അവന്റെ വിശേഷ ബുദ്ധിയുമായി ബന്ധപ്പെട്ടതാണ്. അതിനാണ് മദ്യവും ലഹരിയും പരിക്കേൽപ്പിക്കുന്നത്. അതോടെ മനുഷ്യൻ മനുഷ്യനല്ലാതാവുകയാണ്. അതിനാൽ ഉപയോഗിക്കുന്നവനെ സഹായിക്കുകയെന്നാൽ അതൊരു മനുഷ്യനെ മനുഷ്യനല്ലാതാക്കുന്നതിനു സഹായിക്കലാണ്. എല്ലാ കാര്യങ്ങളെയും കാരണങ്ങളെയും കൃത്യമായി വിലയിരുത്തിയാണ് ഇസ്‌ലാം നിർദേശങ്ങൾ നൽകുന്നത്. ലഹരിയുടെ വിഷയത്തിൽ പ്രതിബദ്ധത കാണിക്കേണ്ടത് സർവ മനുഷ്യരോടുമാണ്. ആർക്കെങ്കിലും ലാഭമുണ്ടാക്കാനോ തൊഴിൽ നൽകാനോ മറ്റുള്ളവരെ ഇരകളാക്കുകയല്ല വേണ്ടത്.
മദ്യത്തിനെതിരെയുള്ള ഇസ്‌ലാമിന്റെ കണിശമായ നിലപാട് കേവലം മുന്നറിയിപ്പുകളിലും താക്കീതുകളിലും ഒതുങ്ങുന്നില്ല. കുടിക്കുന്നവന് ഇസ്‌ലാമിക ഭരണകൂടത്തിനു കീഴിൽ നിശ്ചിത ശിക്ഷയുമുണ്ട്. ഇസ്‌ലാമിക ശിക്ഷാനിയമത്തിൽ അത് വിശദീകരിച്ചതു കാണാം. പാരത്രിക ലോകത്ത് മദ്യപാനികൾ നരകാവകാശികളിൽ നിന്നും വമിക്കുന്ന ദുഷിച്ച ദ്രാവകം കുടിക്കുകയും മറ്റു ശിക്ഷകൾ ഏൽക്കേണ്ടിവരികയും ചെയ്യും.
മദ്യം സൃഷ്ടിക്കുന്ന ആരോഗ്യ-സാമൂഹിക പ്രത്യാഘാതങ്ങൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതും അനുഭവങ്ങളുടെ സാക്ഷ്യമുള്ളതുമാണ്. എന്നിട്ടും എന്തുകൊണ്ട് മദ്യപാനവും മദ്യവ്യവസായവും പുതിയ മാനങ്ങൾ തേടി വ്യാപനവും വികസനവും പുരോഗതിയും ആർജിച്ചുകൊണ്ടിരിക്കുന്നു? മദ്യവും സമാനമായ ദ്രാവക രൂപത്തിലുള്ള ലഹരിപദാർത്ഥങ്ങൾ പലതും വ്യത്യസ്ത പേരുകളിൽ സമൂഹത്തിൽ സ്വീകാര്യത നേടിയ മട്ടാണ്. മദ്യവ്യവസായം നിയമാനുസൃതമായി പരിഗണിക്കപ്പെടുന്നു. ലഹരിയെ മയക്കുമരുന്നിലൊതുക്കി മദ്യത്തിന് പൂർണാംഗീകാരം നൽകുന്നു. ഇതിന്റെ തിക്തഫലം അനുഭവിച്ചവരാണ് നാം കേരളീയർ. എന്നിട്ടും സർക്കാറും സ്വകാര്യ കമ്പനികളും മദ്യക്കമ്പോളം സമ്പന്നമാക്കുന്നു.
എല്ലാ ലഹരികളും ദുരന്ത കാരണങ്ങളായിക്കൊണ്ടിരിക്കുകയാണ്. ദുരിതക്കയത്തിൽ അകപ്പെടുന്നത് ഉപയോക്താക്കൾ മാത്രമല്ല. അവരുടെ ഭാര്യമാരും മക്കളും കുടുംബങ്ങളും അയൽവാസികളുമൊക്കെയാണ്. സമൂഹ മന:സാക്ഷിയെ ഞെട്ടിക്കുന്ന അരുംകൊലകളുടെയും കടുത്ത പീഡനങ്ങളുടെയും പട്ടിണിയുടെയും കാരണക്കാരനായി രംഗം വാഴുന്ന ലഹരിയെ തിരസ്‌കരിക്കാനുള്ള ആർജവം മനുഷ്യനോടുള്ള പ്രതിബദ്ധതയാണ്. പ്രകൃതിദത്തമോ നിർമിതമോ സിന്തറ്റിക്കോ വ്യാജനോ മാന്യനോ വിദേശിയോ സ്വദേശിയോ ഏതായാലും ലഹരി ദുരിതം തന്നെയാണെന്നതിന് തെളിവ് വേണ്ടതില്ല. അതിനാൽ ലഹരിയെന്ന വിഷത്തിനെതിരെ കടുത്ത നിലപാടുകളുണ്ടാകേണ്ടതുണ്ട്.
നിയമനിർമാണം, നിയമത്തിന്റെ പ്രയോഗം, ബോധവൽക്കരണം, നിരോധനം, ചികിത്സ, പുനരധിവാസം, നിരീക്ഷണം ഇങ്ങനെ ആവശ്യമായ എല്ലാം ചേർന്ന ഒരു പാക്കേജും കാമ്പയിനും പൊതുജന പങ്കാളിത്തം ഉറപ്പാക്കി നടത്തേണ്ടതനിവാര്യമാണ്. സർക്കാർ ഏജൻസികൾ ആചാരം പോലെ നടത്തുന്നതിന് പകരം ആത്മാർത്ഥവും പ്രായോഗികവുമായി പൊതു സമൂഹത്തിന്റെ പങ്കാളിത്തത്തോടെ നടപ്പാക്കണം. അങ്ങനെ ഒരു ലഹരിമുക്ത സമൂഹത്തെ നമുക്ക് രൂപപ്പെടുത്താനാവണം. ഇപ്പോൾ സംസ്ഥാന സർക്കാർ നടത്തിവരുന്ന ലഹരി വിരുദ്ധ കാമ്പയിൻ നല്ലൊരു തുടക്കമാവട്ടെ എന്ന് പ്രത്യാശിക്കുന്നു.

 

അലവിക്കുട്ടി ഫൈസി എടക്കര

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ