അരനൂറ്റാണ്ടിലേറെ കാലം ഒരിടത്ത് തന്നെ മദ്‌റസാധ്യാപനം നടത്തുകയെന്നത് കൗതുകകരമാണ്. അനുഭവങ്ങളുടെ, തിരിച്ചറിവുകളുടെ, നിർവൃതികളുടെ അനേകം കഥകളുണ്ടാകും ആ ജീവിതത്തിൽ. മദ്‌റസാ പ്രസ്ഥാനത്തിന്റെ വളർച്ചയുടെ ഓരോ ഘട്ടവും കൃത്യമായി നോക്കിക്കാണാനും അത്തരമൊരാൾക്ക് സാധിക്കും. അങ്ങനെയുള്ള ഒരപൂർവതയുടെ പേരാണ് ക്ലാരി ബാവ മുസ്‌ലിയാർ. പുതിയ അധ്യയന വർഷാരംഭത്തിൽ സുന്നിവോയ്‌സ് വായനക്കാർക്കു വേണ്ടി അദ്ദേഹം മനസ്സു തുറക്കുന്നു.

സ്വന്തം നാട്ടിൽ അമ്പതിലേറെ വർഷം മദ്‌റസാധ്യാപകനായി സേവനമനുഷ്ഠിച്ച് ഇപ്പോൾ വിശ്രമ ജീവിതം നയിക്കുകയാണല്ലോ. ഈ സമയത്ത് എന്താണ് ആ അധ്യാപന കാലത്തെ കുറിച്ച് പറയാനുള്ളത്?

മദ്‌റസാധ്യാപനമെന്നത് വലിയ പുണ്യമുള്ള കാര്യമാണല്ലോ. ഏതൊരു കുട്ടിയും അവന്റെ മതപരമായ കാര്യങ്ങൾ പഠിച്ചെടുക്കുന്നതും ഖുർആൻ ഓതാൻ പഠിക്കുന്നതുമെല്ലാം മദ്‌റസയിൽ നിന്നാണ്. അവർ ഖുർആനോതുന്നതിലും നിസ്‌കരിക്കുന്നതിലും മതപരമായ മറ്റ് കർമങ്ങൾ ചെയ്യുന്നതിലെല്ലാം അധ്യാപകൻ ഒരു കാരണക്കാരനാകുന്നു. അതുവഴി അല്ലാഹുവിൽ നിന്ന് വലിയ പ്രതിഫലം ലഭിക്കും. അതുകൊണ്ട് തന്നെ മദ്‌റസാധ്യാപനം എനിക്ക് ഏറ്റവും പ്രിയപ്പെട്ടതായിരുന്നു.

എന്ന് മുതലാണ് മദ്‌റസാധ്യാപന രംഗത്തേക്ക് വന്നത്. എന്തായിരുന്നു പ്രചോദനം?

മദ്‌റസാ സംവിധാനം വ്യാപിക്കുന്നതിന് മുമ്പ് ഓത്തുപള്ളികളായിരുന്നല്ലോ പ്രാഥമിക മതവിദ്യാഭ്യാസ കേന്ദ്രങ്ങൾ. ഉപ്പയും വല്യുമ്മയുമെല്ലാം ഓത്തുപള്ളി അധ്യാപകരായിരുന്നു. വീടിനടുത്ത് ഓട്ടുപാറപ്പുറത്ത് പള്ളിയുണ്ട്. പക്ഷേ അവിടെ ക്ലാസ് തുടങ്ങാൻ ആരുമില്ലാതായപ്പോഴാണ് അവിടെ മുക്രിയായിരുന്ന ഉപ്പ മൊയ്തീൻ കുട്ടി മൊല്ലയും അബ്ദുർഹ്‌മാൻ കുട്ടി മൊല്ലയും ഉസ്താദുമാരായി ഓത്തുപള്ളി തുടങ്ങിയത്. ഓട്ടുപാറപ്പുറം സ്‌കൂൾ കെട്ടിടത്തിലായിരുന്നു ഉപ്പയും അബ്ദുർഹ്‌മാൻ കുട്ടി മൊല്ലയും നേതൃത്വം നൽകിയ ഓത്തുപള്ളി പ്രവർത്തിച്ചിരുന്നത്. എന്റെ വല്യുമ്മ പാത്തുമ്മു എന്നവർ വീട്ടിൽ വെച്ചും ഓത്തുപള്ളി നടത്തിയിരുന്നു. അധ്യാപനത്തിന്റെ സ്വാദും സുഗന്ധവുമെല്ലാം അനുഭവിക്കാൻ അതൊരു നിമിത്തമായി. അങ്ങനെയിരിക്കുമ്പോഴാണ് ഉപ്പക്ക് പനി വരുന്നതും ഞാൻ പകരക്കാരനാകുന്നതും. ഞാൻ അധ്യാപന രംഗത്തേക്ക് വരുന്നത് അങ്ങനെയാണ്. അഞ്ച് രൂപയായിരുന്നു അന്നത്തെ ശമ്പളം.

ആദ്യ കാലത്തെ അധ്യാപന ഓർമകൾ?

ഓട്ടുപാറപ്പുറത്തെ ഓത്തുപള്ളിയിൽ ജോലി നോക്കുന്നതിനിടയിൽ അവിടെ നിന്ന് അമ്പതിലേറെ കുട്ടികൾ തൊട്ടപ്പുറത്തെ ചെട്ടിയാം കിണർ മദ്‌റസയിലേക്ക് പോവുകയുണ്ടായി. അപ്പോഴാണ് ഓട്ടുപാറപ്പുറത്തു തന്നെ മദ്‌റസ ആരംഭിച്ചാലോ എന്ന ആലോചനകൾ നടന്നത്. അങ്ങനെ മദ്‌റസ സ്ഥാപിതമായി. ഞാൻ അവിടെ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. മദ്‌റസക്ക് അംഗീകാരമില്ലാത്തതിനാൽ തുടക്കത്തിൽ ഓത്തുപള്ളി രൂപത്തിൽ തന്നെയായിരുന്നു പ്രവർത്തിച്ചിരുന്നത്. അതുകൊണ്ട് തൽകാലം തലക്കടത്തൂർ മദ്‌റസയിലേക്ക് ജോലി മാറി. അവിടെയാണ് എന്റെ ഔദ്യോഗിക മദ്‌റസാധ്യാപന ജീവിതം ആരംഭിക്കുന്നത്. ഒന്നോ രണ്ടോ വർഷം മാത്രമാണ് അവിടെ ജോലി ചെയ്തത്. പിന്നീട് ഇവിടെ മദ്‌റസയുടെ പണികളെല്ലാം പൂർത്തിയായി ചിട്ടപ്രകാരമായപ്പോൾ മർഹും കുണ്ടൂർ ഉസ്താദ് പറഞ്ഞു: ഇനി ഇവിടെ നിന്നോളൂ. അങ്ങനെ വീണ്ടും ഓട്ടുപാറപ്പുറം മദ്‌റസയിലെത്തി. അതോടെ ഇവിടെ നിന്ന് മുമ്പ് ചെട്ടിയാം കിണർ മദ്‌റസയിലേക്ക് പോയ വിദ്യാർഥികളെല്ലാം ഇങ്ങോട്ട് തന്നെ തിരിച്ചുവന്നു. അന്ന് എടരിക്കോട് കോയ കുഞ്ഞിക്കോയ തങ്ങളായിരുന്നു സ്വദ്ർ മുഅല്ലിം. അദ്ദേഹം സൈക്കിളിലാണ് മദ്‌റസയിലേക്ക് വന്നിരുന്നത്. അക്കാലത്ത് സൈക്കിൾ ഉപയോഗിക്കുകയെന്നത് വലിയ സംഭവമായിരുന്നു. ഇന്ന് വിലകൂടിയ ഒരു ബൈക്ക് ഉപയോഗിക്കുന്ന പ്രൗഢിയായിരുന്നു അന്നതിന്. കുറച്ച് കാലം മാത്രമേ തങ്ങൾ ഇവിടെ ഉണ്ടായിരുന്നുള്ളൂ. തങ്ങൾ പോയപ്പോൾ ഞാൻ സ്വദ്ർ മുഅല്ലിമായി നിയമിതനായി.
തുടക്കത്തിൽ നാലാം ക്ലാസ് വരെയാണ് മദ്‌റസയുണ്ടായിരുന്നത്. ഞാൻ വന്ന ശേഷം അഞ്ചാം ക്ലാസ് കൂടി തുടങ്ങി. ഇന്ന് ദർസിലൊക്കെ ഓതിപ്പഠിക്കുന്ന പത്ത് കിതാബ് ആയിരുന്നു അന്ന് അഞ്ചാം ക്ലാസിൽ പഠിപ്പിച്ചിരുന്നത്. ആറാം ക്ലാസിൽ നൂറുൽ അബ്‌സ്വാറും ഉണ്ടായിരുന്നു. 50 വർഷം തുടർന്ന മദ്‌റസാധ്യാപനത്തിന്റെ തുടക്കകാലം അങ്ങനെയൊക്കെയാണ്. ഇനി ഇവിടെ നിന്നോ എന്ന കുണ്ടൂർ ഉസ്താദിന്റെ വാക്കായിരുന്നു എന്റെ ഊർജം. അതുകൊണ്ട് തന്നെ അരനൂറ്റാണ്ട് കാലത്തെ അധ്യാപന കാലയളവിൽ ഒരിക്കൽ പോലും ഇവിടെ നിന്ന് മാറുന്നതിനെ കുറിച്ച് ചിന്തിക്കുകയോ അതിനുള്ള സാഹചര്യമുണ്ടാവുകയോ ചെയ്തിട്ടില്ല.

അധ്യാപന രീതിയെ കുറിച്ച് പറയാമോ?

അധ്യാപന രീതിയിലെ മാറ്റം കാര്യമായി വന്നത് പുതിയ സംവിധാനങ്ങളായി കമ്പ്യൂട്ടറും മൊബൈൽ ഫോണുമൊക്കെ വന്നപ്പോഴാണ്. ആദ്യകാലമൊക്കെ മതപഠനത്തിന് കൂടുതൽ പ്രാമുഖ്യം കൊടുക്കുന്ന രീതിയായിരുന്നു. അന്ന് കുട്ടികൾക്ക് കാര്യങ്ങൾ പറഞ്ഞ് കൊടുത്താൽ തന്നെ മതി. അവർ അത് ഉൾക്കൊള്ളുകയും പഠിക്കുകയും ചെയ്യുമായിരുന്നു. ഉസ്താദുമാർ എന്താണോ പറയുന്നത് അത് ഏറ്റെടുത്ത് പ്രവർത്തിക്കാൻ സന്നദ്ധരായ കുട്ടികളും രക്ഷിതാക്കളുമായിരുന്നു.
രാവിലെ ഏഴ് മണിക്ക് തുടങ്ങുന്ന മദ്‌റസ 9.30 വരെ തുടരും. ഞായറാഴ്ചകളിൽ കൂടുതൽ സമയം ക്ലാസുണ്ടാകും. അതിനാൽ നല്ലൊരു സമയം കുട്ടികളെ മദ്‌റസയിൽ ലഭിക്കും. പാഠഭാഗങ്ങളൊക്കെ വിശദമായി പഠിപ്പിക്കാൻ കഴിയും. ഞായറാഴ്ച ദിവസങ്ങളിൽ മദ്‌റസയും പരിസരവും വൃത്തിയാക്കുന്ന പാഠ്യേതര പ്രവർത്തനങ്ങളുമുണ്ടാകും. ഇത് കുട്ടികളിൽ ശുചിത്വബോധം വർധിപ്പിക്കുന്നു. കുട്ടികൾ വലിയ ആവേശത്തോടെയായിരുന്നു അതെല്ലാം നടത്തിയിരുന്നത്. ഇന്നതിനൊക്കെ സമയം കുറവാണല്ലോ. അപ്പോൾ അതിനനുസരിച്ച് മാറ്റങ്ങളും അനിവാര്യമായി വന്നു.
മനശ്ശാസ്ത്രപരമായ ക്ലാസുകളും സമീപനങ്ങളും അന്നുമുണ്ടായിരുന്നു. ഇന്നത്തെ അത്ര വിപുലമല്ലെന്ന് മാത്രം. ക്ലാസിൽ കുട്ടികൾക്ക് പഠനാവശ്യാർഥം വസ്തുക്കൾ കാണിച്ചു കൊടുക്കണമെങ്കിൽ നമ്മൾ ഉണ്ടാക്കി കൊണ്ടുപോകണം. ചാർട്ടുകളും മറ്റുമൊക്കെ. കുട്ടികളും അതുപോലെ ഉണ്ടാക്കുമായിരുന്നു. ഇന്നതെല്ലാം സ്‌ക്രീനിൽ കാണിക്കുകയാണല്ലോ.
പിന്നെ വുളൂഅ് ഉണ്ടാക്കുന്നതും നിസ്‌കാരവുമൊക്കെ പഠിപ്പിക്കാൻ കുട്ടികളെ തൊട്ടടുത്ത പള്ളിയിൽ കൊണ്ടുപോകും. അവിടെ നിന്ന് ഉസ്താദ് കാണിച്ചുകൊടുത്ത് കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കും. ചിലയിടങ്ങളിൽ ഇത്തരം കാര്യങ്ങളടക്കം ഇന്ന് സ്‌ക്രീനിലേക്ക് മാറിയിട്ടുണ്ട്. അതത്ര നല്ലതല്ല. നേരിട്ട് ചെയ്തുകാണിക്കുകയും കുട്ടികളെക്കൊണ്ട് പരിശീലിപ്പിക്കുകയും ചെയ്യുന്നതിന്റെ ഫലം അതിന് ലഭിക്കില്ലല്ലോ.

ജംഇയ്യത്തുൽ മുഅല്ലിമീന്റെ പ്രവർത്തനങ്ങൾ എങ്ങനെയായിരുന്നു?

തുടക്ക കാലത്ത് കോഴിച്ചെന റെയ്ഞ്ചായിരുന്നു. കുറ്റിപ്പാല, എടരിക്കോട്, ചെറുശ്ശോല, കരിങ്കപ്പാറ തുടങ്ങിയ പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് കോഴിച്ചെന റെയ്ഞ്ച്. റെയ്ഞ്ച് സെക്രട്ടറി ഞാനായിരുന്നു. യോഗത്തിന് ക്ഷണിക്കാൻ എല്ലായിടത്തും പോയി പറയണം. ഫോണൊന്നും അന്നില്ലല്ലോ. പിന്നീട് എടരിക്കോട് റെയ്ഞ്ച് രൂപംകൊണ്ടപ്പോൾ നമ്മുടെ മദ്‌റസയും അങ്ങോട്ടു മാറി. അവിടെയും സെക്രട്ടറി സ്ഥാനത്തായിരുന്നു.

അഞ്ച് പതിറ്റാണ്ടു കാലത്തെ അധ്യാപന ജീവിതത്തിൽ വാർത്തെടുത്ത ശിഷ്യഗണങ്ങൾ വലിയൊരു സംഘം തന്നെയുണ്ടാവുമല്ലോ. അവരുമായുള്ള ബന്ധങ്ങൾ എങ്ങനെയെന്ന് പറയാമോ?

അൽഹംദുലില്ലാഹ്, ശിഷ്യരൊക്കെ ഈ നാട്ടുകാർ തന്നെയാണല്ലോ. ബിരുദധാരികളും അല്ലാത്തവരുമായി 1500ലേറെ പേരുണ്ട്. എല്ലാവരും ഈ നാട്ടുകാരായതുകൊണ്ട് തന്നെ അവരുമായി എപ്പോഴും ബന്ധപ്പെടാൻ കഴിയുന്നുവെന്നത് വലിയ സന്തോഷമുള്ള സംഗതിയാണ്. പലരും ഇടക്ക് വരികയും സുഖവിവരങ്ങൾ അന്വേഷിക്കുകയും ചെയ്യാറുണ്ട്. എനിക്ക് അങ്ങോട്ട് പോകാൻ പ്രയാസമായതുകൊണ്ട് അവരൊക്കെ ഇവിടെ വന്ന് ദുആ നടത്തിത്തരും. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും അവർ കൂടെയുണ്ടായിട്ടുണ്ട്. ഈ വിശ്രമ കാലത്ത് അവരുടെ തുണയാണ് വലിയൊരാശ്വാസം. എല്ലാവർക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ- ആമീൻ.

ക്ലാരി ബാവ മുസ്‌ലിയാർ/
അനസ് മശ്ഹൂദി അസ്സഖാഫി ക്ലാരി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ