കേരളത്തിലെ മദ്‌റസാ സംവിധാനം ലോകത്തിനു തന്നെ മാതൃകയാണ്. അതിന് മഹിതമായ പാരമ്പര്യവും പൈതൃകവുമുണ്ട്. മുസ്ലിം ജനതയെ വിദ്യാഭ്യാസപരമായും ധാർമികമായും നവീകരിക്കുന്നതിൽ മദ്‌റസകൾ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. കേരളത്തിലെ മദ്‌റസാ സംവിധാനങ്ങൾക്ക് വ്യവസ്ഥാപിതമായ രൂപമുണ്ടാവുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലാണ്. അതുവരെ മതപഠനം പള്ളിദർസുകളും ഓത്തുപള്ളികളും കേന്ദ്രീകരിച്ചായിരുന്നു. പാഠ്യപദ്ധതികളെ കുറിച്ചും ബോധനരീതികളെ കുറിച്ചും കൃത്യമായ കാഴ്ചപ്പാടുണ്ടായിരുന്ന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയാണ് മദ്‌റസാ പ്രസ്ഥാനത്തിന് വ്യവസ്ഥാപിതമായ സംവിധാനങ്ങൾ ആവിഷ്‌കരിക്കുന്നത്. വാഴക്കാട്ടെ അദ്ദേഹത്തിന്റെ ദർസും സുപ്രസിദ്ധം. മദ്‌റസക്കും ദർസിനും കൃത്യമായ പാഠ്യപദ്ധതികൾ സംവിധാനിച്ചതും അദ്ദേഹം തന്നെ.
കേരളത്തിൽ നിലനിൽക്കുന്ന മതബോധത്തിന്റെ പ്രധാന കാരണം മദ്‌റസകൾ തന്നെയാണ്. വ്യവസ്ഥാപിതമായ മദ്‌റസാ സംവിധാനമൊരുക്കുന്നതിൽ കേരളേതര സംസ്ഥാനങ്ങൾ ഇന്നും ഏറെ പിറകിലാണ്. അതുകൊണ്ട് തന്നെ അവിടങ്ങളിലെ സമുദായാംഗങ്ങൾ മതവിദ്യാഭ്യാസ രംഗത്ത് വേണ്ടത്ര പ്രബുദ്ധത നേടിയിട്ടില്ല. എങ്കിലും ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്‌ലാമിക് എജ്യുക്കേഷൻ ബോർഡിന്റെ മേൽനോട്ടത്തിൽ രാജ്യത്തുടനീളം നടക്കുന്ന പ്രവർത്തനങ്ങൾ വലിയ പ്രതീക്ഷകളാണ് നൽകുന്നത്.
കുട്ടികളുടെ മതചിട്ടയിലും പഠന നിലവാരത്തിലും സ്വഭാവ രൂപീകരണത്തിലും പെരുമാറ്റത്തിലുമെല്ലാം പലരും ആകുലരാണ്. പറയുന്നത് അനുസരിക്കുന്നില്ല, പഠിക്കാൻ കൂട്ടാക്കുന്നില്ല, യഥാസമയം ഭക്ഷണം കഴിക്കുന്നില്ല, അനിയന്ത്രിതമായി സൗഹൃദവലയങ്ങൾ സൃഷ്ടിക്കുന്നു, ഏകാഗ്രത ലഭിക്കുന്നില്ല, സാങ്കേതികോപകരണങ്ങൾ ദുരുപയോഗം ചെയ്യുന്നു, മുഴുസമയവും കളിയിലും വിനോദത്തിലുമാണ്… തുടങ്ങി പലതരം പരാതികളാണ് നിരന്തരം ഉയരുന്നത്.
കുസൃതികളും കുറുമ്പുകളും കുട്ടികളുടെ കൂടപ്പിറപ്പാണ്. ചിലപ്പോൾ അനിയന്ത്രിതമാകുന്ന അവസ്ഥയിലേക്ക് അവരുടെ വികൃതികൾ വഴിമാറാറുമുണ്ട്. അത്തരം ഘട്ടങ്ങളിൽ പല തരത്തിലാണ് രക്ഷിതാക്കളും അധ്യാപകരും കുഞ്ഞുങ്ങളെ കൈകാര്യം ചെയ്യുക. കുട്ടികൾ നന്നാകണമെന്ന ഉദ്ദേശ്യത്തിലുള്ള ശാസനകളും നിയന്ത്രണങ്ങളും ചിലപ്പോഴെല്ലാം വിപരീത ഫലമുളവാക്കാറുണ്ട്. ശിക്ഷണത്തിന്റെ ഭാഗമായി കുട്ടികളെ തല്ലിച്ചതക്കുകയും പിച്ചുകയും വെറുക്കുകയും ചെയ്യുന്നവർ അധ്യാപകരിലും രക്ഷിതാക്കളിലുമുണ്ട് എന്നത് യാഥാർത്ഥ്യമാണ്.
അനുദിനം മാറിക്കൊണ്ടിരിക്കുന്ന നവകാലത്ത് മദ്‌റസാ വിദ്യാഭ്യാസ രംഗത്തും കാതലായ മാറ്റങ്ങളും പരിഷ്‌കരണങ്ങളും അനിവാര്യമാണ്. നവമാധ്യമങ്ങളോടും വിവര സാങ്കേതിക സംവിധാനങ്ങളോടും താദാത്മ്യം പ്രാപിക്കാൻ മദ്‌റസാ വിദ്യാർത്ഥികൾക്കും സാധിക്കണം. പരിമിതമായ മദ്‌റസാ സമയത്ത് കേൾക്കുന്ന പാഠഭാഗങ്ങളുടെ അധികവായനക്കും നല്ല ശീലങ്ങളുടെ പ്രായോഗികവൽക്കരണത്തിനും രക്ഷിതാക്കൾക്ക് കുട്ടികളുടെ പഠന നിലവാരമറിയുന്നതിനും അധ്യാപകരുമായി സംവദിക്കുന്നതിനും സാങ്കേതിക വിദ്യകൾ സഹായകമാണെന്നു പറയേണ്ടതില്ല. കുട്ടികളുടെ ചിന്ത, മനോഭാവം, കാഴ്ചപ്പാട്, ആശയവിനിമയ രീതി, സമീപനം എന്നിവയെല്ലാം കാലോചിതമാകണമെന്ന് ചുരുക്കം.
ബഹുമുഖ പ്രതിഭകളാണ് കുട്ടികൾ. അവരുടെ ബൗദ്ധിക നൈപുണികളും മറ്റു കഴിവുകളും വികസിക്കുന്നതിനനുയോജ്യമായ പഠനപ്രവർത്തനങ്ങൾ സംവിധാനിക്കുകയും സർഗശേഷി വികസിപ്പിക്കുകയും പ്രായോഗികമാക്കുകയും വേണം. കാരണം, മികച്ച ജീവിതം നയിക്കുന്നതിനാവശ്യമായ തീരുമാനങ്ങളെടുക്കുന്നതിനും ഫലവത്തായ ആശയവിനിമയത്തിനും സ്വയം കാര്യങ്ങൾ ചെയ്യുന്നതിനും സഹായിക്കുന്നത് ഇത്തരം ജീവിത യാഥാർത്ഥ്യങ്ങളെ നേരിടാൻ പ്രാപ്തമാക്കുന്ന അറിവും ശേഷികളുമാണ്. പഠനത്തിൽ മാത്രം കുട്ടികളെ തളച്ചിടുന്നതിനു പകരം സർഗവാസനകൾ പരിപോഷിപ്പിക്കുന്നതിന് പ്രാധാന്യം നൽകണം. പഠിതാവിന്റെ വ്യത്യസ്ത കഴിവുകളും നൈപുണികളും വികസിപ്പിക്കുന്ന വിധത്തിൽ ദീർഘ വീക്ഷണത്തോടെയുള്ളതാവണം പാഠ്യപദ്ധതി. പ്രവർത്തനാധിഷ്ഠിതവും ശിശുസൗഹൃദപരവുമായ ബോധനരീതിയാകണം നാം വിഭാവനം ചെയ്യുന്നത്.
അവ ഫലപ്രദമായി നടപ്പാക്കുന്നതിന് ഉസ്താദുമാരെയും രക്ഷിതാക്കളെയും പാകപ്പെടുത്തേണ്ടതുണ്ട്. പ്രയോഗിച്ച് പഴകിയ രീതികൾ പരിഷ്‌കരിക്കണം. അതിന് നിരന്തര പരിശീലനങ്ങളും വ്യവസ്ഥാപിതമായ വിലയിരുത്തലുകളും മൂല്യനിർണയവും കൂടിയേ തീരൂ.
ഓരോ കുട്ടിയുടെയും ബുദ്ധിയുടെ ഏതു ഏരിയകളാണ് വികസിക്കേണ്ടതെന്നതു സംബന്ധിച്ച് അധ്യാപകർക്ക് കൃത്യമായ ധാരണ വേണം. ചെറുപ്രായത്തിലെ അഭിരുചികളിൽ നിന്നും നിരീക്ഷണത്തിലൂടെ അവ മനസ്സിലാക്കാൻ അധ്യാപകർക്ക് സാധിക്കണം. അപ്പോഴാണ് മികച്ച ഗുരുക്കളുണ്ടാകുന്നത്.
വിദ്യാഭ്യാസ സംവിധാനത്തിൽ മുഖ്യ പങ്കുവഹിക്കുന്നവരാണ് അധ്യാപകർ. ഒരർത്ഥത്തിൽ ലോകത്തെ ഏറ്റവും മികച്ച കലാകാരന്മാരാണവർ. സ്വയം പ്രകാശിക്കുകയും മറ്റുള്ളവരിലേക്ക് പ്രകാശം പൊഴിക്കുകയും ചെയ്യുമ്പോഴാണ് അധ്യാപകരുടെ ദൗത്യം വിജയകരമാവുന്നത്. വിജ്ഞാന സമ്പാദനത്തിന്റെ മൗലിക ലക്ഷ്യം സ്വഭാവ രൂപീകരണം നടക്കലാണെന്നാണ് വിദ്യാഭ്യാസ വിചക്ഷണനും മുൻ രാഷ്ട്രപതിയുമായിരുന്ന ഡോ. എസ് രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടത്. സ്‌നേഹിച്ചും പ്രചോദിപ്പിച്ചും പ്രോത്സാഹിപ്പിച്ചും മാർഗദർശനം നടത്തിയും ദിശാബോധം നൽകിയും കുട്ടികളെ കൃത്യമായ ലക്ഷ്യങ്ങളിലേക്ക് വഴിനടത്താൻ സാധിക്കുമ്പോഴാണ് അധ്യാപന കല സാർത്ഥകമാവുക.
അനതിസാധാരണമായ പ്രതിഭാത്വം പ്രകടിപ്പിക്കുന്ന ഏതൊരാളുടെയും പിന്നിൽ ഒരു നല്ല ഗുരുവിന്റെ കയ്യൊപ്പുണ്ടാകും. അത് നീണ്ട വർഷങ്ങളിലെ പ്രയത്‌നമോ ഒരു നിമിഷത്തെ തലോടലോ ആവാം. പാഠപുസ്തകങ്ങൾക്കപ്പുറം തർബിയത്ത് മികച്ചതാവുകയാണ് വേണ്ടത്. ഗുരുവാണ് ഏറ്റവും വലിയ പുസ്തകം. ശിഷ്യരുടെ ഏറ്റവും പ്രധാന പാഠപുസ്തകമെന്നാണ് ഗുരുവിനെ മഹാത്മാഗാന്ധി വിശേഷിപ്പിച്ചത്. അധ്യാപകൻ ‘മുറബ്ബി’ എന്ന തലത്തിലേക്ക് മാറുകയും പഠിതാവ് ശിഷ്യനാവുകയും ചെയ്യുമ്പോഴാണ് അറിവിന്റെ പ്രസരണം അർത്ഥവത്താകുന്നത്. കാരണം അധ്യാപകൻ വഴികാണിച്ചുകൊടുക്കുന്നയാളെങ്കിൽ ‘മുറബ്ബി’ ലക്ഷ്യത്തിലേക്കെത്തിക്കുന്നയാളാണ്.
പഠനം ശരിയായി നടക്കുന്നതിന് ആഴത്തിലുള്ള ഗുരു-ശിഷ്യ ബന്ധം വേണം. വിവര ശേഖരണത്തിന് ആശയവിനിമയത്തിനും ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപകരിക്കുമെങ്കിലും ഗുരുമുഖത്ത് നിന്ന് പഠിക്കുമ്പോഴാണ് അറിവിന്റെ പൊരുളും ആഴവും മനസ്സിലാക്കാൻ സാധിക്കുക. കാരണം ഹൃദയങ്ങളിൽ നിന്നും ഹൃദയങ്ങളിലേക്കാണ് ഗുരുക്കന്മാർ വെളിച്ചം പകരുന്നത്. അത്തരത്തിലുള്ള അറിവിനേ അന്ധത അകറ്റാനും ആത്മജ്ഞാനത്തിന്റെ കലവറകൾ തുറക്കാനും സാധിക്കൂ. ആരാധനകൾക്ക് മാറ്റ് കൂടുന്നതും ഉടയതമ്പുരാനോടടുക്കുന്നതും അപ്പോഴാണ്.
ആത്മസംസ്‌കരണത്തിന് ഹേതുവാകാത്ത ആരാധനകൾ ബാഹ്യപ്രകടനം മാത്രമായാണ് ഗണിക്കപ്പെടുക. ആത്മജ്ഞാനം കരസ്ഥമാകണമെങ്കിൽ ശുദ്ധ ഉറവിടങ്ങളിൽ നിന്ന് അറിവു നേടണം. അതിനായിരുന്നു മഹാന്മാർ കഠിനവും സാഹസികത നിറഞ്ഞതുമായ നിരന്തര യാത്രകൾ നടത്തിയതും ഗുരുസന്നിധിയിൽ അനേകം നാളുകൾ കഴിച്ചുകൂട്ടിയതും. അറിവിന്റെ ലക്ഷ്യം മതനിയമങ്ങൾ സൂക്ഷിക്കലാണെന്ന് ജലാലുദ്ദീൻ റൂമി നിരീക്ഷിച്ചപ്പോൾ തിബ്‌രീസി പറഞ്ഞത് ഇങ്ങനെ: അറിവിന്റെ ലക്ഷ്യം അല്ലാഹുവിനെ അറിയലാണ്.
മന:ശാസ്ത്രപരവും ശിശുസൗഹൃദപരവുമായ സമീപനമാണ് അധ്യാപകരിൽ നിന്നുണ്ടാവേണ്ടത്. ലോകത്തെ മാതൃകാ അധ്യാപകനായി നിയോഗിക്കപ്പെട്ട മുഹമ്മദ് നബി(സ്വ)യുടെ ജീവിതത്തിൽ അധ്യാപനത്തിന്റെ അനേകം ഉദാത്ത മാതൃകകൾ ദർശിക്കാം. വ്യഭിചരിക്കാൻ അനുവാദം തേടിയ ശിഷ്യന്റെ മനസ്സിൽ നിന്ന് ആ ദുർചിന്ത മന:ശാസ്ത്രപരമായി പിഴുതെറിഞ്ഞ തിരുനബി(സ്വ)യുടെ സമീപനം പുതിയകാല അധ്യാപക സമൂഹം പഠന വിധേയമാക്കേണ്ടതുണ്ട്. പ്രസ്തുത ആവശ്യം ഉന്നയിച്ച വ്യക്തിയോട് അവിടന്ന് തിരിച്ചു ചോദിച്ചു: ‘നിന്റെ ഉമ്മയെ, നിന്റെ സഹോദരിയെ ഒരാൾ വ്യഭിചരിക്കുന്നത് നിങ്ങൾക്ക് ഇഷ്ടമാണോ?’ ആ ഒറ്റ ചോദ്യത്തിൽ മനംമാറ്റം വന്ന് ദുർചിന്തകൾ വിപാടനം ചെയ്ത് നന്മയുടെ വഴിയിൽ സഞ്ചരിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
അധ്യാപനത്തിലെ വീഴ്ചകൾ സമൂഹത്തിന്റെ തന്നെ തകർച്ചയാണ് ഉറപ്പാക്കുക. പുസ്തകത്തിലെ അക്ഷരക്കൂട്ടങ്ങൾ വിഴുങ്ങി പരീക്ഷാപേപ്പറിൽ പകർത്തുന്ന രീതി സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ സൃഷ്ടിക്കുകയില്ല. ഒരു പാത്രം നിറക്കലല്ല വിദ്യാഭ്യാസം, മറിച്ച് ഒരു ജ്വാലക്ക് തിരികൊളുത്തലാണ്. അധ്യാപകർ ‘വിജ്ഞാന വിൽപനക്കാർ’ എന്നത് തെറ്റായ സങ്കൽപ്പമാണ്. ‘മുന്നിലിരിക്കുന്നത് സ്വന്തം കുഞ്ഞുങ്ങളല്ലെന്ന് തോന്നുന്ന നിമിഷം നിങ്ങൾ വിദ്യാലയത്തിന്റെ പടിയിറങ്ങുക’ എന്ന ഗുരു നിത്യചൈതന്യയതിയുടെ വാക്കുകൾ ശ്രദ്ധേയം.
കുട്ടികളുടെ ശാരീരികവും മാനസികവും സാമൂഹികവും ധാർമികവുമായ വികാസം ഉറപ്പുവരുത്തുന്നതിൽ അധ്യാപകർക്ക് വലിയ പങ്കുണ്ട്. സുരക്ഷിത സ്പർശം, അരക്ഷിത സ്പർശം, ലൈംഗിക ചുവയോടെയുള്ള ആംഗ്യം, സംസാരം, ഇടപെടലുകൾ എന്നിവ തിരിച്ചറിയുന്നതിനും പക്വമായി പെരുമാറുന്നതിനും കുട്ടികളെ ബോധവാന്മാരാക്കണം. അതിജീവിതരായ കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ജീവിത നൈപുണികൾ ഫലപ്രദമായി ഉപയോഗിക്കുന്നതിലൂടെയാണ് സാധിക്കുക.
കുടുംബ-സാമൂഹിക ജീവിതത്തിൽ ഉത്തരവാദിത്വങ്ങൾ നിറവേറ്റാനും പ്രതിബദ്ധതയോടെ പെരുമാറാനും മൂല്യാധിഷ്ഠിത വിദ്യാഭ്യാസം വഴിവെക്കുന്നു. ഇലക്ട്രോണിക് ഉപകരണങ്ങൾ പൂർണമായും ഒഴിവാക്കിയുള്ള ജീവിതം ഇക്കാലത്ത് പ്രായോഗികമാവില്ല; പകരം ഇവ ശരിയായ രൂപത്തിൽ എങ്ങനെ ഉപയോഗിക്കാമെന്നതിനെ കുറിച്ചുള്ള വ്യക്തമായ ധാരണ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉണ്ടാക്കുകയാണ് വേണ്ടത്. അതു മുഖേന ഇലക്ട്രോണിക് ഉപകരണങ്ങളിലൂടെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയാനും ലഹരിയുടെ കടന്നുകയറ്റത്തെ അതിജീവിക്കാനും ഒരു പരിധി വരെ സാധിക്കും.
ദൈവഭക്തിയുള്ളതും സംസ്‌കാര സമ്പന്നവുമായ ഒരു തലമുറ വളർന്നുവരണമെങ്കിൽ അവർക്ക് മതചിന്തയും ധാർമികബോധവും ശരിയായ മാനവികതയും ലഭിക്കണം. കേവല ഭൗതിക താൽപര്യങ്ങളും സാമ്പത്തിക നേട്ടങ്ങളും മുൻനിർത്തിയുള്ള വിദ്യാഭ്യാസം പ്രതികൂല സാഹചര്യങ്ങളിലേക്കേ വഴിനടത്തൂ. മതവിഷയങ്ങളിൽ കൃത്യമായ അവഗാഹം നേടുമ്പോഴാണ് ജീവിതം സാർത്ഥകമാവുന്നത്. അല്ലാതിരുന്നാൽ പാതിയിൽ യാത്ര നിലയ്ക്കാനും വഴിപിഴക്കാനും ഇടവരും.

 

ഡോ. അബൂബക്കർ നിസാമി കളരാന്തിരി

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ