വിശ്വാസികൾ പ്രാർഥിച്ച് കാത്തിരിക്കുന്ന വിശിഷ്ടാതിഥിയാണ് വിശുദ്ധ റമളാൻ. റജബ് മാസം പിറക്കുന്നതോടു കൂടി റമളാനെ പ്രാപിക്കാനുള്ള സൗഭാഗ്യത്തിനായി അവർ മനമുരുകി കേഴുകയായിരുന്നു. ആരാധനാലയങ്ങൾ ചമയിച്ചു. വീടുകൾ അലങ്കരിച്ചു. വിഭവങ്ങൾ ശേഖരിച്ചു. പുണ്യമാസത്തെ ആകുലതകളില്ലാതെ വരവേൽക്കണം. ആശങ്കകളില്ലാതെ ആരാധനകൾ കൊണ്ട് വിരുന്നൂട്ടണം. അതിഥി അല്ലാഹുവിനു മുമ്പിൽ അനുകൂലമായി സാക്ഷി നിൽക്കണം. അവന്റെ സംതൃപ്തി കരസ്ഥമാക്കി സ്വർഗത്തിൽ പ്രവേശിക്കണം. അതിഥിയെ അപമാനിച്ചുവിട്ടാൽ ഉടമസ്ഥനായ അല്ലാഹു കോപിക്കും. അവന്റെ കോപത്തെ പ്രതിരോധിക്കാൻ പ്രാപ്തിയുള്ള ഒരു ശക്തിയുമില്ല. റമളാനിൽ റബ്ബ് ചൊരിയുന്ന നിർലോപമായ കാരുണ്യത്തിലാണ് വിശ്വാസികളുടെ സർവ പ്രതീക്ഷകളും.
തിരുദൂതർ(സ്വ) പുണ്യ റമളാനെ സമുചിതമായി വരവേറ്റിരുന്നു. സഹാബികളെ മുൻകൂട്ടി അറിയിക്കും: ‘നിങ്ങൾക്കിതാ റമളാൻ മാസം സമാഗതമായിരിക്കുന്നു. പ്രസ്തുത മാസം വ്രതമനുഷ്ഠിക്കൽ അല്ലാഹു നിങ്ങൾക്ക് നിർബന്ധമാക്കിയിരിക്കുന്നു. അന്ന് സ്വർഗ കവാടങ്ങൾ തുറക്കപ്പെടും. നരക വാതിലുകൾ അടക്കപ്പെടും. കലഹപ്രിയരായ പിശാചുക്കൾ ബന്ധിക്കപ്പെടും. സഹസ്ര മാസങ്ങളെക്കാൾ ശ്രേഷ്ഠമായൊരു രാവ് അതിലുണ്ട്… (നസാഈ 2106, അഹ്‌മദ് 7148). തിരുനബി(സ്വ)യുടെ മാതൃക പിന്തുടർന്ന് സ്വഹാബികളും റമളാന്റെ ആഗമനം മുൻകൂട്ടി വിളംബരപ്പെടുത്തുമായിരുന്നു.
പുണ്യമാസത്തിന്റ ആഗമനത്തിൽ മനസ്സറിഞ്ഞു സന്തോഷിക്കുകയും ആഹ്ലാദിക്കുകയും വേണം. സൽക്കർമങ്ങൾ ചെയ്യാനുള്ള സുവർണാവസരങ്ങൾ കൈവരുമ്പോഴെല്ലാം ഉൾപുളകത്തോടെ സ്വീകരിക്കുന്നതാണ് വിശ്വാസികളുടെ അടയാളം. വിശുദ്ധ ഖുർആനിൽ നിന്ന് വല്ല അധ്യായവും അവതീർണമായാൽ വിശ്വാസികളുടെ ഈമാൻ വർധിക്കുകയും അവർ അതിരറ്റ് ആഹ്ലാദിക്കുകയും ചെയ്യുമെന്ന സൂക്തം(അത്തൗബ 124) ഇതു പ്രഖ്യാപിക്കുന്നു. ആരാധനകൾ വർധിപ്പിച്ച് നാഥനിലേക്ക് അടുക്കുവാനും പാപികൾക്ക് പശ്ചാത്തപിച്ച് മടങ്ങാനുമുള്ള അനുഗൃഹീത മാസമാണല്ലോ റമളാൻ.
അല്ലാഹുവിനെ സ്തുതിച്ചും അവനോട് നന്ദി പ്രകടിപ്പിച്ചുമാണ് റമളാനെ വരവേൽക്കേണ്ടത്. റമളാന് ഒരിക്കൽകൂടി സാക്ഷിയാകാനും വ്രതമനുഷ്ഠിക്കാനും സാധിക്കുകയെന്നത് അല്ലാഹു നൽകുന്ന അതിമഹത്തായ അനുഗ്രഹമാണ്. അതിനാൽ നാം ഹംദുകളും ശുക്‌റുകളും വർധിപ്പിക്കേണ്ടതുണ്ട്.
റമളാനെ പ്രയോജനപ്പെടുത്തുമെന്ന കളങ്കരഹിതമായ കരുത്തും (നിയ്യത്ത്) പുണ്യമാസത്തെ സ്വീകരിക്കാൻ ആവശ്യമാണ്. അമൂല്യ സമയങ്ങൾ പാഴാക്കുകയില്ലെന്ന് ദൃഢനിശ്ചയം ചെയ്യുക. സൽക്കർമങ്ങളിൽ മുഴുകിയും പാപങ്ങളിൽ നിന്നകന്നും മനസ്സ് വിമലീകരിച്ചും നിർവ്യാജം പശ്ചാത്തപിച്ചും റമളാനെ ഉപയോഗപ്പെടുത്തുക. ‘കർമങ്ങളുടെ സ്വീകാര്യത നിയ്യത്തുകളുടെ അടിസ്ഥാനത്തിലാണ്. ഓരോ വ്യക്തിക്കും അവൻ കരുതിയത് ലഭിക്കും’ (ബുഖാരി).

മനസ്സിനെ പാകപ്പെടുത്തുക

പവിത്ര മാസത്തെ വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്താൻ സാധിക്കണമെങ്കിൽ അതിനു മുമ്പേ മാനസികമായി തയ്യാറെടുക്കേണ്ടതുണ്ട്. മനസ്സിനെ സംസ്‌കരിച്ച് നോമ്പ്, തറാവീഹ്, ഖുർആൻ പാരായണം പോലുള്ള പുണ്യകർമങ്ങളോട് ആഭിമുഖ്യം പുലർത്താൻ പാകപ്പെടണം. അലസതയില്ലാതെയും ആയാസരഹിതമായും സുകൃതങ്ങൾ നിർവഹിക്കാൻ ഇതാവശ്യമാണ്. റമളാനെ സ്വീകരിക്കാനുള്ള മുന്നൊരുക്കമെന്ന നിലയിൽ തിരുദൂതർ(സ്വ) ശഅ്ബാനിലെ മിക്ക ദിനങ്ങളിലും വ്രതമനുഷ്ഠിച്ചിരുന്നു. ആഇശ(റ) നിവേദനം: അവിടന്ന് ശഅ്ബാൻ മാസത്തിൽ വ്രതമനുഷ്ഠിക്കുന്നതിനെക്കാൾ കൂടുതലായി വേറൊരു മാസത്തിലും നോമ്പെടുക്കുന്നത് ഞാൻ കണ്ടിട്ടില്ല (ഇബ്‌നു അബീശൈബ 9766). ഏതാനും ദിനങ്ങൾ മാറ്റിനിർത്തിയാൽ ശഅ്ബാൻ മുഴുവനും തിരുദൂതർ വ്രതമെടുത്തിരുന്നു. ഇടക്കിടെ അനുഷ്ഠിച്ച് ശീലിച്ചാൽ റമളാൻ നോമ്പ് ഭാരമായി അനുഭവപ്പെടുകയില്ല.
വിശ്വാസി ഏത് സമയവും അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങേണ്ടതുണ്ട്. റമളാനിൽ അത് പ്രത്യേകം ഗൗരവത്തിലെടുക്കണം. നന്മകളുടെ വിളനിലമാണ് റമളാൻ. ഈ പവിത്ര മാസത്തിൽ പുണ്യങ്ങൾ വിളയിക്കാനുള്ള സൗഭാഗ്യ ലബ്ധിക്ക് ചെറുതും വലുതുമായ പാപങ്ങൾ പ്രതിബന്ധം സൃഷ്ടിക്കും. തിന്മകളുടെ ഫലമായി അല്ലാഹുവിനോട് അടുക്കുന്നതിലുള്ള ആനന്ദം നിഷേധിക്കപ്പെടും. അവന്റെ കൽപനകൾ അനുസരിക്കുക ഭാരമായിത്തീരും. നിശാ നിസ്‌കാരം നിർവഹിക്കാൻ സാധിക്കുന്നില്ലെന്ന് ഒരാൾ ഹസനുൽ ബസ്വരി(റ)യോട് പരിഭവം പറഞ്ഞു. താങ്കളുടെ ചെറുപാപങ്ങൾ താങ്കളെ വിലങ്ങിട്ടിരിക്കുകയാണെന്നായിരുന്നു മഹാന്റെ പ്രതികരണം. ‘നിനക്കു രാത്രി നിസ്‌കരിക്കാനും പകൽ നോമ്പനുഷ്ഠിക്കാനും കഴിയുന്നില്ലെങ്കിൽ മനസ്സിലാക്കുക; നീ ബന്ധനസ്ഥനാക്കപ്പെട്ടിരിക്കുന്നു. പാപങ്ങൾ നിന്നെ ബന്ധിയാക്കിയിരിക്കുന്നു’വെന്ന ഫുളൈലുബ്‌നു ഇയാളി(റ)ന്റെ വാക്കുകൾ ശ്രദ്ധേയം.
റമളാനെ വരവേൽക്കുന്നതിന്റെ മുന്നോടിയായി ആത്മാർഥമായി പശ്ചാത്തപിക്കണം. എല്ലാ ഉപാധികളും പാലിച്ചുകൊണ്ടായിരിക്കണം തൗബ. ചെയ്ത തെറ്റുകളെക്കുറിച്ചോർത്തു ഖേദിക്കുക, ഇനിമേൽ തെറ്റുകൾ ആവർത്തിക്കുകയില്ലെന്ന് ദൃഢനിശ്ചയം ചെയ്യുക, മനുഷ്യരോടുള്ള ബാധ്യതകൾ വീട്ടുക, പാപമോചന പ്രാർഥനകൾ വർധിപ്പിക്കുക എന്നിവ തൗബയുടെ അടിസ്ഥാന ഘടകങ്ങളാണ്.

വ്രതം: ലക്ഷ്യങ്ങളും ഫലങ്ങളും

റമളാനിലെ വ്രതാനുഷ്ഠാനം വൈയക്തിക ബാധ്യതയാണ്. ശരീഅത്ത് നിയമപ്രകാരം അനുഷ്ഠിക്കുമ്പോഴാണ് ബാധ്യത ഒഴിവാകുക. വ്രതം നിർബന്ധമായവർക്കെല്ലാം നോമ്പിന്റെ വിധികൾ പഠിക്കൽ നിർബന്ധമാണ്. നോമ്പിന്റെ നിർബന്ധ ഘടകങ്ങളും ഐച്ഛിക ചിട്ടകളും നോമ്പ് നഷ്ടപ്പെടുത്തുന്ന കാര്യങ്ങളും നോമ്പനുഷ്ഠിക്കാനുള്ള ഉപാധികളും പ്രതിബന്ധങ്ങളും മനസ്സിലാക്കണം. ഇതു സംബന്ധിച്ചുള്ള അജ്ഞത വ്രതത്തിന്റെ പ്രതിഫലം നിഷേധിക്കപ്പെടാൻ കാരണമാകും. കേവലം വിശപ്പും ദാഹവും മാത്രമായിരിക്കും മിച്ചം. ആകയാൽ വ്രതത്തിന്റെ പൂർണ രൂപങ്ങളും റമളാനിൽ പ്രത്യേകം പുണ്യമുള്ള കർമങ്ങളും റമളാനിനു മുമ്പേ പഠിക്കുകയും പരിശീലിക്കുകയും വേണം.
ലക്ഷ്യങ്ങളും ഫലങ്ങളും വിവരിച്ചുകൊണ്ടാണ് അല്ലാഹു വ്രതം നിർബന്ധമാക്കിയിരിക്കുന്നത്: റമളാൻ മാസത്തിൽ സന്നിഹതരായവർ നോമ്പെടുക്കട്ടെ എന്നു കൽപിക്കുന്ന സൂക്തം (അൽബഖറ 185) അവസാനിക്കുന്നത് നിങ്ങൾ നന്ദി കാണിക്കുന്നതിനു വേണ്ടി എന്നാണ്. സ്രഷ്ടാവിനോടുള്ള നന്ദിപ്രകടനമാണ് വ്രതാനുഷ്ഠാനം. മനുഷ്യന്റെ ജൈവിക ആവശ്യങ്ങളാണ് ഭക്ഷണപാനീയങ്ങൾ. നാഥൻ മനുഷ്യർക്ക് നൽകിയ സുപ്രധാന അനുഗ്രഹങ്ങളാണവ. നിശ്ചിത നേരത്തേക്ക് ഭക്ഷണപാനീയങ്ങൾ വർജിക്കണമെന്ന ആജ്ഞ അനുസരിക്കുന്നത് അന്നദാതാവായ അല്ലാഹുവോടുള്ള നന്ദിയാണ്. അവന്റെ കൽപന ധിക്കരിക്കുന്നത് കടുത്ത നന്ദികേടും.
സ്രഷ്ടാവിനെ സൂക്ഷിച്ചു ജീവിക്കാൻ കടപ്പെട്ടവരാണ് മനുഷ്യർ. ഭക്തജീവിതം നയിക്കാനുള്ള ഓർമപ്പെടുത്തലും പരിശീലനവുമാണ് വ്രതാനുഷ്ഠാനം. ‘പൂർവികരെ പോലെ നിങ്ങൾക്കും നോമ്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു’എന്നു പ്രസ്താവിക്കുന്ന വചനത്തിന്റെ (അൽബഖറ 183) അന്ത്യത്തിലുള്ള ‘നിങ്ങൾ സൂക്ഷ്മജീവിതം നയിക്കുന്നതിനു വേണ്ടി’ എന്ന പരാമർശം ഇത് സൂചിപ്പിക്കുന്നു.
വൈകാരിക നിയന്ത്രണവും നോമ്പിന്റെ ലക്ഷ്യമാണ്. വ്രതം മോഹങ്ങളെ നിയന്ത്രിക്കുകയും ദേഹത്തെ വരുതിയിൽ നിർത്തുകയും ചെയ്യും. നിറവയറുകളാണ് വികാരങ്ങളുടെ ഉറവിടം. വിശപ്പ് വികാരാഗ്നികളെ നിർവീര്യമാക്കും. തിരുനബി(സ്വ) അരുളി: ‘യുവ സമൂഹമേ, വിവാഹ ചെലവുകൾ വഹിക്കാൻ സാധിക്കുന്നവർ നികാഹ് കഴിക്കട്ടെ. അത് നേത്രത്തെ ചിമ്മിപ്പിക്കുന്നതും ജനനേന്ദ്രിയത്തെ സംരക്ഷിക്കുന്നതുമാണ്. സാധിക്കാത്തവർ നോമ്പെടുക്കട്ടെ. അതവനു നിർവികാരത പ്രദാനിക്കും’ (ബുഖാരി, മുസ്‌ലിം).
അഗതികളോട് അലിവുണ്ടാക്കാൻ നോമ്പ് സഹായിക്കും. ഏതാനും മണിക്കൂറുകൾ വിശന്നിരിക്കുമ്പോൾ അനുഭവപ്പെടുന്ന അവശത അന്നംമുട്ടിയവരുടെ ദൈന്യത ബോധ്യപ്പെടുത്തുകയും അവരോട് അനുകമ്പ കാണിക്കാൻ മനസ്സിനെ പരുവപ്പെടുത്തുകയും ചെയ്യുന്നു.
മനുഷ്യന്റെ ജന്മശത്രുവായ പിശാചിനെ വ്രതം തളച്ചിടുന്നു. ദുർഗമനത്തിന് പ്രേരണ നൽകുന്നത് പിശാചാണ്. വൈകാരിക ദൗർബല്യങ്ങളെയാണ് അതിനവൻ കൂട്ടുപിടിക്കുന്നത്. വികാരത്തിന് ഊർജം പകരുന്നതാണ് ആഹാരപാനീയങ്ങൾ. റസൂൽ(സ്വ) അരുളി: മനുഷ്യനിൽ രക്തം സഞ്ചരിക്കുന്നിടത്തെല്ലാം പിശാച് വിഹരിക്കുന്നു. അതുകൊണ്ട് വിശപ്പു മുഖേന അവന്റെ സഞ്ചാരപഥങ്ങൾ കുടുസ്സാക്കുക’ (ഇഹ്‌യ).
നോമ്പ് നിർബന്ധമാക്കിയതിലുള്ള ഏഴു തത്ത്വങ്ങൾ ഹസനുൽ ബസ്വരി(റ) പറയുന്നു: 1. സ്വർഗീയ സദ്യക്കു വേണ്ടി നിങ്ങൾ ദേഹത്തെ പട്ടിണിക്കിടുക. 2. വിശക്കുന്നവരോട് അലിവു കാണിക്കാൻ പട്ടിണി ഓർമിപ്പിക്കുന്നു. 3. വളഞ്ഞ വസ്തുക്കൾ അഗ്നിയിൽ പഴുപ്പിച്ച് നിവർത്തുന്നതു പോലെ ആരാധനകൾക്കു വഴങ്ങാത്ത ദേഹങ്ങളെ വിശപ്പ് എന്ന അഗ്നിയിൽ പഴുപ്പിച്ചു നേരെയാക്കുന്നു. 4. വ്രതമനുഷ്ഠിച്ച മനുഷ്യരെ കാണിച്ച് അല്ലാഹു മലക്കുകളെ നിശ്ശബ്ദരാക്കുന്നു. 5. നിർബന്ധവും ഐച്ഛികവുമായ പരിത്യാഗങ്ങൾ നോമ്പ് സാക്ഷാത്കരിക്കുന്നു. നിഷിദ്ധമായമായവ ഉപേക്ഷിക്കലാണ് നിർബന്ധ പരിത്യാഗം. അനുവദനീയമായവ ഉപേക്ഷിക്കൽ ഐച്ഛിക പരിത്യാഗവും. 6. ഗുണകാംക്ഷിയായ ഭിഷഗ്വരൻ രോഗങ്ങൾക്ക് പഥ്യങ്ങൾ നിർദേശിക്കുന്നു. അതുപോലെ ദേഹം പാപാതുരമാകുമ്പോൾ നോമ്പെടുക്കാൻ അല്ലാഹു കൽപിക്കുന്നു. 7. ആഹാരപാനീയങ്ങൾ നിഷേധിച്ച് പിശാചിന്റെ വഴികൾ അടക്കുന്നു (ഹാശിയതുൽ ജമൽ 2/203).
വ്യക്തിദൗർബല്യങ്ങൾ തിരിച്ചറിയാനും അടിമയാണെന്ന ബോധം ജനിപ്പിക്കാനും നോമ്പ് അവസരമൊരുക്കുന്നു. ചിന്തകൾക്ക് ദിശാബോധം നൽകുക, സ്വഭാവം സംസ്‌കരിക്കുക, ക്ഷമ ശീലിപ്പിക്കുക എന്നിവയും നോമ്പിന്റെ ഫലങ്ങളാണ്.

സ്വർഗത്തിലേക്കു സ്വാഗതം

‘ഈമാന്റെ പാതിയാണ് ക്ഷമ’ (തുർമുദി), ‘ക്ഷമയുടെ പാതിയാണ് വ്രതം’ (അബൂനുഐം). ആകയാൽ ഈമാന്റെ നാലിൽ ഒരംശമാണ് നോമ്പ്. ക്ഷമാശീലർക്ക്പരിധിയില്ലാതെ പ്രതിഫലം നൽകുമെന്ന് വിശുദ്ധവേദം പ്രസ്താവിച്ചിട്ടുണ്ട്. നോമ്പുകാർക്ക് സ്വർഗത്തിൽ പ്രവേശിക്കാൻ പ്രത്യേകം സജ്ജമാക്കിയ കവാടമാണ് റയ്യാൻ. പ്രവാചകർ(സ്വ) പറയുകയുണ്ടായി: സ്വർഗത്തിന് എട്ടു കവാടങ്ങളുണ്ട്. അതിലൊന്നാണ് റയ്യാൻ. നോമ്പുകാർ മാത്രമാണ് അതിലൂടെ അകത്തു കടക്കുക (ബുഖാരി 4/145).
വ്രതാനുഷ്ഠാനകന്റെ വായിൽ നിന്നു വമിക്കുന്ന ഗന്ധം(ഖലൂഫ്) അല്ലാഹുവിന്റെ സന്നിധിയിൽ കസ്തൂരിയെക്കാൾ സുഗന്ധമുള്ളതായിരിക്കുമെന്ന് ഹദീസുകളിൽ കാണാം. മധ്യാഹ്നശേഷം ഉണ്ടാകുന്ന ഗന്ധമാറ്റമാണിത്. സുഗന്ധമാണെന്ന പരാമർശം അതു നിലനിർത്തണമെന്നു ധ്വനിപ്പിക്കുന്നു. ഇതടിസ്ഥാനത്തിലാണ് ഉച്ചക്കു ശേഷമുള്ള ദന്തശുദ്ധീകരണം കറാഹത്താണെന്ന് പണ്ഡിതന്മാർ പറഞ്ഞത്.
അല്ലാഹുവിന്റെ അടുക്കൽ സുഗന്ധമുമള്ളതാണെന്ന പരാമർശം ആലങ്കാരികമാണ്. ഗന്ധങ്ങൾ വശ്യവും വർജ്യവുമായി അനുഭവപ്പെടുന്നത് ജീവികളുടെ സവിശേഷതയാണ്. അല്ലാഹു അതിൽ നിന്നു മുക്തനാണ്. മനുഷ്യൻ സുഗന്ധങ്ങളോട് അടുപ്പം പുലർത്തുന്നതു പോലെ അല്ലാഹു നോമ്പിനെ അടുപ്പിക്കുമെന്നാണ് വിവക്ഷ. നോമ്പിനു നൽകുന്ന പ്രതിഫലത്തിന് കസ്തൂരിയെക്കാൾ സുഗന്ധമുണ്ടായിരിക്കുമെന്ന് അർഥം പറഞ്ഞവരുമുണ്ട്. അനുഗൃഹീത സദസ്സുകളിലും ജനസംഗമങ്ങളിലും കസ്തൂരി (സുഗന്ധം) ഉപയോഗിക്കൽ പ്രതിഫലാർഹമാണ്. അതിനെക്കാൾ പ്രതിഫലമുള്ളതാണ് നോമ്പുകാരന്റെ ഗന്ധം എന്നും അഭിപ്രായമുണ്ട് (ശർഹു മുസ്‌ലിം 8/ 30).
നോമ്പ് തുറക്കുമ്പോൾ നടത്തുന്ന പ്രാർഥന റബ്ബ് അവഗണിക്കുകയില്ല എന്ന നബിവചനം (ഇബ്‌നു മാജ 8753, മുസ്തദ്‌റക് 1/422) നോമ്പുകാരന്റെ മഹത്ത്വത്തെ കുറിക്കുന്നു. ‘നോമ്പുകാരന്റെ മൗനം തസ്ബീഹും നിദ്ര ഇബാദത്തും പ്രാർഥന ഉത്തരം ലഭിക്കുന്നതുമാണെന്നും ഹദീസിലുണ്ട് (ദൈലമി, ഫത്ഹുൽ ബാരി 8/ 151).

പ്രതിഫലം അല്ലാഹു നൽകും

വ്രതോപാസനക്കുള്ള പ്രതിഫലം അല്ലാഹു സവിശേഷം നൽകുന്നു. ‘നോമ്പ് എനിക്കുള്ളതാണ്. അതിനു ഞാൻ പ്രതിഫലം നൽകും’ എന്ന ആശയത്തിലുള്ള ഹദീസ് ബുഖാരി, മുസ്‌ലിം, തുർമുദി, അബൂദാവൂദ്, നസാഈ, ഇബ്‌നുമാജ എന്നിവരെല്ലാം ഉദ്ധരിച്ചിട്ടുണ്ട്. അല്ലാഹുവിലേക്കു ചേർക്കുക വഴി നോമ്പിനെ മഹത്ത്വവൽക്കരിക്കുകയാണ്. അടിമയും ഉടമയും തമ്മിലുള്ള രഹസ്യ ഇടപാടായതും ഇതു നിമിത്തമാണ്. നന്മയുടെ ശത്രുവായ പിശാചിനെ അടക്കിയിരുത്തുന്ന കർമമായതുകൊണ്ടും നോമ്പ് ശ്രേഷ്ഠതയാർജിക്കുന്നു.
ഇമാം ഇബ്‌നു ഹജറിൽ ഹൈതമി(റ) എഴുതി: കർമജ്ഞാനികളും സ്വൂഫികളും ഇവ്വിഷയകമായി ധാരാളം വിശദീകരിച്ചിട്ടുണ്ട്. അവയിൽ ഏറ്റവും മനോഹരമായി തോന്നിയത് രണ്ടു കാര്യങ്ങളാണ്. ഒന്ന്: ജന്മസഹജമായ സകല അഭിലാഷങ്ങളും വികാരങ്ങളും നോമ്പിൽ ഉപേക്ഷിക്കപ്പെടുന്നു. മറ്റൊരു ആരാധനയിലും ഇതില്ല. രതിയും ആമുഖലീലകളും അതിലേക്ക് ആകർഷിക്കുന്ന സുഗന്ധോപയോഗവും ഹജ്ജിലും ഉംറയിലും നിഷിദ്ധമാണ്. പക്ഷേ, മുഖ്യ ആവശ്യങ്ങളായ ആഹാരപാനീയങ്ങൾ അതിൽ വിലക്കുന്നില്ല. എന്നാൽ, ദേഹം അതിതീവ്രമായി കൊതിക്കുന്ന ജൈവിക ആവശ്യങ്ങളാണ് നോമ്പിൽ വർജിക്കാനാവശ്യപ്പെട്ടിട്ടുള്ളത്. ഹജ്ജിൽ ബാഹ്യമായ കാര്യങ്ങളാണ് വിലക്കപ്പെട്ടതെങ്കിൽ നോമ്പിൽ അകം ശൂന്യമാക്കുന്ന വിധത്തിലാണ് വിലക്ക്.
നിസ്‌കാരത്തിലും ഈവക കാര്യങ്ങൾ നിഷിദ്ധമാണല്ലോ എന്ന സംശയത്തിനു പ്രസക്തിയില്ല. നിസ്‌കാരത്തിനു സമയദൈർഘ്യമില്ല. അതിനാൽ നിസ്‌കരിക്കുന്നവന് ഭോഗവും ഭോജനവും പാനവും ഉപേക്ഷിക്കുന്നത് വിഷമകരമല്ല. ഭക്ഷണ സാന്നിധ്യത്തിൽവെച്ച് അതിലേക്ക് ആഗ്രഹമുണ്ടായിരിക്കെ നിസ്‌കരിക്കുന്നത് കറാഹത്താണെന്ന വിധി ഇതിനെ ബലപ്പെടുത്തുന്നു. നോമ്പിലാകട്ടെ ഇവ നിരാകരിക്കുന്നതു മൂലം കഠിന വേദന അനുഭവിക്കുന്നു. പരിക്ഷീണിതനാകുന്നു.
രണ്ട്: അടിമയും ഉടമയും തമ്മിലുള്ള രഹസ്യ ഇടപാടാണ് നോമ്പ്. മറ്റാരും അതു കാണുന്നില്ല. മനസ്സിലെ നിശ്ചയിച്ചുറപ്പിക്കലിന്റെയും പിടിച്ചുനിൽപ്പിന്റെയും മിശ്രിത രൂപമാണ് നോമ്പ്. ഇവ രണ്ടിന്റെയും സമ്മിശ്ര രൂപം സാധാരണ ഇബാദത്തുകളിൽ ദൃശ്യമാവുകയില്ല (ഇത്ഹാഫു അഹ്‌ലിൽ ഇസ്‌ലാം 6062).

വ്രതാരംഭവും മാസപ്പിറവിയും

ശഅ്ബാൻ മുപ്പതു പൂർത്തിയാവുകയോ മുപ്പതിന്റെ രാവിൽ ഉദയ ചന്ദ്രൻ ദൃശ്യമാവുകയോ ചെയ്താൽ റമളാൻ നോമ്പ് നിർബന്ധമാകും (ബുജൈരിമി അലൽ ഖത്തീബ് 2/372). റമളാൻ മാസാരംഭം മനസ്സിലാക്കാൻ ശഅ്ബാൻ മാസത്തിന്റെ ചന്ദ്രനെ ക്ലിപ്തപ്പെടുത്താൻ തിരുനബി(സ്വ) നിർദേശിച്ചിരുന്നു (തുർമുദി 687). റമളാൻ നോമ്പ് ശ്രദ്ധിക്കുന്നതിനു വേണ്ടി പ്രവാചകർ(സ്വ) ശഅ്ബാനിലെ ദിനങ്ങൾ എണ്ണി തിട്ടപ്പെടുത്തിയിരുന്നു (ഔനുൽ മഅ്ബൂദ് 6/ 444).
തിരുദൂതരുടെ വഫാത്തിനു ശേഷം അവിടത്തെ അനുചരന്മാരും ഈ പാത പിന്തുടർന്നു. അവർ മാസപ്പിറവി കാണാൻ പരസ്പരം മത്സരിച്ചു. അനസ് ബ്‌നു മാലിക്(റ) നിവേദനം: ഞങ്ങൾ മക്കയുടെയും മദീനയുടെയും ഇടയിൽ ഉമറി(റ)ന്റെ കൂടെ നിൽക്കുമായിരുന്നു. മാസപ്പിറവി ദർശിക്കാൻ ഞങ്ങൾ പരസ്പരം മത്സരിക്കും. എനിക്ക് മൂർച്ചയേറിയ കാഴ്ചയുണ്ടായിരുന്നു. അതിനാൽ ഞാൻ മാസം കണ്ടു. മറ്റാരും ബാലചന്ദ്രൻ കണ്ടതായി അവകാശപ്പെട്ടില്ല. ഞാൻ ഉമറി(റ)നോട് ചോദിച്ചു: താങ്കൾ കണ്ടോ? അദ്ദേഹം കണ്ടിരുന്നില്ല. ഉമർ(റ) പറഞ്ഞു: ഞാൻ വിരുപ്പിൽ മലർന്നുകിടന്നു കണ്ടോളാം (റസാഇലു ഇബ്‌നി ആബിദീൻ 1/222).

നഗ്നദൃഷ്ടികൊണ്ടുള്ള ദർശനമാണ് മാസപ്പിറവിക്ക് മാനദണ്ഡമാക്കേണ്ടത്. കണക്കുകളെയോ ഉപകരണങ്ങളെയോ ആശ്രയിക്കുന്നത് പ്രമാണങ്ങൾക്കു വിരുദ്ധമാണ്. ‘നിങ്ങൾ മാസം കണ്ടാൽ വ്രതമനുഷ്ഠിക്കുക. അതു കണ്ടാൽ വ്രതം ഉപേക്ഷിക്കുകയും ചെയ്യുക. ഇനി മേഘാവൃതമാവുകയാണെങ്കിൽ നിങ്ങളതു എണ്ണിക്കണക്കാക്കുക’ എന്നാണ് തിരുനബി(സ്വ)യുടെ നിർദ്ദേശം (ബുഖാരി 3/34, മുസ്‌ലിം-കിതാബുസ്സ്വിയാം 7).
മാസപ്പിറവി സ്വയം ദർശിക്കുകയോ ദർശിച്ചതായി ബോധ്യപ്പെടുകയോ ഖാളി മാസം ഉറപ്പിക്കുകയോ ചെയ്താൽ വ്രതമനുഷ്ഠിക്കൽ നിർബന്ധമാണ്. നോമ്പെടുക്കാൻ ശാരീരികമായും സാങ്കേതികമായും സാധിക്കുന്നവർ ബോധപൂർവം അതുപേക്ഷിക്കുന്നത് ഹറാമാണ്. മുസ്‌ലിംകൾക്ക് നോമ്പ് നിർബന്ധമില്ലെന്നു വാദിക്കുന്നവൻ ഇസ്‌ലാമിൽ നിന്നു പുറത്തു പോവുകയും ചെയ്യും.

അലി സഖാഫി പുൽപറ്റ

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ