ഹബീബുന്നജ്ജാറിന്റെ ചരിത്രം കേൾക്കാത്തവർ കുറവായിരിക്കും. ‘സ്വാഹിബു യാസീൻ’ എന്ന പേരിലാണ് അദ്ദേഹം ചരിത്രത്തിൽ അറിയപ്പെടുന്നത്.
നിർണായകമായ ഒരു ഘട്ടത്തിൽ ജനങ്ങൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെടുകയും സത്യത്തിന് വേണ്ടി സധീരം, എന്നാൽ വിനയപൂർവം ഇടപെടുകയും ചെയ്തതാണ് അദ്ദേഹത്തിന്റെ മഹത്ത്വം. ഖുർആൻ പറയുന്നതിങ്ങനെ: അൻത്വാഖിയ എന്ന ഗ്രാമത്തിലേക്ക് ഈസാ നബി(അ) ആദ്യം രണ്ടാളുകളെയും പിന്നീട് കൂടുതൽ ശക്തനായ മൂന്നാമതൊരാളെയും സത്യസന്ദേശവുമായി പറഞ്ഞയക്കുന്നു. നന്ദികെട്ട ആ സമൂഹം സാർഥവാഹക സംഘത്തെ ആക്രമിക്കുന്നു.
ഇത് കണ്ടുകൊണ്ടാണ് ദൂരെ ദിക്കിൽ നിന്ന് ഹബീബുന്നജ്ജാർ ഓടിയെത്തുന്നത്. അക്രമികളായ ഗ്രാമീണ സംഘത്തോട് അദ്ദേഹം സംസാരിക്കുന്നു. ‘എന്റെ സമൂഹമേ! നിങ്ങൾ ഈ സംഘത്തെ പിൻപറ്റുകയാണ് വേണ്ടത്, സന്മാർഗികളാണിവർ! പ്രതിഫലേച്ഛകളൊന്നുമില്ലാത്തവർ, ഞാനെന്തായാലും എന്നെ സൃഷ്ടിച്ച നാഥനെയാണ് ആരാധിക്കുന്നത്.’ അർഥവത്തായ വാക്കുകളോട് ആശയപരമായി പ്രതിരോധിക്കാനാവാത്ത തെമ്മാടിക്കൂട്ടം ഹബീബുന്നജ്ജാറിന്നെ നിഷ്ഠൂരമായി കൊലപ്പെടുത്തുന്നു. ഭൂമിയിൽ നിന്നും സ്വർഗസ്ഥനായി വിടവാങ്ങുന്ന അദ്ദേഹം തന്റെ ജനതയുടെ സത്യപ്രവേശനത്തിനും നേരറിവിനും വേണ്ടി വീണ്ടും കൊതിക്കുന്നു. തന്റെ സ്വർഗീയാനുഭവങ്ങൾ എന്റെ ജനതക്ക് വെളിച്ചമായെങ്കിൽ എത്ര നല്ലതാകുമെന്ന് ആഗ്രഹിക്കുന്നു (സൂറത്തു യാസീൻ).
ഹബീബുന്നജ്ജാറിന്റെ ജീവിത ചരിത്രം നമുക്ക് പാഠമാണ്. സത്യത്തിന് വേണ്ടി അദ്ദേഹം പകരം നൽകിയത് സ്വന്തം ജീവൻ. മാന്യമായി സംസാരിച്ചു, തർക്കിക്കാനൊന്നും മിനക്കെട്ടില്ല. നല്ലത് മാത്രമാണ് അവർ നിങ്ങളോട് പറയുന്നത്, അത് സ്വീകരിക്കാനാണ് നിങ്ങൾ ശ്രമിക്കേണ്ടതെന്ന് അവരെ ഉൽബോധിപ്പിച്ചു.
സത്യത്തെ ഉൾവഹിക്കുന്നവരാണ് നാം. സത്യവഴിയിലെത്തിയവർക്കേ പരലോക വിജയമുള്ളൂ എന്നാണല്ലോ യാഥാർഥ്യം. അതിനാൽ ഈ വെളിച്ചം അപരർക്കും കൈമാറാനാണ് നാം ശ്രമിക്കുന്നത്. അതാണ് ദഅ്‌വത്തിന്റെ മർമം. നമ്മുടെ ദൗത്യവും ധർമവുമാണ് ദഅ്‌വത്ത്.
അതിനുള്ള അവസരങ്ങൾ നാം കണ്ടെത്തണം. നമ്മെ തേടിയെത്തുന്നവരെ മാത്രമല്ല നമ്മൾ തേടിയിറങ്ങണം, ഇടപെടണം, പറയണം, കേൾക്കണം, പുഞ്ചിരിക്കണം, യോജിക്കണം, ആവശ്യമെങ്കിൽ വിയോജിക്കുകയും വേണം. ഒരു വാക്ക്, അല്ലെങ്കിൽ അർഥമുള്ള മൗനം; ഇതൊക്കെ സൃഷ്ടിക്കുന്ന വലിയ ഫലങ്ങൾ സ്വജീവിതത്തിൽ നിന്ന് തന്നെ ഓർത്തെടുക്കാനുണ്ടാകും. വേദനിക്കുന്നവന്റെ കരങ്ങളിൽ ഒന്ന് അമർത്തിപ്പിടിക്കാനേ നമുക്ക് കഴിഞ്ഞിട്ടുണ്ടാവൂ, എന്നാൽ ആ കരസ്പർശം നോവുന്ന ഹൃദയങ്ങളിലുണ്ടാകുന്ന നനവും തണുപ്പും ആ സഹോദരൻ മറന്നുകാണില്ല. ദഅ്‌വത്ത് വലിയൊരു സാധ്യതയാണ്, അനുഭവമാണ്, ആസ്വദിക്കാൻ എമ്പാടുമുള്ള മനോഹരമായ കലയാണ്.
അലി(റ)വിനോട് തിരുനബി(സ്വ) പറഞ്ഞ വാക്കുകൾ സുവിദിതം: ‘മുന്നോട്ട് ഗമിക്കുക, സത്യമതത്തിലേക്ക് ജനങ്ങളെ ക്ഷണിക്കുക. അല്ലാഹുവിന്റെ ബാധ്യതയെ കുറിച്ച് അവരെ ബോധ്യപ്പെടുത്തുക. അല്ലാഹു സത്യം, ഒരേ ഒരുത്തനെയെങ്കിലും സത്യമതത്തിലേക്ക് നിങ്ങൾക്ക് വഴിനടത്താനായാൽ പ്രിയപ്പെട്ട ചുവന്ന ഒട്ടകത്തേക്കാൾ എത്രയോ വലുതാണത് (ബുഖാരി, മുസ്‌ലിം).

ഹാദി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ