നബിമാരുടെ സ്ഥാനങ്ങള്‍ തുല്യവിതാനത്തിലായിരുന്നില്ലെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. “അവരില്‍ ചിലരെ മറ്റുള്ളവരെക്കാള്‍ നാം ശ്രേഷ്ഠരാക്കിയിരിക്കുന്നു.” (2/253) “നിശ്ചയമായും ചില പ്രവാചകന്മാര്‍ക്ക് മറ്റുള്ളവരെക്കാള്‍ നാം പദവി നല്‍കിയിരിക്കുന്നു.”(17/55) ഇതിന്റെ ന്യായോക്തികള്‍ പൂര്‍ണമായി അല്ലാഹുവിനറിയാം. ഉന്നതരായ 313 റസൂലുമാരില്‍ തന്നെ അത്യുന്നതരാണ് നൂഹ്, ഇബ്റാഹീം, മൂസാ, ഈസാ, മുഹമ്മദ് (സ്വല്ലല്ലാഹു അലൈഹിം) എന്നീ ദൃഢചിത്തര്‍ (ഉലുല്‍അസ്മുകള്‍). ഇവരില്‍ ഏറ്റവും ഉത്കൃഷ്ഠനായ പ്രവാചകന്‍ ആരാണ്? തിരുനബി(സ്വ) നിവാരണം നല്‍കുന്നതിങ്ങനെ: “ആദം സന്തതികളുടെ നായകന്‍ ഞാനാണ്; ആദ്യമായി ഖബറില്‍നിന്ന് എഴുന്നേല്‍ക്കുന്നതും ശിപാര്‍ശാധികാരം ലഭിക്കുന്നതും എനിക്കുതന്നെ. ആദ്യം ശിപാര്‍ശ സ്വീകരിക്കപ്പെടുന്നതും എന്റേതാണ്’ (മുസ്‌ലിം). മറ്റു പ്രവാചകന്മാര്‍ക്ക് കാര്യമായെന്തെങ്കിലും ചെയ്യാനാവാതെയുള്ള മഹ്ശറിലെ ഭീകരരംഗം ഹദീസുകളിലുണ്ട്. കണക്കെടുപ്പ് നടന്ന് നരകത്തിലേക്കാണെങ്കില്‍പോലും അവിടെ നിന്ന് രക്ഷപ്പെട്ടുകിട്ടാന്‍ മനുഷ്യര്‍ കൊതിക്കുന്ന സന്ദര്‍ഭം. അപ്പോള്‍ കണക്കുചോദ്യം സംവിധാനിക്കാന്‍ തിരുനബി(സ്വ) നടത്തുന്ന “അശ്ശഫാഅതുല്‍ ഉള്മാ’യടക്കം മറ്റാര്‍ക്കും ചെയ്യാനാവാത്ത പലവിധ സഹായങ്ങള്‍ റസൂല്‍(സ്വ) നിര്‍വഹിക്കും. അല്ലാഹു സ്നേഹിച്ച പുണ്യാത്മാവിന്റെ പൂര്‍ണപ്രതാപം അന്ന് വെളിപ്പെടുകതന്നെ ചെയ്യും. ആരും ധ്യൈപ്പെടാത്ത പ്രയുക്ത പ്രവര്‍ത്തനങ്ങള്‍ക്ക് അവിടുന്ന് മുന്നിട്ടിറങ്ങുന്നത് അല്ലാഹുവുമായുള്ള ശക്തമായ ബന്ധം ഒന്നുകൊണ്ടു മാത്രം. നബി(സ്വ)യുടെ ഭൗമികവും ആത്മീയവുമായ ജീവിതത്തിലൊക്കെയും, നാഥന്റെ സ്നേഹസഹായ സാന്നിധ്യമുണ്ടായിരുന്നിട്ടുണ്ട്. എന്തുകൊണ്ടെന്നാല്‍ അവന്‍ ഏറെ ഇഷ്ടപ്പെട്ടതും പരിഗണിച്ചതും നബി(സ്വ)യെയായിരുന്നു. നാഥനും നായകനും തമ്മിലുള്ള അവര്‍ണനീയബന്ധത്തിന്റെ പുഷ്കലതയിലാണ് വിശുദ്ധമതം പൂര്‍ത്തിയായത്. സ്രഷ്ടാവിന്റെ സമ്പൂര്‍ണ സൃഷ്ടിയായി മുത്തുനബിയും അവിടുത്തെ രക്ഷകനായി തമ്പുരാനും! മതപ്രമാണങ്ങളിലൂടെ ഹ്രസ്വപര്യടനം നടത്തിയാല്‍ ഇവ്വിധമുള്ള നിരവധി മുഹൂര്‍ത്തങ്ങള്‍ കാണാനാവും.
അല്ലാഹുവല്ലാതെ മറ്റൊന്നും ഇല്ലാതിരുന്ന ആദ്യഘട്ടത്തില്‍ അവന്റെ പ്രഥമസൃഷ്ടിയായത് തിരുദൂതരുടെ പ്രാഗ്പ്രഭയായിരുന്നു. ആ ചൈതന്യത്തില്‍ നിന്നാണ് ആകാശവും ഭൂമിയും സ്വര്‍ഗവും മനുഷ്യരും മലക്കുകളുമൊക്കെ സൃഷ്ടമായത്. ജാബിര്‍(റ) ഉദ്ധരിക്കുന്നു: “ആദ്യ സൃഷ്ടിയെക്കുറിച്ച് ഞാന്‍ അന്വേഷിച്ചപ്പോള്‍ റസൂല്‍(സ്വ) പറഞ്ഞു: അത് താങ്കളുടെ പ്രവാചകന്റെ പ്രഭയായിരുന്നു. തന്റെ പ്രകാശം പ്രശോഭിപ്പിക്കാനാണ് അല്ലാഹു അതുണ്ടാക്കിയത്. പിന്നീട് ഗുണസമ്പൂര്‍ണകാര്യങ്ങള്‍ എന്റെ പ്രഭയില്‍നിന്ന് പടച്ചു. മറ്റുള്ളവയെല്ലാം സൃഷ്ടിക്കപ്പെട്ടത് അതിനുശേഷമാണ്’ (മുസ്വന്നഫ്/18). മറ്റു നിരവധി പണ്ഡിതരും ഈ വാക്യം ഉദ്ധരിച്ചിട്ടുണ്ട്. തിരുനബി(സ്വ)യുടെ ശ്രേഷ്ഠതകള്‍ ഇവിടെ തുടങ്ങുന്നു. അല്ലാഹുവല്ലാത്ത മറ്റൊന്നുമില്ലാത്ത അവസ്ഥയില്‍ തന്നെ പ്രവാചകാംശത്തിന് ഉണ്‍മ ലഭിച്ചുവെങ്കില്‍, സൃഷ്ടികര്‍മത്തിന്റെ സമാരംഭം കുറിച്ചതു തന്റെ ഹബീബിന്റെ പ്രഭ കൊണ്ടാണെങ്കില്‍ സ്രഷ്ടാവ് നബി(സ്വ)യെ എത്രമാത്രം പരിഗണിച്ചുവെന്ന കാര്യം ഓര്‍ത്തുനോക്കുക.
പൂര്‍വപ്രവാചകന്‍മാരുടെ അമാനുഷിക ദൃഷ്ടാന്തങ്ങള്‍ സമയകേന്ദ്രീകൃതമായിരുന്നുവെങ്കില്‍ അവിടുത്തെ പ്രധാന ദൃഷ്ടാന്തമായ ഖുര്‍ആന്‍ സര്‍വകാലികമാണ്. ഇനിയൊരു നബി വരാനില്ലാത്തതിനാല്‍ അതങ്ങനെ തന്നെയാവേണ്ടതുമുണ്ട്. ഇതിനു പുറമെ, മറ്റു പ്രവാചകന്മാര്‍ കാണിച്ചതുപോലുള്ള സാന്ദര്‍ഭികമായ പല അത്ഭുതങ്ങളും നബി(സ്വ)യും പ്രകടമാക്കിയിട്ടുണ്ട്. അവ മുന്‍ഗാമികളുടെ എല്ലാ മുഅ്ജിസത്തുകളെയും വെല്ലുന്നത്ര മികച്ചതുമായിരുന്നു. ഇമാം റാസി(റ)യെ വായിക്കുക: “നബി(സ്വ)ക്ക് മറ്റു പ്രവാചകന്മാര്‍ക്കില്ലാത്ത വലിയ ശ്രേഷ്ഠതകളുണ്ട്. എല്ലാവരുടെയും മുന്നെ പ്രഖ്യാപിക്കപ്പെട്ടിരുന്നു നബിവിശേഷങ്ങള്‍. മനുഷ്യഭൂതവര്‍ഗത്തിലേക്ക് നിയോഗിതന്‍, ആദ്യമായി പുനര്‍ജന്മം നല്‍കപ്പെടുന്നയാള്‍, നിയമവിധികള്‍ മാറ്റമേല്‍ക്കാതെ സുരക്ഷിതമായ പ്രവാചകന്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സ്ഥാന മഹത്ത്വം മുഹമ്മദ്(സ്വ)ക്കുണ്ട്. ആദം നബിയുടെയും (ഖുര്‍ആന്‍ 2/37) ഇബ്റാഹിം നബിയുടെയും(2/124) ഗ്രന്ഥം ഏതാനും വാക്യ സമാഹാരങ്ങളായിരുന്നുവെങ്കില്‍ മൂസാ പ്രവാചകന്റേത് ചില ഏടുകളായിരുന്നു (87/19). എന്നാല്‍ നബിയുടെ ഗ്രന്ഥമായ ഖുര്‍ആന്‍ മുന്‍ഗ്രന്ഥങ്ങളെ മുഴുക്കെ കാത്തുസൂക്ഷിക്കുന്നതും അവയുടെ മേല്‍ തീരുമാനമെടുക്കാന്‍ യോഗ്യമായതുമാണ് (5/48).
ഇത് മഹത്തായ ഒരു അംഗീകാരം തന്നെയാണല്ലോ. നൂഹ്(അ)ന്റെ കപ്പല്‍ ജലവിതാനത്തില്‍ പിടിച്ചു നിര്‍ത്തി നാഥന്‍ മഹാനെ ആദരിച്ചുവെങ്കില്‍ അതിനെക്കാള്‍ വലിയ അത്ഭുതമാണ് തിരുനബി(സ്വ) പ്രകടിപ്പിച്ചത്. അബൂജഹ്ലിന്റെ പുത്രന്‍ ഇക്രിമ ഒരുദിനം നബി(സ്വ)യോടു പറഞ്ഞു: “ഈ ജലസ്രോതസിനപ്പുറമുള്ള പാറ വെള്ളത്തില്‍ താഴാതെ ഇവിടെയെത്തിച്ച് അത് ദൈവത്തെ പ്രകീര്‍ത്തിക്കുന്നത് കേള്‍പ്പിച്ചു തന്നാല്‍ ഞാന്‍ താങ്കളെ അംഗീകരിക്കാം.” നബി(സ്വ) പാറയിലേക്കു കൈ ചൂണ്ടേണ്ട താമസം, അത് തസ്ബീഹ് ചൊല്ലി വെള്ളത്തിനു മുകളിലൂടെ സഞ്ചരിച്ച് അവരുടെ മുന്നിലെത്തുകയും നബിക്ക് സലാം പറയുകയും ചെയ്തു. നബി(സ്വ)പ്രവാചകനാണെന്ന് നിര്‍ജീവിയായ കല്‍ക്കഷ്ണം ഉറപ്പിച്ചു പറഞ്ഞുകൊണ്ടിരുന്നു. “ഇത്ര മതിയോ ഇക്രിമാ?’ നബി(സ്വ) ചോദിച്ചു. അത് തദ്സ്ഥാനത്തു തന്നെ തിരിച്ചെത്തിക്കുകകൂടി വേണമെന്ന് ഇക്രിമ ആവശ്യപ്പെട്ടു. നബി(സ്വ) തിരിച്ചുപോവാന്‍ കല്‍പിച്ച മാത്രയില്‍ മടക്കയാത്രയാരംഭിച്ച പാറ യഥാസ്ഥാനത്തുതന്നെ കയറിയിരുന്നു. ഇബ്റാഹീം(അ)നു തീ തണുപ്പാക്കി പൊള്ളലേല്‍ക്കാതെ നാഥന്‍ സംരക്ഷിച്ചുവെങ്കില്‍, മുഹമ്മദ്ബ്നു ഹാത്വിബ്(റ) കുട്ടിയായിരുന്നപ്പോള്‍ ചട്ടിമറിഞ്ഞ് ദേഹമാസകലം പൊള്ളിയിട്ടും ഒരു കലപോലും അവശേഷിപ്പിക്കാതെ മുഹമ്മദ് റസൂല്‍(സ്വ) സുഖപ്പെടുത്തിയിട്ടുണ്ട്.
മൂസാ(അ)ന് അല്ലാഹു നല്‍കിയ അടയാളങ്ങള്‍ സമുദ്രം രണ്ടുപിളര്‍പ്പാവുക, കല്ലില്‍ നിന്ന് വെള്ളം ഒഴുക്കുക, മേഘം നിഴലു നല്‍കുക, കൈകള്‍ പ്രകാശിക്കുക, വടി സര്‍പ്പമായി രൂപംമാറുക തുടങ്ങിയവയാണ്. ഇവയെക്കാള്‍ ശ്രേഷ്ഠമായ അമാനുഷികതയാണ് അന്ത്യപ്രവാചകന്‍ പ്രകടിപ്പിച്ചത്. നബി(സ്വ)യുടെ കല്‍പനയാല്‍ ചന്ദ്രന്‍ പിളര്‍ന്നു. കല്ലില്‍ നിന്നല്ല, ആയിരങ്ങള്‍ക്ക് കുടിക്കാനുള്ള ജലധാര തിരുകരങ്ങളില്‍ നിന്നു തന്നെയുണ്ടായി. മേഘം തണല്‍ നല്‍കുന്നതും പല പ്രാവശ്യം സംഭവിച്ചു. ഇത്തിരിവട്ടത്തിലുള്ള കൈകളുടെ പ്രകാശത്തെക്കാള്‍ ലോകമാസകലം പ്രകാശം പരത്തിയ ഖുര്‍ആന്‍ അവിടുത്തെ പ്രവാചകത്വത്തെ അലങ്കരിച്ചു. നബി(സ്വ)യെ കല്ലെറിയാനാഞ്ഞ അബൂജഹല്‍ ഞെട്ടി പിന്തിരിഞ്ഞ് ഓടിയൊളിച്ചത്, നബി(സ്വ)യുടെ ചുമലുകളില്‍ വാപിളര്‍ത്തിയാടുന്ന രണ്ടു ഉഗ്രനാഗങ്ങളെ കണ്ടായിരുന്നു. ദാവൂദ്(അ)മിനൊപ്പം പര്‍വതങ്ങള്‍ തസ്ബീഹ് ചൊല്ലിയെങ്കില്‍ നബി(സ്വ)യുടെയും വിശ്വസ്താനുയായികളുടെയും കൈകളില്‍ കിടന്ന് ചരല്‍കല്ലുകളും അതുതന്നെ ചെയ്തു. ദാവൂദ്നബി(അ)യുടെ പക്ഷിക്കു പകരം തിരുദൂതര്‍ക്ക് ബുറാഖ്! ഈസാ പ്രവാചകന്‍ മരിച്ചവരെ ജീവിപ്പിക്കുകയും വെള്ളപ്പാണ്ട് സുഖപ്പെടുത്തുകയും മറഞ്ഞത് പ്രവചിക്കുകയും ചെയ്തുവെങ്കില്‍ റസൂല്‍(സ്വ)യോടു ആടുമാംസം സംസാരിച്ചു. മുആദ്ബ്നുഗഫ്റാഇ(റ)ന്റെ ഭാര്യയുടെ പാണ്ട്രോഗം അവിടുന്ന് സുഖമാക്കി. പിതൃവ്യന്‍ അബ്ബാസ്(റ) ഒളിപ്പിച്ചുവച്ചത് അവിടുന്ന് വെളിപ്പെടുത്തിയതിനാലാണ് അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചതുതന്നെ. ഉഹ്ദ് യുദ്ധത്തില്‍ വെട്ടേറ്റു തൂങ്ങിയ അനുചരന്റെ കാല്‍ തിരുനബി(സ്വ) പൂര്‍വസ്ഥിതിയിലാക്കി.
സുലൈമാന്‍(അ)നെ പോലെ നബി(സ്വ)ക്കും പക്ഷികള്‍ സംസാരിക്കുന്നത് അറിയുമായിരുന്നു. വഴിദൂരം കുറയുക, ജിന്നുകള്‍ വഴിപ്പെടുക, മൃഗങ്ങള്‍ സംസാരിക്കുക, അനുയായികള്‍ക്കു പോലും ഹിംസ്രജന്തുക്കള്‍ കാവല്‍ നില്‍ക്കുക തുടങ്ങിയ മറ്റനവധി അമാനുഷികതകള്‍ അല്ലാഹുവിന്റെ പുണ്യറസൂല്‍ പ്രകടിപ്പിച്ചു. സൗര്‍ ഗുഹയില്‍വച്ച് സ്വിദ്ദീഖ്(റ)നെ കടിച്ച പാമ്പ് പറഞ്ഞുവത്രെ: “വര്‍ഷങ്ങളായി ഞാന്‍ നബി(സ്വ)യെ കാണാന്‍ കൊതിക്കുന്നു. അതിനൊരവസരമെത്തിയപ്പോള്‍ താങ്കള്‍ മാളത്തില്‍ കാലുവച്ച് തടസ്സം സൃഷ്ടിച്ചാലെങ്ങനെയാണ്?” കുറച്ച് ഭക്ഷണം കൊണ്ട് ധാരാളമാളുകള്‍ക്ക് വിശപ്പ് മാറ്റുക തുടങ്ങി നബി(സ്വ)യുടെ അത്ഭുതപ്രവര്‍ത്തനങ്ങള്‍ ആര്‍ക്ക് കണക്കെടുക്കാനാവും? (തഫ്സീറുല്‍ കബീര്‍) മുമ്പ്രവാചകന്‍മാര്‍ക്കുള്ളവയും അതിലപ്പുറവും മഹത്ത്വങ്ങള്‍ ശക്തമായ വിധം തിരുദൂതര്‍ക്ക് ലഭ്യമായിരിക്കുന്നു. അല്ലാഹു നല്‍കിയ പ്രത്യേക പരിഗണനയുടെ പ്രകടിതാടയാളങ്ങളാണ് ഇവയത്രയും.
ശ്രേഷ്ഠതകള്‍ വേറെയും
മറ്റു പ്രവാചകന്മാരെക്കാള്‍ തിരുനബി(സ്വ)ക്ക് ഖുര്‍ആന്‍ നല്‍കുന്ന ചില ശ്രേഷ്ഠതകള്‍ കൂടി വിശദീകരിക്കാം.
ഒന്ന്: പൂര്‍വപ്രവാചകന്മാര്‍ എല്ലാവരും നബി(സ്വ)യെ അംഗീകരിക്കണമെന്ന ദൈവിക കല്‍പന. അല്ലാഹു പറയുന്നു: “വേദവും തത്ത്വജ്ഞാനവുമായി നിങ്ങളുടെ വേദങ്ങളെ അംഗീകരിക്കുന്ന പ്രവാചകന്‍ സന്നിഹിതനായാല്‍ അദ്ദേഹത്തെ നിങ്ങള്‍ വിശ്വസിക്കുകയും സഹായിക്കുകയും വേണമെന്ന് മുമ്പ്രവാചകന്‍മാരില്‍നിന്ന് അല്ലാഹു കരാര്‍ സ്വീകരിച്ച സന്ദര്‍ഭം സ്മരണാര്‍ഹമാണ്” (3/81) അലി(റ) വിശദീകരിച്ചു: തങ്ങളുടെ കാലത്ത് തിരുനബി(സ്വ)യുടെ ആഗമനമുണ്ടായാല്‍ നബിയില്‍ വിശ്വസിക്കുകയും സഹായിക്കുകയും വേണമെന്ന ഉടമ്പടി നല്‍കാതെ ആദം(അ)മുതല്‍ ഒരു പ്രവാചകനെയും അല്ലാഹു നിയോഗിച്ചിട്ടില്ല (തഫ്സീര്‍ ബഗ്വി 1/322) മൂസാ പ്രവാചകന്‍ പുനര്‍ജനിച്ചാലും എന്നെ വഴിപ്പെടാതെ മറ്റു മാര്‍ഗമില്ലെന്ന് (ദലാഇലുന്നുബുവ്വ 1/46) നബി(സ്വ) തന്നെ വെളിപ്പെടുത്തിയതാണല്ലോ? മുഹമ്മദ്(സ്വ) പൂര്‍വഗാമികളെക്കാള്‍ അത്യുന്നതനായതുകൊണ്ടാണിത്.
രണ്ട്: മറ്റു നബിമാര്‍ക്കൊപ്പം പരാമര്‍ശിക്കപ്പെടുമ്പോഴൊക്കെ ആദ്യം തിരുദൂതരെയാണ് അല്ലാഹു പരിഗണിക്കുന്നത് (4/163, 33/7). അന്ത്യപ്രവാചകനായി നിയോഗിച്ചിട്ടും മുന്‍ഗാമികളുടെ മുന്നേ അല്ലാഹു പരാമര്‍ശിക്കാന്‍ മാത്രം അങ്ങ് ഔന്നത്യം നേടിയിരിക്കുന്നുവെന്ന് ഉമര്‍(റ) നബി(സ്വ)യെ പുകഴ്ത്തിപ്പറഞ്ഞിരുന്നു. (അശ്ശിഫാ 1/113)
മൂന്ന്: മഹാപ്രവാചകന്റെ ആഗമനത്തോടെ വിശുദ്ധ മതം പൂര്‍ത്തിയായി. അല്ലാഹു പറഞ്ഞതിങ്ങനെ: “ഈ ദിനം നിങ്ങള്‍ക്ക് ഞാന്‍ മതം പൂര്‍ത്തീകരിച്ചിരിക്കുന്നു. നിങ്ങള്‍ക്കു എന്റെ അനുഗ്രഹവും പൂര്‍ണമായി. ഇതാണ് സംതൃപ്തമായ ഇസ്‌ലാം” (5/3). പല പ്രവാചകന്‍മാരിലൂടെ കടന്നുവന്ന മതദര്‍ശനങ്ങള്‍ പരിപൂര്‍ണനായ തിരുമേനി വഴി സമാപ്തി നേടുകയാണുണ്ടായത്. മുന്‍ഗാമികളിലാര്‍ക്കും ഈ ഭാഗ്യം നാഥന്‍ കനിഞ്ഞേകിയില്ല. ഇനി മതനിയമങ്ങള്‍ പുതുതായി സ്ഥാപിക്കാന്‍ ഒരു പ്രവാചകനും എത്തിച്ചേരേണ്ടതില്ലാത്ത വിധം ഇസ്‌ലാം വികസിക്കുകയും ലോകം അതേറ്റെടുക്കുകയും ചെയ്തു. നബി(സ്വ)യെക്കുറിച്ച് അന്ത്യപ്രവാചകന്‍(ഖാതമുന്നബിയ്യീന്‍) എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ചത് (33/40) പ്രയുക്തമഹത്ത്വത്തിന്റെ മറ്റൊരു പ്രഘോഷമാണ്. അവിടുത്തെ വാക്കുകളില്‍ ഇങ്ങനെ കാണാം: “എന്റെയും പൂര്‍വ പ്രവാചകരുടെയും ഉപമ ഒരു ഇഷ്ടിക മാത്രം ഉപേക്ഷിച്ച് പണിതീര്‍ത്ത വീടു പോലെയാണ്. ഞാനാണ് ആ ഇഷ്ടിക. എന്റെ നിയോഗത്തോടെ പ്രവാചകഭവനം പൂര്‍ണത നേടി; എന്റെ ശേഷം ഒരുവിധ നബിയും വരാനില്ലാത്ത അവസാന ദൂതനാണ് ഞാന്‍” (ബുഖാരി). ലോകത്തിനുമുമ്പേ ഉണ്ടായിരിക്കുക. അവസാന കാലത്ത് പ്രത്യക്ഷപ്പെട്ട് നിയമസംഹിത പൂര്‍ത്തിയാക്കുക. മറ്റാര്‍ക്കു നേടാനായി ഈ സൗഭാഗ്യം?
നാല്: അല്ലാഹുവും മാലാഖമാരും നബി(സ്വ)യെ പ്രകീര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട് സത്യവിശ്വാസികളും അതുചെയ്യണമെന്ന കല്‍പന മറ്റൊരു മഹത്ത്വം (33/56). ഇബ്നു കസീര്‍ വിശദീകരിച്ചു: “സൂക്തതാല്‍പര്യം തന്റെ അടിമയായ ദൂതന്റെ ഉപരിലോകത്തെ ഉല്‍കൃഷ്ടത നാഥന്‍ വെളിപ്പെടുത്തുന്നുവെന്നതാണ്. അവന്‍ മാലാഖമാര്‍ക്കിടയില്‍ നബി(സ്വ)യെ പുകഴ്ത്തിക്കൊണ്ടിരിക്കുന്നു; അവര്‍ അവിടുത്തേക്കു വേണ്ടി പ്രാര്‍ത്ഥന നടത്തുകയും ചെയ്യുന്നു (തഫ്സീര്‍ 3/513). ശ്രേഷ്ഠാരാധനയായ നിസ്കാരത്തിനോ, എനിക്കുള്ളതെന്ന് അല്ലാഹു പ്രത്യേകം പുകഴ്ത്തിയ നോമ്പിനോ മറ്റോ ഇല്ലാത്ത ഒരു ശൈലിയിലാണ് “സ്വലാത്ത്’ നിര്‍ദേശിക്കുന്നതു തന്നെ. അവയെക്കുറിച്ചൊന്നും ഞാനും മാലാഖമാരും ചെയ്യുന്നതിനാല്‍ നിങ്ങളും നിര്‍വഹിക്കണമെന്ന കല്‍പനയില്ലല്ലോ. ഇവിടെയും അത്യുന്നതനായ നബിയുടെ മഹനീയതയാണ് പ്രത്യക്ഷപ്പെടുന്നത്. എന്നിട്ടും നായകനെക്കുറിച്ച് നല്ലതു പറയാതെ, സ്വലാത്ത് നിര്‍വഹിക്കാതെയിരിക്കുന്ന ഹൃദയകാപട്യമോര്‍ത്ത് നമുക്ക് പരിതപിക്കാം.
അഞ്ച്: സര്‍വവ്യാപിയായ മതം നല്‍കി റസൂല്‍(സ)യെ അല്ലാഹു അനുഗ്രഹിച്ചു. മറ്റു പ്രവാചകന്മാര്‍ ചില ഗോത്രങ്ങളുടെയും ജനതയുടെയും നായകരായിരുന്നുവെങ്കില്‍ ലോകത്തിനാകെയും അനുഗ്രഹമായിരുന്നു നബി(സ്വ) (21/107). അല്ലാഹു പറഞ്ഞു: “പറയുക പ്രവാചകാ, ഞാന്‍ നിങ്ങളില്‍ എല്ലാവര്‍ക്കുമുള്ള ദൂതനാണ്’ (7/158). പൂര്‍വിക നബിമാര്‍ക്കുമേല്‍ ഇവിടെയും മുഹമ്മദ്റസൂല്‍(സ്വ) ഉയര്‍ന്നുനില്‍ക്കുന്നു. ആദ് സമൂഹത്തിലേക്ക് ഹൂദ് (7/65), സമൂദിലേക്ക് സ്വാലിഹ്(7/73), മദ്യനിലേക്ക് ശുഐബ്(7/185) ബാബിലോണിലേക്ക് ഇബ്റാഹിം, ബനീ ഇസ്രാഈലിലേക്ക് മൂസാ, ഈസാ (അ) എന്നിങ്ങനെ ഗോത്രവര്‍ഗകേന്ദ്രീകൃതമായിരുന്നു അവരുടെ പ്രബോധനാധികാരം. ഇസ്രയേല്‍ സമൂഹത്തില്‍നിന്ന് കാണാതെ പോയ ആടുകളിലേക്കല്ലാതെ എന്നെ നിയോഗിച്ചിട്ടില്ലെന്ന് തുറന്നു പറഞ്ഞ യേശു (മത്തായി 10/6). മറ്റു ജാതികളെ തന്റെ ദര്‍ശനങ്ങളിലേക്ക് ക്ഷണിക്കരുതെന്ന് ശിഷ്യര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കാന്‍ മറന്നതുമില്ല. (മത്തായി 15/24)
പേരിലിരിക്കുന്നത്
വിശുദ്ധ ഖുര്‍ആന്‍ പരിശോധിക്കുക. നബി(സ്വ)ക്കു മുമ്പുള്ള പ്രവാചകന്മാരെയെല്ലാം അല്ലാഹു അവരുടെ പേരുവിളിച്ച് കല്‍പന നല്‍കിയത് കാണാനാവും. ആദം(2/35), നൂഹ്(11/48), ഇബ്റാഹിം (11/76), മൂസാ (7/144) ഈസബ്നു മറിയം(3/144) എന്നിങ്ങനെ നിരവധി നബിമാരെ അല്ലാഹു പേരെടുത്തു വിളിച്ചുവെങ്കില്‍ തിരുനബി(സ്വ)യെ ഒരു പ്രാവശ്യംപോലും അങ്ങനെ ചെയ്തില്ലെന്നു മാത്രമല്ല; അനിവാര്യഘട്ടങ്ങളില്‍മാത്രമേ മുഹമ്മദ് എന്ന് ഖുര്‍ആനില്‍ ചേര്‍ത്തിട്ടു പോലുമുള്ളൂ; കേവലം നാലു സ്ഥലങ്ങളില്‍. നബി(സ്വ)യെ വിളിക്കേണ്ടി വരുമ്പോള്‍ പ്രവാചകരേ, നബിയായുള്ളവരേ തുടങ്ങിയ സ്നേഹനാമങ്ങളാണ് അല്ലാഹു പ്രയോഗിക്കുക. അത്രക്ക് സ്നേഹബന്ധമായിരുന്നു അവര്‍ക്കിടയില്‍.
ഇങ്ങനെയുള്ള പ്രത്യേക പരിഗണന കൊണ്ടാണ് “മുഹമ്മദ്’ എന്ന പേര് ഖുര്‍ആനില്‍ കുറഞ്ഞുപോയതും “ഈസാ’ പോലുള്ളത് വര്‍ധിച്ചതും. ചില മതവിരുദ്ധര്‍ പക്ഷേ, ഈ മഹത്ത്വം ഉള്‍ക്കൊള്ളാതെ നബി(സ്വ)യുടെ ന്യൂനതയായി ഇത് വിലയിരുത്തുന്ന ആഭാസം കേരളത്തില്‍ ഇടക്കാലത്ത് കാണാനായി! വിവരശൂന്യതയുടെ ആഴമെന്നല്ലാതെന്തു പറയാന്‍!
നേതൃത്വം പരലോകത്തും
ഭൗതിക ജീവിതത്തിലെന്നപോലെ ആഖിറത്തിലും ശ്രേഷ്ഠ പ്രഭാവത്തിലാണ് തിരുനബി നില കൊള്ളുക. ശരിയായ ജീവിതം പരലോകമായതിനാല്‍ ഇതങ്ങനയേവരൂ. ഖുര്‍ആന്‍ പറഞ്ഞു: “അന്ത്യമാണ് അങ്ങേക്ക് ആദ്യത്തെക്കാള്‍ ഉത്തമം.” (93:4) പുനര്‍ജന്മം, സിറാത്തുപാലം തരണം ചെയ്യല്‍, സ്വര്‍ഗവാതില്‍ സ്പര്‍ശനം, പ്രവേശനം, ശിപാര്‍ശാധികാരം, അത് സ്വീകരിക്കപ്പെടല്‍ തുടങ്ങിയവക്കൊക്കെ ഏറ്റവുമാദ്യം അവസരം ലഭിക്കുക തിരുദൂതര്‍ക്കായിരിക്കും. അവിടെ പ്രവാചകന്‍മാരടങ്ങുന്ന സര്‍വ ജനതയുടെയും മഹാനായകനും സഹായിയും അവര്‍ക്കുവേണ്ടി നാഥന്റെ സവിധത്തില്‍ ആവശ്യങ്ങളുന്നയിക്കുന്നയാളും നബി(സ്വ)തന്നെ, ഇവക്കു പുറമെ മഖാം മഹ്മൂദ് (പ്രശംസനീയ സ്ഥാനം), കൗസര്‍ (അവര്‍ണനീയ ഗുണങ്ങളുള്ള തടാകം), ഇതരപ്രവാചകന്‍മാരുടെ സത്യസാക്ഷിയാവുക എന്നീ ഉന്നതസ്ഥാനവും അല്ലാഹു നബി(സ്വ)ക്കു മാത്രം നല്‍കിയിട്ടുണ്ട്. (ഖുര്‍ആന്‍ 17/79, 108/1, 22/78 കാണുക) തങ്ങളുടെ സന്താനപരമ്പരയില്‍ വന്ന ഒരു പില്‍ക്കാല മഹാത്മാവിനു കീഴില്‍ പൂര്‍വീകപ്രവാചക ശ്രേഷ്ഠരെല്ലാം അഭിമാനപൂര്‍വം അണിനിരക്കുമ്പോള്‍ കാരുണ്യത്തിന്റെ ഗുരുവിനു ലഭ്യമായ മഹോന്നതിയെത്രയാണ്!
അല്ലാഹുവും നബിയും തമ്മില്‍
സുഖദുഃഖങ്ങളില്‍ പങ്കു ചേരുകയായിരിക്കും ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ സ്വഭാവം. പരസ്പരം ആശ്വസിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്യും. ഉറ്റ സുഹൃത്തിനെതിരില്‍ ദുരാരോപണങ്ങളുണ്ടായാല്‍ ഉടന്‍ മറുപടി നല്‍കി പ്രതികരിക്കാനും തയാറാവും. മുഹമ്മദ്(സ്വ)ക്കെതിരെ ആക്ഷേപങ്ങളുയര്‍ന്നപ്പോഴൊക്കെ, അതിന്റെ അര്‍ത്ഥശൂന്യത തെളിയിച്ചു കാണിക്കാന്‍, ഓരോന്നിനും അതിശക്തമായ മറുപടി നല്‍കാന്‍ അല്ലാഹു താല്‍പര്യം കാണിച്ചത് കാണാം. ഏതെങ്കിലും മധ്യസ്ഥന്‍ മുഖേനയായിരുന്നില്ല; നേര്‍ക്കുനേരെതന്നെയായിരുന്നു സ്രഷ്ടാവിന്റെ തിരിച്ചടികള്‍ മുഴുവന്‍. ചിലത് ശ്രദ്ധിക്കുക:
പുനര്‍ജന്മവുമായി ബന്ധപ്പെട്ട് നബിയെ പരിഹസിച്ചവര്‍ക്ക് അസ്സബഅ് എട്ടാം വചനത്തില്‍ അല്ലാഹു ചുട്ട മറുപടി നല്‍കി. ഭ്രാന്തനെന്ന് ആരോപിച്ചപ്പോള്‍ താങ്കള്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ അങ്ങനെയല്ലെന്ന് ആശ്വാസവചനം (അല്‍ഖലം/2) അവതരിപ്പിച്ചു. മുഹമ്മദ്(സ്വ) റസൂലല്ലെന്ന് ആക്ഷേപിച്ച ഘട്ടത്തില്‍ (റഅ്ദ്/42) നിശ്ചയം, താങ്കള്‍ ദൈവിക ദൂതന്‍ തന്നെയാണെന്നായിരുന്നു പ്രതികരണം (യാസീന്‍/3) കവിയാണെന്ന ആരോപണക്കാരോട് (സ്വാഫാത്ത്/36) നിങ്ങള്‍ വേദനാജനകമായ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് താക്കീതു ചെയ്തു (സ്വാഫാത്ത്/38). ഭക്ഷണം കഴിക്കുകയും അങ്ങാടിയിലൂടെ നടക്കുകയും ചെയ്യുന്നവന്‍ റസൂലാവില്ലെന്നായിരുന്നു മറ്റൊരു വിമര്‍ശനം (ഫുര്‍ഖാന്‍/7) മുന്‍ഗാമികളായ പ്രവാചകന്‍മാരൊക്കെയും ഇപ്രകാരം തന്നെയായിരുന്നുവെന്ന് നാഥന്‍ തിരിച്ചടിക്കുകയുണ്ടായി (ഫുര്‍ഖാന്‍/20). ആണ്‍ സന്താനങ്ങളില്ലാത്തതിനാല്‍ നബിയെ പരമ്പരയറ്റവന്‍ എന്ന് പരിഹസിച്ച ശത്രുവിനെക്കുറിച്ച് അവന്‍ തന്നെയാണ് കുറ്റിയറ്റവനെന്ന് (കൗസര്‍/3) അല്ലാഹു പ്രഖ്യാപിച്ചു. പില്‍ക്കാലത്ത് അപ്രകാരം തന്നെ സംഭവിക്കുകയുമുണ്ടായി.
നബികുടുംബമായ അഹ്ലുബൈത്ത് ലോകമാസകലം വ്യാപിച്ചുവന്നത് യാഥാര്‍ത്ഥ്യം. എന്നാല്‍ അന്ന് ആരോപണം നടത്തിയ ആസുബ്നുവാഇല്‍ പരാമര്‍ശിക്കപ്പെടുക പോലും ചെയ്യാത്തത്ര അജ്ഞാതനായിത്തീരുകയാണുണ്ടായത്. സത്യം ബോധ്യപ്പെട്ടിട്ടും ആഢ്യത്വ സംരക്ഷണാര്‍ത്ഥം തിരുദൂതര്‍ക്കെതിരെ ദുരാരോപണങ്ങളുന്നയിച്ച ശത്രുവിനെ ജാരസന്താനമെന്നായിരുന്നു ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. ഇങ്ങനെ തന്റെ ഇഷ്ടക്കാരനു വേണ്ടി അല്ലാഹു നിര്‍വഹിക്കുന്ന തീവ്ര ഇടപെടലുകള്‍കൊണ്ട് സമ്പന്നമാണ് ചരിത്രം. ഈ സ്നേഹബന്ധത്തിനു മുമ്പില്‍ മറ്റുള്ളവയ്ക്കെന്തു പ്രസക്തി? നബി(സ്വ)യുടെ തൃപ്തിക്കൊത്ത് അല്ലാഹു കഅ്ബയിലേക്ക് ഖിബ്ല മാറ്റംവരുത്തിയതു പോലുള്ള സന്ദര്‍ഭങ്ങളില്‍ (2/144) നാഥന്റെയും നായകന്റെയുമിടയിലുള്ള ദൃഢബന്ധം ലോകം കണ്ടു. സ്വന്തക്കാരന്റെ അനുയായികളായി നമ്മെ അവതരിപ്പിച്ച അല്ലാഹുവിനു സര്‍വസ്തുതിയും. സ്നേഹത്തിന്റെ പ്രവാചകന്‍ നമുക്കു വേണ്ടിയാണു ജീവിച്ചത്. നമ്മെക്കുറിച്ച് എപ്പോഴും ചിന്തിക്കുകയും നമുക്കുവേണ്ടി കഠിനമായധ്വാനിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെയാണ് മാതാപിതാക്കളെക്കാളും ഇണകളെക്കാളും സമ്പത്തിനെക്കാളും സ്വശരീരത്തെക്കാളുമൊക്കെ വിശ്വാസികള്‍ക്ക് ബന്ധപ്പെട്ടത് റസൂല്‍(സ്വ)യാണെന്ന് ഖുര്‍ആന്‍ ഓര്‍മപ്പെടുത്തിയത് (33/6).
നബി(സ്വ)യെ സ്നേഹിച്ച് അവിടുത്തെ ഇഷ്ടംനേടി നാം ജീവിക്കുക. നരകാഗ്നിമോചനത്തിനുള്ള ഒരേയൊരു മാര്‍ഗമതാണ്. അജ്ഞത സൃഷ്ടിച്ച ഈര്‍ഷ്യതകള്‍ മാറ്റി ഇസ്‌ലാമിക പ്രമാണങ്ങളിലേക്കു വരിക. അവിടെ കാണാവുന്നത് നാഥന്റെ സ്നേഹ ദൂതനെയാണ്, ഇഷ്ടരക്ഷകനെയാണ്. നബികല്‍പനകള്‍ പിന്തുടര്‍ന്ന് തിരുദൂതരിലേക്കും അല്ലാഹുവിലേക്കും അടുക്കാന്‍ ശ്രമിച്ചേ തീരൂ. അതാണ് മനുഷ്യന്റെ വിജയമാര്‍ഗം.

ഇബ്റാഹിം സഖാഫി പുഴക്കാട്ടിരി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ