നബി(സ്വ)യെ സ്നേഹിക്കൽ സത്യവിശ്വാസത്തിന്റെ കാതലാണ്. തിരുനബി(സ്വ)യാണല്ലോ ദീൻ നമുക്കെത്തിച്ചു തന്നത്. നാം വിശ്വസിക്കേണ്ട കാര്യങ്ങൾ ധാരാളമുണ്ട്. സത്യവിശ്വാസത്തിന്റെ നിർവചനം തന്നെ നബി(സ്വ)യെ അംഗീകരിക്കലും വാസ്തവമാക്കലുമാണ്. ഒരാളെ സമ്പൂർണമായി അംഗീകരിക്കാൻ സാധിക്കണമെങ്കിൽ അദ്ദേഹത്തെക്കുറിച്ച് നല്ല വിചാരവും അദ്ദേഹത്തോട് ഇഷ്ടവുമുണ്ടാവണമല്ലോ.
അംഗീകാരത്തിന് ഇഷ്ടം വേണമെന്നപോലെ, അംഗീകൃത കാര്യങ്ങളോടുള്ള പ്രതിബദ്ധതയും ആത്മാർത്ഥതയും അതിന്റെ ഇടനിലക്കാരനോടുള്ള ഇഷ്ടം വർധിപ്പിക്കും. സത്യവിശ്വാസവും അനുബന്ധമായ കാര്യങ്ങളും നബി(സ്വ)യോടുള്ള ഇഷ്ടത്തിന്റെയും മഹബ്ബത്തിന്റെയും അടയാളമാണ്. കേവലമായ ധാരണകളോ നിലപാടുകളോ ആയിരിക്കില്ല നബിസ്നേഹിയായ ഒരു സത്യവിശ്വാസിയിൽ നിന്നുണ്ടാവുക. അനുകരണവും അനുധാവനവും കൂടുതലാകുന്നതിന് നബിസ്നേഹം നിമിത്തമായിത്തീരും. തന്റെ ഇഷ്ടഭാജനത്തിന്റെ ജീവിതം സ്വാഭാവികമായും തന്നിലും സ്വാധീനിക്കും.
നബി(സ്വ)യിൽ കേവലമായ വിശ്വാസമല്ല ഇസ്ലാം ആവശ്യപ്പെടുന്നത്. സ്നേഹത്തെയും ആദരവിനെ ഇസ്ലാം ലക്ഷ്യമാക്കുന്നു. സ്നേഹത്തിനും ആദരവിനും വിശ്വാസത്തിനൊപ്പം പ്രധാന സ്ഥാനമുണ്ട്. നബിസ്നേഹത്തെ ഈമാനിന്റെ അടയാളമായാണ് റസൂൽ(സ്വ) പഠിപ്പിച്ചത്: ‘മാതാപിതാക്കൾ, സന്താനങ്ങൾ, മറ്റുള്ള മുഴുവൻ ജനങ്ങളേക്കാളും ഞാൻ പ്രിയങ്കരനായിത്തീരുവോളം നിങ്ങളാരും പൂർണവിശ്വാസിയാവുകയില്ല’ (ബുഖാരി, മുസ്ലിം).
സത്യവിശ്വാസത്തിൽ പ്രചോദിതമായ കർമാനുഷ്ഠാനങ്ങൾക്ക് സ്വന്തമായ അസ്തിത്വമുണ്ട്. നബിസ്നേഹം സത്യവിശ്വാസത്തിന്റെ അടിസ്ഥാനമാണ്. ഒരാളിലെ സ്നേഹപ്രകടന രീതികൾ കൃത്യമായി വിലയിരുത്താൻ സമാനമായ സ്നേഹാഭിമുഖ്യമുള്ളവർക്കേ സാധിക്കൂ. സ്നേഹത്തിന്റെ മാപനി സ്നേഹം തന്നെയെന്നർത്ഥം. സ്നേഹത്തെ സ്നേഹശൂന്യത കൊണ്ട് അളന്നു തിട്ടപ്പെടുത്തുന്നതിന്റെ ഫലമാണ് വിലകുറഞ്ഞ വിമർശനങ്ങൾ.
‘അല്ലാഹുവിന്റെ റസൂലേ, എന്റെ ശരീരം കഴിഞ്ഞ് മറ്റെല്ലാറ്റിനേക്കാളും എനിക്കേറ്റവും ഇഷ്ടം അങ്ങയോടാണെന്ന് ഉമർ(റ) പറഞ്ഞപ്പോൾ നബി(സ്വ) പറഞ്ഞു: ‘അല്ലാഹു സത്യം, നിന്റെ ശരീരത്തേക്കാളും ഞാൻ നിനക്ക് പ്രിയങ്കരനാവുന്നതു വരെ നിന്റെ നിലപാട് ശരിയല്ല.’ അപ്പോൾ ഉമർ(റ) പറഞ്ഞു: യാ റസൂലല്ലാഹ്. എന്റെ ശരീരത്തേക്കാളും അങ്ങാണെനിക്കിപ്പോൾ ഏറെ പ്രിയങ്കരൻ. നബി(സ്വ)യുടെ മറുപടി: ‘ഉമർ, നീ ഇപ്പോഴാണ് കാര്യം കൃത്യമായി ഗ്രഹിച്ചു പറഞ്ഞത്’ (ബുഖാരി, ഫത്ഹുൽബാരി).
സ്വന്തം ശരീരമടക്കം സൃഷ്ടിസാകല്യത്തിലൊന്നിനും നബി(സ്വ)യെക്കാൾ മുന്തിയ സ്ഥാനവും സ്നേഹവും നൽകാതിരിക്കുന്ന അവസ്ഥയാണ് തിരുനബിസ്നേഹത്തിന്റെ പാരമ്യത. നബി(സ്വ)യോടൊപ്പം ജീവിച്ച് സ്നേഹത്തിന്റെ പ്രയോഗവും പ്രസരണവും നടത്തിയവരാണു സ്വഹാബികൾ. പ്രകൃതിപരമായ സ്നേഹബന്ധങ്ങൾക്കുപരിയായി തിരുനബിസ്നേഹത്തെ പരിഗണിക്കാൻ അവർക്കായി. സമ്പത്തും സന്താനങ്ങളും മാതാപിതാക്കളും മറ്റു ഭൗതികമായതെന്തും പ്രവാചകർക്കുവേണ്ടി ത്യജിക്കാനും സ്വഹാബികൾക്ക് സാധിച്ചു. ഉള്ളിലുറച്ച നബിസ്നേഹം അവരുടെ ജീവിതത്തെയാകമാനം മാറ്റിമറിച്ചുവെന്നു ചരിത്രം.
എല്ലാവർക്കും ഇഷ്ടപ്പെടാനും സ്നേഹിക്കാനും പറ്റുന്ന അവസ്ഥയിലായിരുന്നുവല്ലോ നബി(സ്വ)യുടെ പ്രവാചകത്വ പ്രഖ്യാപന പൂർവകാലം. സമകാലികരുടെയെല്ലാം സ്നേഹാദരങ്ങളും അംഗീകാരവും നേടിയ ജീവിതത്തിന് പൂർണതയുടെ തിളക്കമായിരുന്നു പ്രവാചകത്വ പ്രഖ്യാപനവും രിസാലത്തും. അൽഅമീൻ എന്ന വ്യക്തിത്വത്തിന് ലഭ്യമായ സ്വീകാര്യതയും സ്നേഹാഭിമുഖ്യങ്ങളും അല്ലാഹുവിന്റെ റസൂൽ എന്ന അത്യുന്നതമായ പുതിയ തലത്തിലേക്ക് ഉയരുകയായിരുന്നു. തിരുനബി(സ്വ)യുടെ ഈ പദവിയെ അംഗീകരിക്കുന്നവനാണ് വിശ്വാസി. അൽഅമീനെ സ്നേഹിച്ച വിശ്വാസി അല്ലാഹുവിന്റെ റസൂലിനെ സ്നേഹിക്കുമ്പോഴുണ്ടാവുന്ന അസ്ഥയെയാണ് സ്വഹാബത്ത് അടയാളപ്പെടുത്തിയത്. എല്ലാത്തിലുമെന്ന പോലെ നബിസ്നേഹ പ്രകടന രീതിയിലും സ്വഹാബത്ത് തന്നെയാണ് മാതൃക.
ബന്ധങ്ങളുടെ ഊഷ്മളതയാണ് സ്നേഹത്തെ പോഷിപ്പിക്കുക. തന്റെ ഇഷ്ടഭാജനം എത്രത്തോളമാണ് തന്നിൽ കുടിയേറിയിരിക്കുന്നത്, അതിനനുസരിച്ചാണ് സ്നേഹമുണ്ടാവുന്നത്. വിശ്വാസികളോടും വിശ്വാസിനികളോടും ഏറ്റവും ബന്ധപ്പെട്ടത് നബി(സ്വ)യാണ് എന്ന് ഖുർആൻ പറയുന്നു: ‘നബി സത്യവിശ്വാസികളോട് സ്വന്തം ശരീരത്തേക്കാൾ ബന്ധപ്പെട്ടവരാണ്’ (അൽഅഹ്സാബ്). ഈ ഖുർആൻ സൂക്തത്തിന്റെ വിശദീകരണത്തിൽ സത്യവിശ്വാസികളും നബി(സ്വ)യും തമ്മിലുള്ള ബന്ധത്തിന്റെ ആഴവും അവസ്ഥയും കാണാം. പ്രവാചകരോടുള്ള ഇഷ്ടം അവിടുത്തെ പരിഗണിക്കാനും സാധ്യമായ വിധം പ്രേമം പ്രകടിപ്പിക്കാനും കാരണമാവണം. അപ്പോഴാണ് ഇഷ്ടം ആത്മാർത്ഥമായിത്തീരുന്നത്.
കർമാനുഷ്ഠാനത്തിലും വിശ്വാസാചാരങ്ങളിലും ചുരുക്കി പ്രവാചകസ്നേഹത്തെ മനസ്സിലാക്കിക്കൂടെന്നാണ് സ്വഹാബത്തിന്റെ ചരിത്രപാഠം. സ്നേഹമെന്നത് സ്വന്തമായിത്തന്നെ അസ്തിത്വവും പ്രയോഗരീതികളുമുള്ള വികാരമാണ്. സത്യവിശ്വാസം അതിനെ വിമലീകരിച്ച് പരിശുദ്ധമാക്കിത്തീർക്കുകയാണ് ചെയ്യുക.
സ്നേഹത്തിന്റെ പേരിൽ നബി(സ്വ)യുടെ സവിധത്തിൽ വെച്ച് സ്വഹാബികൾ ചെയ്ത പ്രവർത്തനങ്ങൾ മാതൃകാപരമാണ്. ഇസ്ലാമിനു നിരക്കാത്ത ഒന്ന് നബി(സ്വ) അംഗീകരിച്ചു എന്ന് ധരിക്കാൻ വിശ്വാസിക്ക് സാധിക്കുകയില്ല. ഇത്തിബാഅ് (അനുധാവനം) ചെയ്യലിനപ്പുറത്ത് സ്നേഹത്തിന് അർത്ഥതലങ്ങളൊന്നുമില്ലെന്ന വാദം ഭീമാബദ്ധമാണ്. ഇത്തിബാഅ് സ്നേഹത്തിന്റെ ഫലമായി ഉണ്ടാവേണ്ട പ്രധാന ഗുണമാണ്. അത് സത്യവിശ്വാസത്തിന്റെ തേട്ടവുമാണ്. നബി(സ്വ)യോടുള്ള സ്നേഹം സത്യവിശ്വാസത്തിന്റെ പൂരണവും പോഷണവും.
പ്രവാചകസ്നേഹത്തെ പോഷിപ്പിക്കുന്നതിൽ നബി(സ്വ)യെക്കുറിച്ചുള്ള അറിവിനും പഠനത്തിനും മുഖ്യമായ സ്ഥാനമുണ്ട്. സ്വഹാബത്തിന് പ്രവാചകരുമായി നേരിട്ടുള്ള അനുഭവങ്ങളുണ്ടായിരുന്നതിനാൽ അവരുടെ സ്നേഹവും അതിന്റെ പ്രായോഗിക രീതികളും വളരെ ഉന്നതവും വേറിട്ടതുമായിരുന്നു. പല സ്വഹാബികളിൽ നിന്നും വ്യത്യസ്തമായ രീതിയിൽ സ്നേഹ പ്രകടനം നടന്നിട്ടുണ്ട്. അതിലൊന്നിനെയും ഇകഴ്ത്തിക്കാണിക്കേണ്ടതില്ല. കാരണം, എല്ലാത്തിന്റെയും അടിസ്ഥാന പ്രചോദനം അകം നിറഞ്ഞ നബിസ്നേഹമായിരുന്നു. മറ്റൊരു കാരണം കൂടിയുണ്ട്; അത് ചെയ്തത് റസൂലിന്റെ സഹചാരികളാണ്. ഉത്തമ സമുദായമെന്നാണല്ലോ അവരറിയപ്പെട്ടത്. പാടില്ലാത്തതാണു ചെയ്തതെങ്കിൽ റസൂലവരെ തിരുത്തുമായിരുന്നു.
തിരുനബി(സ്വ)യുടെ മഹത്ത്വം, വ്യക്തിത്വം, കാരുണ്യം, സ്വഭാവം, പ്രകൃതി തുടങ്ങിയവയിലധിഷ്ഠിതമാണ് നബിസ്നേഹത്തിന്റെ കാരണങ്ങളും ന്യായങ്ങളും. പ്രവാചകസ്നേഹത്തെ എങ്ങനെ അനുഭൂതിയും അനുഗ്രഹവുമാക്കി മാറ്റാമെന്നതിന് സ്വഹാബികളിൽ നിന്ന് മാതൃകയും പ്രചോദനവുമുണ്ട്. റസൂലിന്റെ അംഗീകാരവും ആശീർവാദവും പ്രോത്സാഹനവും അത്തരം രംഗങ്ങളിലുണ്ടായി. നബി(സ്വ)യുടെ ഉമിനീരിനായി തിരക്കുന്ന സ്വഹാബികളെക്കുറിച്ച് ഉർവത്തുബ്നു മസ്ഊദ് വിവരിച്ചത് ഇമാം ബുഖാരി(റ) ഉദ്ധരിച്ചിട്ടുണ്ട്. വുളൂഇന്റെ വെള്ളത്തിനായി സ്വഹാബിമാർ ആവേശം കാണിച്ചത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചു.
മാതാപിതാക്കൾ, സന്താനങ്ങൾ, സമ്പത്തുക്കൾ, കഠിനമായ ദാഹസമയത്തെ വെള്ളം തുടങ്ങിയവയേക്കാൾ നബി(സ്വ) തനിക്കു പ്രിയങ്കരനായിരുന്നുവെന്ന് അലി(റ) പറഞ്ഞിട്ടുണ്ട് (ശറഹുൽ ബുഖാരി ലിസ്സഫീരി-റ).
അബൂസുഫ്യാൻ(റ)ന്റെ മകളായ ഉമ്മുഹബീബ(റ) നബി(സ്വ)യുടെ പ്രിയപത്നിയാണ്. വിശ്വസിക്കുന്നതിന് മുമ്പ് ഒരിക്കൽ അബൂസുഫ്യാൻ മകളെ കാണാനായി വീട്ടിൽ വന്നു. അവിടെയുണ്ടായിരുന്ന ഒരു വിരി മഹതി വേഗത്തിൽ ചുരുട്ടിവെച്ചു. അതിൽ ഇരിക്കാൻ പിതാവിനെ അവരനുവദിച്ചില്ല. അദ്ദേഹം ചോദിച്ചു: മോളേ, എന്താണിത്, എനിക്കതിലിരുന്നുകൂടേ?
ഉമ്മുഹബീബ(റ)യുടെ മറുപടി: ‘ഇത് റസൂലുല്ലാഹി(സ്വ)യുടെ വിരിപ്പാണ്. നിങ്ങൾ ബഹുദൈവ വിശ്വാസിയാണ്. നബി(സ്വ)യുടെ വിരിപ്പിൽ നിങ്ങൾ ഇരിക്കുന്നത് ഞാനിഷ്ടപ്പെടുന്നില്ല (അൽഇസ്വാബ).
ഉഹ്ദ് യുദ്ധത്തിൽ പിതാവും ഭർത്താവും പുത്രനും ശഹീദുകളായ ബനൂദീനാറിലെ ഒരു സഹോദരി പ്രസ്തുത വിവരമറിഞ്ഞപ്പോഴും നബി(സ്വ)യുടെ സ്ഥിതിയറിയാൻ വെമ്പൽ കൊണ്ടത് പ്രസിദ്ധം (അൽബിദായത്തു വന്നിഹായ).
സംസാരിക്കുന്ന വേളയിൽ നബി(സ്വ)യുടെ താടിയുടെ നേരെ അവിചാരിതമായി കൈനീട്ടിയ ഉർവത്തുബ്നു മസ്ഊദിന്റെ കൈക്ക് അദ്ദേഹത്തിന്റെ സഹോദരപുത്രൻ മുഗീറത്തുബ്നു ശുഅ്ബ(റ) വാൾപിടികൊണ്ടടിച്ചത് ബുഖാരി(റ) ഉദ്ധരിച്ചിട്ടുണ്ട്.
ഉഹ്ദ് യുദ്ധവേളയിൽ സ്വഹാബികളിൽ പലരും ചിതറിയോടിയ രംഗം. അപ്പോൾ അബൂത്വൽഹ(റ) പറഞ്ഞു: ‘നബിയേ, എന്റെ മാതാപിതാക്കൾ അങ്ങേക്ക് സമർപ്പിതം. അങ്ങ് ശത്രുക്കൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെടരുത്. അവരുടെ അസ്ത്രം താങ്കൾക്ക് ഏൽക്കരുത്. എന്റെ നെഞ്ച് അങ്ങയുടെ നെഞ്ചിന് മുന്നിലായിരിക്കും (ബുഖാരി, മുസ്ലിം). ഉഹ്ദിൽ അബൂദുജാന(റ)ന്റെ പുറം ഭാഗത്ത് തറച്ച അമ്പുകളുടെ ആധിക്യം കാരണം മുള്ളനെപോലെ കാണപ്പെട്ടു. പ്രവാചകർക്ക് അമ്പേൽക്കുന്നതിൽ നിന്ന് സ്വന്തം ശരീരം കൊണ്ട് തടഞ്ഞതിന്റെ ഫലമായിരുന്നു ഇത് (ബൈഹഖി, ദലാഇൽ). ഇതേ ഘട്ടത്തിൽ തന്നെ അൻസ്വാരികളായ സ്വഹാബികൾ നബി(സ്വ)ക്ക് അമ്പേൽക്കാതിരിക്കാൻ സ്വന്തം ശരീരം കൊണ്ട് അവ തടഞ്ഞ് വീരമൃത്യു വരിക്കുകയുണ്ടായി. സ്വന്തം ശരീരത്തേക്കാൾ നബി(സ്വ)യുടെ സുരക്ഷക്ക് പ്രാധാന്യം നൽകിയ സംഭവങ്ങളിനിയും കാണാം.
പ്രവാചകരോടുള്ള ആദരവും സ്നേഹവും നിമിത്തം നബി(സ്വ)യുടെ പേരു കേൾക്കുമ്പോൾ കരഞ്ഞവരും ഭാവപ്പകർച്ചയനുഭവപ്പെട്ടവരും അവിടുത്തെ മുഖത്തേക്ക് നേരിട്ടു നോക്കാൻ പോലും ധൈര്യപ്പെടാത്തവരും സ്വഹാബിമാരിലുണ്ട്.
അബൂബക്കർ സിദ്ദീഖ്(റ) ഒരിക്കൽ മിമ്പറിൽ ഖുതുബ നിർവഹിക്കുന്നതിനിടെ റസൂൽ(സ്വ)യെക്കുറിച്ച് പറഞ്ഞപ്പോൾ മുഴുമിപ്പിക്കാനാവാതെ കരഞ്ഞു. മൂന്നുപ്രാവശ്യം ആവർത്തിച്ച ശേഷമാണ് വാക്കുകൾ മുഴുമിപ്പിക്കാനായത് (അബൂയഅ്ലാ).
ഇബ്നുഉമർ(റ) നബി(സ്വ)യെക്കുറിച്ച് പറയുമ്പോഴൊക്കെ കരയാറുണ്ടായിരുന്നു. തിരുനബി(സ്വ)യുടെ ശേഷം മദീനയിൽ താമസിക്കാൻ സാധിക്കാതെ ശാമിലേക്കു താമസം മാറ്റി ബിലാൽ(റ). ഒരിക്കൽ സ്വപ്നത്തിൽ നബി(സ്വ) പരിഭവം പറഞ്ഞതിനാൽ മദീനയിൽ വന്നു. ഹസൻ, ഹുസൈൻ(റ)യുടെ നിർബന്ധത്തിനു വഴങ്ങി വാങ്ക് വിളിച്ചു. അശ്ഹദു അന്ന മുഹമ്മദ… എന്ന വചനമുച്ചരിച്ചപ്പോൾ അദ്ദേഹവും മദീനാ നിവാസികളുമെല്ലാം പൊട്ടിക്കരച്ചിലായി (താരീഖ്ബ്നു അസാകിർ).
സ്വഹാബികളിൽ നിന്നും നുകർന്നെടുത്ത നബിസ്നേഹാദരത്തിന്റെ മാതൃക താബിഉകളും ശേഷക്കാരായ മഹാ സാത്വികരും സ്വന്തം ജീവിതത്തിൽ അനുവർത്തിച്ചിരുന്നു. മദീനയിൽ വാഹനപ്പുറത്ത് സഞ്ചരിക്കാൻ കൂട്ടാക്കാതിരുന്ന മാലിക്(റ) ചെരിപ്പ് ധരിക്കാതെയാണ് മദീനയിലൂടെ നടന്നിരുന്നത്. പൂർവികരിൽ നിന്നും സ്വീകരിക്കാനായ സ്നേഹചീന്തുകൾ അൽപമെങ്കിലും നമ്മിലൊക്കെ കാണുന്നുവെന്നത് മഹാഭാഗ്യമാണ്. ആ കാരുണ്യദാനത്തിന്റെ ഗുണഫലങ്ങൾ നേടിയെടുക്കാൻ നാം അവസരം കാണുക. നബിസ്നേഹ വിചാരത്താൽ സമൂഹം കാലങ്ങളായി അനുവർത്തിച്ചുവരുന്ന ആദർശപരമായ കാര്യങ്ങൾ നമ്മളും സ്വീകരിക്കുക.
എല്ലാ അർത്ഥത്തിലും നബി(സ്വ)യോടുള്ള സ്നേഹം ഉൾക്കൊണ്ടും നബിചര്യയും പാഠങ്ങളും സ്വീകരിച്ചും യഥാർത്ഥ പ്രവാചകസ്നേഹികളാവാൻ നാം പരിശ്രമിക്കണം. നമ്മുടെ സത്യവിശ്വാസത്തിന്റെ പൂർത്തീകരണം സാധിക്കാനും ചൈതന്യം സംരക്ഷിക്കാനും അതുവഴി വിജയം നേടാനും പ്രവാചകപ്രണയം കൂടിയേ തീരൂ.
അലവിക്കുട്ടി ഫൈസി എടക്കര