കേരളീയ മുസ്‌ലിം ജീവിതത്തിലെ സൗഹാർദത്തിന്റെയും മാനവികതയുടെയും നേർചിത്രമാണ് മാപ്പിള കലാരൂപങ്ങൾ. തദ്ദേശീയമായി രൂപംകൊണ്ട ഇവ മുസ്‌ലിം ജീവിതത്തിലേക്ക് കൂടിച്ചേർന്ന് ഇന്ന് കാണുന്ന വ്യത്യസ്ത മാപ്പിള കലാ രൂപങ്ങളായി മാറുകയായിരുന്നു. താഴ്ന്നതും ഉയർന്നതുമായ ജാതികളിൽ നിന്ന് ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്തവർ ഇസ്‌ലാമിനിണങ്ങുന്ന തങ്ങളുടെ ജീവിത സംസ്‌കാരങ്ങളെ തുടർന്നും പുണരുകയും അല്ലാത്തവ വർജിക്കുകയുമുണ്ടായി. മതവിരുദ്ധമല്ലാത്തതിനാൽ പണ്ഡിതർ അതിനെതിരു നിന്നതുമില്ല.
സാംസ്‌കാരികമായി തദ്ദേശീയ ജീവിതത്തോട് ഉൾച്ചേർന്നതിന്റെ ഉദാഹരണങ്ങൾ മുസ്‌ലിം ജീവിതങ്ങളിൽ കാണാം. അന്തലൂസിയൻ അറബിയും (അൽജാമിദോ) അറബി മലയാളവും അറബിത്തമിഴും മലബാറിന്റെ വിപ്ലവ ഭാഷയായ ‘മൈഗുരുഡ് ഭാഷയും’ ഇത്തരത്തിലുള്ളവയാണ്. വടക്കൻ മേഖലയിൽ കാണപ്പെടുന്ന മരുമക്കത്തായം നായർ സമുദായത്തിൽ നിന്ന് കടം കൊണ്ടതാണെന്നു പറയാറുണ്ടല്ലോ.
കാലാനുസൃതമായ ഭരണമാറ്റങ്ങൾക്കനുസരിച്ച് മുസ്‌ലിം ലോകത്തുയർന്നുവന്ന ഉമയ്യദ്, മംലൂക്, മുഗൾ ശിൽപകലകൾക്ക് താദാത്മ്യമായി കേരളത്തിലും തനിമ ചോരാത്ത എടുപ്പുകൾ വളർത്തിയെടുത്തു നമ്മുടെ പൂർവികർ. കേരളത്തിലെ പല പള്ളികളും പണിതത് ജൈന നിർമാണരീതിയിലാണ്. പൗരാണിക പള്ളികളിലും ദർഗകളിലും കാണപ്പെടുന്ന വിളക്കുകൾ, അറബി നാടുകളിൽ വ്യാപകമായിരുന്ന റാന്തലുകളുടെ കേരള പകർപ്പാണ്. ഇസ്‌ലാമിലെ പ്രകാശ കാഴ്ചപ്പാടുകൾ ചിഹ്നവൽക്കരിക്കുന്നതിന് അറബികൾ റാന്തലുകളെ ഉപയോഗിച്ചപ്പോൾ കേരളീയ ഉലമാക്കൾ ‘വിളക്കത്തിരിക്കൽ’ തിരഞ്ഞെടുത്തത് സാംസ്‌കാരിക തനിമയുടെ മികച്ച ഉദാഹരണമത്രെ. കൈറോയിൽ പഠിച്ച സൈനുദ്ദീൻ മഖ്ദൂം(റ) നാട്ടിൽ സമാനമായ പഠനകേന്ദ്രം സ്ഥാപിക്കാൻ തുനിഞ്ഞപ്പോൾ താൻ വിദ്യ നുകരുകയും കണ്ടു ശീലിക്കുകയും ചെയ്ത അസ്ഹറിന്റെ രീതികളല്ല, തദ്ദേശീയ നിർമാണ രീതിയാണ് ഉപയോഗിച്ചതെന്നതു ശ്രദ്ധേയം. ഇസ്‌ലാമിക ചിഹ്നങ്ങളെ ബഹുമാനിക്കണമെന്നും അത് തഖ്‌വയുടെ രൂപമാണെന്നുമുള്ള ഖുർആനിക വചനങ്ങളാണ് ഇത്തരം ചിഹ്നവൽകരണത്തിന്റെയും തദ്ദേശീയ നിർമാണ കലകളുടെയും പിൽക്കാല തുടർച്ച യാഥാർഥ്യമാക്കിയത്.

ദഫ്, അറബനമുട്ട് തുടങ്ങി പലവിധ കലാരൂപങ്ങൾ മാപ്പിള കലകളായി അറിയപ്പെടുന്നുണ്ട്. വിവാഹ വീടുകളിലും മറ്റും നടത്തിപ്പോരുന്ന ഇവ സാമൂഹികതയുടെ ജീവസുറ്റ വ്യവഹാരങ്ങളാണ്. കോൽക്കളി കേരളീയർക്കിടയിൽ ഉണ്ടായിരുന്ന കോലാട്ടത്തിന്റെയും കോലടിപ്പാട്ടിന്റെയും വകഭേദമാണെന്ന് എസ് മോഹൻ ചന്ദ്രൻ നിരീക്ഷിക്കുന്നു. ഹിന്ദുക്കൾക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന വട്ടപ്പാട്ടിന്റെ പരിണിത രൂപമാണ് ഒപ്പന. അറബിയിലെ ‘ഹഫന’ എന്ന വാക്കിൽ നിന്നാണ് ഒപ്പന എന്ന പദത്തിന്റെ ഉത്ഭവമെങ്കിലും ക്ഷേത്രോത്സവങ്ങളിലും ഈ വാക്കുപയോഗിച്ചതായി കാണാം. ക്ഷേത്രങ്ങളിൽ കാണുന്ന ‘ഒപ്പന വയ്ക്കൽ’ ഇവ്വിധമുള്ള സാമൂഹിക കൈമാറ്റത്തിന്റെ വ്യക്തമായ തെളിവാണെന്ന് കരുതാം. പ്രവാചകരുടെ കാലത്തു തന്നെ നിലനിന്നിരുന്ന പ്രധാന സംഗീതാർച്ചനയാണ് ദഫ്. ഇതിൽ കേരളത്തനിമ ചേർന്നപ്പോൾ അറബി മലയാള പാട്ടുകൾ ചേർത്തു ദഫ്മുട്ട് എന്ന കലാരൂപം വികസിച്ചു. ലക്ഷദ്വീപിൽ നിന്നും മലായിൽ നിന്നുമാണ് ദഫ്മുട്ട് കേരളത്തിലേക്കെത്തിയതെന്നും അഭിപ്രായങ്ങളുണ്ട്.
ആയോധനകലകളിൽ മലയാളികൾക്ക് സുപരിചിതമായ കളരിയിലും പരിചമുട്ടിലും കൊടുക്കൽ വാങ്ങലുകളുടെ ഉദാഹരണങ്ങൾ കാണാൻ കഴിയും. നായന്മാരാണ് കളരിയുടെ ആദ്യത്തെ പ്രചാരകരെന്നാണ് അറിയപ്പെടുന്നതെങ്കിലും കുഞ്ഞാലി മരക്കാർ ഇതിലെ ഒരു സ്വാധീന ശക്തിയായിരുന്നുവെന്നത് അവിതർക്കിതമാണ്. തച്ചോളി ഒതേനൻ കുഞ്ഞാലിമരയ്ക്കാരുടെ കാൽക്കൽ കാണിക്ക വെച്ചുകൊണ്ടാണ് കളരി സ്ഥാപിച്ചതെന്നും മുസ്‌ലിംകളിലൂടെയാണ് കേരളത്തിൽ കളരി പ്രചരിച്ചതെന്നും അഭിപ്രായങ്ങളുണ്ട്. കളരി ഗുരുക്കളും കളരി ഉസ്താദുമാരും ഒരേ കലയാണ് പഠിപ്പിച്ചിരുന്നത്. മാപ്പിളമാർക്കിടയിലുള്ള പരിചമുട്ട് ഹിന്ദുക്കളുടെ പരിച കളിയുടെ വകഭേദമാണ്.
മലബാർ സമര കാലത്ത് പോരാളികൾ ഉപയോഗിച്ചിരുന്ന കോഡ് ഭാഷയാണ് ‘മൈഗുരുഡ്’. അധിനിവേശ കാലത്ത് വിപ്ലവകാരികൾ ജാതി മത ഭേദമന്യേ അതുപയോഗിച്ചു. സ്വന്തമായി ലിപി പോലുമുള്ള ഈ ഭാഷ മലയാള അക്ഷരങ്ങൾ ഉപയോഗിച്ചുള്ള പ്രത്യേക സംജ്ഞകളാണ്.
ഒരേ രീതിയിലുള്ള നൃത്തച്ചുവടും ആയോധന രീതിയും ഉപയോഗിക്കുമ്പോഴും വസ്ത്ര രീതിയിലും പാട്ടിലുമാണ് പലപ്പോഴും വ്യത്യാസപ്പെടാറുള്ളത്. മാപ്പിളമാരുടെ തനത് ഭാഷാരൂപമായ അറബി മലയാളത്തിലും നാടൻ ഭാഷയോടുള്ള സാമ്യം കാണാം. മാപ്പിള നാടോടി ഗാനങ്ങൾ ദ്രാവിഡ ശൈലികളിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ്. ‘മാവേലി നാടുവാണീടും കാലം’ എന്നതിന്റെ മാപ്പിള ഇശലാണ് തൊങ്കൽ. ‘ഓമനക്കുട്ടൻ ഗോവിന്ദം’ എന്നതിന്റെ ഇശലാണ് ആദി അന്തം. വഞ്ചിപ്പാട്ടിന്റെ രീതിയിലുള്ളതാണ് പുകയ്‌നാർ. മാലപ്പാട്ടുകൾ ഭക്തികീർത്തനങ്ങളുമായും പക്ഷിപ്പാട്ട് മലയാളത്തിലെ കിളിപ്പാട്ടുകളുമായും സാമ്യപ്പെട്ടു കിടക്കുന്നു.

മതസൗഹാർദത്തിന്റെ മാനവിക രൂപങ്ങൾ

ഹിന്ദു-മുസ്‌ലിം സാഹോദര്യത്തിന്റെ വിളനിലമാണ് കേരളം. കുരിശ് യുദ്ധത്തിന്റെ പക വെച്ചു നടന്നിരുന്ന പല നാവികരും അക്കാലത്ത് നാടു തേടി നടന്നിരുന്നു. 1600ൽ കേരളത്തിലെത്തിയ പറങ്കി പടനായകൻ കബ്രാൾ കോഴിക്കോട് തുറമുഖത്തുനിന്ന് മുഴുവൻ മുസ്‌ലിംകളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ അതിനെ എതിർക്കുകയും സ്വന്തം പ്രജകൾക്ക് സമാനമായാണ് അറബി വ്യാപാരികളെ താൻ കാണുന്നതെന്നുമാണ് സാമൂതിരി പ്രഖ്യാപിച്ചത്. ഈയൊരു സൗഹാർദാന്തരീക്ഷം കടൽ കടന്നെത്തിയ മുസ്‌ലിംകൾക്ക് മുതൽക്കൂട്ടായിട്ടുണ്ട്. സൂഫീവര്യന്മാരുടെ പ്രബോധന പ്രവർത്തനങ്ങളിൽ ആകൃഷ്ടരായ, അവരുടെ ചികിത്സകളിൽ രോഗം ശമിച്ച പലരും അനേകം സമ്മാനങ്ങൾ നൽകി. ഹിന്ദുക്കളുടെ സഹകരണത്തോടെ പലയിടത്തും പള്ളികൾ നിർമിച്ചു. ഹിന്ദു രാജാക്കന്മാരും നിരവധി പള്ളികൾ നിർമിച്ചു നൽകിയിട്ടുണ്ട്. മലപ്പുറം ഭരണാധികാരിയായിരുന്ന പാറനമ്പിയാണത്രെ മലപ്പുറം പള്ളി നിർമിച്ചത്. ക്ഷേത്രവും പള്ളിയും തൊട്ടുരുമ്മി നിൽക്കുന്നത് കേരളത്തിലെ ചേതോഹരമായ കാഴ്ചയാണ്. ചാലാട്ട് ശാസ്ത്ര ക്ഷേത്രത്തിന് സമീപമുള്ള ശൈഖിന്റെ പള്ളിയിൽ ആദരസൂചകമായി ബലിപെരുന്നാളിന് മൃഗബലി നടത്താറില്ലത്രെ. അറക്കൽ രാജവംശത്തിലെ പല നടപ്പുകളും ചിറക്കൽ രാജവംശത്തിന്റേതിന് സമാനമായിരുന്നു. രാജകൊട്ടാരവും കൊട്ടാരത്തിലെ കല്യാണ പാരമ്പര്യങ്ങളുമെല്ലാം സമാനതകൾ നിറഞ്ഞതായിരുന്നു. തീരദേശങ്ങളായ പൊന്നാനിയിലും കണ്ണൂരിലും കാണപ്പെടുന്ന പള്ളികൾ ഏറെക്കുറെ അമ്പലങ്ങളുടെ ശൈലിയിലാണ് നിർമിച്ചിട്ടുള്ളത്. കൊത്തുപണികൾ നിറഞ്ഞു നിൽക്കുന്ന മുസ്‌ലിം പള്ളികളിൽ ചെടികളും വള്ളികളും ആലേഖനം ചെയ്തപ്പോൾ, അമ്പലങ്ങളിൽ ദേവന്മാരുടെ ചിത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ‘ഏറനാട് കലാപം’എന്ന തുള്ളൽകൃതിയിൽ വാരിയൻ കുന്നനെയും മുസ്‌ലികളെയും കരിവാരിത്തേക്കാൻ ശ്രമിച്ചപ്പോൾ ഹിന്ദുക്കൾ തന്നെ അതിനെതിരിൽ പ്രതികരിച്ചതായി കാണാം. കവി കമ്പളത്ത് ഗോവിന്ദൻ നായർ മലബാർ യുദ്ധത്തെക്കുറിച്ച് പടപ്പാട്ട് എഴുതിയിട്ടുണ്ട്. വിദ്വേഷം പ്രകടിപ്പിക്കാൻ സാഹിത്യ രൂപങ്ങളെ പലരും ഉപയോഗിച്ചിരുന്നെങ്കിലും ജീവിതത്തിലനുഭവിച്ചറിഞ്ഞ വസ്തുതകൾ ജനങ്ങൾക്ക് അറിയാവുന്നത് കൊണ്ട് പുച്ഛിച്ചു തള്ളുകയാണുണ്ടായത്. മതസൗഹാർദം കാത്തുസൂക്ഷിക്കുന്നതിൽ കലാരൂപങ്ങൾക്ക് ഏറെ പങ്കുണ്ട്. മതസൗഹാർദം ഇതിവൃത്തമാക്കിയ ഓട്ടംതുള്ളലുകളും മാലപ്പാട്ടുകളും ഇരു സമൂഹങ്ങൾക്കുമിടയിലെ പാലമായി മാറാറുണ്ട്. രാജസ്വരൂപങ്ങൾ തമ്മിലുള്ള സൗഹൃദങ്ങളിൽ പോലും കലകൾ കൈമാറ്റം ചെയ്യപ്പെട്ടതു കാണാം. നവാബുമാർ കളരിയുടെ പ്രധാന പ്രചാരകരായി മാറിയത് ആഴമേറിയ ഈ ബന്ധത്തിന് അടിവരയിടുന്നുണ്ട്. ഓരോ സമൂഹത്തിന്റെയും പ്രബുദ്ധതയും നാഗരികതയും കണക്കാക്കുന്നതിൽ സാഹിത്യത്തിനുള്ള അതേ പ്രാധാന്യം കലാരൂപങ്ങൾക്കും ശിൽപകലകൾക്കും നൽകാറുണ്ടെന്നത് അവ നിലനിർത്തി പോരേണ്ടത്തിന്റെ അനിവാര്യത വിളിച്ചോതുന്നു. സ്വത്വ നിർണയ മാപിനികളായ ഇത്തരം കലകളെ സംരക്ഷിക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്നു ചുരുക്കം.

സിറാജുദ്ദീൻ റസാഖ് തിലാന്നൂർ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ