വൈജ്ഞാനിക നവോത്ഥാനത്തിലും ആത്മീയ പ്രസരണത്തിലും എറണാകുളം ജില്ലയിൽ ധാരാളം ഊർജപ്രവാഹങ്ങൾ ഉറവയെടുത്തിട്ടുണ്ട്. അവ വിവിധ കൈവഴികളായി കേരനാട്ടിലെ ഇസ്‌ലാമിക മുന്നേറ്റങ്ങളെ നട്ടും നനച്ചും വളർത്തി ഒഴുകിക്കൊണ്ടിരിക്കുന്നു. അഭിമാനകരമായ അനവധി ഇസ്‌ലാമിക പൈതൃകങ്ങൾ ജില്ലയെ സമ്പന്നമാക്കുന്നു. കൊച്ചി, മട്ടാഞ്ചേരി, ആലുവ, എടവനക്കാട്, പെരുമ്പാവൂർ, മൂവാറ്റുപുഴ, കോതമംഗലം, കാഞ്ഞിരമറ്റം, പറവൂര് എന്നിവ ജില്ലയിലെ പ്രധാന മുസ്‌ലിം അധിവാസ കേന്ദ്രങ്ങളാണ്. മലബാറിലെ മഖ്ദൂം പ്രഭാവത്തിന്റ പിതൃത്വം കൊച്ചിക്ക് അവകാശപ്പെട്ടതാണ്.
മധ്യകേരളത്തിൽ സ്ഥിതിചെയ്യുന്ന എറണാകുളം ജില്ല സംസ്ഥാനത്തിന്റെ വാണിജ്യ തലസ്ഥാനമാണ്. തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങൾക്കു കീഴിലുണ്ടായിരുന്ന പ്രദേശങ്ങൾ ചേർത്ത് 1958 ഏപ്രിൽ ഒന്നിനാണ് ജില്ല രൂപീകൃതമായത്. പടിഞ്ഞാറ് അറബിക്കടലും വടക്ക് തൃശൂർ ജില്ലയും കിഴക്ക് ഇടുക്കി ജില്ലയും തെക്ക് കോട്ടയം, ആലപ്പുഴ ജില്ലകളും എറണാകുളത്തിന് അതിരുകളിടുന്നു. ജില്ലയിലെ മിക്ക പ്രദേശങ്ങളും വാണിജ്യത്തിനു പേരുകേട്ട പ്രദേശങ്ങളാണ്.
സംഘകാലകൃതികൾ നൽകുന്ന വിവരമനുസരിച്ച് തമിഴകത്തിന്റെ ഭാഗമായിരുന്ന കുട്ടനാട്ടിൽ ഉൾപ്പെട്ടതായിരുന്നു എറണാകുളം ജില്ല. പന്ത്രണ്ടാം ശതകത്തിൽ പെരുമ്പടപ്പ് സ്വരൂപത്തെ (കൊച്ചി) കേന്ദ്രീകരിച്ചാണ് ജില്ലയുടെ വികാസപരിണാമം. സാമൂതിരിയുടെ ഇടപെടലുകളും പോർച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും ബ്രിട്ടീഷുകാരുടെയും അധിനിവേശവും മൈസൂർ സുൽത്താന്മാരുടെ ആഗമന നിർഗമനങ്ങളും ജില്ലയുടെ ചരിത്രത്തെ ചലനാത്മകമാക്കുന്നു.
സാമുദായിക വൈവിധ്യങ്ങളും സാംസ്‌കാരിക ആദാനപ്രദാനങ്ങളും എറണാകുളത്തിന്റ സൗഹൃദ ഭൂമികയെ സ്‌നേഹസമൃദ്ധമാക്കി. ആദിശങ്കരന്റെ ജന്മദേശമായ കാലടിയും ശ്രീനാരായണഗുരു ആലുവയിൽ സ്ഥാപിച്ച അദ്വൈതാശ്രമവും മട്ടാഞ്ചേരിയിലെ ജൂതത്തെരുവും ജൂതപ്പള്ളിയും പെരുമ്പാവൂരിനടുത്ത് സ്ഥിതിചെയ്യുന്ന ജൈന ക്ഷേത്രവും പ്രസിദ്ധങ്ങളായ വിവിധ ഹൈന്ദവ ദേവാലയങ്ങളും ക്രൈസ്തവ പള്ളികളും മുസ്‌ലിം തീർഥാടന കേന്ദ്രങ്ങളും പ്രാചീന മസ്ജിദുകളും ജില്ലയുടെ സാംസ്‌കാരിക വൈജാത്യങ്ങൾക്ക് തിലകം ചാർത്തുന്നു.

മുസ്‌ലിം സംസ്‌കൃതി

പ്രാചീനകാലം മുതലേ കൊച്ചിയുമായി അറബികൾക്ക് വാണിജ്യബന്ധമുണ്ടായിരുന്നു. കേരളത്തിൽ ഇസ്‌ലാം പ്രചരിച്ചുതുടങ്ങിയ കാലയളവിൽ തന്നെ മുസ്‌ലിം പ്രബോധകർ കൊച്ചിയിലും പരിസര പ്രദേശങ്ങളിലും സത്യസന്ദേശങ്ങളുമായി എത്തിയിട്ടുണ്ടായിരിക്കുമെന്നാണ് ചരിത്രകാരന്മാരുടെ നിഗമനം. കൊച്ചിയുടെ ചരിത്രഗാഥ പിന്നീടു വിവരിക്കാം. ജില്ലയുടെ വിവിധ തീരദേശങ്ങളിലും ഉൾനാടുകളിലും രൂപപ്പെട്ട മുസ്‌ലിം ജനവാസ കേന്ദ്രങ്ങളും പഴക്കംചെന്ന മസ്ജിദുകളും മഖ്ബറകളും എറണാകുളത്തിന്റെ ഇസ്‌ലാമിക പാരമ്പര്യത്തിന്റെ ചരിത്ര അടരുകളാണ്. ചെറുതും വലുതുമായി അറുന്നൂറോളം പള്ളികളും 211 മഹല്ല് ജമാഅത്തുകളും ജില്ലയിലുണ്ട്.
ജില്ലയുടെ കിഴക്കു വശത്തു സ്ഥിതിചെയ്യുന്ന പട്ടണമാണ് കോതമംഗലം. ഹൈറേഞ്ചിന്റെ കവാടമെന്ന് ഈ പട്ടണം അറിയപ്പെടുന്നു. കൊടുങ്ങല്ലൂർ ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന ചേര(കോത)രാജാക്കന്മാർ മലയോര പ്രദേശങ്ങളുടെ തലസ്ഥാനമാക്കിയിരുന്നതു കൊണ്ടാണത്രെ കോതമംഗലമെന്ന പേരു ലഭിച്ചത്. കേരളത്തിലെ പ്രധാന നദിയായ കോതയാർ ഈ നഗരത്തിലൂടെ കടന്നുപോകുന്നു. ജില്ലയിലെ പ്രധാനപ്പെട്ട ഒരു മുസ്‌ലിം കേന്ദ്രമാണ് കോതമംഗലം. മേതല മുഹിയുദ്ദീൻ പള്ളിയും തോട്ടത്തിക്കുളം തറവാടും കോതമംഗലത്തിന്റെ മുസ്‌ലിം പൈതൃക മുദ്രകളാണ്.

തോട്ടത്തിക്കുളക്കാരുടെ മേതലപ്പള്ളി

കോതമംഗലം താലൂക്കിലെ ആദ്യ മുസ്‌ലിം പള്ളി മേതല മുഹിയുദ്ദീൻ ജുമാമസ്ജിദാണ്. അതിനു മുമ്പ് കോതമംഗലം പ്രദേശത്തുള്ളവർ പെരുമറ്റം ജുമാമസ്ജിദിനെയാണ് ആശ്രയിച്ചിരുന്നത്. പെരുമറ്റത്ത് എത്തണമെങ്കിൽ കിലോമീറ്ററുകൾ സഞ്ചരിക്കണം. ചുറ്റുവട്ടത്തുള്ള ഏക ഖബർസ്ഥാനും അവിടെയായിരുന്നു. ദീർഘദൂരം യാത്ര ചെയ്തു പെരുമറ്റം ജുമാമസ്ജിദിൽ എത്തിച്ചേരാനുള്ള പ്രയാസം മനസ്സിലാക്കിയ തോട്ടത്തിക്കുളം തറവാട്ടുകാരാണ് പള്ളി നിർമാണത്തിന് ചുക്കാൻ പിടിച്ചത്. കോതമംഗലം താലൂക്കിലെ നെല്ലിക്കുഴി പഞ്ചായത്തിൽ പെട്ട മേതലയിലാണ് പള്ളി സ്ഥിതിചെയ്യുന്നത്.
1750ൽ മാർത്താണ്ഡവർമ്മ വടക്കുംകൂർ പിടിച്ചടക്കിയതോടെ കോതമംഗലവും തിരുവിതാംകൂർ രാജ്യത്തിന് കീഴിലായി. മേതല പ്രദേശത്ത് കുടിയേറിപ്പാർത്ത ആദ്യം മുസ്‌ലിം കുടുംബവും നാടുവാഴികളുമായിരുന്നു തോട്ടത്തിക്കുളം തറവാട്. അവർ മേതലയിൽ പള്ളി നിർമിക്കാൻ ശ്രമങ്ങളാരംഭിച്ചു. നിർമാണ അനുമതിക്കായി രണ്ടാം തലമുറയിൽ പെട്ട തോട്ടത്തിക്കുളം പുത്തൻപുരയിൽ ഹസൻ മക്കാർ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവിനെ സമീപിച്ചു. എഡി 1855 മെയ് മാസത്തിലായിരുന്നു ഇത്. പ്രാദേശിക കാരണങ്ങളാൽ രാജാവ് ആദ്യം അനുമതി നിഷേധിച്ചു. വഴിമുട്ടിയ മക്കാർ സാഹിബ് സ്വഭവനം പള്ളിയാക്കി മാറ്റാൻ തീരുമാനിക്കുകയും അക്കാര്യം മഹാരാജാവിനെ ബോധിപ്പിക്കുകയും ചെയ്തു.
മക്കാരുടെ നിശ്ചയദാർഢ്യത്തിനു മുമ്പിൽ രാജാവ് മുട്ടുമടക്കി. സ്വഭവനം ഒഴിവാക്കി മറ്റെവിടെയെങ്കിലും പള്ളി നിർമിക്കണമെന്ന് രാജാവ് നിർദേശിച്ചു. തിരിച്ചെത്തിയ അദ്ദേഹം അഞ്ചേക്കറോളം സ്ഥലം പള്ളിക്കായി നീക്കിവെച്ച് നിർമാണമാരംഭിച്ചു. കൊല്ലവർഷം 1033ൽ (1858 മാർച്ച്) പണി പൂർത്തിയായി. കൊത്തുപണികളാൽ സമൃദ്ധമായ അകപ്പള്ളിയും ഒറ്റക്കല്ലിൽ തീർത്ത ജലസംഭരണി(ഹൗള്)യും മേതല പള്ളിയുടെ വിസ്മയമാണ്.

പെരുമറ്റത്തെ പവർമുറ്റം

ജില്ലയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലൊന്നാണ് മൂവാറ്റുപുഴ. എറണാകുളത്തു നിന്നു 42 കി.മീ. അകലെ കിഴക്കായി സമുദ്രനിരപ്പിൽ സ്ഥിതിചെയ്യുന്ന പട്ടണമാണ് മൂവാറ്റുപുഴ. കോതയാർ, കാളിയാർ, തൊടുപുഴയാർ എന്നീ മൂന്നു പുഴകളുടെ സംഗമസ്ഥലമായതിനാൽ മൂവാറ്റുപുഴ എന്നു വിളിക്കപ്പെടുന്നു. എറണാകുളത്തിന്റെ കിഴക്കൻ മേഖലയിലെ ആദ്യ മുസ്‌ലിം പള്ളി പെരുമറ്റം ജുമാമസ്ജിദാണ്. മൂവാറ്റുപുഴ താലൂക്കിലെ പായിപ്ര പഞ്ചായത്തിലാണ് പെരുമറ്റം സ്ഥിതിചെയ്യുന്നത്. തോട്ടത്തിക്കുളം, ചക്കുങ്ങൽ, പനക്കൽ, ചെറുകപ്പിള്ളി എന്നീ നാലു പാരമ്പര്യ മുസ്‌ലിം തറവാട്ടുകാരാണ് ശതാബ്ദങ്ങൾ പഴക്കമുള്ള പെരുമറ്റം പള്ളിയുടെ പരിപാലനാവകാശികൾ.
മുഹമ്മദ് വലിയുല്ലാഹി എന്ന പുണ്യപുരുഷന്റെ ആത്മീയ സാന്നിധ്യമാണ് പെരുമറ്റത്തിന്റെ പ്രധാന ആകർഷണം. പ്രസിദ്ധമായ തീർഥാടന കേന്ദ്രമാണിത്. പൊന്നാനിയിൽ നിന്നാണ് അദ്ദേഹം ഇവിടെയെത്തിയത്. നാട്ടുപ്രമാണിമാരായ കോട്ടകുടി കർത്താക്കളുടെ ഒരു കുടുംബാംഗത്തിന് മഹാരോഗം ബാധിച്ചു. പരിഹാരം തേടി അവർ പൊന്നാനിയിലെത്തി. പ്രമുഖ പണ്ഡിതൻ മുഹമ്മദ് മുസ്‌ലിയാരെയും കൂട്ടി അവർ നാട്ടിലേക്ക് തിരിച്ചു. മാനസിക രോഗിയായ സ്ത്രീ വിവസ്ത്രയായി ചുറ്റിക്കറങ്ങുകയായിരുന്നു. ആഗതനെ കണ്ട ക്ഷണത്തിൽ യുവതി വസ്ത്രം ധരിച്ചു. രണ്ടു ദിവസത്തിനകം രോഗം പൂർണമായും ഭേദമായി. സന്തുഷ്ടരായ കുടുംബം അദ്ദേഹത്തിന് താമസിക്കാൻ വീടും ആരാധിക്കാൻ പള്ളിയും പണിതു കൊടുത്തു എന്നാണ് ചരിത്രം.
മതപ്രബോധനം ജീവിതവ്രതമാക്കിയ സ്മര്യ പുരുഷനിൽ നിന്ന് പല അത്ഭുത സംഭവങ്ങളും പ്രകടമായിരുന്നു. പെരുമറ്റത്തും പരിസരങ്ങളിലും കാണുന്ന ഇസ്‌ലാമിക പ്രഭാവത്തിന്റെ പ്രഭവകേന്ദ്രം അദ്ദേഹമാണ്. മൂവാറ്റുപുഴ-കോതമംഗലം പാതയിലാണ് പെരുമറ്റം മഖാം.

മുളവൂരിലെ ശഹീദായോർ

മൂവാറ്റുപുഴ ടൗണിലെ ഒരു അർധ നഗര പ്രദേശമാണ് മുളവൂർ. പായിപ്ര പഞ്ചായത്തിൽ തന്നെയാണ് മുളവൂരും സ്ഥിതിചെയ്യുന്നത്. പഴയ പള്ളിയും മഖ്ബറയും മുളവൂരിന്റെ ആകർഷണീയതയാണ്. ഹിജ്‌റ 1060ലാണ് മുളവൂർ ജുമുഅ മസ്ജിദ് സ്ഥാപിതമായത്. അവിടെ അന്ത്യവിശ്രമംകൊള്ളുന്ന പുണ്യപുരുഷൻ രക്തസാക്ഷിയാണ്. ശഹീദ് മുളവൂർ വലിയുല്ലാഹി എന്നാണറിയപ്പെടുന്നത്.
കേരളത്തിലെ പ്രസിദ്ധ ജുമുഅത്തു പള്ളികളിലൊന്നാണ് ഒരു ശതകം പഴക്കമുള്ള മൂവാറ്റുപുഴ ജുമാ മസ്ജിദ്. നഗരത്തിന്റെ ഹൃദയഭാഗത്ത് കാവുംകരയിലാണ് പള്ളി നിലകൊള്ളുന്നത്. 1346ലാണ് സ്ഥാപിതമായത്. പുന്നമറ്റം ജുമാമസ്ജിദും തോപ്പിൽ വലിയ തങ്ങൾ മഖാമും പ്രശസ്തം.

കാഞ്ഞിരമറ്റത്തെ ആത്മീയ മധുരം

മറ്റൊരു പ്രധാന മുസ്‌ലിം അധിവാസ കേന്ദ്രമാണ് കാഞ്ഞിരമറ്റം. എറണാകുളം നഗരത്തിൽ നിന്ന് 25 കി.മീ. തെക്ക് കിഴക്കായി കോട്ടയം ജില്ലാ അതിർത്തിയിൽ ആമ്പല്ലൂർ പഞ്ചായത്തിലാണ് കാഞ്ഞിരമറ്റം നിലകൊള്ളുന്നത്. കൊച്ചി നഗരത്തിന്റെ ഒരു പ്രാന്തപ്രദേശമാണിത്. കേരളത്തിലെ മുസ്‌ലിംകളുടെ പ്രധാന തീർഥാടന കേന്ദ്രമാണ് ഇവിടം. ശൈഖ് ഫരീദുദ്ദീൻ(റ) ഔലിയയുടെ ദർഗയും തൊള്ളായിരത്തിൽപരം വർഷം പഴക്കം കണക്കാക്കപ്പെടുന്ന പള്ളിയുമാണ് കാഞ്ഞിരമറ്റത്തെ ശ്രദ്ധേയമാക്കുന്നത്. പരിസര പ്രദേശങ്ങളായ അരയൻകാവ് ടൗൺ, ചാലയ്ക്കപ്പാറ, പുതുവാശേരി, പള്ളിയാംതടം തുടങ്ങി 12 ഇടങ്ങളിൽ പൈതൃക പള്ളികളുണ്ട്.
ഏകദേശം 800 വർഷം മുമ്പ് അഫ്ഗാനിസ്ഥാനിലെ മുൾട്ടാണിൽ നിന്ന് ശൈഖ് ഫരീദുദ്ദീൻ(റ) ഇവിടെ വന്ന് ഇസ്‌ലാമിക പ്രബോധന പ്രവർത്തനങ്ങളിൽ മുഴുകിയതെന്നതാണ് ചരിത്രം. ലോകത്ത് ഇസ്‌ലാം വ്യാപിപ്പിക്കുന്നതിൽ സൂഫിമാർക്കുള്ള പങ്ക് അദ്വിതീയമാണ്. കേരളത്തിലെ ഇസ്‌ലാമിന്റെ ചരിത്രമുന്നേറ്റത്തിൽ ഫരീദ് ഔലിയ അഗ്രിമ സ്ഥാനത്തു നിൽക്കുന്നു. പള്ളിക്കു മുന്നിലെ കാഞ്ഞിര മരത്തിന്റെ ഇലയായിരുന്നുവത്രെ അദ്ദേഹം സന്ദർശകർക്ക് സമ്മാനിച്ചിരുന്നത്. അദ്ദേഹം നൽകിയിരുന്ന ഇലകൾക്ക് ഒട്ടും കയ്പുരസമുണ്ടായിരുന്നില്ല എന്നാണ് വാമൊഴി. ഫരീദ് ഔലിയയുടെ പ്രവർത്തനഫലമായി ധാരാളം പേർ ഇസ്‌ലാമിൽ ആകൃഷ്ടരായി.
ഫരീദ് ഔലിയയുടെ പേരിൽ കേരളത്തിൽ പലയിടത്തും ദർഗകളുണ്ട്. പ്രസിദ്ധ സൂഫിവര്യനായ ഖുതുബുദ്ദീൻ ഭക്തിയാർ കാക്കിദ്ദഹ്‌ലവി(റ)യുടെ ശിഷ്യനാണ് ഫരീദ് ഔലിയ. അദ്ദേഹത്തിന്റെ ശിഷ്യന്മാരോ അവരുടെ പരമ്പരയിൽ പെടുന്നവരോ ആയിരിക്കാം ഇവർ. ജനങ്ങളിൽ നിന്നകന്ന് ഏകാന്തരായി ആരാധനകളിൽ മുഴുകിയതു കാരണം പണ്ഡിതന്മാർ അങ്ങനെ വിളിച്ചതുമാകാം.
വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാരുടെ ശിഷ്യനും പ്രമുഖ പണ്ഡിതനുമായ പരീക്കുട്ടി മുസ്‌ലിയാർ, സഹോദരൻ അബ്ദുൽ ഖാദർ മുസ്‌ലിയാർ, അദ്ദേഹത്തിന്റെ പുത്രൻ ആലി മുസ്‌ലിയാർ എന്നിവർ കാഞ്ഞിരമറ്റത്തെ മൺമറഞ്ഞ പ്രധാന പണ്ഡിതരാണ്.

കൊടികുത്തും ചന്ദനക്കുടവും

തെക്കൻ കേരളത്തിൽ ചിലയിടങ്ങളിൽ മഖ്ബറകളിലെ ഉറൂസിനോടനുബന്ധിച്ച് ബഹുജന പങ്കാളിത്തത്തോടെ നടക്കുന്ന ആചാരങ്ങളാണ് കൊടികുത്തും ചന്ദനക്കുടവും. കാഞ്ഞിരമറ്റത്തെ കൊടികുത്ത് പ്രസിദ്ധമാണ്. ബീമാപള്ളി, എരുമേലി, മുളവൂർ, തൃശൂർ കാളിയാറോഡ്, മണത്തല, പട്ടാമ്പി എന്നിവിടങ്ങളിലൊക്കെ നേർച്ചയുടെ അനുബന്ധമായി ചന്ദനക്കുടം നടക്കാറുണ്ട്. നാനാ മതസ്ഥർ ഇതിൽ പങ്കാളികളാകുന്നു. മതമൈത്രിയുടെ പ്രതീകമായിട്ടാണ് കൊടികുത്തും ചന്ദനക്കുടവും വാഴ്ത്തപ്പെടുന്നത്. പ്രാദേശിക വ്യാപാരികളാണ് ഇതിന്റെ പ്രായോജകർ. അവരതിനെ പ്രോത്സാഹിപ്പിക്കുക സ്വാഭാവികം. എന്നാൽ അതോടനുബന്ധിച്ച് കരിമരുന്ന് പ്രയോഗവും വെടിക്കെട്ടും പരസ്ത്രീ-പുരുഷ സങ്കലനവും മറ്റു വിനോദങ്ങളും നടത്തുന്നത് പ്രമാണ വിരുദ്ധമാണ്.

അലി സഖാഫി പുൽപറ്റ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ