മീശയിൽ നിന്നും കീഴ്ചുണ്ടിലേക്കിറങ്ങിയ രോമം വെട്ടിയോ വടിച്ചോ ഒഴിവാക്കണമെന്ന കാര്യത്തിൽ അഭിപ്രായ ഭിന്നതയില്ല. എന്നാൽ മീശയുടെ ഇരുവശങ്ങളിലേക്കിറങ്ങിയ രോമത്തിന്റെ കാര്യത്തിൽ വീക്ഷണ വ്യത്യാസമുണ്ട്; വടിക്കുന്നതും വളർത്തുന്നതും തുല്യമായിട്ടാണ് പല പണ്ഡിതരും കരുതുന്നത്.
മീശയുടെ കാര്യത്തിൽ നമ്മുടെ മദ്ഹബിൽ പ്രബലം ചുണ്ട് വ്യക്തമായി കാണത്തക്കവിധം മാത്രം വെട്ടുന്നത് സുന്നത്തും പറ്റെ വെട്ടിയോ വടിച്ചോ കളയുന്നത് കറാഹത്തും ആണെന്നാണ് (തുഹ്ഫതുൽ ഹബീബ് 4/346). എന്നാൽ വെട്ടാൻ കഴിയാത്ത സ്ഥലങ്ങൾ മാത്രം വടിച്ചൊഴിവാക്കുന്നതിൽ വിരോധമില്ല (തുഹ്ഫ: 2/476 കാണുക).
മീശ വടിക്കുന്നതാണോ വെട്ടുന്നതാണോ സുന്നത്തെന്ന കാര്യത്തിൽ ഹനഫികൾക്കിടയിൽ ഭിന്നതയുണ്ട്. വടിക്കുന്നതാണ് അഭികാമ്യമെന്നാണ് പിൻ തലമുറയുടെ തീർപ്പ് (റദ്ദുൽ മുഹ്താർ 2/204).
മാലികീ മദ്ഹബിലും മീശ വെട്ടുന്നതു മാത്രമാണ് സുന്നത്ത്. മീശ വടിക്കുന്നവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നുവരെ അവരിൽ ചിലർ പറഞ്ഞിട്ടുണ്ട്.
എന്നാൽ സ്ത്രീകൾക്ക് മീശയോ താടിയോ മുളച്ചാൽ വടിച്ചു കളയൽ നിർബന്ധമാണെന്ന് അവർ (ഹാശിയതുൽ അദവീ അലാ കിഫായതി ത്വാലിബ് 2/443-444 ) രേഖപ്പെടുത്തിയിട്ടുണ്ട്.
മീശ പറ്റെ വെട്ടിച്ചെറുതാക്കുന്നതാണ് അഭികാമ്യമെന്നാണ് ഹമ്പലീ പക്ഷം (ശർഹുൽ മുൻതഹാ 1/45 കാണുക).

നരച്ച മുടി പറിക്കരുത്

നരച്ച രോമങ്ങൾ പറിച്ചോ വടിച്ചോ കളയുന്നത് കറാഹത്താണ്. ഹദീസിൽ നരയെ വൈകല്യമായല്ല യോഗ്യതയായാണ് കണക്കാക്കിയിട്ടുള്ളത്. ഇമാം മുസ്‌ലിം (2341) ഉദ്ധരിക്കുന്ന ഒരു ഹദീസിൽ അനസ്(റ) പറയുന്നതു കാണുക: ‘ഒരാൾ തലയിലും താടിയിലുമുള്ള വെളുത്ത രോമങ്ങൾ പറിക്കുന്നത് നബി(സ്വ) വെറുത്തിരുന്നു.’
മദ്ഹബിൽ പ്രബലം കറാഹത്താണെങ്കിലും ഇമാം ശാഫിഈ(റ) അടക്കമുള്ള പല പണ്ഡിതരും ഹറാമാണെന്ന പക്ഷക്കാരാണ്. ശർഹുൽ മുഹദ്ദബി(1/39)ൽ ഇമാം നവവി(റ) പറഞ്ഞത് നരച്ച രോമം പറിക്കുന്നത് ഹറാമാണെന്ന പക്ഷം വിദൂരമല്ല എന്നാണ്. അതിനാൽ അകാല നര ബാധിച്ചവർ പോലും പറിക്കാതെ നോക്കുന്നതാണഭികാമ്യം.
വെളുത്ത മുടി അഭംഗിയായി തോന്നുന്നവർക്ക് ഛായം കൊടുക്കുന്നതിന്റെ മതവശം എന്താണെന്നു നോക്കാം.

നരച്ച തലമുടിക്കും താടിക്കും ഛായമിടൽ

ഹെയർഡൈ ചെയ്ത് നരച്ച മുടി കറുപ്പിക്കുന്നത് ക്രമാതീതമായി വർധിക്കുന്നുണ്ട്. ഹെയർഡൈ അലർജിയായി മുഖം വികൃതമായ ഒരു സ്ത്രീയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ തരംഗമായത് ഓർക്കുന്നു. വാർധക്യ സഹജമായ നര പോലും സ്വീകാര്യമല്ലാത്ത പുതിയ കാലത്ത് വിപണി കീഴടക്കുന്ന പലയിനം ഹെയർ ഡൈകളുണ്ട്. അവയുടെ പ്രവർത്തന രീതി മനസ്സിലാക്കാൻ ചിലത് പരിചയപ്പെടാം:

മെറ്റാലിക് ഡൈ: തുടർച്ചയായി ഉപയോഗിച്ചാൽ മാത്രമേ മുടിയിൽ നിറം പിടിക്കുകയുള്ളൂ.

താൽക്കാലിക ഡൈ: മോളിക്കുലാർ വെയ്റ്റ് കൂടുതലുള്ള ടെക്‌സ്‌റ്റൈൽ ഡൈ ആണുപയോഗിക്കുന്നത്. ഒരു തവണ ഷാമ്പു ചെയ്യുമ്പോഴേക്കും മുടിയുടെ നിറം പഴയതാകുന്നു.

സെമി പെർമനെന്റ് ഡൈ: മോളിക്കുലാർ വെയ്റ്റ് കുറഞ്ഞ നാച്വറൽ അല്ലെങ്കിൽ സിന്തെറ്റിക്ക് ടെക്‌സ്‌റ്റൈൽ ഡൈ ആണിത്. നാലഞ്ചുതവണ കഴുകുമ്പോഴേക്കും നിറം നഷ്ടമാകും. 30 ശതമാനം നര കളർ ചെയ്യുന്നു.

പെർമനെന്റ് ഡൈ: പെർമനെന്റ് ഡൈയിലുള്ള രാസവസ്തുക്കൾ മുടിയുടെ ഷാഫ്റ്റുമായി ചേർന്ന് പുതിയ നിറമുണ്ടാക്കുന്നു. ഇത്തരം ഡൈ മുടിയുടെ നിറം കൂട്ടാനും കുറക്കാനും ഉപയോഗിക്കുന്നു. നരച്ചമുടി 100 ശതമാനം കറുപ്പിക്കുന്നു. പക്ഷേ പുതുതായി പുറത്തേക്ക് വരുന്ന മുടി എല്ലാ മാസവും കളർ ചെയ്യേണ്ടിവരും.

മതപക്ഷം

ഏതു വിധത്തിലുള്ള ഡൈയും കളർ കറുപ്പാണെങ്കിൽ ഉപയോഗിക്കൽ ഹറാമാണെന്നാണ് ശാഫിഈ പക്ഷം. (അസ്‌നൽ മഥാലിബ് 1/173, അൽമിൻഹാജുൽ ഖവീം പേ. 22, മുഗ്‌നി 6/144, നിഹായ 8/149). ഇമാം ബഗ്‌വി(റ- തഹ്ദീബ് 1/219, ഇമാം ഗസ്സാലി(റ- ഇഹ്‌യ 1/143) തുടങ്ങിയ പണ്ഡിതർ കറാഹത്താണെന്ന പക്ഷക്കാരാണ്. ഇവരുദ്ദേശിക്കുന്ന ‘കറാഹത്ത്’ നിരുപദ്രവകരമായ ‘തൻസീഹ്’ തന്നെയാണെന്ന് ഇമാം നവവി(റ) ശർഹുൽ മുഹദ്ദബി(1/294)ൽ നിരീക്ഷിക്കുന്നു. കുറ്റകരമായതാകാമെന്നാണ് ശർഹുറൗളി(1/551)ൽ ശൈഖുൽ ഇസ്‌ലാം രേഖപ്പെടുത്തുന്നത്.
കറുപ്പിക്കുന്നത് മറ്റു മദ്ഹബുകളിൽ കുറ്റകരമേ അല്ല. കറാഹത്താണെന്ന് മാലികീ (കിഫായതു ത്വാലിബ് 2/446-447) പക്ഷം. വിവാഹത്തിനും മറ്റും പ്രായം കുറച്ചു കാണിച്ച് വഞ്ചിക്കുക പോലെയുള്ള അവസ്ഥയുണ്ടെങ്കിൽ ഹറാമും അല്ലാത്തപ്പോൾ കറാഹത്തുമാണെന്നാണ് ഹമ്പലീ (കശ്ശാഫുൽ ഖിനാഅ് 1/77, മഥാലിബു ഉലിന്നുഹാ 1/89) നിലപാട്. കേവല മുബാഹാണെന്നും കറാഹത്താണെന്നും എന്നിങ്ങനെ രണ്ടു വീക്ഷണങ്ങളാണ് ഹനഫീ (ദുർറുൽ മുഖ്താർ 6/756) സരണിയിലുള്ളത്.
പോർമുഖത്ത് എതിരാളികളുടെ വീര്യം കെടുത്താനായി തലയും താടിയും കറുപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിൽ മദ്ഹബുകൾക്കിടയിൽ സമവായമുണ്ട്. വ്യത്യസ്ത മദ്ഹബുകൾ പിന്തുടരുന്ന വിദേശ രാജ്യങ്ങളിലെ പണ്ഡിതർക്ക് നര മറച്ച് കറുത്ത് മിനുങ്ങുന്നതിന് അവരുടേതായ ന്യായങ്ങളുണ്ടെന്നാണ് നടേ സൂചിപ്പിച്ചതിന്റെ ചുരുക്കം.
എന്നാൽ നരച്ച തലമുടിയിലും താടിയിലും ചുവപ്പോ മഞ്ഞയോ ചായം തേക്കുന്നത് പ്രബലമായ സുന്നത്താണ്. ഇതിനു വേണ്ടി വെടിപ്പുള്ള ഏതു വസ്തുക്കളും ഉപയോഗപ്പെടുത്താം. മൈലാഞ്ചി തേച്ച് ഈ സുന്നത്തിനോട് അനുഭാവം പുലർത്തുന്നവർ നാടുകളിൽ കണ്ടുതുടങ്ങിയത് ശുഭ പ്രതീക്ഷ തരുന്നുണ്ട്.
മൈലാഞ്ചി പോലുള്ള ഛായം പണ്ഡിതന്മാരുടെയോ സജ്ജനങ്ങളുടെയോ അടയാളമായി മാറിക്കഴിഞ്ഞാൽ വേഷം കെട്ടാനായി മറ്റുള്ളവർ അത് ചെയ്യൽ നിഷിദ്ധമാണെന്ന് ഇമാം മുസജ്ജദി (അൽ ഗുബാബ് 2/623)നെ ഉദ്ധരിച്ച് ജർഹസി (ഹാശിയതു ജർഹസി അലാ ശർഹി ബാഫളിൽ പേ. 80) രേഖപ്പെടുത്തിയിട്ടുണ്ട്.

സ്ത്രീകൾക്ക് കറുപ്പിക്കാമോ?

മുടി കറുപ്പിക്കുന്ന കാര്യത്തിൽ സ്ത്രീ-പുരുഷ ഭേദമുണ്ടോ എന്നതിൽ തർക്കമുണ്ട്. വ്യത്യാസമില്ലെന്ന അഭിപ്രായമാണ് ശൈഖ് സകരിയ്യൽ അൻസ്വാരി(റ) ശർഹുൽ മുഹദ്ദബ് (1/294) ഉദ്ധരിച്ച് പറഞ്ഞത്. അതേസമയം ഇമാം നവവി(റ) തന്നെ ശർഹു മുസ്‌ലിമിൽ, ഹറാം പുരുഷനിൽ പരിമിതപ്പെടുത്തിയാണ് സംസാരിച്ചത് (ശർഹു മുസ്‌ലിം പേ. 1480 കാണുക).
വിവാഹിതരായ സ്ത്രീകൾക്ക് ഭർത്താവിന്റെ അനുമതിയോടെ കറുപ്പിക്കുന്നതിന് വിരോധമില്ലെന്നാണ് ശിഹാബുദ്ദീൻ റംലിയും മകൻ അല്ലാമാ ശംസുദ്ദീനുർറംലി(റ)യും ‘സുബദി’നെ വ്യാഖ്യാനിച്ച് (ഫത്ഹുർറഹ്‌മാൻ പേ. 160, ഗായതുൽ ബയാൻ 1/40 കാണുക) പറഞ്ഞത്. ഇക്കാര്യം കുർദി(റ) ഹവാഇദുൽ മദനിയ്യ (2/309)യിൽ ഉദ്ധരിച്ചിട്ടുണ്ട്.
അകാല നര ബാധിച്ച് ബുദ്ധിമുട്ടുന്ന ഭർതൃമതികളായ യുവതികൾക്ക് ആശ്വാസമുണ്ടാക്കുന്നതാണ് പണ്ഡിതന്മാരുടെ ഇക്കാര്യത്തിലുള്ള ഭിന്നത.

കുട്ടികൾക്കോ?

ചെറിയ കുട്ടികൾക്ക് (ആണിനും പെണ്ണിനും) രക്ഷിതാക്കൾ മുടി കറുപ്പിച്ചു കൊടുക്കൽ കുറ്റകരമാണെന്ന് ഇമാം റംലി (ഗായതുൽ ബയാൻ പേ. 40) രേഖപ്പെടുത്തിയിട്ടുണ്ട്.

കളറിംഗും
ശുദ്ധീകരണ പ്രശ്‌നങ്ങളും

താടിക്കോ തലമുടിക്കോ കറുപ്പേതര നിറങ്ങൾ കൊടുക്കാനായി തിരഞ്ഞെടുക്കുന്ന രാസവസ്തുക്കൾ കുളി/അംഗസ്‌നാന വേളകളിൽ തലയിലെയും താടിയിലെയും മുടികളിൽ നേരിട്ട് വെള്ളം നനയുന്നതിന് തടസ്സമുണ്ടാക്കുന്നതല്ലെന്ന ബോധ്യം അനിവാര്യമാണെന്നും അല്ലാത്തപക്ഷം കുറ്റകരമാണെന്നും ഇമാമുകൾ കുറിച്ചിട്ടുണ്ട് (ഹാശിയതു ശർഹിർറൗള് 1/69 കാണുക).
സ്ത്രീകൾ കൈ കാലുകളിൽ തേക്കുന്ന മൈലാഞ്ചികൾക്കും ഈ നിബന്ധന ബാധകമാണ്. വിപണിയിൽ ലഭ്യമായ ആധുനിക മൈലാഞ്ചികളിലും മൈദയും ശർക്കരയും ചേർത്ത് വീടുകളിൽ തയ്യാറാക്കുന്ന പുതിയതരം മൈലാഞ്ചിയിലും ചിലപ്പോൾ സംശയം ഉന്നയിക്കാറുണ്ട്. ചായം തേച്ച് അൽപ സമയത്തിനകം പൂർണമായും കഴുകിക്കളഞ്ഞ ശേഷം ബാക്കിയായ കേവല ശേഷിപ്പുകളിൽ നിന്നും അനുഭവപ്പെടുന്ന നേരിയ ആവരണം പോലുള്ളത് പ്രശ്‌നകാരിയല്ലെന്നാണ് പണ്ഡിത മതം. കാരണം അത് അവിടെ ഉപയോഗിച്ച വസ്തുവിന്റെ തീക്ഷ്ണത കാരണം ചർമ തുണ്ടുകൾ ചുരുണ്ടു കൂടിയതാണ്. അത് ശരീരത്തിന്റെ ഭാഗമായി കണക്കാക്കുന്നതും സ്പർശന ദർശന നിയമങ്ങളിൽ പരിഗണിക്കുന്നതുമാണ് (ശർഹു റൗള് 1/69, തുഹ്ഫ 1/187 188, ഹാശിയതു തർമസീ 1/598599 കാണുക).

ഇസ്മാഈൽ അഹ്‌സനി പുളിഞ്ഞാൽ

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ