മുഹമ്മദീയ ദര്‍ശനം എന്നതിനു മുഹമ്മദിന്റെ ജീവിത ദര്‍ശനം എന്നാണര്‍ത്ഥം കല്‍പ്പിക്കേണ്ടതെന്നു തോന്നുന്നു. മുഹമ്മദ് നബിയുടെ ജീവിത ദര്‍ശനത്തിന്റെ ഏറ്റവും ആധികാരികമായ പ്രമാണം വിശുദ്ധ ഖുര്‍ആനാണ്. അതിനാല്‍ അടിസ്ഥാനപരമായി വിശുദ്ധ ഖുര്‍ആനിന്റെ ജീവിത ദര്‍ശനം എന്താണോ അതു തന്നെയാണ് മുഹമ്മദീയ ദര്‍ശനം എന്നേ പറയാനാകൂ. അതിനാല്‍ ഇവിടെ ചുരുക്കത്തില്‍ പരിശോധിക്കുന്നത് എന്താണ് വിശുദ്ധ ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന ജീവിത ദര്‍ശനം എന്നതാണ്.
ഉപനിഷത്തുകളെയും ബ്രഹ്മസൂത്രത്തെയും ഭഗവദ്ഗീതയെയും ഉപജീവിച്ച് രാമാനുജാചാര്യര്‍ ചിട്ടപ്പെടുത്തി എടുത്ത വിശിഷ്ടാദ്വൈതത്തോടാണ് വിശുദ്ധ ഖുര്‍ആനിലെ ദര്‍ശനത്തിന് ഏറെ സാദൃശ്യമുള്ളതെന്നാണ് ഒരു ഹിന്ദു സന്യാസി എന്ന നിലയില്‍ ഈ ലേഖകനു തോന്നിയിട്ടുള്ളത്. വിശിഷ്ടാദ്വൈത പ്രകാരം സര്‍വശക്തനും സനാതന സത്യവുമായ സര്‍വേശ്വരന്‍ ഒന്നേയുള്ളൂ. ആ സര്‍വേശ്വരേച്ഛയാല്‍ സൃഷ്ടിക്കപ്പെട്ടതാണ് മനുഷ്യന്‍ ഉള്‍പ്പെടെയുള്ള സമസ്ത പ്രപഞ്ചവും.
സ്രഷ്ടാവും സൃഷ്ടിയും എന്ന നിലയില്‍ സര്‍വേശ്വരനും വിശ്വപ്രപഞ്ചവും വിശിഷ്ടാദ്വൈത പ്രകാരം ഒന്നല്ല; കടലും തിരയും പോലെ രണ്ടാണ്! ഓരോ തിരയിലും കടലുണ്ട്; പക്ഷേ, ഏതു തിരയും അതെത്രമാത്രം വലുതായാലും കടല്‍ അല്ല! ഇതുപോലെ പ്രപഞ്ചത്തില്‍ ഈശ്വര ചൈതന്യമുണ്ട്; പക്ഷേ, പ്രപഞ്ചമോ മനുഷ്യനോ ഈശ്വരനു സമാനമല്ല. ഈശ്വരന്റെ വിഭൂതി മാത്രമാണ് പ്രപഞ്ചവും മനുഷ്യനും! ഇത്രയുമാണ് ഏറ്റവും ചുരുക്കിപ്പറഞ്ഞാല്‍ വിശിഷ്ടാദ്വൈത ദര്‍ശനം! ഇപ്പറഞ്ഞതില്‍ നിന്നു ഏറെ വ്യത്യസ്തമായ എന്തെങ്കിലും ദര്‍ശനം സര്‍വേശ്വരനെ സംബന്ധിച്ചോ അവിടുത്തെ സൃഷ്ടിയായ മനുഷ്യനുള്‍പ്പെട്ട വിശ്വപ്രപഞ്ചത്തെ സംബന്ധിച്ചോ സ്രഷ്ടാവായ സര്‍വേശ്വരനും സൃഷ്ടിയായ വിശ്വപ്രപഞ്ചവും തമ്മിലുള്ള പരസ്പര ബന്ധത്തെ സംബന്ധിച്ചോ വിശുദ്ധ ഖുര്‍ആനും സാരാംശത്തില്‍ മുന്നോട്ടുവെക്കുന്നുണ്ടെന്നു ഈ ലേഖകനു തോന്നിയിട്ടില്ല. ഇസ്‌ലാമിക പണ്ഡിതരുടെ വിശാല പഠനം ആവശ്യപ്പെടുന്നതാണ് ഈ താരതമ്യം.
ശങ്കരാചാര്യര്‍ ചിട്ടപ്പെടുത്തിയ അദ്വൈത ദര്‍ശനപ്രകാരം മനുഷ്യനും ഈശ്വരനും ഒന്നാണ്. എന്നാല്‍ വിശിഷ്ടാദ്വൈതത്തില്‍ മനുഷ്യന്‍ പ്രജയും ഈശ്വരന്‍ പതിയുമാണ്. മനുഷ്യന്‍ സൃഷ്ടിയും ഈശ്വരന്‍ സ്രഷ്ടാവുമാണ്. അതിനാല്‍ ശ്രീ ശങ്കരന്റെ അദ്വൈതത്തേക്കാള്‍ രാമാനുജാചാര്യരുടെ വിശിഷ്ടാദ്വൈതമാണ് ഖുര്‍ആനിക ദര്‍ശനത്തോട് പൊരുത്തപ്പെട്ടു കാണുന്ന ഭാരതീയ ദര്‍ശന പദ്ധതി എന്നു സവിനയം കുറിക്കട്ടെ.
“എന്തെങ്കിലും സൃഷ്ടിക്കണമെങ്കില്‍ അതുണ്ടാവട്ടെ എന്നു അല്ലാഹു ഇച്ഛിച്ചാല്‍ മാത്രം മതി’ എന്നര്‍ത്ഥം പറയാവുന്ന ഒരു സൂക്തം വിശുദ്ധ ഖുര്‍ആനില്‍ വായിക്കാം (36/82). അതിന്റെ സാരം പ്രപഞ്ചം ഈശ്വരേച്ഛയാല്‍ സംഭവിച്ചതാണ് എന്നത്രെ. അതോടൊപ്പം തന്നെ ഭാരതീയ ദര്‍ശനപ്രകാരം മനസ്സിലാക്കേണ്ട ഒരു കാര്യം പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പില്‍ തന്നെ “ഇച്ഛ’ എന്ന സര്‍വേശ്വരാംശം കലര്‍ന്നിട്ടുണ്ട് എന്നതാണ്. പ്രപഞ്ചത്തില്‍ കലര്‍ന്നിരിക്കുന്ന ഈശ്വരാംശത്തെയാണ് “വിഭൂതി’ എന്നു പറയുന്നത്. മനുഷ്യനില്‍ അല്ലാഹു അവന്റെ നിയന്ത്രണത്തിലുള്ള റൂഹ് സന്നിവേശിപ്പിച്ചിട്ടുണ്ടെന്ന ഖുര്‍ആനിക കാഴ്ചപ്പാടും ഇവിടെ സ്മരിക്കേണ്ടതുണ്ട്.
ഇത്രയും ഇവിടെ എഴുതിയത് രാമാനുജാചാര്യരുടെ വിശിഷ്ടാദ്വൈത ദര്‍ശന പദ്ധതി പരിചയിച്ചിട്ടുള്ള ഒരു ഭാരതീയനും വിശുദ്ധ ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന ദര്‍ശനം ഒരു “പരദേശവേദ’ ദര്‍ശനമായി അനുഭവപ്പെടുകയില്ല എന്നു സൂചിപ്പിക്കാനാണ്. എന്നാല്‍ ഇക്കാലത്ത് ബഹുഭൂരിപക്ഷം ഹൈന്ദവര്‍ക്കും വിശുദ്ധ ഖുര്‍ആന്‍ ഒരു പരദേശിവേദമാണെന്ന വര്‍ഗീയഛവി കലര്‍ന്ന തോന്നല്‍ ഉണ്ടാവാന്‍ കാരണം ബഹുഭൂരിപക്ഷം ഹൈന്ദവരും ശ്രീശങ്കരന്റെ അദ്വൈതത്തെപ്പറ്റിയല്ലാതെ രാമാനുജാചാര്യരുടെ വിശിഷ്ടാദ്വൈതത്തെപ്പറ്റി യാതൊരു ചുക്കും അറിയാത്തവരാണെന്നതു മാത്രമാണ്. നമ്മുടെ നാട്ടിലെ ബഹുഭൂരിപക്ഷം സാമ്പ്രദായിക ഹൈന്ദവ സന്യാസിമാരും “തത്തമ്മേ പൂച്ച പൂച്ച’ എന്ന മട്ടില്‍ ആവര്‍ത്തിച്ച് പറഞ്ഞു പഠിപ്പിച്ചു വരുന്നത് ശങ്കരാദ്വൈതം മാത്രമാണ്. അതിനാല്‍ സൃഷ്ടിയും സ്രഷ്ടാവും രണ്ടല്ല; ഒന്നാണ് എന്നു പറയുന്നതു മാത്രമാണ് ഭാരതീയവും ഹൈന്ദവവുമായ ഒരേയൊരു നിലപാടെന്ന് പൊതുജനം പരക്കെ തെറ്റിദ്ധരിച്ചു ശീലിച്ചിരിക്കുന്നു.
ഈ ലേഖകന്‍, പുരി, ഗിരി, തീര്‍ത്ഥ, സരസ്വതി എന്നിങ്ങനെയുള്ള ദീത്ഥാനാമങ്ങളില്‍ അറിയപ്പെടുന്നവരെപ്പോലെ ശങ്കരസമ്പ്രദായത്തില്‍ ദീക്ഷിതനായ ഹൈന്ദവ സന്യാസിയല്ല. ഞാന്‍ ശക്തിബോധി സമ്പ്രദായത്തില്‍ ദീക്ഷിതനായ ഹൈന്ദവ സന്യാസിയാണ്. അതിനാല്‍ രാമാനുജാചാര്യരെയും വല്ലഭാചാര്യരെയും നിമ്പാര്‍ക്കനെയും ചൈതന്യ മഹാ പ്രഭുവിനെയും ഒക്കെ മനസ്സിലാക്കാനുള്ള പരിശ്രമം ചെയ്യാനുള്ള സ്വാതന്ത്ര്യം യഥേഷ്ടം ലഭിച്ചു. അതുകൊണ്ടുതന്നെ ശങ്കരാചാര്യര്‍ വ്യാസവിശാല ഹൈന്ദവതയുടെ അവസാന വാക്ക് അല്ലെന്നു ബോധ്യമാവുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ പറയട്ടെ ശങ്കരാദ്വൈതമല്ല രാമാനുജാചാര്യരുടെ വിശിഷ്ടാദ്വൈതമാണ് വിശുദ്ധ ഖുര്‍ആനെ മനസ്സിലാക്കാന്‍ ഒരു ഹൈന്ദവ സന്യാസി എന്ന നിലയില്‍ എന്നെ സഹായിച്ച ഭാരതീയ ദര്‍ശന പദ്ധതി. അങ്ങനെ ഖുര്‍ആന്‍ നിരന്തര പാരായണ വിധേയമാക്കി മനസ്സിലാക്കാന്‍ ശ്രമിച്ചതിന്റെ വെളിച്ചത്തില്‍ എന്താണു മുഹമ്മദീയ ദര്‍ശന സാരമെന്നു സൂചിപ്പിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.
ഖുര്‍ആന്‍ ഒരു വലിയ സ്വാതന്ത്ര്യ സമരത്തിനു മനുഷ്യനെ പ്രേരിപ്പിക്കുന്നു. “ചതിച്ചരക്കായ വിഭവം’ എന്നു ഖുര്‍ആന്‍ വിശേഷിപ്പിക്കുന്ന ലോകത്തിന്റെ അടിമത്തത്തില്‍ നിന്നു മനുഷ്യനെ വിമോചിപ്പിക്കുന്നതിനുള്ള സ്വാതന്ത്ര്യ സമരത്തിനാണു ഖുര്‍ആന്‍ അവനെ പ്രേരിപ്പിക്കുന്നത്. പക്ഷേ, എങ്ങനെയാണ് ലോകത്തിന്റെ അടിമ എന്നതില്‍ നിന്നു ലോകത്തില്‍ ജീവിക്കുന്ന മനുഷ്യനു മോചനം സാധ്യമാവുക? അതിനു ഖുര്‍ആന്‍ നല്‍കുന്ന മറുപടി ലോകനാഥന്റെ അടിമയാകുവാന്‍ ബോധപൂര്‍വം ശ്രദ്ധിക്കുന്നതിലൂടെ മനുഷ്യന് ലോകത്തിന്റെ അടിമത്തത്തെ അതിജീവിക്കാം എന്നതാണ്. ദൈവഭക്തിയാല്‍ ലോകാസക്തിയെ ജയിക്കുക എന്നു ഇതിനെ പരാവര്‍ത്തനം ചെയ്യാം. മനുഷ്യന്‍ ലോകത്തിന്റെ അടിമയായിരിക്കുന്നതില്‍ യാതൊരു കുഴപ്പവും കാണാത്ത യുക്തിവാദികള്‍ മനുഷ്യന്‍ ലോകനാഥന്റെ അടിമയാകുവാനും ലോകാടിമത്തത്തില്‍ നിന്നു വിമോചനം തേടാനും നടത്തുന്ന ശ്രമങ്ങളെ അന്ധവിശ്വാസം എന്നു അധിക്ഷേപിക്കുന്നതു കാണുമ്പോള്‍ മനുഷ്യന്‍ ഒരു പാര്‍ട്ടിയുടെ അച്ചടക്കമുള്ള അംഗമാകുന്നത് മോശവും മദ്യത്തിന് അടിമയാകുന്നത് കേമവും എന്നൊരാള്‍ പറയുന്നതു കേട്ടാല്‍ തോന്നുന്ന വികാരത്തില്‍ കൂടുതല്‍ ഒന്നും തോന്നുന്നില്ല.
“വലംകൈയില്‍ സൂര്യനെയും ഇടംകൈയില്‍ ചന്ദ്രനെയും വെച്ചു തന്നിട്ട് മുഴുവന്‍ ലോകാധിപത്യവും എനിക്കാണെന്നു പ്രഖ്യാപിച്ചാല്‍ പോലും ഞാന്‍ സത്യപ്രബോധനം നിറുത്തുകയില്ല’ എന്നു മുഹമ്മദ് നബി പറഞ്ഞതായി ഒരു ഹദീസില്‍ വായിക്കാം. ലോകനാഥനു വിനീതവിധേയനായിരിക്കുന്ന ഭക്തിയില്‍ നിന്നാണ് ലോകത്തിന്റെ പ്രലോഭനങ്ങളെ ഇവ്വിധം നിരാകരിക്കാനുള്ള ചങ്കൂറ്റം മുഹമ്മദ് നബിക്ക് ഉണ്ടായത്. ദൈവഭയത്തിലൂടെ ലോകഭയത്തെ അതിജീവിക്കാം എന്നാണ് മുഹമ്മദ് നബി പ്രഖ്യാപിച്ചത്. അതിനാല്‍ ലോകത്തെ തന്റെ യജമാനനാക്കാതിരിക്കാനും ലോകത്തിന്റെയും തന്റെയും യജമാനന്‍ സര്‍വലോക നാഥനായ അല്ലാഹു മാത്രമാണെന്ന ഉത്തമ ബോധ്യത്തോടെ അല്ലാഹുവിന്റെ അടിമയായിരിക്കുവാനുമുള്ള സൂക്ഷ്മത സദാ നിലനിര്‍ത്തുക എന്നതാണു മുഹമ്മദീയ ദര്‍ശനത്തിന്റെ അടിസ്ഥാന പ്രകൃതം എന്നു ഏതാണ്ട് ഉറപ്പിച്ചു പറയാം.
വിശ്വപ്രപഞ്ച പ്രതിഭാസങ്ങളെ ഓരോന്നിനെയും ദൃഷ്ടാന്തമാക്കി സര്‍വലോകങ്ങളുടെയും ഏകനാഥനും സത്യപരമേശ്വരനുമായ അല്ലാഹുവിന്റെ ഇച്ഛയെന്തെന്നു തൊട്ടറിഞ്ഞു ജീവിക്കാന്‍ സൂക്ഷ്മത പുലര്‍ത്തേണ്ടുന്നവനാണ് ഭൂമിയില്‍ മുസ്‌ലിം. ഇങ്ങനെ വിശ്വപ്രപഞ്ചത്തിലൂടെ അല്ലാഹുവിന്റെ ഇച്ഛയെന്തെന്ന് വായിച്ചറിയുവാന്‍ ശ്രദ്ധാപൂര്‍വം ശ്രമിക്കുന്ന ഒരു മനുഷ്യനും മതരാഷ്ട്രവാദിയാകാനാവില്ല. കാരണം അല്ലാഹുവിനാല്‍ മാത്രം ഭരിക്കപ്പെടുന്ന വിശ്വപ്രപഞ്ചത്തിലെ ഒരു പ്രതിഭാസവും ജാതി, മതം, ദേശം, ഭാഷ, വര്‍ണം, ലിംഗം തുടങ്ങിയ വിഭാഗീയ പ്രവണതകളോടെയല്ല പ്രവര്‍ത്തിച്ചുവരുന്നത്. സൂര്യന്‍ അതിന്റെ ചൂടും പ്രകാശവും ഒരു പ്രത്യേക മതവിഭാഗങ്ങള്‍ക്കു മാത്രമായി നല്‍കുന്നില്ല.
ആരു കുടിച്ചാലും വെള്ളം അതു കുടിക്കുന്നവരുടെ ദാഹം മാറ്റി ക്ഷീണം തീര്‍ത്തുകൊടുക്കുന്നു. വിശ്വാസിക്കും അവിശ്വാസിക്കും ശുദ്ധവായു ലഭിക്കാതിരിക്കുന്നില്ല. ഈ വിശ്വപ്രപഞ്ച പ്രവര്‍ത്തന രീതിയും നീതിയും തന്നെ അല്ലാഹുവിന്റെ പ്രപഞ്ച ഭരണേച്ഛ മതജാതി വിഭാഗീയതകള്‍ക്ക് അതീതമാണെന്നും ഇന്നത്തെ ഭാഷയില്‍ മതേതരമാണെന്നും വെളിവാക്കിത്തരുന്നു. ഇതു മനസ്സിലാക്കുന്ന അല്ലാഹുവിന്റെ അടിമയായ മനുഷ്യന് എങ്ങനെയാണ് മത വര്‍ഗീയവാദിയാവാനാവുക? മതം കര്‍മശാസ്ത്രം എന്ന നിലയിലാണെങ്കിലും ജ്ഞാനശാസ്ത്രം എന്ന നിലയിലാണെങ്കിലും അനുശാസിച്ചു വരുന്നതിന്റെ സാരം മനുഷ്യനെ സര്‍വേശ്വരേച്ഛക്ക് പൊരുത്തപ്പെട്ടു ജീവിക്കുവാന്‍ പ്രേരിപ്പിക്കുക എന്നതാണല്ലോ.
സര്‍വേശ്വരേച്ഛ പ്രതിഫലിതമായി കാണുന്നത് ഏതെങ്കിലും പുസ്തകത്തിലല്ല വിശ്വപ്രപഞ്ചത്തിലൂടെ മുഴുവനും അത് കാണുന്നുണ്ട്. “ഭ്രാമയന്‍ സര്‍വ്വഭൂതാനി’ എന്ന ഭഗവദ്ഗീതാ തത്ത്വവും “ഈശാവാസ്യമിദംസര്‍വ്വം’ എന്ന ഉപനിഷദ് തത്ത്വവും വിശ്വപ്രപഞ്ചത്തിലൊന്നൊഴിയാതെ സര്‍വതിലും സര്‍വേശ്വരേച്ഛ പ്രതിഫലിതമാണെന്നു പ്രഖ്യാപിക്കുന്നു. ഇതേ ആശയം വിശുദ്ധ ഖുര്‍ആനിലും ആവര്‍ത്തിച്ചു പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതായി വായിക്കാം. ഉദാഹരണത്തിന് “തീര്‍ച്ചയായും ധാന്യമണികളും ഈത്തപ്പഴക്കുരുവും പിളര്‍ക്കുന്നവനാകുന്നു അല്ലാഹു. നിര്‍ജീവമായതില്‍ നിന്നു ജീവനുള്ളതിനെ അവന്‍ പുറത്തുവരുത്തുന്നു. ജീവനുള്ളതില്‍ നിന്നു നിര്‍ജീവമായതിനെയും അവന്‍ പുറത്തുവരുത്തുന്നതാണ്. അങ്ങെനയുള്ളവനത്രേ അല്ലാഹു. പ്രഭാതത്തെ പിളര്‍ത്തിക്കൊണ്ടു വരുന്നവനാണവന്‍. രാത്രിയെ അവന്‍ ശാന്തമായ വിശ്രമവേളയാക്കിയിരിക്കുന്നു. സൂര്യചന്ദ്രന്മാരെ അവന്‍ കണക്കുകള്‍ക്ക് അടിസ്ഥാനമാക്കിയിരിക്കുന്നു. പ്രതാപിയും സര്‍വജ്ഞനുമായ അല്ലാഹുവിന്റെ ക്രമീകരണമത്രെ അത്… വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് അതിലെല്ലാം ദൃഷ്ടാന്തങ്ങളുണ്ട്’ (വിശുദ്ധ ഖുര്‍ആന്‍ അധ്യായം 6ല്‍ 95 മുതല്‍ 101 വരെയുള്ള സൂക്തങ്ങള്‍ നോക്കുക).
ഇങ്ങേയറ്റത്ത് ഈത്തപ്പനക്കുരുവെ പിളര്‍ത്തി തളിര്‍ മുളപ്പിക്കുന്നതു മുതല്‍ അങ്ങേയറ്റത്തു പ്രഭാതത്തെ പിളര്‍ത്തിക്കൊണ്ടു വരുന്നതുവരെയുള്ള സര്‍വചരാചര പ്രതിഭാസങ്ങളിലും അല്ലാഹുവിന്റെ ഇച്ഛാശക്തിയേയും ഭരണനൈപുണിയെയും ദര്‍ശിക്കുന്ന ഉത്തമ വിശ്വാസിയായ ഒരു മുസ്‌ലിമിനും ഒരു പ്രത്യേക മത വിഭാഗത്തിന്റെ സ്വേച്ഛാധിപത്യം നിര്‍ബന്ധിപ്പിച്ചു സ്ഥാപിക്കുക എന്ന അര്‍ത്ഥത്തിലുള്ള യാതൊരു മതരാഷ്ട്രവാദത്തിനും അല്ലാഹുവിന്റെ ദുനിയാവില്‍ ഇടം കണ്ടെത്താനുള്ള “മതഭ്രാന്ത്’ ഉണ്ടാവുകയില്ല. മതഭ്രാന്ത് ഒഴിഞ്ഞ ഉത്തമ വിശ്വാസികളായ മനുഷ്യര്‍ ദൈവത്തിന്റെ ഖലീഫ എന്ന നിലയില്‍ ഭൂമിയില്‍ സര്‍വേശ്വരേച്ഛയെ സൂക്ഷിച്ച് ജീവിക്കാന്‍ തുടങ്ങിയാല്‍ ഉണ്ടാവുന്നതാണു ലോകസമാധാനം. അതിനു കഴിയാത്തിടത്തോളം കാലം ലോകത്തൊരിക്കലും ഉണ്ടാവാത്തതുമാണ് സമാധാനം. അതിനാല്‍ വിശ്വപ്രപഞ്ചത്തിലുടനീളം സര്‍വേശ്വരേച്ഛയുടെ ഭരണ നൈപുണി ദര്‍ശിക്കാനുള്ള സൂക്ഷ്മത പുലര്‍ത്തി സമാധാനത്തിന്റെ ജീവിത സാക്ഷ്യങ്ങളാവുക എന്നതാണ് മുഹമ്മദീയ ദര്‍ശനം മുന്നോട്ടു വയ്ക്കുന്ന സാമൂഹിക ദര്‍ശനമെന്നു ഏതാണ്ട് ഉറപ്പിച്ചു പറയാം.
ഇനി വിശ്വപ്രപഞ്ചത്തിലേക്കൊന്നും പോകാതെ, നമുക്കു കിട്ടിയ വിശുദ്ധ ഖുര്‍ആനില്‍ പറയപ്പെട്ടതനുസരിച്ച് മാത്രമേ ജീവിക്കൂ എന്നു തീര്‍ച്ചപ്പെടുത്തിയ മനുഷ്യനും ഒരിക്കലും സ്വന്തം മതത്തിന്റെ ആധിപത്യത്തിലേക്ക് സര്‍വരേയും നിര്‍ബന്ധിച്ചു കീഴ്പ്പെടുത്തുന്ന മതരാഷ്ട്ര വാദത്തിന്റെ ഇടുങ്ങിയ നിലപാട് സ്വീകരിക്കാനാവില്ല. കാരണം വിശുദ്ധ ഖുര്‍ആന്‍ പ്രകാരം മുഹമ്മദ് നബിയെയും ഖുര്‍ആനെയും മാത്രം മാനിച്ചാല്‍ ആരും മുസ്‌ലിം ആവുകയില്ല. വിവിധ ദേശങ്ങളില്‍ വിവിധ ഭാഷകളില്‍ വിവിധ ജനവിഭാഗങ്ങളില്‍ സത്യബോധം അവതരിപ്പിക്കുവാന്‍ അയക്കപ്പെട്ട മുഴുവന്‍ ദൂതന്മാരേയും അവരിലൂടെ ലോകത്തിനു ലഭിച്ച മുഴുവന്‍ മഹദ്ഗ്രന്ഥങ്ങളെയും മാനിക്കുന്ന മനുഷ്യനേ യഥാര്‍ത്ഥ മുസ്‌ലിം ആകൂ.
അല്‍ബഖറ എന്ന വിശുദ്ധ ഖുര്‍ആനിലെ രണ്ടാം അധ്യായത്തിലെ 136ാം സൂക്തം ഇങ്ങനെ പറയുന്നു: “നിങ്ങള്‍ പറയുക, അല്ലാഹുവിലും അവങ്കല്‍ നിന്നു ഞങ്ങള്‍ക്ക് അവതരിപ്പിച്ചു കിട്ടിയതിലും ഇബ്റാഹീമിനും ഇസ്മാഈലിനും ഇസ്ഹാഖിനും യഅ്ഖൂബിനും യഅ്ഖൂബ് സന്തതികള്‍ക്കും അവതരിപ്പിച്ച് കൊടുത്തതിലും മൂസാ, ഈസാ എന്നിവര്‍ക്ക് നല്‍കപ്പെട്ടതിലും സര്‍വപ്രവാചകന്മാര്‍ക്കും അവരുടെ രക്ഷിതാവിങ്കല്‍ നിന്നു നല്‍കപ്പെട്ട സന്ദേശങ്ങളിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പ്പിക്കുന്നില്ല. ഞങ്ങള്‍ അല്ലാഹുവിന് അനുസരണപ്പെട്ടു ജീവിക്കുന്നവരാകുന്നു.’
ഇതു വായിച്ചു മനസ്സിലാക്കുന്ന ഏതൊരു മനുഷ്യനാണ് മതഭ്രാന്തന്‍ നിലപാടുകളും അതിന്റെ രാഷ്ട്രീയ നിലപാടായ വര്‍ഗീയതയും മതരാഷ്ട്ര വാദവും വിശുദ്ധ ഖുര്‍ആനിനെ ആധാരമാക്കി ഉയര്‍ത്തിപ്പിടിക്കാനാവുക? അതിനാല്‍ കുഴപ്പം മനുഷ്യന്‍ മുസ്‌ലിം ആകുന്നതിലല്ല കിടക്കുന്നത്; മറിച്ച് യഥാര്‍ത്ഥ മുസ്‌ലിം ആകാതിരിക്കുന്നതിലാണ്, മനുഷ്യനാവാതിരിക്കുന്നതിലുമാണ്. മനുഷ്യനെ യഥാര്‍ത്ഥ മുസ്‌ലിമാക്കുവാന്‍ ദാര്‍ശനിക ഗൗരവത്തോടു കൂടിയ ഖുര്‍ആന്‍ പഠനം വഴിവെക്കും.

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ