മുഹറം അറബി കലണ്ടറിലെ ആദ്യത്തെ മാസമാണ്. ഹിജ്റ വര്‍ഷത്തിന്റെ തുടക്കം മുഹറം കൊണ്ടായതില്‍ വിശ്വാസിക്ക് ഏറെ പാഠങ്ങളുണ്ട്. മുഹറം എന്ന പദത്തിന് പവിത്രമായത്, നിഷിദ്ധമായത് എന്നെല്ലാം അര്‍ത്ഥമുണ്ട്. അല്ലാഹു ഈ മാസത്തിന് നിശ്ചയിച്ചു നല്‍കിയ പവിത്രത സംരക്ഷിക്കാനുള്ള ബാധ്യത അടിമകളായ മനുഷ്യര്‍ക്കുണ്ടെന്നര്‍ത്ഥം. അതിനാല്‍ അരുതായ്മകള്‍ പ്രവര്‍ത്തിക്കാതെ ഭക്ത്യാദരപൂര്‍വം ഈ മാസത്തെ നാം സ്വാഗതം ചെയ്യണം. മുഹറം അരുതായ്മകള്‍ക്കു നിലവിലുള്ള നിരോധത്തിന് പുറമെ അധികമായി ഒരു തടസ്സം കൂടി സൃഷ്ടിച്ച് വിശ്വാസിയെ പരിരക്ഷിക്കുകയാണ്. അത് ഈ മാസത്തിന് ഇസ്ലാം പൂര്‍വകാലത്തേ നല്‍കിപ്പോരുന്ന പവിത്രതയാണ്.
അല്ലാഹുവിന്റെ ദാസന് അവന്റെ യജമാനന്‍റേത് എല്ലാം ഇഷ്ടകരവും ആനന്ദകരവുമായിരിക്കുമല്ലോ. അല്ലാഹുവിലേക്ക് ചേര്‍ത്തിപ്പറയുന്നതെന്തും സ്രഷ്ടാവിലേക്കടുപ്പിക്കുന്ന ഉപാധികളാണെന്നതാണിതിനു നിദാനം. അല്ലാഹുവിലേക്കു ചേര്‍ത്തിയുള്ള ചില വിശേഷണങ്ങള്‍ നോക്കുക: ബൈതുല്ലാഹി (അല്ലാഹുവിന്റെ ഭവനം), ശഹ്റുല്ലാഹി (അല്ലാഹുവിന്റെ മാസം), നബിയ്യുല്ലാഹി (അല്ലാഹുവിന്റെ പ്രവാചകന്‍), വലിയ്യുല്ലാഹി (അല്ലാഹുവിന്റെ ഇഷ്ടദാസന്‍), ഖലീഫതുല്ലാഹി (അല്ലാഹുവിന്റെ പ്രതിനിധി) എല്ലാറ്റിലും ഉപര്യുക്ത മഹത്ത്വം കാണാം. ഖല്‍ഖുല്ലാഹി (അല്ലാഹുവിന്റെ സൃഷ്ടി) എന്നത് തന്നെ അടിസ്ഥാനപരമായി സവിശേഷമാണ്. അവയില്‍ നിക്ഷിപ്തമായിട്ടുള്ള പവിത്രത അല്ലാഹു തന്നെ നിശ്ചയിച്ചതാണ്.
സൃഷ്ടിസാകല്യത്തില്‍ നിന്നും അല്ലാഹു ആദരവ് കൂടുതല്‍ നല്‍കിയ വസ്തു, സ്ഥലം, കാലം, വ്യക്തി, കര്‍മം, ശീലം തുടങ്ങിയവയിലെല്ലാം പ്രാധാന്യമുള്ളവ ഏറെയുണ്ട്. അതെല്ലാം അല്ലാഹുവിന്റെ സൃഷ്ടി എന്ന വിതാനത്തില്‍ നിന്നും അല്ലാഹുവിന്റെ ഖലീഫ (പ്രതിനിധി) എന്ന ഉന്നതിയില്‍ നിയുക്തനായ മനുഷ്യന് ഗുണോപാധികളാണ്. ദുല്‍ഹജ്ജ് മാസത്തില്‍ വിശ്വാസികളുടെ പ്രതിനിധികള്‍ അല്ലാഹുവിന്റെ അതിഥികളായി പുണ്യഭൂമിയിലെത്തി ഹജ്ജും ഉംറയും നിര്‍വഹിക്കുകയുണ്ടായി. അവര്‍ അവരുടെ ഹജ്ജിന്റെ കര്‍മങ്ങളും മറ്റു പുണ്യകര്‍മങ്ങളുമായി സംഗമിച്ച വിശുദ്ധ നിലങ്ങള്‍ വ്യത്യസ്തമായ പദവിയും ബഹുമാനങ്ങളുമുള്ളവയാണ്. എക്കാലവും ആദരണീയവും സമയബന്ധിതമായി ആദരണീയതയുള്ളതും അതിലുണ്ട്. അല്ലാഹു അവന്റെ ഭൂമിയില്‍ നിശ്ചിത സ്ഥലത്തെ പവിത്രവും ആദരണീയവുമാക്കി അത് ആവാഹിച്ചെടുക്കാന്‍ വിശ്വാസിയെ അങ്ങോട്ടെത്തിക്കുകയാണ്.
ഇതുപോലെ മുഹറത്തിന്റെ പവിത്രതയും വിശ്വാസിക്ക് വേണ്ടിയുള്ളതാണ്. വിശ്വാസിയിലെ ആദരണീയതയെയും അവന്റെ പവിത്രാവസ്ഥയെയും കൂടുതല്‍ തിളക്കമുള്ളതാക്കാനുള്ള അവസരമാണത്. സ്രഷ്ടാവ് കല്‍പിച്ചുനല്‍കിയ മഹത്ത്വം സ്വയം നഷ്ടപ്പെടുന്നതല്ലല്ലോ. മുഹറം എന്ന നാമം തന്നെ അതിന്റെ വിശുദ്ധി തെളിയിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സുസ്ഥിരമായ ഗുണവുമുള്ളതാണ് ഈ മാസം.
ഹിജ്റ വര്‍ഷത്തിന്റെ ആരംഭം തന്നെ മുഹറം ആയത് നന്മകള്‍ക്കനുഗുണവും തിന്മകള്‍ക്കെതിരെയുമുള്ള ആഹ്വാനവുമാണ്. അതിനെ ഏറ്റെടുത്തും അനുവര്‍ത്തിച്ചും ആദരണീയത സംരക്ഷിക്കാന്‍ വിശ്വാസികള്‍ തയ്യാറാവണം. മുഹറമെന്ന പവിത്രമാസം മുതല്‍ വര്‍ഷം മുഴുവനായും ഗുണങ്ങളുടെ കാലമാക്കി തിന്മകള്‍ വര്‍ജിച്ചും നന്മ വിളയിച്ചും പവിത്രമാക്കിത്തീര്‍ക്കണം. തുടക്കത്തില്‍ തന്നെ ഒരു നല്ല രീതി അവലംബിച്ച് ജീവിതം നയിക്കണമെന്ന സന്ദേശം വര്‍ഷം മുഴുവനായി നന്മയില്‍ അസ്ഥിവാരമിടുന്നതിനു പ്രേരകമാണ്.
ഒരു വര്‍ഷത്തിന്റെ മൂന്നിലൊരു ഭാഗം സായുധസമരം വര്‍ജിക്കണമെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. വര്‍ഷാരംഭത്തിലെ മാസം തന്നെ സായുധ സമരം നിഷിദ്ധമാണെന്നതില്‍ നിന്നും യുദ്ധത്തോടുള്ള ഇസ്ലാമിന്റെ സമീപനമെന്തെന്ന് മനസ്സിലാക്കാം. അനിവാര്യമാകുമ്പോഴേ ഇസ്ലാമിക രാജ്യത്തിനു കീഴില്‍ സായുധ സമരം മതം അംഗീകരിക്കുന്നുള്ളൂ. ചുരുക്കത്തില്‍ ശാന്തവും സമാധാനപരവുമായ അന്തരീക്ഷത്തില്‍ നന്മകള്‍ക്ക് നാന്ദികുറിക്കാനുള്ള അവസരമാണ് മുഹറം.
വൈയക്തിക നന്മകള്‍ക്ക് സാഹചര്യമൊരുങ്ങുന്നതിന് സ്വസ്ഥമായ ചുറ്റുപാടുകള്‍ ആവശ്യമാണ്. ഇസ്ലാം അതംഗീകരിക്കുന്നുണ്ട്. നമ്മുടെ പൂര്‍വികര്‍ സ്വസ്ഥത നഷ്ടപ്പെടുത്തുന്ന വിശേഷങ്ങള്‍ മുഹറം മാസത്തില്‍ മാറ്റിനിറുത്തിയിരുന്നുവെന്നു കാണാം. ആദ്യപത്തില്‍ വിശേഷിച്ചും. വിവാഹം, യാത്ര തുടങ്ങിയ കാര്യങ്ങളുമായി കെട്ടുപിണഞ്ഞ് സമയം നഷ്ടപ്പെട്ടാല്‍ വര്‍ഷാരംഭത്തിലേ ആരാധന കുറയുമോ എന്ന് അവര്‍ ആശങ്കിച്ചതും ഇതിനു കാരണമായിരുന്നു. അവരുടെ ഈ സമീപനത്തെ ഗുണകരമായി ഉള്‍ക്കൊള്ളുന്നതിനു പകരം ചിലരെല്ലാം വിരസമായാണ് ഗ്രഹിച്ചിട്ടുള്ളത്. അതുകൊണ്ടാണ് മുഹറമിന്റെ ആദ്യനാളുകള്‍ ചില പ്രത്യേക കാര്യങ്ങള്‍ക്ക് കൊള്ളില്ല എന്ന ധാരണ പരന്നത്. യഥാര്‍ത്ഥത്തില്‍ അത് നിഷിദ്ധമല്ലെങ്കിലും അവയില്‍ കെട്ടുപിണഞ്ഞ് ഒരു സുവര്‍ണാവസരം നഷ്ടപ്പെടരുത് എന്നാണ് മുന്‍ഗാമികള്‍ കരുതിയത്. നന്മകള്‍ കൊണ്ട് തുടങ്ങി ആ വര്‍ഷം മുഴുവനും സുകൃതം നിലനിര്‍ത്താനും അവര്‍ ശ്രമിച്ചിരുന്നു. മുഹറമെന്ന പവിത്രകാലത്തിന്റെ ആദ്യദശകത്തെ കൂടുതല്‍ ധന്യമാക്കുകയാവണം ഈ സൂക്ഷ്മതയുടെ പ്രയോഗതലം.
ദിവസങ്ങള്‍, ആഴ്ചകള്‍, മാസങ്ങള്‍, കൊല്ലങ്ങള്‍ എന്നിങ്ങനെ കാലത്തെ അംഗീകരിച്ചും അടയാളപ്പെടുത്തിയുമുള്ള മനുഷ്യന്റെ കാലഗണനാ രീതി പഴക്കമേറെയുള്ളതാണ്. സൂര്യചന്ദ്രന്മാരെ അടിസ്ഥാനപ്പെടുത്തി കാലവും സമയവും കണക്കാക്കുന്ന രീതി മനുഷ്യന് പ്രപഞ്ചനാഥന്‍ കനിഞ്ഞേകിയതാണ്. ആ ഗോളങ്ങളുടെ സൃഷ്ടിപ്പും ക്രമീകരണവും തന്നെ ഉത്തമമായ ദൃഷ്ടാന്തമത്രെ.
സൂര്യനെ പ്രകാശമാനമാക്കിയതും ചന്ദ്രനെ ശോഭയുള്ളതാക്കിയതും അവനാകുന്നു. അതിന് വ്യത്യസ്ത മണ്ഡലങ്ങളെ നിശ്ചയിച്ചതും അവന്‍ തന്നെ. കൊല്ലങ്ങളുടെയും സമയത്തിന്റെയും കണക്കറിയുന്നതിനു സഹായകമായ സൂര്യചന്ദ്രാദികളുടെ ചലനഭ്രമണങ്ങളെ മനുഷ്യന്‍ എന്നും ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
പ്രകാശത്തിന്റെ അടിസ്ഥാനം സൂര്യനായതിനാല്‍ രാപ്പകലുകള്‍ നിര്‍ണയിച്ച് നല്‍കുന്നതില്‍ സൂര്യനാണ് വ്യക്തമായ പങ്കാളിത്തമുള്ളത്. യഥാര്‍ത്ഥത്തില്‍ സൂര്യനും ചന്ദ്രനും ദൃഷ്ടാന്തങ്ങളാണ്. അവയുടെ വ്യത്യസ്തതകളും പ്രതിഫലനങ്ങളും ദൃഷ്ടാന്തങ്ങള്‍ തന്നെ.
‘രാപ്പകലുകളെ നാം രണ്ടു ദൃഷ്ടാന്തങ്ങളായി നിശ്ചയിച്ചിരിക്കുന്നു. രാത്രിയെ പ്രകാശമില്ലാത്തതും പകലിനെ പ്രകാശിതവുമാക്കി. നിങ്ങളുടെ നാഥനില്‍ നിന്നുള്ള അനുഗ്രഹത്തെ നിങ്ങള്‍ തേടാന്‍ വേണ്ടിയും കൊല്ലങ്ങളും സമയവും കണക്കാക്കാന്‍ വേണ്ടിയും’ (അല്‍ഇസ്റാഅ്/12).
‘രാപ്പകലുകള്‍ മാറിവരുന്നതിലും ആകാശ ഭൂമികളില്‍ അല്ലാഹു സൃഷ്ടിച്ചവയിലും തഖ്വ(ഭക്തി) യുള്ളവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്’ (യൂനുസ്/6).
സൂര്യചന്ദ്രരാപ്പകലുകളില്‍ നമുക്ക് പാഠവും കാലഗണനാ സൗകര്യവും ഉണ്ട്. പ്രത്യക്ഷമായ മറ്റുപകാരങ്ങള്‍ പുറമെയും. കാലഗണനക്ക് മനുഷ്യ ജീവിതത്തിന്റെ ആത്മീയതയിലും രചനാത്മകതയിലുമുള്ള സ്വാധീനം വ്യക്തമാണ്. പ്രകാശമാനമായ സൂര്യനെ അടിസ്ഥാനപ്പെടുത്തി സാധാരണ ഗതിയില്‍ ദിനങ്ങള്‍ തീരുമാനിക്കാന്‍ സാധിക്കുന്നു.
രാവും പകലും ചേര്‍ന്ന് ഒരു ദിനവും ഏഴു ദിനങ്ങള്‍ ചേര്‍ന്ന് ഒരു ആഴ്ചയും നാം കണക്കാക്കുന്നു. ഒരു രാപ്പകലിനേക്കാള്‍ ചുരുങ്ങിയ ദിനവും ഏഴു ദിനങ്ങളില്‍ ചുരുങ്ങിയ ആഴ്ചകളുമില്ല. മാസം ആഴ്ചയുടെ കൃത്യമായ ഗുണിതങ്ങളല്ലാത്തതിനാല്‍ കൃത്യമായ ഒരു മാനദണ്ഡം നിശ്ചയിക്കപ്പെടുകയും അത് കണിശമായി പരിഗണിക്കുകയും വേണം. സൂര്യചന്ദ്രന്മാരുടെ സാന്നിധ്യത്തിലാണത് സാധിക്കുന്നത്.
ചന്ദ്രനുണ്ടാക്കുന്ന വൃദ്ധിക്ഷയങ്ങള്‍ ഒരു പ്രാവശ്യം പൂര്‍ത്തിയാവുമ്പോള്‍ ഒരു മാസമായി. അതിന്റെ പൂര്‍ണമായ ദിനങ്ങള്‍ മുപ്പതാണ്. ഒരു മാസത്തിലെ 29ന് അസ്തമിച്ച രാത്രിയുടെ തുടക്കത്തിലെവിടെയെങ്കിലും ചന്ദ്രക്കീറ് കാണാനായാല്‍ ഒരു വൃദ്ധിയുടെ സമാരംഭമായി. അതിനാല്‍ സൗരദിനത്തേക്കാള്‍ ന്യൂനമായ ചന്ദ്രദിനത്തെ അന്നുമുതല്‍ കണക്കാക്കിത്തുടങ്ങും. അങ്ങനെയാവുമ്പോള്‍ ചില മാസങ്ങള്‍ 29 ദിനങ്ങളായിരിക്കും.
സൂര്യന് ദിനേനയുള്ള ഉദയാസ്തമയം പോലെയാണ് ചന്ദ്രന് മാസാന്തമുള്ള പിറവി. വര്‍ഷത്തില്‍ പന്ത്രണ്ടു പ്രാവശ്യം ഇതു നടക്കുന്നു. ഇതില്‍ ഒന്നാമത്തെ മാസത്തെ പവിത്രമാക്കുകയും അതു ഉപയോഗപ്പെടുത്താന്‍ വിശ്വാസികള്‍ക്കവസരം നല്‍കുകയും ചെയ്തതിലൂടെ വിശ്വാസികള്‍ നന്നായിത്തീരുന്നതിന് സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. പരിശുദ്ധവും പാവനവുമായ ഒന്നിനോട് മനുഷ്യനെ ബന്ധപ്പെടുത്തി അവനെയും പരിശുദ്ധനാക്കുകയാണിവിടെ.
അല്ലാഹുവിന്റെ സൃഷ്ടികളില്‍ നിക്ഷിപ്തമായ ഗുണം അടിസ്ഥാനപരമായി കാലത്തിലും സമയത്തിലുമുണ്ട്. അതിനാല്‍ തന്നെ അത് ആവാഹിക്കുന്നതിനും നഷ്ടപ്പെടാതിരിക്കുന്നതിനും വിശ്വാസി ശ്രമിക്കേണ്ടതുണ്ട്. നബി(സ്വ) പറയുന്നു: ‘കാലത്തിലെ ദിവസങ്ങളിലെല്ലാം നിങ്ങളുടെ നാഥന്റെ അനുഗ്രഹ കടാക്ഷങ്ങളുണ്ട്. അതിനാല്‍ നിങ്ങള്‍ അതിലേക്ക് പ്രത്യക്ഷരാവുക എന്നാല്‍ അതില്‍ നിന്ന് ഒന്നു നിങ്ങളെ കടാക്ഷിച്ചേക്കാം. പിന്നെ നിങ്ങളൊരിക്കലും പരാജിതരാവില്ല’ (ത്വബ്റാനി).
സ്ഥലവും കാലവും മനുഷ്യഗുണത്തിനുള്ളതാണ്. തനിക്കായി നിശ്ചയിക്കപ്പെട്ട ഗുണമെവിടെ, എപ്പോള്‍, എങ്ങനെ എന്നത് നമ്മുടെ തീരുമാനത്തിന്റെയും കണ്ടെത്തലിന്റെയും പരിധിയില്‍ വരുന്നതല്ല. അതിനാല്‍ തന്നെ അതു ലഭിക്കണമെന്ന വിചാരത്തോടെ എല്ലാറ്റിനെയും സമീപിക്കുകയാണ് ഏകവഴി.
വിശുദ്ധ മാസങ്ങളെ കുറിച്ച് പറഞ്ഞ ശേഷം അല്ലാഹു പറയുന്നത് നിങ്ങള്‍ നിങ്ങളെത്തന്നെ ആക്രമിക്കരുത് എന്നാണ്.
‘അല്ലാഹു ആകാശഭൂമികളെ സൃഷ്ടിച്ചതു മുതല്‍ക്കേ അവന്റെ കണക്കില്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണ്. അവയില്‍ നാല് മാസങ്ങള്‍ യുദ്ധാനുമതിയില്ലാത്തവയാണ്. ഇതാണു നേരായ വ്യവസ്ഥ. അതില്‍ നിങ്ങള്‍ നിങ്ങളെത്തന്നെ അക്രമിക്കരുത്’ (അത്തൗബ/36).
അറബികള്‍ക്കിടയില്‍ കാലഗണനയില്‍ ചില അശുഭകരമായ സമീപന രീതികളുണ്ടായിരുന്നു. ചില മാസങ്ങള്‍ തങ്ങളുടെ താല്‍പര്യാനുസരണം മാറ്റുകയും അതുമൂലം മാസങ്ങളുടെ എണ്ണം തന്നെ കൂടുകയും ചെയ്തിരുന്നു. അതിനെയെല്ലാം നിരാകരിക്കുകയും തിരുത്തുകയും ചെയ്യുന്ന സൂക്തമാണിത്. ഹജ്ജും ഉംറ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട സ്വദേശികളും അല്ലാത്തവരുമായ ആളുകളുടെ യാത്ര സുരക്ഷിതമാവുന്നതിനും തീര്‍ത്ഥാടനം മുടങ്ങാതിരിക്കാനും വേണ്ടി നാലു മാസങ്ങളെ യുദ്ധവിരുദ്ധ മാസമാക്കി നിശ്ചയിച്ചിരിക്കുകയാണ്. ചില ഗോത്രങ്ങള്‍ക്കിടയില്‍ മാസങ്ങളുടെ ക്രമത്തിലും വ്യത്യാസമുണ്ടായിരുന്നു. അതില്‍ ശരിയായ ക്രമത്തെ നബി(സ്വ) വ്യക്തമാക്കിയിട്ടുണ്ട്.
‘അല്ലാഹു ആകാഭൂമികളെ സൃഷ്ടിച്ചതു മുതല്‍ക്കേ കാലം അതിന്റെ ക്രമത്തില്‍ കറങ്ങുന്നുണ്ട്. ഒരു വര്‍ഷം പന്ത്രണ്ടു മാസമാണ്. ദുല്‍ഖഅദ്, ദുല്‍ഹിജ്ജ, മുഹറം എന്നീ മൂന്ന് തുടര്‍മാസങ്ങള്‍ ജുമാദുല്‍ ഉഖ്റയുടെയും ശഅ്ബാന്റെയും ഇടയിലുള്ള റജബ് എന്നീ നാലു മാസങ്ങള്‍ യുദ്ധം നിഷിദ്ധമായ മാസങ്ങളാണ്’ (ബുഖാരി). റബീഅത്തുകാര്‍ റജബായി കണക്കാക്കിയിരുന്ന ഇന്നത്തെ റമളാന്റെ സ്ഥാനത്തായിരുന്നു.
ഈ നാല് മാസങ്ങളില്‍ അധിക പുണ്യമുള്ളത് മുഹറം മാസത്തിനാണ്. ഹസന്‍(റ) പറയുന്നു: ‘പവിത്രമായ ഒരു മാസം കൊണ്ട് അല്ലാഹു വര്‍ഷം തുടങ്ങി. പവിത്രമായ മറ്റൊരു മാസം കൊണ്ട് വര്‍ഷം അവസാനിപ്പിക്കുകയും ചെയ്തു. റമളാന്‍ കഴിഞ്ഞാല്‍ പിന്നെ ആ കൊല്ലത്തില്‍ മുഹറമിനേക്കാള്‍ അല്ലാഹുവിങ്കല്‍ മഹത്തായ ഒരു മാസമില്ല. അതിനാല്‍ മുഹറമിന് ‘അല്ലാഹുവിന്റെ സര്‍വസുരക്ഷിതമായ മാസം’ എന്നും പേരുണ്ട്. കാരണം അതില്‍ നിഷിദ്ധാവസ്ഥ കഠിനമാണ്’ (ലത്വാഇഫുല്‍ മആരിഫ്).
നബി(സ്വ)യോട് ഏറ്റവും ഉത്തമമായ സമയവും മാസവും ഏതാണെന്ന് ചോദിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു: രാത്രിയില്‍ ഉത്തമമായത് അതിന്റെ മധ്യസമയമാണ്. മാസത്തില്‍ ശ്രേഷ്ഠം മുഹറം മാസമാണ്’ (നസാഈ). ഈ ശ്രേഷ്ഠത നേടിയെടുക്കുന്നതിനായി എന്തുവേണമെന്ന് നബി(സ്വ) തന്നെ പഠിപ്പിക്കുന്നുണ്ട്. അവിടുന്ന് പറഞ്ഞു: ‘റമളാന് ശേഷം നോമ്പ് ഏറ്റവും ശ്രേഷ്ഠമായത് മുഹറമിലാണ്, ഫര്‍ള് നിസ്കാരങ്ങള്‍ക്കു ശേഷം രാത്രിയിലെ നിസ്കാരവുമാണ് ശ്രേഷ്ഠകരം’ (മുസ്ലിം).
മുഹറമിലെ പ്രധാന പുണ്യകര്‍മം നോന്പാണെന്ന് മുകളിലുള്ള ഹദീസില്‍ നിന്നു വ്യക്തമാണ്. അതോടൊപ്പം നോമ്പിന് ഈ മാസവുമായുള്ള ബന്ധം സവിശേഷതയര്‍ഹിക്കുന്നതുമാണ്. മുഹറമിന് അല്ലാഹുവിന്റെ മാസം എന്ന വിശേഷണവുമുണ്ട്. ഇബാദത്തുകളില്‍ നോമ്പിന് അല്ലാഹു നല്‍കിയ പ്രധാന വിശേഷണമാണല്ലോ നോമ്പ് എനിക്കുള്ളതാണെന്നും പ്രതിഫലം നല്‍കുക നാമാണെന്നുമുള്ള വചനം വെളിപ്പെടുത്തുന്നത്. ഇതുപ്രകാരം ഈ മാസത്തില്‍ അവനിലേക്ക് ചേര്‍ത്തിപ്പറഞ്ഞ നോന്പ് എന്ന കര്‍മം വര്‍ധിപ്പിക്കുന്നത് ഏറെ പ്രധാനമത്രെ (ലത്വാഇഫുല്‍ മആരിഫ്).
പൂര്‍വിക മുസ്ലിംകള്‍ മുഹറമിലെ ആദ്യത്തെ പത്തു ദിവസങ്ങള്‍ പ്രത്യേകം പരിഗണിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. അതിനായി പല ഭൗതിക പ്രധാന കാര്യങ്ങളും അവര്‍ മാറ്റിവെക്കുകയും ചെയ്തിരുന്നു. സമൂഹത്തിലെ സച്ചരിതര്‍ എക്കാലത്തും ഇങ്ങനെയായിരുന്നു. ആശുറാഅ് നോമ്പടക്കം പത്തുനാള്‍ നോമ്പനുഷ്ഠിക്കുന്ന ശീലം പൂര്‍വികരില്‍ നിന്നു പകര്‍ന്നു ലഭിച്ചതാണ്.
അല്ലാമാ ഇബ്നു റജബില്‍ ഹമ്പലി(റ) ഉദ്ധരിക്കുന്നു: ‘അബൂ ഉസ്മാനുന്നഹ്ദ്(റ) പറഞ്ഞു: നല്ലവരായ ആളുകള്‍ വര്‍ഷത്തില്‍ മൂന്ന് പത്തുകളെ ആദരിച്ചിട്ടുണ്ട്. റമളാനിലെ അവസാനത്തെ പത്തുനാള്‍, ദുല്‍ഹിജ്ജയിലെ ആദ്യത്തെ പത്തുനാള്‍, മുഹറമിലെ ആദ്യത്തെ പത്തുനാള്‍’ (ലത്വാഇഫുല്‍ മആരിഫ്).
മുഹറം ഒമ്പത്, പത്ത് ദിനങ്ങളിലെ നോമ്പുകള്‍ പ്രത്യേകം സുന്നത്തുള്ളതാണ്. നബി(സ്വ) ആശൂറാഅ് ദിനത്തിന് നല്‍കിയിരുന്ന പരിഗണനയെ കുറിച്ച് ഇബ്നു അബ്ബാസ്(റ) പറയുന്നു: ഈ ദിനം അല്ലാത്ത മറ്റൊരു ദിവസമോ അതിന്റെ ശ്രേഷ്ഠതയോ നബി(സ്വ) ഇത്രയേറെ പരിഗണിച്ചിരുന്നതായി ഞാന്‍ കണ്ടിട്ടില്ല (ബുഖാരി).

അലവിക്കുട്ടി ഫൈസി എടക്കര

1 comment
Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ