ദുൽഹിജ്ജ അവസാനിക്കുന്നതോടെ ഹിജ്‌റ വർഷങ്ങളിലൊന്നിനു കൂടി പരിസമാപ്തി കുറിക്കുകയാണ്. 1443-ാം ഹിജ്‌റാബ്ദം പിറവിയെടുക്കുകയും ചെയ്യുന്നു. ഇസ്‌ലാമിക ചരിത്രത്തിലെയും മാനവ ചരിത്രത്തിലെയും സുപ്രധാനമായ സംഭവങ്ങളുടെ ഓർമ വിചാരങ്ങൾ മനസ്സിലുണരുന്ന ദിനങ്ങളും മാസങ്ങളുമാണ് അതോടെ സമാഗതമാകുന്നത്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ആത്മവിചാരത്തിനുള്ള ആഹ്വാനം കൂടി ഇവിടെ ഉയരുന്നുണ്ട്. സമയത്തെയും കാലത്തെയും കേവലമായ ഒരു പ്രതിഭാസം എന്ന തലത്തിൽ നിന്ന് ഉന്നതമായി, കാലത്തിന്റെ പ്രാധാന്യം വിശ്വാസികൾ മനസ്സിലാക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഇതൊരു കലണ്ടർ മാറ്റം മാത്രമല്ല.
വിശ്വാസി ജീവിതത്തിന്റെ നാൾവഴികൾ പരിഗണിക്കുന്നത് ഹിജ്‌റ കലണ്ടറിന്റെ അടിസ്ഥാനത്തിലാണ്. അതിനാൽ തന്നെ, ഈ സംഖ്യാ മാറ്റം ഒരു പ്രധാന സൂചികയാണ്. ഓരോ വ്യക്തിയുടെ ആയുസ്സിനെയും അവരുമായി ബന്ധപ്പെട്ടതിനെയും അത് നേരിട്ട് ബാധിക്കുന്നുണ്ട്. മനുഷ്യാ, വിലയേറിയ ഒരു വർഷം നിന്റെ ജീവിതത്തിൽ നിന്ന് പൊഴിഞ്ഞിരിക്കുകയാണ്, മരണത്തിലേക്കുള്ള ദൂരം ഒരു വർഷം കുറഞ്ഞിരിക്കുകയാണ്, ഓരോ നിമിഷവും ജീവിതത്തിൽ നീ ആസ്വദിച്ചും അനുഭവിച്ചും തീർക്കുന്നത് മരണത്തിലേക്കുള്ള ദൂരമാണ്.’ ഇതാണ് വർഷമാറ്റത്തിന്റെ ജീവനുള്ള വിളംബരം. തിരിച്ചുവരാത്തതും തിരിച്ചുപിടിക്കാനാവാത്തതുമായ പ്രതിഭാസമാണ് കാലവും സമയവും. മനുഷ്യനു വേണ്ടി കൃത്യമായി സഞ്ചാരം നടത്തുകയാണത്. മാനുഷ സഞ്ചാരം മുന്നോട്ടും കാലത്തിന്റെ സഞ്ചാരം പിന്നോട്ടുമാണ്.
മനുഷ്യന്റെ ജീവിത യാത്രയിലെ ഓരോ കാതങ്ങളാണ് രാവും പകലും. ദാവൂദുത്ത്വാഈ(റ) പറയുന്നു: ഓരോ രാപകലും മനുഷ്യർ വിട്ടുകടക്കുന്ന ഓരോ കാതങ്ങളാണ്. അങ്ങനെ എല്ലാ കാതവും വിട്ടുകടന്ന് അവരുടെ യാത്ര അവസാനിക്കും. അതുകൊണ്ട് ഓരോ കാതത്തിലും ശേഷമുള്ളതിലേക്കാവശ്യമായ വിഭവം സമാഹരിക്കാൻ സാധിക്കുമെങ്കിൽ അതാണ് നീ ചെയ്യേണ്ടത്. കാരണം യാത്രയുടെ അവസാനം വളരെ അടുത്താണ്. അതുകൊണ്ട് യാത്രക്ക് വേണ്ടി നീ വിഭവം ശേഖരിക്കുക. നിന്റെ കാര്യത്തിൽ നീ തന്നെയാണ് തീരുമാനമെടുക്കേണ്ടത്. എന്തെങ്കിലും സംഗതിയിൽ വ്യാപൃതനായിരിക്കെയായിരിക്കാം നിന്റെ അന്ത്യം സംഭവിക്കുന്നത് (ഹിൽയതുൽ ഔലിയാഅ്).
ഒരു നിമിഷത്തെയെങ്കിലും മുന്നോട്ടോ പുറകോട്ടോ നമുക്ക് മാറ്റിവെക്കാനാവില്ല. കാലപ്രവാഹത്തിൽ നിന്ന് സ്വയം മാറിനിൽക്കാനുമാകില്ല. പ്രപഞ്ച ക്രമീകരണത്തിന്റെ ഭാഗമായി അത് അഭംഗുരം സഞ്ചരിക്കും. നമുക്കതിൽ യാതൊരു സ്വാധീനവും നേടാനാവില്ല. കാലത്തിലൂടെയുള്ള സഞ്ചാരത്തിൽ നമുക്ക് സന്തോഷിക്കാൻ എന്താണുള്ളതെന്ന ആലോചനക്ക് പ്രസക്തിയുണ്ട്. നമ്മുടെ ആയുസ്സിൽ നിന്ന് ഓരോ ദിവസമായി അത് അടർന്ന് പോവുകയാണ്. അതിനെക്കുറിച്ച് നഷ്ടബോധമാണുണ്ടാവേണ്ടത്. അതേസമയം നൻമകളും സുകൃതങ്ങളും കൊണ്ട് ഇന്നലെകളെ സമ്പന്നമാക്കിയ വിശ്വാസിക്ക് നഷ്ടബോധത്തിന്റെ പ്രശ്‌നമില്ലതാനും.
ഇബ്‌നുഅബിദ്ദുൻയാ എഴുതുന്നു: കൊല്ലങ്ങൾ കഴിയുകയും ആയുസ്സ് കൂടുകയും ചെയ്യുമ്പോൾ സന്തോഷിക്കുന്ന മനുഷ്യാ, യഥാർത്ഥത്തിൽ നീ സന്തോഷിക്കുന്നത് നിന്റെ ആയുസ്സ് കുറയുന്നതിന്റെ പേരിലാണ്. അബുദ്ദർദാഅ്, ഹസൻ(റ) എന്നിവർ പറഞ്ഞു: നീ എന്നത് കുറച്ച് ദിവസങ്ങളാണ്. ഒരു ദിവസം പിന്നിടുമ്പോൾ നിന്റെ ഒരു ഭാഗം കഴിഞ്ഞു എന്നാണ് മനസ്സിലാക്കേണ്ടത് (ഇബ്‌നുഅബിദ്ദുൻയാ- കിതാബുസ്സുഹ്ദ്).
ഒരു വർഷം അവസാനിക്കുമ്പോൾ നമുക്ക് നമ്മെ സംബന്ധിച്ച് തർക്കമില്ലാത്ത ഒരു കാര്യം ഇത് മാത്രം: ഹിജ്‌റ 1442ലെ ഏതെങ്കിലുമൊരു ദിവസമോ സമയമോ എനിക്ക് നിശ്ചയിക്കപ്പെട്ട ഭൗതിക ജീവിതത്തിന്റെ അന്ത്യനിമിഷത്തെ ഉൾക്കൊണ്ടിട്ടില്ല, എന്നാൽ പുതുതായി പിറവിയെടുക്കാൻ പോകുന്ന വർഷത്തിൽ ഏതെങ്കിലുമൊരു സമയം എന്റെ അന്ത്യനിമിഷത്തെ ഉൾക്കൊള്ളുന്നില്ല എന്ന് ഉറപ്പിക്കാൻ നമുക്ക് സാധ്യമല്ല. നമുക്കാർക്കും കൃത്യമായി നിശ്ചയിക്കാൻ സാധിക്കാത്തതാണ് നമ്മുടെ അന്ത്യസമയവും സ്ഥലവുമെന്നത് ഒരു പരമ സത്യമാണ്.
കാലം എന്ന സഞ്ചാരപഥത്തിലൂടെ നാം നടന്നടുക്കുന്നത് അനന്തതയിലേക്കല്ല, ഭൗതിക ജീവിതത്തിന്റെ അന്ത്യനിമിഷത്തിലേക്കാണ്. ഇമാം യസീദുർറഖ്ഖാശീ(റ)യുടെ ഒരു കവിത മകൻ ഉദ്ധരിക്കുന്നുണ്ട്: പിന്നിടുന്ന ഓരോ ദിവസവും നാം സന്തോഷിക്കുകയാണ്. യഥാർത്ഥത്തിൽ പിന്നിടുന്ന ഓരോ ദിനവും നമ്മുടെ അന്ത്യനിമിഷത്തെയാണ് അടുപ്പിച്ച് കൊണ്ടിരിക്കുന്നത്. അതിനാൽ, മരണത്തിനു മുമ്പേ വിജയത്തിനായി പരിശ്രമിക്കുക. കാരണം യഥാർത്ഥ ലാഭനഷ്ടങ്ങൾ പ്രവർത്തനങ്ങളിലാണ് (കിതാബുസ്സുഹ്ദ്).
നമ്മുടെ നിശ്ചയങ്ങളോ നിലപാടുകളോ വേഗത കുറക്കാത്ത, നിശ്ചലമാക്കാത്ത സഞ്ചാരമാണ് കാലത്തിന്റെ എതിർ ദിശയിൽ നാം നടത്തിക്കൊണ്ടിരിക്കുന്നത്. നമ്മുടെ ജീവിതത്തെ അൽപാൽപമായി കുറക്കുകയും മരണത്തോട് അൽ പാൽപാൽപമായി അടുപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന വാഹനമാണ് കാലം. നാം ഇപ്പോൾ എത്തിനിൽക്കുന്ന നമ്മുടെ ആയുഷ്‌കാലത്തിലെ വർത്തമാന നിമിഷം നമ്മുടെ ജീവിതത്തിന്റെ ഏത് ഭാഗത്താണ് എന്നത് ഒരു തിയ്യതി കൊണ്ട് മാത്രമേ നമുക്കറിയിക്കാനാവൂ. ജീവിച്ച അത്രയും ഇനി ജീവിക്കുമോ എന്നത് നമുക്കജ്ഞാതമാണ്. എന്നാൽ നാം എത്തിനിൽക്കുന്ന സമയത്തെ നമ്മുടേതാക്കി മാറ്റുവാനുള്ള ആഹ്വാനം കാലം നടത്തുന്നുണ്ട്. അബൂ അബ്ദില്ലാഹിൽ മുസ്‌നീ(റ) പറയുന്നു: മനുഷ്യപുത്രാ, നീയെന്നെ പരമാവധി പ്രയോജനപ്പെടുത്തുക. എനിക്ക് ശേഷം മറ്റൊരവസരം നിനക്ക് ലഭിച്ചില്ലെന്നു വന്നേക്കാം എന്ന് ഓരോ രാവും പകലും വിളിച്ചുപറയുന്നുണ്ട് (ലത്വാഇഫുൽ മആരിഫ്). ഈ ആഹ്വാനം ഒരു ഉൾവിളിയായി വിശ്വാസിയുടെ മനസ്സിൽ തറക്കും. അതിനനുസരിച്ച പ്രവർത്തനങ്ങളുമുണ്ടാവും. ഈ ആഹ്വാനത്തിന്റെ യാതൊരുവിധ പ്രതിഫലനവും ഉണ്ടാകാത്ത ഭാഗ്യദോഷികളാവാതിരിക്കാനുള്ള കരുതൽ വിശ്വാസികൾക്കുണ്ടാവേണ്ടതാണ്.
ഉമർ ബിൻ ദർറിൽ ഹമദാനീ(റ) പറയുന്നു: രാത്രിയിലും അതിന്റെ ഇരുളിലും നിങ്ങൾ നിങ്ങൾക്ക് വേണ്ടി അധ്വാനിക്കുക. കാരണം രാപ്പകലുകളിൽ നിക്ഷിപ്തമായ നന്മകളെ മനസ്സിലാക്കാൻ സാധിക്കാത്തവനാണ് യഥാർത്ഥത്തിൽ അബദ്ധത്തിലകപ്പെട്ടവൻ. രാപ്പകലുകളുടെ ഗുണങ്ങൾ തടയപ്പെട്ടവനാണ് യഥാർത്ഥത്തിൽ തഴയപ്പെട്ടവൻ. സത്യവിശ്വാസികൾക്ക് അല്ലാഹുവിനു വഴിപ്പെട്ട് ജീവിക്കുന്നതിനുള്ള മാർഗങ്ങളായാണ് രാപ്പകലുകൾ നിശ്ചയിക്കപ്പെട്ടത്. വേറെ ചിലർക്ക് അവരുടെ അശ്രദ്ധയും അനാസ്ഥയും കാരണം നാശവുമാണത്. ആകയാൽ നിങ്ങൾ നിങ്ങളുടെ മാനസങ്ങളെ അല്ലാഹുവിന്റെ ദിക്‌റ് കൊണ്ട് ചൈതന്യവത്താക്കുക. കാരണം അല്ലാഹുവിനെ ദിക്‌റ് ചെയ്യുമ്പോഴാണ് മനുഷ്യഹൃദയങ്ങൾ സജീവമാകുന്നത് (ലത്വാഇഫുൽ മആരിഫ്).
കാലപ്രവാഹത്തിന്റെ സ്വാഭാവികമായ ഉദ്‌ബോധനം സ്വീകരിക്കാനുതകുന്ന പല അനുഭവ പാഠങ്ങളും നമുക്കുണ്ടായിക്കൊണ്ടിരിക്കും. നിനക്കാത്തതും ആഗ്രഹിക്കാത്തതും നമുക്കു ചുറ്റും നടന്നുകൊണ്ടിരിക്കും. അങ്ങനെ ഒന്ന് നമ്മുടെ ജീവിതത്തിലും ഉണ്ടാകാമെന്ന വിചാരവും ബോധവുമാണ് നമ്മിലെ ആത്മശക്തിയെ ഫലപ്രദമായി വിനിയോഗിക്കാനും സംസ്‌കരിക്കാനും കാരണമാകേണ്ടത്.
നാഥൻ നമുക്ക് ജീവിതം നൽകിയത് അതിനെ കർമ മണ്ഡലമായി നിശ്ചയിച്ചു കൊണ്ടാണ്. മരണത്തോടുകൂടി കർമകാണ്ഡം അവസാനിക്കും. അതുവരെയുള്ള ജീവിതത്തെ നബി(സ്വ) വിശേഷിപ്പിച്ചത് പാരത്രിക ലോകത്തേക്കുള്ള കൃഷിയിടമെന്നാണ്. മരണം ഒരിക്കൽ മാത്രമേയുള്ളൂ, ജീവിതം ആവർത്തിക്കപ്പെടും. ജീവിതത്തിന്റെ രണ്ടാം ഘട്ടത്തിലാണ് നാമിപ്പോൾ. ഗർഭാശയ ജീവിതശേഷം പ്രത്യക്ഷലോക ജീവിതം. മൂന്നാം ജീവിതം മരണാനന്തരമാണ്. അതൊരു മഹാത്ഭുതമാണ്. നമ്മുടെ ചെറിയ മനസ്സുകൾക്കും മനനങ്ങൾക്കും വഴങ്ങാത്തതാണത്. അതെന്തെന്നും എങ്ങനെയെന്നും കൃത്യമായി വിശ്വാസിയെ പഠിപ്പിച്ചിട്ടുണ്ട്. അനന്തവും അനിശ്ചിതവുമായ പരലോക ജീവിതത്തിൽ തനിക്കെന്തു വേണം, താൻ എങ്ങനെയായിരിക്കണം എന്നതിനെ കുറിച്ചെല്ലാം ആലോചിക്കാനും ഗുണകരമായ കർമം ചെയ്യാനുമുള്ള സമയമാണ് ഭൗതിക ജീവിതത്തിൽ നമുക്കുള്ളത്.
മരണത്തെ ജീവിതാന്ത്യമായി കരുതുന്നവരുണ്ട്. ജീവിതത്തിലെ ദുഃഖങ്ങളിൽ നിന്നും പ്രയാസങ്ങളിൽ നിന്നും മോചനം നേടാൻ ആത്മഹത്യ ചെയ്യുന്നവരുമുണ്ട്. പ്രയാസങ്ങളില്ലാതാക്കി എളുപ്പത്തെയോ ദുഃഖങ്ങളില്ലാതാക്കി സുഖത്തെയോ ആത്മഹത്യ പ്രദാനിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. അതുകൊണ്ട് തന്നെ ആലോചനാശേഷി നിലനിൽക്കുന്ന ആരും ആത്മഹത്യ ചെയ്യില്ല. ആകുലതകളില്ലാത്ത പരലോക ജീവിതം അവന്റെ പ്രതീക്ഷയും പ്രത്യാശയുമാവും.
സത്യശ്വാസികൾ ഇവിടെ ജീവിക്കുന്നത് മരണാനന്തരമുള്ള അനശ്വര ജീവിതത്തെ സഫലവും വിജയകരവും സന്തോഷകരവുമാക്കുന്നതിനുള്ള കാര്യ കർമ നിർവഹണത്തിന് കൂടിയാണ്. നാഥൻ നമുക്ക് ഇച്ഛാസ്വാതന്ത്ര്യവും പ്രവർത്തന സൗകര്യങ്ങളും അവസര സൗഭാഗ്യങ്ങളും നൽകിയിട്ടുണ്ട്. അവയെ ഉപാധിയാക്കി വിഭവങ്ങൾ സമാഹരിച്ച് സന്തോഷ സൗഖ്യങ്ങൾ നേടാൻ നമുക്ക് കഴിയണം. അതിനുപകരിക്കുന്ന പാഠങ്ങളും നിർദേശങ്ങളും സത്യവിശ്വാസി ജീവിതത്തിൽ പാലിക്കുന്നു.
കാലഗണനയിൽ ഒരു വർഷം പിറകോട്ട് നീങ്ങുമ്പോൾ അത് നമ്മുടെ ജീവിതത്തിൽ നിന്നു കൂടി ഒരു വർഷത്തെ പിറകോട്ട് മാറ്റുന്നുണ്ട്. ഹസൻ ബസ്വരി(റ) പറയുന്നു: മനുഷ്യാ, നിന്നെ വഹിച്ചുകൊണ്ടുപോകുന്ന രണ്ടു വാഹനങ്ങൾക്കിടയിലാണ് നീയുള്ളത്. രാത്രിയെന്ന വാഹനം നിന്നെ പകലിലേക്ക് കൊണ്ടുപോകുന്നു. പകലെന്ന വാഹനം നിന്നെ രാത്രിയിലേക്ക് കൊണ്ടുപോകുന്നു. അങ്ങനെ അവസാനം അവ രണ്ടും ചേർന്ന് നിന്നെ പരലോകത്തേക്ക് ഏൽപ്പിച്ചു കൊടുക്കുന്നു. അതുകൊണ്ട് നിന്നെക്കാൾ അപായകരമായ അവസ്ഥയിലുള്ള മറ്റെന്താണുള്ളത്? (ജാമിഉൽ ഉലൂമി വൽഹികം).
ഈ യാഥാർത്ഥ്യം മനസ്സിലാക്കാത്തവർ അലസമായി ആർഭാടത്തിലും പൊങ്ങച്ചത്തിലും ജീവിക്കും. ആഹ്ലാദത്തിമർപ്പിൽ അരുതായ്മകൾ പ്രവർത്തിക്കും. ബാധ്യതകൾ വിസ്മരിക്കും. അനാവശ്യങ്ങളെ ആവശ്യങ്ങളായി കണ്ട് അമിത പരിഗണന നൽകും. ധൂർത്തമായ പ്രവണതകളും പാഴ്‌ചെലവുകളും മൂലം കടക്കെണിയിൽ കുരുങ്ങി പ്രതിസന്ധിയിലാകും. അൽപമെങ്കിലും ആലോചനാശേഷിയുണ്ടായിരുന്നെങ്കിൽ അവരങ്ങനെയാകുമായിരുന്നില്ല.
മഹാൻമാർ പറയുന്നു: ദിവസങ്ങൾ മാസങ്ങളെയും മാസങ്ങൾ കൊല്ലങ്ങളെയും കൊല്ലങ്ങൾ ആയുസ്സുകളെയും നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അന്ത്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നവനും ജീവിതത്തിലൂടെ മരണത്തിലേക്കുള്ള യാത്ര നടത്തുന്നവനുമായ മനുഷ്യൻ പിന്നെങ്ങനെയാണ് ദുൻയാവിന്റെ പേരിൽ സന്തോഷിക്കുക? (ഇബ്‌നു അബിദ്ദുൻയാ- കിതാബുസ്സുഹ്ദ്).
കാലം നമുക്കു വേണ്ടിയാണെന്ന പോലെ കാലത്തിന്റെ ആഹ്വാനങ്ങളും നമുക്കു വേണ്ടിയാണ്. ജീവിതവും ജീവിത വ്യവഹാരങ്ങളും മുറപോലെയാകുന്നതിന് കാലത്തിന്റെ പിന്തുണ വേണ്ടതുണ്ട്. നിശ്ശബ്ദമായി നമ്മുടെ കൂടെ നിന്ന്, ജീവിതത്തിന്റെ നാൾവഴികൾ കൃത്യതയിൽ ഉറപ്പിച്ച് സൗകര്യമൊരുക്കിക്കൊണ്ടിരിക്കുകയാണ് കാലം. കാലത്തിന്റെ കണ്ണിൽ നിന്ന് ഒന്നും നമുക്ക് മറച്ചുവെക്കാനാവില്ല. രാവിന്റെ ഇരുട്ടിലും പകലിന്റെ വെളിച്ചത്തിലും കാലം നമ്മെ മിഴിയടക്കാതെ കാണുന്നുണ്ട്. അതുകൊണ്ട് തന്നെ കാലം കൃത്യതയുള്ള ഒരു സാക്ഷിയാണ്.
സമയം നൽകുന്ന ആഹ്വാനത്തെ കുറിച്ച് ഹസൻ(റ) പറഞ്ഞു: പിറവിയെടുക്കുന്ന സമയത്ത് ഓരോ ദിനവും ഇങ്ങനെ വിളിച്ചു പറയുന്നുണ്ട്: മനുഷ്യരേ, ഞാൻ പുതിയൊരു ദിനമാണ്. എന്നിൽ നിങ്ങൾ പ്രവർത്തിക്കുന്ന കാര്യത്തിൽ ഞാൻ സാക്ഷിയാണ്. ഇന്ന് സൂര്യൻ അസ്തമിച്ചാൽ അന്ത്യനാൾ വരെ നിങ്ങളിലേക്ക് ഞാനിനി തിരിച്ചുവരില്ല. മനുഷ്യപുത്രാ, ഓരോ ദിവസവും നിന്റെ അതിഥിയാണ്. അതിഥി യാത്രയായാൽ നിന്നെ പ്രശംസിക്കുകയോ ആക്ഷേപിക്കുകയോ ചെയ്യുന്നവനായിരിക്കും. രാത്രിയുടെ സ്ഥിതിയും ഇത് തന്നെ (ലത്വാഇഫുൽ മആരിഫ്).
കാലത്തിന്റെ ചെറിയൊരംശമായ മൈക്രോ സെക്കൻഡ് പോലും നമുക്ക് അമൂല്യമാണ്. എല്ലാ അംശങ്ങളും ചിന്തോദ്ദീപകമായ ചെപ്പുകളാണ്. നന്മതിന്മകളെ കൊണ്ട് നിറക്കുവാൻ സാധിക്കുന്ന ഒരു കാലി പാത്രവുമാണ്. കാലത്തെ നന്മകൾ നിറച്ച ഭണ്ഡാരമോ തിൻമകൾ നിറച്ച വിഴുപ്പ് ഭാണ്ഡമോ ആക്കുവാൻ നമുക്ക് സാധിക്കും. കാലിയായി വരുന്ന കാലം നിറവിനെ തേടുന്നുണ്ട്. നന്മകൾ കൊണ്ട് അതിനെ നിറക്കാൻ നമുക്കാവണം. എത്രയധികം നന്മകൾ സംഭരിക്കാൻ സാധിക്കുമോ അതത്രയും നമുക്ക് ഗുണകരമായിത്തീരും.
ചില നന്മകൾ നമുക്ക് കാല ഭണ്ഡാരത്തെ കൂടുതൽ നീട്ടിത്തരാൻ കാരണമാകും. അഥവാ, ദീർഘായുസ്സിന് കാരണമാകുന്ന പുണ്യകർമങ്ങൾ നമ്മുടെ ജീവിതത്തെ കുറേ കാലത്തേക്ക് കൂടി നിലനിർത്തിത്തരാൻ ഉപയുക്തമാണ്. ഈസാ(അ)ന്റെ വചനം മാലിക് ദീനാർ(റ) ഉദ്ധരിക്കുന്നു: രാപ്പകലുകൾ രണ്ട് ഭണ്ഡാരങ്ങളാണ്. അതിൽ എന്താണ് നിക്ഷേപിക്കേണ്ടതെന്ന് നിങ്ങൾ ആലോചിച്ച് തീരുമാനിക്കണം. എന്തിനു വേണ്ടിയാണോ രാത്രിയെ സൃഷ്ടിച്ചത് അതിനു വേണ്ടി നിങ്ങൾ രാത്രിയിൽ പ്രവർത്തിക്കണം. എന്തിനു വേണ്ടിയാണോ പകലിനെ സൃഷ്ടിച്ചത് അതിനു വേണ്ടി നിങ്ങൾ പകലിൽ പ്രവർത്തിക്കണം (റവാഇഉത്തഫ്‌സീർ).
നന്മകൾ നിറച്ച് അനുകൂല സാക്ഷിയാക്കി കാലത്തെ മാറ്റാൻ നമുക്ക് കഴിയണം. പോയ കാലത്തെ തിരിച്ചുപിടിക്കാനാവില്ല. പക്ഷേ, പോയ കാലത്തെ കുറിച്ച് ഓർത്തെടുക്കാനുള്ള ശേഷി നമുക്കുണ്ട്. പൂർവകാല നിമിഷങ്ങൾ നന്മകളുടെ ഭണ്ഡാരമോ തിന്മകളുടെ ഭാണ്ഡങ്ങളോ നിസ്സംഗതയുടെ മൂകസാക്ഷികളോ ആയതെന്ന് ഓർത്തെടുക്കാൻ നമുക്ക് വർഷാന്ത്യം പ്രേരണയാകണം.
മഹ്‌മൂദുൽവർറാഖ്(റ) പാടിയ അർത്ഥ സമ്പുഷ്ടമായ കവിതയുടെ ആശയമിതാണ്: നിന്റെ ഇന്നലെ നീതിമാനായൊരു സാക്ഷിയായി കടന്നുപോയി. ശേഷം ഉടനെയിതാ പുതിയ ദിനം പിറന്നിരിക്കുന്നു. ഇന്നലെ നീ വല്ല അരുതായ്മയും ചെയ്‌തെങ്കിൽ ഉടൻ നൻമ പ്രവർത്തിക്കുക. എങ്കിൽ നിന്നെ കുറിച്ചുള്ള ആക്ഷേപം ഇല്ലാതാവും. ഈ ദിവസത്തെ സന്തുഷ്ടനാക്കാനായാൽ അതിന്റെ ഗുണം നിനക്ക് തിരിച്ചു ലഭിക്കും. എന്നാൽ ഇന്നലെകൾ ഇനി തിരിച്ചുവരില്ല. കൈവന്ന അവസരം പാഴാക്കിയിട്ട് ഒരു നന്മയെയും നീ നാളേക്ക് നീട്ടിവെക്കേണ്ട. എന്തെന്നാൽ നാളെ ഉണ്ടായേക്കാം, പക്ഷേ അതിൽ നീ ഉണ്ടായിക്കൊള്ളണമെന്നില്ല (ബൈഹഖി- കിതാബുസ്സുഹ്ദ്). അനിശ്ചിതമായ ഒരായുഷ്‌ക്കാലമാണ് നമുക്ക് ഭൂമിയിലുള്ളത്. എപ്പോഴും അവസാനിക്കുന്നതാണത്. അതുകൊണ്ടു തന്നെ നല്ല ജാഗ്രത വേണം.
ജീവിതയാത്ര ഏറെ പിന്നിട്ടയാൾക്ക് ഫുളൈലുബ്‌നു ഇയാള്(റ) നൽകുന്ന ഒരു ഉപദേശമുണ്ട്. അറുപത് വയസ്സ് പിന്നിട്ട ഒരാൾ ശേഷിക്കുന്ന കാലം കൊണ്ട് വിജയിക്കാനുള്ള പോംവഴി ആരാഞ്ഞപ്പോൾ ഇമാം പറഞ്ഞു: വളരെ ലളിതമാണത്. വയോധികൻ ചോദിച്ചു: എന്താണത്? ഇമാം പറഞ്ഞു: ശിഷ്ടകാലം സൽകർമിയും ഗുണവാനുമായി ജീവിക്കുക. എങ്കിൽ നിന്റെ പൂർവകാല പാപങ്ങളൊക്കെ പൊറുക്കപ്പെടും. പ്രത്യുത, ശേഷകാലവും നീ തെറ്റു ചെയ്ത് ജീവിക്കുന്നപക്ഷം കഴിഞ്ഞുപോയ കാലത്ത് ചെയ്തതും ഇനി സംഭവിക്കുന്നതുമായ എല്ലാ പാപങ്ങളുടെ പേരിലും നീ ശിക്ഷിക്കപ്പെടും (ഹിൽയതുൽ ഔലിയാഅ്).
നാഥൻ കനിഞ്ഞേകിയ വിചാരശീലവും കാര്യബോധവും നമുക്ക് ഉപകാരത്തിനുള്ളതാണ്. നാളെകളെ കാത്തിരുന്നിട്ടു കാര്യമില്ല. ഇന്നിനെ നമ്മുടേതാക്കുക എന്നതിലാണ് അൽപമെങ്കിലും പ്രതീക്ഷക്കു വകയുള്ളത്. നാളെ പിറക്കുമെന്ന് ഉറപ്പാണ്. പക്ഷേ, അപ്പോൾ നാം ഉണ്ടാകുമോയെന്ന് ഉറപ്പില്ല. അതിനാൽ കഴിഞ്ഞ കാലത്തെ പോരായ്മകൾക്ക് ഭാവികാലത്ത് പരിഹാരവും പ്രായശ്ചിത്തവും ഉണ്ടാകേണ്ടതുണ്ട്. പൂർവകാല തുടർച്ച നന്മയിൽ മാത്രം മതി. അരുതായ്മകളിൽ തുടർച്ചയല്ല വേണ്ടത്, വീണ്ടുവിചാരമാണ്. ഇനിയുള്ള കാലം നന്മകളുമായി ബന്ധപ്പെട്ട് ജീവിക്കാൻ സാധിച്ചാൽ വിശുദ്ധ ഖുർആൻ പറഞ്ഞതു പോലെ, നന്മകൾ തിന്മകളെ പോക്കിക്കളയും. അഥവാ, നന്മകൾ തിന്മകൾക്ക് പ്രായശ്ചിത്തമായിത്തീരും. അതുകൊണ്ട് കഴിഞ്ഞ കാലത്തെ കുറവുകൾക്കും പോരായ്മകൾക്കും അല്ലാഹുവിനോട് ആത്മാർത്ഥമായി മാപ്പിരക്കുക, പശ്ചാത്താപം നടത്തി പരിശുദ്ധി നേടുക. ശേഷിക്കുന്ന കാലം നന്മകൾക്കായി വിനിയോഗിക്കുക.
നാം ഈ ലോകത്ത് വെറും സഞ്ചാരികൾ മാത്രമാണ്. കാലത്തിന്റെ പുറകോട്ടുള്ള സഞ്ചാരം നമ്മുടെ മുന്നോട്ടുള്ള സഞ്ചാരത്തെ പ്രത്യക്ഷപ്പെടുത്തുന്നുണ്ട്. നമ്മുടെ ആയുസ്സിനെയും ഭൗതികലോക വാസത്തെയും കാലത്തോട് ചേർത്തുവെച്ച് മാത്രമേ പരിഗണിക്കാനാവൂ. കാലത്തിലൂടെ, ജീവിതത്തിലൂടെ പാരത്രിക ലോകത്തേക്കുള്ള സഞ്ചാരത്തിലാണ് നാം. മാസങ്ങളും വർഷങ്ങളും ഈ യാത്രാപഥത്തിലെ നാഴികക്കല്ലുകളത്രെ.
പുതിയൊരു വർഷത്തിന്റെ പിറവിയും ഒരു വർഷത്തിന്റെ പരിസമാപ്തിയും നടക്കുന്ന ഘട്ടത്തിലാണ് നാമിപ്പോൾ. നമ്മുടെ ജീവിതത്തിലും വ്യവഹാരങ്ങളിലും ഇതൊരു അതിരടയാളമാണ്. ഇത്തരുണത്തിൽ ചിന്തയെ തട്ടിയുണർത്തുന്ന ഇബ്‌നുൽ ജൗസി ഉദ്ധരിച്ച ഒരു കവിതാശകലം വായിക്കാം. നമ്മെ പ്രചോദിപ്പിക്കാനിത് പ്രാപ്തമാണ്: ഈ ലോകത്ത് നിന്റെ സഞ്ചാരപഥം ഒരു യാത്രികന്റെ പ്രയാണ പഥം മാത്രമാണ്. ഏതൊരു യാത്രികനും പാഥേയമില്ലാതെ പറ്റില്ല. മനുഷ്യനെ സംബന്ധിച്ചിടത്തോളം യാത്രയിൽ സഹായകമാകുന്നവയില്ലാതെ കഴിയില്ല. ഒരു സർവാധിപതിയുടെ പരമാധികാരത്തെ ഭയപ്പെടുന്ന ആൾക്ക് പ്രത്യേകിച്ചും അതനിവാര്യമത്രെ. നീ സഞ്ചരിക്കുന്ന വഴികളൊന്നും നിനക്ക് അനായാസമായി കടന്നുപോകുവാൻ സാധിക്കുന്നവയല്ല. വലിയ കടമ്പകളും ദുർഘടങ്ങളും അവയിലുണ്ട് (അത്തബ്‌സ്വിറ).

അലവിക്കുട്ടി ഫൈസി എടക്കര

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ