ആയുർവേദ നഗരിയായ കോട്ടക്കലിന്റെ വടക്ക്-തെക്ക് നിലകൊള്ളുന്ന ഗ്രാമമാണ് പുതുപ്പറമ്പ് വാളക്കുളം. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നവോത്ഥാന വഴികളിൽ വാളക്കുളത്തിന്റെ പങ്ക് അനിഷേധ്യമാണ്. മൗലാനാ അബ്ദുൽ ബാരി(ന.മ)യാണ് ഇതിനു നിമിത്തമായത്.
ഹിജ്‌റ 1298 ജമാദുൽ ഉഖ്‌റ 21നാണ് അബ്ദുൽ ബാരി ജാതനാകുന്നത്. പ്രസിദ്ധ ആത്മീയ ഗുരുവായിരുന്ന ശൈഖ് അഹ്‌മദ് എന്ന കോയാമുട്ടി മുസ്‌ലിയാരാണ് പിതാവ്. അദ്ദേഹം പൗരപ്രമുഖനും ഭക്തനുമായ പോക്കു സാഹിബിന്റെ പാരമ്പര്യത്തിലായിരുന്നു.
അബ്ദുൽ ബാരി പിതാവിന്റെ ആത്മീയ ശിക്ഷണത്തിൽ വളർന്നു. പ്രാഥമിക പഠനം പിതാവിൽ നിന്ന് തന്നെ. പിന്നീട് ദർസ് ജീവിതത്തിന്റെ വെളിച്ചം ആവോളം ആവാഹിച്ചു. ആ കാലത്തെ പ്രമുഖ ജ്ഞാനഗോപുരങ്ങളിൽ നിന്നായിരുന്നു ഉപരിപഠനം. നാദാപുരം അഹ്‌മദ് ശീറാസി, കോടഞ്ചേരി അഹ്‌മദ് കുട്ടി മുസ്‌ലിയാർ, പൊന്നാനി ചെറിയ അവറാൻ കുട്ടി മുസ്‌ലിയാർ, മൂർക്കനാട് അലി മുസ്‌ലിയാർ, അബ്ദുൽ വഹാബ് ഹസ്‌റത്ത്, അബ്ദുൽ ജബ്ബാർ ഹസ്‌റത്ത്, അബ്ദുറഹീം ഹസ്‌റത്ത് ഇങ്ങനെ പോകുന്നു ആ നിര.
നാദാപുരം, തിരൂരങ്ങാടി, പൊന്നാനി തുടങ്ങിയ വൈജ്ഞാനിക നഗരങ്ങളിൽ നിന്നായിരുന്നു മേൽ മഹാന്മാരിൽ നിന്ന് ദർസ് പഠനം പൂർത്തീകരിച്ചത്. 1321ൽ ബാഖിയാത്തിൽ നിന്ന് ബിരുദം വാങ്ങി. നുകർന്നെടുത്ത ജ്ഞാനം പകർന്ന് നൽകുക എന്ന ദൗത്യം ശൈഖുന മുന്നിൽ കണ്ടു. പ്രമുഖനായ മുദരിസായി പരിണമിക്കുന്നത് അങ്ങനെയാണ്. പല നാടുകളിലും തന്റെ ദർസ് അരങ്ങേറി. നൂറ് കണക്കിന് പണ്ഡിത കേസരികൾക്ക് ജന്മം നൽകി. ദർസ് നടത്തിയ പ്രദേശങ്ങളിലൊക്കെ പ്രബോധനപരമമായ സ്വാധീനം സാധാരണക്കാർക്കിടയിൽ ചെലുത്തി. കാനാഞ്ചേരി, താനാളൂർ, അയ്യായ, കോഴിക്കോട്, വളവത്തൂർ തുടങ്ങിയയിടങ്ങൾ ഈ ഗണത്തിൽ എടുത്തു പറയേണ്ടവയാണ്. സ്വന്തം നാടായ വാളക്കുളത്ത് തന്നെയാണ് നാലു പതിറ്റാണ്ട് കാലം ദർസ് നടത്തിയത്.
വിവിധ വിജ്ഞാന ശാഖകളിൽ വിദഗ്ധനായിരുന്നു. ബഹുഭാഷാ പാണ്ഡിത്യം കരസ്ഥമാക്കി. ഇംഗ്ലീഷ്, ഉറുദു, തമിഴ്, പേർഷ്യൻ ഭാഷകൾ അനായാസം കൈകാര്യം ചെയ്തിരുന്നു. ആധുനിക വിഷയങ്ങളിൽ പ്രസക്തമായ ഫത്‌വകൾ മൗലാനയുടേതായി പുറത്തുവന്നു. കാലത്തോടും ലോകത്തോടും ക്രിയാത്മകമായി സംവദിക്കുവാൻ ശൈഖുന സമുദായത്തിനു മുന്നിൽ നിന്നു.
ദീനീ ദഅ്‌വാ രംഗത്ത് വേറിട്ട മുദ്രകൾ മൗലാനയുടേതായുണ്ട്. എഴുത്തും പ്രസംഗവും സംഘാടനവും സ്ഥാപനവും ശൈഖുന ഉപയോഗിച്ചു. ഉജ്ജ്വല വാഗ്മിയായിരുന്നു. ആകർഷകമായ ശൈലിയിൽ മതജ്ഞാനങ്ങൾ പകർന്നു നൽകി. ബ്രിട്ടീഷ് ഇന്ത്യക്കെതിരെയുള്ള നീക്കങ്ങളിൽ സ്വാതന്ത്ര്യപോരാളികൾക്കൊപ്പം തീ തുപ്പുകതന്നെ ചെയ്തു. 1921ലെ മലബാർ യുദ്ധ കാലങ്ങളിൽ കാനാഞ്ചേരിയിലായിരുന്നു ദർസ്. വിശ്വാസികൾക്ക് പോരാട്ടവീര്യം പകരാൻ മൗലാനയുടെ വാക്കുകൾ കരുത്തായി.
വായനക്ക് ഏറെ പ്രാധാന്യം നൽകി. എഴുത്ത് രംഗത്ത് ശൈഖുന വേറിട്ടുനിന്നു. അറബിയിലും അറബിമലയാളത്തിലും മലയാളത്തിലുമായി രചനകൾ നിർവഹിച്ചു. സ്വിഹാഹു ശൈഖയ്ൻ, ജംഉൽ ബാരി, അൽമുതഫരിദു ഫിൽ ഫിഖ്ഹ്, അൽമൗലിദുൽ മൻഖൂസ്, അൽവസീലതുൽ ഉള്മ, സ്വിറാതുൽ ഇസ്‌ലാം എന്നിങ്ങനെ ഗ്രന്ഥങ്ങൾ അനവധി. വീടിനു ചാരെ പള്ളി നിർമിക്കുകയും ഗ്രന്ഥങ്ങൾ സംഭരിച്ച് ഖുതുബ്ഖാന പണിയുകയും ചെയ്തു.
പ്രാസ്ഥാനിക മുന്നേറ്റത്തിന് സുന്നീ കേരളത്തിന്റെ കരുത്തുറ്റ കരമായി തന്നെ മൗലാന ഉണ്ടായിരുന്നു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ രൂപീകരണത്തിൽ അനൽപമായ പങ്ക് വഹിച്ചു. 1926ൽ ഉലമാക്കളുടെ വിശാലമായ കൺവെൻഷൻ കോഴിക്കോട് ടൗൺഹാളിൽ ചേരുകയുണ്ടായി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ രൂപീകരണമാണ് ലക്ഷ്യം.
പ്രസിഡന്റായിരുന്ന പാങ്ങിൽ അഹ്‌മദ് കുട്ടി മുസ്‌ലിയാർ വഫാത്തായപ്പോൾ അബ്ദുൽ ബാരി ആ സ്ഥാനം അലങ്കരിച്ചു. വിയോഗം വരെ തുടർന്നു ആ സേവനം. 20 കൊല്ലം വൈ.പ്രസിഡന്റായും അത്ര തന്നെ കാലം പ്രസിഡന്റായും.
സമസ്തയുടെ സർവ മുന്നേറ്റങ്ങളിലും മൗലാന നിറസാന്നിധ്യമായിരുന്നു. ആലങ്കാരിക അധ്യക്ഷനായല്ല; അക്ഷരാർഥത്തിലുള്ള നേതൃത്വമായിതന്നെ തന്റെ സമയവും സമ്പത്തും സമസ്തക്കായി ചെലവഴിച്ചു. അക്കാലത്തെ രണ്ടര ലക്ഷം രൂപയുടെ അനന്തര സ്വത്തിന് അധിപനായിരുന്ന മൗലാന അല്ലാഹുവിലേക്ക് തിരിക്കുന്നത് വെറും എൺപത്തിമൂന്ന് പൈസ ബാക്കി വെച്ചാണ്. ‘നാം തന്നതിൽ നിന്ന് ചെലവാക്കുവിൻ’ എന്ന അല്ലാഹുവിന്റെ ആജ്ഞ അദ്ദേഹം കൃത്യമായി പാലിച്ചു. അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ സംസ്ഥാപനത്തിനു വേണ്ടി സമ്പാദ്യം മുഴുവൻ വിട്ടുനൽകുകയായിരുന്നു. സമസ്തയുടെ മുഖപത്രമായ അൽബയാൻ മാസികയും പ്രസ്സും അദ്ദേഹം വാളക്കുളത്ത് പുനഃസ്ഥാപിച്ചു. നിലച്ചുപോയിരുന്ന അക്ഷര അരുവിയെ സ്വന്തം ചെലവിൽ വീണ്ടെടുക്കുകയായിരുന്നു. 1962ൽ താൻ സ്ഥാപിച്ച മൗലവിയ്യാ കോളേജിന് രണ്ട് ലക്ഷത്തിൽപരം രൂപയാണ് സംഭാവന ചെയ്തത്.
വിദ്യാഭ്യാസ ബോർഡിന്റെ പ്രവർത്തനത്തിൽ ശൈഖുന നിറസാന്നിധ്യമായി. 1951 സംപ്തംബർ 17 വാളക്കുളത്ത് വെച്ചാണ് പ്രഥമ മീറ്റിംഗ് ചേരുന്നത്. 37 മെമ്പർമാർ പങ്കെടുത്തു. അന്ന് ചേർന്ന ഉലമാക്കളെല്ലാവരും കൂടി 17 രൂപയും മൗലാനയുടെ ബന്ധുവായ കോഴിക്കോട് കുഞ്ഞഹമ്മദ് ഹാജി അഞ്ചുറുപ്പികയും താൻ സ്വന്തമായി 25 രൂപയും എടുത്ത് ആകെ കിട്ടിയ 47 രൂപയായിരുന്നു ബോർഡിന്റെ ആദ്യ മൂലധനം! പ്രഥമ മദ്‌റസ തന്റെ നാട്ടിൽ തന്നെ സ്ഥാപിച്ചു.
സമസ്തയുടെ തീരുമാനങ്ങൾ ജനകീയമാക്കാനായിരുന്നു എസ്‌വൈഎസിന്റെ രൂപീകരണം. മൗലാന അതിനും പച്ചക്കൊടി കാണിച്ചു. പ്രസംഗിച്ചുകൊണ്ട് മാത്രമല്ല പ്രവർത്തിച്ചുകൊണ്ട് തന്നെ. തന്റെ മഹല്ലിൽ യൂണിറ്റ് സ്ഥാപിച്ചു. നല്ല മനുഷ്യൻ എന്ന പേരിൽ ഒരു ബുക്ക്‌ലെറ്റ് ഇറക്കി ജനങ്ങൾക്ക് ദിശാബോധം നൽകി.
സൂഫീ ചിന്തകനായിരുന്നു ശൈഖുന. പല മഹാന്മാരിൽ നിന്നും ത്വരീഖത്തുകൾ കരസ്ഥമാക്കി. കൂരിയാട് തേനു മുസ്‌ലിയാരെ പോലുള്ള ആത്മീയ ഗുരുക്കൾക്ക് ഇജാസത്ത് നൽകി. ഇബാദത്തിന്റെ മധു ആവോളം നുകർന്നു. ഭൗതിക വിദ്യാഭ്യാസത്തിന് മതിയായ പ്രാധാന്യം കൽപിച്ചു. തന്റെ നാട്ടിൽ സ്‌കൂൾ സ്ഥാപിച്ചത് ശൈഖുനയായിരുന്നു. അതാണ് ഇന്നത്തെ വാളക്കുളം ഹയർസെക്കണ്ടറി സ്‌കൂൾ.
മൗലാന പല ഘട്ടങ്ങളിലായി ഏഴ് വനിതകളെ വിവാഹം കഴിച്ചെങ്കിലും സന്താന ഭാഗ്യമുണ്ടായിട്ടില്ല. ഹിജ്‌റ 1385 ജുമാദുൽ ഊല രണ്ടിനാണ് വിയോഗം.

സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ