ആത്മീയ, വൈജ്ഞാനിക മേഖലയിൽ നിസ്തുല സംഭാവനകൾ നൽകിയ മഹാമനീഷിയായിരുന്നു കൊച്ചുകുഞ്ഞു മുസ്‌ലിയാർ എന്നറിയപ്പെട്ട കായംകുളം മുസ്ത്വഫ മുസ്‌ലിയാർ. ആലപ്പുഴ ജില്ലയുടെ തെക്കേ അറ്റമായ കായംകുളത്ത് 1914ലാണ് ജനനം. മർഹും ബാപ്പുട്ടി മുസ്‌ലിയാരുടെ ശിക്ഷണത്തിൽ ആറാട്ടുപുഴയിൽ പ്രാഥമിക മതപഠനം നടത്തി. പിന്നീട് പതിമൂന്ന് വർഷം തൃശൂർ ജില്ലയിലെ വെള്ളാങ്കല്ലൂരിൽ കിതാബോതി. മുതഅല്ലിമായിരിക്കുമ്പോൾ തന്നെ തികഞ്ഞ ഭക്തി പ്രകടിപ്പിച്ചിരുന്ന കൊച്ചുകുഞ്ഞു മുസ്‌ലിയാരോട് ഗുരുനാഥന്മാർക്കും തികഞ്ഞ വാത്സല്യമായിരുന്നു. കൊറ്റുകുളങ്ങര, തൃക്കുന്നപ്പുഴ പള്ളിപ്പാട്ടുമുറി, കുന്നിക്കോട്, ചേരാവള്ളി, കായംകുളം പുത്തൻ തെരുവ് മസ്ജിദ് അടക്കം വിവിധ സ്ഥലങ്ങളിൽ ഖത്തീബും മുദരിസുമായി നീണ്ട ഇരുപത്തി രണ്ടു വർഷക്കാലം അദ്ദേഹം സേവനം ചെയ്തു.
ഹൃദയത്തിൽ അല്ലാഹുവിനെ കുറിച്ചുള്ള ബോധം നിറയ്ക്കുന്ന ഫലവത്തായ ഉപദേശങ്ങൾ നടത്തിയിരുന്നു ഉസ്താദ്. ദർസ് ജീവിതത്തിൽ നിന്നു വിരമിച്ച ശേഷം ഇലാഹീ ചിന്തയിൽ മുഴുകി ഭൗതിക വിരക്തി നേടുകയും വിലായത്തിലേക്ക് സഞ്ചരിക്കുകയുമുണ്ടായി. അസ്മാഉൽ ബദ്‌റും ഹദ്ദാദും പതിവാക്കി. തസ്വവ്വുഫിലെ പ്രസിദ്ധ ഗ്രന്ഥമായ ഇഹ്‌യാ ഉലൂമുദ്ദീൻ എപ്പോഴും കൈവശം കരുതുമായിരുന്നു. അതുപോലെ അദ്കിയ, നഹ്‌വിന്റെ കിതാബായ അൽഫിയ എന്നിവയിലെ ബൈത്തുകൾ സദാ ഉരുവിട്ടുകൊണ്ടിരിക്കും. മജ്ദൂബായ അവസ്ഥയിൽ കൈയിലുള്ള വടികൊണ്ട് ‘അടിയെടാ’ എന്നു വിളിച്ചു പറയുമായിരുന്നെങ്കിലും നിസ്‌കാരത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ തികച്ചും ശാന്തനായി അത് പൂർത്തിയാക്കുന്നത് കാണാം.
ഒരിക്കൽ മഹാനവർകളുടെ കണ്ണ് ഓപ്പറേഷൻ ചെയ്തു. നനയ്ക്കാതെ സൂക്ഷിക്കാൻ ഡോക്ടർ ഉപദേശിച്ചെങ്കിലും നിസ്‌കാര സമയമായപ്പോൾ ബാൻഡേജ് പറിച്ചുകളഞ്ഞ ശേഷം വുളൂഅ് എടുത്ത് നിസ്‌കരിച്ചു. ആരാധനയിൽ അത്രമേൽ ശ്രദ്ധ പുലർത്തിയിരുന്നു. നിരവധി കറാമത്തുകൾ ഉസ്താദിൽ നിന്ന് പ്രകടമായിട്ടുണ്ട്.
ഒരിക്കൽ ഒരു പാതിരാവിൽ ഉറങ്ങിക്കിടന്ന കൊച്ചുകുഞ്ഞു മുസ്‌ലിയാർ പെട്ടെന്നുണർന്ന് ‘ബദ്‌രീങ്ങളേ, എന്റെ അഹ്‌മദ് കുട്ടിയെ രക്ഷിക്കണേ’ എന്നു വിളിച്ചുപറഞ്ഞു. പിന്നെ വേഗം വുളുവെടുത്ത് മസ്ജിദിലെത്തി. അവിടെ അന്ത്യവിശ്രമം കൊള്ളുന്ന പ്രമുഖ വലിയ്യായ ശഹീദാർ ഉപ്പാപ്പയുടെ ചാരെ നിന്ന് അല്ലാഹുവിനോട് കരഞ്ഞു ദുആ ചെയ്തു. വീട്ടുകാർക്ക് ഒന്നും മനസ്സിലായില്ല. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഉസ്താദിന്റെ ഭാര്യാ സഹോദരൻ അഹ്‌മദ് കുട്ടി കൊച്ചുകുഞ്ഞു മുസ്‌ലിയാരെ കാണാനെത്തി. അദ്ദേഹം വിവരിച്ചത് കേട്ട് ബന്ധുക്കൾ സ്തബ്ധരായി: അഹ്‌മദ് കുട്ടി ഗൾഫിലേക്ക് പോകാൻ വേണ്ടി കോഴിക്കോട് കടപ്പുറത്തു നിന്ന് ഉരുവിൽ പുറംകടലിലേക്ക് പുറപ്പെട്ടു. എന്നാൽ വഴി മധ്യേ ജീവനക്കാർ കൂടുതൽ തുക ആവശ്യപ്പെട്ട് യാത്രക്കാരുമായി തർക്കമുണ്ടാക്കുകയും വഴങ്ങാത്ത അഹ്‌മദ് കുട്ടി അടക്കമുള്ളവരെ കടലിലെറിയാൻ ശ്രമിക്കുകയും ചെയ്തു. പെട്ടെന്ന് ‘അടിയെടാ’ എന്നൊരു അശരീരി മുഴങ്ങിക്കേൾക്കുകയും പരിഭ്രാന്തിയിലായ ജീവനക്കാർ മുഴുവനാളുകളെയും വെറുതെ വിടുകയും ചെയ്തു. കൊച്ചുകുഞ്ഞു മുസ്‌ലിയാർ ഉറക്കത്തിൽ നിന്നെഴുന്നേറ്റു ദുആ ചെയ്ത അതേ സമയത്തു തന്നെയായിരുന്നു പുറം കടലിൽ ഈ സംഭവം നടന്നത്.
ഒരിക്കൽ താജുൽ ഉലമ സയ്യിദ് അബ്ദുറഹ്‌മാൻ അൽബുഖാരി(ന:മ) കായംകുളത്തെത്തി. വിവിധ പരിപാടികളിൽ സംബന്ധിച്ച ശേഷം, ഒരപകടത്തിൽ പരിക്കേറ്റു വീട്ടിൽ വിശ്രമത്തിലായിരുന്ന സമസ്ത കേന്ദ്ര മുശാവറയംഗം ത്വാഹാ മുസ്‌ലിയാരെ സന്ദർശിക്കുകയുണ്ടായി. മടക്കയാത്രയിൽ ശഹീദാർ പള്ളിയ്ക്കടുത്ത് പടനിലം ജംഗ്ഷനിലെത്തിയപ്പോൾ കാർ നിറുത്താനാവശ്യപ്പെട്ടു. വാഹനം അൽപം പിന്നോട്ടെടുത്തു. അപ്പോൾ റോഡരികിൽ കൊച്ചുകുഞ്ഞു മുസ്‌ലിയാർ ഇരിക്കുന്നു. ഇതു കണ്ട സയ്യിദവർകൾ പുറത്തിറങ്ങി. അദ്ദേഹം ഇരുന്ന മാതൃകയിൽ തങ്ങളും ഇരുന്നു. ഉടനെ കൊച്ചുകുഞ്ഞു മുസ്‌ലിയാരുടെ ചോദ്യം: മകന് എങ്ങനെയുണ്ട്?
തങ്ങൾ പറഞ്ഞു: ഇപ്പോൾ ബുദ്ധിമുട്ടില്ല.
അദൃശ്യമായ കാര്യങ്ങൾ ജ്ഞാനദൃഷ്ടിയാൽ മഹാത്മാക്കൾക്ക് മനസ്സിലാക്കാൻ സാധിക്കുമല്ലോ. എത്ര അകലത്തിരുന്നാലും അല്ലാഹു അറിയിച്ചുകൊടുക്കാനുദ്ദേശിച്ച കാര്യങ്ങൾ അവരറിയും.
തികഞ്ഞ സൂക്ഷ്മ ജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്. ഇബാദത്തിൽ കണിശത പുലർത്തി. സമൂഹത്തിന് മാർഗദർശിയായി ജീവിച്ചു. എൺപത്തിയാറാം വയസ്സിൽ ദുൽഹജ്ജ് ഇരുപത്തിനാലിന് ഇശാക്കു ശേഷം മഹാൻ അല്ലാഹുവിലേക്ക് മടങ്ങി. ഖബറടക്കം ചെയ്യേണ്ട സ്ഥലം വഫാത്തിനു മുമ്പ് തന്നെ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. അതനുസരിച്ചു വീടിനോട് ചേർന്ന ഭാഗത്ത് ഖബറടക്കി. ഇപ്പോൾ അവിടെ ഒരു ജുമുഅ മസ്ജിദും സുന്നി വിദ്യാഭ്യാസ ബോർഡിന്റെ മദ്‌റസയും പ്രവർത്തിക്കുന്നു. ശരീഫ ബീവിയാണ് ഭാര്യ. പത്തു മക്കളിൽ മൂന്നു പേർ മരണപ്പെട്ടു.

നൗഫൽ ടി കായംകുളം

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ