war-sufi-malayalam

പ്രാചീന കാലം മുതൽ യുദ്ധങ്ങൾ മനുഷ്യ സമൂഹത്തിൽ വ്യാപിച്ചിരുന്നു. ഏകദേശം 14000 വർഷങ്ങൾക്ക് മുമ്പ് മധ്യ ശിലായുഗത്തിൽ നടന്ന യുദ്ധങ്ങളുടെ തെളിവുകൾ കണ്ടുകിട്ടിയിട്ടുണ്ട്. 3500 ബി.സിയുടെയും എ.ഡി. ഇരുപതാം നൂറ്റാണ്ട് അവസാനത്തിന്റെയും ഇടയിലായി 3.5 മില്യൺ മനുഷ്യരുടെ മരണത്തിൽ കലാശിച്ച 14500 ഓളം യുദ്ധങ്ങൾ നടന്നിട്ടുണ്ടത്രെ.

പ്രാചീന യുദ്ധങ്ങൾ യഥാർത്ഥത്തിൽ സാമ്പത്തിക താൽപര്യങ്ങൾ മുൻനിർത്തിയുള്ള ഗോത്രസംഘർഷങ്ങളായിരുന്നു. അപര ഗോത്രങ്ങളുടെ സമ്പത്ത് കൊള്ളയടിക്കാനും ഭൂമി പിടിച്ചെടുക്കാനും വേണ്ടിയായിരുന്നു മിക്ക യുദ്ധങ്ങളും. കാലക്രമേണ യുദ്ധലക്ഷ്യങ്ങൾ വിപുലീകരിക്കപ്പെട്ടു. ഇന്ന് യുദ്ധങ്ങൾക്ക് കേവലം സാമ്പത്തിക ലക്ഷ്യങ്ങൾ മാത്രമാണുള്ളതെന്ന് കരുതുന്നത് തെറ്റാണ്. ചിലപ്പോൾ നല്ല ലക്ഷ്യങ്ങൾക്കു വേണ്ടിയും അതുണ്ടാകാറുണ്ട്. അതുകൊണ്ട് തന്നെ യുദ്ധങ്ങൾ പൂർണമായും ആക്ഷേപാർഹമാണെന്ന് പറയാൻ സാധ്യമല്ല. നീതിയുക്തമാണോ എന്നതാണ് പരിഗണിക്കേണ്ടത്.

ഇസ്‌ലാം യുദ്ധത്തെ പൂർണമായും നിരോധിച്ചിട്ടില്ല. അവസാന മാർഗം എന്ന നിലക്കാണ് യുദ്ധത്തെ കണ്ടത് എന്ന് മാത്രം. പരസ്പരം സന്ധി ചെയ്ത് സമാധാനത്തോടെ ജീവിക്കാൻ സാധ്യമെങ്കിൽ അങ്ങനെ ചെയ്യണമെന്നാണ് മതം പഠിപ്പിക്കുന്നത്. എന്നാൽ അനിവാര്യ ഘട്ടങ്ങളിൽ ആയുധമെടുക്കാൻ ഇസ്‌ലാം അനുവദിക്കുന്നുണ്ട്.

ഇത്രയും പറഞ്ഞത് മതപ്രബോധനത്തിൽ ഏറെ സഹായം ചെയ്ത സ്വൂഫീധാര പൂർണമായും യുദ്ധത്തിനെതിരാണെന്ന ചിലരുടെ തെറ്റിദ്ധാരണ തിരുത്താനാണ്. കറകളഞ്ഞ മുസ്‌ലിമാണ് യഥാർത്ഥ സ്വൂഫി എന്നിരിക്കെ സ്വൂഫിസമെങ്ങനെ യുദ്ധത്തെ പൂർണമായും നിരാകരിക്കും. സ്വൂഫി സമാധാനത്തെയാണ് ഇഷ്ടപ്പെടുന്നത്. അനിവാര്യ ഘട്ടങ്ങളിൽ യുദ്ധത്തിന് എതിരുമല്ല.

നീതിയുടെ പുന:സ്ഥാപനത്തിന് വേണ്ടി സ്വൂഫികൾ ധാരാളമായി യുദ്ധങ്ങളിൽ ഏർപ്പെട്ടത് ചരിത്രത്തിൽ വായിക്കാനാവും. സ്വൂഫി സരണിയിലെ അനുകരണീയ താരകം ഹസൻ ബസ്വരി(റ) തന്നെ ധീരനായ യോദ്ധാവായിരുന്നു. പരിത്യാഗികളുടെ നേതാവായി വിശ്വാസലോകം വാഴ്ത്തുന്ന ഇബ്‌റാഹീം ഇബ്‌നു അദ്ഹം(റ) രാജപദവി ഉപേക്ഷിച്ചതിന് ശേഷവും മുസ്‌ലിം പട്ടാളത്തിൽ അംഗമായി ബൈസാന്റിയക്കാർക്കെതിരിൽ ചെറുത്തുനിൽപ്പിന് നേതൃത്വം കൊടുത്തിരുന്നു. ജിഹാദിനെക്കുറിച്ച് ഗ്രന്ഥരചന നടത്തിയ സ്വൂഫിവര്യൻ അബ്ദുല്ലാഹിബ്‌നുൽ മുബാറക്(റ) നിരവധി യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. സിർറിയുസ്വഖ്ഥി(റ)യുടെ സമരപാടവത്തെ ഇമാം അഹ്മദുബ്‌നുഹമ്പൽ(റ) പ്രശംസിച്ചതുകാണാം. കുരിശ് യുദ്ധവേളയിലും താർത്താരി അക്രമണ സന്ദർഭങ്ങളിലുമെല്ലാം മുസ്‌ലിം ഭരണാധികാരികൾക്ക് മാർഗനിർദേശം നൽകിയത് സ്വൂഫികളായിരുന്നു.

എന്നാൽ അടിവരയിടേണ്ട കാര്യം സ്വൂഫികൾ മുന്നോട്ടുവെക്കുന്ന യുദ്ധമൊരിക്കലും ഇപ്പോഴും മുമ്പും ലോകത്തിനു നാശകാരിയായ സലഫി ജിഹാദല്ല എന്നതാണ്. സ്വന്തമല്ലാത്തതിനെയെല്ലാം അപരവൽകരിച്ച് ഇല്ലാതാക്കുന്ന നശിച്ച പ്രക്രിയയാണ് സലഫി ജിഹാദിസം. സ്വൂഫി യുദ്ധങ്ങൾ ഒരിക്കലും അങ്ങനെയല്ല. അവകാശ സംരക്ഷണത്തിന് അനിവാര്യമായതല്ലാതെ ഒരു പുൽകൊടി പോലും നശിപ്പിക്കുന്നത് സ്വൂഫികൾക്ക് സഹിക്കില്ല. ഇസ്‌ലാമിക ചരിത്രത്തിൽ അരങ്ങേറിയ യുദ്ധങ്ങളെ പഠനവിധേയമാക്കുന്ന ആർക്കും വ്യക്തമാകുന്നതാണിത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആധുനിക കാലത്ത് നടന്ന ചില സംഭവവികാസങ്ങൾ ഈ കാര്യങ്ങൾ സ്പഷ്ടമായി മനസ്സിലാക്കാൻ പര്യാപ്തം. ഒരേ സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്ന സ്വൂഫികളും സലഫികളും പ്രതികരണത്തിൽ വ്യത്യസ്തരാകുന്നത് വ്യക്തമായ അനുഭവമാണ്.

ചെച്‌നിയ

മുസ്‌ലിംകൾ ഭൂരിപക്ഷമുള്ള രാജ്യമാണ് ചെച്‌നിയ. എ.ഡി.731-ൽ തന്നെ ചെച്‌നിയയിൽ ഇസ്‌ലാം എത്തിയിട്ടുണ്ട്. തീരപ്രദേശമായ സാജെസ്ഥാനിലാണ് പ്രബോധകർ ആദ്യമെത്തുന്നത്. പിന്നീട് പതിനൊന്നാം നൂറ്റാണ്ടിൽ ഓട്ടോമൻ സ്വൂഫികളും ചെച്‌നിയിൽ എത്തി. അവിടെ നിന്നു സ്വൂഫിസം ഇതര ഭാഗങ്ങളിലേക്ക് വ്യാപിച്ചു. നഖ്ശബന്ദികളായിരുന്നു പ്രധാനമായും ചെച്‌നിയൻ സ്വൂഫികൾ. സമൂഹത്തിൽ വലിയ സ്വാധീനമായിരുന്നു സ്വൂഫി സാത്വികർക്കുണ്ടായിരുന്നത്. ജനങ്ങളുടെ ഭൗതികവും ആത്മീയവുമായ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് അവരായിരുന്നു. ആയിടക്കാണ് ചെച്‌നിയയിൽ റഷ്യയുടെ അധിനിവേശ ശ്രമങ്ങൾ ആരംഭിക്കുന്നത്. പീറ്റർ ഒന്നാമന്റെ കാലത്ത് (1706) അത് ശക്തി പ്രാപിച്ചു. ചില പ്രാദേശിക ഗോത്രങ്ങളെ കൂട്ടുപിടിച്ച് ചെച്‌നിയ കീഴടക്കലായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. സ്വൂഫീ പ്രവർത്തന മണ്ഡലം ഒന്നുകൂടി വിശാലമാവുന്നതിലേക്ക് ഇത് വഴിവെച്ചു. ആയുധമെടുത്ത് യുദ്ധത്തിനിറങ്ങാൻ അവർ നിർബന്ധിതരായി.

ശൈഖ് മൻസൂർ(ന.മ.)യുടെ നേതൃത്വത്തിലാണ് സ്വൂഫികൾ ഗോദയിലിറങ്ങിയത്. റഷ്യൻ അധിനിവേശത്തെ ചെറുത്തു തോൽപിക്കാൻ ചെച്‌നിയൻ സമൂഹത്തെ ഒറ്റക്കെട്ടായി മുന്നോട്ടു നയിക്കൽ അനിവാര്യമാണെന്ന് അവർ മനസ്സിലാക്കിയിരുന്നു. സാംസ്‌കാരികമായി വളരെയേറെ വ്യത്യസ്തത പുലർത്തുന്ന ഒരു പറ്റം സമൂഹങ്ങളുടെ കൂട്ടമായിരുന്നു ചെച്‌നിയൻ ജനത. പലരും വ്യത്യസ്ത മദ്ഹബുകാരായിരുന്നു. പക്ഷേ, ഇതൊന്നും തന്നെ ചെച്‌നിയൻ സമൂഹത്തെ ഒന്നിപ്പിക്കുന്നതിൽ സൂഫികൾക്ക് വിഘ്‌നം സൃഷ്ടിച്ചില്ല. സ്വൂഫിസം അതിന്റെ സർഗവാസനയിലൂടെ ജനങ്ങളെ സ്‌നേഹത്തോടെയും ഐക്യത്തോടെയും ഒരു കൊടിക്ക് കീഴിൽ ഒരുമിച്ചുനിർത്തി. യുദ്ധമാരംഭിക്കുമ്പോൾ യുദ്ധമല്ലാതെ മറ്റൊരു മാർഗം അവർക്ക് മുമ്പിലുണ്ടായിരുന്നില്ല. വിജയ പ്രതീക്ഷയോടെയാണ് അവരിറങ്ങിയത്. പക്ഷേ, നിർഭാഗ്യവശാൽ കുറഞ്ഞകാലത്തെ മുന്നേറ്റത്തിന് ശേഷം ശൈഖ് മൻസൂറിനെ റഷ്യൻ സൈന്യം വധിച്ചുകളഞ്ഞു.

ശൈഖ് മൻസൂറിന്റെ വേർപാട് ചെച്‌നികൾക്ക് തീരാനഷ്ടമായിരുന്നു. ഇടയനില്ലാത്ത സന്ദർഭം നോക്കി റഷ്യ ചെച്‌നിയയിൽ നാശം വിതക്കാൻ കഴിവതും ശ്രമിച്ചിട്ടുണ്ട്. അലക്‌സാണ്ടർ ഒന്നാമൻ പട്ടാളത്തെ ഉപയോഗിച്ച് ചെച്‌നിയ കീഴടക്കാനും പദ്ധതി തുടങ്ങി. കണ്ടതെല്ലാം അവർ നശിപ്പിച്ചു. ആരെയും ജീവിക്കാൻ അനുവദിച്ചില്ല. പട്ടണങ്ങളെല്ലാം ചുട്ടെരിച്ചു.

ക്രൂരതകൾ അതിന്റെ മൂർധന്യത പ്രാപിച്ചപ്പോഴാണ് സ്വൂഫി പ്രസ്ഥാനം വീണ്ടും യുദ്ധത്തിനിറങ്ങുന്നത്. ശൈഖ് മൻസൂറിന്റെ വീരചരിതങ്ങളിൽ നിന്നും ആവേശമുൾക്കൊണ്ട് സ്വൂഫികൾ യുദ്ധത്തിന് കച്ചകെട്ടി. ഇത്തവണയും ജനങ്ങൾക്കിടയിൽ ഐക്യമുണ്ടാക്കാൻ തന്നെയായിരുന്നു ആദ്യ പടിയായി നേതൃത്വം ശ്രമിച്ചത്. സമൂഹത്തിൽ നിലനിൽക്കുന്ന ദുഷിച്ച ചില ആചാരങ്ങളെ ഇല്ലാതാക്കിയതിലൂടെ ചെച്‌നിയൻ ജനതയുടെ ഐക്യം തിരിച്ചുപിടിക്കാൻ അവർക്ക് സാധിക്കുകയും ചെയ്തു.

പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത ഖാളി മുഹമ്മദും ഹംസ ബെബും, ശാമിലുമൊക്കെ റഷ്യൻ സൈന്യത്തിന് പേടി സ്വപ്നങ്ങളായിരുന്നു. പക്ഷേ, അവർക്കൊന്നും തന്നെ അന്തിമ വിജയം കണ്ടെത്താൻ സാധിച്ചില്ല. 1861-ൽ റഷ്യ ചെച്‌നിയ കീഴടക്കി. ശേഷവും റഷ്യയുടെ വിവേചനപരമായ നിലപാടുകൾ അലോസരം സൃഷ്ടിച്ചെങ്കിലും അത്തരമൊരു സാഹചര്യത്തിലും എങ്ങനെ ജീവിക്കാമെന്ന് സ്വൂഫികൾക്ക് അറിയാമായിരുന്നു. ഇനിയൊരു യുദ്ധം നഷ്ടങ്ങൾ മാത്രമേ വരുത്തിവെക്കുകയുള്ളൂ എന്ന് ബോധ്യപ്പെട്ടതോടെ സ്വൂഫികൾ അനുനയത്തിന്റെ മാർഗത്തിലേക്ക് തിരിഞ്ഞു. റഷ്യൻ ഭരണകൂടത്തോട് സന്ധിയിലേർപ്പെട്ട് കുറേകാലം സമാധാനത്തോടെ കഴിഞ്ഞുകൂടി. പലപ്പോഴും റഷ്യൻ പീഡനങ്ങൾ ഏൽക്കേണ്ടിവന്നെങ്കിലും ഒരു കലാപത്തിന് സ്വൂഫികൾ ഒരുമ്പെട്ടില്ല. ആ സാഹചര്യത്തിൽ സമാധാനം നശിപ്പിക്കാൻ മാത്രമേ അത്തരം കലാപങ്ങൾ ഉപകരിക്കൂ എന്ന് അവർക്ക് ഉത്തമ ബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ 1859 മുതൽ 1944 വരെ ചെച്‌നിയൻ ചരിത്രം സമാധാനത്തിന്റേതായിരുന്നു.

സലഫിസം ചെച്‌നിയയിലേക്ക് കടന്നുവരുന്നത് 1996-ന് ശേഷമാണ്. ഘട്ടം ഘട്ടമായി ചെച്‌നിയയുടെ ഭരണം ചെച്‌നിയൻ ജനതക്ക് കൈമാറാൻ റഷ്യ തീരുമാനിച്ച സന്ദർഭമായിരുന്നു അത്. അത്രയും കാലം സ്വൂഫികൾ ഒന്നിച്ച് നിർത്തിയ സമൂഹം സലഫികളുടെ വരവോടെ ശിഥിലമാക്കപ്പെട്ടു. സലഫീ ധാര പിന്തുടർന്നവർ തന്നെ എട്ടും പത്തും ഗ്രൂപ്പുകളായി പരസ്പരം ബോംബ് വെച്ച് കൊലപ്പെടുത്താൻ തുടങ്ങി. ചാവേറാക്രമണങ്ങൾ നിത്യസംഭവമായി മാറി. സ്വൂഫി യുദ്ധം ചെച്‌നിയക്ക് ഗുണാത്മകമായി ഭവിച്ചപ്പോൾ സലഫി ജിഹാദ് പ്രശ്‌നങ്ങൾ മാത്രമേ സൃഷ്ടിച്ചുള്ളൂ. റഷ്യൻ സൈന്യത്തേക്കാൾ സലഫികളെ ഭീതിയോടെ നോക്കിക്കണ്ടത് സാധാരണക്കാരും നിരപരാധികളുമായ ജനങ്ങളായിരുന്നു. സ്വൂഫി പ്രതിരോധത്തിന്റെ ഫലം അനുഭവിക്കാൻ ചെച്‌നിയൻ ജനതയെ സലഫികൾ സമ്മതിച്ചില്ലെന്ന് ചുരുക്കം.

അൾജീരിയ

1830ലാണ് അൾജീരിയയിൽ ഫ്രാൻസ് അധിനിവേശം ആരംഭിക്കുന്നത്. ചാൾസ് പത്താമൻ 1830-ൽ അൾജീരിയ പിടിച്ചെടുത്തു. അദ്ദേഹം ജനങ്ങളെ ക്രൂരമായി പീഡിപ്പിച്ചു. അവർ തുല്യതയില്ലാത്ത വിവേചനങ്ങൾക്ക് വിധേയരായി. ജോലികൾ മുഴുവൻ ഫ്രഞ്ചുകാർക്ക് തീരെഴുതപ്പെട്ടു. നീതിയുടെ കവാടങ്ങളെല്ലാം അൾജീരിയൻ പൗരന്മാർക്കു മുന്നിൽ കൊട്ടിയടക്കപ്പെട്ടു.

ചെച്‌നിയ പോലെ സ്വൂഫീ സ്വാധീനം ശക്തമായ രാജ്യമാണ് അൾജീരിയയും. സ്വൂഫികൾ സാഹചര്യം തിരിച്ചറിയുകയും പ്രതിരോധം തീർക്കൽ അനിവാര്യമാണെന്ന് മനസ്സിലാക്കുകയും ചെയ്തു. ആയുധങ്ങളെടുത്ത് അവർ സമരത്തിനിറങ്ങി. അധിനിവേശ ശ്രമങ്ങൾക്ക് ഏറ്റവും ശക്തമായ ഭീഷണി ഉയർത്തിയത് ഖാദിരിയ്യാ സ്വൂഫിവര്യനായ ശൈഖ് അബ്ദുൽ ഖാദിറിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. അദ്ദേഹം വ്യത്യസ്ത ഗോത്രങ്ങളെ ഒരുമിച്ചുകൂട്ടി ഒരു വലിയ സേനയുമായി രംഗത്ത് വന്നു. 1832-ലാണ് ഫ്രഞ്ച് സൈന്യത്തിനെതിരെ അദ്ദേഹം പോരാട്ടം ആരംഭിക്കുന്നത്. തന്റെ ഉദ്യമത്തിലേക്ക് ജനങ്ങളെ ആകർഷിച്ചത് സമീപ പ്രദേശങ്ങളിലെ ഉലമാഇലൂടെയായിരുന്നു. അവരിൽ നിന്നും യുദ്ധത്തിന് അനുമതി തേടിയുള്ള ഫത്‌വ ആവശ്യപ്പെടുകയായിരുന്നു ശൈഖ്. ഉലമാഇന്റെ ഫത്‌വ കണ്ടുകൊണ്ടാണ് വിശ്വാസികളിലെ വലിയൊരു വിഭാഗം യുദ്ധത്തിനു തയ്യാറായത്. നിർദേശങ്ങൾ നൽകുന്നതിനു വേണ്ടി പണ്ഡിതന്മാരുടെ ഒരു കൗൺസിൽ തന്നെ അദ്ദേഹം തയ്യാറാക്കിയിരുന്നു.

ഫ്രഞ്ച് സൈന്യത്തിന് ഖാദിരിയ്യാ സംഘത്തിന് മുന്നിൽ പിടിച്ചുനിൽക്കാൻ സാധിക്കുമായിരുന്നില്ല. അങ്ങനെ 1934-ൽ അധിനിവേശ ശക്തികൾ അബ്ദുൽഖാദിരിന്റെ പരമാധികാരം അംഗീകരിക്കാൻ നിർബന്ധിതരായി. 1937-ൽ സമാധാന സന്ധിയിൽ ഒപ്പുവെക്കാനും ഫ്രാൻസ് തയ്യാറായി. അതോടെ അൾജീരിയയുടെ ഭൂരിഭാഗവും അബ്ദുൽ ഖാദിറിന്റെ നിയന്ത്രണത്തിൽ വന്നു. പക്ഷേ, ദീർഘകാലം ഇത് നിലനിന്നില്ല എന്നത് യാഥാർത്ഥ്യമാണ്. 1943-ൽ ഫ്രഞ്ച് സൈന്യം അൾജീരിയയിൽ നിന്ന് അദ്ദേഹത്തെ തുരത്തി. മൊറോക്കോയിൽ അഭയം പ്രാപിച്ച ശൈഖിനെ തടവിലാക്കുന്നതിന് ആ രാജ്യത്തെ അവർ അക്രമിച്ചു. അവസാനം കീഴടങ്ങാൻ അദ്ദേഹം തയ്യാറായി. അൾജീരിയൻ ഖാദിരിയ്യ പ്രസ്ഥാനം ഒരു മിലിട്ടറി സംഘമായിരുന്നില്ല. മറിച്ച്, അനിവാര്യ ഘട്ടത്തിൽ ആയുധമെടുത്തവരാണ്. ജനങ്ങളെ സംരക്ഷിക്കുകയായിരുന്നു, അധികാരം പിടിച്ചെടുക്കലായിരുന്നില്ല അവരുടെ ലക്ഷ്യം. ഇന്നും ശൈഖ് അബ്ദുൽ ഖാദിറിനെ അൾജീരിയൻ ജനത ആദരവോടെ സ്മരിക്കുന്നത് അതുകൊണ്ടാണ്.

ചെച്‌നിയ പോലെത്തന്നെ പിൽകാലത്ത് സലഫികൾക്കും അൾജീരിയയിൽ വേരോട്ടമുണ്ടായിട്ടുണ്ട്. അതിന്റെ പരിണതി ഭീകരമായിരുന്നു. അൾജീരിയ അറുപതുകളിൽ ഫ്രഞ്ച് അധിനിവേശത്തിൽ നിന്നു സ്വാതന്ത്ര്യം നേടിയെങ്കിലും സമാധാനാന്തരീക്ഷം സ്ഥാപിക്കാൻ കൂടുതൽ കാലം അവർക്ക് ഭാഗ്യമുണ്ടായില്ല. 1980-കളിൽ ഇബ്‌നുതൈമിയ്യയുടെ അധ്യാപനങ്ങളിൽ ആകൃഷ്ടരായി മിലിട്ടറി പ്രസ്ഥാനങ്ങളുമായി അഹ്മദ് ബ്‌നു ബാരിയും മാലിക്ബ്‌നു ഹബിയും രംഗത്തുവന്നു. അൾജീരിയയിൽ ഭരണകൂടത്തിനെതിരെ വിപ്ലവത്തിന് ഒരുങ്ങി പുറപ്പെട്ട ഇവർ വരുത്തിവെച്ച വിനാശം വിവരണാതീതം. സ്വന്തം രാജ്യത്തെ സുരക്ഷാ സൈന്യത്തെ മാത്രമല്ല അവർ ആക്രമിച്ചത്. എഴുത്തുകാരെയും ചിന്തകരെയുമൊന്നും അവർ വെറുതെവിട്ടില്ല. നിരപരാധികളായ ധാരാളം സാധാരണക്കാർ വെടിവെപ്പിലും ചാവേറാക്രമണത്തിലുമായി കൊല്ലപ്പെട്ടു. തകർക്കപ്പെട്ട ബിൽഡിംഗുകളുടെ എണ്ണം കുറച്ചൊന്നുമല്ല. സ്വന്തം മൂശയിലിട്ട് വാർത്തെടുത്ത ആദർശങ്ങൾ പിന്തുടരാത്തവരെല്ലാം അവരെ സംബന്ധിച്ചിടത്തോളം ഇസ്‌ലാമിന് പുറത്ത് പോയവരും കൊല്ലപ്പെടേണ്ടവരുമായിരുന്നു.

അൾജീരിയൻ ഗവൺമെന്റ് ഇത്തരം പ്രസ്ഥാനങ്ങളെ പ്രതിരോധിക്കുന്നതിൽ ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട് എന്നത് പ്രസ്താവ്യമാണ്. സ്വൂഫികളാണ് അവരെ തുരത്തിയത്. സ്വൂഫികളുടെ നിശിതമായ വിമർശനങ്ങൾ കാരണമാണ് സത്യത്തിൽ അൾജീരിയൻ ജനങ്ങൾക്ക് ഇത്തരം പ്രസ്ഥാനങ്ങൾ അലർജിയായത്.

സ്വൂഫിസം നിഷ്‌ക്രിയത്വമല്ല. സക്രിയമാവേണ്ടിടത്ത് ക്രിയാത്മകമായ ഇടപെടലാണ് അത് നടത്തിയത്. യുദ്ധം ക്രിയാത്മകമാവുമ്പോഴാണ് സ്വൂഫികൾ യുദ്ധത്തിനിറങ്ങുന്നത്. സമാധാനത്തിന് വേണ്ടി, അവകാശ സംരക്ഷണത്തിന് വേണ്ടി, നീതിക്ക് വേണ്ടി ഒക്കെയായിരുന്നു ഇത്. അനാവശ്യമായി ഒരുറുമ്പ് പോലും ബലികഴിക്കപ്പെടുന്നത് സ്വൂഫികൾക്ക് സഹിക്കാനൊക്കില്ല. എന്തൊക്കെ കുറവുകളും പ്രശ്‌നങ്ങളും കണ്ടെത്തിയാലും ആധുനിക കാലത്തും ഇവർ ശക്തമായി രംഗത്തുണ്ടായിരുന്നുവെന്ന് വ്യക്തം.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ