‘ഭൂമിയിൽ നീതി സ്ഥാപിക്കും വരെ അവൻ തളരുകയില്ല, അധൈര്യപ്പെടുകയുമില്ല’ എന്നാണ് നാം ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ചരിത്ര പരാമർശത്തിൽ തിരുനബി(സ്വ)യെ കുറിച്ചുള്ള നാലാം വിശേഷണം. ഈ വാക്യത്തിൽ ഉപയോഗിച്ചിരിക്കുന്ന നീതി എന്നതിന്റെ മൂലപദം മിശ്ഫാത് എന്നാണ്. ബൈബിൾ ശബ്ദകോശങ്ങളിൽ ഏറ്റവും പ്രശസ്തമായ James Srong’s Lexicon H4941 നോക്കുക. കേവലം എന്തെങ്കിലും ഒരു ചട്ടം നടപ്പിലാക്കുന്നതിനെ കുറിച്ചല്ല ആ പദം പറയുന്നത്, സാർവലൗകികവും സർവതല സ്പർശിയുമായ ഒരു ദൈവിക നിയമവ്യവസ്ഥയെ പറ്റിയാണ്. യിരമ്യാ പ്രവാചകൻ മിശ്ഫാത് എന്നു ഉപയോഗിച്ചിട്ടുണ്ട്: എന്റെ ജനമോ യഹോവയുടെ ന്യായം അറിയുന്നില്ല.
ഇത്തരത്തിലുള്ള ഒരു ദൈവിക നിയമവ്യവസ്ഥിതിക്ക് അറബിയിൽ ഉപയോഗിക്കുന്ന പദം എന്താണെന്ന് അറിയാത്തവർ വിരളമായിരിക്കും- ശരീഅത്ത്. ഈ വചനത്തിലെ മിശ്ഫാത് പ്രതിഫലിപ്പിക്കുന്നത് ഈ അർഥമാണ്.
യെശയ്യാവിനു എത്രയോ മുമ്പ് മോശെ പ്രവാചകൻ സ്വന്തമായി ഒരു ശരീഅത്ത് നടപ്പിൽ വരുത്തി. പിന്നീട് വന്ന പ്രവാചകന്മാരും പുരോഹിതരും അതു തന്നെ പുനരാവിഷ്‌കരിക്കുകയോ അതിനു വിശദീകരണങ്ങൾ നൽകുകയോ ആണ് ചെയ്തത്. വിശുദ്ധ ഖുർആൻ പറയുന്നു: തീർച്ചയായും തൗറാത്ത് അവതരിപ്പിച്ചത് നാമാണ്. അതിൽ വെളിച്ചവും സന്മാർഗവുമുണ്ട്. ദൈവിക നിയമവ്യവസ്ഥയെ അംഗീകരിച്ചിരുന്ന എല്ലാ പ്രവാചകന്മാരും റബ്ബിമാരും പുരോഹിതന്മാരും യഹൂദ ജനത്തിന്റെ വ്യവഹാരങ്ങളിൽ അതനുസരിച്ചാണ് തീർപ്പുകൽപിച്ചിരുന്നത്. എന്തുകൊണ്ടെന്നാൽ അവർ വേദഗ്രന്ഥം പരിപാലിക്കാൻ ചുമതലപ്പെട്ടവരായിരുന്നു. അവരതിനു സാക്ഷികളുമായിരുന്നു (5:44).
യേശുവും സ്വന്തമായ ഒരു നിയമവ്യവസ്ഥിതി നടപ്പിലാക്കാതെ തോറ പുസ്തകത്തെ അംഗീകരിക്കുകയും വാഗ്ദത്ത പ്രവാചകനെ കുറിച്ചു സുവിശേഷം പറയുകയുമാണ് ചെയ്തത് എന്ന് ഖുർആൻ 61:6 പറയുന്നു. ബൈബിളും ഇക്കാര്യം പ്രസ്താവിച്ചിട്ടുണ്ട്: ഞാൻ തോറയെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു ചിന്തിക്കരുത്; നീക്കുവാനല്ല നിവൃത്തിക്കുവാനത്രേ ഞാൻ വന്നത് (മത്തായി 5:17).
എന്നാൽ, മുഹമ്മദ് നബി(സ്വ) പൂർവ പ്രവാചകന്മാരെയെല്ലാം അംഗീകരിച്ചുകൊണ്ടു തന്നെ മറ്റൊരു ശരീഅത്ത് നടപ്പിൽ വരുത്തി. മനുഷ്യാനുഭവ ചരിത്രത്തിൽ ഇതഃപര്യന്തം ഉണ്ടായിട്ടുള്ളതിൽ വെച്ചേറ്റവും സമഗ്രവും സുഭദ്രവും സാർവജനീനവുമായ നിയമ വ്യവസ്ഥിതിയായിരുന്നു അത്; അക്ഷരാർഥത്തിൽ ജനതകൾ കാത്തിരുന്നത്, നിയമവും പ്രകാശവുമായത്, അന്ധകാരത്തിന്റെ ഇരുട്ടറകളിൽ നിന്ന് മോചിപ്പിച്ചത്. വിശുദ്ധ ഖുർആൻ പറയുന്നു: ഇതിനു മുമ്പ് യിസ്രയേൽ ജനത്തിനു നാം വേദപുസ്തകവും വിധിവിലക്കുകളും (ഹുക്മ്) പ്രവാചകത്വവും നൽകിയിട്ടുണ്ടായിരുന്നു. നാം അവർക്ക് വിശിഷ്ട വിഭവങ്ങൾ പ്രദാനം ചെയ്തു. അവരെ ലോകത്തുള്ള സർവജനത്തെക്കാളും ശ്രേഷ്ഠരാക്കി. ഈ വിഷയത്തിൽ സുവ്യക്തമായ മാർഗദർശനങ്ങളുമേകി. പിന്നീട്, ജ്ഞാനം ലഭിച്ചതിനു ശേഷവും അവരിൽ ഉണ്ടായ ഭിന്നിപ്പുകൾ പരസ്പരം കിടമത്സരങ്ങൾ മൂലം ഉണ്ടായതാകുന്നു. അവർ ഭിന്നിച്ചുകൊണ്ടിരുന്ന കാര്യങ്ങളിൽ പുനരുത്ഥാന നാളിൽ അങ്ങയുടെ നാഥൻ വിധി പ്രസ്താവിക്കും. അതിനുശേഷം ഇപ്പോൾ നബിയേ, ഈ വിഷയത്തിൽ അങ്ങയെ നാം ഒരു നിയമ വ്യവസ്ഥിതിയിൽ (ശരീഅത്ത്) ആക്കിയിരിക്കുന്നു. അങ്ങിത് പിന്തുടർന്നു കൊള്ളുക (45: 1618).
ഈ ആയത്തിലെ ശരീഅത്ത് എന്ന പദത്തിന് John Penrice ന്റെ A Dictionary And Glossary Of Quran നൽകുന്ന അർഥം A law or institution prescribed by God ദൈവികാജ്ഞ കൊണ്ടുള്ള തത്ത്വസംഹിതയോ നിയമവ്യവസ്ഥയോ എന്നാണ് (ചിത്രം കാണുക). ശരീഅത്ത് എന്ന പദത്തിന് വിവിധ അറബി ശബ്ദകോശങ്ങളിൽ ചേർത്തിട്ടുള്ള അർഥം ഇങ്ങനെയാണ്: അല്ലാഹു അവന്റെ ദാസന്മാർക്കായി നിയമമാക്കിയ വിശ്വാസസംഹിതയും വിധിവിലക്കുകളുമാണ് ശരീഅത്ത് (മുഅ്ജമുൽ വസീത്വ്).
അല്ലാഹു സർവജനങ്ങൾക്കുമായി നിയമമാക്കിയ ധാർമിക ചട്ടങ്ങളും വിധിവിലക്കുകളുമാണ് ശരീഅത്ത് (മുഅ്ജമു ർറാഇദ്). അല്ലാഹു തന്റെ ദാസൻമാർക്കായി നിയമമാക്കിയ വിധിവിലക്കുകൾ (മുഅ്ജമുൽ ഗനീ).
ഈ നിഘണ്ടുകളിലെല്ലാം ശരീഅത്ത് എന്നു പറഞ്ഞാൽ ഹുക്മുകൾ എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. തോറ പുസ്തത്തിനു യഹൂദ റബ്ബി സാദിയ ഗാവോൺ തയ്യാറാക്കിയ അറബി ഭാഷാന്തരത്തിൽ സംഖ്യാ പുസ്തകം 27:11ലുള്ള മിശ്ഫാത് എന്ന പദത്തിന് ഹുക്മ് എന്നാണ് പരിഭാഷ നൽകിയിട്ടുള്ളത് എന്നതും പ്രസ്താവ്യമാണ്. ചുരുക്കത്തിൽ, യെശയ്യാ പ്രവചനത്തിലുള്ള മിശ്ഫാത് നടപ്പിലാക്കിയത് നബി തിരുമേനി മാത്രമാണ്.

എന്തുകൊണ്ട് യെശയ്യാ പുസ്തകം?

യെശയ്യാവ് അന്ത്യദൂതരെ പരിചയപ്പെടുത്തുന്നു എന്നു പറയുന്നതിൽ പല പ്രത്യേകതകളുമുണ്ട്. ഏറ്റവും പ്രധാനം അതു ബൈബിൾ മൊത്തത്തിൽ ഒരു കാര്യത്തെ കുറിച്ചു സംസാരിച്ച മാതിരിയാണ് എന്നതത്രെ. കാരണം, ബൈബിളിനുള്ളിലെ മറ്റൊരു ബൈബിൾ എന്ന വിശേഷണം നൽകപ്പെട്ടിട്ടുള്ള പുസ്തകമാണ് യെശയ്യായുടെ പുസ്തകം. പൊതുവായി അംഗീകരിക്കപ്പെടുന്ന ബൈബിളിൽ 66 പുസ്തകങ്ങളാണുള്ളത് (ഇക്കാര്യത്തിലും തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്). തഥൈവ, യെശയ്യാ പുസ്തകത്തിൽ 66 അധ്യായങ്ങളാണുള്ളത്. അതുപോലെ മൊത്തം പുസ്തകങ്ങളെ പഴയ നിയമം 39 ഉം പുതിയ നിയമം 27 ഉം എന്നായി വിഭജിക്കുന്നതു പോലെയുള്ള ഒരധ്യായ വിഭജനവും യെശയ്യായിലുണ്ട്. പ്രഥമ ഭാഗത്തു വരുന്ന 39 അധ്യായങ്ങൾ വിഗ്രഹ പൂജകരും അധാർമികരുമായ ജനങ്ങൾക്കു സംഭവിക്കാൻ പോകുന്ന കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്. 40-66 അധ്യായങ്ങളിൽ വരാൻ പോകുന്ന പ്രവാചക യുഗത്തെ കുറിച്ചുള്ള വ്യക്തമായ സൂചനകൾ തരുന്ന കാവ്യാത്മക പ്രതിപാദ്യങ്ങൾ കൊണ്ടു സമ്പന്നമാണ്. യേശുവും സ്‌നാപക യോഹന്നാനും തങ്ങളുടെ പ്രബോധന ജീവിതത്തിൽ യെശയ്യാ പുസ്തകത്തെ ഒരു പാഠപുസ്തകം പോലെ ഉപയോഗപ്പെടുത്തിയിരുന്നു എന്നാണ് ബൈബിൾ പറയുന്നത്. യെശയ്യാ പുസ്തകത്തിലെ 40ാം അധ്യായം മരുഭൂമിയിൽ വിളിച്ചു പറയുന്നവന്റെ ശബ്ദത്തോടെ ആരംഭിക്കുന്നു! തുടർന്ന് സംഭവബഹുലമായ വർണനകളാണ്. 53ാം അധ്യായത്തിൽ പീഡിതനും പരിത്യക്തനുമായി സ്വന്തം നാട്ടിൽ നിന്ന് പുറന്തള്ളപ്പെട്ട ഒരു മനുഷ്യന്റെ ചിത്രം നമുക്ക് തരുന്നു. 60ാം അധ്യായത്തിൽ യിശ്മയേലിന്റെ വംശത്തിലെ ഗോത്രങ്ങളെല്ലാം കീഴടങ്ങുന്നതിനെ വർണിക്കുന്നു!
തിരുനബി(സ്വ)യുടെ ജീവിതത്തോട് ഈ അധ്യായങ്ങൾ പുലർത്തുന്ന ബന്ധം അതിശയിപ്പിക്കുന്നതാണ്. അധാർമികരും വിഗ്രഹപൂജകരുമായിരുന്നു അവിടത്തെ ജനത. 40ാം വയസ്സിലാണ് അവിടത്തേക്ക് പ്രവാചകത്വം ലഭിച്ചതും മരുഭൂമിയിൽ വിളിച്ചു പറയുന്നവനായി അവർക്കിടയിൽ രംഗപ്രവേശം ചെയ്തതും. 42ാം വയസ്സിൽ പരസ്യ പ്രബോധനം ആരംഭിച്ചതിനെ അഭിവാദ്യം ചെയ്യുമാറ് ഇങ്ങനെ വായിക്കാം: കർത്താവിന് ഒരു പുതിയ ഗാനം ആലപിക്കൂ. ഭൂമിയുടെ അതിർത്തികളിൽ നിന്ന് അവന് സ്തുതി മുഴങ്ങട്ടെ. സമുദ്രവും അതുൾക്കൊള്ളുന്ന സർവവും ദ്വീപുകളും അവയിലെ നിവാസികളും അവന്ന് സ്തുതി പാടട്ടെ. മരുഭൂമിയും അതിലെ നഗരങ്ങളും കേദാർ നിവസിക്കുന്ന ഗ്രാമങ്ങളും സ്വരമുയർത്തട്ടെ. സേല നിവാസികൾ ആനന്ദപൂർവം പാടട്ടെ. കൊടുമുടികളിൽ നിന്ന് അവർ ആർത്തു വിളിക്കട്ടെ. അവർ കർത്താവിന് മഹത്ത്വമർപ്പിച്ച് ദ്വീപുകളിൽ അവന്റെ സ്തുതി ഘോഷിക്കട്ടെ (യെശയ്യാവ് 42:10-12).
53ാം വയസ്സിൽ സ്വന്തം ദേശം പരിത്യജിച്ച് പലായനം ചെയ്യേണ്ടി വന്നു. അവിടത്തേക്ക് അറുപതു തികഞ്ഞ ശേഷമുണ്ടായ മക്കാവിജയ സംഭവത്തിൽ അഖിലരും പ്രവാചകർക്ക് അടിയറവു പറയുകയും കഅ്ബാലയത്തിൽ പൂജിച്ചാരാധിച്ചിരുന്ന 360 വിഗ്രഹങ്ങൾ എടുത്തു മാറ്റി ശുദ്ധീകരിക്കുകയും ചെയ്തതിനോടു ചേർത്ത് ഈ വരികൾ വായിക്കൂ: കേദാറിലെ ആട്ടിൻപറ്റം മുഴുവൻ നിന്റെ അടുക്കൽ വന്നുകൂടും; നെബയോത്തിലെ ആണാടുകൾ നിനക്ക് സേവ ചെയ്യും. അവ എനിക്ക് പ്രസാദജനകമായി എന്റെ ബലിപീഠത്തിൽ എത്തും; എന്റെ മഹിമയാർന്ന ആലയത്തെ ഞാൻ മഹത്വപ്പെടുത്തും (യെശയ്യാ 60:7).

പ്രവചനങ്ങൾ മാറ്റിനിർത്തിയാൽ, അധ്യായങ്ങളുടെ എണ്ണത്തിനുള്ള ഈ സമാനതകൾ കേവലം യാദൃച്ഛികതയാണോ?! ആയിരിക്കാം. കാരണം, അധ്യായ വിഭജനം പിന്നീടുണ്ടായതാണ്. അതല്ലാത്ത പ്രവചനങ്ങളും യെശയ്യാവിലുണ്ടു താനും. എങ്കിലും അതിശയകരമായ ഈ പൊരുത്തം ഉണർത്തുന്ന കൗതുകം ചെറുതല്ലെന്നു തോന്നിയതു കൊണ്ട് ഉദ്ധരിച്ചെന്നു മാത്രം.
ഒരിക്കൽ കൂടെ വിശുദ്ധ ഖുർആൻ ഉദ്ധരിക്കട്ടെ: നാം വേദം നൽകിയവർക്ക് സ്വന്തം മക്കളെ അറിയും പോലെ ഇതറിയാം. എന്നാൽ സ്വയം നഷ്ടം വരുത്തിവെച്ചവർ വിശ്വസിക്കുകയേയില്ല (അൽഅൻആം 20).
തികഞ്ഞ ഏക ദൈവത്വമാണ് യെശയ്യാ പുസ്തകം പഠിപ്പിക്കുന്നത്: ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല (യെശയ്യാ 44:6). വിചിത്രമെന്ന് പറയട്ടെ, മനുഷ്യനായ യേശുവിനെ ദൈവമാണെന്നു ചിത്രീകരിക്കാനായി യെശയ്യായിലെ പ്രവചനങ്ങളെ വളച്ചൊടിക്കുകയാണ് ക്രൈസ്തവർ ചെയ്തുകൊണ്ടേയിരിക്കുന്നത്. മൂലകൃതികളുമായി അധിക ബന്ധമൊന്നുമില്ലെങ്കിൽ കൂടി പുതിയ-പഴയ നിയമ ബൈബിൾ ഗ്രന്ഥങ്ങളിൽ തിരുദൂതരെക്കുറിച്ച് ശക്തവും വ്യക്തവുമായ സൂചനകൾ അങ്ങിങ്ങ് ചിതറിക്കിടക്കുന്നു. വേദക്കാർ സ്വപുത്രരെ അറിയുന്നതു പ്രകാരം മുഹമ്മദ് നബി(സ്വ)യെ അറിഞ്ഞിരുന്നുവെന്ന ഖുർആൻ വചനം എത്ര ശ്രദ്ധേയം!

മുഹമ്മദ് സജീർ ബുഖാരി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ