രാഷ്ട്രീയ കൊലപാതകങ്ങളും വൈരാഗ്യത്തിന്റെ പേരിലുള്ള അരുംകൊലയും സാമ്പത്തിക-കുടുംബ പ്രശ്‌നങ്ങളുടെ പേരിലുള്ള കൊലകളും ഏറെ കണ്ടവരാണ് മലയാളികൾ. നമ്മുടെ മനസ്സിൽ ഇത്തരം രക്തദാഹികളുടെ ചിത്രം പതിയാൻ തുടങ്ങിയിട്ട് കാലങ്ങളായി. ആവർത്തിച്ചു കേൾക്കുന്നതു കാരണം ഞെട്ടലുണ്ടാക്കുകയല്ല, അത്തരം വാർത്തകൾക്ക് ശ്രദ്ധകൊടുക്കാനുള്ള മാനസികാവസ്ഥ പോലുമില്ലാതെ വരാറുണ്ട്.
എന്നാൽ മനുഷ്യരക്തം കൊണ്ട് ആനന്ദം കണ്ടെത്തുന്ന ഒരുതരം സൈക്കോപാത്തുകളുടെ എണ്ണം സംസ്ഥാനത്ത് വർധിച്ചുകൊണ്ടിരിക്കുന്നുവെന്നത് തീർച്ചയായും ചിന്തിപ്പിക്കുന്നത് തന്നെയാണ്. സമൂഹ മന:സാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു കോഴിക്കോട് ജില്ലയിലെ കൂടത്തായി കൊലപാതക പരമ്പര. ജോളിയെന്ന സ്ത്രീ 14 വർഷത്തിനുള്ളിൽ നിർദാക്ഷിണ്യം കൊന്നുതള്ളിയത് ഒരു കുടുംബത്തിലെ ആറ് പേരെയാണ്. ഇലന്തൂർ നരബലിയിൽ പ്രതിയായ ലൈലയും കൂടത്തായിലെ ജോളിയും കണ്ണൂരിൽ കാമുകന് കഷായത്തിൽ വിഷം നൽകി കൊന്ന ഗ്രേഷ്മയും മനുഷ്യനെ കുരുതിക്ക് കൊടുത്തവരുടെ സമകാലിക പേരുകാരാണ്.
ആദ്യകാലത്ത് സ്ത്രീ കൊലപാതകികൾ കഥകളിൽ മാത്രമായിരുന്നു. പിന്നീട് വിദേശ രാജ്യങ്ങളിൽ അത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടുതുടങ്ങി. തൊണ്ണൂറുകളോടെ ഇന്ത്യയിലും സ്ത്രീ കൊലപാതകികളെ കുറിച്ച് കേട്ടുതുടങ്ങി. വൈകാതെ കേരളത്തിലും. ദാരുണമായ കൊലപാതകങ്ങളും മറ്റു കുറ്റകൃത്യങ്ങളുമുൾപ്പെടെ സ്ത്രീകൾ കണ്ണികളാകുന്ന സംഭവങ്ങൾ സംസ്ഥാനത്ത് കൂടിവരികയാണ്.
അടുത്ത കാലത്ത് നടന്ന പല കുറ്റകൃത്യങ്ങളും ആഡംബര ജീവിതം ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്ന് കാണാം. എങ്ങനെയും പണമുണ്ടാക്കണമെന്ന ചിന്ത കുറ്റകൃത്യങ്ങളിൽ സ്ത്രീയുടെ പങ്കാളിത്തം വർധിപ്പിച്ചു. സാമ്പത്തിക അഭിവൃദ്ധിയും ഐശ്വര്യവുമായിരുന്നു ഇലന്തൂരിലെ നരബലിയുടെ പ്രചോദനം. അതിനായി ലൈലയും ഭാഗൽസിങ്ങും ശാഫിയും ചേർന്ന് കൊന്നുതള്ളിയത് പുറത്തുവന്നത് പ്രകാരം രണ്ട് സ്ത്രീകളെയാണ്.
1980 വരെയുള്ള പോലീസ് രേഖകളിൽ പോക്കറ്റടി, മോഷണം, വ്യാജ വാറ്റ്, സ്വയ രക്ഷക്കായി നടത്തിയ കൊലകൾ എന്നിവയായിരുന്നു സ്ത്രീകൾ പ്രതികളായ പ്രധാന കുറ്റങ്ങൾ. അന്ന് സഹായിയുടെയും പ്രേരകയുടെയും റോൾ നിർവഹിച്ചിരുന്ന സ്ത്രീകൾ ഇപ്പോൾ ആസൂത്രകരും നടത്തിപ്പുകാരുമായി മാറി. കണ്ണൂരിൽ കാമുകനെ കൊല്ലാൻ ഗ്രേഷ്മ പ്രയോഗിച്ച മാർഗം എത്ര തന്ത്രപരമായിരുന്നുവെന്ന് ഓർക്കുക.

സീരിയൽ കില്ലിംഗ്

ഒരറപ്പും പേടിയും കൂടാതെ മനുഷ്യരെ തുടർച്ചയായി കൊന്നുതള്ളുന്നതിനെയാണ് സീരിയൽ കില്ലിംഗ് എന്ന് വിളിക്കുന്നത്. മൂന്നോ അതിലധികമോ പേരെ കൊലപ്പെടുത്തുക, കൊലപാതകങ്ങൾക്കിടയിൽ കുറഞ്ഞത് ഒരാഴ്ചയെങ്കിലും അകലം പാലിക്കുക എന്നത് സീരിയൽ കില്ലിംഗിന്റെ സ്വഭാവമാണ്. ലോകത്ത് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട സീരിയൽ കില്ലർ ഇംഗ്ലണ്ടുകാരനായ ജാക് ആയിരുന്നു. നിരവധി സ്ത്രീകളെ പീഡിപ്പിച്ച് സ്‌ക്രൂ ഡ്രൈവർ കൊണ്ട് കുത്തിക്കൊന്നു രതി മൂർച്ച അനുഭവിച്ച കുറ്റവാളി. 80കളുടെ ഒടുവിൽ കേരളത്തിൽ കാസർകോട് സ്വദേശി റിപ്പർ ചന്ദ്രൻ എന്ന സീരിയൽ കില്ലറും നിരവധി പേരെ തലക്കടിച്ചു കൊന്ന് കേരളത്തെ വിറപ്പിച്ചു.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ വടക്കുകിഴക്കൻ യുഎസിൽ താമസിച്ചിരുന്ന ജോളി ജെയ്ൻ ടോപ്പൻ എന്ന യുവനഴ്‌സ് 31 പേരെ കൊന്നു. ഇരകളിൽ പലരും അവളുടെ സംരക്ഷണത്തിലായിരുന്നു. വിഷം കുത്തിവെച്ച് അവർ ഇഞ്ചിഞ്ചായി മരിക്കുന്നത് കണ്ട് ആ സ്ത്രീ സന്തോഷിച്ചു. അവരുടെ അരികിൽ കിടന്നുറങ്ങുന്നു. സയനൈഡ് മല്ലികയാണ് സീരിയൽ കില്ലർ ലേബലോടെ ഇന്ത്യയിൽ പിടിക്കപ്പെടുന്ന ആദ്യ വനിതാ കൊലപാതകി. 1999-2007 കാലത്ത് മല്ലിക സയനൈഡ് നൽകി കൊലചെയ്തത് ഏഴ് പേരെയാണ്. സ്വന്തം മാതാപിതാക്കളെയും കുഞ്ഞുങ്ങളെയുമടക്കം കൊലപ്പെടുത്തിയ പിണറായിയിലെ സൗമ്യയാണ് അടുത്ത കാലത്ത് പുറത്തുവന്ന മറ്റൊരു സീരിയൽ കില്ലർ.

സൈക്കോപാത്ത്/സാഡിസ്റ്റ്

ഇലന്തൂരിൽ നരബലി നടത്തിയ ശാഫി സൈക്കോപാത്താണ്. അതുപോലെ ലൈംഗിക വൈകൃതങ്ങൾക്ക് അടിമയും ക്രൂരതയിൽ ആനന്ദം കണ്ടെത്തുന്നയാളുമാണ്. സ്ത്രീകളെ മുറിവേൽപ്പിച്ചും വേദനിപ്പിച്ചും ലൈംഗികമായി ഉപയോഗിക്കാൻ താൽപര്യപ്പെടുന്ന വികൃത മനോഭാവമാണ് ഇയാൾക്കുള്ളത്. ഇതാണ് സാഡിസ്റ്റ് സ്വഭാവം. മറ്റുള്ളവരെ വേദനിപ്പിക്കുക വഴി (പലപ്പോഴും ലൈഗികമായി) സന്തോഷം കണ്ടെത്തുന്നവരാണ് സാഡിസ്റ്റുകൾ. ഒന്നോ രണ്ടോ സന്ദർങ്ങളിൽ മാത്രമല്ല, സ്ഥിരമായും തുടർച്ചയായും ഇത്തരത്തിൽ മറ്റുള്ളവരെ വേദനിപ്പിക്കുകയും സ്വയം സന്തോഷം കണ്ടെത്തുകയും ചെയ്യും ഇവർ. ചുറ്റുപാടുമുള്ളവരോടു സഹാനുഭൂതിയോ അനുകമ്പയോ സഹതാപമോ ഇവർക്കുണ്ടാവില്ല. മറ്റുള്ളവരുടെ വികാരങ്ങളും പ്രശ്‌നങ്ങളും ദു:ഖങ്ങളും ഇവർക്ക് മനസ്സിലാവില്ല. അഥവാ, അതിൽ തീരെ താൽപര്യം കാട്ടുകയില്ല.
കുറ്റകൃത്യങ്ങളെയും വ്യക്തിത്വത്തെയും പരസ്പരം ബന്ധപ്പെടുത്തി മനസ്സിലാക്കുമ്പോൾ കുറ്റകൃത്യങ്ങൾക്ക് പിന്നിലെ വ്യക്തിത്വപരമായ കാരണങ്ങൾ തള്ളിക്കളയാനാകില്ല. ആന്റി സോഷ്യൽ പേഴ്‌സണാലിറ്റി ഡിസോർഡറുള്ളവരിൽ നല്ലൊരു ശതമാനം ആളുകൾ കുറ്റകൃത്യങ്ങളിലേർപ്പെടുന്നുണ്ട്. എന്നാൽ എല്ലാ കുറ്റവാളികളും ഈ വ്യക്തിത്വ വൈകല്യമുള്ളവരാണെന്ന് കണക്കാക്കാൻ സാധിക്കില്ല. മറ്റു പല ജീവിത സാഹചര്യങ്ങളും സാമൂഹിക കാരണങ്ങളും വ്യക്തിയെ കുറ്റവാളിയാക്കി മാറ്റുന്നുണ്ട്.
സൈക്കോപാത്തുകൾ എന്ന പേര് ആദ്യമായി ഉപയോഗിച്ചത് ഹെൻടെഴ്‌സൺ (ഒലിറലൃീെി) എന്ന മനോരോഗ വിദഗ്ധനാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ മൂന്ന് തരത്തിലുള്ള സൈക്കോപാത്തുകളാണുള്ളത്. 1. പ്രിഡോമിനന്റ്‌ലി അഗ്രസ്സീവ് സൈക്കൊപാത്തുകൾ: ഇവർ അപകടകാരികളും അക്രമികളും പെട്ടെന്ന് പൊട്ടിത്തെറിക്കുന്നവരുമായിരിക്കും. 2. ഇന്നാഡികേറ്റ് സൈക്കോ പാത്ത് (ശിമറലൂൗമലേ ു്യെരവീുമവേ): ഈ വിഭാഗക്കാർ കപട ബുദ്ധിക്കാരും വഞ്ചന, ചതിപ്രയോഗം തുടങ്ങിയവയിലൂടെ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരുമായിരിക്കും. ചെറിയ ചെറിയ കള്ളങ്ങൾ ചെയ്ത് അലഞ്ഞുനടക്കുന്നവർ മിക്കവാറും ഈ ഗണത്തിൽപെടും. 3. ക്രിയേറ്റീവ് സൈക്കോപാത്ത് (രൃലമശേ്‌ല ു്യെരവീുമവേ). ഈ വിഭാഗം കൗശലക്കാരും ബുദ്ധിപൂർവം കള്ളത്തരങ്ങൾ ചെയ്യുന്നവരുമായിരിക്കും. ഇങ്ങനെയുള്ളവർ പിടിക്കപ്പെടുക അത്ര എളുപ്പമല്ല.
ശാഫിയുടെ ജീവിത പശ്ചാത്തലം നോക്കിയാൽ ആറാം ക്ലാസ്സുവരെ മാത്രമേ പഠനം നടത്തിയിട്ടുള്ളൂ. 16ാം വയസ്സിൽ വീട് വിട്ടിറങ്ങി ഒറ്റയ്ക്ക് ജീവിതമാരംഭിച്ചു. വാഹനം ഓടിക്കൽ, വാഹനം നന്നാക്കൽ, ഹോട്ടൽ തുടങ്ങിയവ നടത്തി. കുട്ടിക്കാലത്തെ ജീവിത സാഹചര്യം സൈക്കോപാത്തുകളെ സൃഷ്ടിക്കുന്നതിന് കാരണമാക്കാറുണ്ട്. ചെറുപ്രായത്തിൽ ഒരു സ്ഥലത്ത് അടങ്ങിയിരിക്കുന്നതിൽ കാര്യമായ ബുദ്ധിമുട്ടുണ്ടാകുക, പെട്ടെന്ന് സാഹചര്യം നോക്കാതെ എടുത്തുചാടി പെരുമാറുക, അമിതമായി വഴക്കിടുക, മൃഗങ്ങളെയും വ്യക്തികളെയും ഉപദ്രവിക്കുക, വീട്ടുപകരണങ്ങൾ, വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ നശിപ്പിക്കുക, ആവർത്തിച്ചു നുണകൾ പറയുക, മോഷ്ടിക്കുക, അമിതമായ ശാഠ്യം, സ്‌കൂളിൽ പോകാൻ മടി കാണിക്കുക, വീട് വിട്ടിറങ്ങി പോവുക തുടങ്ങിയ പെരുമാറ്റ പ്രശ്‌നങ്ങൾ, എല്ലാത്തിനോടും എതിർത്ത് പെരുമാറുക തുടങ്ങിയ ലക്ഷണങ്ങൾ നിയന്ത്രണ വിധേയമല്ലാത്ത രീതിയിലുണ്ടെങ്കിൽ അവരെ ചികിത്സക്കു വിധേയമാക്കേണ്ടിയിരിക്കുന്നു. ഇത്തരം സ്വഭാവ സവിശേഷതകൾ ശരിയായി പരിഹരിക്കുന്നില്ലെങ്കിൽ അത് കുട്ടിയുടെ കൗമാര കാലഘട്ടത്തോടു കൂടി ആന്റി സോഷ്യൽ പേഴ്‌സണാലിറ്റി ഡിസോർഡറായി മാറാനുള്ള സാധ്യത കൂടുതലാണ്.
സീരിയൽ കില്ലർമാരുടെ കുട്ടിക്കാലത്ത് ചില ഘടകങ്ങൾ സ്ഥിരത പുലർത്തുന്നുവെന്ന് ഗവേഷണകർ കണ്ടെത്തിയിട്ടുണ്ട്. ശാരീരികവും വൈകാരികവുമായ ദുരുപയോഗം, സാമൂഹിക ഒറ്റപ്പെടൽ, അസ്ഥിരത, കുടുംബത്തിന്റെ അപര്യാപ്തത തുടങ്ങിയവയാണവ. ഒരു മനുഷ്യന്റെ വ്യക്തിത്വരൂപീകരണം നടക്കുന്ന കുട്ടിപ്രായത്തിൽ കൃത്യമായ പരിപാലനം ലഭിച്ചില്ലെങ്കിൽ കുട്ടി സീരിയൽ കില്ലറായി വളർന്നേക്കും.
ഭാവിയിൽ തന്റെ കുട്ടി എങ്ങനെയായിരിക്കണമെന്ന് പ്ലാൻ ചെയ്യാനുള്ള ഘട്ടമാണ് ശൈശവ-കൗമാരങ്ങൾ. ആ ഘട്ടത്തിൽ രക്ഷിതാക്കൾ അവരെ നന്നായി നിരീക്ഷിക്കുകയും പ്രകടമാകുന്ന സ്വഭാവ ദൂഷ്യങ്ങൾ തിരുത്താനാവശ്യമായ ഇടപെടൽ നടത്തുകയും ചെയ്യണം. ചെറിയ തെറ്റല്ലേ എന്ന അവഗണന നല്ലതല്ല. അതുപോലെ അവഗണിക്കാവുന്ന നിസ്സാര സംഭവങ്ങളെ പെരുപ്പിച്ച് കാണേണ്ടതുമില്ല. നിഷ്‌കളങ്കരായ മക്കളെ എങ്ങോട്ട് തിരിക്കണമെന്ന് നിർണയിക്കുന്നത് മാതാപിതാക്കളാണെന്നാണല്ലോ നബിപാഠം.

 

ഡോ. അബ്ദുസ്സലാം സഖാഫി ഓമശ്ശേരി

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ