jn1 (1)ഉയര്‍ന്ന രക്തസമ്മര്‍ദം അഥവാ ഹൈപ്പര്‍ ടെന്‍ഷന്‍ ഇന്ന് വ്യാപകമാവുകയാണ്. ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും വൃക്ക തകരാറിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കാരണമാവുന്നു. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനാവാതെ പോയാല്‍ അന്ധതയും താളംതെറ്റിയ ഹൃദയമിടിപ്പും ഹൃദയ രക്തക്കുഴലുകള്‍ പൊട്ടുന്നതും തലച്ചോറിന്‍റെ ശേഷിക്കുറവും ഒക്കെയായിരിക്കും ഫലം. മുതിര്‍ന്നവരില്‍ മൂന്നില്‍ ഒരാള്‍ക്ക് എന്ന തോതില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ട്. ഓരോ വര്‍ഷവും ലോകത്തുണ്ടാവുന്ന മരണങ്ങളില്‍ 9 ദശലക്ഷത്തിനും കാരണം ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണ്.
രാവും പകലും തുടര്‍ച്ചയായി പണിയെടുക്കുന്ന അത്ഭുതകരമായ ഒരു അവയവമാണ് ഹൃദയം. മിനിറ്റില്‍ ഏകദേശം 70 പ്രാവശ്യവും ദിവസം ഏതാണ്ട് ഒരു ലക്ഷം തവണയും ഹൃദയമിടിക്കുന്നു. നമ്മുടെ ശരീരത്തിലെ ഓരോ കോശത്തിലും രക്തം എത്തിച്ച് അതിനെ ജീവസ്സുറ്റതാക്കാന്‍ വേണ്ട രക്തചംക്രമണത്തിന്‍റെ പൂര്‍ണ നിയന്ത്രണം ഹൃദയത്തിനാണ്. ഹൃദയത്തിനകത്തേക്കും പുറത്തേക്കുമുള്ള രക്തമൊഴുക്ക് അതത് വാല്‍വുകള്‍ കൃത്യസമയത്ത് തുറന്നും അടഞ്ഞുമാണ് നിര്‍വഹിക്കുന്നത്. സ്റ്റെതസ്കോപ്പ് നെഞ്ചിനു മുകളില്‍ വയക്കുമ്പോള്‍ നാം കേള്‍ക്കുന്ന ലാബ്ഡഞ്ച് ശബ്ദത്തിനു കാരണം വാല്‍വിന്‍റെ ചലനങ്ങളാണ്.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ആര്‍ട്ടെറിയോസ്ക്ലീറോസിസ് വര്‍ധിപ്പിക്കുന്നു. ധമനികളുടെ ഉള്ളിലെ വ്യാപ്തം കുറയുന്നതിനാല്‍ അതുവഴിയുള്ള രക്തചംക്രമണത്തിന്‍റെ വേഗത കുറയുന്നതാണ് ആര്‍ട്ടെറിയോസ്ക്ലീറോസിസ്. ഹൃദയത്തിലേക്കോ തലച്ചോറിലേക്കോ രക്തയോട്ടത്തില്‍ ഇപ്രകാരം കുറവു സംഭവിക്കുന്നതോടെ ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടാവുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് ആദ്യകാലങ്ങളില്‍ പ്രത്യേകിച്ച് ഒരു ലക്ഷണവും ഉണ്ടാവാറില്ല. ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാവുന്നതുവരെ ആര്‍ക്കും ഒരസ്വാസ്ഥ്യവും തോന്നുകയുമില്ല. അതിനാലാണ് “നിശ്ശബ്ദ കൊലയാളി’ എന്ന് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അറിയപ്പെടുന്നത്.
ബി.സി. 5-ം നൂറ്റാണ്ടില്‍ തന്നെ ഗ്രീക്ക് ഭിഷഗ്വരനായിരുന്ന ഹിപ്പോക്രാറ്റസ് പെട്ടെന്നുള്ള മരണങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. തടി കൂടുതല്‍ ഉള്ളവരായിരുന്നു ഇത്തരത്തില്‍ മരിക്കുന്നവരേറെയും. എന്നാല്‍ 1628ല്‍ വില്യം ഹാര്‍വി രക്തചംക്രമണം കണ്ടുപിടിച്ചതോടെയാണ് രക്തസമ്മര്‍ദ്ദം സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യൈശാസ്ത്രം മനസ്സിലാക്കുന്നത്. 1733-ല്‍ സ്റ്റീഫന്‍ ഹെയില്‍സ് ആണ് ധമനികളിലെ രക്തസമ്മര്‍ദ്ദം ആദ്യമായി അളന്നത്. എങ്കിലും റെനെ ലാക്കിനെറ്റ് 1819ല്‍ സ്റ്റെതസ്കോപ്പ് കണ്ടുപിടിക്കുന്നതുവരെ രക്തസമ്മര്‍ദ്ദത്തെക്കുറിച്ചുള്ള പഠനത്തില്‍ വലിയ പുരോഗതിയൊന്നുമുണ്ടായില്ല. 1956ല്‍ റിച്ചാര്‍ഡ് ജൂനിയര്‍ ഡിക്കിന്‍സണും ഫോര്‍ഡ്മാനും ചേര്‍ന്ന് കത്തീറ്റനൈസേഷന്‍ കണ്ടുപിടിച്ചതോടെയാണ് ഓരോ രക്തക്കുഴലുകളിലൂടെയുമുള്ള രക്തചംക്രമണ അളവും തടസ്സങ്ങളും വാല്‍വുകളുടെ പ്രവര്‍ത്തനം സംബന്ധിച്ചുള്ള മറ്റു കാര്യങ്ങളും മനസ്സിലാക്കാനായത്.
ഫിയഡോര്‍ ലൈനെന്‍ 1964ല്‍ കൊളസ്ട്രോള്‍ മനുഷ്യകോശങ്ങളില്‍ ഉണ്ടാവുന്നതെങ്ങനെയെന്നും ശരീരത്തിലെ ലിപ്പിഡ് മെറ്റബോളിസം എങ്ങനെയെന്നും കണ്ടുപിടിച്ചതോടെയാണ് രക്തത്തില്‍ അമിതമായി കൊഴുപ്പ് അടിയുന്നത് തടയേണ്ടതെങ്ങനെയെന്ന് തിരിച്ചറിയുന്നത്. മൈക്കേല്‍ ബ്രൗണും ജോസഫ് ഗോള്‍സ്സ്റ്റൈയിനും ചേര്‍ന്ന് 1985ല്‍ ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന കുഴലുകള്‍ക്കുള്ളിലുള്ള ലിപ്പോ പ്രോട്ടീന്‍ എന്ന കൊളസ്ട്രോളിനെ സ്വീകരിക്കുന്ന കണത്തെ കണ്ടെത്തി. ഈ കണം ഉള്ളവരില്‍ ഹൃദയാഘാതത്തിന് സാധ്യത ഏറെയാണ്.
വ്യക്തിയുടെ രക്തസമ്മര്‍ദ്ദം പല സമയങ്ങളില്‍ എടുക്കുമ്പോള്‍ സിസ്റ്റോളിക് രക്തസമ്മര്‍ദ്ദം 140 ആയിരിക്കുകയും ഡയസ്റ്റോളിക് രക്തസമ്മര്‍ദ്ദം 90 എം.എം.എച്ച്.ജിയോ കൂടുതലോ ആയാല്‍ ഹൈപ്പര്‍ ടെന്‍ഷന്‍ ഉണ്ട് എന്നാണു നിഗമനം. പ്രമേഹം പോലുള്ള കാര്‍ഡിയോ വാസ്കുലര്‍ ഘടകങ്ങള്‍ കൂടിയുണ്ടെങ്കില്‍ അപകടസാധ്യത ഏറുന്നു. മൂന്ന് പേരില്‍ ഒരാള്‍ക്ക് എന്ന ഹൈപ്പര്‍ ടെന്‍ഷന്‍ സാധ്യത പ്രായമേറുമ്പോള്‍ 50 വയസ്സിനു മുകളിലുള്ളവരില്‍ രണ്ട് പേരില്‍ ഒരാള്‍ക്ക് എന്ന നിലയിലെത്തുന്നു.
ലോകമെന്പാടും ധനികദരിദ്ര ഭേദമില്ലാതെ കാര്‍ഡിയോ വാസ്ക്കുലര്‍ രോഗങ്ങള്‍ കൂടുതല്‍ ആളുകളെ കൊന്നൊടുക്കുന്നു. ഹൃദയാഘാതത്തില്‍ നിന്നോ പക്ഷാഘാതത്തില്‍ നിന്നോ ഒരിക്കല്‍ രക്ഷപ്പെട്ടവര്‍ ദീര്‍ഘകാലം മരുന്നു കഴിക്കേണ്ടി വരും. ഇതുമൂലം രോഗങ്ങള്‍ രോഗിയുടെയും കുടുംബത്തിന്‍റെയും ജീവിതത്തെ ഒരുപോലെ ബാധിക്കും.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തടയാവുന്നതാണ്. ഉപ്പിന്‍റെ ഉപയോഗം കുറയ്ക്കുക, സമീകൃതാഹാരം കഴിക്കുക, സ്ഥിരമായി വ്യായാമം ചെയ്യുക, ശരീരഭാരം ഏറാതെ സൂക്ഷിക്കുക, മദ്യം, പുകയില എന്നിവ ഉപേക്ഷിക്കുക തുടങ്ങിയവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടാവാതിരിക്കാന്‍ ശീലിക്കേണ്ടതാണ്. കാര്‍ഡിയോ വാസ്ക്കുലര്‍ രോഗങ്ങള്‍ തടയുന്നതില്‍ വളരെ പ്രധാനപ്പെട്ട ഘടകമാണ് ഉപ്പിന്‍റെ ഉപയോഗം കുറയ്ക്കുക എന്നത്. മിക്ക രാജ്യങ്ങളിലും ആളുകള്‍ അകത്താക്കുന്ന ഉപ്പിന്‍റെ മൂന്നില്‍ രണ്ടുഭാഗവും സംസ്ക്കരിച്ച ആഹാര പദാര്‍ത്ഥങ്ങളിലും സ്നാക്സുകളിലും അതുപോലുള്ള ഭക്ഷ്യ ഉല്‍പ്പന്നങ്ങളിലും ബ്രഡിലും ചീസിലും മറ്റുമാണ് ഒളിഞ്ഞിരിക്കുന്നത്. കൂടാതെ ചില ഫാസ്റ്റ്ഫുഡ് ശൃംഖലകളും റസ്റ്റോറന്‍റുകളും ഉയര്‍ന്ന തോതില്‍ ഉപ്പും കൊഴുപ്പും മധുരവും വിതരണം ചെയ്യുന്നതില്‍ മുഖ്യപ്രതികളാണ്. 20 ശതമാനം ഉപ്പിന്‍റെ അമിതോപയോഗവും ഉപഭോക്താവിന്‍റെ സ്വന്തം നിയന്ത്രണത്തിലാണ് എന്നര്‍ത്ഥം. ലോകാരോഗ്യസംഘടനയുടെ നിര്‍ദേശമനുസരിച്ച് ദിവസവും 5 ഗ്രാം (ഒരു ടീ സ്പൂണില്‍ താഴെ) മാത്രം ഉപ്പ് ഉപയോഗിക്കുന്നതാണ് കാര്‍ഡിയോ വാസ്ക്കുലര്‍ രോഗങ്ങള്‍ ഒഴിവാക്കാന്‍ നല്ലത്.
അതുപോലെ സമീകൃതാഹാരം ശീലിക്കുന്നതാണ് ആരോഗ്യമുള്ള ഹൃദയവും രക്തചംക്രമണ വ്യവസ്ഥയും കാത്തു സൂക്ഷിക്കാന്‍ സഹായകം. ധാരാളം പഴങ്ങളും പച്ചക്കറികളും ധാന്യം മുഴുവനായും (തവിട് നീക്കാതെ), കൊഴുപ്പ് നീക്കിയ മാംസവും മത്സ്യവും പയറുവര്‍ഗങ്ങളും ഉപയോഗിക്കുകയും മധുരം, ഉപ്പ്, കൊഴുപ്പ് കുറയ്ക്കുകയും വേണം.
ദിവസവും അരമണിക്കൂറെങ്കിലും കൃത്യമായി വ്യായാമം ചെയ്യുന്നതും കാര്‍ഡിയോ വാസ്ക്കുലര്‍ ഫിറ്റ്നസ് നിലനിര്‍ത്തും. പുകയില ഏതുരൂപത്തിലായാലും ആരോഗ്യത്തിനു നല്ലതല്ല; സിഗരറ്റായാലും ചവയ്ക്കുന്ന പുകയിലയായാലും.
ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും 1980നും 2008നും ഇടയ്ക്ക് തടിയന്മാരുടെ എണ്ണം കൂടിയിട്ടുണ്ട് എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇന്ന് ലോകജനസംഖ്യയുടെ 12 ശതമാനത്തോളം ആളുകള്‍ പൊണ്ണത്തടിയന്മാരാണ്. ലോകത്ത് എല്ലായിടത്തും സ്ത്രീകളാണ് ഇക്കാര്യത്തില്‍ പുരുഷന്മാരേക്കാള്‍ മുമ്പില്‍. അതുകൊണ്ടു തന്നെ പ്രമേഹത്തിനും കാര്‍ഡിയോ വാസ്ക്കുലര്‍ രോഗങ്ങള്‍ക്കും കൂടുതല്‍ വിധേയപ്പെടേണ്ടി വരുന്നതും അവരാണത്രെ.
ലോകത്തെല്ലായിടത്തും മുതിര്‍ന്ന വ്യക്തികളില്‍ മൂന്നിലൊരാള്‍ക്ക് വീതം ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ട്. ഹൃദയരോഗങ്ങളും പക്ഷാഘാതവും മൂലമുള്ള മരണത്തിന്‍റെ പകുതിയിലേറെയും ഇത്തരക്കാരുടേതാണ്. 2004ല്‍ ഉണ്ടായ 7.5 ദശലക്ഷം മരണങ്ങളുടെ ഉത്തരവാദിത്വം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനാണ്; ആഗോളതലത്തിലെ 13 ശതമാനം മരണങ്ങള്‍. എന്നാല്‍ ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ രോഗാവസ്ഥ മുന്‍കൂട്ടി തിരിച്ചറിയാനാവുന്നതിനാല്‍ കുറഞ്ഞ ചെലവില്‍ കൃത്യമായ ചികിത്സയിലൂടെ അപകടസാധ്യത വന്‍തോതില്‍ കുറയ്ക്കാനാവുന്നുണ്ട്. 1980ല്‍ അമേരിക്കയിലും യൂറോപ്പിലും ലോകാരോഗ്യ സംഘടന പഠനത്തിനായി തെരഞ്ഞെടുത്ത പ്രദേശങ്ങളില്‍ 30 മുതല്‍ 40 ശതമാനം വരെ ആളുകള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരായിരുന്നു. എന്നാല്‍ 2008 ആയപ്പോഴേക്കും 2330 ശതമാനംവരെ എന്ന നിരക്കിലേക്ക് ഇത് താണു. പക്ഷേ, ഇതിനു വിപരീതമാണ് ആഫ്രിക്കയിലെയും മറ്റു രാജ്യങ്ങളിലെയും അവസ്ഥ. ഇതില്‍ മിക്ക രാജ്യങ്ങളിലെയും മുതിര്‍ന്നവരില്‍ 4050 ശതമാനം വരെ പേര്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനടിമകളാണ്. 2008ലും ആഗോളതലത്തില്‍ 7.3 ദശലക്ഷം ആളുകള്‍ കാര്‍ഡിയോ വാസ്ക്കുലര്‍ രോഗങ്ങള്‍ക്ക് വിധേയരായി മരിച്ചു. വികസ്വര രാജ്യങ്ങളിലെ ആളുകളില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ പലപ്പോഴും തിരിച്ചറിയപ്പെടാതെ പോവുന്നു. അതിനാല്‍ തന്നെ പെട്ടെന്നുള്ള മരണവും ഹൃദയ രോഗങ്ങള്‍, പക്ഷാഘാതം ഇവയെത്തുടര്‍ന്നുണ്ടാവുന്ന ശാരീരിക വൈകല്യങ്ങള്‍ ഏറെയാണ്.
ജീവിത ശൈലിയില്‍ മാറ്റം വരുത്തിയാല്‍ മാത്രം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തില്‍ നിന്ന് രക്ഷപ്പെടാനാവുന്നവരാണ് ഭൂരിഭാഗം ആളുകള്‍. അല്ലാത്തവര്‍ക്ക് മാത്രമാണ് മരുന്ന് ആവശ്യമായി വരിക. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കണ്ടുപിടിക്കുന്നതിലും നിയന്ത്രിക്കുന്നതിലും പ്രമേഹം, പുകയില ഉപയോഗം എന്നിവ കൂടി ഘടകങ്ങളാണ്. ആസ്പിരിന്‍റെ ഉപയോഗം കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള മരുന്നുകളേക്കാള്‍ ഫലപ്രദമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. കൊളസ്ട്രോള്‍ സ്ഥിരമായി ഉയര്‍ന്നു നില്‍ക്കുന്ന രോഗികളില്‍ ആസ്പിരിന്‍ പ്രതിരോധ മരുന്ന് എന്ന നിലയ്ക്ക് കൊടുത്തു വരുന്നുമുണ്ട്. ധമനികളുടെ വ്യാപ്തം കുറയുന്നതിന് ജീവകം ഇ, സി എന്നിവയുടെ കൂടിയ ഉപയോഗം പ്രതിരോധമായി മാറുന്നു. പ്രകൃതിയില്‍ തന്നെ ഉണ്ടാവുന്ന പല പ്രതിരോധ മരുന്നുകളും ഉള്ളിയിലും വെളുത്തുള്ളിയിലും അടങ്ങിയിട്ടുണ്ട്. ഇവ ആഹാരചര്യകളില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പ്രതിരോധിക്കാന്‍ സഹായകമാണ്.

എ.എന്‍. ഖാന്‍

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ