ഹിജ്റ കലണ്ടറിലെ ഒമ്പതാം മാസമാണു റമളാന്‍. വിശുദ്ധ ഖുര്‍ആനില്‍ ശഹ്റു റമളാന്‍ എന്നുതന്നെ ഇതിനെ വിളിച്ചുകാണാം. ഈ പേര് എങ്ങനെ ലഭിച്ചു? ഇമാം റാസി(റ) നല്കുന്ന ഉത്തരമിതാണ്:
റംളാഅ് എന്നതില്‍ നിന്നാണ് റമളാന്‍ ഉത്ഭവിച്ചത്. റംളാഅ് എന്നാല്‍ ശരത്കാലത്തിനു മുമ്പ്വര്ഷിക്കുന്ന മഴ എന്നാണര്‍ത്ഥം. ഈ മഴവര്‍ഷം ഭൂമിയെ കഴുകി വൃത്തിയാക്കുന്നു. ഇതുപോലെ റമളാന്‍ മനുഷ്യ ശരീരവും മനസ്സും പാപങ്ങളില്‍ നിന്ന് മുക്തമാക്കാന്‍ കളമൊരുക്കുന്നു (റാസി 589).
നബി(സ്വ)യോടു ആഇശാ ബീവി(റ) ആരാഞ്ഞു: ഈ മാസത്തെ റമളാന്‍ എന്നു വിളിക്കാന്‍ എന്താണു കാരണം? നബി(സ്വ)യുടെ മറുപടി: റമളാനില്‍ അല്ലാഹു സത്യവിശ്വാസികള്‍ക്കു പാപങ്ങള്‍ പൊറുത്തു കൊടുക്കുകയും കരിച്ചുകളയുകയും ചെയ്യുന്നു, അതുതന്നെ.
റമളാനില്‍ നിര്‍ബന്ധ ഇബാദത്താണ് നോമ്പ്. ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ പെട്ടതാണ് അത്. നോമ്പിന്റെ ലക്ഷ്യമായി അല്ലാഹു പറയുന്നത് ഭക്തരായി മാറുക എന്നതാണ്. മനുഷ്യ ജീവിതത്തിന്റെ സന്പൂര്‍ണ സംസ്കരണമാണ് നോമ്പ്ലക്ഷ്യമാക്കുന്നത്. ധാരാളം നബിവചനങ്ങളില്‍ നോമ്പിന്റെ മഹത്ത്വത്തെപ്പറ്റി പരാമര്‍ശിച്ചതു കാണാം.
അല്ലാഹു പറയുന്നു: നോമ്പ്എനിക്കുള്ളതാണ്, ഞാനാണ് അതിന് പ്രതിഫലം നല്‍കുന്നത് (ബുഖാരി, മുസ്ലിം). നോമ്പുകാര്‍ നാളെ റയ്യാന്‍ എന്ന വാതിലിലൂടെ സ്വര്‍ഗത്തില്‍ പ്രവേശിക്കും (ബുഖാരി).
നോമ്പിന്റെ സമയത്തെക്കുറിച്ചു ഖുര്‍ആന്‍ പറയുന്നു: പ്രഭാതം വിടരുന്നതു വരെ. അതായത് കറുത്ത നൂലില്‍ നിന്ന് വെളുത്ത നൂല് വ്യക്തമാകുന്നതു വരെ നിങ്ങള്‍ അന്നപാനീയാദികള്‍ ഉപയോഗിക്കുക. അതുമുതല്‍ രാവിന്റെ തുടക്കം വരെ വ്രതം പൂര്‍ത്തീകരിക്കുക. ഈ ആയത്തില്‍ പറഞ്ഞ കറുത്തതും വെളുത്തതുമായ നൂലുകള്‍ പകലിനും രാത്രിക്കുമുള്ള സൂചനയാണെന്നാണു പണ്ഡിതാഭിപ്രായം.
റമളാനിലെ ആരാധനകളില്‍ നിരന്തരമായി പ്രയാസമന്യേ ചെയ്യാവുന്ന ശ്രേഷ്ഠകരമായ ഒന്നാണ് ഇഅ്തികാഫ്. ഞാന്‍ ഇഅ്തികാഫിനെ കരുതി എന്ന നിയ്യത്തോടെ പള്ളിയില്‍ കഴിച്ചുകൂട്ടുന്നതിനാണ് ഇഅ്തികാഫ് എന്നു പറയുന്നത്. ഏതു കാലത്തും ഇഅ്തികാഫിരിക്കാമെങ്കിലും റമളാനില്‍ പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്നു. ജുമുഅത്തു പള്ളിയാണ് ഇതിന് ഏറ്റവും ഉത്തമം. റമളാനില്‍ തന്നെ ഏറ്റവും ഉത്തമവും അവസാന പത്തിലിരിക്കുന്നതാണ്. ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്നു: നബി(സ്വ) റമളാന്‍ അവസാന പത്തില്‍ ഇഅ്തികാഫ് പതിവാക്കിയിരുന്നു. അതിന്റെ പ്രതിഫലം മറ്റൊരു ഹദീസില്‍ പഠിപ്പിക്കുന്നതിങ്ങനെ: റമളാനിലെ പത്തു ദിവസം ഇഅ്തികാഫിരുന്നവര്ക്ക് രണ്ടു ഹജ്ജും രണ്ടു ഉംറയും ചെയ്ത പ്രതിഫലം കിട്ടും (ബൈഹഖി).
ഒരു ശഅ്ബാന്‍ അവസാനത്തില്‍ നബി(സ്വ) നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു: റമളാന്‍ നിങ്ങള്‍ക്ക് വന്നണയുന്നു. അതിന്റെ പകലില്‍ നിങ്ങള്‍ക്ക് നോമ്പ്നിര്ബന്ധമാകുന്നു. രാവില്‍ നിസ്കാരം സുന്നത്താക്കിയിരിക്കുന്നു (ഇബ്നുഖുസൈമ).
വിശ്വാസപൂര്‍വം കൂലി കാംക്ഷിച്ച് ആരെങ്കില് റമളാനില്‍ നിസ്കരിച്ചാല്‍ ഉമ്മ പെറ്റ ദിവസത്തെപ്പോലെ അവന് പാപമുക്തനായിരിക്കും (നസാഈ).
ധാനധര്‍മങ്ങള്‍ റമളാനില്‍ വളരെ പുണ്യകരമാണ്. നബി(സ്വ) റമളാനില്‍ വലിയ തോതില്‍ ധര്‍മം ചെയ്തിരുന്നതായി ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം. അത്യുത്തമമായത് റമളാനില്‍ നല്കുന്ന സ്വദഖകളാകുന്നു (ബൈഹഖി). റമളാന്‍ മൊത്തത്തിലും അവസാന പത്തില്‍ പ്രത്യേകിച്ചും സ്വദഖകള്‍ പ്രത്യേകം പുണ്യമര്ഹിക്കുന്നു (ശറഹുല്‍ മുഹദ്ദബ് 6372). റമളാനില്‍ ബന്ധുക്കള്‍ക്കും ഭാര്യ സന്താനങ്ങള്‍ക്കും അയല്‍വാസികള്‍ക്കും പ്രത്യേകം സഹായ സഹകരണങ്ങളും ഭക്ഷണത്തില്‍ വിശാലതയും ചെയ്യല്‍ സുന്നത്താണ്.
ഖുര്‍ആനിലും ഹദീസിലും മറ്റു മഹദ്വചനങ്ങളിലും റമളാനിനെയും നോമ്പനുഷ്ഠാന പുണ്യങ്ങളെക്കുറിച്ചും ധാരാളം പരാമര്‍ശങ്ങള്‍ കാണാം.
നബി(സ്വ) പറഞ്ഞു: ആരാധനയുടെ കവാടം നോമ്പാകുന്നു (അബുശ്ശൈഖ്, ഇത്ഹാഫുസാദതില് മുത്തഖീന്‍ 496).
അലി(റ)യില്‍ നിന്ന് നിവേദനം, നബി(സ്വ) പറഞ്ഞു: ബനൂ ഇസ്രാഈല്യരില്‍ പെട്ട ഒരു പ്രവാചകന് അല്ലാഹു നിര്‍ദേശം നല്കി; നിങ്ങള്‍ ജനങ്ങള്ക്കിങ്ങനെ വിവരമറിയിക്കുക: എന്റെ പ്രീതി കാംക്ഷിച്ച് ഒരു ദാസന് ഒരു ദിവസം നോന്പെടുക്കുന്ന പക്ഷം അവന്റെ ശരീരത്തിന് ഞാന്‍ ആരോഗ്യം സമ്മാനിക്കുന്നതും അവന്റെ പ്രതിഫലം ഞാന്‍ വലുതാക്കുന്നതുമാകുന്നു (ബൈഹഖി).
അനസ്(റ)യില്‍ നിന്ന്, നബി(സ്വ) പറഞ്ഞു: നോമ്പുകാരന് സദാ ഇബാദത്തിലാകുന്നു. അവന് വിരിപ്പില്‍ കിടന്നുറങ്ങുകയാണെങ്കിലും (ദൈലമി).
ആഇശ(റ)യില്‍ നിന്ന്, ഒരാളെ നോമ്പുതുറപ്പിക്കുപക്ഷം അവന് കഴിച്ച ഭക്ഷണത്തിന്റെ ശക്തി നോമ്പുകാരനില്‍ നിലനില്‍ക്കുന്ന കാലമത്രയും ചെയ്യുന്ന നല്ലകാര്യങ്ങള്ക്കനുസൃതമായ പ്രതിഫലം തുറപ്പിച്ചവനും കിട്ടുന്നതാണ് (ഇബ്നുസ്വബ്രിഅമാലി).
സല്മാന്(റ)യില്‍ നിന്ന്, ഹലാലായ അന്നമോ വെള്ളമോ നല്കി അപരനെ നോമ്പു തുറപ്പിക്കുന്നവന് റമളാന്‍ മാസത്തിലെ മണിക്കൂറുകളില്‍ മലക്കുകള്‍ പാപമോചനത്തിനിരക്കുന്നതാണ്. ലൈലതുല്‍ ഖദ്റില്‍ ജിബ്രീല്‍(അ)യും അവന് പൊറുക്കല്ലിനെ തേടും (മുഅ്ജമുല്‍ കബീര്‍ 6321).
അനസ്(റ)യില്‍ നിന്ന്, നബി(സ്വ) പറഞ്ഞു: നോമ്പുകാര്‍ക്കുവേണ്ടി അന്ത്യദിനത്തില്‍ ഒരു സ്വര്‍ണ സുപ്ര വിരിക്കപ്പെടുന്നതാണ്. അതില്‍ നിന്നവര്‍ ഭൂജിക്കും, മറ്റു ജനങ്ങള്‍ അതു നോക്കിനില്ക്കും (ദൈലമി).
നബി(സ്വ) പറഞ്ഞു: നിങ്ങള്‍ റമളാനില്‍ വിശാലത ചെയ്യുക, അതു വിശുദ്ധ സമരത്തിന് ചെലവാക്കുന്നതിന് സമമാകുന്നു (ഇബ്നു അബിദ്ദുന്യാ).
നബി(സ്വ) പറഞ്ഞു: റമളാനില്‍ വ്യഭിചരിക്കുകയും മദ്യപിക്കുകയും ചെയ്തവനെ തൊട്ടടുത്ത റമളാന്‍ വരെ അല്ലാഹുവും ആകാശവാസികളും ശപിക്കുന്നതാകുന്നു. നിങ്ങള്‍ റമളാനില്‍ അല്ലാഹുവിനെ സൂക്ഷിക്കണം. മറ്റു മാസങ്ങളെ അപേക്ഷിച്ച് പ്രതിഫലങ്ങള്‍ വര്ധിപ്പിക്കപ്പെടുന്നതുപോലെ ശിക്ഷകളും ഇരട്ടിയാക്കപ്പെടുന്നതാണ് (ത്വബ്റാനി).
റമളാന്‍ മഹത്വങ്ങള്‍ പരാമര്‍ശിക്കുന്ന ഹദീസുകളില്‍ നിന്ന് ഗ്രാഹ്യമാകുന്നതിതാണ്; റമളാനിലെ ഒരു ദിവസത്തെ നോമ്പ്1000 ദിവസത്തെക്കാള്‍ മഹത്വമുറ്റതാണ്. ഒരു തസ്ബീഹ് 1000 തസ്ബീഹിനെക്കാളും ഒരു റക്അത്ത് 1000 റക്അത്തിനെകകാളും മഹത്വമുറ്റത് തന്നെ (ഇത്ഹാഫു അഹ്ലില്‍ ഇസ്ലാം59).
ചില ചരിത്രകാരന്മാര് പറയുന്നത്, ആദ്യമായി നോമ്പനുഷ്ഠിച്ചത് നൂഹ് നബിയാണെന്നാണ്. കപ്പലില്‍ നിന്ന് പുറത്തിറങ്ങിയതിനു നന്ദിസൂചകമായിരുന്നു അത് (ഇത്ഹാഫ്74).
നബി(സ്വ) പറഞ്ഞു: ഇബ്റാഹിം നബി(അ)ന്റെ ഏട് ഇറങ്ങിയത് റമളാന്‍ ഒന്നിനാണ്. തൗറാത്ത് റമളാന്‍ ആറിനും ഇഞ്ചീല്‍ 13നും ഖുര്‍ആന്‍ 24നുമാണ് (മുസ്നദ് അഹ്മദ്).
നോമ്പിന്റെ നിയ്യത്ത് നിസ്കാരത്തിലായിരിക്കെ മനസ്സില്‍ കരുതിയാലും നോമ്പ്സ്വഹീഹാകും. മജ്മൂഇല്‍ ഇതുണ്ട്. ഇപ്രകാരം ഇഅ്തികാഫിന്റെ നിയ്യത്ത് നിസ്കാരത്തില്‍ വെച്ചാലും ശരിയാകുന്നതാണ് (ഇബ്നുഹജരില് ഹൈതമിറ, ഇത്ഹാഫ്114).
അനസ്(റ)ല്‍ നിന്ന്, തിരുനബി(സ്വ)യോട് നോമ്പുണ്ടായിരിക്കെ ഭാര്യയെ ചുംബിക്കുന്നതിനെപ്പറ്റി ചോദിച്ചു. അവിടുന്ന് പറഞ്ഞു: അവള് റൈഹാന്‍ പുഷ്പമല്ലേ. അതിനാല്‍ ഒന്ന് വാസനിക്കുന്നതിന് തെറ്റില്ല (ദാറുഖുത്നി).
ഉമ്മു ഇസ്ഹാഖ് പറയുന്നു: ഞാന്‍ നോമ്പ്നോറ്റിരിക്കെ മറന്നു ഭക്ഷിച്ചു. ഇതിനെക്കുറിച്ച് തിരുനബി(സ്വ)യോട് ചോദിച്ചപ്പോള്‍ പറഞ്ഞു: അത് പ്രശ്നമല്ല. നിനക്ക് പടച്ചവന് കൊണ്ടുതന്ന ഒരു അന്നമാണത്. നീ നോമ്പ്പൂര്ത്തിയാക്കൂ (ത്വബ്റാനി).
നബി(സ്വ) പറഞ്ഞു: ഒരാള്‍ ഈത്തപ്പഴം തിന്ന് നോമ്പ്തുറക്കുന്നപക്ഷം അവന്റെ നിസ്കാരത്തില്‍ 400 നിസ്കാരം വര്ധിപ്പിക്കപ്പെടുന്നതാണ് (റൂയാനി, തജ്രീദ്).
അബൂഹുറൈറ(റ)യില്‍ നിന്ന്, നോമ്പുകാരന് ഒരു മുസ്ലിമിനെ ഗീബത്ത് പറയാതിരിക്കുകയും ബുദ്ധിമുട്ടിപ്പിക്കാതിരിക്കുകയും ചെയ്യുന്ന കാലത്തോളം ആരാധനയില്‍ തന്നെയാകുന്നു (ദൈലമി).
നോമ്പിന്റെ കൂലി കുറക്കുന്ന വിലക്കപ്പെട്ട സംഗതികള്‍ ചെയ്തതിനു പിറകെ തൗബ ചെയ്താലും കുറഞ്ഞ പ്രതിഫലം തിരിക കിട്ടുന്നതല്ല. കാരണം പാശ്ചാതാപം കുറ്റം ഒഴിവാക്കാനാണ്. അല്ലാതെ പൂര്‍ണ പ്രതിഫലം നേടിത്തരാനല്ല (ഇത്ഹാഫ് 178).
ഇമാം നവവി(റ) പറഞ്ഞു: ഒരു മതചര്യ എന്ന പരിഗണനയില്‍ നോമ്പുകാരനാണെങ്കിലും അല്ലെങ്കിലും ഒരു ദിവസം മുഴുക്കെ മൗനം പാലിക്കല്‍ കറാഹത്താകുന്നു (ഇത്ഹാഫ്182).
ഒരിക്കല്‍ നബി(സ്വ) പറഞ്ഞു: സ്വര്‍ഗത്തില്‍ ഒരു സുന്ദരസൗധമുണ്ട്. അതിന്റെ പുറം ഉള്ളില്‍ നിന്നും ഉള്‍തലം പുറത്തുനിന്നും കാണും. സ്വഹാബത്ത് ചോദിച്ചു: ആര്‍ക്കുള്ളതാണ് നബിയേ? റസൂല്‍(സ്വ) പറഞ്ഞു: സംസാരം നന്നാക്കുന്ന, അന്നം തീറ്റിക്കുന്ന, നോമ്പ്പതിവാക്കുന്ന, ജനങ്ങള്‍ ഉറങ്ങുന്ന അവസരത്തില്‍ എണീറ്റ് നിസ്കരിക്കുന്ന ആളുകള്‍ക്കാകുന്നു (ഇത്ഹാഫ്189).
ചില തത്ത്വജ്ഞാനികള്‍ പറഞ്ഞു: നോമ്പ്നിര്ബന്ധമാക്കിയത് സമ്പന്നന് വിശപ്പ് രുചിക്കാന്‍ കൂടിയാകുന്നു. അങ്ങനെ അവന് വിശന്നവനെ മറക്കുന്ന ഗതി വരരുത് (ഇത്ഹാഫ്191).
റമളാന്‍ 17 ബദ്ര് ദിനമാണ്. പ്രസ്തുത ദിനത്തിന് അലി, ഇബ്നു മസ്ഊദ്, സൈദുബ്നു സാബിത്, സൈദുബ്നു അര്‍ഖം, അംരിബ്നു ഹരീസ് (റ.ഹും) തുടങ്ങിയവരൊക്കെ പ്രാധാന്യം കല്പിച്ചിരുന്നു. മദീനയില്‍ അഹ്മദ്(റ) ഈ ദിനത്തിന് മഹത്വം ഗണിച്ചിരുന്നു. മക്കക്കാര്‍ അന്നുരാത്രി ഉറങ്ങാതെ ഉംകള് നിര്‍വഹിച്ച് പോന്നിരുന്നു.
ജാബിര്‍(റ) പറയുന്നു: നബി(സ്വ) റമളാന്‍ പതിനേഴിന്റെ പ്രഭാതത്തില്‍ മസ്ജിദു ഖുബായില്‍ വന്നെത്തുക പതിവാണ്. അത് ഏതു ദിവസമാണെങ്കിലും ശരി (ഇത്ഹാഫ്203).
നബി(സ്വ) പറഞ്ഞു: ഒരാള്‍ ആരോഗ്യവാനായിരിക്കെ റമളാന്‍ ആസന്നമായി പകല്‍ നോന്പെടുത്തു. രാത്രി പതിവു നിസ്കാരങ്ങള്‍ നിര്‍വഹിച്ചു. നിഷിദ്ധങ്ങളില്‍ നിന്നു കണ്ണുചിമ്മി. ഗുഹ്യവും നാവും കൈയും സൂക്ഷിച്ചു. ജമാഅത്തായി നിസ്കാരം നിര്‍വഹിച്ചു. ജുമുഅക്ക് നേരത്തെപോയി മാസം മുഴുക്കെ വ്രതമെടുത്തു. എങ്കില്‍ അവന് പ്രതിഫലങ്ങള്‍ പൂര്‍ണമായി വാരിക്കൂട്ടി ലൈലതുല്‍ ഖദ്റിനെ അവന് എത്തിച്ചു. അല്ലാഹുവിന്റെ സമ്മാനം കൊണ്ടവന് വിജയിച്ചു (ഇബ്നു അബിദ്ദുന്യാ).
ഒരു ഹദീസില്‍ ഇങ്ങനെ കാണാം: നബി(സ്വ) അവസാന പത്തില്‍ ഇശാമഗ്രിബിനിടയില് എന്നും കുളിക്കുക പതിവായിരുന്നു (ഇത്ഹാഫ്210).
ഇബ്നു ജരീര്‍ ഉദ്ധരിക്കുന്നു: സ്വഹാബികള്‍ അവസാന പത്തില്‍ എല്ലാ രാത്രിയിലും കുളിക്കുക പതിവായിരുന്നു. ലൈലതുല്‍ ഖദ്ര് പ്രതീക്ഷിക്കുന്ന രാവില്‍ ചിലര്‍ കുളിച്ച് സുഗന്ധം പൂശിയിരുന്നു. അനസ്(റ) 24ാം രാവിനാണിങ്ങനെ ചെയ്തിരുന്നത്. പുതുവസ്ത്രം തന്നെ അന്നു ധരിക്കും. നേരം വെളുത്താല്‍ മടക്കിവെക്കും. പിന്നെ അടുത്ത കൊല്ലം അതേ രാവിനെ അതു പുറത്തിറക്കൂ (ഇത്ഹാഫ്210).
തമീമുദ്ദാരി(റ) 1000 ദിര്‍ഹം നല്കി ഒരു ജുബ്ബ തന്നെ വാങ്ങിയിരുന്നു; ലൈലതുല്‍ ഖദ്റിനെ പ്രതീക്ഷിക്കുന്ന രാവില്‍ ധരിക്കാന്‍ (ഇത്ഹാഫ്210).
ഹമീദുത്വവീല്, സാബിതുല്‍ ബന്നാനി എന്ന മഹാന്മാര് ലൈലതുല്‍ ഖദ്റിനെ പ്രതീക്ഷിക്കുന്ന രാവില്‍ പുണ്യവസ്ത്രം അണിയുകയും പള്ളിക്ക് സുഗന്ധം പൂശുകയും ചെയ്തിരുന്നു (ഇത്ഹാഫ്210).
അബൂഹുറൈറ(റ)യില്‍ നിന്ന്, ലൈലതുല്‍ ഖദ്ര് 27ാം രാവിനോ 29ാം രാവിനോ ആകുന്നു. തീര്‍ച്ച, മലക്കുകള്‍ അന്നത്തെ രാവില്‍ ഭൂമുഖത്ത് മണല്‍ത്തരികളെക്കാള്‍ കൂടുതല്‍ ഉണ്ടാകുന്നതാണ് (അഹ്മദ്).
ഇബ്നു അബ്ബാസ്(റ)യില്‍ നിന്ന്, ലൈലതുല്‍ ഖദ്ര് ലളിതസുന്ദര രാവാകുന്നു. അന്ന് വല്ലാതെ ചൂടും തണുപ്പും ഉണ്ടാകുന്നതല്ല. അന്ന് പ്രഭാത സൂര്യന്റെ ചുകപ്പ് ദുര്‍ബലമായാണ് കാണപ്പെടുക (അഹ്മദ്).
അബൂമൂസാ(റ) ഉദ്ധരിക്കുന്നു: റമളാന്‍ 27ാം രാവിന് ഒരു വ്യക്തി ദുആ ചെയ്തു. അദ്ദേഹം വാതം പിടിച്ചിരിക്കുകയായിരുന്നു. പ്രാര്‍ത്ഥന സ്വീകരിക്കപ്പെട്ട് രോഗമുക്തനായി. അതുപോലെ വാതം പിടിപെട്ടിരിക്കുന്ന ഒരു സ്ത്രീക്കും 27ാം രാവിന് ദുആ ചെയ്തത് ഫലമായി മോചനം കൈവന്നു. ബസ്വറയില്‍ 30 വര്‍ഷമായി ഊമയായി കഴിഞ്ഞിരുന്ന ഒരു വ്യക്തി 27ാം രാവിന് ദുആ ഇരന്നത് ഫലമായി നന്നായി സംസാരിക്കാന്‍ പറ്റുന്ന അവസ്ഥയിലായി (അഹ്മദ്).
ഇമാം ശുഅബി പ്രഖ്യാപിച്ചു: ഖദ്റിന്റെ രാവിനെ പോലെ തന്നെയാണ് അതിന്റെ പകലും. ശാഫിഈ ഇമാമിന്റെ ഖദീമായ വീക്ഷണത്തില്‍ ഇങ്ങനെ കാണാം. ഖദ്റിന്റെ രാവില്‍ പ്രയത്ന നിരതനാകാന്‍ ഞാന്‍ താല്പര്യപ്പെടുന്ന പോലെ പകലിലും അതിനാഗ്രഹിക്കുന്നു.
മജ്മൂഇല്‍ പറഞ്ഞു: ലൈലതുല്‍ ഖദ്റിനെ അറിഞ്ഞവന് അത് മറച്ചുവെക്കല്‍ സുന്നത്താകുന്നു. ഇമാം സുബ്കി(റ) പറഞ്ഞു: മറച്ചുവെക്കണമെന്നു പറയുന്നതിലെ യുക്തി അത് കറാമത്താണെന്നതാണ്. കറാമത്തുകള്‍ ഏതും ആവശ്യമില്ലെങ്കില്‍ അവ്യക്തമാക്കാനാണ് നിര്‍ദേശം. ലൈലതുല്‍ ഖദ്റിനെ കാണല്‍ കറാമത്താകാന് കാരണം അത് പതിവിനു വിപരീതമായ സംഗതിയായതാണ്. അല്ലാഹു തെരഞ്ഞെടുത്ത ചിലര്‍ക്കല്ലാതെ അത് കാണാന്‍ കഴിയില്ല (ഇത്ഹാഫ്241).
റമളാനിന്റെ അവസാന ദിവസം അലി(റ) ഇങ്ങനെ വിലപിച്ചിരുന്നു; എനിക്കറിഞ്ഞിരുന്നെങ്കില്നമ്മില് ആരാണ് സ്വീകരിക്കപ്പെട്ടവനെന്ന്. അവന് മംഗളങ്ങള്‍ നേരാമായിരുന്നു. ആരുടേതാണ് അവഗണിക്കപ്പെട്ടതെന്ന് അറിഞ്ഞിരുന്നെങ്കില്‍ അവനെ അനുശോചനം അറിയിക്കാമായിരുന്നു (ഇത്ഹാഫ്245).
ഒരു ഹദീസില്‍ കാണാം: റമളാനില്‍ ദിക്ര് ചൊല്ലുന്നവന് മാപ്പ് നല്കപ്പെടുന്നവനാകുന്നു (ഇത്ഹാഫ്245).
ഒരിക്കല്‍ അബൂഹുറൈറ(റ) പറഞ്ഞു: റമളാനില്‍ പൊറുക്കപ്പെടും, വിലങ്ങിനിന്നവനൊഴികെ. ആരാണ് വിലങ്ങിനിന്നവന്? അബൂഹുറൈറ(റ) പ്രതിവചിച്ചു: ഇസ്തിഗ്ഫാര്‍ ചൊല്ലാന്‍ മടികാണിച്ചവന് തന്നെ (ഇത്ഹാഫ്245).
അബൂഹുറൈറ(റ)യില്‍ നിന്ന്, പരദൂഷണം നോമ്പിന് ഓട്ടയുണ്ടാക്കും. ഇസ്തിഗ്ഫാര്‍ അതിന്റെ ഓട്ടയടക്കും. അതുകൊണ്ട് നിങ്ങളില്‍ നിന്ന് നോമ്പിനെ ഓട്ടയടക്കാന്‍ കഴിയുന്നവന് പരമാവധി അതിനു ശ്രമിക്കേണ്ടതാകുന്നു (ഇത്ഹാഫ്248).
ഇബ്ലീസ് വിലപിക്കുമത്രെ; ഹോ, ഞാന്‍ ജനങ്ങളെ പാപങ്ങള്‍ കൊണ്ട് നശിപ്പിക്കാന്‍ നോക്കുന്പോള്‍ അവര്‍ ലാഇലാഹ ഇല്ലല്ലാഹയും ഇസ്തിഗ്ഫാറും കൊണ്ട് എന്നെ നശിപ്പിക്കുന്നു (ഇത്ഹാഫ്248).
നബി(സ്വ) പറഞ്ഞു: ഗര്‍ഭിണിയും മുലയൂട്ടുന്നവളും കുഞ്ഞിന്റെ മേല്‍ ഭയക്കുന്നപക്ഷം നോമ്പ്ഒഴിവാക്കല് അനുവദനീയമാകുന്നു. ഇമാം ഖമൂലി(റ) പറയുന്നു: ഗര്‍ഭം അലസലും പാല് കുറഞ്ഞ് ശിശു അപകടത്തില്‍ പെടലും മെലിയലുമൊക്കെ മേല്പറഞ്ഞ ഭയത്തില്‍ പെടുന്നു (ഇത്ഹാഫ്276).
നബി(സ്വ) പറഞ്ഞു: അല്ലാഹു അനുവദിക്കാത്ത കാരണങ്ങള്‍മൂലം റമളാനില്‍ ഒരാള്‍ വ്രതം ഒഴിവാക്കിയാല്‍ കാലം മുഴുക്കെ നോമ്പ്നോറ്റെന്നുവന്നാലും പ്രസ്തുത പ്രതിഫലം കിട്ടുന്നതല്ല (അബൂദാവൂദ്, തിര്‍മുദി).
ബുറയ്ദ(റ) പറയുന്നു: ഞാന്‍ തിരുനബിക്കരികില്‍ ഇരിക്കവെ ഒരു സ്ത്രീ കടന്നുവന്നു. ഇങ്ങനെ ചോദിച്ചു: തിരുദൂതരേ, ഞാന്‍ എന്റെ അടിമപ്പെണ്ണിനെ ഉമ്മാക്ക് ദാനം ചെയ്തിരുന്നു. ഉമ്മ ഇപ്പോള്‍ മരണപ്പെട്ടു. നബി(സ്വ) പറഞ്ഞു: നിനക്ക് കൂലി കിട്ടി. അനന്തര സ്വത്തായി അത് തിരിച്ചുംകിട്ടി. തിരുദൂതരേ, ഉമ്മാക്ക് രണ്ടുമാസത്തെ നോമ്പ്നഷ്ടമായിട്ടുണ്ട്. ഞാനത് നോറ്റുവീട്ടട്ടേ. അതെ, നീ നോറ്റുവീട്ടുക. തിരുദൂതരേ, അവര്‍ ഹജ്ജ് ചെയ്തിട്ടില്ല, ഞാന്‍ പകരം ചെയ്താലോ? അതേ, നീ അവര്‍ക്കു പകരം ചെയ്യുക (മുസ്ലിം).
ഒരാള്‍ക്ക് 30 നോമ്പ്ഖളാഉണ്ടായിരിക്കെ മരണപ്പെട്ടാല്‍ 30 ബന്ധുക്കള്‍ ഒരൊറ്റ ദിവസം തന്നെ അവ നോറ്റുവീട്ടുന്നപക്ഷം ഉത്തരവാദിത്തം ഒഴിവാകുന്നതാണ്. ഹസന് ബസ്വരി(റ) ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഇമാം നവവി(റ)വും മറ്റും ഈ വീക്ഷണം പ്രബലമാക്കിയിട്ടുണ്ട് (ഇത്ഹാഫ്289).
സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി
നോമ്പ്: സ്ത്രീകളുടെ ശ്രദ്ധക്ക്
കുട്ടികള്‍ക്കു നല്കാന് ഭക്ഷണം ചവച്ചു കൊടുക്കല്‍ അനുവദനീയമാണ് (ശര്‍വാനി 3425). പക്ഷേ, ഉള്ളിലേക്കിറങ്ങരുത്. മുലയൂട്ടുന്നവള്ക്കോ ഗര്‍ഭിണിക്കോ നോമ്പിനാല്‍ സ്വന്തത്തിനോ ഗര്‍ഭസ്ഥശിശു, മുലകുടിക്കുന്ന ശിശു ഇവരിലാര്‍ക്കെങ്കിലും അസഹ്യമായ വിഷമമനുഭവപ്പെടുമെന്നുറപ്പുണ്ടെങ്കില് നോമ്പ്ഒഴിവാക്കല് നിര്‍ബന്ധമാണ്. മാസം തികാതെ പ്രസവിക്കുക, കുഞ്ഞിനുകുടിക്കാന് തീരെ പാലില്ലാതാവുക മുതലായത് അതിനുദാഹരണമാണ് (ശര്‍വാനി 3429).
നോമ്പുകാരണം ഗര്‍ഭിണിക്കോ, മുലകൊടുക്കുന്നവള്ക്കോ, അല്ലെങ്കില്‍ അവള്‍ക്കും ശിശുവിനും കൂടിയോ അസഹ്യവിഷമമുണ്ടാവുന്നതിനാല് നോന്പൊഴിവാക്കിയാല് ഖളാഅ് മാത്രംമതി (തുഹ്ഫ 3441). ശിശുവിന്റെ അസഹ്യപ്രയാസം മാത്രം പരിഗണിച്ചു നോമ്പുപേക്ഷിച്ചാല്‍ അതുവീണ്ടെടുക്കുന്നതോടെ പ്രായശ്ചിത്തവും നിര്‍ബന്ധമാണ് (തുഹ്ഫ 3442).
ആര്‍ത്തവകാരി നോമ്പിന്റെ നിയ്യത്തോടെ ഇംസാക് (നോമ്പനുഷ്ഠിച്ചതുപോലെ സംയമനം പാലിക്കല്‍) കുറ്റകരമാണ്. നിയ്യത്തില്ലാതെ ഇംസാക് ചെയ്യാം (ശര്‍വാനി 3314). ആര്‍ത്തവത്തിലും പ്രസവരക്തത്തിലും നിശ്ചിതദിവസങ്ങളേക്കാള് കൂടുതലായി വരുന്നരക്തം നോമ്പിനെ ബാധിക്കില്ല (തുഹ്ഫ 3397). റമളാന്റെ പകല്‍ ആര്‍ത്തവമോ, പ്രസവരക്തമോ മുറിഞ്ഞവള്‍ ബാക്കിസമയം ഇംസാക് ചെയ്യല്‍ സുന്നത്താണ് (ശര്‍വാനി 3433).
ആര്‍ത്തവവും ശുദ്ധിയും പതിവുള്ള സ്ത്രീ പതിവുതിയ്യതിയും ദിവസവും മറന്നു. അടുത്തമാസം ക്രമംതെറ്റി രക്തംവന്നു. അതിന് നിറമോ മറ്റോ വ്യത്യാസമില്ലാതെ നില്‍ക്കാതെ പുറപ്പെട്ടുകൊണ്ടിരുന്നു. ഈ ഘട്ടത്തില്‍ ആര്‍ത്തവവും ഇസ്തിഹാളത്തും വേര്‍തിരിക്കാന്‍ കഴിയാതെവന്നാല്‍ ഏതുദിവസവും ആര്ത്തവമാവാന് സാധ്യതയുള്ളതുകൊണ്ട് ഫര്‍ള്നിസ്കാരം, നോമ്പ്, ത്വവാഫ് തുടങ്ങിയ ആരാധനകള്‍ അവള്‍ക്കു നിര്‍ബന്ധമാണ്. സുന്നത്തായ നോമ്പ്, നിസ്കാരം, ത്വവാഫ് എന്നിവയും അനുവദനീയമാണ്. ഈ സമയത്തു ത്വലാഖ് ചൊല്ലുകയുമാവാം.
നിസ്കാരത്തിലല്ലാതെ ഖുര്‍ആന്‍ പാരായണം, ഭര്‍ത്താവുമായി മുട്ടുപൊക്കിളിനിടയിലെ സുഖാസ്വാദനം, മുസ്വ്ഹഫ് തൊടല് എന്നിവ ഹറാമാണ്. ഈ വിഷയത്തില്‍ അവള്‍ക്ക് ആര്‍ത്തവകാരിയുടെ വിധിയാണ് (ബുജൈരിമി 1141). കാരണമില്ലാത്ത സുന്നത്ത്നിസ്കാരം അവള്‍ക്കു ഹറാമാണ് (ഖല്‍യൂബി 1106).
നോമ്പുതുറയും അത്താഴവും
ഈത്തപ്പഴം, കാരക്ക, വെള്ളം, ഉണക്കമുന്തിരി പോലുള്ള തീ സ്പര്‍ശിക്കാത്ത വസ്തുക്കള്‍ നോമ്പുതുറക്കും മാംസം, പാല്, തേന്‍, തീ സ്പര്ശനമേറ്റ പലഹാരങ്ങള്‍ അത്താഴത്തിനും പരിഗണിക്കല്‍ സുന്നത്താണ് (ശര്‍വാനി 3421,23). വസ്തുവാണെങ്കില്‍ മൂന്നെണ്ണവും വെള്ളമാണെങ്കില്‍ മൂന്നു ഇറക്കുമാണ് പരിപൂര്‍ണ സുന്നത്ത് (തുഹ്ഫ 3421).