അല്ലാഹുവിന്റെ സൃഷ്ടികളിൽ ഏറ്റവും ശ്രേഷ്ഠും ഉത്തമരും റസൂൽ(സ്വ)യാണ്. സ്രഷ്ടാവും യജമാനനുമായ അല്ലാഹുവിനോടുള്ള ബന്ധവും ഭക്തിയുമാണ് മഹത്ത്വത്തിന്റെ ഏറ്റവും പ്രധാന മാനദണ്ഡമെന്ന് വിശുദ്ധ ഖുർആൻ പഠിപ്പിക്കുന്നുണ്ട്. സൃഷ്ടികളിൽ അല്ലാഹുവിനോട് ഏറ്റവും അടുത്തവർ തഖ്‌വയും ഹൃദയശുദ്ധിയുമുള്ളവരാണെന്ന് തിരുനബി(സ്വ). ആത്മീയതയുടെ പാഠങ്ങളും തഖ്‌വയുടെ ജീവിത ശീലങ്ങളും ഏറ്റവും പൂർണരായ നബി(സ്വ)യിൽ നിന്നാണ് പഠിക്കേണ്ടത്.
അല്ലാഹുവുമായി നബി(സ്വ)ക്കുള്ള ബന്ധമാണ് തിരുദൂതരുടെ ജീവിതത്തിന്റെ വലിയ സന്ദേശം. സ്രഷ്ടാവിനോടും സൃഷ്ടികളോടുമുള്ള മുഴുവൻ ബാധ്യതകളും നിർവഹിക്കുന്നവനാണ് യഥാർത്ഥ സൂഫി. പൂർണാർത്ഥത്തിൽ ഈ ബാധ്യതകളെല്ലാം ഏറ്റവും മനോഹരമായി പൂർത്തിയാക്കിയത് പ്രവാചകർ(സ്വ)യാണ്. അത്യുന്നതമായ തഖ്‌വയുള്ളവരും സർവം അല്ലാഹുവിൽ മാത്രം ഭരമേൽപ്പിച്ചവരും അല്ലാഹുവിനെ മാത്രം ഭയന്നവരും ഇലാഹിന്റെ കാരുണ്യത്തിൽ പ്രതീക്ഷയർപ്പിച്ചവരും ഭൗതികതയോട് അൽപം പോലും ഹൃദയബന്ധം പുലർത്താതെ നാഥന്റെ തൃപ്തി കാംക്ഷിച്ച് ജീവിച്ചവരും അല്ലാഹുവിൽ നിന്നകലുന്ന വാക്കുകളോ പ്രവർത്തികളോ ചിന്തയോ ചലനങ്ങളോ മനനങ്ങളോ ഇല്ലാതെ ആത്മീയ പാഠങ്ങൾ മുഴുവൻ ജീവിതത്തിൽ പകർത്തി സൃഷ്ടികൾക്കെല്ലാം ഉത്തമ മാതൃകയായതും അവിടന്നാണ്.
പ്രവാചകരുടെ ചലന-നിശ്ചലനങ്ങളും വാക്കും മൗനവുമെല്ലാം അല്ലാഹുവിന്റെ പൊരുത്തത്തിലായിരുന്നു. അതുകൊണ്ടുതന്നെ സൃഷ്ടിക്കപ്പെട്ടതു മുതൽ ഓരോ നിമിഷവും അവിടത്തെ മഹത്ത്വവും സ്ഥാനവും വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഖുർആൻ പ്രഖ്യാപിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ അടിമ എന്നർത്ഥം വരുന്ന ‘അബ്ദുല്ല’ എന്ന നാമം സമ്പൂർണാർത്ഥത്തിൽ അനുയോജ്യമാകുന്നതും തിരുനബി(സ്വ)ക്കാണ്. മറ്റൊരു നബിക്കും റസൂലിനും ലഭിക്കാത്ത ആത്മീയോന്നതി മുഹമ്മദ്(സ്വ)ക്കുണ്ട്. ആർക്കും നേടാനാവാത്ത, ഈമാനും തഖ്‌വയും സുഹ്ദും വറഉം തവക്കലും ഖൗഫും റജാഉം ഇസ്തിഖാമതും മഅ്‌രിഫതും നബി(സ്വ)ക്കുണ്ട്. ഈമാനും തഖ്‌വയും കഴിഞ്ഞാൽ മഹത്ത്വത്തിൽ പരിഗണിക്കപ്പെടുന്ന നസബയുടെ ഔന്നത്യം ഏറ്റവും സമ്പൂർണമാകുന്നത് നബി(സ്വ)യിലൂടെയാണ്.
ഉത്തമ ശീലങ്ങളും സൽസ്വഭാവങ്ങളുമാണ് സൂഫിസമെന്ന് നിർവചിക്കപ്പെട്ടിട്ടുണ്ട്. സദ്ഗുണ സമ്പൂർണരും ഉന്നതമായ ശീലങ്ങളുടയെല്ലാം മികച്ച മാതൃകയുമായ തിരുനബി(സ്വ)യാണ് യഥാർത്ഥ സൂഫി. എല്ലാ സൂഫി ഗുരുവര്യന്മാരും തങ്ങളുടെ ആത്മീയ ജീവിതത്തിനും ശിക്ഷണങ്ങൾക്കും റോൾ മോഡലായി സ്വീകരിച്ചത് മുഹമ്മദ്(സ്വ)യെന്ന ആധ്യാത്മിക ഗുരുവിനെയാണ്. ഭൗതിക വിരക്തിയും ദുർഗുണങ്ങളിൽ നിന്നു ഖൽബിനെ വൃത്തിയാക്കുന്ന സൂഫീ പാഠങ്ങളും അതീവ ഭംഗിയിൽ ആവിഷ്‌കരിച്ച, ജീവിതത്തിലൂടെ പ്രകാശിപ്പിച്ച് കാണിച്ചുതന്ന, ലക്ഷക്കണക്കിന് അനുചരർക്ക് ശിക്ഷണം നൽകി നക്ഷത്ര തുല്യരാക്കി മാറ്റിയ വിസ്മയിപ്പിക്കുന്ന ചരിത്രം മറ്റെവിടെ വായിക്കാനാകും?!
അവിടത്തെ സ്വഭാവം ഖുർആനായിരുന്നുവെന്ന ആഇശ ബീവി(റ)യുടെ സാക്ഷ്യത്തിൽ എല്ലാമുണ്ട്. സൃഷ്ടികൾ നടത്തിയ നബി പ്രകീർത്തനങ്ങളിൽ ഏറ്റവും മികച്ചുനിൽക്കുന്ന വാക്യമാണ് മഹതിയുടേത്. ആത്മീയ സമ്പൂർണതയുടെ സർവ സൽഗുണങ്ങളും റസൂലി(സ്വ)ൽ സംഗമിച്ചിട്ടുണ്ടെന്ന് ഈ വാക്യം വെളിപ്പെടുത്തുന്നു. നബി(സ്വ)യുടെ ജീവിത പഠനശാഖകളായ സിയർ, മഗാസി, ദലാഇൽ, ഖസാഇസ്, ഫളാഇൽ, ശമാഇൽ എന്നിവയിൽ പരന്നുകിടക്കുന്ന തിരുജീവിതം വായിക്കുമ്പോൾ ഇക്കാര്യം നമ്മെ അത്ഭുതപ്പെടുത്തും.
യജമാനനായ അല്ലാഹുവിനോട് നിരന്തരം, താഴ്മയോടെ, അങ്ങേയറ്റം വിനയാന്വിതനായി പ്രാർത്ഥന നടത്തൽ തിരുനബി(സ്വ)ക്ക് ആനന്ദം പകർന്ന ആരാധനയായിരുന്നു. നല്ല ശീലങ്ങൾകൊണ്ടും ഉന്നത സ്വഭാവ ഗുണങ്ങൾകൊണ്ടും ഉത്തമ പെരുമാറ്റ രീതികളാലും ജീവിതത്തെ മനോഹരമാക്കണമേയെന്ന് നാഥനോട് സദാ പ്രാർത്ഥിച്ചിരുന്നു. ഉത്തമഗുണങ്ങളുടേയും പാവനമായ സ്വഭാവങ്ങളുടേയും സമ്പൂർത്തീകരണത്തിനാണ് ഞാൻ നിയോഗിക്കപ്പെട്ടതെന്ന് തിരുദൂതർ പറഞ്ഞിട്ടുണ്ട്. ആത്മീയതയുടെ കാമ്പും കാതലും സൽസ്വഭാവവും ഉത്തമ പെരുമാറ്റ രീതികളുമാണല്ലോ. സംശുദ്ധമായ ഹൃദയങ്ങളിൽ മാത്രമേ എല്ലാ സൽഗുണങ്ങളും വിരിയുകയുള്ളൂ. അതിവിശുദ്ധമായ ഖൽബിനു ടമയാണ് റസൂൽ(സ്വ). തീർച്ചയായും അങ്ങ് ഉന്നതമായ സൽഗുണങ്ങളുടെ ഉത്തുംഗതയിലാണെന്ന് ഖുർആൻ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ആധ്യാത്മിക മശാഇഖുകളും സൽസ്വഭാവങ്ങളറിയുന്നതും ആർജിക്കുന്നതും പ്രപഞ്ച ഗുരുവായ റസൂലിൽ നിന്നുമാണ്.
ഒരിക്കൽ പോലും തന്നിഷ്ട പ്രകാരം ആരെയും പ്രവാചകർ(സ്വ) വേദനിപ്പിച്ചിട്ടില്ല, വെറുത്തിട്ടില്ല. വെറുപ്പും കോപവും ശിക്ഷയുമെല്ലാം അല്ലാഹുവിന്റെ നിർദേശപ്രകാരം മാത്രമായിരുന്നു. വെറുപ്പും വിദ്വേഷവും അതിന്റെ ഫലമായി ഉണ്ടാവുന്ന കോപവും മാരക ഹൃദയ രോഗങ്ങളാണെന്ന് അവിടന്ന് നമ്മെ പഠിപ്പിച്ചു. അസൂയയും അഹന്തയും അഹങ്കാരവുമെല്ലാം വിനാശകാരികളാണെന്നും സർവശക്തനും ഏകസത്യാരാധ്യനും രക്ഷിതാവുമായ റബ്ബിന്റെ അടിമകളായ നമ്മൾ അവന്റെ എല്ലാ തീരുമാനങ്ങളെയും ഹൃദയപൂർവം ആനന്ദത്തോടെ സ്വീകരിക്കണമെന്നും ഉണർത്തി.
മനുഷ്യകുലത്തെ ആകമാനം ഇരുട്ടിലാക്കുന്ന വിനാശകാരികളായ സർവ ഹൃദയ രോഗങ്ങളെ സംബന്ധിച്ചും നമുക്ക് മുന്നറിയിപ്പു നൽകി. നക്ഷത്രതുല്യരായ സ്വഹാബത്തിനെ ഈ ദുർഗുണങ്ങളിൽ നിന്നു പരിശുദ്ധരാക്കി മാറ്റി. എത്ര ചുരുക്കിയെഴുതിയാലും തീരാത്ത, അതിവിശാലമായ പ്രപഞ്ചമാണ് തിരുനബി(സ്വ)യുടെ ആത്മീയ പാഠങ്ങൾ.
താഴ്മയുടെയും വിനയത്തിന്റെയും ഉത്തമ മാതൃകയാണ് നബി(സ്വ). രാജാധികാരം നൽകട്ടേയെന്ന് അല്ലാഹു ആരാഞ്ഞപ്പോൾ യജമാനന്റെ വിധേയത്വമുള്ള ദാസനാവാനാണ് അവിടന്ന് മോഹിച്ചത്. ഹൃദയ വിശുദ്ധിയുടെ പരിമളമാണിതു പകർന്നുതരുന്നത്. സൃഷ്ടികളിൽ ഏറ്റവും ഉത്തമരാണെന്നറിഞ്ഞിട്ടും മൂസാ നബി, യൂനുസ് നബി(അ) തുടങ്ങി ഒരു നബിയേക്കാളും തന്നെ മഹത്ത്വപ്പെടുത്തരുതെന്ന് മുഹമ്മദ്(സ്വ) നിർദേശിച്ചത് അവിടത്തെ എളിമകൊണ്ടാണെന്ന് ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്.
അല്ലാഹുവിൽ നിന്നുള്ള വഹ്‌യ് പ്രകാരം മാത്രമായിരുന്നു അവിടത്തെ വിവാഹങ്ങളും വിവാഹമോചനങ്ങളുമെല്ലാം. ഉത്തമ കുടുംബ ജീവിതത്തിന്റെ ആത്മീയ പാഠങ്ങൾ അവയെല്ലാം പകർന്നുതന്നിട്ടുണ്ട്. നബി(സ്വ)യുടെ ഭാര്യമാർക്ക് ലഭിച്ച ആത്മീയാനന്ദ ജീവിതം ലോകത്തൊരു സ്ത്രീക്കും ലഭിച്ചിട്ടുണ്ടാവില്ല. അത്ര മനോഹരമായൊരു ഭർതൃസാന്നിധ്യം ചരിത്രത്തിൽ ഒരു ഭാര്യയും ആസ്വദിച്ചിട്ടുണ്ടാവില്ല. പ്രായമേറിയ സൗദ ബീവി(റ)യും കൗമാരക്കാരിയായ ആഇശ ബീവി(റ)യും ഒരുപോലെ അനുഭവിച്ച കുടുംബജീവിതത്തിന്റെ അതുല്യമായ ആഹ്ലാദം പകുത്തുനൽകാൻ നബിതങ്ങൾക്കല്ലാതെ കഴിയില്ല. വീട്ടുവേലകളിൽ ഭാര്യമാർക്ക് സഹായിയായി നിൽക്കുമ്പോൾ തന്നെ ഇസ്‌ലാമിക സാമ്രാജ്യത്തിലെ സർവ പ്രജകളുടെയും വേദനകൾ തിരിച്ചറിഞ്ഞ ഭരണാധികാരി കൂടിയാണ് തിരുദൂതർ.
ഭൗതിക ലോകം ഒന്നടങ്കം മുന്നിലേക്കൊഴുകി വന്നിട്ടും ഒരു തുള്ളി പോലും രുചിക്കാതെ പ്രവാചകർ(സ്വ) ഇലാഹിൽ അഭയം തേടി, ശത്രുരാജ്യങ്ങളെല്ലാം അവിശുദ്ധ സഖ്യവുമായി ഇളകിയാർത്തു വന്നപ്പോഴും മാനവികതക്ക് കാവൽ നിന്നു. അല്ലാഹുവിനെ നേരിൽ കണ്ട അതുല്യമായ ആനന്ദ നിമിഷങ്ങളിലും ഭൗതിക ലോകത്തുനിന്ന് വിട പറയുന്ന അവസാന സമയങ്ങളിലും ജനതയെയോർത്ത് പ്രാർത്ഥിച്ച സ്‌നേഹഭാജനം!
ആഹ്ലാദ വേളകളിലും ആപത്ഘട്ടങ്ങളിലും സാധാരണ അവസ്ഥകളിലുമെല്ലാം ഹൃദയം അല്ലാഹുവിൽ ലയിപ്പിക്കുന്നവരാണ് യഥാർത്ഥ സൂഫികൾ. വ്യക്തികൾക്കോ വസ്തുക്കൾക്കോ സാഹചര്യങ്ങൾക്കോ അവരെ അല്ലാഹുവിൽ നിന്ന് അകറ്റാൻ കഴിയില്ല. മണിയറയിലാണെങ്കിലും യുദ്ധഭൂമിയിലാണെങ്കിലും വിശപ്പിന്റെ വേദന കടിച്ചമർത്തുമ്പോഴും ദാഹിച്ച് തൊണ്ട വരളുമ്പോഴുമെല്ലാം മുത്തു നബിയുടെ പരിശുദ്ധ ഹൃദയത്തിൽ അല്ലാഹുവിന്റെ സ്മരണ പ്രകാശിച്ചു നിന്നിരുന്നുവെന്ന് സീറകൾ പഠിപ്പിക്കുന്നു.
ഭൗതിക ലോകത്തിന്റെ അലങ്കാരങ്ങളിൽ മതിമറക്കാതെ, ദേഹമോഹങ്ങളെ നിയന്ത്രിച്ച്, ഖൽബ് അല്ലാഹുവിൽ മാത്രം നിറയുമ്പോളാണ് സൂഫി പൂർണനാകുന്നത്. ദുൻയാവ് ശവമാണെന്നും അത് മാത്രം തേടിപ്പോകുന്നവർ പട്ടികളുമാണെന്നാണ് തിരുവചനം. ഭൗതിക ലഹരിയിൽ കറങ്ങിത്തിരിഞ്ഞ് സ്രഷ്ടാവിനെ വിസ്മരിക്കുന്നത് അവിശ്വാസത്തിന്റെ അടയാളമത്രെ.
ഭൗതിക ലഹരിയിൽ ആടിത്തിമർക്കുന്നത് പരലോക വിജയം നഷ്ടപ്പെടാൻ കാരണമാകുമെന്ന ആത്മീയ പാഠം ഉമ്മത്തിനെ പഠിപ്പിച്ചതും തിരുദൂതരാണ്. പച്ച മണ്ണിൽ കിടന്നതു മൂലം ഈന്തപ്പനയോലയുടെ അടയാളങ്ങൾ പുണ്യമേനിയിൽ പതിഞ്ഞതു കണ്ട് ഉമർ(റ) തേങ്ങിയപ്പോൾ നബി(സ്വ) പറഞ്ഞു: ‘കിസ്‌റ-കൈസർ ചക്രവർത്തിമാർക്ക് ദുൻയാവ് മാത്രമാണുള്ളത്. നമുക്ക് പരലോകവും.’
മനുഷ്യരൂപത്തിൽ വന്ന ദുൻയാവിനെ ആട്ടിയോടിച്ചുകൊണ്ട് മുത്തുനബി(സ്വ) നൽകിയ ഭൗതികവിരക്തി സംബന്ധിച്ച ഉപദേശം സിദ്ദീഖ്(റ)നെ കരയിപ്പിച്ചുകളത്തത് ഇതിനോട് ചേർത്തുവായിക്കണം. അല്ലാഹുവിന്റെ മുമ്പിൽ വിനയാന്വിതനായി അടിമത്തബോധം മനസ്സിലുറപ്പിക്കുമ്പോഴാണ് ഹൃദയത്തിൽ വെളിച്ചം നിറയുക. നബി(സ്വ)യുടെ എല്ലാ ചലനങ്ങളിലും ഈ ഉബൂദിയ്യത്ത് തിളങ്ങിനിന്നിരുന്നു. ദിനേന നൂറിലധികം തവണ പാപമോചനം തേടിയിരുന്നത് ഈ ഉബൂദിയ്യത്തിന്റെ പ്രകടനമായിരുന്നു.
സഹനവും ക്ഷമയും ഏറ്റവും ഉന്നതമായി ലോകം ദർശിച്ചത് തിരുനബി(സ്വ)യിലാണ്. കൃപയും കാരുണ്യവുംകൊണ്ട് അവിടന്ന് ലോകരെ അനുഗ്രഹിച്ചു. ഒരു മഹാസാമ്രാജ്യത്തിന്റെ അധിപനായപ്പോഴും, ജീവത്യാഗം ചെയ്യാൻ ആശിച്ചു നിൽകുന്ന അനുയായികൾ ഉണ്ടായിട്ടും തന്നെ മുറിവേൽപ്പിച്ചവർക്കും എറിഞ്ഞോടിച്ചവർക്കും അന്നം മുടക്കി ഉപരോധിച്ചവർക്കും തിരുദൂതർ മാപ്പു നൽകി.
ജീവനുള്ളവയോടെല്ലാം കാരുണ്യം കാണിച്ചു. പ്രകൃതിയെ പരിപാലിച്ചു. മനുഷ്യകുലത്തിന് പച്ചയായ മാനവജീവിതത്തിന്റെ അധ്യായങ്ങൾ പഠിപ്പിച്ചുകൊടുത്തു. ഇബാദത്തും തഖ്‌വയും സുഹ്ദും വറഉം സത്യസന്ധതയും വിശ്വസ്തതയും ജീവകാരുണ്യവും കുടുംബസ്‌നേഹവും ഹൃദയ വിശുദ്ധിയും പ്രകൃതി സംരക്ഷണവും സൃഷ്ടി സമ്പൂർണതയുടെ മുഴുഗുണങ്ങളും ഇത്ര ഉന്നതമായി പുണ്യ റസൂലിനല്ലാതെ മറ്റൊരാൾക്കും ഉണ്ടായിട്ടില്ല-സ്വല്ലല്ലാഹു അലൈഹി വ സല്ലം.

 

അബ്ദുൽബാരി സിദ്ദീഖി കടുങ്ങപുരം

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

കുടുംബ ജീവിതം: നബിമാതൃക

നൂറ്റാണ്ടുകൾ പിന്നിട്ടു. അഭിരുചികളും ട്രെന്റുകളും കടുത്ത പകർച്ചകൾക്കു വിധേയമായി. എന്നിട്ടും തിരുനബി(സ്വ) ഭാര്യമാരും മക്കളും ഒത്തു…

● നിസാമുദ്ദീൻ അസ്ഹരി പറപ്പൂർ