2012 ജൂലൈ ഒന്നിന് കൊച്ചി ബോട്ട് ജെട്ടിയിൽ നിന്ന് വൈപ്പിനിലേക്ക് ബോട്ട് കയറി. അന്ന് റമളാൻ പത്തായിരുന്നു. അവിടെ നിന്ന് ‘ലക്ഷദ്വീപ്’ എന്ന ശ്രീലങ്കൻ നിർമിത കപ്പലിൽ ചെത്തിലത്ത് ദ്വീപിലേക്ക് യാത്രയായി. ഒന്നാം തിയ്യതി ഉച്ചക്ക് 2.30ന് പുറപ്പെട്ട കപ്പൽ പിറ്റേന്ന് രാവിലെ എട്ടിനാണ് കൽപേനിയിലെത്തുന്നത്. 11. 30ന് ചെത്തിലത്ത് ദ്വീപിന്റെ അര കി.മീറ്റർ ദൂരെ കപ്പൽ നങ്കൂരമിട്ടു. ചെറിയ തോണികളിൽ കയറി യാത്രക്കാർ ഓളങ്ങളുടെ താളത്തിൽ ദ്വീപിന്റെ മണ്ണിലേക്കും പച്ചപ്പിലേക്കും പ്രവേശിച്ചു. ലക്ഷദ്വീപ് ജീവിതങ്ങളെ കുറിച്ച് മനസ്സിലാക്കാനും എട്ടു ദിവസത്തെ റമളാൻ പ്രഭാഷണത്തിനും വേണ്ടിയായിരുന്ന പ്രഥമ ദ്വീപ് യാത്ര.
കടലിനടിയിൽ നിന്നുയർന്നു നിൽക്കുന്ന വലിയ പർവതമാണ് ഒറ്റ നോട്ടത്തിൽ ദ്വീപെന്ന് തോന്നും. അതിന്റെ മുകൾവശം ജലപ്പരപ്പിനു മീതെ പൊങ്ങിക്കിടക്കുന്നു. കടലിനോട് ചേർന്ന ഭാഗങ്ങളിൽ പോയി നോക്കിയാൽ കുന്നിൻ ചെരിവുകൾ പോലുള്ള മനോഹരമായ കാഴ്ചകളാണ്. ദ്വീപുകൾ രൂപപ്പെട്ടതിനു പിന്നിൽ പല ഐതിഹ്യങ്ങളുമുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പ് പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറു ഭാഗം അഗ്നി പർവത സ്‌ഫോടനത്താലോ മറ്റോ പിളർന്ന് സമുദ്രത്തിൽ ചെരിഞ്ഞു വീണു. അങ്ങനെ ലക്ഷദ്വീപ്, മാലിദ്വീപ്, ചാഗോസ് ദ്വീപ് ദ്വീപ് സമൂഹങ്ങൾ എന്നിവ രൂപപ്പെട്ടു എന്നാണ് അതിലൊന്ന്. പിന്നീട് കടലിൽ നിന്നും ഉയർന്നുവന്ന പ്രദേശമാണത്രെ കേരളം (അഖില വിജ്ഞാന കോശം 4/174).
ലക്ഷദ്വീപ് സമൂഹത്തിൽ മുപ്പതോളം ദ്വീപുകളുണ്ടെങ്കിലും ജനവാസമുള്ളത് ആന്ത്രോത്ത്, അമിനി, അഗത്തി, കവരത്തി, കൽപേനി, കടമത്ത്, കിൽത്താൻ, ചെത്തിലത്ത്, ബിത്ര, മിനിക്കോയി എന്നിവയിൽ മാത്രമാണ്. ബംഗാരം എന്ന കൊച്ചു ദ്വീപ് ടൂറിസ്റ്റ് കേന്ദ്രമാണ്. കൂടുതൽ പേർ താമസിക്കുന്നത് ആന്ത്രോത്തും കുറവ് ബിത്രയിലുമാണ്. വിമാനത്താവളമുള്ളത് അഗത്തിയിൽ മാത്രവും. യാത്രക്കുള്ള ഹെലികോപ്റ്ററുകൾ എല്ലാ ദ്വീപിലുമുണ്ട്.
പേരും ദൂരവും
കൊച്ചിയിൽ നിന്ന് പ്രധാന ദ്വീപുകൡലേക്കുള്ള ദൂരം:
ആന്ത്രോത്ത് 293 കി.മീറ്റർ
കൽപേനി- 287
മിനിക്കോയി- 398
കവരത്തി- 404
കടമത്ത്- 407
അമിനി- 407
അഗത്തി- 458
ബംഗാരം- 459
ചെത്ത്‌ലത്ത്- 432
ബിത്ര- 483
കിൽത്താൻ- 394
ലക്ഷദ്വീപ് എന്ന പേര് ലഭിച്ചതിനു പിന്നിൽ പല അഭിപ്രായങ്ങളുമുണ്ട്. അതിലൊന്നിതാണ്: 1848 ഏപ്രിൽ 16, 17, 18 തിയ്യതികളിൽ ദ്വീപുകളിൽ വൻനാശം വിതച്ച് ഒരു കൊടുങ്കാറ്റ് വീശി. 1600 പേർ താമസിച്ചിരുന്ന കൽപേനിയിൽ 450 പേരൊഴിച്ച് എല്ലാവരും ഈ ദുരന്തത്തിൽ മരിച്ചുവീണു. ആന്ത്രോത്തിൽ 2500 പേരിൽ 900 മാത്രമാണ് ബാക്കിയായത്. അന്നു ദ്വീപുകൾ കണ്ണൂരിലെ അറക്കൽ ഭരണകൂടത്തിന്റെ അധീനതയിലായിരുന്നു. ദുരന്തത്തിൽ ദ്വീപുകാരെ സഹായിക്കാൻ അറക്കൽ രാജാവ് ബ്രിട്ടീഷുകാരുടെ പിന്തുണ തേടി. അവർ അവശ്യ വസ്തുക്കളടങ്ങിയ കപ്പൽ ദ്വീപുകളിലേക്കയച്ചു. ആ കടം വീട്ടാൻ അറക്കൽ ഭരണാധികാരികൾക്കായില്ല. അങ്ങനെ 1875ൽ ബ്രിട്ടീഷുകാർ ദ്വീപ് ഭരണം ഏറ്റെടുത്തു. 1908ലാണ് ഇത് അറക്കലുകാർ ബ്രിട്ടീഷുകാർക്ക് ഒപ്പിട്ടു കൊടുക്കുന്നത്. അന്നുണ്ടായിരുന്ന കടം 103639 രൂപയായിരുന്നുവത്രെ. ഇതിൽ നിന്നാണ് ഒരു ലക്ഷത്തിന് പകരം കൊടുത്ത/പിടിച്ചെടുത്ത ദ്വീപ് എന്ന നിലയ്ക്ക് ലക്ഷദ്വീപെന്ന് വിളിച്ചു തുടങ്ങുന്നത്. പിന്നീട് 1973ൽ ദ്വീപ് എംപിയായിരുന്ന പിഎം സഈദ് പാർലമെന്റിൽ അവതരിപ്പിച്ച ബില്ലിലൂടെ ഈ പേര് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു.
ഭരണം
വൻകരയെ ആശ്രയിച്ചു കഴിയുന്ന ദ്വീപിന് ഒരു സ്വയം പര്യാപ്ത ഭൂപ്രദേശമായി നിലകൊള്ളാൻ സാധ്യമല്ല. അതുകൊണ്ടു തന്നെ പല ഭരണകൂടങ്ങളുടേയും കീഴിലായിരുന്നു ദ്വീപ് സമൂഹം. ഒരു കാലത്ത് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ദ്വീപുകൾ പിന്നീട് കോലത്തിരി രാജാക്കൻമാർ, അറക്കൽ രാജാക്കൻമാർ, ടിപ്പു സുൽത്താൻ, ബ്രിട്ടീഷുകാർ തുടങ്ങിയവരുടെയെല്ലാം കീഴിലായി. ഈ ഘട്ടങ്ങളിലെല്ലാം ദ്വീപുകാർ ചൂഷണങ്ങൾക്കിരകളായിരുന്നു. അവരുടെ ഉൽപന്നങ്ങൾക്ക് തുച്ഛമായ വില നൽകുകയും അവർക്കാവശ്യമുള്ള ധാന്യങ്ങളും വസ്ത്രങ്ങളുമടക്കമുള്ളവക്ക് വൻ വില ഈടാക്കുകയും ചെയ്തുപോന്നു.
സ്വതന്ത്ര ഇന്ത്യയുടെ ഭാഗമായതിനു ശേഷമാണ് ഇൗ അവസ്ഥക്ക് മാറ്റമുണ്ടാകുന്നത്. തങ്ങളുടെ ഉൽപന്നങ്ങൾക്ക് മാന്യമായ വില ലഭിച്ചു, ജീവിത നിലവാരം ഉയർന്നു, വിദ്യാഭ്യാസ രംഗത്ത് പുരോഗതിയുണ്ടായി.
ദ്വീപു ഭാഷ
അറബി, ഉർദു, തമിഴ് എന്നിവ കലർന്ന ‘ജസ്‌രി’യാണ് ദ്വീപ് നിവാസികളുടെ സംസാര ഭാഷ. ഇതിനു സ്വന്തമായി ലിപിയില്ല. അറബ് ലിപി പ്രകാരമാണ് എഴുത്ത്. സ്വർണ മാല, ഹുബ്ബ് മാല, ചരതക മാല, ഹംസത്തു മാല, പറവ മാല, ഹൈദർ മാല തുടങ്ങിയ ഗ്രന്ഥങ്ങൾ ഈ ഭാഷയിൽ വിരചിതമായിട്ടുണ്ട്. കടൽ, വാന നിരീക്ഷണം, നക്ഷത്ര ശാസ്ത്രം എന്നിവ ഉൾക്കൊള്ളിച്ച് ഹിജ്‌റ 700ൽ രചിക്കപ്പെട്ട റഹ്‌മാനി എന്ന ഗ്രന്ഥവും ജസ്‌രിയിലാണ്. ബ്രിട്ടീഷുകാരുടെ കാലത്താണ് മലയാള ഭാഷ ദ്വീപിലെത്തുന്നത്. ഇന്ന് മലയാളം എഴുതാനും വായിക്കാനും സംസാരിക്കാനും മിക്ക ദ്വീപ് വാസികൾക്കും അറിയാം.
ഭൂപ്രകൃതി
ചെറിയ തുരുത്തുകളാണ് ദ്വീപുകളെന്നതിനാൽ തീരത്തു ചെന്നുനോക്കിയാൽ തന്നെ ആ നാട് മൊത്തത്തിൽ കാണാം. മണൽ വിരിച്ച സുന്ദരമായ ഭൂമിയാണ് ദ്വീപിന്റേത്. തെങ്ങുകൾ ഇടതൂർന്ന് വളരുന്നു. കാര്യമായി പരിചരിച്ചില്ലെങ്കിലും സാമാന്യം ഫലം ലഭിക്കുന്നതാണനുഭവം. തെങ്ങിൻ തോപ്പ് കണ്ടാൽ ക്രമനിബദ്ധമായി വെച്ചുപിടിപ്പിച്ചതല്ലെന്നും വീണിടത്തു തൈ മുളച്ചു വളർന്നതാണെന്നും തോന്നും.
തെങ്ങുകൾക്കിടയിൽ പരമ്പരാഗത വാഹനമായ ഓടം നിർമിക്കാനുപയോഗിക്കുന്ന പൂവരശ്, കടപ്ലാവ്, കാട്ടുപരുത്തി, അരയാൽ, മുരിങ്ങ, ആര്യവേപ്പ് പോലുള്ള മരങ്ങളും കാണാം. ചെത്തിലത്ത് ദ്വീപിൽ കടലിൽ നിന്നും അഞ്ചു മീറ്റർ അടുത്തു വരെ ഉപ്പു രസമില്ലാത്ത ശുദ്ധജലം ലഭിക്കുന്നു. കാക്ക, പന്നി, നായ, പാമ്പ് എന്നിവ കിൽത്താൻ, ചെത്തിലത്ത്, കടമം, ബിത്ര, അഗത്തി എന്നിവിടങ്ങളിൽ കാണപ്പെടുന്നില്ല. ആടുകളും കോഴികളും യഥേഷ്ടം വളർത്തുന്നു. ആടുകളെ തെങ്ങുകൾക്കിടയിൽ വല കെട്ടി പോറ്റുന്നത് കാണാം. കൂടുകളിലിട്ടു വളർത്താത്തയിടങ്ങളിൽ പുലർക്കാലത്ത് മരക്കൊമ്പുകളിലിരുന്ന് കോഴികൾ കൂട്ടത്തോടെ കൂവുന്നത് കർണാനന്ദകരമാണ്.
ലക്ഷദ്വീപിന് 4200 ചതുരശ്ര കി.മീറ്റർ ലഗൂൺ(തടാകങ്ങൾ) ഉണ്ട്. ദ്വീപുകൾക്ക് ചുറ്റും കാണപ്പെടുന്ന ഒരു കടൽ ഭിത്തിയുണ്ട്. വലിയ ഓളങ്ങൾ പോലും അതിലടിച്ചു നിർവീര്യമാകുന്നതിനാൽ സമുദ്ര നിരപ്പിൽ നിന്നും ഒന്നോ രണ്ടോ മീറ്റർ മാത്രം ഉയർന്നുനിൽക്കുന്ന ദ്വീപുകളെ കടലെടുക്കാതെ കാക്കുന്നു. ഈ കടൽ ഭിത്തിയുടെയും കരയുടെയും ഇടയിലുള്ള ഭാഗം തടാകങ്ങളായാണ് ഗണിക്കപ്പെടുന്നത്. 2000 ച.കി.മീറ്റർ കടൽത്തീരമാണ് ദ്വീപുകൾക്കുള്ളത്. ലഗൂണുകളിൽ 300ൽ പരം വർണ മത്സ്യ ഇനങ്ങളുണ്ടെന്നാണ് കണക്ക്. ചൂര(സൂത)യാണ് ദ്വീപുകാരുടെ വിശേഷപ്പെട്ട മത്സ്യം. സ്രാവ്, അയക്കൂറ, ആവോലി, പറവ, ചെമ്പല്ലി, കണവ തുടങ്ങിയവയും ധാരാളമുണ്ട്.
ഇസ്‌ലാം ദ്വീപിൽ
പ്രഥമ ഖലീഫ അബൂബക്കർ സിദ്ദീഖ്(റ)ന്റെ മകന്റെ പുത്രൻ ഉബൈദുല്ലാഹ്(റ)വാണ് ദ്വീപിൽ ഇസ്‌ലാമിക സന്ദേശവുമായി ആദ്യമെത്തിയതെന്നാണ് ചരിത്രം. അദ്ദേഹം രോഗശയ്യയിൽ കിടക്കുമ്പോൾ മകനെ കൊണ്ട് എഴുതിച്ച ഫുതൂഹാതുൽ ജസാഇർ എന്ന ഗ്രന്ഥത്തിൽ ഇതിന്റെ വിവരണമുണ്ട്. ഹി. 41ൽ തിരുനബി(സ്വ)യെ സ്വപ്‌നത്തിൽ ദർശിക്കുകയും ദ്വീപിലേക്കു പ്രബോധനാർത്ഥം പുറപ്പെടാൻ നിർദേശിക്കുകയുമായിരുന്നു.
പതിനാല് പേരടങ്ങുന്ന സംഘത്തോടൊപ്പമാണ് ഉബൈദുല്ല(റ) പായക്കപ്പലിൽ യാത്ര തിരിച്ചത്. ദ്വീപിനോടടുത്ത ഘട്ടത്തിൽ കടൽ ക്ഷോഭത്തിൽ കപ്പൽ തകരുകയും ഒരു പലകയിൽ അള്ളിപ്പിടിച്ച് അമേനി ദ്വീപിൽ എത്തിച്ചേരുകയുമായിരുന്നു അദ്ദേഹം. അവിടെ ഇസ്‌ലാം പ്രചരിപ്പിച്ചെങ്കിലും ഒരു സ്ത്രീ ഒഴികെ ആരും സ്വീകരിക്കാൻ തയ്യാറായില്ല. അവരെയാണ് മഹാൻ വിവാഹം ചെയ്തത്. തുടർന്ന് ആന്ത്രോത്ത് ദ്വീപിലേക്ക് പുറപ്പെട്ടു. ചുരുങ്ങിയ കാലം കൊണ്ട് അവിടത്തുകാർ ഏതാണ്ടെല്ലാവരും വിശ്വാസികളായി. വൈകാതെ മറ്റു ദ്വീപുകാരും ഈ സത്യപ്രകാശം ഉൾക്കൊണ്ടു.
ലക്ഷദ്വീപിലെ ആദ്യത്തെ ജുമുഅത്തു പള്ളി ആന്ത്രോത്തിലാണ് സ്ഥാപിതമായത്. ഇന്ന് ദ്വീപുകാർ മുഴുവൻ മുസ്‌ലിംകളും അതിൽ 95 ശതമാനവും സുന്നികളുമാണ്. പോർച്ചുഗീസുകാരുടെയും ബ്രിട്ടീഷുകാരുടെയും അതിക്രമങ്ങൾക്കോ മിഷണറി പ്രവർത്തനങ്ങൾക്കോ ദ്വീപുകാരുടെ ആദർശത്തിലോ വിശ്വാസത്തിലോ വിള്ളലുണ്ടാക്കാൻ സാധിച്ചിട്ടില്ല.
ഓടങ്ങളെന്ന അത്ഭുതങ്ങൾ
കപ്പലുകളോ സ്പീഡ് ബോട്ടുകളോ മൊബൈൽ ഫോണോ ഇല്ലാത്ത കാലത്തും ചെറുതും വലുതുമായ എല്ലാത്തിനും വൻകരയെ ആശ്രയിക്കണം ദ്വീപുകാർ. അഞ്ഞൂറോളം കി.മീറ്റർ ഇളകി മറിയുന്ന കടൽ താണ്ടി കോഴിക്കോട്ടോ കണ്ണൂരിലോ മംഗലാപുരത്തോ എത്തിച്ചേർന്നാണ് സാധനങ്ങൾ വാങ്ങി ദ്വീപിലെത്തിച്ചിരുന്നത്. അതിനായി ദ്വീപുകാർ ഉപയോഗിച്ചിരുന്ന വാഹനമാണ് ഓടങ്ങൾ.
പൂവരശ് പോലുള്ള മരങ്ങൾ കൈവാളു കൊണ്ട് മുറിച്ച് പലകകളാക്കിയാണ് 16 കോല് നീളവും 6/7 കോല് വീതിയുമുള്ള ഓടങ്ങൾ നിർമിച്ചിരുന്നത്. അതിൽ തങ്ങളുടെ പ്രധാന വിഭവങ്ങളായ കൊപ്രയും ദ്വീപ് ചക്കരയും കയറുൽപന്നങ്ങളും കയറ്റി സാഹസികമായി കരയിലെത്തും. യാത്ര പുറപ്പെടുന്നതിന്റെ തലേന്നാൾ പ്രത്യേക വീട്ടിൽ മൗലിദ് നടത്തി പ്രാർത്ഥിക്കും. ഉറ്റവരും സുഹൃത്തുക്കളും കടൽക്കരയിലെത്തി കണ്ണീരോടെ യാത്രയാക്കും. ഇതായിരുന്നു പൂർവ കാലത്തെ യാത്രാ ചിത്രം.
കാറ്റ് അനുകൂലമായാൽ പെട്ടെന്ന് കരയിലെത്തും. പ്രതികൂലമായാൽ ചിലപ്പോൾ മാസങ്ങളോളം കടലിലൂടെ ഒഴുകി നടക്കും. ഉദ്ദേശിച്ച കടൽത്തീരത്ത് അടുക്കാനുമായേക്കില്ല. കരുതിവെച്ച ഭക്ഷ്യവസ്തുക്കൾ ഇതിനകം തീർന്നിട്ടുണ്ടാകും. രോഗവും പിടിപെടാം. ഒരുപക്ഷേ തിരമാലകളിൽ അകപ്പെട്ടോ രോഗം മൂലമോ മരണവും സംഭവിച്ചേക്കാം. മരണപ്പെട്ടാൽ കഫൻ ചെയ്യാനുള്ള തുണിയും കടലിൽ ജനാസ താഴ്ത്താനുള്ള കല്ലുകളുമടക്കം കയറ്റിയായിരുന്നു അന്നത്തെ യാത്രകൾ. തിരിച്ചുവരവ് പ്രതീക്ഷ മാത്രമായിരുന്നു ആ യാത്രികർക്കും ബന്ധുക്കൾക്കും. ഉറ്റവർ സുരക്ഷിതരായി മടങ്ങിയെത്തും വരെ പ്രാർത്ഥനകളും പരിഭവങ്ങളുമായി ഉടയവർ കാത്തിരിക്കുകയായിരിക്കും.
കാറ്റുവിളി
പ്രതീക്ഷിച്ച സമയത്ത് ഓടങ്ങൾ തിരിച്ചെത്താതായാൽ കാറ്റുവിളിക്കുന്ന ഒരു ആചാരവും പഴയ കാലത്ത് ദ്വീപ് ജനതക്കിടയിലുണ്ടായിരുന്നുവത്രെ. ദു:ഖസാന്ദ്രമായ അന്തരീക്ഷത്തിൽ ദ്വീപിലെ സ്ത്രീകൾ വടക്ക് കുളിക്കരയിൽ ചെന്ന് ഭക്തിനിർഭരമായി വൃത്തത്തിൽ നിന്ന് കാറ്റു വിളിക്കും. ഒരാൾ വിനയപുരസ്സരം ഇങ്ങനെ പാടിക്കൊടുക്കും:
അക്കാറ്റും കാറ്റില്ല
ഇക്കാറ്റും കാറ്റില്ല
ഊളാമ്പടക്കേ പോയി
ബീശിയടിക്ക് അല്ലാഹ് കാറ്റേ…
ഇത് മറ്റുള്ളവർ ഏറ്റു പാടും. ഈ പ്രാർത്ഥനാ ഗീതം കഴിഞ്ഞാൽ വൈകാതെ ഓടങ്ങൾ തിരിച്ചെത്തുമെന്നാണ് വിശ്വാസം. ഓടങ്ങൾ മടങ്ങിവരുന്ന ദിവസം ദ്വീപുകളിൽ ഉത്സവമയമായിരിക്കും. ആബാലവൃദ്ധം ജനങ്ങളും കടൽക്കരയിലെത്തിച്ചേരും. കരയിൽനിന്നു കൊണ്ടുവരുന്ന ചരക്കുകൾ ഇറക്കാൻ സഹായിക്കും. ഉറ്റവരെയും സുഹൃത്തുക്കളെയും ആശ്ലേഷിക്കും. ഇന്നും കപ്പലടുക്കുമ്പോൾ ദ്വീപിൽ ഈ കാഴ്ച കാണാം.
ആധുനിക ദ്വീപ് ദൃശ്യങ്ങൾ
സ്വതന്ത്ര ഇന്ത്യയുടെ ഭാഗമായ ശേഷം പ്രത്യേക ഗോത്രവർഗ പരിഗണനയുള്ളതിനാൽ ദ്വീപുകാരുടെ സംസ്‌കാരവും ആചാരവും സംരക്ഷിക്കാനും അവിടത്തെ പരിമിതമായ ഭൂമികൾ അന്യാധീനപ്പെടാതിരിക്കാനും നിയമപരമായ സംരക്ഷണവും സംവിധാനങ്ങളും രാജ്യം ആവിഷ്‌കരിച്ചിട്ടുണ്ട്. കേന്ദ്ര ഭരണ പ്രദേശമായ ദ്വീപ് വിദ്യാഭ്യാസ രംഗത്ത് വൻ പുരോഗതി കൈവരിച്ചതിനാൽ മിക്ക വീടുകളിലും ഒരു സർക്കാർ ജീവനക്കാരനെങ്കിലുമുണ്ടെന്ന് ദ്വീപുകാർ അഭിമാനത്തോടെ പറയും.
എന്നാൽ ലക്ഷദ്വീപിന്റെ ഇപ്പോഴത്തെ അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡാ പട്ടേൽ കൊണ്ടുവന്ന പരിഷ്‌കാരങ്ങൾ ഏറെ സംശയത്തോടെയും ആശങ്കയോടെയുമാണ് നാട്ടുകാർ നോക്കിക്കാണുന്നത്. ദ്വീപുവാസികളുടെ അവകാശങ്ങളും പൈതൃകവും തകർത്ത് കോർപ്പറേറ്റുകൾക്ക് പണം കൊയ്യാൻ തങ്ങളുടെ മണ്ണിൽ കളമൊരുക്കുകയാണെന്ന തിരിച്ചറിവിൽ നിന്നാണ് ഇപ്പോൾ സജീവമായ പ്രതിഷേധങ്ങളും സമര പരമ്പരകളും ഉരവം കൊണ്ടിരിക്കുന്നത്. ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന എല്ലാവരും നിഷ്‌കളങ്കരായ ദ്വീപ് ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുകയാണെന്നത് രാജ്യത്തിന്റെ അഖണ്ഡത ഉയർത്തിക്കാണിക്കുന്നതും മതേതര മനസ്സിനെ ശക്തിപ്പെടുത്തുന്നതുമാണ്. ഈ ഒരുമ കൊണ്ട് ഭരണകൂട-കുത്തക ഭീകരതയെ നേരിടാൻ പൗരസമൂഹത്തിനാകുമെന്നതിൽ സന്ദേഹമില്ല. ആ പ്രതീക്ഷയിലേക്കാണ് പവിഴത്തുരുത്തുകൾ ജാലകം തുറന്നിടുന്നത്.
റഹ്‌മത്തുല്ലാഹ് സഖാഫി എളമരം