ഏറെ ആശങ്കകള്‍ക്കു നടുവിലാണ് ലണ്ടനില്‍ വിമാനമിറങ്ങുന്നത്. മുസ്‌ലിം നാമവും വേഷവും കാരണം രാജ്യാന്തര പ്രശസ്തരായ വ്യക്തിത്വങ്ങള്‍ പോലും യൂറോപ്പിലും പടിഞ്ഞാറന്‍ വിമാനത്താവളങ്ങളിലും നിശിതമായ പരിശോധനകള്‍ക്കും ഒട്ടൊക്കെ അവഹേളനങ്ങള്‍ക്കും വിധേയമാവുന്നത് തുടര്‍ വാര്‍ത്തകളായിക്കൊണ്ടിരിക്കുകയാണല്ലോ. പലരും ഇത്തരം ആശങ്കകളാണ് പങ്കുവെച്ചത്. അപ്പോഴൊക്കെ അല്ലാഹുവിലുള്ള വിശ്വാസവും അവിടെയും മുസ്‌ലിം സഹസ്രങ്ങള്‍ ജീവിച്ചുപോരുന്നുവെന്ന ബോധവുമാണ് ആശ്വാസവും ആത്മവിശ്വാസവും ഏകിയത്.
പക്ഷേ, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ നടന്ന ഇസ്ലാമിക് മാനുസ്ക്രിപ്റ്റ് അസോസിയേഷന്‍ നേതൃത്വത്തിലുള്ള ഇന്‍റര്‍ നാഷണല്‍ സമ്മേളനം യൂറോപ്പിന്റെ മുസ്‌ലിം സമീപനത്തെ കുറിച്ചുള്ള മുന്‍ധാരണകളെ പൊളിച്ചെഴുതുന്നതായിരുന്നു.
സിയോണിസ്റ്റുകളും സാമ്രാജ്യത്വ പിണിയാളുകളും ഇസ്ലാമിനെതിരെ നിഴല്‍യുദ്ധം നടത്തുമ്പോഴും ലോകം സത്യമതത്തെ ശരിയായ കോണിലൂടെയാണ് വീക്ഷിക്കുന്നത്. പ്രത്യേകിച്ച് യൂറോപ്യന്‍ ജനത. ബൗദ്ധികമായും വൈജ്ഞാനികമായും മുന്നിട്ടുനില്‍ക്കുന്ന യൂറോപ്യന്‍ നഗരങ്ങളില്‍ മുസ്‌ലിം ജനസംഖ്യ വര്‍ധിച്ചുവരുന്നത് ഈ മാറ്റത്തിന്റെ ശരിയായ സൂചകമാണ്. പടിഞ്ഞാറന്‍ മാധ്യമങ്ങളുടെയും ബുദ്ധിജീവികളുടെയും ഇസ്‌ലാംവിരുദ്ധമായ സ്ഥാപിത പ്രചാരണങ്ങള്‍ മതത്തെക്കുറിച്ച് അന്വേഷിക്കുന്നതിനു ഗുണകരമായ ജിജ്ഞാസ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിന്റെയെല്ലാം പരിണതിയാണ് യൂറോപ്പിന്റെ വര്‍ത്തമാനം.
യൂറോപ്പ് ഇന്നേറെ മാറി. വര്‍ഷങ്ങളായി ആ ഭൂഖണ്ഡം പരിവര്‍ത്തനത്തിലേക്കുള്ള പ്രയാണത്തിലായിരുന്നുവെന്നു പറയാം. 2011ലെ കണക്കനുസരിച്ച് ബ്രിട്ടന്‍ ജനസംഖ്യയുടെ 4.8 ശതമാനം മുസ്‌ലിംകളാണ്. ലണ്ടന്‍ മഹാനഗരത്തില്‍ ഇത് 12.4 ശതമാനമാണ്. മതാനുഷ്ഠാനങ്ങള്‍ പിന്തുടരുന്ന ക്രിസ്ത്യാനികളുടെയും മുസ്‌ലിംകളുടെയും എണ്ണം ഒരു പോലെയാണെന്ന് കേംബ്രിജ് സര്‍വകലാശാല കോളേജ് ഓഫ് ഡിവിനിറ്റിയിലെ അബ്ദുല്‍ ഹക്കീം മുറാദ് സംഭാഷണത്തില്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി.
ഏത് അപവാദ പ്രചാരണങ്ങള്‍ക്കിടയിലും യൂറോപ്യന്‍ ജനത ഇസ്ലാമിനെ കൂടുതല്‍ അടുത്തറിയുകയും ആശ്ലേഷിക്കുകയുമാണെന്നതിന് ഈ കണക്കുകള്‍ സാക്ഷി.
ലണ്ടനിലേക്കുള്ള മുസ്‌ലിം കുടിയേറ്റത്തിന് ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യമാണുള്ളത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ യമനിലെയും സോമാലിയയിലെയും നാവികരാണ് ഇവിടെ താമസമാക്കിയ ആദ്യ മുസ്‌ലിംകള്‍. ശേഷം ഒന്നും രണ്ടും ലോക മഹാ യുദ്ധങ്ങളില്‍ ബ്രിട്ടീഷ് ആര്‍മിയിലും ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയിലും സേവനം ചെയ്ത കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളില്‍ നിന്നുള്ള മുസ്‌ലിം സൈനികരും കുടിയേറിപ്പാര്‍ത്തു. എന്നാല്‍ കുടിയേറ്റം സജീവമാകുന്നത് രണ്ടാം ലോക മഹായുദ്ധാനന്തരമാണ്. ബ്രിട്ടന്റെ കോളനി രാജ്യങ്ങളില്‍ നിന്നും കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളില്‍ നിന്നുമായിരുന്നു പ്രധാനമായും കുടിയേറ്റം. പാകിസ്താനിലെയും ഇന്ത്യയിലെയും പഞ്ചാബ് മേഖലകളില്‍ നിന്നും ഇന്ത്യയിലെ ഗുജറാത്ത്, കശ്മീരില്‍ നിന്നും 1950കളില്‍ ബംഗ്ലാദേശില്‍ നിന്നും സംഘടിതമായ മുസ്‌ലിം കുടിയേറ്റമുണ്ടായതായി ചരിത്രരേഖകള്‍ പറയുന്നു.
ലോകത്ത് എവിടെയുമെന്ന പോലെ ലണ്ടനിലും സുന്നി ആദര്‍ശമനുസരിച്ചാണ് ഭൂരിപക്ഷം വിശ്വാസികളും ജീവിക്കുന്നത്. ദക്ഷിണേഷ്യയില്‍ നിന്നു താമസമാക്കിയ മുസ്‌ലിംകളില്‍ ഏറിയ കൂറും ഹനഫി മദ്ഹബുകാരാണ്. ആഫ്രിക്കയില്‍ നിന്നു വന്നു പാര്‍ത്തവര്‍ മാലികികളും യമന്‍, സോമാലിയ, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ശാഫിഈ മദ്ഹബുകാരുമാണ്. സഊദിയില്‍ നിന്നു വന്നവര്‍ ഹമ്പലി മദ്ഹബും പിന്തുടരുന്നു. എല്ലാ മദ്ഹബുകാരും ഒന്നിക്കുന്ന ഈ സവിശേഷത കൊണ്ടുതന്നെ ആഗോള മുസ്‌ലിംകളുടെ ഒരു പരിച്ഛേദമായി ഈ മഹാനഗരം വിലയിരുത്തപ്പെടുന്നു.
1209ല്‍ പ്രശസ്തമായ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നുണ്ടായ അധ്യാപകരുടെ കൂട്ടപ്പലായനമാണ് വിഖ്യാതമായ കേംബ്രിഡ്ജ് സര്‍വകലാശാലക്ക് ജന്മമേകിയത്. ഇംഗ്ലണ്ടിലെ കേംബ്രിഡ്ജില്‍ സ്ഥിതി ചെയ്യുന്ന ഇതിനെ 1318ല്‍ സര്‍വകലാശാലയായി അംഗീകരിക്കുകയുണ്ടായി. ധൈഷണികരായ നിരവധി യൂറോപ്യരുടെയും വിദേശ വിദ്യാര്‍ത്ഥികളുടെയും പാഠശാലയായി പില്‍ക്കാലത്ത് ഓക്സ്ഫോര്‍ഡ് മാറി. 1669 മുതലുള്ള ഐസക് ന്യൂട്ടന്റെ അധ്യാപനം ഗണിത ശാസ്ത്ര ശാഖയില്‍ സര്‍വകലാശാലയുടെ നാഴികക്കല്ലുകളില്‍ നിര്‍ണായകമാണ്. 1871ലെ ജെയിംസ് ക്ലാര്‍ക് മാക്സ്വെല്ലിന്റെ സാന്നിധ്യവും ഈ കലാലയത്തെ ആഗോള ശ്രദ്ധാബിന്ദുവാക്കി.
പാരമ്പര്യവും ചരിത്രവും സമം ചേര്‍ന്ന നിര്‍മിതിയാണ് സര്‍വകലാശാല കെട്ടിടങ്ങള്‍ക്ക്. ഇവിടുത്തെ ലൈബ്രറി പ്രശസ്തമാണ്. അസംഖ്യം ഗ്രന്ഥങ്ങള്‍ കൊണ്ട് സമ്പന്നമായ ഇവിടെ കയ്യെഴുത്ത് പ്രതികള്‍ക്കു പ്രത്യേക പ്രാധാന്യം തന്നെ കല്‍പ്പിക്കുന്നു. അറബി ഗ്രന്ഥങ്ങളുടെ കയ്യെഴുത്തു പ്രതികളുടെ വന്‍ ശേഖരം തന്നെ ഇവിടെയുണ്ട്.
രേഖകള്‍ പ്രകാരം അറബി ഗ്രന്ഥങ്ങളുടെ കയ്യെഴുത്ത് പ്രതികളുടെ ശേഖരണം 1614ലാണ് ആരംഭിക്കുന്നത്. ബ്രിട്ടനില്‍ നിന്നല്ല, രാഷ്ട്രത്തിന് സ്വാധീനമുള്ള ലോകത്തിന്റെ ഇതര മേഖലകളില്‍ നിന്നും അധിനിവേശ പ്രദേശങ്ങളില്‍ നിന്നുമാണ് ഇവയത്രയും ശേഖരിച്ചത്.
മുസ്‌ലിം സമൂഹങ്ങളെപ്പറ്റി പഠിക്കാനും മനസ്സിലാക്കാനുമുള്ള ഔത്സുക്യവും വിശാലതയും ബ്രിട്ടീഷുകാര്‍ക്കിടയില്‍ കാണാം. അക്കാദമിക് തലങ്ങളില്‍ ഇത് ഏറെ പ്രകടമാണ്. മാനുസ്ക്രിപ്റ്റ്സ് പഠന രംഗത്ത് സംയുക്തമായ ട്രൈനിംഗുകളും പ്രൊജക്ടുകളും നടപ്പിലാക്കാനുള്ള മഅ്ദിന്‍ അക്കാദമിയുടെ നിര്‍ദേശത്തെ ഏറെ സന്തോഷത്തോടു കൂടിയാണ് കേംബ്രിജ് സര്‍വകലാശാല അധികൃതര്‍ സ്വീകരിച്ചത്.
ബ്രിട്ടീഷ് സാമ്രാജ്യവും മുസ്‌ലിം ലോകവും തമ്മില്‍ നാലു നൂറ്റാണ്ട് മുന്പ് സൂക്ഷിച്ചിരുന്ന അകലം വലുതായിരുന്നു. എന്നിട്ടും വൈജ്ഞാനികവും പാരമ്പര്യം നിലനിര്‍ത്തുന്നതുമായ ഇത്തരമൊരു ശേഖരണത്തിന് സര്‍വകലാശാല അധികൃതര്‍ ഉദ്ധുക്തരായത് ശ്രദ്ധേയമാണ്. സൂര്യനസ്തമിക്കാത്ത വിധം ബ്രിട്ടനുള്ള ലോകതലത്തിലെ സ്വാധീനം വൈജ്ഞാനിക മണ്ഡലങ്ങളിലേക്കും ഗ്രന്ഥങ്ങളുടെ സംഭരണത്തിലേക്കും നീണ്ടത് പില്‍ക്കാല ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കും അന്വേഷകര്‍ക്കും സൗകര്യമൊരുക്കി എന്നു ചുരുക്കം.
ഇസ്ലാമിന്റെ ആദ്യ നാലു നൂറ്റാണ്ടുകളില്‍ പകര്‍ത്തിയെഴുതിയ ധാരാളം ഖുര്‍ആന്‍ പകര്‍പ്പുകള്‍ ഇവിടെയുണ്ട്. ഹിജ്റ 262 (എഡി 876) ലെ ഡമസ്കസിലെ അബ്ബാസിയ ഗവര്‍ണറുടെ പതിപ്പ്, മൂന്നും നാലും നൂറ്റാണ്ടുകളിലെ മറ്റു ചില പതിപ്പുകള്‍, ഇമാം മാതുരീദി(റ)ന്റെ കിതാബുത്തൗഹീദ്, 628ലെ പേര്‍ഷ്യന്‍ ഖുര്‍ആന്‍ വ്യാഖ്യാനം, ദലാഇലുല്‍ ഖൈറാത്തിന്റെ ആഫ്രിക്കന്‍ പ്രതി, അല്‍മുഗ്നി, ഖുലാസതുല്‍ ഇഖ്തിസാസ്, അല്‍ഫിയ, അജാഇബുല്‍ മഖ്ലൂഖാത്, ബുഖാരി, മുസ്‌ലിം, സിഹാഹുസ്സിത്ത തുടങ്ങിയ അമൂല്യ ഗ്രന്ഥങ്ങളുടെ കയ്യെഴുത്ത് പ്രതികളെല്ലാം കേബ്രിഡ്ജിലെ മാനുസ്ക്രിപ്റ്റ് ലൈബ്രറിയില്‍ കാണാം.
ലണ്ടന്‍ നഗരത്തില്‍ ഇന്ന് ഏതാണ്ട് 130 പള്ളികളുണ്ട്. യുകെയില്‍ ആകെ 1500ലേറെ പള്ളികള്‍ വരും. അത്യാകര്‍ഷകമായ രൂപത്തിലും എ്യെത്തിലുമാണ് അവയെല്ലാം പടുത്തുയര്‍ത്തിയിട്ടുള്ളത്. ബ്രാഡ്ഫോഡില്‍ പണിതുകൊണ്ടിരിക്കുന്ന സ്വുഫ്ഫതുല്‍ ഇസ്‌ലാം മസ്ജിദ് ഏറെ ശ്രദ്ധേയമാണ്. വിദ്യാര്‍ത്ഥികളുടെ താമസത്തിനായി ബൃഹത്തായ സംവിധാനങ്ങള്‍, വിശാലമായ ലൈബ്രിറി, മയ്യിത്ത് പരിപാലന സംവിധാനങ്ങള്‍ തുടങ്ങിയവയെല്ലാം ഈ പള്ളിയോടനുബന്ധിച്ചുണ്ട്. മരണപ്പെട്ടവര്‍ക്കു നാല്‍പതു ദിവസം ഖുര്‍ആനോത്തിനായി പ്രത്യേക സ്ഥലം നിര്‍ണയിച്ചത് ഇവിടെ കാണാം.
സ്തൂപങ്ങളില്‍ മാത്രമല്ല, ജനങ്ങളുടെ വേഷത്തിലും ജീവിത ശൈലികളിലും വരെ ഇസ്ലാമിക സംസ്കാരം അനാച്ഛിദമാണ്. പുതു തലമുറക്ക് മതപഠനത്തിനായി മുസ്‌ലിം സ്വാധീന മേഖലകളില്‍ ധാരാളം മദ്റസകളും തത്തുല്യ സംവിധാനങ്ങളുമൊരുക്കിയിട്ടുണ്ട്. സന്തതികളെ ചിട്ടയോടെ ഇവിടങ്ങളില്‍ എത്തിക്കാനും രക്ഷിതാക്കള്‍ ഉത്സുകരാണ്.
ലണ്ടനിലെ അല്‍ മദീന മസ്ജിദിനോടനുബന്ധിച്ചുള്ള മദ്റസ സന്ദര്‍ശിക്കാനിടയായി. ആണ്‍ കുട്ടികളെല്ലാം ഇസ്ലാമിക പൈതൃകം വിളിച്ചോതുന്ന വിധം നീളന്‍ കുപ്പായവും തൊപ്പിയും പെണ്‍കുട്ടികള്‍ ഹിജാബും പാലിച്ചിട്ടുണ്ട്. ലണ്ടനിലെ പുതിയ തലമുറ ഇസ്ലാമിക പ്രസ്ഥാനങ്ങളുമായും ജീവിത രീതികളുമായും താദാത്മ്യം പ്രാപിക്കുന്നതിന്റെ നേര്‍ചിത്രമാണ് ഈ കുരുന്നുകള്‍. യൂറോപ്പിലും ഇംഗ്ലണ്ടിലും നമ്മുടെ സഹോദരങ്ങള്‍ ഇസ്ലാമോ ഫോബിയയെ എങ്ങനെ മറികടക്കുന്നുവെന്ന് ഈ കാഴ്ചകള്‍ തെളിയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ