തനിമയാർന്ന ചരിത്ര സത്യങ്ങളുടെ ഉള്ളറകളിൽ ഒരു പിടി മണ്ണ് പോലും അവകാശപ്പെടാനില്ലാത്ത സംഘപരിവാർ, യാഥാർഥ്യത്തോട് പുലബന്ധം പോലുമില്ലാത്ത മിത്തുകൾ പടച്ചുണ്ടാക്കാറുണ്ട്. സംഘപരിവാറിന്റെ ഇത്തരത്തിലുള്ള ‘ചരിത്ര നിർമിതി’ക്ക് ഏതാണ്ട് സമാനമായ സാഹചര്യമാണ് രാജ്യത്തുടനീളം നടന്ന വഖ്ഫ് കയ്യേറ്റങ്ങളുടെയും ചരിത്രത്തിന് പിന്നിലുള്ളത്. അയോധ്യയിൽ ഏക്കർ കണക്കിന് വരുന്ന വഖ്ഫ് ഭൂമിയാണ് അന്യാധീനപ്പെട്ടത്. ഇതിന് പകരം മുസ്‌ലിംകൾക്ക് ലഭിച്ചത് അയോധ്യയിൽ നിന്ന് 30 കിലോമീറ്റർ ദൂരെ ധാനിപ്പൂരിൽ അഞ്ച് ഏക്കർ ഭൂമിയാണ്. ഒരു ഭൂമി വഖ്ഫ് ചെയ്തു കഴിഞ്ഞാൽ എല്ലാ കാലത്തേക്കും അത് വഖ്ഫ് ഭൂമി തന്നെയാണെന്ന മതനിയമത്തിന് പുല്ലുവിലയാണ് കൽപ്പിക്കപ്പെട്ടത്. കൃത്രിമമായ രേഖകൾ ചമച്ചും വാഖിഫിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ തമസ്‌കരിച്ചുമാണ് ബാബരി മസ്ജിദും ഭൂമിയും സംഘപരിവാറുകാർ കയ്യേറ്റം നടത്തിയത്.
മധ്യപ്രദേശിലെ ഭോപ്പാലിലുള്ള വഖ്ഫ് ഭൂമി തങ്ങളുടേതാണെന്ന അവകാശവാദവുമായി ആർഎസ്എസ് രംഗത്തെത്തിയത് ഇത്തരത്തിലുള്ള കയ്യേറ്റങ്ങളിൽ സംഘപരിവാറിന്റെ പങ്ക് വ്യക്തമാക്കുന്ന ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. മധ്യപ്രദേശ് വഖ്ഫ് ബോർഡും ആർഎസ്എസും ഈ തർക്കത്തിൽ നിയമ പോരാട്ടത്തിലാണുള്ളത്. വഖ്ഫ് ഭൂമി കയ്യേറി ഇവിടെ ആർഎസ്എസ് പ്രവർത്തനങ്ങൾക്കായി കെട്ടിടങ്ങളുൾപ്പെടെ സ്ഥാപിക്കുകയാണ് അവർ ചെയ്തത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഏതാണ്ട് 17,000ത്തിലധികം വഖ്ഫ് സ്വത്തുക്കൾ പല കാരണങ്ങളാൽ രാജ്യത്താകമാനം കയ്യേറ്റത്തിനിരയായെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. ഇത് ലഭ്യമായ വിവരങ്ങളാണെങ്കിൽ റിപ്പോർട്ട് ചെയ്യപ്പെടാത്ത കയ്യേറ്റങ്ങൾക്ക് കണക്കില്ല. ഏറ്റവും കൂടുതൽ കയ്യേറ്റം നടന്നിരിക്കുന്നത് പഞ്ചാബിലാണ്. 5610 സ്വത്തുക്കളാണ് പഞ്ചാബിൽ കയ്യേറ്റത്തിനിരയായത്. മധ്യപ്രദേശ്, പശ്ചിമബാംഗാൾ, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലും വലിയ കയ്യേറ്റങ്ങളാണ് നടന്നിരിക്കുന്നത്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ നടന്ന വഖ്ഫ് കയ്യേറ്റങ്ങൾക്ക് കണക്കില്ല. ഇത്രയധികം സ്വത്തുക്കൾ നഷ്ടപ്പെട്ടിട്ടും അവ തിരിച്ച് പിടിക്കാനോ കയ്യേറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാനോ ആരും തുനിയാതിരുന്നത് കയ്യേറ്റക്കാരുടെ രാഷ്ട്രീയ, ഉദ്യോഗസ്ഥ ബന്ധം കൊണ്ട് മാത്രമാണ്.

വഖ്ഫ് കൈയേറ്റങ്ങളുടെ
സലഫീ മോഡൽ

ഇതുവരെ പറഞ്ഞത് ഇതര സംസ്ഥാനങ്ങളിലെ വിഷയമാണെങ്കിൽ കേരളത്തിലെ സലഫികൾ നടത്തിയത് വഖ്ഫ് കൊള്ളയുടെ മറ്റൊരു പതിപ്പാണ്. സംസ്ഥാനത്തെ വഖ്ഫ് സ്വത്തുക്കളിൽ ഭൂരിപക്ഷവും സുന്നികളുടേതാണ്. മരണപ്പെട്ടവർക്ക് ഖുർആൻ ഓതാനും മൗലിദോതാനും മഖ്ബറകൾക്ക് വേണ്ടിയും വഖ്ഫ് ചെയ്യപ്പെട്ട സ്വത്തുക്കളും ധാരാളം. പതിറ്റാണ്ടുകൾക്ക് മുമ്പ് വഖ്ഫ് ചെയ്യപ്പെട്ട ഇത്തരം സ്വത്തുക്കൾ കാലക്രമേണ തങ്ങളുടെ അക്കൗണ്ടിലേക്ക് കൊണ്ടുവരുന്നതാണ് സലഫികളുടെ കുതന്ത്രം.
വാഖിഫിന്റെ മരണവും അനന്തരാവകാശികളുടെ സൂക്ഷ്മതക്കുറവും ഉദ്യോഗസ്ഥരുടെ ശക്തമായ പിന്തുണയും വഖ്ഫ് ബോർഡിന്റെ കെടുകാര്യസ്ഥതയും ഈ കുതന്ത്രം പ്രാവർത്തികമാക്കുന്നതിന് സലഫികൾക്ക് സഹായകമായി. പാർട്ടിയുടെയും അവരുടെ നേതാക്കൾ അംഗങ്ങളായ വഖ്ഫ് ബോർഡിന്റെയും പിന്തുണയുണ്ടെങ്കിൽ എത്ര വലിയ വഖ്ഫ് സ്വത്തുക്കളും രേഖാപരമായി തങ്ങളുടെ ‘ചരിത്രപുസ്തക’ത്തിലേക്ക് തുന്നിച്ചേർക്കുന്നതിന് വഹാബികൾക്ക് യാതൊരു തടസ്സവുമില്ലെന്ന് തെളിയിക്കുന്നതാണ് വസ്തുതകൾ. കേരളത്തിൽ സുന്നികളുടെ പല വഖ്ഫ് സ്വത്തുക്കളും സ്ഥാപനങ്ങളും കൈക്കലാക്കിയ സലഫികളുടെ ചരിത്രവും വർത്തമാനവും ഇതിന്റെ നേർസാക്ഷ്യങ്ങളാണ്.
സംസ്ഥാന വഖ്ഫ് ബോർഡിലെ അനുകൂലാവസ്ഥയാണ് സലഫി കയ്യേറ്റങ്ങൾക്ക് സഹായകമായത്. വളഞ്ഞ വഴികളിലൂടെയും രാഷ്ട്രീയ പാർട്ടിയുടെ പിന്തുണയോടെയും വഖ്ഫ് ബോർഡിൽ കയറിപ്പറ്റിയവരാണ് സുന്നികളുടെ വഖ്ഫ് സ്വത്തുക്കളുടെ കയ്യേറ്റത്തിന് കൂട്ടുനിന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പള്ളികൾ കൈക്കലാക്കാനുള്ള ഗൂഢശ്രമങ്ങൾ സലഫികളിൽ നിന്നുണ്ടായി. കോഴിക്കോട് നഗരത്തിലെ പത്തിലധികം പള്ളികളാണ് കൃത്രിമ രേഖകളുണ്ടാക്കിയും പണം നൽകിയും മറ്റും സലഫികൾ കൈയടക്കിയത്. കോഴിക്കോട് നഗരത്തിലെ പട്ടാളപ്പള്ളി, മുഹ്‌യിദ്ദീൻ പള്ളി, ശാദുലി പള്ളി, നടക്കാവ് പോലീസ് സ്റ്റേഷന് സമീപമുള്ള പള്ളി, ഖലീഫ പള്ളി, ഇളയന്റെ പള്ളി, വലിയങ്ങാടിയിലെ കാദിരിക്കോയ പള്ളി തുടങ്ങിയവയാണ് ഇതിൽ പ്രധാനം. ആദ്യകാലം മുതൽ തന്നെ സുന്നി മുതവല്ലിമാരുടെ കീഴിലാണ് ഈ പള്ളികളെല്ലാം നടന്നുവന്നിരുന്നത്. വ്യാജ മിനുട്‌സുകൾ നിർമിച്ചും ജനറൽ ബോഡിയിലുൾപെടെ സലഫി ആശയക്കാരെ കൃത്രിമമായി കുത്തിത്തിരുകിയുമാണ് ഈ പള്ളികളിൽ പലതും സലഫികൾ സ്വന്തമാക്കിയത്.
1957 വരെ സുന്നി ആചാര പ്രകാരം നടന്നുവന്ന മുഹ്‌യിദ്ദീൻ ശൈഖിന്റെ നാമധേയത്തിലുള്ള മൊയ്തീൻ പള്ളി കുതന്ത്രത്തിലൂടെയാണ് സലഫികൾ കൈയടക്കിയത്. മൊയ്തീൻ പള്ളിയിൽ റാത്തീബ് ഖാന ഉണ്ടായിരുന്നുവെന്ന് സലഫികൾ തന്നെ മുജാഹിദ് എട്ടാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇറക്കിയ സുവനീറിൽ വ്യക്തമാക്കിയിട്ടുണ്ട്. മാല, മൗലിദ്, റാത്തീബ്, ദിക്‌റ് ഹൽഖ എന്നിവയും ഇവിടെ നടന്നിരുന്നുവെന്നും സുവനീറിലുണ്ട്.
1947ൽ പരിസരവാസികളായ ഏതാനും പേർ ചേർന്ന് മൊയ്തീൻ പള്ളി പരിപാലന കമ്മിറ്റി എന്ന പേരിൽ കമ്മിറ്റിയുണ്ടാക്കി. സുന്നി ആചാര പ്രകാരം നടന്നുവന്ന പള്ളി തട്ടിയെടുക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ തുടക്കമായിരുന്നു ഇതെന്ന് പിന്നീടാണ് വ്യക്തമായത്. രജിസ്റ്റർ ചെയ്ത നിയമത്തിലെ അഞ്ചാം വകുപ്പ് പ്രകാരം പള്ളി മഹല്ലിലെ താമസക്കാരായ 18 വയസ്സായ ഏതൊരു മുസ്‌ലിമിനും ഒരു രൂപ വാർഷിക വരിസംഖ്യ അടച്ച് കമ്മിറ്റിയിൽ ജനറൽ ബോഡി അംഗമാകാം. അന്ന് ഏകദേശം 1500ഓളം യോഗ്യരിൽ ഏതാണ്ട് 400 പേർ അംഗങ്ങളായി ചേർന്നു. 1957ൽ ആരാധനാ സമ്പ്രദായം മാറ്റിയപ്പോഴാണ് ഗൂഢോദ്ദേശ്യം തിരിച്ചറിഞ്ഞത്. തുടർന്ന് കൂടുതൽ പേർ നിയമപ്രകാരം അംഗത്വത്തിന് അപേക്ഷിച്ചെങ്കിലും നിഷേധിക്കപ്പെട്ടു.
ഇമാമായ അബൂബക്കർ മൊല്ലയെ 1957ൽ പിരിച്ചുവിട്ടു. നിസ്‌കാരക്രമം മാറ്റിയതോടെ സുന്നികൾ സ്വന്തം നിലയിൽ നിസ്‌കാരം തുടങ്ങി. ഇതിനെതിരെ പള്ളിക്കമ്മിറ്റി കോടതിയെ സമീപിച്ചെങ്കിലും മൂന്ന് വഖ്ത് നിസ്‌കാരം സുന്നികൾ തങ്ങളുടെ ഇമാമിന്റെ കീഴിൽ ആദ്യം നടത്താനും ശേഷം മുജാഹിദ് ആചാര പ്രകാരം നടത്താനും തീരുമാനമായി. ഇശാ, സുബ്ഹി നിസ്‌കാരങ്ങൾ ആദ്യം മുജാഹിദ് ഇമാമിന്റെ കീഴിൽ നടത്താനും ശേഷം സുന്നി ആചാര പ്രകാരം നടത്താനും തീരുമാനമായി. ബഹുഭൂരിപക്ഷം വരുന്ന സുന്നികളുള്ള മഹല്ലിൽ കൃത്രിമ മാർഗങ്ങളിലൂടെ പള്ളിഭരണം തട്ടിയെടുത്ത് ആരാധനാക്രമം മാറ്റുന്ന കുതന്ത്രം വളരെ ആസൂത്രിതമായി നടപ്പിൽ വരുത്തുകയായിരുന്നു.
ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ ആചാരങ്ങൾക്കെതിരായി ആരാധനാ സമ്പ്രദായങ്ങൾ മാറ്റാൻ കമ്മിറ്റിക്ക് അധികാരമില്ലെന്ന് സുന്നികൾ വാദിച്ചു. ഈ വിവാദം തുടങ്ങിയപ്പോൾ പള്ളിക്കമ്മിറ്റിയിൽ 418 അംഗങ്ങളുണ്ടായിരുന്നു. ഭൂരിപക്ഷം അംഗങ്ങളുടെ ഇംഗിതം അംഗീകരിക്കാതെയാണ് വഹാബികൾ പ്രവർത്തിച്ചത്. 418ന് പുറമെ കൂടുതൽ സുന്നികൾ അംഗത്വത്തിന് അപേക്ഷിക്കാൻ തുടങ്ങിയപ്പോൾ വഹാബികൾ മറ്റൊരു നിയമരാഹിത്യം കൂടി ചെയ്തു. സൊസൈറ്റീസ് രജിസ്‌ട്രേഷൻ നിയമത്തിന്റെ നിബന്ധനകൾ പാലിക്കാതെ ഭരണഘടന ഭേദഗതി ചെയ്തു. ജനറൽ ബോഡി അംഗത്വം 40 മാത്രമാക്കിയും ആർക്കും അംഗത്വം നിഷേധിക്കുന്നതിന് നിലവിലുള്ള കമ്മിറ്റിക്ക് അധികാരം നൽകുന്നതുമായിരുന്നു ഭേദഗതി. ഇതോടെ 40 മുജാഹിദുകളെ നിലനിർത്തി 378 സുന്നി അംഗങ്ങൾ പുറത്താക്കപ്പെട്ടു. ബഹുഭൂരിപക്ഷം വരുന്ന സുന്നികളെ വെറും ന്യൂനപക്ഷം വരുന്ന സലഫി വിഭാഗം പുറത്താക്കിയ കുതന്ത്രമായിരുന്നു ഇത്. 1962ൽ സുന്നി ഇമാമിന്റെ കീഴിൽ നടന്നുവന്ന ജമാഅത്ത് നിസ്‌കാരത്തിനെതിരെ വഹാബികൾ സ്റ്റേ വാങ്ങി. 1965ൽ മലയാളത്തിലുള്ള ഖുതുബ മഹല്ല് നിവാസികളുടെ അംഗീകാരമില്ലാതെ അവരുടെ ആചാരത്തിന് വിരുദ്ധമായി തുടങ്ങുകയായിരുന്നു.
കൃത്രിമമായ രേഖ ചമച്ചുകൊണ്ടാണ് ഇത് സാധിച്ചെടുത്തതെങ്കിൽ കോഴിക്കോട് വലിയങ്ങാടിയിലെ ഖലീഫ പള്ളിയുടെ മുതവല്ലി സ്ഥാനം പണം കൊടുത്ത് കൈവശം വാങ്ങുകയായിരുന്നുവെന്നാണ് സലഫികൾ തന്നെ വെളിപ്പെടുത്തിയത്. പരമ്പരാഗത മുതവല്ലി ഭരണത്തിലായിരുന്ന ഖലീഫ പള്ളി ഇട്ടോളി അഹ്‌മദ്‌കോയ ഹാജിയെന്ന ആളുടെ ‘ബുദ്ധിപര’വും സമർഥവുമായ നീക്കത്തിലൂടെയാണ് സലഫി മാർഗത്തിലായതെന്നാണ് ബിദഇകളുടെ വാദം. കുതന്ത്രത്തിലൂടെ പള്ളി പിടിച്ചടക്കുകയായിരുന്നുവെന്നർഥം.
നഗരത്തിൽ മാനാഞ്ചിറക്ക് എതിർവശം സുന്നികളിൽ നിന്ന് കൈവശപ്പെടുത്തിയ പട്ടാളപ്പള്ളിയെക്കുറിച്ച് 1992ലെ സുവനീറിൽ വിശദമായി വിവരിക്കുന്നുണ്ട്. അറുപതോളം മുജാഹിദ് ആശയക്കാരായിരുന്നു അന്ന് ഇവിടെ ഉണ്ടായിരുന്നതെന്നും കുഞ്ഞോയി വൈദ്യർ, പിഎസ് മാമു സാഹിബ് മുതലായവർ ഉൾക്കൊള്ളുന്ന പള്ളിക്കമ്മിറ്റിയുടെ നിർദേശം പ്രമുഖ പണ്ഡിതനും ഖത്തീബുമായ മൊയ്തീൻ മുസ്‌ലിയാർ അംഗീകരിക്കുകയും അതുവരെ നടന്നുവന്നിരുന്ന നബാത്തിയ്യ ഖുതുബക്ക് പകരം മലയാള ഭാഷയിൽ ഖുതുബ നടത്തിത്തുടങ്ങുകയും ചെയ്തുവെന്നുമാണ് വഹാബികൾ അവകാശപ്പെടുന്നത്. അതായത് അതുവരെ ഇവിടെ അറബിയിലാണ് ഖുതുബ നടന്നിരുന്നതെന്ന് ഇവർ തന്നെ സമ്മതിക്കുന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇത്തരത്തിൽ വലിയ തോതിലുള്ള സലഫി കയ്യേറ്റങ്ങളുണ്ടായിട്ടുണ്ട്. എടവണ്ണ പള്ളി, ഒതായി പള്ളി ഉൾപ്പെടെയുള്ളവ സലഫീ കയ്യേറ്റങ്ങൾക്കിരയായ പള്ളികളാണ്.

ദാറുൽ ഉലൂം,
കുറ്റിക്കാട്ടൂർ ഒരു പാഠം

കേരളത്തിൽ ഇസ്‌ലാമിക ചരിത്രത്തിന്റെ മഹിതമായ അധ്യായം രചിച്ച സ്ഥാപനമാണ് മലപ്പുറം ജില്ലയിലെ വാഴക്കാട് ദാറുൽ ഉലൂം. സംസ്ഥാനത്തെ അറിയപ്പെടുന്ന പണ്ഡിതർ ഈ സ്ഥാപനത്തിൽ മുതഅല്ലിംകളായോ മുദരിസുമാരായോ എത്തിയവരാണ്. ഏറ്റവും മികച്ച ദർസ് നടന്നിരുന്ന സ്ഥാപനങ്ങളിലൊന്ന്. പിന്നെയെങ്ങനെ ഈ സ്ഥാപനം വഹാബികളുടെ കയ്യേറ്റത്തിന് ഇരയായി എന്നതാണ് ചോദ്യം. രേഖകളിൽ കൃത്രിമം നടത്തിയും സുന്നി ആശയങ്ങൾ അപ്പാടെ തിരസ്‌കരിച്ചുമാണ് പതിയെ ഈ സ്ഥാപനത്തെയും പുത്തൻ ആശയക്കാർ വിഴുങ്ങിയതെന്ന് വ്യക്തം.
മതവിജ്ഞാനത്തോടുള്ള കൊയപ്പത്തൊടി കുടുംബത്തിന്റെ അടങ്ങാത്ത മോഹമാണ് ദാറുൽ ഉലൂം എന്ന സ്ഥാപനത്തിന്റെ പിറവിയിലേക്ക് നയിച്ചത്. മമ്മദ് രായിൻ എന്നയാളുടെ മക്കളായ മോയിൻ കുട്ടി, ആലിക്കുട്ടി എന്നിവരാണ് വാഴക്കാട്ടെത്തിയ കൊയപ്പത്തൊടിക്കാരുടെ പൂർവ പിതാക്കൾ. ഇവരുടെ പിന്മുറയിൽ പെട്ട ശിരസ്തദാർ മുഹമ്മദ് കുട്ടിയുടെ പരമ്പരയാണ് ഇന്നത്തെ കൊയപ്പത്തൊടി കുടുംബം. കൃഷിയും മരക്കച്ചവടവുമായിരുന്നു പ്രധാന തൊഴിൽ. നല്ല സാമ്പത്തിക നിലയിലായിരുന്ന ഇവർ നാടിന്റെ മതകീയ മുന്നേറ്റങ്ങൾക്ക് സ്വത്തുക്കൾ ഉപയോഗപ്പെടുത്തി.
1871ലാണ് ദാറുൽ ഉലൂം സ്ഥാപിച്ചത്. ശിരസ്തദാർ മുഹമ്മദ് കുട്ടിയുടെ നാലാമത്തെ പുത്രൻ അഹമ്മദ് അധികാരിയുടെ മകൻ ഖാൻ സാഹിബെന്ന ഖാൻ ബഹദൂർ മമ്മത് കുട്ടി മുതവല്ലിയായ സമയത്താണ് തന്മിയത്തുൽ ഉലൂം എന്ന ആദ്യത്തെ പേര് ദാറുൽ ഉലൂം എന്നാക്കിയത്. 100 വിദ്യാർഥികൾക്ക് ഉയർന്ന സൗകര്യത്തിൽ താമസിച്ച് മതവിദ്യാഭ്യാസം നേടാനും അവർക്ക് ഭക്ഷണം നൽകാനും വഖ്ഫ് ആധാരത്തിൽ നിർദേശമുണ്ട്. 24 മണിക്കൂർ ഖുർആൻ ഓത്തിനുൾപെടെ സംവിധാനമൊരുക്കണമെന്നും നിർദേശമുണ്ടായിരുന്നു.
എന്നാൽ ഇന്ന് ഇവിടെ അന്നത്തെ ദർസിന്റെ തുടർച്ചയില്ലെന്ന് മാത്രമല്ല ഖുർആനോത്തും നിലച്ചു. തന്നെയുമല്ല, സലഫികൾ കൈകാര്യം ചെയ്യുന്ന സ്ഥാപനമായി മാറുകയും ചെയ്തു. കാലിക്കറ്റ് സർവകലാശാല അംഗീകാരമുള്ള അഫ്‌സലുൽ ഉലമ കോളജ്, സ്വാശ്രയ ബിഎഡ് കോളജ്, സിബിഎസ്ഇ സ്‌കൂൾ തുടങ്ങിയവയാണ് ഇവിടെയുള്ളത്. ഈ സ്ഥാപനങ്ങളെല്ലാം സ്ഥാപിതമായത് വഖ്ഫ് ചട്ടങ്ങൾക്ക് വിരുദ്ധമായാണ്. പരമ്പരാഗത ദർസുള്ള സമയത്ത് പഠിക്കുന്ന മുതഅല്ലിംകൾക്ക് വേണ്ടിയായിരുന്നു അന്ന് അഫ്‌സലുൽ ഉലമ കോഴ്‌സിന് ഇവിടെ സംവിധാനമൊരുക്കിയിരുന്നത്. പിന്നീട് ഇതിന്റെ രൂപം മാറി. കൊയപ്പത്തൊടി കുടുംബത്തിലെ തലമുതിർന്ന കണ്ണികളിലൊരാളായ മോയിൻ ബാപ്പു നിരാഹാര സമരം നടത്തിയതിനെ തുടർന്ന് ഇവിടെ രാവിലെ ആറ് മുതൽ പത്ത് വരെ ഖുർആൻ ഓതുന്നതിനുള്ള സംവിധാനമേർപെടുത്തി.
കൊയപ്പത്തൊടി കുടുംബത്തിലെ മുജാഹിദ്, ജമാഅത്ത് ആശയക്കാരാണ് ദാറുൽ ഉലൂമിനെ ഇന്നത്തെ ദുരവസ്ഥയിലേക്ക് നയിച്ചതെന്ന് മോയിൻ ബാപ്പു വ്യക്തമാക്കുന്നു. കഴിഞ്ഞ 24 വർഷമായി വാഖിഫിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ സ്ഥാപനത്തിൽ അതേപടി അംഗീകരിച്ചുകിട്ടാൻ മോയിൻ ബാപ്പു കേസ് നടത്തുകയാണ്. എന്നാൽ ഇക്കാര്യത്തിൽ ഇത്ര കാലമായിട്ടും ഒരു അന്തിമ നടപടിയുണ്ടായിട്ടില്ലെന്നതാണ് യാഥാർഥ്യം. മാത്രമല്ല, ഇവിടെ നിന്ന് ലഭിക്കുന്ന വരുമാനങ്ങൾ ഇപ്പോൾ എങ്ങോട്ട് പോകുന്നുവെന്നതിനും കൃത്യമായ ഉത്തരമില്ല. ലക്ഷക്കണക്കിന് രൂപയാണ് ഇവിടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ ലഭിക്കുന്നതെന്ന് മോയിൻ ബാപ്പു പറയുന്നു. സുന്നി വഖ്ഫിന്റെ മേലുള്ള സലഫികളുടെ കയ്യേറ്റം പകൽ പോലെ വ്യക്തമാക്കുന്നുണ്ട് വാഴക്കാട് ദാറുൽ ഉലൂം.
ശക്തമായ രാഷ്ട്രീയ സ്വാധീനത്തിൽ വഖ്ഫ് സ്വത്തുക്കൾ മറിച്ച് വിറ്റുവെന്ന് ആരോപണമുയർന്ന സ്ഥാപമാണ് കുറ്റിക്കാട്ടൂർ യത്തീംഖാന. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് വഖ്ഫ് ബോർഡിൽ നിന്ന് തന്നെ പിന്തുണ ലഭിച്ചുവെന്ന് വ്യക്തം. ഉന്നത രാഷ്ട്രീയ നേതാവിന്റെ ബന്ധുവിന്റെ ട്രസ്റ്റിന് ചുളുവിലയ്ക്ക് ഭൂമി കൈമാറ്റം ചെയ്തുവെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. 1987ലാണ് കുറ്റിക്കാട്ടൂർ മുസ്‌ലിം ജമാഅത്തിന് കീഴിൽ കുറ്റിക്കാട്ടൂരിൽ യതീംഖാന തുടങ്ങിയത്. ജമാഅത്ത് കമ്മിറ്റിയിലെ തന്നെ ചിലർ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് സ്ഥാപനം മറ്റൊരു ട്രസ്റ്റിന് 1999ന് വിൽപന നടത്തി. പരാതി വഖ്ഫ് ബോർഡിന്റെ മുന്നിലെത്തിയെങ്കിലും പത്ത് വർഷത്തോളം ഇത് നീട്ടിക്കൊണ്ടുപോവുകയായിരുന്നു.
എന്നാൽ രാഷ്ട്രീയ പാർട്ടിയുടെ നേതാവ് ചെയർമാനായ സമയത്ത് പ്രസ്തുത വിൽപന ശരിവെച്ചു. തുച്ഛമായ അയ്യായിരം രൂപക്കാണ് ഭൂമി വിൽപന നടത്തിയതെന്നാണ് ജമാഅത്ത് കമ്മിറ്റിയിലുള്ളവർ വ്യക്തമാക്കുന്നത്. 2016ൽ വഖ്ഫ് ട്രിബ്യൂണൽ സ്ഥാപിതമായപ്പോൾ ബോർഡ് അംഗീകരിച്ച സ്ഥല വിൽപന ട്രിബ്യൂണൽ റദ്ദാക്കി. ഭൂമി ജമാഅത്തിന് കീഴിലാണെന്നും വിൽപന നിയമവിരുദ്ധമാണെന്നും ട്രിബ്യൂണൽ വിധിയെഴുതി. 2013ന് മുമ്പ് നടന്ന വിൽപനയായിരുന്നെങ്കിലും തതുല്യമായ ഭൂമി കൈമാറണമെന്ന നിബന്ധന പോലും പാലിക്കാതെയായിരുന്നു വിൽപന. കോടികളുടെ വഖ്ഫ് സ്വത്തുക്കൾ അന്യാധീനപ്പെട്ടതെങ്ങനെയെന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് കുറ്റിക്കാട്ടൂർ യത്തീംഖാന.
ഇത്തരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ രാഷ്ട്രീയ പാർട്ടിയുടെയും സലഫികളുടെയും അവിശുദ്ധ സഹകരണത്തോടെ നിരവധി സ്ഥാപനങ്ങളുടെ കയ്യേറ്റങ്ങൾ നടന്നുവെന്ന് രേഖകൾ വ്യക്തമാക്കുന്നു.

ബോർഡ് അറിഞ്ഞും
അറിയാതെയും കൈയേറ്റങ്ങൾ

രണ്ട് തരത്തിലാണ് പ്രധാനമായും വഖ്ഫ് കയ്യേറ്റങ്ങൾ നടക്കാൻ സാധ്യത. ഒന്ന് വഖ്ഫ് ബോർഡിന്റെ അറിവോടെ. മറ്റൊന്ന് വഖ്ഫ് ബോർഡ് അറിയാതെ. രേഖാപരമായ കയ്യേറ്റങ്ങൾക്ക് മാത്രമേ വഖ്ഫ് ബോർഡ് കൂട്ടുനിന്നിട്ടുണ്ടാവുകയുള്ളൂ. അല്ലാത്തവ ബോർഡ് അറിയാനിടയില്ല. അതാത് മുതവല്ലിമാരും കയ്യേറ്റക്കാരും ഒത്തുകളിച്ചുള്ള കയ്യേറ്റമാണ് രണ്ടാമത്തേത്. ഒരു പക്ഷേ മുതവല്ലിമാർ തന്നെയായിരിക്കും കയ്യേറ്റക്കാർ. അങ്ങനെ ഒത്തുകളിച്ചതാണെങ്കിൽ തിരിച്ചുപിടിക്കാൻ വഖ്ഫ് ബോർഡിന് പ്രയാസങ്ങളില്ല.
2013ന് മുമ്പുള്ള വഖ്ഫ് കൈമാറ്റങ്ങൾ നടക്കണമെങ്കിൽ വഖ്ഫ് ബോർഡിന്റെ അനുമതി വേണം. കൂടാതെ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന്റെ അംഗീകാരവും ആവശ്യമാണ്. 2013ന് ശേഷം ഒരു തരത്തിലുള്ള വഖ്ഫ് സ്വത്തുക്കളുടെ കൈമാറ്റങ്ങളും സാധ്യമല്ല. വഖ്ഫ് ആക്ട് ഭേദഗതി വരുത്തിയതാണ് കാരണം. അതേസമയം സംസ്ഥാനത്ത് വഖ്ഫ് കയ്യേറ്റങ്ങൾ എത്ര നടന്നുവെന്നതിന് കൃത്യമായ കണക്കില്ല. പല സ്ഥലങ്ങളിലും വഖ്ഫ് കയ്യേറ്റം സംബന്ധിച്ച കേസുകൾ നടക്കുന്നുണ്ട്. കേസുകൾ പലപ്പോഴും അനന്തമായി നീണ്ടുപോകുന്ന സാഹചര്യമാണുള്ളത്. രാജ്യത്തെ മുസ്‌ലിം പുരോഗതിക്ക് വേണ്ടി ഉപയോഗപ്പെടുത്തേണ്ടവയാണ് വഖ്ഫ് സ്വത്തുക്കൾ. വഖ്ഫ് സ്വത്തുക്കൾ അന്യാധീനപ്പെട്ടു പോകുന്നത് മുസ്‌ലിം പുരോഗതിക്ക് തടസ്സം സൃഷ്ടിക്കും. ലക്ഷക്കണക്കിന് കോടി രൂപയുടെ വഖ്ഫ് സ്വത്തുക്കൾ കയ്യേറ്റം ചെയ്യപ്പെട്ടുവെന്ന കേസ് ഇപ്പോൾ സുപ്രീം കോടതിയുടെ മുമ്പിലുണ്ട്. ഇക്കാര്യത്തിൽ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ വിശദീകരണം തേടിയിരിക്കുകയാണ് സുപ്രീം കോടതി.
രാജ്യത്തെ വഖ്ഫ് സ്വത്തുക്കളുടെ ഏറിയ പങ്കും ഉത്തർപ്രദേശിലാണുള്ളത്. എന്നാൽ മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥക്ക് പരിഹാരമായി ഇവ ഉപയോഗപ്പെടുത്തുന്നില്ലെന്ന് വേണം മനസ്സിലാക്കാൻ. കേരളത്തിലും ഇത്തരത്തിൽ വഖ്ഫ് കയ്യേറ്റ ഭൂമികളും സ്ഥാപനങ്ങളും ഒഴിപ്പിച്ച് മുസ്‌ലിം സമുദായത്തിന്റെ പുരോഗമന പ്രവർത്തനങ്ങൾക്ക് എങ്ങനെയൊക്കെ ഉപയോഗപ്പെടുത്താൻ കഴിയുമെന്നതിനെ കുറിച്ചാണ് ആലോചന വേണ്ടത്. ഭരണകൂടവും പക്ഷപാതിത്വമില്ലാതെ പ്രവർത്തിച്ച് വഖ്ഫ്‌ബോർഡും ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുമെന്ന് പ്രത്യാശിക്കാം.

ശഫീഖ് കാന്തപുരം

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ