വിശ്വാസം, കർമം, സംസ്‌കാരം തുടങ്ങി സർവതല സ്പർശിയായ ഇസ്‌ലാമിന് ഭദ്രമായൊരു അടിത്തറയുണ്ട്. ഖുർആൻ പറയുന്നു: അതിന്റെ ഉപമ വേരുകളുറച്ച ശിഖിരങ്ങളുയർന്ന വടവൃക്ഷം പോലെയാണ് (സൂറതുൽ ഇബ്‌റാഹീം 23).
മനുഷ്യനിർമിതമോ അവന്റെ താൽപര്യങ്ങൾക്കനുസരിച്ച് രൂപപ്പെട്ടതോ അല്ല, മറിച്ച് മനുഷ്യനെയും പ്രപഞ്ചത്തെയും സൃഷ്ടിച്ച് അവരുടെ വിജയവും പരാജയവും വ്യക്തമായറിയുന്ന അല്ലാഹുവിന്റെ നിയമസംഹിതയാണ് മതം. അതിൽ മനുഷ്യന് കൂട്ടാനോ കുറക്കാനോ ഒന്നുമില്ല. അത് സർവ കാലികമാണ്, തിരുത്തലുകൾക്കതീതവും.
മനുഷ്യനിർമിതവും കൈകടത്തലുകൾക്ക് വിധേയമാക്കപ്പെട്ടതുമായ പ്രത്യയ ശാസ്ത്രങ്ങൾക്കോ മതങ്ങൾക്കോ കാലത്തെ അതിജീവിക്കാനോ കൃത്യമായ അടിസ്ഥാനത്തിൽ നിലയുറപ്പിക്കാനോ സാധ്യമല്ല. ചരിത്രത്തിൽ അതിനു നിരവധി ഉദാഹരണങ്ങൾ കാണാം. അത്തരത്തിലൊന്നാണ് വഹാബിസം. കേവല മനുഷ്യനിർമിത പ്രസ്ഥാനം എന്നതിലുപരി മനുഷ്യത്വത്തിനെതിരെ നിർമിക്കപ്പെട്ട തീവ്ര-ഭീകര പ്രസ്ഥാനമാണ് വഹാബിസം.
മുസ്‌ലിംകളിൽ നിന്നു വിശ്വാസത്തിന്റെ സത്ത ഊരിമാറ്റി അവരെ ദുർബലപ്പെടുത്തി തങ്ങളുടെ അധിനിവേശ താൽപര്യങ്ങൾക്ക് ഇരയാക്കാനുള്ള ബ്രിട്ടീഷ് തന്ത്രത്തിന്റെ ഉൽപന്നമാണ് ഇബ്‌നു അബ്ദിൽ വഹാബും വഹാബീ മൂവ്‌മെന്റും. അദ്ദേഹത്തിന്റെ വാദങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം: യഥാർത്ഥ ഇസ്‌ലാമും മുസ്‌ലിംകളും ആറ് നൂറ്റാണ്ടു കാലമായി അന്യമായിരിക്കുന്നു. ഞാൻ അതിനെ പുനഃസ്ഥാപിക്കുകയാണ്. താനും തന്റെ അനുയായികളും മാത്രമാണ് മുസ്‌ലിംകൾ. പുറത്തുള്ളവർ ബഹുദൈവ വിശ്വാസികളും കൊല്ലൽ നിർബന്ധമായവരുമാണ്. നജ്ദും തന്റെ ഭരണത്തെ അംഗീകരിക്കുന്ന പ്രദേശങ്ങളും ദാറുൽ ഈമാനും ഹറമുൾപ്പെടെ മറ്റിടങ്ങൾ ദാറുൽ ഹർബുമാണ്. അത്തരം ഇടങ്ങൾ യുദ്ധം ചെയ്തു കീഴ്പ്പെടുത്തേണ്ടതുണ്ട്. ഇബ്നു തൈമിയ്യയുടെയും ഇബ്‌നുൽ ഖയ്യിമിന്റെയും ഗ്രന്ഥങ്ങൾ ഒഴികെ മറ്റു പണ്ഡിതരുടെ ഗ്രന്ഥങ്ങൾ അംഗീകരിക്കുകയോ പഠിപ്പിക്കുകയോ ചെയ്യരുത്.
അത്യന്തം അപകടകരമായ ഈ വാദങ്ങളുമായി രംഗത്തുവന്ന ഇബ്‌നു അബ്ദിൽ വഹാബിനോട് തന്റെ സഹോദരൻ ശൈഖ് സുലൈമാൻ ഒരിക്കൽ ഇസ്ലാം കാര്യങ്ങൾ എത്രയാണെന്ന് ചോദിച്ചു. അഞ്ചാണെന്ന് മറുപടി പറഞ്ഞ ഇബ്നു അബ്ദിൽ വഹാബിനോട് ‘നിന്റെ വാദപ്രകാരം അത് ആറാവുകയില്ലേ’ എന്നായിരുന്നു ശൈഖ്സുലൈമാന്റെ പ്രതികരണം. നീയും നിന്റെ അനുയായികളും അല്ലാത്തവർ മുസ്‌ലിംകളല്ല, കാഫിറുകളാണ് എന്ന് വിശ്വസിക്കൽ നിർബന്ധമാണെന്ന് നീ വാദിക്കുന്നില്ലേ എന്നതായിരുന്നു കാരണം.
ശൈഖ് സുലൈമാൻ സഹോദരനെ കുറിച്ച് പറയുന്നു: ‘ഇബ്‌നു അബ്ദിൽ വഹാബ് ഫിഖ്ഹിനെ നിഷേധിച്ച് പുതിയ സങ്കൽപങ്ങൾ അവതരിപ്പിച്ചു. ഇബ്‌നു തൈമിയ്യയുടെയും ശിഷ്യൻ ഇബ്നുൽ ഖയ്യിമിന്റെയും വാക്കുകൾ അടിസ്ഥാന തെളിവായി അദ്ദേഹം കണ്ടു. തന്റെ വാദങ്ങൾക്കെതിരെ വരുന്നവരെ കാഫിറാക്കുകയും അവരെ വധിക്കൽ ഹലാലാണെന്ന് ഫത്‌വ ഇറക്കുകയും ചെയ്തു (സുഹ്ബുൽ വാബില).
ഇസ്ലാമിനന്യമായ വാദങ്ങളുടെ പ്രയോഗവൽകരണത്തിന് എല്ലാ സീമകളും ലംഘിച്ചുള്ള വഹാബി വാഴ്ചയാണ് നടന്നത്. നിസ്‌കരിക്കുന്നവരും മാറിടത്തിലെ കുഞ്ഞുങ്ങളും ഗർഭസ്ഥ ശിശുക്കളും രക്തത്തിൽ കുളിച്ച ചരിത്രം കണ്ണീരിറ്റാതെ വായിക്കാനാവില്ല. ഹറമിന്റെ ചരിത്രകാരൻ ശൈഖ് സൈനീ ദഹ്‌ലാൻ(റ) ‘ഉമറാഉ ബലദിൽ ഹറാം’ എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തി: ‘വഹാബികൾ ത്വാഇഫിൽ കടന്നുകയറി ജനങ്ങളെ പരക്കെ വെട്ടിക്കൊന്നു. വൃദ്ധരെയും ചെറുപ്പക്കാരെയും, സാധാരണക്കാരെയുമെല്ലാം അവർ വകവരുത്തി. മാതാവിന്റെ മാറിടത്തിൽവെച്ച് കൈകുഞ്ഞുങ്ങളെ അവർ കൊലചെയ്തു. വീടകങ്ങളിൽ അതിക്രമിച്ചു കയറി, അവിടെ അഭയം പ്രാപിച്ചവരെ പിടിച്ചിറക്കി നിർദയം കൊലക്കിരയാക്കി. പഠിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥികളെയെല്ലാം കൊന്നു. നിസ്‌കാരത്തിൽ റുകൂഇലും സുജൂദിലും ഏർപ്പെട്ടിരുന്നവരെ പോലും അവർ വധിച്ചുകളഞ്ഞു. അങ്ങനെ ആ സമൂഹത്തെ മുഴുവൻ വഹാബികൾ കൊന്നൊടുക്കി. മുസ്വ്ഹഫിന്റെയും ഹദീസ്, ഫിഖ്ഹ് ഗ്രന്ഥങ്ങളുടെയും കോപ്പികൾ കത്തിച്ച് ചാമ്പലാക്കി. ത്വാഇഫിലെ മുസ്‌ലിംകളിൽ നിന്ന് കൊലചെയ്യപ്പെട്ടവരുടെ സ്വത്തുക്കൾ അഞ്ചിൽ ഒന്ന് നേതാവിനും ബാക്കി അനുയായികൾക്കും എന്ന തോതിൽ വഹാബികൾ ഭാഗിച്ചെടുത്തു.’
തങ്ങളുടെ ആശയങ്ങൾ ചെവികൊള്ളാത്തവരെ അക്രമികളായി മുദ്രകുത്തുന്നതും കൊലക്കിരയാക്കുന്നതും ഇസ്‌ലാമികമല്ല, മാനുഷികമല്ല. ഇസ്‌ലാമിലെ തന്നെ മറ്റൊരു പിഴച്ച വിഭാഗമായ ഖവാരിജുകളോട് സ്വഹാബത്ത് സ്വീകരിച്ച സമീപനം അതിനൊരു പാഠമാണ്. ‘ആദ്യമവരോട് അധർമത്തിൽ നിന്നു മാറിനിൽക്കാനാവശ്യപ്പെട്ടു. അതിനോടവർ മുഖംതിരിച്ചപ്പോൾ ഇബ്‌നു അബ്ബാസ്(റ)വിനെ അവരിലേക്കയച്ചു സംവാദം നടത്തി. എട്ടായിരത്തിൽ നിന്ന് നാലായിരം ആളുകൾ മടങ്ങിവന്നു. ബാക്കിയുള്ളവരോട് സമാധാന കാരാറിലേർപ്പെടാനാവശ്യപ്പെട്ടു. നിങ്ങളുള്ളയിടത്ത് നിലകൊള്ളാം. പക്ഷേ ഒരാളുടേയും രക്തം ചിന്തരുത്, ജീവനെടുക്കരുത്, അക്രമമരുത്. അലി(റ) അവർക്ക് കത്തെഴുതി. പക്ഷേ അവർ സ്വഹാബിയായ അബ്ദുല്ലാഹിബ്‌നു ഖബാബ്(റ)നെ വധിച്ചു. ഗർഭിണിയുടെ വയറു പിളർന്ന് കുഞ്ഞിനെ പുറത്തെടുത്ത് കൊന്നു. ഈ അവസരത്തിൽ കൊലപാതകിയെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക ഭരണാധികാരിയായ അലി(റ)വിന് ആവശ്യമായിരുന്നു. കൊലപാതകികളെ പിടിച്ചുതരാനാവശ്യപ്പെട്ട് അലി(റ) അവർക്ക് കത്തെഴുതി. അതിനു വിസമ്മതിച്ച അക്രമികൾ ഞങ്ങളെല്ലാം ചേർന്നാണ് അബ്ദുല്ലാഹിബ്നു ഖബ്ബാബ്(റ)നെ കൊലപ്പെടുത്തിയതെന്ന് പ്രതികരിച്ചു.
ഇസ്ലാമിക ഭരണത്തലവൻ അലി(റ)വിനെ ധിക്കരിച്ചും ജനജീവിതം ദുസ്സഹമാക്കിയും സൈ്വരവിഹാരം നടത്തുന്ന അക്രമകാരികളെ നിലക്കുനിർത്തൽ ആവശ്യമാണെന്ന് ബോധ്യപ്പെട്ടപ്പോഴാണ് സൈനിക നടപടിയിലേക്ക് അലി(റ) നീങ്ങുന്നത് (സുബുലുസ്സലാം).
പ്രതികരണങ്ങളിലും പ്രതികാര ക്രിയകളിലും ഇസ്‌ലാം മുന്നോട്ടുവെക്കുന്ന നീതിയുക്തമായ സമീപനമാണ് ഈ സംഭവത്തിൽ നമുക്ക് ഗ്രഹിക്കാനാവുക. എന്നാൽ അസഹിഷ്ണുതയുടെയും അന്ധതയുടെയും സംഹാര താണ്ഡവങ്ങളുടെയും മൂർത്ത ഭാവങ്ങളാണ് വഹാബിസം പുറത്തെടുത്തത്.
മുസ്‌ലിം സാംസ്‌കാരിക ചിഹ്നങ്ങളെല്ലാം തുടച്ചുനീക്കുന്നതിന്റെ ഭാഗമായി വിശുദ്ധരുടെ മഖ്ബറകൾ പോലും തച്ചുതകർക്കാൻ വഹാബികൾക്ക് ലജ്ജ യുണ്ടായില്ല. ‘ഉൻവാനുൽ മജ്ദ് ഫീ താരീഖിന്നജ്ദ്’ എന്ന പുസ്തകത്തിൽ ഇക്കാര്യം പറയുന്നുണ്ട്: ‘മക്ക, മദീന, യമൻ, തിഹാമ, ഒമാൻ, അഹ്‌സാഅ്, നജ്ദ് തുടങ്ങിയ ഒട്ടേറെ പ്രദേശങ്ങളിൽ ഖബറുകൾക്ക് മീതെ നിർമിക്കപ്പെട്ട ഖുബ്ബകൾ അവർ പൊളിച്ചുനീക്കി’ (1/90). ചരിത്രം കണ്ട ഏറ്റവും വലിയ ശ്മശാന വിപ്ലവകാരി ഇബ്‌നു അബ്ദിൽ വഹാബിനെ വാഴ്ത്താനായി എഴുതപ്പെട്ട ഗ്രന്ഥമാണിത്. പുസ്തകം തുടരുന്നു: ‘വഹാബീ സംഘം ഇരുപതു ദിവസം മക്കയിൽ താമസിച്ചു. എല്ലാ ദിവസവും കാലത്തു പുറപ്പെട്ട് ഖുബ്ബകൾ പൊളിച്ചുനീക്കി തിരിച്ചുവരുമായിരുന്നു അവർ. മക്കയിൽ ഒരൊറ്റ ജാറവും ഖുബ്ബയും അവശേഷിപ്പിച്ചില്ല. എല്ലാം നിലംപരിശാക്കി’ (1/123). ഇപ്രകാരം മദീനയിലും ആവർത്തിച്ചു.
വഹാബികൾ പിഴച്ചവരും പരാജിതരുമാണെന്ന് ഈ കൂട്ടക്കുരുതി ദർശിച്ച പ്രമുഖ ഖുർആൻ വ്യഖ്യാതാക്കൾ രേഖപ്പെടുത്തി. സൂറതുൽ ഫാത്വിറിന്റെ എട്ടാം ആയത്തിന്റെ വ്യാഖ്യാനത്തിൽ അല്ലാമാ സ്വാവി(റ) രേഖപ്പെടുത്തി: ഈ സൂക്തം ഖവാരിജുകളെ കുറിച്ച് അവതരിച്ചതാണെന്ന് അഭിപ്രായമുണ്ട്. ഖുർആനും സുന്നത്തും ദുർവ്യാഖ്യാനം ചെയ്യുന്നവരാണ് ഖവാരിജുകൾ. അവർ മുസ്‌ലിംകളുടെ രക്തം ചിന്തുന്നതും സ്വത്ത് കൊള്ളയടിക്കുന്നതും ഹലാലാണെന്ന് വാദിക്കുന്നു. അവരോടു സാദൃശ്യമുള്ള ഹിജാസിൽ കാണുന്ന വഹാബിസത്തിലും ഈ പ്രവണത നമുക്ക് കാണാം. വഹാബികൾ കരുതുന്നത് അവർ സത്യം ഉൾകൊള്ളുന്നവരാണെന്നാണ്. സത്യത്തിൽ അവർ കള്ളവാദികളാണെന്ന് നിങ്ങളറിയുക. അവരെ പിശാച് കീഴടക്കിയിരിക്കുന്നു. അങ്ങനെ അല്ലാഹുവിന്റെ സ്മരണ അവർ വിസ്മരിച്ചുകളഞ്ഞു. ഇക്കൂട്ടർ പിശാചിന്റെ വിഭാഗവും പരാജിതരുമാണ്.
ഇബ്‌നു അബ്ദിൽ വഹാബിന്റെ ഭീകരവും അപകടകരവുമായ വാദങ്ങൾക്കൊപ്പം റശീദു രിളയുടെ യുക്തിവാദ ചിന്തകളും സമ്മേളിച്ചതാണ് കേരള വഹാബികളുടെ അടിത്തറ. മനുഷ്യനെ മതനിരാസത്തിലേക്ക് വലിച്ചിഴക്കുമെന്നതാണ് ഇതിന്റെ ഫലം. കേരള മുജാഹിദുകളെ ഈ യുക്തിചിന്ത സ്വാധീനിച്ചതിനെ സംബന്ധിച്ച് ഇസ്‌ലാമും കേരളത്തിലെ സാമൂഹ്യ പരിവർത്തന പ്രസ്ഥാനങ്ങളും എന്ന പുസ്തകത്തിൽ ഡോ. ഇകെ അഹ്‌മദ് കുട്ടി വിവരിക്കുന്നുണ്ട്.
റശീദ് രിളയുടെ യുക്തിവാദ ചിന്തകൾ വളരെ അപകടകരമായ ദിശയിലൂടെയാണ് സഞ്ചരിച്ചത്. വിശുദ്ധ ഖുർആനിൽ വിവരിക്കപ്പെട്ട നബിമാരുടെ മുഅ്ജിസത്തുകൾ നിഷേധിച്ചും യുക്തിചിന്തകൊണ്ട് വ്യാഖ്യാനിച്ചും അല്ലാഹുവിന്റെ ഉദ്ദേശ്യങ്ങളെ പാടെ നിരാകരിക്കുകയായിരുന്നു അദ്ദേഹം. മുഅ്ജിസത്തുകളുടെ വിവരണങ്ങൾ ഖുർആനിൽ ഇല്ലായിരുന്നുവെങ്കിൽ യൂറോപ്പുകാർ കൂടുതൽ ഇസ്ലാമിലേക്ക് കടന്നുവരുമായിരുന്നു എന്ന ജൽപനം തന്റെ തഫ്‌സീറുൽ മനാറിൽ കാണാം. ഈ ചിന്തകളാണ് വക്കം മൗലവി, സിഎൻ അഹമ്മദ് മൗലവി തുടങ്ങിയവരെ സ്വാധീനിച്ചത്.
പരിഭാഷകളിലും ഗ്രന്ഥങ്ങളിലും ഒളിച്ചുകടത്തപ്പെട്ട ഇത്തരം മതയുക്തിവാദ ചിന്തകളാണ് മുജാഹിദ് മൗലവിമാർ ഏറ്റെടുത്ത് കേരളീയ സമൂഹത്തിൽ പ്രചരിപ്പിച്ചത്. ഇബ്‌നു അബ്ദിൽ വഹാബിന്റെ തീവ്രചിന്തകളും റശീദ് റിളയുടെ യുക്തിവാദ ചിന്തകളും സമ്മിശ്രമായി അവതരിപ്പിക്കപ്പെടുക വഴി കേരളത്തിൽ മുജാഹിദുകൾ പുതിയൊരു മതത്തിനാണ് അടിത്തറ പാകിയത്. ഈ രണ്ട് ധാരകൾ തമ്മിലുള്ള പോരാട്ടങ്ങളുടെ അനന്തരഫലങ്ങൾ കേരളീയ മുജാഹിദുകളിൽ നിലനിൽക്കുന്നുമുണ്ട്. ശിർക്കാരോപണങ്ങളും പ്രാർത്ഥനയും അതിന്റെ നിർവചനങ്ങളും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വഹാബികൾ വൈരുദ്ധ്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നതിന്റെ പിന്നിലെ കാരണവും മറ്റൊന്നല്ല.
തികച്ചും വൈരുദ്ധ്യാത്മക ആശയങ്ങളെ കെട്ടിപ്പുണർന്ന് മതയുക്തിവാദികളും തീവ്രവാദികളുമായി പരിണമിച്ച മുജാഹിദുകൾ മതത്തിലും പൊതുസമൂഹത്തിലും അപകടകാരികളാണ്. ഭിന്നതയുടെ പുതുവാതായനങ്ങൾ തേടിയുള്ള അവരുടെ യാത്രകൾ രാഷ്ട്രത്തിനു തന്നെയും ഭീഷണിയാണ്.

 

അബ്ദുറശീദ് സഖാഫി കുറ്റ്യാടി

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ