മൂർഖനും മുതലയും പിടിച്ചത് വിടില്ല എന്നൊരു പഴഞ്ചൊല്ലുണ്ട്. അതുപോലെ, ഏതെങ്കിലുമൊരു വിനോദത്തിന് അടിമപ്പെട്ട വ്യക്തി അതിൽനിന്ന് പെട്ടെന്നൊന്നും പിന്തിരിയില്ല. തന്റേതായ ന്യായത്തിലൂടെ ആ കളിയിലും കളിക്കളത്തിലും നിറഞ്ഞുനിൽക്കും. നൂറ് നാക്കിൽ ന്യായീകരിച്ച് തന്റെ പ്രവൃത്തി ആസ്വദിക്കുകയും അനുഭവിക്കുകയും ചെയ്യും.
ഏതു വിനോദത്തിനും അതിന്റേതായ നിയമങ്ങളും നിബന്ധനകളുമുണ്ടാവും. അവ പാലിക്കുമ്പോൾ മാത്രമേ ആ വിനോദത്തിന് പ്രസക്തിയുള്ളൂ. ഫുട്‌ബോൾ കളിയിൽ ആവേശം കയറി കൈകൊണ്ട് ബോളെടുത്ത് ഗോളടിച്ചാൽ വിജയിക്കാൻ കഴിയുമോ? ഇല്ല. 1863ൽ ലോകത്തെ പ്രഥമ ഫുട്‌ബോൾ സംഘന രൂപീകൃതമായ അന്നുമുതൽ ചില നിയമങ്ങളുടെ നിയന്ത്രണത്തിലാണ് ഫുട്‌ബോൾ മത്സരങ്ങൾ നടക്കുന്നത്. കളിക്കളത്തിൽ നിർബന്ധമായും പാലിക്കേണ്ട നിയമങ്ങളുള്ളതു പോലെ ചില അതിരുകളും ചിട്ടകളും എല്ലാ വിനോദങ്ങൾക്കും ബാധകമാണ്. സമയവും സന്ദർഭവും പ്രയോജനവും നോക്കി മാത്രമേ കളിയിൽ ഇടപെടാവൂ. ഏത് കളിയായാലും നല്ലൊരു റഫറി വേണം.
ഇസ്‌ലാം എല്ലാതരം വിനോദങ്ങളെയും നിരുപാധികം നിരോധിക്കുന്നില്ല. പ്രമുഖ ഹദീസ് പണ്ഡിതൻ ഇമാം നസാഈ(റ) സുനനുൽ കുബ്‌റാ എന്ന ഹദീസ് സമാഹാരത്തിൽ ചേർത്ത ഒരധ്യായം ഇങ്ങനെ: ‘പെരുന്നാൾ സുദിനത്തിൽ പള്ളിയിൽ വെച്ച് കളിക്കൽ.’ ഇസ്‌ലാം ചില വേളകളിൽ പള്ളിയിൽ വെച്ച് പോലും കളി അനുവദിക്കുന്നുവെന്ന് വ്യക്തം. പക്ഷേ എല്ലാത്തിനും ഒരു ലക്ഷ്യവും പ്രയോജനവുമുണ്ടായിരിക്കണം. തിന്മയോ അപകടമോ സൃഷ്ടിക്കുന്നതായിരിക്കരുത്.
കേവലം സമയം കൊല്ലിയായ ഒരു വിനോദത്തിനും ഇസ്‌ലാം പ്രോത്സാഹനം നൽകുന്നില്ല. തിരുനബി(സ്വ) തീർത്തു പറയുന്നു: ഞാൻ വിനോദത്തിന്റെ ആളല്ല, വിനോദം എനിക്കുള്ളതുമല്ല (ത്വബ്‌റാനി, ബൈഹഖി, ദാറഖുത്വ്‌നി). ഒരുതരം പകിട കളിയിൽ ഏർപ്പെട്ടവരെ കണ്ടപ്പോൾ റസൂൽ(സ്വ) പ്രതികരിച്ചു: അലക്ഷ്യമായ ഖൽബുകൾ, കളിക്കുന്ന കരങ്ങൾ, പ്രലപിക്കുന്ന നാവുകൾ (ശുഅബുൽ ഈമാൻ, ബൈഹഖി). ഇമാം ശാഫിഈ(റ) പ്രസ്താവിക്കുന്നു: കേവല വിനോദം മതബോധമോ മാന്യതയോ ഉള്ളവരുടെ ചര്യയിൽപെട്ടതല്ല (സുനനുൽ കുബ്‌റ, ബൈഹഖി).
വ്യക്തമായ അപകട സാധ്യതയുള്ള വിനോദവും ഖുർആൻ അംഗീകരിക്കുകയോ അനുവദിക്കുകയോ ചെയ്യുന്നില്ല. ഖുർആന്റെ കൽപന കാണുക: നിങ്ങൾ ധർമപാതയിൽ ചെലവഴിക്കുക, നിങ്ങളുടെ കരങ്ങളെ ആപത്തിലേക്ക് നീക്കരുത്. നിങ്ങൾ നന്മ ചെയ്യുവിൻ. തീർച്ച, അല്ലാഹു സുകൃതരെ ഇഷ്ടപ്പെടുന്നു (സൂറത്തുൽ ബഖറ 195).
കായികമോ ബുദ്ധിപരമോ ആയ നേട്ടങ്ങൾക്ക് വഴിയൊരുക്കുന്ന വിനോദമാണ് കരണീയം. ബീവി ആഇശ(റ) പറയുന്നു: ഞാൻ കുട്ടിക്കാലത്ത് കൂട്ടുകാരികളോടൊത്ത് വിനോദത്തിൽ ഏർപ്പെടാറുണ്ടായിരുന്നു. നബി(സ്വ) വരുന്നത് കണ്ടാൽ കളിക്കൂട്ടുകാർ ഓടി ഒളിക്കും. അപ്പോൾ നബി(സ്വ) തന്നെ അവരെ എന്റെ അടുത്തേക്ക് പറഞ്ഞുവിടും. ഞങ്ങൾ വിനോദം തുടരുകയും ചെയ്യും (സ്വഹീഹുൽ ബുഖാരി 6130). കുട്ടികളുടെ ബൗദ്ധിക-ശാരീരിക വളർച്ചക്ക് വിനോദം അനിവാര്യമാണ്. അതുകൊണ്ടാണ് നബി(സ്വ) അവരുടെ വിനോദത്തെ പിന്തുണച്ചത്.
ഇമാം ഗസാലി(റ) എഴുതി: പഠന സമയം കഴിഞ്ഞാൽ കുട്ടികളെ വിനോദത്തിന് വിടേണ്ടത് അത്യാവശ്യമാണ്. പഠന വിരസതയിൽ നിന്ന് മുക്തി ലഭിക്കാനാണത്. കുട്ടികളെ കളികളിൽ നിന്ന് തടയുന്നത് അവരുടെ മനസ്സ് മുരടിക്കുന്നതിനും ബുദ്ധി വികാസം തടസ്സപ്പെടുന്നതിനും ജീവിതം ദുസ്സഹമായിത്തീരാനും കാരണമാകും (ഇഹ്‌യാ ഉലൂമിദ്ദീൻ).
നബി(സ്വ)യുടെ സമകാലീനനും വലിയ ഗുസ്തിക്കാരനുമാണ് റുകാന. അദ്ദേഹത്തോട് നബി(സ്വ) ഗുസ്തി നടത്തിയിട്ടുണ്ട്. അതിനെ തുടർന്ന് അദ്ദേഹം ഇസ്‌ലാം പുൽകുകയുമുണ്ടായി (അബൂനുഐം). ഒരു വ്യക്തിക്ക് സന്മാർഗ പ്രകാശം എത്തിക്കുക എന്ന മഹിത ലക്ഷ്യത്തോടെയായിരുന്നു നബി(സ്വ) ഈ വിനോദം നടത്തിയത്.
സാമ്പത്തിക ചൂഷണം, അന്യരെ അപമാനിക്കൽ, അക്രമം, ധൂർത്ത്, നഗ്‌നത വെളിപ്പെടുത്തൽ, ദുഷിച്ച കൂട്ടുകെട്ട്, നിർബന്ധ കർമത്തിനോ സേവനത്തിനോ തടസ്സമുണ്ടാകൽ തുടങ്ങിയ അരുതായ്മകളില്ലാത്ത വിനോദങ്ങളേ ഇസ്‌ലാം അനുവദിക്കുന്നുള്ളൂ. യാതൊരു ലക്ഷ്യബോധവുമില്ലാത്ത കളി ഇഹത്തിലും പരത്തിലും തീരാനഷ്ടങ്ങൾക്കാണ് കളമൊരുക്കുക. അത്തരം ദുർവിനോദങ്ങൾക്കെതിരെ വിശുദ്ധ ഖുർആൻ വിരൽ ചൂണ്ടി: അത്തരക്കാരെ താങ്കൾ അവഗണിച്ചേക്കുക. അങ്ങനെ അവർ താക്കീത് ചെയ്യപ്പെട്ട ദിവസത്തെ അഭിമുഖീകരിക്കുവോളം അവർ കളിച്ചു നടക്കട്ടെ (സൂറത്തുസ്സുഖ്‌റുഫ് 83).
സുലൈമാൻ മദനി ചുണ്ടേൽ