ആയിരത്തിലേറെ ഗുരുക്കളില്‍ നിന്നും ഹദീസ് പഠിച്ച ഹാഫിള് യഅ്ഖൂബ്ബ്നു സുഫ്യാന്‍ അല്‍ഫാരിസി (200277), മുപ്പതു വര്‍ഷത്തെ തുടര്‍ച്ചയായ ജ്ഞാനയാത്ര നടത്തിയ മഹാപണ്ഡിതനാണ് (തഹ്ദീബുത്തഹ്ദീബ്). ഹദീസ് തിരഞ്ഞുള്ള നിരന്തര യാത്രയില്‍ ഹാഫിള് ഫള്ലുബ്നു മുഹമ്മദ് ശഅ്റാനിക്ക് (282) അക്കാലത്തെ വിസ്തൃത ഇസ്‌ലാമിക സാമ്രാജ്യത്തില്‍ സന്ദര്‍ശിക്കാന്‍ സാധിക്കാതിരുന്നത് സ്പെയിന്‍ മാത്രം (തദ്കിറ). മറ്റെല്ലാ രാജ്യങ്ങളിലും അദ്ദേഹം ഹദീസ് തേടിയെത്തി. തികഞ്ഞ ഭക്തനും ആരാധനാ നിമഗ്നനുമായിരുന്ന ഹാഫിള് അര്‍ഗിയാനി (223315) ഇസ്‌ലാമിന്‍റെ മിമ്പര്‍ സ്ഥാപിക്കപ്പെട്ട എല്ലാ നാടുകളും സന്ദര്‍ശിച്ച മറ്റൊരു മഹാ യാത്രികനാണ്.
ഹദീസ് ശേഖരണ സൂക്ഷ്മതയില്‍ ഖ്യാതികേട്ട അദ്ദേഹത്തിന് ഒരു ലക്ഷം ഹദീസ് സമാഹരിക്കാന്‍ സാധിച്ചു. ആയിരം ഹദീസുകളടങ്ങിയ നൂറു വാള്യങ്ങളായാണ് അദ്ദേഹം അതെഴുതിയത്. വളരെ ചെറുതായെഴുതിയ അവ തന്‍റെ സഞ്ചിയില്‍ എപ്പോഴും ചുമന്നു നടക്കാറുണ്ടായിരുന്നു. ഹദീസ് ചര്‍ച്ചക്കുവേണ്ടി ഓരോ ഹദീസ് വായിച്ചുതുടങ്ങുമ്പോഴും ഖാല റസൂലുല്ലാഹി സ്വല്ല… എന്നു മൊഴിയുമ്പോഴേക്കും കണ്‍തടം നനഞ്ഞൊലിക്കുമായിരുന്ന ആ മഹാ തേജസ്വിയുടെ കാഴ്ച നിരന്തര കരച്ചില്‍ നിമിത്തം നഷ്ടപ്പെടുകയുണ്ടായി.
ശാമിലെ ഹദീസ് വിശാരദന്‍ ഇമാം അബുല്‍ ഹസന്‍ ഥറാബല്‍സി (25343) യൂസുഫുബ്നു ബഹ്റില്‍ നിന്നും ഹദീസ് കേട്ടുപകര്‍ത്താന്‍ ജബലയിലേക്കു കപ്പല്‍ കയറി. പിന്നെ അവിടെ നിന്നും അന്‍ഥാഖിയയിലേക്കു പുറപ്പെട്ടു. യാത്രയില്‍ മറ്റൊരു കപ്പല്‍ അദ്ദേഹത്തെയും സഹയാത്രികരെയും ആക്രമിച്ചു. കപ്പല്‍ അവര്‍ കീഴടക്കി. അവര്‍ യാത്രക്കാരെ പിടിച്ചു. ധാരാളം പ്രഹരിച്ചു. ഓരോരുത്തരുടെ പേരുകള്‍ ചോദിച്ച് എഴുതിയെടുക്കുന്നതിനിടയില്‍ ഇമാമവര്‍കളുടെ പേരുചോദിച്ചു. ഖൈസമയെന്നു ചേര്‍ത്തു പറഞ്ഞു. അക്രമികളിലൊരാള്‍ പറഞ്ഞുവത്രെ; എഴുതൂ ഹിമാറുബ്നു ഹിമാര്‍കഴുതയുടെ മകന്‍ കഴുത.
പ്രഹരമേറ്റു സ്വബോധം നഷ്ടപ്പെട്ടു കിടക്കുമ്പോഴതാ, സ്വര്‍ഗത്തിലെ ദൃശ്യങ്ങള്‍. സ്വര്‍ഗകവാടത്തിലേക്കു കടക്കുകയാണ് ഇമാം. വാതില്‍ക്കല്‍ ധാരാളം ഹൂറുല്‍ഈന്‍. അവരിലൊരുത്തി പറയുന്നു: “ഹേ ദൗര്‍ഭാഗ്യവാനേ, നഷ്ടമായല്ലോ… കൊല്ലപ്പെട്ടിരുന്നെങ്കില്‍ സ്വര്‍ഗത്തില്‍ ഹൂറുല്‍ഈനുമൊത്ത് പാര്‍ക്കാമായിരുന്നില്ലേ…’ അപ്പോള്‍ മറ്റൊരുത്തി: “ഇസ്‌ലാമിന് അന്തസ്സ് പ്രദാനം ചെയ്തും ബഹുദൈവികതക്ക് അപമാനമുണ്ടാക്കിയും അദ്ദേഹത്തിന് അല്ലാഹു രക്തസാക്ഷിത്വം പ്രദാനം ചെയ്യുന്നതാണ് എത്രയും നല്ലത്.’ ഇമാം പെട്ടെന്നുണര്‍ന്നു. ആരോ പറയുന്നതുപോലെ, സൂറത്തു ബറാഅ ഓതൂ.’ അദ്ദേഹം ഓതി. അതിലൊരു സൂക്തം ശ്രദ്ധിച്ചു: നാലു മാസക്കാലം നിങ്ങള്‍ ഭൂമിയില്‍ കറങ്ങൂ.’ അതു പ്രത്യേകം കണക്കിലെടുത്തു. സ്വപ്നം ദര്‍ശിച്ച അന്നുമുതല്‍ നാലു മാസം പിന്നിട്ടപ്പോള്‍ അദ്ദേഹം മോചിതനായി (തദ്കിറ).
ഇബ്നു മാജ(റ)യുടെ സുനന്‍ ലോകമാകെയെത്തിച്ച ഒരു മഹാ ഗുരുവുണ്ട്. അബുല്‍ ഹസന്‍ അല്‍ഖസ്വീനി (254345). ഗുരുക്കളില്‍ അതിനിപുണന്‍. അബൂഹാതിമുറാസിയില്‍ ജ്ഞാനം പകരാന്‍ യാത്ര ചെയ്തിറങ്ങിയ അദ്ദേഹം മൂന്നു വര്‍ഷം അവിടെ തങ്ങി. ഖസ്വീനികളും റാസികളും ബഗ്ദാദികളുമായ ഒട്ടേറെ പേരെ പകര്‍ത്തിയെഴുതി. കൂഫയും മക്കയും സ്വന്‍ആയും ഹമദാനും ഹുല്‍വാനും നഹാവന്ദും അദ്ദേഹത്തിന്‍റെ അന്വേഷണ യാത്രയില്‍ കടന്നുപോയി. മുപ്പതു വര്‍ഷക്കാലം ഇടതടവില്ലാതെ വ്രതമനുഷ്ഠിച്ച ആ ത്യാഗി ഉപ്പുപുരട്ടിയ റൊട്ടി കൊണ്ടായിരുന്നു നോന്പു തുറക്കാറുള്ളത്. 91 വര്‍ഷം ജീവിച്ച അദ്ദേഹത്തിന് ഒരു ലക്ഷം ഹദീസ് ഹൃദിസ്ഥമായിരുന്നു.
ഹാഫിള് ഇബ്നുല്‍ മുഖ്രി അല്‍ ഇസ്വ്ബഹാനി (മരണം ഹി. 371) “മഹായാത്രികന്‍’ എന്നു വിളിപ്പേരു ലഭിച്ച ജ്ഞാനാന്വേഷകനായിരുന്നു. കിഴക്കും പടിഞ്ഞാറും നാലുവട്ടം കറങ്ങിയ അദ്ദേഹം, മുഫള്ളലുബ്നു ഫളാള അല്‍ മിസ്രിയുടെ ഹദീസ് ശേഖരം പകര്‍ത്താന്‍ മാത്രം എഴുപതു മര്‍ഹല യാത്ര ചെയ്തു. ഇസ്വ്ബഹാനില്‍ നിന്നും പത്തു തവണയാണദ്ദേഹം കാല്‍നടയായി ബൈതുല്‍ മുഖദ്ദസിലെത്തിയത്.
അബൂനസ്ര്‍ അസ്സിങ്ക്ജി (മരണം ഹി. 444) കാലഘട്ടത്തിലെ ഉന്നതനായ ഹാഫിളുല്‍ ഹദീസായിരുന്നു. അദ്ദേഹത്തിന്‍റെ പാഠശാലയിലുണ്ടായ ഒരനുഭവം ഹാഫിള് അബൂ ഇസ്ഹാഖ് അല്‍ഹിബ്ബാന്‍ ഓര്‍ക്കുന്നു: “”ഞാന്‍ അബൂനസ്റിന്‍റെയരികില്‍ ഇരിക്കുകയായിരുന്നു. വാതിലില്‍ ആരോ മുട്ടുന്നതുകേട്ടു ഞാന്‍ പോയി തുറന്നുകൊടുത്തു. ഒരു സ്ത്രീയായിരുന്നു. അവള്‍ അകത്തുകടന്നു ആയിരം ദീനാറടങ്ങിയ ഒരു കിഴി ഗുരുവര്യരുടെ മുന്നില്‍ വെച്ചുകൊടുത്തു, “ഇഷ്ടാനുസരണം ചെലവഴിച്ചോളൂ’ എന്നു പറഞ്ഞു. ഗുരു ചോദിച്ചു: എന്താ നിന്‍റെ ഉദ്ദ്യേം? “താങ്കള്‍ എന്നെ വിവാഹം ചെയ്യണം. വിവാഹ ജീവിതമാഗ്രഹിച്ചല്ല, ഉന്നതനായ അങ്ങയെ ഖിദ്മത്ത് ചെയ്യാന്‍ മാത്രം’സ്ത്രീ തുറന്നു പറഞ്ഞു. പക്ഷേ, ഗുരുവര്യര്‍ ഇളകിയില്ല. ആ കിഴിയെടുത്ത് സ്ഥലംവിടാന്‍ ആവശ്യപ്പെട്ടു. അവള്‍ പുറത്തിറങ്ങിയപ്പോള്‍ ഗുരു പറഞ്ഞു: ജ്ഞാനം നേടുകയെന്ന നിയ്യത്തുമായാണ് ഞാന്‍ സിങ്കിസ്താനില്‍ നിന്നും ഇവിടെയെത്തിയത്. വിവാഹം ചെയ്യുന്നതോടെ “വിദ്യാര്‍ത്ഥി’ എന്ന എന്‍റെ പേരു പോകും. ജ്ഞാനസന്പാദനത്തിനു ലഭിക്കുന്ന പ്രതിഫലത്തിനേക്കാള്‍ മറ്റൊന്നിനും ഞാന്‍ പ്രാമുഖ്യം കല്‍പിക്കുന്നില്ല” (തദ്കിറ).
ഖുറാസാന്‍ ദേശത്തിന്‍റെ ഗുരുവായിരുന്നു അബുല്‍ മുളഫ്ഫര്‍ ഇബ്നുസ്സംആന്‍ (426489). മുഫസ്സിറും മുഹദ്ദിസും ഫഖീഹും അദീബുമായിരുന്നു. ഹനഫി മനനരീതിയില്‍ നിന്നും ശാഫിഈ പാതയിലേക്കു മാറിയ മഹാപണ്ഡിതന്‍. ത്വബഖാതുല്‍ കുബ്റായില്‍ ഇമാം താജുദ്ദീനുസ്സുബ്കി(റ) അദ്ദേഹത്തെ സവിശേഷമായി പരിചയപ്പെടുത്തുന്നുണ്ട്: “ഖ്യാതിയില്‍ ഇഹലോകം ഭരിച്ചവരില്‍ ഒരാള്‍. ജ്ഞാനപ്രസരണം വഴി പ്രപഞ്ചമാകെ കയ്യിലടക്കിയവരില്‍ ഒരാള്‍.’ മര്‍വില്‍ നിന്നും പുറപ്പെട്ട അദ്ദേഹം ഹി. 461ല്‍ ബഗ്ദാദിലെത്തി. ഫുഖഹാക്കളുമായി ജ്ഞാന ചര്‍ച്ചയിലേര്‍പ്പെട്ടു. പതിവു വഴിയിലൂടെയല്ലാതെ ഹിജാസിലേക്ക് പുറപ്പെട്ടതായിരുന്നു (പതിവുവഴിയില്‍ എന്തോ കുഴപ്പമുണ്ടായിരുന്നു). അദ്ദേഹവും സഹയാത്രികനും ആക്രമിക്കപ്പെട്ടു. തടവിലാക്കപ്പെട്ടു. പണ്ഡിതനാണെന്ന കാര്യം മറച്ചുവെച്ചിരുന്നു. തടവില്‍ കഴിയുമ്പോള്‍ അവരുടെ മൃഗങ്ങളെ മേച്ചു. നല്ലനടപ്പുകണ്ട് അക്രമിത്തലവന്‍ വിവാഹം കഴിച്ചുകൊടുക്കാനുറച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: “ഞങ്ങള്‍ ചില നാടുകള്‍ സന്ദര്‍ശിക്കാന്‍ പുറപ്പെട്ടതാണ്. ഫുഖഹാക്കളെ ഈ കുറിപ്പ് ഏല്‍പ്പിക്കാന്‍.’ അപ്പോള്‍ തടവില്‍ കഴിയുന്ന മറ്റൊരാള്‍ പറഞ്ഞു: “നിങ്ങളുടെ ഒട്ടകത്തെ മേയ്ക്കാന്‍ മരുഭൂമിയിലേക്കു വരാറുള്ള ഈ മനുഷ്യന്‍ ഖുറാസാനിലെ മഹാജ്ഞാനിയാകുന്നു.’ അതറിഞ്ഞപ്പോള്‍ അവര്‍ അദ്ദേഹത്തെ വിളിപ്പിച്ചു. ചില ചോദ്യങ്ങള്‍ ചോദിച്ചു. അതിനെല്ലാം അറബിയില്‍ മറുപടി പറഞ്ഞു. അവരാകെ ഇളിഭ്യരായി, ക്ഷമാപണം നടത്തി. അദ്ദേഹം അവര്‍ക്കു ചില ജ്ഞാനോപദേശങ്ങള്‍ നല്‍കി. അവര്‍ക്ക് സന്തോഷമായി. പാരിതോഷികങ്ങള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം നിരസിച്ചു. ഒടുവില്‍ അവര്‍ അദ്ദേഹത്തെ മക്കയിലെത്തിച്ചു.
ഖതീബുത്തിബ്രീസി എന്നു വിഖ്യാതനായ (421502) അബൂസകരിയ്യാ യഹ്യബ്നു അലി(റ) ഭാഷാശാസ്ത്രത്തില്‍ അഗ്രഗണ്യനായിരുന്നു. തിബ്രീസില്‍ നിന്നും ഹലപ്പോയ്ക്കടുത്ത മഅര്‍റ എന്ന കൊച്ചുഗ്രാമത്തിലേക്ക് നടന്നുപോകാന്‍ തിബ്രിസിയെ പ്രേരിപ്പിച്ച കാര്യമെന്തായിരുന്നു? അദ്ദേഹത്തിനു ഭാഷാഗ്രന്ഥമായ തഹ്ദീബ് ലഭിച്ചപ്പോള്‍ (അബൂ മന്‍സ്വൂര്‍ അല്‍ അസ്ഹരിയുടെ ഗംഭീര രചനയാണീ തഹ്ദീബ്. ഇപ്പോള്‍ ഈജിപ്തില്‍ നിന്നിറങ്ങുന്ന പതിപ്പ് കനത്ത പതിനഞ്ചു വാള്യങ്ങളിലാണ്) അതിലെ ചില ഭാഗങ്ങളിലെ സംശയം ദൂരീകരിക്കാന്‍ ഗ്രന്ഥക്കെട്ടുമായി അദ്ദേഹം മഅര്‍റയിലേക്ക് ഇറങ്ങിത്തിരിക്കുകയായിരുന്നു; അബുല്‍ അഅ്ലാ മഅ്രിയെന്ന ഭാഷാപടുവിനെ നേരിട്ടുകാണാന്‍. വാഹനം വാടകക്കെടുക്കാനുള്ള ത്രാണിയില്ലായിരുന്ന തിബ്രിസി ഒരു തോല്‍ സഞ്ചിയില്‍ തഹ്ദീബ് ചുമലില്‍ തൂക്കി മഅര്‍റയിലേക്ക് നടന്നു. നിന്നും വിയര്‍പ്പുപറ്റി ഗ്രന്ഥത്തിന്‍റെ താളുകള്‍ കുതിര്‍ന്നുപോയി. ബഗ്ദാദില്‍ വഖ്ഫ് ചെയ്തുവെച്ച ആ ഗ്രന്ഥം കാണുന്നവര്‍ക്കു തോന്നുക വെള്ളത്തില്‍ വീണതായിരിക്കാമെന്നാണ്. പക്ഷേ, ആ താളുകളില്‍ പറ്റിയത് ഇമാം തിബ്രീസിയുടെ വിയര്‍പ്പുതുള്ളികളായിരുന്നു.
(തുടരും)
ജ്ഞാനയാത്ര/4
സ്വാലിഹ് പുതുപൊന്നാനി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ