മദീന. മുഹമ്മദുർറസൂലുല്ലാഹി(സ്വ) വിശുദ്ധ ഇസ്‌ലാമിന്റെ പ്രബോധന പ്രവർത്തനങ്ങളിൽ വ്യാപൃതരായ കാലം. മദീനയിലും പുറത്തുമുള്ള നിരവധി ഗോത്രങ്ങൾ ഇസ്‌ലാമിലേക്ക് കടന്നുവന്നിട്ടുണ്ട്; ഒറ്റക്കും സംഘമായും. എവിടെയും ജനങ്ങൾ ഇസ്‌ലാമിനെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണ്.

വിശുദ്ധ ഇസ്‌ലാമിന്റെ അധ്യാപനങ്ങളും നിയമങ്ങളും ഇവർക്ക് പഠിപ്പിച്ചുകൊടുക്കണം. മദീനയുടെ പുറത്തുള്ള വിവിധ രാജ്യ-ഗോത്ര നായകരും തിരുനബി(സ്വ)യോട് ആ ആവശ്യമുന്നയിച്ചു കൊണ്ടിരുന്നു. അവർക്കെല്ലാം യോജിച്ച പണ്ഡിതന്മാരെ അയച്ചു കൊടുക്കുകയുമുണ്ടായി.

യമനും ഇസ്‌ലാമിന്റെ സാന്ത്വന തീരത്തണയാൻ തീരുമാനിച്ചിരുന്നു. അവിടത്തെ ഭരണാധികാരിയുടെ പ്രതിനിധികൾ മദീനയിൽ വന്നു. തങ്ങളും വലിയൊരു വിഭാഗം ജനങ്ങളും ഇസ്‌ലാം സ്വീകരിച്ച വൃത്താന്തം അവർ മദീനാശരീഫിൽ വന്നു പ്രഖ്യാപിച്ചു.

മതചിട്ടകൾ പഠിപ്പിക്കാനും പ്രശ്‌നങ്ങളിൽ തീരുമാനമെടുക്കാനും പ്രാപ്തിയും യോഗ്യതയുമുള്ള ഒരു സ്വഹാബിയെ തങ്ങൾക്കൊപ്പം യമനിലേക്കയക്കാൻ അവർ പ്രവാചകർ(സ്വ)യോട് അഭ്യർത്ഥിച്ചു.

സ്വഹാബിമാരിൽ നിന്നും അങ്ങോട്ടയക്കാൻ പ്രാപ്തനായ വ്യക്തിയെക്കുറിച്ച് തിരുനബി(സ്വ) അനുയായികളുമായി ചർച്ച ചെയ്തു. പ്രശ്‌നബാധിത പ്രദേശമാണ് യമൻ. സകാതു മുതലുകൾ ശേഖരിക്കണം. അവ അർഹരായവർക്ക് വിതരണം നടത്തുകയും വേണം.

ജനങ്ങൾക്കിടയിൽ തർക്കങ്ങളുടലെടുക്കാനിടയുണ്ട്. അതിൽ തീർപ്പു കൽപിക്കാൻ അറിവും യുക്തിയും വേണം. ഒടുവിൽ തിരുവദനം പ്രസന്നമായി. അവിടുന്ന് ഒരു യോഗ്യനെ കണ്ടെത്തിയിരിക്കുന്നു.

‘മുആദുബ്‌നു ജബൽ..!’

തിരുനബി(സ്വ)യുടെ തീരുമാനം സ്വഹാബികൾ സന്തോഷത്തോടെ എതിരേറ്റു. അദ്ദേഹമാണ് അർഹൻ. എല്ലാവരും അഭിനന്ദിച്ചു.

പക്ഷേ, മുആദിന്റെ മനം നൊന്തു. മുഖം വിഷാദമായി.

പ്രിയ റസൂലിനെ എങ്ങനെ പിരിയും?

അകലെ യമനിന്റെ പ്രാന്ത പ്രദേശങ്ങളിൽ കഴിയുമ്പോൾ ഹൃദയത്തുടിപ്പായ നബിയോരെ കാണാനാവില്ലല്ലോ! ഹബീബിന്റെ ചാരത്തിരുന്ന് വിശുദ്ധ വചനങ്ങളും ഉപദേശങ്ങളും കേൾക്കാനുമാവില്ലല്ലോ.

മുആദിന്റെ ചിന്തകൾ ചിറകിട്ടടിക്കുകയാണ്.

തിരുനബി(സ്വ) മുആദിനെ വിളിച്ചു. യമനിലേക്ക് പോവണം. അവർക്ക് മതവിധികൾ പകർന്നു നൽകണം. ഇസ്‌ലാമിനെ നാനാ ദിക്കിലും പ്രബോധനം ചെയ്യേണ്ട ബാധ്യത ഓരോ വിശ്വാസിക്കുമുണ്ട്.

സ്‌നേഹ സ്വരൂപരായ മുത്തുനബി(സ്വ)യുടെ സൗമ്യമായ ഉപദേശം. ഹൃദയം തൊട്ട ഭാഷണം. മനോമുകുരത്തിൽ തണുപ്പും നനവും ഉറ്റിവീഴുന്നപോലെ:

‘നീ കാരണം ഒരാൾ സന്മാർഗിയായാൽ, ആകാശ ഭുവനങ്ങളിലെ സർവത്തെക്കാളും അതാണു നിനക്കുത്തമം.’ റസൂലിന്റെ വാക്കുകൾ ഹൃദയത്തിലാഴ്ന്നലിഞ്ഞു.

മുആദ്(റ) പുറപ്പെടാൻ സന്നദ്ധത അറിയിച്ചു. തിരുനബി(സ്വ)യുടെ വാക്കുകൾ അക്ഷരം പ്രതി അനുസരിക്കുന്നവരാണല്ലോ സ്വഹാബികൾ. തിരുവാക്കിന് മറുവാക്കില്ല.

നബി(സ്വ) മുആദ്(റ)യെ യാത്രയാക്കാനൊരുങ്ങി. അവിടുന്ന് ചോദിച്ചു:

മുആദേ, നിനക്കൊരു പ്രശ്‌നം നേരിട്ടാൽ എങ്ങനെ തീർപ്പ് കൽപ്പിക്കും?

‘അല്ലാഹുവിന്റെ ഗ്രന്ഥം അടിസ്ഥാനമാക്കി ഞാൻ മതവിധി പ്രഖ്യാപിക്കും.’

അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ അതിന്റെ തീരുമാനം നീ കണ്ടെത്തിയില്ലെങ്കിലോ?

‘റസൂൽ(സ്വ)യുടെ ചര്യ പ്രകാരം ഞാൻ പ്രഖ്യാപിക്കും.’

അതിലും ആ വിഷയത്തിന്റെ തീരുമാനം കണ്ടെത്തിയില്ലെങ്കിൽ..?

‘ഞാൻ ഇജ്തിഹാദ് (ഗവേഷണം) നടത്തി മതവിധി പ്രഖ്യാപിക്കും.’

മുആദ്(റ) തന്നെ പറയട്ടെ: ‘അപ്പോൾ തിരുനബി(സ്വ) എന്റെ മാറിടത്തിൽ കൈവെച്ച് അനുഗ്രഹിച്ചു. എന്നിട്ടരുളി:

‘അല്ലാഹുവിന്റെ ദൂതരുടെ ദൂതന്, തിരുദൂതർക്ക് തൃപ്തിയുള്ള കാര്യങ്ങൾക്ക് സഹായം നൽകിയ നാഥനാണ് സർവസ്തുതിയും.’

നബി(സ്വ)യുടെ ആത്മീയമായ അനുഗ്രഹമാണ് മുആദ് ബ്‌നു ജബൽ(റ)ന് ലഭിച്ചത്. പ്രവാചകർ(സ്വ) അനുഗ്രഹിച്ചയച്ച സ്വഹാബിമാർക്കെല്ലാം പ്രത്യേകമായ കഴിവും സഹായവും ലഭിച്ചിരുന്നതാണ് ചരിത്രപാഠം.

മുആദ്(റ) മാന്യനും ഉദാരനുമായിരുന്നു. അദ്ദേഹത്തിന് സാമ്പത്തിക ബാധ്യതയുള്ള സമയത്താണ് തിരുനബി(സ്വ) യമനിലേക്ക് പോകാനാവശ്യപ്പെട്ടത്. കടം വീട്ടാതെ ജനങ്ങളുടെ ഇടയിൽ നിന്നു പുറപ്പെടുന്നതെങ്ങനെ?

നബി(സ്വ) മുആദ്(റ)നെ ആശ്വസിപ്പിച്ചു: ‘യമനിലേക്ക് പോവുക. നിന്റെ പ്രതിസന്ധികൾക്ക് അല്ലാഹു പരിഹാരമുണ്ടാക്കും, കടബാധ്യത അവൻ തീർത്തുതരും.’

യാത്രാസാമഗ്രികൾ സജ്ജീകരിച്ച ശേഷം നബിസന്നിധിയിലെത്തി.

മുആദിനെന്ന പോലെ, പ്രിയപ്പെട്ട അനുയായിയെ വേർപിരിയാൻ പ്രവാചകർക്കും പ്രയാസം. തിരുനബിയിൽ നിന്നകന്നുള്ള ഒരു ജീവിതം ഓർക്കാനാവാതെ ഖിന്നനാണ് മുആദ്(റ).

യാത്രാസംഘം പുറപ്പെട്ടു. പ്രവാചകർ (സ്വ) അവർക്കൊപ്പം കുറച്ചുദൂരം നടന്നു. റസൂൽ(സ്വ) തങ്ങൾക്കൊപ്പം നടക്കുന്നത് കണ്ട് താഴെയിറങ്ങാൻ തുനിഞ്ഞ മുആദ്  (റ)നെ അവിടുന്ന് നിർബന്ധിച്ച് വാഹനപ്പുറത്തിരുത്തി. നമ്മൾ തമ്മിൽ ഇനി കണ്ടേക്കില്ല എന്ന് പ്രവാചകർ പ്രതിവചിച്ചു. പ്രാർത്ഥനയോടെ യാത്രയോതി.

ചില വേദനാജനകമായ വിരഹങ്ങൾ ഓരോ പ്രബോധകനും അനിവാര്യമായി വരുമെന്ന് യമനീ പ്രബോധക നേതാവിന്റെ അനുഭവം ഓർമിപ്പിക്കുന്നു. പക്ഷേ, ദഅ്‌വത്തിന്റെ പാരത്രിക ഫലം മധുരം തന്നെ.

മുജീബ് റഹ്മാൻ കക്കാട്

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ